ദഹനം
ശവരഥം ശ്മശാനത്ത് എത്തിയാൽ ചിതയുടെ തെക്കുപടിഞ്ഞാറ് അഗ്നിയെ സ്ഥാപിച്ച് ചിതയുടെ തെക്കുകിഴക്ക് ശവരഥത്തെ നിർത്തണം.
കർമ്മി ചുടലയിൽനിന്ന് ഒരു പിടി മണ്ണുവാരിക്കളഞ്ഞ് ഒരു ശമീശാഖകൊണ്ട് ചാണകവെള്ളം തളിച്ചുതളിച്ച് ചുടലയെ ചുറ്റി ഇടത്തോട്ട് മൂന്നു പ്രദക്ഷിണം വയ്ക്കണം. പിന്നെ, ചിതയിന്മേൽ ദർഭ വിരിച്ച് അതിന്മേൽ പ്രേതത്തെ ശിരസ്സു തെക്കോട്ടായി മലർത്തികിടത്തണം.(14)
അനന്തരം, കർമ്മി പവിത്രം കളഞ്ഞ് കുളിച്ചുവന്ന് ഈറനോടെ തറ്റുടുത്ത് വേറെ പവത്രമിട്ട് അഗ്നിക്കു സമീപം തെക്കോട്ടുതിരിഞ്ഞ് ഇടതുകാൽമുട്ടു നിലത്തൂന്നി നിന്നുകൊണ്ട്, കോട്ടിയ പ്ലാവിലകൊണ്ട് കുറേശ്ശ നെയ്യെടുത്ത്
അഗ്നയേ സ്വാഹാ
സോമായ സ്വാഹാ
ലോകായ സ്വാഹാ
അനുമതയേ സ്വാഹാ
എന്നു ജപിച്ച് നാലുഹോമം കഴിക്കണം. ബാക്കിയുള്ള നെയ്യ് പ്ലാവിലയിൽ എടുത്ത് പ്രേതത്തിന്റെ നെഞ്ചുവരുന്നിടത്ത് ഒഴിച്ച്
അസ്മാദ്വൈ ത്വമജായഥാ
അയം ത്വദ് അധിജായതാം
അസൌ സ്വർഗ്ഗായ ലോകായ സ്വാഹാ
എന്നഭിമന്ത്രിച്ച് അഞ്ചാമത്തെ ഹോമവും കഴിച്ച് പ്ലാവിലയെ ചിതയിൽ ഇട്ട് പ്രേതത്തിന്റെ കാൽക്കൽ ചെന്ന് പുഷ്പമിട്ടു വന്ദിക്കണം.
അനന്തരം, പ്രവയസ്സനായ ഒരാൾ
മരണപ്പെട്ട ആളിന്റെ പുത്രനോട് അനുവാദം വാങ്ങി തെക്കോട്ടുതിരിഞ്ഞ് ഇടതുകാൽമുട്ടു താഴ്ത്തി മൌനിയായി നിന്നുകൊണ്ട് സാവധാനം ചിതയുടെ വടക്കെ അറ്റത്ത് തീ കൊടുക്കണം. തീ കൊളുത്തുന്ന ആളിന്റെ കണ്ണിൽ കണ്ണുനീരോ മനസ്സിൽ ഭയമോ പാടില്ല. (ഭയമോ കണ്ണുനീരോ ഉള്ള ആൾ ചിതയ്ക്ക് തീ കൊടുക്കരുതെന്ന സ്മൃതിശാസനംകൊണ്ടുതന്നെ പുത്രനേയോ ബാലനേയോ കൊണ്ട് അതു ചെയ്യിക്കരുതെന്നു വ്യക്തമാകുന്നു.) (15)
പിന്നീട്, കർമ്മി, ദ്വാരമിട്ട കുടത്തിൽ നിറച്ചുവച്ചിരിക്കുന്ന വെള്ളത്തിൽ ഒരു പൂവ് അർച്ചിച്ച്, കുടത്തിലെ ദ്വാരത്തിന്റെ അടപ്പുമാറ്റി, വെള്ളം പുറകോട്ട് ഒഴുകുംവിധം കുടം ഇടതു തോളിലെടുത്ത് പ്രേതത്തിന്റെ കാല്ക്കൽ തുടങ്ങി ഇടത്തോട്ട് മൂന്നു പ്രദക്ഷിണംവച്ച്, കാല്ക്കൽവന്ന് വടക്കോട്ടു നോക്കിനിന്ന് കുടം പുറകോട്ടു എറിയണം.
പിന്നെ, ചിതയിലേയ്ക്കു തിരിഞ്ഞുനോക്കാതെ പ്രേതം തൊട്ടവരെല്ലാം കുളിക്കാൻ പോകണം. മറ്റുള്ളവർ അവരവരുടെ സ്ഥലത്തേയ്ക്കും.
[(14) പ്രാപ്യൈവം ഭൂമിഭാഗം കർതോദകേന ശമിശാഖയാ
ത്രിഃ പ്രസവ്യമായതനം പരിപ്രജൻ പ്രോക്ഷതി
– അശ്വലായന ഗൃഹ്യസൂത്രം
തത്രോത്താനം നിപാത്യൈനം
ദക്ഷിണാ ശിരസം ചിതി – കാത്യായനസ്മൃതി XXI]
[(15) അനശ്രു നയനോ വിഭീഃ
വാഗ്യത പിതൃദിങ്മുഖഃ
അഥാഗ്നിം സവ്യജാന്വക്തോ
ദദ്യാദ്ദക്ഷിണതഃ ശനൈഃ – കാത്യായനസ്മൃതി XXI
ശനൈഃ = സാവധാനത്തിൽ , ഭീ = ഭയം,
വാഗ്യതഃ = മൌനിയായ.]
ഉദകക്രിയ
പ്രേതം തൊട്ടവരും അടുത്ത ബന്ധുക്കളും ജലാശയത്തിൽ ചെന്ന് തെക്കോട്ടുതിരിഞ്ഞ് വസ്ത്രസമേതം മുങ്ങി കുളിക്കണം.
കുളിയുടെ അവസാനത്തിൽ, അറ്റം തെക്കോട്ടുവച്ച ദർഭയും എള്ളും കൈയിൽ പിടിച്ചുകൊണ്ട് മുങ്ങി, പൊങ്ങി, എള്ളുകളയാതെ രണ്ടു കൈയ്യും ചേർത്ത് അഞ്ജലിയായി വെള്ളമെടുത്ത്
ഓം ആദ്യ കാശ്യപഗോത്രാ ‘വാസുദേവ’ നാമകപ്രേതാ
ഏതത് തേ തിലോദകം, തർപ്പയാമി, നമഃ
എന്നു ചോല്ലി (16) വെള്ളം പിതൃതീർത്ഥവഴി ഒഴുകിപ്പോകത്തക്കവണ്ണം കൈമലർത്തി വലത്തോട്ടു തിരിച്ചു തർപ്പണം ചെയ്യണം. (ഈ ഉദകക്രിയ എല്ലാവർക്കും – സ്നേഹിതർക്കും ചെയ്യാവുന്നതാണ് .)
അനന്തരം, കരയ്ക്കുകയറി വസ്ത്രം മാറ്റി ചിതയിലോട്ട് തിരിഞ്ഞുനോക്കാതെ , ഇളയവർ മുമ്പേയും മൂത്തവർ പിമ്പേയും (കനിഷ്ഠ പ്രഥമാ ജ്യേഷ്ഠ ജഘന്യാഃ ) എന്ന മുറയ്ക്കു വരിയായി വീട്ടിലേയ്ക്കു മടങ്ങണം.
[ (16) അഥാനവേക്ഷ്യ മേത്യാപഃ
സർവ്വ ഏവ ശവസ്മൃശഃ
സ്നാത്വാ സചൈല മാചമ്യ
ദദ്യുരസ്യോദകം സ്ഥലേ.
ഗോത്രനാമാനു രാദാന്തേ
തർപയാമീത്യനന്തരം
ദക്ഷിണാഗ്രാൻ കുശാൻ കൃത്വാ
സതിലന്തു പൃഥക് പൃഥക്
– കാത്യായനസ്മൃതി XXII 1.2
അഥാദ് ഭിസ്തർപയേദ്ദേവാൻ
സതിലാഭിഃ പിതൃയനപി
നമോ (അ) ന്തേ തർപയാമീതി
ആദാവോ മിതിച ബ്രുവൻ – കാത്യായനസ്മൃതി XII-1
ആദൌ + ഓം = ആദാവോം ]
pb
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death