സപിണ്ഡീകരണം
തർപ്പണാദികൾക്കായി മരിച്ചയാളിന്റെ ആത്മാവിനെ അയാളുടെ പിതാ, പിതാമഹ, പ്രപിതാമഹന്മാരുടെ ആത്മാക്കളോട് സംയോജിപ്പിക്കുന്നതാണ് ഇതിലെ സങ്കല്പം. ഈ ക്രിയ “സംവത്സരാന്തേ ദ്വാദശാഹേ വാ” (ആണ്ടു തികയുന്ന ദിവസമോ (മരിച്ച) പന്ത്രണ്ടാംദിവസമോ) ആകാവുന്നതാണ്. ആദ്യബലി മരണത്തിന്റെ പിറ്റേദിവസമാണെങ്കിൽ സപിണ്ഡീകരണം ബലിസമാപനദിവസംതന്നെയാകാം.
പന്ത്രണ്ടാംദിവസം നടത്തേണ്ടും ക്രിയകളെ ചുവടെ വിവരിക്കുന്നു. സംവത്സരാന്ത്യത്തിലാണെങ്കിൽ മന്ത്രങ്ങളിൽ ‘ദ്വാദശദിനേ’ എന്നതിനെ ‘സംവൽസരാന്തേ’ എന്നു മാറ്റി ചൊല്ലണം.
കുളികഴിഞ്ഞ കർമ്മി, മുൻപറഞ്ഞപ്രകാരം കവ്യം തയ്യാറാക്കിയശേഷം, മെഴുകി ശുദ്ധിയാക്കീട്ടുള്ള നിലത്ത് പ്രോക്ഷിച്ച് തെക്കോട്ടു തലയായി ഇലഇട്ട് അതിൽ ഇരുനാഴിയോളം നെല്ലുവിരിച്ച് അതിന്റെ മീതെ കോടി വിരിച്ച്, അതിന്റെ മീതെ, നാഴിയോളം അരിഇട്ട് ; മീതെ തേങ്ങയും കൂർച്ചവും വയ്ക്കണം. അതിനു വടക്കുവശം ഒരു തളികയിൽ നാഴി അക്ഷതം വിരിച്ച് മലരും പുഷ്പവും ചെപ്പും കണ്ണാടിയും അപ്പവും അടയും തേങ്ങാമുറിയും തേങ്ങാമുറിക്കുനേരെ വാലായി ഒമ്പതു വെറ്റിലയും അടയ്ക്കയും സുഗന്ധദ്രവ്യവും ഒരുക്കിവയ്ക്കണം. ആദ്യത്തെ ഇലയ്ക്കു പടിഞ്ഞാറുവശം ഒരു ഇല തെക്കു തലയായിട്ട് നിലവിളക്കും നിറപറയും ഗണപതിയ്ക്ക് പഴം അപ്പം അട മുതലായതും വയ്ക്കണം. അതിനുപടിഞ്ഞാറുവശത്ത്, നിലം പ്രോക്ഷിച്ച് കിഴക്കോട്ടു തിരിഞ്ഞ് കർമ്മി ഇരുന്ന് പവിത്രം ധരിക്കണം. ഗണപതിയെ പുഷ്പമിട്ടർച്ചിച്ച് ചന്ദനം തൊട്ട് അപ്പവും അടയും നീക്കിവച്ച് ദേവതീർത്ഥത്താൽ ജലം കൊടുത്ത്, പൂവും ചന്ദനവും തുളസിയും ദേവതീർത്ഥം ജലം കൂട്ടി അർച്ചിച്ചു നിവേദിച്ച്
“ശുക്ലാംബരധരം ദേവം
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപ ശാന്തയേ” എന്ന് പ്രാർത്ഥിക്കണം.
സങ്കല്പോച്ചാരണം :-
അനന്തരം എഴുന്നേറ്റ് , കൂർച്ചത്തിനു മുൻവശം പ്രോക്ഷിച്ച് തെക്കോട്ടു തിരിഞ്ഞ് ഇടതു മുട്ടിട്ടിരുന്ന്
ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽപിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ പ്രേതത്വനിവൃത്യാ
പിതൃലോകപ്രാപ്ത്യർത്ഥം വസു രുദ്രാദിത്യ സ്വരൂപൈഃ
പ്രേത പിതൃ പിതാമഹ പ്രപിതാമഹൈ സഹ
സപിണ്ഡീകരണം മൃതാഹാദ് ദ്വാദശദീനേ വിധിതാ കരിഷ്യേ
എന്നു ചൊല്ലണം.
ഗംഗാ ആവാഹനം :-
ബലിക്കു പറഞ്ഞ ക്രിയാപ്രകാരം ഗംഗാതീർത്ഥം സമ്പാദിക്കണം. അതിലെ മന്ത്രത്തിൽ ‘പ്രഥമദിനെ പിണ്ഡകാര്യേ’ എന്നതിനുപകരം ദ്വാദശദിനേ സപിണ്ഡീകരണേ എന്നു മാറ്റി പറയണം.
ആവാഹനം :-
കർമ്മിയുടെ മുൻവശം നിലം തളിച്ചു ശുദ്ധമാക്കി, തെക്കോട്ടും തലയായി നാല് ഇല നിരത്തണം.
വലത്തെ അറ്റത്തെ ഇലയിൽ നടുക്ക് വലിയ കൂർച്ചവും ഇരുവശത്തും ഈരണ്ട് ദർഭയും വയ്ക്കണം.
മറ്റു മൂന്നു ഇലകളിലും നടുക്ക് ഒരു കൂർച്ചവും ഇരുവശത്തും ഈ രണ്ടു ദർഭയും വിതം വയ്ക്കണം. ഇതിൽ വലത്തേ അറ്റത്തെ കൂർച്ചം പ്രേതപുരുഷനെയും ഇടത്തോട്ടുള്ള കൂർച്ചങ്ങൾ യഥാക്രമം, പ്രേതപുരുഷന്റെ പിതാ പിതാമഹ പ്രപിതാമഹന്മാരേയും പ്രതിനിധീകരിക്കുന്നു. നാലു കൂർച്ചങ്ങളേയും ജലഗന്ധപുഷ്പത്താൽ ഓരോ പ്രാവശ്യം അർച്ചിച്ചിട്ട് , വലതുവശം കൂർച്ചമെടുത്ത് ഇടതുകൈയിലാക്കി എള്ളു തൊട്ടു തലോടി ഗംഗാതീർത്ഥംകൊണ്ട് അഭിഷേകം കഴിച്ച്, നടുക്ക് കമ്പിളിനൂൽ ചുറ്റി, തലയ്ക്കൽ ചന്ദനവും പൂവും ചാർത്തി ഇലമേൽവച്ച്
ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽ പിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ സപിണ്ഡീകരണേ
പ്രേതം ഊർദ്ധ്വലോകാദ് ആവാഹയാമി –
എന്നു ജപിച്ച്
അക്ഷതവും പൂവും ചന്ദനവും എടുത്ത് ആവാഹിച്ച് വലത്തെ അറ്റത്തെ കൂർച്ചത്തിന്റെ തലയ്ക്കൽ പിതൃതീർത്ഥംകൊണ്ട് അർച്ചിച്ച് ഇടണം.
അടുത്തതായി രണ്ടാമത്തെ കൂർച്ചമെടുത്തു മേൽപ്രകാരമെല്ലാം ചെയ്ത്
ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽ പിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ സപിണ്ഡീകരണേ പ്രേതപിതരം
ഊർദ്ധ്വലോകാദ് ആവാഹയാമി
എന്നു ജപിച്ച്
അക്ഷതാദികളെടുത്ത് ആവാഹിച്ച് കൂർച്ച തലയ്ക്കൽ അർച്ചിക്കണം. പിന്നീട് അതുപോലെ അടുത്ത കൂർച്ചത്തിൽ പ്രേതപിതാമഹം ആവാഹിക്കണം. പിന്നെ അടുത്ത (ഇടതു അറ്റത്തെ) കൂർച്ചത്തിൽ പ്രേതപ്രപിതാമഹം ആവാഹിക്കണം. അനന്തരം,നാലു കൂർച്ചത്തിനും തിലസമേതം പിതൃതീർത്ഥം കൊടുത്ത് ഓരോ പൂവ് അർച്ചിച്ച്
“ഏഷാംശ്രാദ്ധേ സർവ്വപ്രായശ്ചിത്തമിദം”
എന്നു പറഞ്ഞ് സാധുവായ ഒരാളിന്റെ കയ്യിൽ ജലപുഷ്പ ചന്ദനങ്ങളിട്ട് വെറ്റില അടയ്ക്ക നാളികേരം മലര് അപ്പം എന്നിവയും യഥാശക്തി ദ്രവ്യവും കയ്യിൽ കൊടുത്ത് ദാനംചെയ്യണം.
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death