1957-ൽ മന്നത്തു പത്മനാഭൻ പ്രസിദ്ധീകരിച്ച ‘എന്റെ ജീവിത സ്മരണകൾ’ എന്ന ആത്മകഥയിൽ, നായന്മാരുടെ മതാന്ധതയെക്കുറിച്ച് വ്യക്തമായ പ്രതിപാദ്യമുണ്ട്. മന്നം അദ്ദേഹത്തിന്റെ എഴുപത്തൊൻപതാം വയസ്സിലാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. മന്നത്തിന്റെ ആത്മകഥ പ്രസിദ്ധീകൃതമാകുന്നതിന് 150 വർഷങ്ങൾക്ക് മുമ്പ്, ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ഫ്രാൻസിസ് ബുക്കാനൻ, 1800-റാമാണ്ടിൽ താൻ കമ്പനിയ്ക്കുവേണ്ടി സമാഹരിച്ച വിവരങ്ങൾ (1807-ൽ) പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിൽ നായന്മാരുടെ മത-ആദ്ധ്യാത്മിക ബോധത്തെയും വിശ്വാസങ്ങളെയും കുറിച്ച് പരാമർശമുണ്ട്. നായന്മാരുടെ മത-ആദ്ധ്യാത്മിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെ രേഖയായി ബുക്കാനന്റെ രചനയെ കരുതാവുന്നതാണ്.
നായന്മാരുടെ മത-ആദ്ധ്യാത്മിക ബോധത്തെക്കുറിച്ച് ബുക്കാനൻ പറഞ്ഞത്
Francis Buchanan-നെക്കുറിച്ച് ഇതിന് മുമ്പള്ള ലേഖനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. കമ്പനി ഉദ്യോഗത്തിന്റെ ഭാഗമായി 1800-ൽ തെക്കെ ഇന്ത്യയിലൂടെ സഞ്ചരിച്ച് കമ്പനിയ്ക്കായി ബുക്കാനൻ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ പിന്നീട് മൂന്ന് വാല്യങ്ങളായി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. ഇവയിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ (1700-s) അവസാനം ഉണ്ടായിരുന്ന നായന്മാരുടെ മത-സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
നായന്മാരെക്കുറിച്ചുള്ള വിവരങ്ങൾ സമ്പാദിച്ചതിനെക്കുറിച്ച് …..
ബുക്കാനൻ നായർ സമുദായത്തെക്കുറിച്ചുള്ള വിവരങ്ങൾ സമ്പാദിച്ചത് എപ്രകാരമാണെന്ന് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തൃശൂരിലെ ചാവക്കാട് : ഇവിടെ വച്ച് ഇവിടെയുള്ള നായർ പ്രമാണിമാരിൽനിന്നാണ് ബുക്കാൻ നായർ സമുദായത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ശവക്കാട് (deadly forest അഥവാ മാരകമായ അഥവാ ജീവനെടുക്കുന്ന കാട്) എന്ന പേരിലാണ് അന്ന് ചാവക്കാട് അറിയപ്പെട്ടിരുന്നത്. (Buchanan Vol 2, page 407). ചാവക്കാട് പട്ടണത്തിൽ അധിവസിച്ചിരുന്നത് മുഖ്യമായും മാപ്പിളമാരും നസ്രാണികളുമായിരുന്നു. ചാവക്കാട്, നസ്രാണികളുടെ പട്ടണമായ കുന്നംകുളത്തിന്റെ തുറമുഖം ആയിരുന്നു. ചാവക്കാടിന് സമീപം കമ്പനിയുടെ അധികാരം ഉപയോഗിച്ച് ബുക്കാനൻ നായർ പ്രമാണികളെ വിളിച്ചുകൂട്ടി. അവരാണ് സ്വ-സമുദായത്തെക്കുറിച്ച് ബുക്കാനനോട് വിവരിച്ചത്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. (മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകങ്ങൾ).
നായർ സമുദായത്തിന് പുരോഹിതന്മാർ ഇല്ലായിരുന്നു.
നായന്മാർക്ക് പുരോഹിതന്മാർ ഇല്ലായിരുന്നെന്നും, മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട് ദാനം സ്വീകരിയ്ക്കുന്നതിനുവേണ്ടി ഇളേതുന്മാരെ (ഇളേത് ) ക്ഷണിച്ചിരുന്നെന്നും, നമ്പൂതിരിമാരിൽ ഏറ്റവും താഴ്ന്ന വിഭാഗമായിരുന്ന അവർ(ഇളയത്) നായന്മാർ നല്കിയ ദാനം സ്വീകരിച്ചിരുന്നെന്നും, ഈ അവസരങ്ങളിൽ അവർ മന്ത്രങ്ങൾ ഉച്ചരിയ്ക്കുകയോ, ഹിന്ദു ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്നും വായിയ്ക്കുകയോ ചെയ്തിരുന്നില്ലെന്നും ബുക്കാനൻ രേഖപ്പെടുത്തി. നമ്പൂതിരി ബ്രാഹ്മണരിലെ ഭട്ടതിരിമാരെ (പണ്ഡിതനായ നമ്പൂതിരി) ആയിരുന്നു നായന്മാർ ഗുരുക്കന്മാരായി കരുതിയിരുന്നത്. ഇവരിൽ നിന്നും നായന്മാർ തീർത്ഥവും, ഭസ്മവും സ്വീകരിച്ചിരുന്നു. നായൻന്മാർ ഭട്ടതിരിമാർക്ക് ദാനധർമ്മാദികൾ നല്കിയിരുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
മതത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള നായന്മാരുടെ അറിവുകൾ
നായന്മാർ വിഷ്ണുഭക്തർ ആണ്, പക്ഷെ ശിവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം നെറ്റിയിൽ ചാർത്തിയിരുന്നു. വിഷ്ണുവിനെയും ശിവനെയൂം കൂടാതെ, മാരിയമ്മയെയും മറ്റ് ശാക്തേയമായ ദേവകളെയും നായന്മാർ ആരാധിച്ചിരുന്നു. ശാക്തേയമായ ആരാധനയുടെ ഭാഗമായി നായന്മാർ രക്തക്കുരുതി കഴിച്ചിരുന്നു. ഇപ്രകാരം രക്തക്കുരുതി കഴിച്ചിരുന്ന ക്ഷേത്രങ്ങളിൽ ബ്രാഹ്മണരായ നമ്പൂതിരിമാർ പൂജാരികളായി വർത്തിയ്ക്കുവാൻ വിമുഖത കാണിച്ചിരുന്നില്ല. പക്ഷെ നമ്പൂതിരിമാർ രക്തക്കുരുതിയിൽ പങ്കെടുക്കുകയോ, രക്തം ചൊരിയുന്ന സന്ദർഭങ്ങളിൽ അവിടെ സന്നിഹിതരാകുകയോ ചെയ്തിരുന്നില്ല. ഇവയിൽ നിന്നെല്ലാം നമ്പൂതിരിമാർ അകലം പാലിച്ചു. നായന്മാർക്ക് അക്ഷരാഭ്യാസം ഉണ്ടായിരുന്നു. പൊതുവെ അവർക്ക് എഴുതുവാനും വായിയ്ക്കുവാനും കഴിഞ്ഞിരുന്നു. സംസ്കൃതത്തിലുള്ള ഹിന്ദു ശാസ്ത്രഗ്രന്ഥങ്ങൾ അവർ വായിച്ചിരുന്നില്ല. മലയാള ഭാഷയിലാണ് മതപരമായ ഇതിഹാസ-പുരാണ കഥകൾ അവർ അന്യോന്യം പങ്കുവച്ചിരുന്നത്.
നായന്മാരുടെ മതപരമായ വിശ്വാസ-ആചാരങ്ങളെക്കുറിച്ചും ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെപ്പോലെതന്നെ അന്നും നായന്മാർ മൃതശരീരത്തെ ദഹിപ്പിച്ചിരുന്നു. മരണശേഷം നല്ല സ്വഭാവമുണ്ടായിരുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്നും, കെട്ട ജീവിതം നയിച്ച കൊള്ളരുതാത്ത വ്യക്തികൾ ദേഹാന്തരം പ്രാപിയ്ക്കുമെന്നും (മറ്റ് യോനിയിൽ ജനിച്ച് വീണ്ടും ജനന-മരണങ്ങൾക്ക് വിധേയരാകുമെന്നും) നായന്മാർ സങ്കല്പിച്ചിരുന്നു. ദാനധർമ്മാദികൾ ചെയ്തിരുന്നവർ, പ്രത്യേകിച്ച് സന്യാസിമാർക്ക് പണമായി ഭിക്ഷ നല്കിയവർ മനുഷ്യരായിത്തന്നെ പിറക്കുമെന്നും, ഹിന്ദുമതത്തിലെ ഈ സദ് വൃത്തിയെ അവഗണിയ്ക്കുന്നവർ മരണശേഷം ക്രൂര മൃഗങ്ങളായി ജനിയ്ക്കുമെന്നും നായന്മാർ വിശ്വസിച്ചിരുന്നു. സ്വർഗ്ഗത്തിലേയ്ക്ക് എത്താനുള്ള സങ്കല്പവും നായർന്മാർ പുലർത്തിയിരുന്നു. തങ്ങളുടെ സ്വർഗ്ഗപ്രാപ്തിയെക്കുറിച്ചുള്ള സങ്കല്പം ശരിയെന്നും അവർ കരുതിയിരുന്നു. സ്വർഗ്ഗകാംക്ഷികൾ കാശി ലക്ഷ്യമാക്കി പോയി, അവിടെ ഗയയിൽ വച്ച് പിതൃതർപ്പണം ചെയ്യണം. ഭഗീരഥി നദിയിൽ നിന്നോ ഗംഗാ നദിയിൽ നിന്നോ തീർത്ഥം എടുത്ത് രാമേശ്വരത്തിലുള്ള ശിവലിംഗത്തിൽ അഭിഷേകം ചെയ്യണം. ഇതിനു ശേഷം സ്വർഗ്ഗകാംക്ഷി, പ്രധാനപ്പെട്ട ക്ഷേത്രങ്ങളും തീർത്ഥങ്ങളും സന്ദർശിയ്ക്കണം. ജഗന്നാഥ്, തിരുപ്പതി മുതായ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ചെന്ന്, ദേവസാന്നിദ്ധ്യം അറിയിയ്ക്കുന്ന അവിടുത്തെ പുഷ്ക്കരണിയിൽ മുങ്ങിക്കുളിയ്ക്കണം. സ്വർഗ്ഗകാംക്ഷി എപ്പോഴും സത്യം പറയണം, പണ്ഡിതന്മാരും ദരിദ്രരുമായ ബ്രാഹ്മണർക്ക് ദാനം നല്കുണം. ഭാര്യയെ ഒഴിച്ച് മറ്റ് സ്ത്രീകളോട് സ്വർഗ്ഗകാംക്ഷിയായ നായർക്ക് കാമം പാടില്ല. ഇതുകാരണമായി ദൈവവിശ്വാസിയായ നായർ ഭാര്യയുമായി മാത്രമെ ലൈംഗിക ബന്ധം പുലർത്തിയിരുന്നുള്ളൂ. പരസ്ത്രീകളെ കാമത്തോടെ അവർ നോക്കിയിരുന്നില്ല. സ്വർഗ്ഗത്തിൽ പ്രവേശനം ഉറപ്പിയ്ക്കുവാനായി സ്വർഗ്ഗകാംക്ഷിയായ നായർ കൂടെക്കുടെ പ്രാർത്ഥനാ-ഉപവാസങ്ങളിൽ ഏർപ്പെടുകയും വേണം. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക).
നായന്മാരുടെ മദ്യാസക്തി
നായന്മാർക്ക് അമിതമായ മദ്യാസക്തി ഉണ്ടെന്നും, അവർക്ക് വേട്ടയിറച്ചിയും (പ്രധാനമായും മാൻ), ആട്ടിറച്ചിയും, പക്ഷിയിറച്ചിയും, മീനും കഴിയ്ക്കുന്നത് അനുവദനീയമായിരുന്നെന്നും ബുക്കാനൻ വ്യക്തമാക്കിയിട്ടുണ്ട്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക
തീയന്മാരെക്കാളും (ഷാണർ) നായന്മാർക്ക് മദ്യാസക്തി ഉണ്ടായിരുന്നു.
തീയന്മാരെക്കാളും നായന്മാർക്ക് മദ്യാസക്തി ഉണ്ടായിരുന്നു എന്ന്, ബുക്കാനൻ തീയന്മാരെക്കുറിച്ച് വിവരിയ്ക്കുന്ന പേജുകൾ 415 ലും-416 ലും വ്യക്തമാക്കുന്നുണ്ട്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. തീയന്മാരുടെ ഇടയിൽ ‘പണിക്കൻ’ എന്നു പേരുള്ള ചില കുടുംബക്കാർ ഉണ്ടെന്നും, അവർക്ക് എഴുതാനും വായിയ്ക്കാനും അറിയാമെന്നും, അവർ തീയന്മാരെ അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിയ്ക്കുയും, കൂടാതെ അക്കങ്ങൾ തമ്മിൽ കൂട്ടാനും കുറയ്കാനും പരിശീലിപ്പിയ്ക്കുകയും ചെയ്തിരുന്നു എന്നും ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ തീയരിൽ കുറച്ചു പേർക്കെങ്കിലും വരവു ചിലവു കണക്കുകൾ സൂക്ഷിയ്ക്കുവാൻ കഴിഞ്ഞിരുന്നു എന്നും ബുക്കാനൻ പറയുന്നു. ഈ പണിക്കന്മാർക്ക് തീയന്മാർ ഗുരുസ്ഥാനം നല്കിയിരുന്നു.
മലബാറിൽ വലിയ ക്ഷേത്രങ്ങൾ ഇല്ലായിരുന്നു.
മലബാർ പ്രവിശ്യയിൽ വലിയ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല എന്നും, മുഖ്യ പ്രതിഷ്ഠകളായ വിഷ്ണുവിനും ശിവനും ഉള്ള ക്ഷേത്രങ്ങൾ പോലും ശോച്യമായ രീതിയിൽ പണികഴിപ്പിച്ചവയായിരുന്നു എന്നും ബുക്കാനൻ രേഖപ്പെടുത്തി. ദേവീ ക്ഷേത്രങ്ങളും മലബാറിൽ കുറവായിരുന്നു എന്നും, കോയമ്പത്തൂരിലെ ദേവീക്ഷേത്രങ്ങളെപ്പോലെ (തമിഴ്നാട്ടിലെപ്പോലെ) അവ (അവയുടെ ഗോപുരങ്ങൾ) കുശവന്മാരുടെ മൺബിംബങ്ങളാൽ അലംകൃതമായിരുന്നില്ല എന്നും ബുക്കാനൻ പറയുന്നുണ്ട്. യാത്രക്കാർക്ക് തങ്ങുവാൻ വഴിയമ്പലങ്ങൾ ഇല്ലായിരുന്നു എന്നും, തീരദേശത്ത് മാപ്പിളമാരാൽ പണികഴിപ്പിച്ച അനേകം മുസ്ലീം പള്ളികൾ ഉണ്ടായിരുന്നു എന്നും, ചരിഞ്ഞ മേൽക്കൂരയോടുകൂടിയ മോശമായ കെട്ടിടങ്ങൾ ആയിരുന്നു അവയെന്നും ബുക്കാനൻ പറയുന്നുണ്ട്.
വർഷങ്ങൾക്കിപ്പുറവും നായന്മാരുടെ മത-ആദ്ധ്യാത്മിക ഉണർവിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല !!!
1700-കളുടെ അവസാനത്തിൽ, അതായത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളിൽ സംസ്കൃതത്തിലുള്ള ഹിന്ദു ശാസ്ത്രഗ്രന്ഥങ്ങൾ നായന്മാർ വായിച്ചിരുന്നില്ല എന്ന് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലുള്ള എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണത്തെക്കുറിച്ചും ബുക്കാനൻ തന്റെ റിപ്പോർട്ടിൽ എവിടെയും പരാമർശിച്ചിട്ടില്ല. ഇതിൽ നിന്നും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിന് നായന്മാരുടെ ഇടയിൽ പ്രചാരം തീരെയില്ലായിരുന്നു എന്ന് അനുമാനിയ്ക്കാവുന്നതാണ്. പൊതുവെ പറഞ്ഞാൽ നായന്മാരുടെ മത-ആദ്ധ്യാത്മിക ബോധവും അറിവുകളും തീർത്തും ന്യൂനമായിരുന്നു എന്നും, ഇന്നും അതിന് മാറ്റങ്ങൾ വന്നിട്ടില്ല എന്ന് നിർണ്ണയിയ്ക്കുന്നതിൽ തെറ്റില്ല. മന്നത്തിന്റെ വാക്കുകളിൽ നിന്നും ഇക്കാര്യം കൂടുതൽ വ്യക്തമാകും. അടുത്ത ഭാഗം തുടർന്ന് വായിയ്ക്കുക.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737