സ്വാന്തനം
പിന്നീട് ദുഃഖാർത്തരായ ബന്ധുജനങ്ങളെ സമാശ്വസിപ്പിക്കാൻ സാന്ത്വനവചനങ്ങൾ എല്ലാവരും കേൾക്കെ വായിക്കണം.
ആദ്യമായി, വിഷ്ണുസ്മൃതി ഇരുപതാമദ്ധ്യായത്തിൽ നിന്ന് :
ബഹൂനീന്ദ്ര സഹസ്രാണി
ദൈത്യേന്ദ്ര നിയുതാനിച
വിനഷ്ടാനീഹ കാലേന
മനുജേഷ്വഥ കാ കഥാ
അനേകായിരം ഇന്ദ്രന്മാരും അനേകലക്ഷം ദൈത്യേന്ദ്രന്മാരും അവരവരുടെ കാലം തീരവേ നശിച്ചുപോയിട്ടുണ്ട്. ആ സ്ഥിതിക്ക് മനുഷ്യരുടെ കഥ പറയാനുണ്ടോ !?
രാജർഷയശ്ച ബഹവഃ
സർവ്വേ സമുദിതാ ഗുണൈഃ
ദേവാ ബ്രഹ്മർഷയശ്ചൈവ
കാലേന നിധനം ഗതാഃ
സർവ്വ ഗുണങ്ങളും തികഞ്ഞ അനവധി രാജർഷിമാരും, ബ്രഹ്മർഷിമാരും, ദേവന്മാർ തന്നെയും കാലത്താൽ നാശം അടഞ്ഞു പോയിട്ടുണ്ട്.
യേ സമർത്ഥാ ജഗത്യസ്മിൻ
സൃഷ്ടിസംഹാര കാരിണഃ
തേ ഽ പി കാലേന ലീയന്തേ
കാലോഹി ബലവത്തരഃ
ഈ ലോകത്ത് സൃഷ്ടിയും സംഹാരവും നടത്തുന്ന സമർത്ഥന്മാർതന്നെയും കാലചക്രത്തിൽ ലയിച്ചുപോകുന്നു. കാലമാണ് മറ്റ് എല്ലാത്തിനെക്കാളും ശക്തിയുള്ളത്.
ആക്രമ്യ സർവഃ കാലേന
പരലോകം ച നീയതേ
കർമ്മപാശ വശോ ജന്തുഃ
കാ തത്രാ പരിദേവനാ
കാലം എല്ലാവരെയും പിടികൂടി പരലോകത്ത് കൊണ്ടുപോകുന്നു. ജന്തുക്കളെല്ലാംതന്നെ കർമ്മത്തിന് അധീനരാണ് (കർമ്മം ഒടുങ്ങുമ്പോൾ ജീവിതം അവസാനിക്കുന്നു എന്നർത്ഥം ). അതിൽ സങ്കടപ്പെട്ടിട്ട് എന്തു പ്രയോജനം ?
ജാതസ്യ ഹി ധ്രുവോ മൃത്യു
ധ്രുവം ജന്മ മൃതസ്യ ച
അർത്ഥേ ദുഷ്പരിഹാര്യേസ്മിൻ
നാസ്തി ലോകേ സഹായതാ
ജനിച്ചവർക്ക് മരണം നിശ്ചയം; മരിച്ചവർക്ക് ജനനവും നിശ്ചയം. ഒഴിഞ്ഞുമാറാൻ കഴിയാത്ത ഈ നിയമത്തിൽ നിന്നും ഒരുവനെ സഹായിക്കാൻ ഈ ലോകത്ത് ആർക്കും സാധിക്കയില്ല.
ശോചന്തോ നോപ കുർവ്വന്തി
മൃതസ്യേഹ ജനായതഃ
അതോ ന രോദിതവ്യം ഹി
ക്രിയാഃ കാര്യാഃ സ്വശക്തിതഃ
കരയുന്നതുകൊണ്ട് മരണപ്പെട്ടയാൾക്ക് യാതൊരു ഗുണവും ചെയ്യപ്പെടുന്നില്ല. അതിനാൽ കരയാതിരുന്ന് , മരണപ്പെട്ടയാളിന്റെ ഗുണത്തിനായി ശക്തിക്കൊത്ത എന്തെങ്കിലും ചെയ്കയാണ് വേണ്ടത്.
ശ്വഃ കാര്യം അദ്യകുർവീത
പൂർവ്വഹ്നേ ചാപാഹ്നികം
നഹി പ്രതീക്ഷതേ മൃത്യു
കൃതം വാസ്യ ന വാകൃതാ
നാളെ ചെയ്യേണ്ട കാര്യങ്ങൾ ഇന്നേ ചെയ്തു തീർക്കണം. ഉച്ചയ്ക്കു ശേഷം ചെയ്യേണ്ടത് ഉച്ചയ്ക്കു മുമ്പേ ചെയ്യണം. എന്തെന്നാൽ, കൃത്യങ്ങൾ ചെയ്തുകഴിഞ്ഞുവോ അതോ ചെയ്യാനിരിക്കുന്നുവോ എന്ന് മരണം കാത്തുനോക്കുകയില്ല.
ന കാലസ്യ പ്രിയഃ കശ്ചിത്
ദേഷ്യശ്ചാസ്യന വിദ്യതേ
ആയുഷ്യേ കർമ്മണി ക്ഷീണേ
പ്രസഹ്യ ഹരതേ ജനം
കാലചക്രത്തിന് ആരോടും സ്നേഹമില്ല, ആരോടും ദേഷ്യവുമില്ല. ജീവിതത്തിനു കാരണമായ കർമ്മഫലം തീരുമ്പോൾ കാലം ബലാൽക്കാരമായി ജനങ്ങളെ കൊണ്ടുപോകും.
നാ പ്രാപ്തകാലേ മ്രിയതേ
വിദ്ധഃ ശരശതൈരപി
കുശാഗ്രേണാപി സംസ്പൃഷ്ടഃ
പ്രാപ്തകാലോ ന ജീവതി
കാലം ആയിട്ടില്ലെങ്കിൽ നൂറ് അമ്പുകൾകൊണ്ട് മുറിപ്പെട്ടാലും ഒരുവൻ മരിക്കുകയില്ല. കാലം ആയാൽ ദർഭയുടെ അറ്റംകൊണ്ട് പതുക്കെ തൊട്ടാലും മരണപ്പെട്ടുപോകും.
നൌഷധാനി ന മന്ത്രാശ്ച
ന ഹോമാ ന പുനർജ്ജപാ
ത്രായതേ മൃത്യു നോപേതം
ജരയാ ചാപി മാനവം
ഔഷധങ്ങളോ മന്ത്രങ്ങളോ ഹോമങ്ങളോ ജപങ്ങളോ ഒന്നുംതന്നെ, അടുത്തുവരുന്ന മരണത്തിൽ നിന്നോ വാർദ്ധക്യത്തിൽ നിന്നോ ഒരുവനേയും രക്ഷിക്കുന്നതല്ല.
ആഗാമിന മനർത്ഥം ഹി
പ്രവിധാന ശതൈരപി
ന നിവാരയിതും ശക്ത-
സ്തത്ര കാ പരിദേവനാ
കർമ്മഫലത്താൽ വരാനിരിക്കുന്ന ആപത്തിനെ, നൂറു പ്രതിവിധികൾ ചെയ്താലും തടുക്കാൻ സാധിക്കയില്ല. ഒഴിഞ്ഞുമാറാൻ കഴിയാത്ത കാര്യത്തിൽ സങ്കടപ്പെട്ടതുകൊണ്ട് എന്തു പ്രയോജനം.
അവ്യക്താദീനി ഭൂതാനി
വ്യക്തമദ്ധ്യാനി ചാപ്യഥ
അവ്യക്ത നിധനാന്യേവ
തത്ര കാ പരിദേവനാ
ഇപ്പോൾ മരണപ്പെട്ടയാളുടെ ആത്മാവിന്റെ, ഈ ജീവിതത്തിനു മുമ്പുള്ള കഥ നാം അറിയുന്നില്ല. ഇടക്കാലത്തെ ജീവിതം മാത്രം നാം അറിയുന്നു. അതിന്റെ ഇനിമേലുള്ള കഥയും നാം അറിയുന്നില്ല. മേലുള്ള അവസ്ഥ എന്തെന്ന് അറിയാതെ അതിനെക്കുറിച്ച് നാം ദുഃഖിക്കുന്നതെന്തിന് ?
ദേഹിനോസ്മിൻ യഥാദേഹേ
കൌമാരം യൌവനം ജരാ
തഥാ ദേഹാന്തര പ്രാപ്തിഃ
ധീരസ്തത്ര ന മുഹ്യതി
ദേഹത്തിൽ തന്നെ ബാല്യം യൌവനം വാർദ്ധക്യം എന്നു പല ദശകൾ മാറിമാറി ലഭിക്കുന്നതുപോലെ, പല ദേഹങ്ങളും മാറി മാറി ആത്മാവിന് ലഭിക്കുന്നു. അറിവുള്ളവർ ആരും അതിൽ ദുഃഖിക്കുകയില്ല.
ഗൃഹ്ണാതീഹ യഥാ വസ്ത്രം
ത്യക്ത്വാ പൂർവ്വധൃതാം വരം
ഗൃഹ്ണാത്യേവം നവം ദേഹം
ദേഹീ കർമ്മനിബന്ധനം
മുമ്പ് ധരിച്ച വസ്ത്രം ഉപേക്ഷിച്ചിട്ട് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ (പഴയദേഹം ഉപേക്ഷിച്ച് ) കർമ്മബന്ധത്താൽ ലഭിക്കുന്ന പുതിയ ദേഹത്തെ ആത്മാവ് എടുക്കുകയാണ്.
നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാ പോ
ന ശോഷയതി മാരുതഃ
ആത്മാവിനെ ആയുധങ്ങൾക്ക് മുറിപ്പെടുത്താൻ സാധിക്കയില്ല, തീയ്ക്കു് എരിക്കുവാൻ സാധിക്കയില്ല, വെള്ളത്തിന് നനയ്ക്കാൻ സാധിക്കയില്ല, കാറ്റിന് ശോഷിപ്പിക്കാനും സാധിക്കുകയില്ല.
അച്ഛേദ്യോയം അദാഹ്യോയം
അക്ലേദ്യോ ഽ ശോഷ്യ ഏവച
നിത്യഃ സർവ്വഗതഃ സ്ഥാണുഃ
അചലോയം സനാതനഃ
അവ്യക്തോയം അചിന്ത്യോയം
അവികാര്യോയ മുച്യതേ
തസ്മാ ദേവം വിദിത്വൈനം
നാനുശോചിതു മർഹഥ
ആത്മാവ് മുറിപ്പെടാത്തതും ദഹിക്കാത്തതും നനയാത്തതും ഉണങ്ങാത്തതും ആണ്. (ഒരു തരത്തിലുള്ള കേടും അതിന് വരുന്നതല്ല എന്നർത്ഥം). അത് നിത്യവും എല്ലായിടത്തും എത്തുന്നതും സ്ഥിരവും മാറ്റമില്ലാത്തതും അനശ്വരവും ആണ്.
അതിനെ കാണാൻ സാധിക്കുകയില്ല. അതിന്റെ രൂപം ചിന്തിക്കാനും സാധിക്കയില്ല. അതിനു വികാരഭേദങ്ങളില്ല. ഇപ്രകാരമെല്ലാം ഉള്ള ആത്മാവിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ അതിനെക്കുറിച്ച് ദുഃഖിക്കുന്നതിന് യാതൊരു കാരണവുമില്ലെന്ന് ബോദ്ധ്യമാകും . (മഹത്തായ ജീവന് എന്തോ ആപത്തു സംഭവിച്ചു എന്ന് വെറുതേ സ്വയം സങ്കല്പിച്ച് ദുഃഖിക്കുന്നത് നിരർത്ഥമാണ്. )
അനന്തരം രാമായണത്തിൽ നിന്ന് ഏതാനും ഭാഗം വായിയ്ക്കണം. ( ഇവിടെ സംസ്കൃതത്തേക്കാൾ നല്ലത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ്. അതുകൊണ്ട് അതിൽനിന്നു കുറേ ഭാഗം വായിയ്ക്കാം.)
താരോപദേശത്തിൽ നിന്ന് :-
എന്തിനുശോകം വൃഥാ, യിതു കേൾക്കുവിൻ
ബന്ധമില്ലേതു മിതിന്നു ചിന്തിക്കിലോ
ഇന്നുമരിച്ചതു ദേഹമോ ജീവനോ
നന്നായ് പരമാർത്ഥ മോർത്തു ചൊല്ലീടുക.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വക് മാംസ രക്താസ്ഥി കൊണ്ടെടോ
നിശ്ചേഷ്ഠ കാഷ്ഠതുല്യം ദേഹമോർക്കനീ
നിശ്ചയ മത്മാവു ജീവൻ നിരാമയൻ
ഇല്ല ജനനം മരണവുമില്ല കേൾ
ദുഃഖവിഷയവു മല്ലതു കേവലം.
സ്ത്രീപുരുഷ ക്ലീബ ഭേദങ്ങളുമില്ലാ
താപശീതാദിയു മില്ലെന്നറിക നീ
സർവ്വഗൻ ജീവനേകൻ പരനദ്വയൻ
അവ്യയ നാകാശതുല്യൻ അലേപകൻ.
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്വമോർത്തെന്തു ദുഃഖത്തിനു കാരണം ?
പിന്നെ ഭരതോപദേശംകൂടി വായിയ്ക്കണം :
ഖേദം മതിമതി, കേളിതുകേവലം,
വൃദ്ധൻ ദശരഥനാകിയ രാജാധിപൻ
സത്യപരാക്രമൻ വിജ്ഞാന വീര്യവാൻ
മർത്യസുഖങ്ങളാം രാജഭോഗങ്ങളും
ഭുക്ത്വാ, യഥാവിധി യജ്ഞങ്ങളും ബഹു
കൃത്വാ, ബഹുധന ദക്ഷിണയും മുദാ
ദത്വാ, ത്രിവിഷ്ടപം ഗത്വാ യഥാസുഖം,
ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം
വൃത്രാരി മുഖ്യ ത്രിദശൌഘ വന്ദ്യനായ്
ആനന്ദമോടിരിക്കുന്നതിനെന്തു നീ
ആനനം താഴ്ത്തി നേത്രാംബു തൂകീടുന്നു
ശുദ്ധനാത്മാ ജന്മനാശാദി വർജ്ജിതൻ
നിത്യൻ നിരുപമ നവ്യയ നദ്വയൻ
സത്യസ്വരൂപൻ സകലജഗന്മയൻ
മൃത്യുജന്മാദിഭൂതൻ ജഗല്ക്കാരണൻ
ദേഹമന്യർത്ഥം ജഡം ക്ഷണഭംഗുരം
മോഹൈക കാരണം മുക്തിവിരോധകം
ശുദ്ധി വിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദുഃഖിപ്പതിന്നവകാശമില്ലേതുമേ
ദുഃഖേന കിംഫലം മൃത്യുവശാത്മനാം
താതനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവർ
മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ.
നിസ്സാരമെത്രയും സംസാരമോർക്കിലോ
സത്സംഗമൊന്നേ ശുഭകരമായുള്ളൂ.
തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു
നിത്യമായുള്ളോരു ശാന്തിയറിക നീ.
ജന്മമുണ്ടാകിൽ മരണവും നിശ്ചയം
ജന്മം മരിച്ചവർക്കും വരും നിർണ്ണയം.
ആർക്കും തടുക്കരുതാതോരവസ്ഥയെ-
ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം
ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ
സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ-
ഭംഗുരമായുള്ള ജീവിതകാലത്തി-
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാ മുള്ളതും
ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും.
ചിന്തിച്ചു മായാഗുണവൈഭവങ്ങളും
അന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം.
കമ്പിത പത്രാഗ്രലഗ്നാംബു വിന്ദുവൽ
സമ്പതിച്ചീടു മായുസ്സതിനശ്വരം
പ്രാക്തന ദേഹസ്ഥ കർമ്മണാ പിന്നെയും
പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി.
ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ
പൂർണ്ണശോഭം നവ വസ്ത്രങ്ങൾ കൊളളുന്നു
ജീർണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു
പൂർണ്ണശോഭം നവ ദേഹങ്ങൾ കൊള്ളുന്നു.
കാലചക്രത്തിൽ ഭ്രമണവേഗത്തിനു
മൂലമിക്കർമ്മഭേദങ്ങളറിക നീ.
ദുഃഖത്തിനെന്തൊരു കാരണം ചൊല്ലുനീ
മുഖ്യ ജനമതം കേൾക്ക, ഞാൻ ചൊല്ലുവൻ
ആത്മാവിനില്ല ജനന മരണവും
ആത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല
നിത്യനാനന്ദ സ്വരൂപൻ നിരാകുലൻ
സത്യ സ്വരൂപൻ സകലേശ്വരൻ ശാശ്വതൻ
ബുദ്ധ്യാദിസാക്ഷി സർവ്വാത്മാ സനാതനൻ
അദ്വയനേകൻ പരൻ പരമൻ ശിവൻ
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും
ത്യക്ത്വാ തുടങ്ങുക കർമ്മസമൂഹവും
സത്വര, മേതും വിഷാദമുണ്ടാകൊലാ.
അനന്തരം , കർമ്മി കർമ്മങ്ങൾ തുടങ്ങണം.
pb
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death