ബലിപ്പുര
ശവദാഹത്തിന്റെ പിറ്റേന്നു മുതൽ പത്തുദിവസം ബലി ഇടണം. (17)
അതിനായി മുറ്റത്ത് വീട്ടുവാതലിനു സമീപം (18) പച്ച ഓലകൊണ്ട് ചുറ്റും മുകളിലും മറച്ച്, വടക്കുവശം വാതലായി ഒരു ‘പുര’ ഉണ്ടാക്കണം. അതിനകത്ത് തെക്കുമാറി ചതുരത്തിൽ ഒരു കുഴി എടുത്ത് അതിനു വടക്കുവശം ഇരുമ്പുകഷണവും കരിക്കട്ടയും പച്ചമഞ്ഞളും പൂവും വച്ച് അവയ്ക്കുമേൽ കുഴിയിലെ മണ്ണിട്ട് അമർത്തി ഉറപ്പിച്ച് ‘തറ’ – ബലിത്തറ – ഉണ്ടാക്കണം.
പുരയ്ക്കകത്തുതന്നെ തെക്കുപടിഞ്ഞാറുമാറി കവ്യം പചിക്കുന്നതിനായി ചാണകം മെഴുകി ശുദ്ധമാക്കിയ ഒരു അടുപ്പും വയ്ക്കണം.
ദിവസവും രാവിലെ ബലിപ്പുര ശുചിയാക്കി തറയും അതിനു മുൻവശം കുറെ സ്ഥലവും ചാണകം തളിച്ചു മെഴുകി ശുദ്ധിയാക്കിയിടണം.
[ (17) ശാസ്ത്രവചന പ്രകാരവും ഉത്തരേന്ത്യയിലെ ആചാരപ്രകാരവും ആദ്യബലി മരണദിവസംതന്നെയാണ്. എന്നാൽ കേരളത്തിൽ ഇത് പിറ്റേന്നാണ്. (മരണദിവസം തന്നെ ആദ്യബലി ഇടുക ആണെങ്കിൽ പ്രേതശായനം കഴിഞ്ഞഉടൻ കർമ്മി കുളിച്ചുവന്ന് കവ്യം (ബലിച്ചോറ് ) തയാറാക്കുകയും പ്രേതത്തിന്റെ കൂടെ അത് ഒരു പച്ചമൺപാത്രത്തിൽ കൊണ്ടുപോകുകയും പകുതി ശ്മശാനത്തേയ്ക്കുള്ള വഴിയിൽ തൂകുകയും ബാക്കി പകുതികൊണ്ട് ഉദക ക്രിയയോടു ചേർത്തോ ഉദക ക്രിയയ്ക്കുപകരമായോ ആദ്യ ബലി അർപ്പിക്കയും വേണം.) ]
[ (18) പ്രേതായ ച ഗൃഹദ്വാരി -ഉശനഃ സ്മൃതി VII-10 ]
pb
കൂർച്ചം
ഈ വാക്കിന്റെ അർത്ഥം ഒരു പിടി ദർഭപുല്ല് എന്നാണ്. ബലികാര്യത്തിന് പ്രേതപ്രതിനിധിയാക്കുന്നത് കൂർച്ചത്തെ ആണ്. അതിലേക്ക് നാലഞ്ചു ചെറിയ ദർഭ (19) എടുത്ത് അവയെ ഒരു ദർഭകൊണ്ടോ, ദർഭയുടെ വീതിയിൽ കീറിയ വാഴയിലകൊണ്ടോ ആൺ കെട്ടിടുന്ന രീതിക്ക് ഒറ്റ തുമ്പുകൊണ്ട് കെട്ടുവരുത്തി ഉറപ്പാക്കി വയ്ക്കണം.
ഒരു കർമ്മത്തിന് ഉപയോഗിച്ച കൂർച്ചം പിന്നൊന്നിന് ഉപയോഗിക്കരുത്.
[ (19) ഹൃസ്വാഃ പ്രവരണിയാഃ സ്യു
കുശാ ദീർഘാസ്തു ബർഹിഷഃ – കാത്യായനസ്മൃതി XI-2
(ആവാഹനത്തിന് ഹൃസ്വവും ആസനത്തിന് ദീർഘവും ആയ കുശകൾ ശ്രേഷ്ഠം.) ]
pb
ബലി
കവ്യപചനം :-
കർമ്മി കുളിച്ചുവന്ന് ഈറൻ മാറാതെ ബലിപ്പുരയിൽവച്ച് മൂന്നു കൈ ഉണക്കലരി വറ്റിച്ച് കവ്യം ഉണ്ടാക്കണം. (അരി കഴുകുന്ന കാടി ബലിപ്പുരയിലെ കുഴിയിൽ ഒഴിക്കണം.)
പവിത്രധാരണം :-
പിന്നെ, കാലും കൈയ്യും, മുഖവും കഴുകി തറ്റുടുത്ത് ആചമിച്ച് (20) നിലം പ്രോക്ഷിച്ച്, തെക്കുതിരിഞ്ഞ് ഇടതുമുട്ടിട്ടിരുന്ന്, പവിത്രം ധരിക്കണം.
[ (20) ആചമിക്കുക = അല്പം തണുത്തജലം കയ്യിൽ പകർന്ന് കൈത്തലത്തിന്റെ മൂട്ടിൽ കൂടി കുടിക്കുക.]
സങ്കല്പോച്ചാരണം :-
എന്നിട്ട് ഇപ്രകാരം ചൊല്ലണം.
“ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽ പിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ പ്രേതത്വനിർവൃത്യാ
ഉത്തമലോക പ്രാപ്ത്യർത്ഥം പ്രഥമദിനവിധം അഹംകരിഷ്യെ.”
തീർത്ഥസമ്പാദനം :-
അനന്തരം മുൻവശം നിലം പ്രോക്ഷിച്ച് ദർഭയും പൂവും ഇട്ട് അതിന്മേൽ കിണ്ടിവച്ച്
‘ശിവാ ആപഃ സന്തു’ എന്നു ചൊല്ലി വെള്ളം ഒഴിച്ച്, (21)
“സമസ്ത ഗംഗ ആവാഹനം” എന്നു പറഞ്ഞ് അക്ഷതവും പൂവും ചന്ദനവും കിണ്ടിക്കകത്തിട്ട്,
കിണ്ടിവാലിൽനിന്നു വെള്ളം കൈയിൽ പകർന്ന്
“ഗംഗാമൃത് സമ്പാദയാമി” എന്നു പറഞ്ഞ് അതു തിരികെ കിണ്ടിക്കകത്ത് ഒഴിച്ച്, വീണ്ടും അതുപോലെ വാലിൽ നിന്നു ജലമെടുത്ത്
“സരസ്വത്യാമൃത് സമ്പാദയാമി” എന്ന് പറഞ്ഞ് തിരികെ ഒഴിച്ച് മൂന്നാമതും
“യമുനാമൃത് സമ്പാദയാമി” എന്നു പറഞ്ഞ് ജലം എടുത്ത് തിരികെ ഒഴിച്ച് ഒരു ദർഭകൊണ്ട് കിണ്ടിയ്ക്കകത്ത് ശ്രീഃ എന്ന് എഴുതി കൈകൊണ്ട് കിണ്ടി പൊത്തിപ്പിടിച്ച്, ജടയിൽ നിന്നും ഗംഗ ഒഴുകിക്കൊണ്ടിരിക്കുന്ന ശിവ സ്വരൂപത്തെ ധ്യാനിച്ച്
ത്വം രാജാ സർവ്വതീർത്ഥാനാം
ത്വ മേവ ജഗതഃ പിതാ
യാചിതം ദേഹി മേ തീർത്ഥം
തീർത്ഥരാജ നമോസ്തുതേ
എന്നു പ്രാർത്ഥിച്ച്
“ഓം അദ്യ കാശ്യപഗോത്രായ അസ്മൽ പിതൃഭ്യ
‘വാസുദേവ’ നാമകായ പ്രേതായ മൃതാഹാദ് പ്രഥമദിനേ
പിണ്ഡകാര്യേ ഗംഗാജലാൽ തീർത്ഥം ആവാഹയാമി”
എന്നു ചൊല്ലി, കിണ്ടി തലയ്ക്കുമുകളിൽ പൊക്കിപ്പിടിച്ച്, ഒന്നു നിർത്തി പിന്നെ താഴ്ത്തി ദർഭമേൽ വച്ച് പുഷ്പമർച്ചിച്ച് തീർത്ഥമാക്കണം. തീർത്ഥം സ്വദേഹത്ത് ദർഭകൊണ്ട് പ്രോക്ഷിച്ച് ശുദ്ധിയാക്കണം.
[(21) ശന്നോദേവ്യുദകം പാത്രേ
തിലോ(അ)സീതി തിലാം സ്തഥാ – ഉശനഃസ്മൃതി V-37
ഇതനുസരിച്ച് കിണ്ടിയിൽ വെള്ളമൊഴിക്കുമ്പോൾ ജപിക്കേണ്ടത്
ഓം ശന്നോ ദേവിര ഭീഷ്ടയ
ആപോ ഭവന്തു പീതയേ
ശംയോര ഭീസ്രവന്തു നഃ – ഋഗ്വേദം X-9-4
എന്ന ഋക്കാകുന്നു. എന്നാൽ ഇതേകാര്യത്തിന് സ്മൃതി നിർദ്ദിഷ്ടമായ ‘ശിവാ ആപഃസന്തു’ എന്ന മന്ത്രം കുറെക്കൂടി ലഘുവാകയാൽ അതിനെ ഇവിടെ സ്വീകരിച്ചിരിക്കുന്നു. ]
ആവാഹനം :-
അനന്തരം,പിണ്ഡം വയ്ക്കാനുള്ള തറ പ്രോക്ഷിച്ച് , തെക്കോട്ട് തലയായി ഇല ഇട്ട്, നടുക്ക് കൂർച്ചവും ഇരുവശത്തും ഈ രണ്ടു ദർഭ വെവ്വേറെയും തെക്കോട്ടു തലയായി നിരത്തി വെയ്ക്കണം.
പിന്നെ, കൂർച്ചം കൈയ്യിലെടുത്തു ഇടതുകൈയ്യിൽ പിടിച്ച്, തീർത്ഥം കൊണ്ട് അഭിഷേകം ചെയ്ത്, നടുക്കു കമ്പിളി നൂലുചുറ്റി, തലയ്ക്കൽ പച്ചമഞ്ഞളും പൂവും ചാർത്തി, എള്ളും പൂവും പച്ചമഞ്ഞളും അക്ഷതവും വലതുകൈയ്യിലെടുത്ത് രണ്ടു കൈയ്യും ചേർത്തുപിടിച്ച്, വലതുമൂക്കിലെ ശ്വാസം കൂർച്ചത്തിന്മേലേറ്റി കൂർച്ചം ഇലയിൽ വയ്ക്കണം. കയ്യിലിരിക്കുന്ന തിലപുഷ്പാദികളെ രണ്ടു കയ്യിലുമാക്കി കൈകൾ തലയോളം പൊക്കി
“ഓം അദ്യ കാശ്യപഗോത്രായ അസ്മൽ പിതൃഭ്യ
‘വാസുദേവ’ നാമകായ പ്രേതായ മൃതാഹാദ് പ്രഥമദിന
നിർവത്യേ പിണ്ഡകാര്യേ പിതരം അന്തരിക്ഷാത് കുശാഗ്രേ
ആവാഹയാമി”
എന്നു ചൊല്ലി ആവാഹിച്ച് കൂർച്ചത്തിന്റെ തലയ്ക്കൽ ഇടണം.
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death