നായന്മാരുടെ ആചാരപദ്ധതി
വിവാഹം
സംബന്ധിച്ചുള്ളത്
നായർ സർവ്വീസ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്നത്.
ആമുഖം
നായർ സമുദായത്തിലെ വിവാഹക്രമം, മരണാനന്തര ക്രിയകൾ എന്നിവ സംബന്ധിച്ചു് ഏവർക്കും സ്വീകാര്യമായ പൊതുനിയമങ്ങളോ ആചാരപദ്ധതിയോ ഇതുവരെ ഉണ്ടായിട്ടില്ലെന്നു സമ്മതിക്കേണ്ടിയിരിയ്ക്കുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും പല തരത്തിലുള്ള ആചാരങ്ങളും നടപടികളും ആണ് ഇവ സംബന്ധിച്ച് കണ്ടുവരുന്നത്. ചില സ്ഥലങ്ങളിൽ അർത്ഥശൂന്യവും അധിക്ഷേപാർഹവുമായ ആചാരങ്ങളനുസരിച്ച് ക്രിയകൾ നടത്തുന്നതായിട്ടും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. നായർ സമുദായത്തിനു അംഗീകാരയോഗ്യവും ലളിതവുമായ ഒരു ആചാരപദ്ധതി തയ്യാറാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ബഹുഥാ അർഹമായ നായർ സർവ്വീസ് സൊസൈറ്റിയുടെ ചുമതലയിൽ ഒരു ആചാരപദ്ധതി എഴുതിച്ച് പ്രസിദ്ധീകരിക്കണമെന്ന് പല സമുദായാംഗങ്ങളും, വിശിഷ്യ എൻ. എസ്സ്. എസ്സ് പ്രിതിനിധി സഭാംഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. 1966 ജൂലൈ മാസം 23-ാം തീയതി കൂടിയ എൻ. എസ്സ്. എസ്സ് എക്സിക്യൂട്ടീവ് കൌൺസിൽ ഈ വിഷയത്തെ സംബന്ധിച്ച് പര്യാലോചിക്കുകയും ഒരു ലഘുവായ ആചാരപദ്ധതി തയ്യാറാക്കുന്നതിന് ശ്രീ കെ. കുട്ടികൃഷ്ണമേനോൻ (മുൻ അഡ്വക്കേറ്റ് ജനറൽ, മദ്രാസ്), ശ്രീ വി.കെ.കെ.മേനോൻ (അഡ്വക്കേറ്റ്, എറണാകുളം), ശ്രീ കളത്തിൽ വേലായുധൻനായർ (അഡ്വക്കേറ്റ്, എറണാകുളം) എന്നിവരടങ്ങിയ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രസ്തുത കമ്മറ്റിയുടെ കൺവീനറായി സേവനം അനുഷ്ടിച്ചത് ശ്രീ കളത്തിൽ വേലായുധൻനായരാണ്.
പല ഗ്രന്ഥങ്ങളും പരിശോധിച്ചും, ഇന്നു നിലവിലുള്ള ആചാരങ്ങളെപ്പറ്റി പഠിച്ചും, പണ്ഡിതന്മാരുമായി ചർച്ചചെയ്ത് സംശയനിവൃത്തി വരുത്തിയും മേല്പറഞ്ഞ കമ്മറ്റി തയ്യാറാക്കി സമർപ്പിച്ച ലഘുവായ ആചാരപദ്ധതി സമുദായാംഗങ്ങളുടെ അഭിപ്രായത്തിനുവേണ്ടി പ്രസിദ്ധീകരിയ്ക്കുകയാണ്. സമുദായാംഗങ്ങൾ, വിശിഷ്യാ കരയോഗപ്രവർത്തകർ ഈ ആചാരപദ്ധതി വായിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എത്രയും വേഗം അറിയിക്കണമെന്നപേക്ഷിക്കുന്നു. സർവ്വീസ് സൊസൈറ്റിയുടെ അടുത്ത പൊതുയോഗത്തിലും ഇതേപ്പറ്റിയുള്ള അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവായ അഭിപ്രായങ്ങൾ അറിഞ്ഞതിനുശേഷം ആവശ്യമായ ഭേദഗതിയോടുകൂടി ഈ ആചാരപദ്ധതിക്ക് അവസാനരൂപം നല്കുവാൻ കഴിയുന്നതാണ്.
ഔദ്യോഗികമായ പല കൃത്യങ്ങൾക്കും ഇടയിൽ അവധാനപൂർവ്വം ഈ ആചാരപദ്ധതി എഴുതി തയ്യാറാക്കിയ കമ്മറ്റിയംഗങ്ങളോട് സർവ്വീസ് സൊസൈറ്റിയ്ക്കുള്ള ആത്മാർത്ഥമായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഈ ചെറുഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊളളുന്നു.
N. S. S. ഹെഢാഫീസ്,
പെരുന്ന,
16-05-1967.
എൻ. പരമേശ്വരൻ പിള്ള,
ജനറൽ സെക്രട്ടറി.
നായർ സർവ്വീസ് സൊസൈറ്റി