സഞ്ചയനം :-
മരിച്ച നാലാംദിവസമോ അതിനടുത്തു യുക്തമായ ഒരു ദിവസമോ ചിതയിൽ അസ്ഥിസഞ്ചയനം നടത്തപ്പെടുന്നു. (25) അന്ന് ബലി ഇടുമ്പോൾ അല്പം കവ്യം ബാക്കി വച്ചേക്കണം. ബലിക്കുശേഷം അതെടുത്ത് ശ്മശാനത്തുചെന്ന് ചുടലയ്ക്കു ചുറ്റും, കാല്ക്കൽ തുടങ്ങി ഇടത്തോട്ടു മൂന്നു പ്രദക്ഷിണം വച്ച് ശമിശാഖ കൊണ്ട് ചിതയിൽ ക്ഷീരോദകം (പശുവിൻ പാൽ ചേർത്ത വെള്ളം) തളിക്കണം. (26) പിന്നെ, ചിതയിൽ പുഷ്പമിട്ട് ഒന്നർച്ചിച്ച ശേഷം ചിതയിൽ വെള്ളമൊഴിച്ച് തീ കെടുത്തണം.
അനന്തരം, ചിതയുടെ വടക്കുവശം തളിച്ചുമെഴുകി ശുദ്ധിയാക്കിയ സ്ഥലത്ത് തെക്കോട്ടുതിരിഞ്ഞ് ഇടതുമുട്ടിട്ടിരുന്ന്, നിലംപ്രോക്ഷിച്ചു, ഇലവച്ച്, കൊണ്ടുവന്നതിൽ പകുതി കവ്യവും വാഴയ്ക്ക നുറുക്കും പഴവും അക്ഷതം, തേങ്ങാമുറി, വെറ്റില, അടയ്ക്കാ എന്നിവയും ഇലയിൽവച്ച്, സമ്പ്രാണിതിരികളും കത്തിച്ച്, ധൂപ ദീപങ്ങൾ കാണിച്ച് പൂവിട്ട് അർച്ചിച്ച്, ചന്ദനം കലക്കിവച്ചത് ഇടതുകൈ മോതിരവിരൽകൊണ്ട് തെറിപ്പിച്ച്, ഇലയ്ക്കുചുറ്റും മലര് വിതറി, പൂവും ചന്ദനവും ജലവുംകൂടി അർച്ചിച്ച് , എഴുന്നേറ്റ്
അക്ഷതവും പൂവും ചന്ദനവും ബാക്കിയുള്ള കവ്യവും എടുത്തുതൂകി തൂകി ഇടത്തോട്ട് ചുടലയ്ക്ക് പ്രദക്ഷിണം വച്ച് കാല്ക്കൽ വന്ന് തെക്കോട്ടുതിരിഞ്ഞു നിന്ന് ചുടലയിൽ പുഷ്പമിട്ട് വന്ദിക്കണം.
അനന്തരം, ഒന്നോ മൂന്നോ വൃദ്ധന്മാർ (പ്രവയസ്സഃ) (27) പാദം , മദ്ധ്യം , ശിരസ്സ് എന്നീ മൂന്നു സ്ഥാനത്തായി ചുടലയുടെ പടിഞ്ഞാറെ കരയിൽ മൂന്ന് കുത്തുപാളയും ഓരോന്നിനും സമീപം ഓരോ പാളക്കുട്ടുകവും ഒരു കമ്പും വച്ച് കിഴക്കോട്ടുതിരിഞ്ഞിരുന്ന് ആദ്യം പാദാസ്ഥിയും പിന്നെ മദ്ധ്യാസ്ഥി (നട്ടെല്ല്)യും പിന്നെ ശിരോസ്ഥിയും അതതു സ്ഥലത്തെ പാളകളിൽ ശേഖരിക്കണം. (തീർത്ഥങ്ങളിൽ കൊണ്ടുപോയിടണമെന്നുള്ള പക്ഷം ചിതാഭസ്മവും വേറൊരു പാത്രത്തിൽ ശേഖരിക്കാവുന്നതാണ്.) പിന്നീട്, ചുടല വെട്ടിമൂടി അവിടെ തണലിനായി ഒരു തെങ്ങും വാഴയും പച്ചമഞ്ഞളും നടാം.
അനന്തരം, കിഴക്കോട്ടു തിരിഞ്ഞുനിന്ന് , ഓരോ പാളയിലേയും അസ്ഥികൾ വെവ്വേറെയായി
ഗംഗായൈ നമഃ എന്ന് ചൊല്ലി ശുദ്ധജലം കൊണ്ടും
യമുനായൈ നമഃ എന്ന് ചൊല്ലി പനിനീർ കൊണ്ടും
അളകനന്ദായൈ നമഃ എന്നു ചൊല്ലി പശുവിൻപാൽ കൊണ്ടും
സരസ്വത്യൈ നമഃ എന്ന് ചൊല്ലി കരിക്കിൻ വെള്ളം കൊണ്ടും
കഴുകി, ചിതയ്ക്കു വടക്കുവശം മെഴുകിയിട്ടുള്ള സ്ഥലത്തുകൊണ്ടുവയ്ക്കണം.
അനന്തരം, കർമ്മി തെക്കോട്ടു തിരിഞ്ഞിരുന്ന് കൈകഴുകി, നിലം പ്രോക്ഷിച്ച് പുഷ്പമിട്ട് ഒരു പച്ച മൺകലശം മലർത്തിവച്ച് ദർഭകൊണ്ട് പ്രോക്ഷിച്ച് പുഷ്പമർച്ചിച്ച് , കലശം കമത്തി അതിനകം ധൂപം കേറ്റി നിലത്തുവച്ചു, പുഷ്പവും ചന്ദനവും ജലംതൊട്ട് അർച്ചിച്ച്, കലശം മലർത്തിവയ്ക്കണം. കലശത്തിനകത്ത് ദർഭകൊണ്ട് നെയ്യ് കുടഞ്ഞ് (28) അക്ഷതവും പൂവും ചന്ദനവും ഇട്ട്, പെരുവിരലും ചൂണ്ടുവിരലും കൊണ്ട്, ആദ്യം പാദം പിന്നെ മദ്ധ്യം പിന്നെ ശിരസ്സ് എന്ന മുറയ്ക്ക് അസ്ഥികൾ ഓരോന്നായി എടുത്ത് ശബ്ദം കേൾപ്പിക്കാതെ കലശത്തിനകത്തു നിക്ഷേപിക്കണം. (29)
പിന്നെ, ജലഗന്ധ പുഷ്പാദ്യർച്ചന കഴിച്ച് കലശം കോടി കൊണ്ടു പൊതിഞ്ഞ് എടുത്ത് മെഴുകി ശുദ്ധിയാക്കിയ ഒരിടത്ത് ബന്ധുക്കളുടെയും മറ്റും ഉപചാരത്തിനായി വയ്ക്കണം. (പുഷ്പമിട്ടു വന്ദിക്കുകയാണ് സാധാരണം)
അനന്തരം, കർമ്മി പുഷ്പമർച്ചിച്ച് പ്രോക്ഷിച്ച്, കലശം എടുത്ത്, സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുകൊണ്ടുചെന്ന് തെക്കോട്ടു തിരിഞ്ഞിരുന്ന്, കോടി നീക്കി ‘പ്രേതശരീരം ഭൂമിയിൽ ലയിച്ചുചേരുന്നു’ എന്നു സങ്കല്പിച്ചു, കലശം കുഴിയ്ക്കകത്തുവച്ച് അതിന്റെ കഴുത്തോളം മണ്ണിടണം. മൂന്നു പ്രാവശ്യം അക്ഷതവും പൂവും ചന്ദനവും വെള്ളംചേർത്ത് പിതൃതീർത്ഥവഴി അർച്ചിച്ച്, കലശം ചട്ടികൊണ്ടടച്ച് മണ്ണിട്ടു കുഴിമുഴുവൻ മൂടി മണ്ണ് ഒന്നമർത്തി,(30) ഒരു ഇടിഞ്ഞിൽ കത്തിച്ചുവച്ച് ജലഗന്ധപുഷ്പാദികൾ കൊണ്ട് അർച്ചിച്ച് നമസ്കരിച്ച്, തിരിഞ്ഞുനോക്കാതെ പോരണം.
[ (25) ചതുർത്ഥേ ദിവസേ (അ) സ്ഥിസഞ്ചയനം കുര്യുഃ
– വിഷ്ണുസ്മൃതി XIX
കർമ്മിയുടെ ജന്മനാളും ശനി, ചൊവ്വാ ഈ ആഴ്ചകളും ഇവിടെ വർജിക്കപ്പെടുന്നു.
(26) ക്ഷീരോദകേന ശമിശാഖയാ ത്രിഃ പ്രസവ്യമായതനം പരിവ്രജൻ പ്രോക്ഷതി.
– അശ്വലായന ഗൃഹ്യസൂത്രം. ]
[ (27) അലക്ഷണേ കംഭേ പുമാം
സമലക്ഷണായാം സ്ത്രീയം
അയുജോ ഽ മിഥുനാഃ പ്രവയസഃ – അശ്വലായന ഗൃഹ്യസൂത്രം. ]
[ (28) രണ്ടു ദർഭകൊണ്ട് നെയ്യ് കുടയുന്നതിന് ഉപസ്തരിക്കുക എന്നു പറയപ്പെടുന്നു.
(29) അംഗുഷ്ഠോ പകനിഷ്ഠികാർഭ്യാമേ കൈകമസ്ഥ്യ സംഹ്രാദയന്തോ ഽ വദധ്യുഃ
പാദൌ പൂർവ്വം ശിര ഉത്തരം
– അശ്വലായന ഗൃഹ്യസൂത്രം ]
[ (30) മണ്ണു് അമർത്തുമ്പോൾ ഋഗ്വേദം X 18-13 മന്ത്രം ജപിക്കാറുണ്ട്.
അത് ഇപ്രകാരമാണ്.
ഉത്തേ സ്തഭ്നാമി പൃഥിവീം ത്വത് പരി-
മം ലോഗം നിദധന്മോ ഽ അഹം രിഷം
ഏതാം സ്ഥൂണാം പിതരോ ധാരയന്തു
തേത്രാ യമഃ സാദനാ തേമിനോതു
(ഞാൻ മണ്ണമർത്തി, നിനക്ക് ഒരു തൂൺ ഉണ്ടാക്കുകയാണ്. ഈ പുതിയ മൺകട്ട -മൺഗൃഹം – വേർപാടുകൊണ്ടുള്ള വിഷമം നിനക്കുണ്ടാക്കുകയില്ല. ഈ തൂണിനെ പിതൃക്കൾ കൊണ്ടുപോയിട്ട് അതിന്മേൽ യമൻ നിനക്ക് ഒരു മാളിക നൽകുമാറാകട്ടെ.) ]
ബലിസമാപനം :-
പത്തുദിവസത്തെ ബലി പൂർത്തിയാക്കിയതിനു അടുത്ത ദിവസം സമാപനബലി നൽകപ്പെടുന്നു.
ഇതിനു പിണ്ഡാർപ്പണം വരെയുള്ള ചടങ്ങുകൾ മുമ്പ് ബലിക്ക് വിവരിച്ചതുപോലെതന്നെ. സങ്കല്പത്തിൽ ‘പ്രഥമദിനവിധി മഹാകരിഷ്യെ’ എന്നതിനുപകരം ബലിസമാപന മഹം കരിഷ്യെ എന്നും , തീർത്ഥാവാഹനത്തിൽ ‘പ്രഥമദിനെ’ എന്നതിനുപകരം ബലിസമാപനേ എന്നും ആവാഹനത്തിൽ ‘പ്രഥമദിനനിർവ്വത്യേ’ എന്നതിനുപകരം ബലിസമാപനനിർവ്വത്യേ എന്നും മാറ്റിചൊല്ലണമെന്നുമാത്രം വ്യത്യാസം.
പിണ്ഡാർപ്പണം :-
അനന്തരം പവിത്രം ഊരി കിണ്ടിവാലിന്മേൽ ഇട്ടിട്ടു് , തളിച്ചു ശുദ്ധിയാക്കിയ സ്ഥലത്ത് ഇലക്കീറിന്മേൽ രണ്ടു പിണ്ഡം ഉരുട്ടിവയ്ക്കണം. പിന്നെ, കൈകഴുകി പവിത്രം തിരികെ എടുത്തിട്ട്, ഒരു പുതിയ മൺപാത്രത്തിൽ പെരുവിരൽവണ്ണവും ഒരു ചാൺ നീളവുമുള്ള ഉണങ്ങിയ കമ്പുകൾകൊണ്ട് അഗ്നി ജ്വലിപ്പിച്ച് , അതിൽ
അഗ്നയേ കവ്യവാഹനായ സ്വധാ നമഃ
എന്നു ജപിച്ച് അല്പം പശുവിൻനെയ്യ് ഒഴിച്ച്
സോമായ പിതൃമതേ സ്വധാ നമഃ
എന്നു ജപിച്ച് വീണ്ടും അല്പം നെയ്യ് ഒഴിച്ച് ഇങ്ങനെ രണ്ടാഹുതി നെയ്യ് ഹോമിക്കണം.
അനന്തരം, കൂർച്ചത്തിനു മുൻവശം നിലം പ്രോക്ഷിച്ച് തെക്കോട്ടു തലയായി ഇല ഇട്ട്, അതിൽ പൂവും ചന്ദനവും ദർഭയും ഇട്ട്, ഒരു പിണ്ഡം എടുത്ത്
ഓം അദ്യ കാശ്യപഗോത്രായ അസ്മൽ പിതൃഭ്യ
‘വാസുദേവ’ നാമകായ പ്രേതായ അയം പിണ്ഡം
ഉപതിഷ്ഠതാം, സ്വധാ നമഃ
എന്നു ചൊല്ലി പിതൃതീർത്ഥവഴി പിണ്ഡം വയ്ക്കണം. അതിന്മേൽ തൈരും പാലും നെയ്യും ഒഴിച്ച്
തിലോ ഽ സി സോമദേവത്യോ
ഗോസവേ ദേവനിർമ്മിതഃ
പ്രത്നവദ്ഭിഃ പ്രത്തഃ സ്വധയാ
പിതൃൻ ലോകാൻ പ്രീണയാഹി, സ്വധാ നമഃ
എന്നു ചൊല്ലി എള്ളുവിതറി, പുഷ്പമിട്ട് അർച്ചിക്കണം.
പിന്നെ അതിനു വലതുവശം തെക്കോട്ടു തലയായി ഒരു ഇല ഇട്ട് അതിൽ പൂവും ചന്ദനവും ദർഭയും ഇട്ട് , പിതാമഹ, മാതാമഹാദി പിതൃക്കളെ സങ്കല്പിച്ച് കവ്യം തൂകി തൈരും പാലും നെയ്യും ഒഴിച്ച് എള്ളുവിതറി പുഷ്പമർച്ചിച്ചു വന്ദിക്കണം.
പിണ്ഡത്തിന് ഇടതുവശം ഒരിലഇട്ട് ക്രതു ദക്ഷാതിയായ വിശ്വദേവന്മാരെ ധ്യാനിച്ച് പുഷ്പമിട്ടു വന്ദിച്ച്, പൂവും ചന്ദനവും തുളസിയും അക്ഷതവും എള്ളും വാരി ദേവതീർത്ഥം ചേർത്ത് ഇലയിൽ ഇട്ട് കവ്യം തൂകണം.
അനന്തരം, മറ്റേ പിണ്ഡമെടുത്ത്
ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽ പിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ പിണ്ഡാവസാനമിദം സ്വധാ നമഃ
എന്നു സമർപ്പിച്ച്, ആദ്യപിണ്ഡത്തിനു സമീപംവച്ച്, തൈരും പാലും നെയ്യും ഒഴിച്ച്
തിലോ ഽ സി സോമദേവത്യോ
ഗോസവേ ദേവനിർമ്മിതഃ
പ്രത്നദ്ഭിഃ പ്രത്തഃ സ്വധയാ
പിതൃൻ ലോകാൻ പ്രീണയാഹി, സ്വധാ നമഃ
എന്നു ചൊല്ലി എള്ളു വിതറി, പുഷ്പമർച്ചിച്ച് വന്ദിക്കണം.
പിണ്ഡത്തിനു വലതുവശം പിതൃതീർത്ഥം ജലംകൊടുത്ത്
പിതൃഭ്യഃ സ്വധാ നമഃ എന്നും
പിണ്ഡത്തിന് ഇടതുവശം പിതൃതീർത്ഥം ജലംകൊടുത്ത്
പിതൃസഖിഭ്യഃ സ്വധാ നമഃ എന്നും
ചൊല്ലി, കവ്യം വാരി തീർത്ഥം ചേർത്ത് ഇലയുടെ തലയ്ക്കൽ ഇടണം. അനന്തരം കവ്യം വാരി ഇലയിൽ ഇടത്തോട്ട് ചുറ്റി തൂകികൊണ്ട്
പിതരഃ തൃപ്യന്തു സ്വധാ നമഃ എന്നു ചൊല്ലണം
രണ്ടു പിണ്ഡങ്ങളിന്മേലും പിതൃതീർത്ഥ ജലംകൊടുത്ത്
ഊർജം വഹന്തീ രകൃതം ഘൃതം
പയഃ കീലാപം പരിശ്രുതം, സ്വധാ നമഃ
എന്നു ജപിക്കണം
എല്ലാം ഒരു വലിയ ഇലകൊണ്ടു മൂടിവച്ച്, പ്രാണായാമം ചെയ്ത് (31) ധ്യാനിച്ചശേഷം പിണ്ഡങ്ങളെ ചുറ്റി ഇടത്തോട്ട് പിതൃതീർത്ഥജലം കൊടുത്തുഴിഞ്ഞ്
ആബ്രഹ്മ സ്തംബ പര്യന്തം
യത് കിഞ്ചിത് സ ചരാചരം
മയാദത്തേന തോയേന
തൃപ്തിമേവാഭി ഗച്ഛതു
എന്നു ചൊല്ലി മൂന്ന് ചുറ്റ് ഉഴിയണം.
അനന്തരം, പ്രോക്ഷിച്ച് , മൂടിയ ഇലമാറ്റി, പിണ്ഡമനക്കി ഒരു വറ്റെടുത്ത് മണപ്പിച്ച് ഇടത്തോട്ടെറിഞ്ഞ് കൈകഴുകി മുഖം പ്രോക്ഷിച്ച് ജലഗന്ധപുഷ്പാദികൾകൊണ്ട് കൂർച്ചത്തിന്മേൽ അർച്ചിച്ച്
ഭൂലോകാദ് ഊർദ്ധ്വലോകം ശമയിഷ്യാമി
എന്നു ചൊല്ലി പിതൃക്കളെ ഉദ്വസിച്ച് ഒരു പൂവ് കൂർച്ച തലയ്ക്കലിട്ട് കൂർച്ചം എടുത്തു അഴിച്ചുവയ്ക്കണം. പിന്നെ പിണ്ഡമെടുത്ത് മുമ്പു പറഞ്ഞപോലെ തെക്കുവശം വച്ച് കൈകൊട്ടി പോരുകയോ മറ്റോ ചെയ്യണം.
[ (31) സവ്യാഹൃതീം സപ്രണവാം
ഗായത്രീം ശിരസാ സഹ
ത്രീഃ പഠേ ദ്വായത പ്രാണഃ
പ്രാണായാമഃ സ ഉച്യതേ -അത്രി സ്മൃതി 292
(ഓം ഭുഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ ഓം ജനഃ
ഓം തപഃ ഓം സത്യം. ഓം ഭുർഭുവഃ സ്വഃ
ഓം തത് സവിതുർവരേണ്യാ ഭർഗോ ദേവസ്യ ധീമഹി
ധിയോ യോന പ്രചോദയാത് ഓം ആപോ
ജ്യോതി രസോമൃതം ബ്രഹ്മഭുവസ്വരോം
(ശ്വസമടക്കി ഇത്രയും ജപിക്കണം. അങ്ങനെ മൂന്നു പ്രാവശ്യം ചെയ്യുന്നത് പ്രാണായാമം) ]
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death