മെഗാസ്തനീസിന്റെ ‘ഇൻഡിക്ക’യിൽ ഭാരതത്തിൽ പാലിച്ചുപോന്നിരുന്ന യുദ്ധമര്യാദകളെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഈ വിവരങ്ങൾ നമ്മൾക്ക് ലഭിച്ചത് വ്യത്യസ്ത കാലഘട്ടങ്ങളിലായി മെഗാസ്തനീസിന്റെ ഇൻഡിക്കയിൽ നിന്നും ഇന്ത്യാചരിത്രത്തെ സംബന്ധിച്ച അറിവുകൾ കടമെടുത്ത വിവിധ പ്രാചീന ഗ്രീക്ക് ചരിത്രകാരന്മാരിലൂടെയാണ്. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള പ്രാചീന ഗ്രീക്ക് ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകൾ Dr. Schwanbeck എന്ന ജർമ്മൻ പണ്ഡിതൻ ശേഖരിച്ചു. അവ ഇംഗ്ലീഷിലേയ്ക്ക് J.W. McCrindle തർജ്ജമചെയ്തു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. അതിന്റെ കവർപേജാണ് താഴെ നല്കിയിട്ടുള്ളത്. ഈ പുസ്തകത്തിൽ മൂന്ന് ഇടങ്ങളിലായി ഭാരതീയർ പാലിച്ചു പോന്നിരുന്ന യുദ്ധമര്യാദകളെ സംബന്ധിച്ച് വ്യത്യസ്തരായ ഗ്രീക്ക് ചരിത്രകാരന്മാരുടെ പ്രതിപാദ്യമുണ്ട്. അവയുടെ സ്ക്രീൻഷോട്ടുകളും ചുവടെ ചേർത്തിട്ടുണ്ട്.
സമാധാനകാലത്തും യുദ്ധകാലത്തും കൃഷിക്കാർ അവരുടെ വൃത്തിയിൽ അഭംഗുരം ഏർപ്പെട്ടിരുന്നു.
പ്രാചീനഭാരതത്തിൽ ജനസംഖ്യയിൽ ഏറിയ പങ്കും കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്നു. ഇവരെ സർക്കാർ സേവനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. യുദ്ധങ്ങളിലോ, പൊതുവായ മറ്റ് സേവനപ്രവർത്തനങ്ങളിലോ ഇവർ പങ്കെടുക്കേണ്ടതില്ല. കൃഷിപ്പണിയ്ക്കായി ഇവർ തങ്ങളുടെ മുഴവൻ സമയവും ചിലവിട്ടിരുന്നു. ശത്രുരാജ്യങ്ങളിൽ നിന്നുള്ള പടയാളികൾ കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്നവരെ ഒരു തരത്തിലും ഉപദ്രവിച്ചിരുന്നില്ല. പൊതുവിൽ ഉപകാരികളായ ഈ വിഭാഗത്തിന് എല്ലാ വിധ ക്ഷതങ്ങളിൽ നിന്നും സംരക്ഷണം ലഭിച്ചിരുന്നു. ഇതിനാൽ കൃഷിഭൂമി നശിച്ചില്ല, തരിശുകിടക്കുകയും ചെയ്തിരുന്നില്ല. അവ ജനങ്ങൾക്ക് സമൃദ്ധമായ വിളവ് നല്കുകയും, ജനങ്ങളുടെ ഐശ്വര്യപൂർണ്ണവും സന്തോഷകരവുമായ ജീവിതം സാദ്ധ്യമാക്കുവാൻ വേണ്ട ധാന്യങ്ങളും മറ്റ് പൊരുക്കളും പ്രദാനം ചെയ്യുകയും ചെയ്തു. താഴെ നല്കിയിരിയ്ക്കുന്ന പേജുകളുടെ (pages 41 & 42 ) സ്ക്രീൻഷോട്ടുകൾ കാണുക. Diodorus(Born 1st Century BC) എന്ന ഗ്രീക്ക് ചരിത്രകാരൻ Dionusos എന്ന ഗ്രീക്ക് ദേവനെക്കുറിച്ച് പറയുന്നിടത്ത് ഇന്ത്യയിലെ ജനതതിയെക്കുറിച്ച് ഒരു വിവരണം നല്കുന്നുണ്ട്. അതിലാണ് കൃഷിക്കാരെ സംബന്ധിച്ചുള്ള ഈ പരാമർശങ്ങൾ ഉള്ളത്. ഇന്ത്യയിലെ ജനങ്ങളെ ഏഴ് ജാതികളായി തരം തിരിച്ചിരുന്നു എന്നും (പേജ് 40), അവയിൽ ആദ്യത്തെ വിഭാഗം എണ്ണത്തിൽ കുറവും പക്ഷെ ഏറ്റവും ബഹുമാനം ലഭിച്ചിരുന്ന തത്ത്വജ്ഞാനികളും, രണ്ടാമത്തെ വിഭാഗം എണ്ണത്തിൽ കൂടുതലും അതോടൊപ്പം എല്ലാവരാലും സംരക്ഷിയ്ക്കപ്പെട്ടിരുന്ന കൃഷിക്കാരായിരുന്നെന്നുമാണ് മെഗാസ്തനീസിന്റെ ഇൻഡിക്കയിൽ നിന്നും ലഭിച്ചിരിയ്ക്കാവുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി Diodorus(Born 1st Century BC) എന്ന ഗ്രീക്ക് ചരിത്രകാരൻ രേഖപ്പെടുത്തിയത്. J.W. McCrindle-ന്റെ പുസ്തകത്തിൽ Diodorus-ന്റെ ശകലത്തിലാണ് (Fragment. I. B. Diod. III.63) ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്.
യുദ്ധത്തിൽ ഭടന്മാർ പൊരുതി മരിയ്ക്കുമ്പോൾ, സമീപത്ത് കർഷകർ ശാന്തരായി അവരുടെ ജോലികളിൽ ഏർപ്പെട്ടിരുന്നു.
J.W. McCrindle-ന്റെ പുസ്തകത്തിലെ പേജ് 210-ൽ, പ്രാചീന ഇന്ത്യയിലെ കൃഷിക്കാരെ സംബന്ധിച്ച Arrian-ന്റെ വിവരണം കാണാം. Arrian (born c. 86/89 AD – died c. 160 AD) പ്രാചീന ഗ്രീക്ക് ചരിത്രകാരനാണ്. പ്രാചീന ഇന്ത്യയിലെ രണ്ടാമത്തെ ജാതി കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന കർഷകരാണെന്നാണ് Arrian രേഖപ്പടുത്തിയത്.(താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് കാണുക.) അന്നുണ്ടായിരുന്ന ജനസംഖ്യയുടെ ഒട്ടുമുക്കാൽ ഭാഗവും കർഷകരായിരുന്നു. അവർക്ക് ആയുധങ്ങൾ നല്കിയിരുന്നില്ല. അതേപോലെ തന്നെ സൈനികമായ ചുമതലകളും അവർ വഹിച്ചിരുന്നില്ല. മണ്ണിൽ പണി ചെയ്തിരുന്ന അവർ അതിൽ നിന്നും ലഭിയ്ക്കുന്ന ഫലങ്ങളുടെ ഒരു വിഹിതം പാട്ടമായി രാജാവിനോ, അല്ലെങ്കിൽ സ്വയം- ഭരണമുണ്ടായിരുന്ന നഗര-ഭരണ സമിതിയ്ക്കോ നല്കിയിരുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്ന വേളയിൽ, കർഷകരെ ഉപദ്രവിച്ച് അവരുടെ വീടുകളും വിളകളും കൊള്ളയടിയ്ക്കുന്നതിൽ നിന്നും, കൃഷിഭൂമി നശിപ്പിയ്ക്കുന്നതിൽ നിന്നും ഭടന്മാരെ വിലക്കിയിരുന്നു. അതായിരുന്നു നാട്ടുനടപ്പെന്ന് പറയാം. ഇക്കാരണത്താൽ ഭയാനകമായ സംഘട്ടനങ്ങൾയ്ക്കിടെ ഭടന്മാർ ചുറ്റിനും മരിച്ചു വീഴുന്ന വേളയിൽ പോലും, കർഷകർ സമാധാനപൂർവ്വം അത്യന്തം ശാന്തരായി അവരുടെ പ്രവർത്തി തുടരുന്നത് കാണാൻ സാധിക്കുമായിരുന്നു. തൊട്ടടുത്തായി വരമ്പുകൾക്കും വേലികൾക്കും അപ്പുറം ഭടന്മാർ പൊരുതി മരിച്ചു വീഴുമ്പോൾ പോലും, ഇപ്പുറത്ത് നിലം ഉഴുതും, വിളകൾ സംഭരിച്ചും, മരങ്ങളുടെ കൊമ്പുകൾ കോതിയും, വിളകൾ കൊയ്തും, ഇങ്ങിനെ കൃഷി സംബന്ധമായ ജോലികൾ കർഷകർ ശാന്തരായി ചെയ്തിരുന്നു. പക്ഷേ നിർഭാഗ്യകരമെന്നു പറയാം, ഏകദേശം ആയിരം വർഷങ്ങൾക്കു ശേഷം മുഹമ്മദ്ദീയരുടെ അധിവേശത്തോടെ ഈ നാട്ടുനടപ്പ് തീർത്തും അവഗണിയ്ക്കപ്പെട്ടു. കർഷകർ ഹിന്ദുക്കളായതിനാൽ അവരെയും മുഹമ്മദ്ദീയ ഭടന്മാർ വെറുതെ വിട്ടില്ല. കർഷകരെ കൊള്ളയടിച്ചും അവരുടെ കൃഷിഭൂമി നശിപ്പിച്ചുമാണ് തങ്ങളുടെ മതവെറി മുഹമ്മദ്ദീയർ പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച തെളിവുകൾ പിന്നീട് നല്കുന്നതാണ്.
യുദ്ധവും, സമരങ്ങളും, കൃഷിക്കാരും.
J.W. McCrindle-ന്റെ പുസ്തകത്തിൽ പ്രാചീന ഇന്ത്യയിലെ കൃഷിക്കാരെ സംബന്ധിച്ച മൂന്നമത്തെ പ്രതിപാദ്യം പേജ് 84-ലാണ് ഉള്ളത്. ഗ്രീക്ക് ചരിത്രകാരനായിരുന്ന Strabo-യുടെ (64 BC -AD 24) ശകലത്തിൽ ഒന്നിൽ (Fragment. XXXIII) ഇന്ത്യയിലെ ഏഴു ജാതികളെക്കുറിച്ച് വിവരിയ്ക്കുന്നുണ്ട്. രണ്ടാമത്തെ ജാതി കൃഷിക്കാരാണെന്ന് Strabo-ഉം രേഖപ്പെടുത്തി. പ്രാചീന ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും കൃഷിക്കാരായിരുന്നു, അവർ സൗമ്യരും ശാന്തരും ആയിരുന്നു. സൈനിക സേവനത്തിൽ നിന്നും ഭരണാധികാരികൾ അവരെ ഒഴിവാക്കിയിരുന്നു. ഭയം ഏതും കൂടാതെ തങ്ങളുടെ വയലുകളിൽ അവർ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നു. അതായിരുന്നു അവരുടെ ജീവിതവൃത്തി. സമരങ്ങളിൽ പങ്കെടുക്കാനോ, മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ അവർ സമീപത്തുള്ള പട്ടണത്തിൽ പോയിരുന്നില്ല. രാജ്യത്ത് ഇടയ്ക്കിടെ യുദ്ധം ഉണ്ടാകാറുണ്ട്. ഈ യുദ്ധവേളകളിൽ ഒരു കാഴ്ച കാണാനാവും. വയലുകളിൽ കർഷകർ ജീവഭയം കൂടാതെ ഉഴുതും, കിളച്ചും, ഞാറുകൾ നട്ടും കൃഷിയിൽ വ്യാപൃതരായിരിയ്ക്കും. അതേസമയും തൊട്ടുസമീപത്തെ യുദ്ധമൈതാനത്ത് ഭടന്മാർ തമ്മിൽ ഏറ്റുമുട്ടി ജീവൻ വെടിയുന്നുണ്ടാവും. കർഷകർക്ക് ഭയമേതും കൂടാതെ അവരുടെ ജോലികൾ ചെയ്യുവാൻ ഭടന്മാർ സംരക്ഷണവും നല്കിയിരുന്നു. ഭൂമി മൊത്തവും രാജാവിന്റേതാണ്. കർഷകർക്ക് ലഭിയ്ക്കുന്ന ഫലത്തിന്റെ നാലിൽ ഒരു ഭാഗം രാജാവിന് നല്കണമെന്ന വ്യവസ്ഥയിലാണ് അതിൽ കൃഷി ചെയ്തിരുന്നത്. കൃഷിക്കാരെക്കുറിച്ച് പേജ്- 84ൽ Strabo നല്കിയ വിവരണമാണ് ഇത്. ഈ പേജിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുള്ളത് ശ്രദ്ധിയ്ക്കുക.
ആധുനിക ഇന്ത്യയിലെ കർഷകരും അവരുടെ സമരങ്ങളും……..
ആധുനിക ഭാരതത്തിലെ കർഷകർ പട്ടണങ്ങളിലെ തെരുവുകളിൽ സമരങ്ങളിലും സംഘർഷങ്ങളിലും ഏർപ്പെടുന്നു. കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാൻ പിറവിയെടുത്ത സംഘടനകൾ, കാർഷികവൃത്തിയുമായി ബന്ധമില്ലാത്ത വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുന്നു. ഈ സംഘടനകളുടെ നേതൃത്വം വഹിച്ചവർ, കർഷകരുടെയും കാർഷികവൃത്തിയുടെയും താല്പര്യങ്ങൾക്കനുസൃതമായി സർക്കാർ കൊണ്ടുവന്ന നിയമങ്ങളെക്കുറിച്ച്, കർഷകരിൽ തെറ്റിദ്ധാരണ ഉളവാക്കി അവരെ പ്രക്ഷോഭണങ്ങൾക്ക് പ്രേരിപ്പിയ്ക്കുയും തെരുവിലിറക്കുകയും ചെയ്തു. (പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് അനുഗുണമായിരുന്നു എന്ന നിലപാട് സമരത്തിൽ പങ്കെടുക്കാത്ത ഭൂരിപക്ഷം കർഷക സംഘടനകൾ നിയമങ്ങൾ പിൻവലിച്ചതിന് ശേഷം വ്യക്തമാക്കി. അതിനെ സംബന്ധിച്ച വാർത്താക്കുറിപ്പും ചുവടെ ചേർത്തിട്ടുണ്ട്.) ചുരുക്കത്തിൽ ഭാരതത്തിലെ കർഷകരുടെ മട്ടും ഭാവവും ആകപ്പാടെ മാറിയിരിയ്ക്കുന്നു. ആധുനിക രാഷ്ട്രീയം അവരെ സ്വാർത്ഥരും അക്രമാസക്തരുമാക്കിയിരയ്ക്കുന്നു. സംരക്ഷിയ്ക്കപ്പെടേണ്ടുന്ന ധാർമ്മികമായ അർഹത അവർ സ്വയം നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു. സമരങ്ങളിൽ കർഷകരുടെ അനാവശ്യമായ ഇടപെടലുകളെ സംബന്ധിയ്ക്കുന്ന വാർത്താക്കുറിപ്പുകളും ഇതോടൊപ്പം നല്കുന്നു .
കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം
കാർഷികവൃത്തിയുമായി ബന്ധമില്ലാത്ത കർഷകർ ഏറ്റെടുത്ത സമരങ്ങൾ…..
മര്യാദകൾ ഏതും പാലിയ്ക്കാത്ത ആധുനിക യുദ്ധങ്ങളെക്കുറിച്ചുള്ള ചില വാർത്താക്കുറിപ്പുകൾ
ഭാരതത്തിലെ യുദ്ധമര്യാദകൾ തികച്ചു യാദൃച്ഛികങ്ങൾ ആയിരുന്നോ …… !!!??? ഈ വിഷയമാണ് അടുത്ത ഭാഗത്തിലെ പ്രതിപാദ്യം.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737