Part II
അപരക്രിയ
മുമൂർഷു
മരിക്കാറായ ആളിന് ചെയ്യേണ്ടും കർമ്മം ചുറ്റും ഇരുന്ന് നാരായണമന്ത്രം – നാരായണായ നമഃ – ജപിക്കുകയാണ്.
സംസ്ക്രിയാ
മരിച്ചത് ശിശു- രണ്ടു വയസ്സു തികയാത്ത കുട്ടി – ആണെങ്കിൽ പ്രേതത്തെ വസ്ത്രംകൊണ്ട് അലങ്കരിച്ച് ഭൂമിയിൽ കുഴിച്ചുമൂടുന്നതേയുള്ളൂ. ശവദാഹമോ സഞ്ചയനമോ ഉദകക്രിയയോ പിണ്ഡദാനമോ ചെയ്യുന്നില്ല. (1)
മരണസംബന്ധമായ അശുദ്ധി (പുല) മാതാപിതാക്കന്മാർക്കു മാത്രമേ ഉള്ളു ; മറ്റു ബന്ധുക്കൾക്ക് ഇല്ല. അശുദ്ധികാലംതന്നെ, ഒരു വയസ്സു തികയാത്ത കുട്ടിയാണെങ്കിൽ ഒരു രാത്രിയും അതിനു മേലായ ശിശുവാണെങ്കിൽ മൂന്നു രാത്രിയും കഴിയുംവരെ മാത്രം (2)
മരിച്ചത് രണ്ടു വയസ്സുതികഞ്ഞ ആളാണെങ്കിൽ ശവം ദഹിപ്പിക്കുന്നു.
ഈ ലഘുലേഖയിൽ വിവരിക്കുന്നത് പ്രായപൂർത്തിയായ ഒരാളുടെ മരണത്തിൽ പുത്രൻ ചെയ്യേണ്ടുന്ന സംസ്കാരകർമ്മങ്ങളാകുന്നു. (മറ്റു സന്ദർഭങ്ങളിൽ വേണ്ടുന്ന ഭേദഗതികളോടെ ക്രിയകൾ നടത്തണം). ഇതിലെ മന്ത്രങ്ങളിൽ മരിച്ച ആളിന്റെ പേര് ‘വാസുദേവ’ എന്നു ചേർത്ത് എഴുതിയിരിക്കുന്നു. തൽസ്ഥാനത്ത് എപ്പോഴും, മരണപ്പെട്ട ആളിന്റെ യഥാർത്ഥ നാമംതന്നെ ചേർത്തു ചൊല്ലണം.
NB : പ്രേതത്തിന് വായ്ക്കരി ഇടുക, ചിതയ്ക്കു തീ കൊളുത്തക മുതലായ ശാവകർമ്മങ്ങൾക്ക് കുട്ടികളേയും ഭയന്നവരേയും ഒരിക്കലും പ്രേരിപ്പിക്കരുത്. ഇമ്മാതിരി കർമ്മങ്ങൾ ചെയ്യുന്ന ആൾ “അനശ്രുനയനോ വിഭീഃ” ആയിരിക്കണമെന്ന് കാത്യായന സ്മൃതിയിൽ നിർദ്ദേശിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധേയമാണ്. മരിച്ചയാളിന്റെ ഏക പുത്രൻപോലും ബാലനോ ഭയന്നവനോ ആണെങ്കിൽ അയാളെ മേല്പറഞ്ഞ ക്രിയകൾക്കു നിർബന്ധിക്കരുത്. അയാളുടെ പേരിലോ അല്ലാതെയോ അടുത്ത ബന്ധുവായ ഒരാൾ കർമ്മം ചെയ്യേണ്ടതാകുന്നു. ശവദാഹക്രിയയും ഉദകക്രിയയും സപിണ്ഡരായ ബന്ധുക്കൾക്ക് , അതായത് മൂന്നു തലമുറയ്ക്കകം പൊതുപൂർവ്വീകനുള്ളവർക്ക്, ചെയ്യാവുന്നതാണ്.
[ (1) ഊന ദ്വിവാർഷികം പ്രേതം
നിദധ്യുർ ബാന്ധവം ബഹിഃ
അലംകൃത്യ ശു പൌ ഭൂമൌ-
വസ്ഥിസഞ്ചയനാദൃതേ
നാസ്യകാര്യോ (അ)ഗ്നിസംസ്കാരോ
നചകാര്യോദകക്രിയ – മനുസ്മൃതി V-68-69 ]
[ (2) നൃണാമകൃത ചൂഡാനാം
വിശുദ്ധിർ നൈശികി സ്മൃതാ
നിർവൃത്ത ചൂഡകാനാന്തു
ത്രിരാത്രാഛ്ശുദ്ധിരിഷ്യതേ -മനുസ്മൃതി V-67 ]
[ അദ്വിവർഷേ പ്രേതേ
മാതാപിത്രോ രാശൌചം
ശൌചമേ വേതരേഷാം – പാരസ്കര ഗൃഹ്യസൂത്രം III-10 ]
പ്രേതശായനം
മരിച്ചു എന്നു നിശ്ചയമായാൽ, ഇമകൾ അടച്ച്, കാൽ പെരുവിരലുകൾ ചേർത്തുവച്ച് നൂൽത്തിരികൊണ്ടോ മറ്റോ കെട്ടി, ദർഭ (3) ഇട്ട നിലത്ത് പ്രേതം തെക്കോട്ടു തലയായി മലർത്തികിടത്തി, പാദം മാത്രം വിട്ടിട്ട് ശേഷം ഒരു ശുദ്ധവസ്ത്രം കൊണ്ടു പുതച്ച്, ചുറ്റും ഒരു വരപോലെ അക്ഷതം (4) ഇട്ട്, തലയ്ക്കൽ നിലവിളക്കും സാമ്പ്രാണി പുകയും, കാൽക്കലും ഇരുവശത്തും വിളക്കുകളോ തേങ്ങാമുറികളിൽ കിഴികളോ കത്തിച്ചുവയ്ക്കണം.
[(3) ദർഭ ഇല്ലാഞ്ഞാൽ അഗ്രമുള്ള കറുകപ്പുല്ല് പിഴുതെടുത്ത് ഒറ്റ ഒറ്റയായി തിരിഞ്ഞുവച്ച് ഉപയോഗിക്കാം.
ഹരീതാ യജ്ഞിയാ ദർഭാഃ
സമൂലാ പിതൃദൈവത്യാഃ – കാത്യായനസ്മൃതി III-2
(യജ്ഞത്തിനുള്ള ദർഭ പച്ചയായും, പിതൃബലിക്കുള്ളത് വേരുള്ളതായും വേണം.)
(4) “അക്ഷതാസ്തു യവാഃ പ്രോക്ത” – കാത്യായനസ്മൃതി XXVIII-1
(അക്ഷതം ബാർളിഅരി ആണ്. ) ദേശാചാരേണ പല രാജ്യങ്ങളിലും (നുറുങ്ങാത്ത) ഉണക്കലരിയും നെല്ലും ചേർന്നതിനെയാണ് ‘അക്ഷതമായി’ ഉപയോഗിക്കുന്നത്. വിവാഹാദികൾക്ക് ഉപയോഗിക്കുന്ന അക്ഷതവും ഇതുതന്നെയാണ്. ]
ശ്മശാനം
അനന്തരം, മദ്ധ്യവയസ്കരോ, അതിലും പ്രായമുള്ളവരോ ആയ ബന്ധുക്കൾ ചേർന്ന് ശ്മശാനം തയാറാക്കി ചിത കൂട്ടണം. ചിതയ്ക്കുള്ള കുഴിക്ക് കൈപൊക്കിയ ആളിന്റെ നീളവും ഒരു മാറുവീതിയും പന്ത്രണ്ടംഗുലം താഴ്ചയും ആണ് അശ്വലായനഗൃഹ്യസൂത്രത്തിൽ പറഞ്ഞിരിക്കുന്നത്. ചിത തെക്കുവടക്കു നീളത്തിൽ വേണം കൂട്ടേണ്ടത്.
പ്രേതാലങ്കാരം
അനന്തരം, പ്രേതത്തെ കുളിപ്പിച്ച് ഭസ്മവും ചന്ദനവും സുഗന്ധദ്രവ്യങ്ങളും പൂശി, ദർഭവിരിച്ച നിലത്ത് തെക്കോട്ടു തലയായി മലർത്തികിടത്തി, കോടിവസ്ത്രംകൊണ്ട് പാദവും ശിരസ്സും വിട്ട് , ശേഷം പുതയ്ക്കണം. വാസനയുള്ള പുഷ്പമാലകൾ ഇടാം. സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുകയും തലയ്ക്കൽ നിലവിളക്ക് കത്തിച്ചു വയ്ക്കുകയും വേണം. (5)
[(5) ദുർവ്വലം സ്നാപയിത്വതു
ശുദ്ധ ചൈലാഭി സംവൃതം
ദക്ഷിണാ ശിരസാം ഭൂമൌ
ദർഭവത്യാം നിവേശയേത്
ചന്ദനോക്ഷീത സർവാംഗാം
സുമനോഭിർ വിഭൂഷിതം – കാത്യായന സ്മൃതി XXI-3-4]
pb
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death