നിർഹരണം
(ശ്മശാനത്തേയ്ക്കു കൊണ്ടുപോവൽ)
കർമ്മി തറ്റുടുത്ത് കൈകാൽ മുഖം ഇവ കഴുകി വലതുകൈയിൽ പവിത്രം (6) ഇട്ട്, പ്രേതത്തിന്റെ കാൽക്കൽ വന്നു ഇടതുമുട്ടു നിലത്തൂന്നി നിന്നുകൊണ്ട്, പ്രേതം മൂടിയിരിക്കുന്ന വസ്ത്രം വലിച്ച് പ്രേതത്തിന്റെ പാദങ്ങൾ മൂടണം (7)
പിന്നെ, ഒരു കിണ്ടി എടുത്ത്, കിഴക്കോട്ടു തിരിഞ്ഞിരുന്ന്
“ശിവാ ആപഃ സന്തു”
എന്നു ചൊല്ലി കിണ്ടിയിൽ വെള്ളം ഒഴിച്ച്
ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നർമ്മദേ സിന്ധു കാവേരീ
ജലേ ഽ സ്മിൻ സന്നിധിം കുരു
എന്നു പ്രാർത്ഥിച്ച് കിണ്ടിയിൽ പൂവും ചന്ദനവും അർപ്പിച്ച് ഇട്ട്, രണ്ടു ദർഭ എടുത്ത് വെള്ളം ഇളക്കി വന്ദിക്കണം. (ദർഭ കിണ്ടിയിൽതന്നെ ഇട്ടേയ്ക്കണം.) പിന്നെ, എഴുന്നേറ്റ് കിണ്ടി എടുത്ത് ദർഭകൊണ്ട് വെള്ളം കുടഞ്ഞ് കുടഞ്ഞ് പ്രേതത്തെ ചുറ്റി ഇടത്തോട്ട് ഒരു പ്രദക്ഷിണംവച്ച് പ്രേതത്തിന്റെ പാദംമുതൽ ശിരസ്സുവരെ പ്രോക്ഷിക്കണം. (8). (മൂടിയിരിക്കുന്ന വസ്ത്രത്തിന്റെ മീതെ പ്രോക്ഷിച്ചാൽ മതി). അനന്തരം, അക്ഷതം എടുത്ത് പൂവും വെള്ളവും ചേർത്ത് കൈമലർത്തി വലത്തോട്ടു തിരിച്ച് പ്രേതത്തിന്റെ വായുടെ പുറത്ത് ഇടണം. (9) (വായ്ക്കരിക്ക് ഉപയോഗിക്കുന്ന അക്ഷതം തൈരും നെയ്യും തളിച്ചതോ, ദേശാചാരമനുസരിച്ച് തിരുകിയ തേങ്ങ ചേർത്തതോ ആയിരിക്കണം.)
മറ്റു ബന്ധുജനങ്ങൾക്കും ഇഷ്ടാനുസരണം വായ്ക്കരിഇടാവുന്നതാണ്. എന്നാൽ കുട്ടികളേയും ഭയന്നവരേയും ഇതിലേയ്ക്ക് ആരും ഒരു തരത്തിലും പ്രേരിപ്പിക്കരുത്.
വായ്ക്കരി ഇട്ടുകഴിഞ്ഞാൽ, കർമ്മി, പ്രേതത്തിന്റെ പടിഞ്ഞാറുവശം, ഇടതുകാൽമുട്ട് നിലത്തൂന്നി നിന്ന്, പച്ചമഞ്ഞൾതൊട്ട് അക്ഷതംവാരി പൂവും വെള്ളവും ചേർത്ത് പ്രേതത്തിന്റെ വായ്ക്കു പുറത്ത് മൂന്നു പ്രാവശ്യം കൈമലർത്തി വലത്തോട്ടുതിരിച്ച് അർച്ചി ക്കണം. (10) പിന്നെ ഒരുപിടി അക്ഷതം വാരി കുറേശ്ശ തൂകിക്കൊണ്ട് ഇടത്തോട്ട് (11) പ്രേതത്തിന് മൂന്നു പ്രദക്ഷിണം വച്ച് സ്വജനസഹായത്തോടെ പ്രേതത്തെ എടുത്ത്, അലങ്കരിച്ചു നിർത്തിയിട്ടുള്ള ശവരഥത്തിൽ (12) കൊണ്ടുവച്ച്, ശ്മശാനത്തേയ്ക്ക് കൊണ്ടുപോകണം.
ശവരഥത്തിനു തൊട്ടുമുമ്പേ ഒരാൾ അഗ്നികൊണ്ടുപോകണം. ശവരഥത്തിനു പിന്നിൽ മറ്റു ബന്ധുക്കളും സ്നേഹിതരും മൂപ്പുമുറയ്ക്ക് – മൂത്തവർ മുമ്പേയും ഇളയവർ പിമ്പേയും ആയി – അനുഗമിക്കുകയും വേണം. (13)
[(6) പവിത്രം = യജ്ഞത്തിനു ധരിക്കാൻ രണ്ടു ദർഭയോ നാലു കറുകയോ കൊണ്ട് കെട്ടിഉണ്ടാക്കുന്ന മോതിരം
അനന്യ ഗർഭിണം സാഗ്രം
കൌശം ദ്വിദളമേവച
പ്രാദേശ മാത്രം വിജ്ഞേയം
പവിത്രം യത്ര കത്രചിത് – കാത്യായനസ്മൃതി II-10
(പ്രാദേശം = ഒരു ചാൺ. എവിടെയായാലും പവിത്രം കെട്ടുന്നത് ഒരു ചാൺ നീളമുള്ളതും അറ്റം മുറിഞ്ഞുപോകാത്തതും ഒന്നിനകത്തു വേറൊന്നില്ലാതെ വെവ്വേറെയിരിക്കുന്നതും ആയ രണ്ടു ദർഭകൊണ്ടാണ്. )
(7) അഹതസ്യ വാസസഃപാദമാത്ര മവച്ഛിദ്യ പ്രോർണുവന്തി.
അവച്ഛേദമസ്യ പുത്രാ അമാകുർവീരൻ
– ശ്രൌതസൂത്രം VI-10]
[(8) പ്രോക്ഷിക്കുക = രണ്ടു ദർഭകൊണ്ട് വെള്ളം കുടയുക.
(9) അന്തരാംഗുഷ്ഠ ദേശിന്യോഃ
പിതൃണാം തീർത്ഥമുത്തമം – ആചാരപദ്ധതി
ദേശിനി = ചൂണ്ടുവിരൽ
അംഗുല്യഗ്രേ സ്മൃതം ദൈവം
പിത്രം തർജ്ജനി മൂലകം. -ശംഖസ്മൃതി IX
തർജ്ജനി = ചൂണ്ടുവിരൽ
പെരുവിരലിനും ചൂണ്ടുവിരലിനും ഇടയ്ക്കുള്ള കൈപ്പടത്തിന് പിതൃതീർത്ഥം എന്നും, എല്ലാ വിരലുകളുടേയും അറ്റം ഒന്നു ചേർത്തുപിടിക്കുന്നതിന് ദേവതീർത്ഥം എന്നും, പേരു പറയപ്പെടുന്നു. പിതൃകർമ്മങ്ങൾക്ക് പിതൃതീർത്ഥവും ദൈവിക കർമ്മങ്ങൾക്ക് ദേവതീർത്ഥവും ഉപയോഗിക്കണം.
പിത്ര്യാമാ നിധനാത് കാര്യം
വിധിവദ്ദർഭ പാണിനാ -മനുസ്മൃതി III 279]
[(10) ഗന്ധപുഷ്പാർച്ചനയ്ക്ക് ഗന്ധത്തിന് അശുദ്ധികാലത്ത് പച്ചമഞ്ഞളും അല്ലാത്തപ്പോൾ ചന്ദനവും ഉപയോഗിക്കപ്പെടുന്നു.
(11) ഇടത്തോട്ട് = ഘടികാരം പോകുന്നതിന് എതിരായിട്ട്. പ്രേതത്തിനും ചുടലയ്ക്കും പ്രദക്ഷിണം വയ്ക്കുന്നത് ഇടത്തോട്ടായിരിക്കണം.
(12) പ്രേതം ശ്മശാനത്തേയ്ക്കു കൊണ്ടുപോകുന്നത് വണ്ടിയിലോ രണ്ടു കാളകെട്ടിയ വണ്ടിയിലോ ആകാം. ഈ വണ്ടിക്ക് ശവരഥം, ശവയാനം, കടഃ എന്ന് പല പേരുകൾ സംസ്കൃതഭാഷയിൽ പറയപ്പെടുന്നു.]
[(13) പ്രേതമഗ്നി പുര = സരം
പീഠചക്രേണ ഗോയുക്തേന വാ -ഗൃഹ്യസൂത്രങ്ങൾ
താന്ദിശന്തു നയേദഗ്നിം
പ്രേതഞ്ചാപി തതഃപരം
അയുജോ(അ)മിഥുനാ വൃദ്ധാഃ
പീഠചക്രേണ വാ നയേത്
പ്രേതസ്യ പൃഷ്ടതോ (അ) മാത്യാ
ഈയുഃപൂർവ്വവദേവ ച
ഭൂമീഭാഗന്തതഃപ്രാപ്യ
കർത്താ പ്രോക്ഷതീ പൂർവ്വവത് – അശ്വലായന ഗൃഹ്യസൂത്രത്തിൽ ഉദ്ധരിച്ചിട്ടുള്ള സ്മൃതിവാക്യം
ആശ്മശാനാത് സർവ്വാനുഗച്ഛേയുഃ
ജ്യേഷ്ഠപ്രഥമാഃ കനിഷ്ഠജഘന്യാഃ -ഗൃഹ്യസൂത്രാണി ]
pb
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death