Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no 25 – ജനിതകവും ഭാഷയും
ഉമിനീർ ഗ്രന്ഥി
അപ്പോൾ അതുകൊണ്ട് ഡോക്ടറ് നോക്കിയിട്ട് പറഞ്ഞു…. തല്ക്കാലം viceron കൊടുക്കാം…. ഒരു steroid ആണ്. കുറച്ചൊക്കെ adjust ചെയ്ത് പോകും….ഒരു പതിനൊന്ന് വയസ്സെത്തിയാൽ നമുക്ക് graft ചെയ്ത് നോക്കാം. ഉമിനീർ ഗ്രന്ഥി. കാരണം ഗ്രന്ഥിയേ ഇല്ല. അപ്പോൾ അവര് ഒരു നാട്ടുമ്പുറത്തുകാരനെ കണ്ടു. ഇങ്ങിനെ കുഞ്ഞുങ്ങൾക്ക് … എന്താ ഈ കുഞ്ഞുങ്ങൾ ഇങ്ങിനെ ഇരിയ്ക്കുന്നതെന്ന് അയാള് ചോദിച്ചപ്പോൾ… അങ്ങോട്ട് കേറി ചോദിച്ചപ്പോൾ…. പറഞ്ഞത് …. ഉമിനീർ ഗ്രന്ഥി ഇല്ലാത്തത് കൊണ്ടാണ്. അപ്പോൾ അയാൾ ഒരു രസത്തിന് പറഞ്ഞു… ആള് ഒരു രസികനായത് കൊണ്ട് തമാശയ്ക്ക് പറഞ്ഞു… മത്തിപ്പുളി അരച്ച് പുരട്ടി നോക്കാൻ പറഞ്ഞു. വായിയ്ക്കകത്ത്. അതിന്റെ ഇല അരച്ച് പുറത്തും പുരട്ടിക്കോളാൻ പറഞ്ഞു. അപ്പോൾ അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ ചോദിച്ചു, എന്തിനാ ഇത്ര ഇതായിട്ട് ഒക്കെ പറഞ്ഞെ… അപ്പോൾ പറഞ്ഞു ഈ മത്തിപ്പുളി, ചെമ്മീൻ പുളി എന്നൊക്കെ പറയും ….നിങ്ങള് കണ്ടിട്ടുണ്ടോ എന്നറിയില്ല…. ഇരുമ്പപ്പുളി അല്ല… ഇതീ പുളി വെണ്ട എന്നും പറയും. അല്ല …ഒരു ചുമന്ന കായുള്ള വയച്ച പനച്ച ഉപ്പനരശി എന്നൊക്കെ പറയും. ങ്ഹ…മറാഠിപ്പുളി. വെണ്ടയ്ക്ക പോലിരിയ്ക്കും. (ആരോ പറയുന്നു…) …ങ്ഹ ചുവപ്പ് തണ്ടിന് ഉണ്ടാവും…. ഇല വെണ്ടയുടെ ഇല പോലെ ഇരിയ്ക്കും…… ങ്ഹാ… അങ്ങിനെ പല പേരിൽ പറയും. ഏതാണ്ട് ഒരു രൂപം പിടികിട്ടിയില്ലേ…പുളി ഉള്ള ഒരു സാധനം.
പുളി – Tamarind
അപ്പോൾ ഇയാളോട് ചോദിച്ചു…. എന്തിനാ ഇത് പറഞ്ഞു കൊടുത്തതെന്ന് ചോദിച്ചു…. അപ്പോൾ അയാള് പറഞ്ഞ ഒരു വാചകം ഉണ്ട്. വാളംപുളി അരച്ച് പുരട്ടാൻ പറഞ്ഞാൽ അവര് കളിയാക്കാൻ ഇടയുണ്ട്. കാരണം ഒരു മെഡിസിൻ അല്ല. ഒരല്പം തപ്പി നടന്ന് കഷ്ടപ്പെട്ട് പറിച്ചുകൊണ്ടുവന്നാൽ, ഒരു വിശ്വാസം ഉണ്ടാകും…മരുന്നിന്… അതുകൊണ്ടാ ഇങ്ങിനെ എഴുതിക്കൊടുത്തത്. ഇല്ലെങ്കിൽ മറ്റേതായാലും മതി. അപ്പോൾ ഇതൊന്ന് അരച്ച് പുരട്ടിക്കഴിഞ്ഞാൽ, കുട്ടിയുടെ അച്ഛൻ പുളി ഉപയോഗിച്ച് ഉമിനീർ വന്നിട്ടുള്ള ആളാ. അമ്മയും അതെ. അത് പുരട്ടുമ്പോൾ ആ ഇന്ദ്രിയത്തിന് പുളിരസം തിരിച്ചറിയാറാകും. അപ്പോഴാ ആ ഗ്രന്ഥി ഉണരും. ഇപ്പോൾ ആ ഗ്രന്ഥി സുപ്തമാണ്. ഗ്രന്ഥി ഇല്ലാതെ ജനിയ്ക്കില്ല. ഇതാണ് അങ്ങോരുടെ common sense.
-വൈദ്യനും അഭിമാനവും
പിന്നെ ഞാൻ ഇത് പറഞ്ഞത് എങ്ങിനെയാണെന്ന്….. അതീ നാദസ്വരവും ഒക്കെ വായിയ്ക്കുമ്പോൾ പുളിയും കൊണ്ട് പോയി ഇരുന്ന് ഒരുപാട് പേരെ വിഷമിപ്പിച്ചിട്ടുണ്ട്. ആ ഒരു കോമൺ സെൻസാ ഉപയോഗിച്ചെ … അല്ലാതെ ഇത് വൈദ്യം ഒന്നും അല്ല. അതുകൊണ്ട് നീ പേടിയ്ക്കുകയും ഒന്നും വേണ്ടാ … ഞാൻ ഒരു നാട്ടുമ്പുറത്തുകാരൻ … ഒരു കോമൺ സെൻസ് ഉപയോഗിച്ചു…. അല്ലാതെ നീ വിചാരിക്കുന്നതുപോലെ വൈദ്യം ഒന്നും എടുത്ത് പ്രയോഗിച്ചതല്ല… അതുകൊണ്ട് ഇനി ഇതങ്ങ് പരാജയപ്പെട്ടുപോയാലും എന്റെ അഭിമാനം ഒന്നും ഇറങ്ങിപ്പോവില്ല. മറിച്ച് ഒരു വൈദ്യനാ കൊടുക്കുന്നതെങ്കിൽ ഇതിനൊന്നും ലോകത്ത് ഒരിടത്തും മരുന്ന് ഇല്ലെടോ എന്ന് പറയുകയല്ലാതെ….കൊടുത്തു് പരാജയപ്പെട്ടാൽ ഒരു അഭിമാനത്തിന് വ്രണം ഉണ്ട്… അതുകൊണ്ട് ഇയാളിത് അരച്ചു പുരട്ടാൻ പറഞ്ഞു. ഇവര് ഒരു രാണ്ടാഴ്ച നടന്നിട്ട് വിളിച്ച് പറഞ്ഞു…. ഞങ്ങള് ഉള്ള മരുന്ന് കടയിൽ എല്ലാം കേറി. അവര് പറഞ്ഞു നിലാവിന്റെ കിളിന്നെന്നും മറ്റും ചില വൈദ്യന്മാർ എഴുതി തരാറുണ്ട്… അത് പോലെയാണ് ഈ സാധനം. മാറുകേലെന്ന് പറയാതിരിയ്ക്കാൻ വേണ്ടി, ഒരു നമ്പറ് ഇറക്കി പോയതാണെന്ന് അവര് വിളിച്ച് പറഞ്ഞു. അയാളോട്. നാട്ടുമ്പുറത്തുകാരനായതുകൊണ്ട് അയാൾക്ക് വളരെ എളുപ്പമാണ്. അയാള് നേരെ പോയി എവിടുന്നോ ഈ സാധനം പറിച്ചു. നിങ്ങടെ നാട്ടിൽ എവിടെയോ ഉണ്ട് … അയാള് പറിച്ചു…. പറിച്ചിട്ട് ഈ സാധനം കൊണ്ടുപോയി അവരുടെ വീട്ടിൽ കൊടുത്തു .. .. അരച്ചോളാൻ പറഞ്ഞു… അപ്പോൾ അരച്ച് ഒറ്റ പ്രാവശ്യമേ പുരട്ടിയുള്ളൂ… ഉമിനീർ ഒഴുകാൻ തുടങ്ങി. അപ്പോൾ നീര് ഒക്കെ വറ്റി viceron നിർത്തി….
ഭാഷ, ശബ്ദം, ശരീരത്തിലെ ഗ്രന്ഥികൾ
ഡോക്ടറെ കൊണ്ട് കാണിച്ചപ്പോൾ ഡോക്ടറ് പറഞ്ഞു…. ഇത് പണി… ആ കക്ഷിയെ ഒന്നു കാണണമല്ലോ എന്ന്… അപ്പോൾ ഈ കിളവൻ തൊപ്പിപ്പാള ഒക്കെ വച്ച് നേരെ അവിടെ ചെന്നു… കേറി…. ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ …ഒരു ലുങ്കി ഒക്കെ ഉടുത്ത് ഒരു തൊപ്പിപ്പാള ഒക്കെ വച്ച്… ഇവൻ ആ പഴേ ശൈലിയില് കേറി നേരെ അങ്ങ് ചെന്നു. അപ്പോള് ഡോക്ടറ് വളരെ ബഹുമാനപുരസ്സരം ഇരിയ്ക്കാൻ…വേണ്ട നിന്നോളാം എന്ന് പറഞ്ഞു… അത്രയ്ക്ക് ഉള്ള കാര്യം ഒന്നുമില്ല…. ഇത് ഒരു പുളിവെണ്ടയുടെ കാര്യമേയുള്ളൂ… അതിന് ഈ ഇരിയ്ക്കണ്ട കാര്യം വല്ലതും ഉണ്ടോ…. ഡോക്ടറാണെങ്കിൽ ഇത് വല്യ …. ഏതാണ്ട് ഈ …. സ്വർഗ്ഗലോകത്ത് നിന്ന് ഒരുത്തൻ ഇറങ്ങി വന്നിട്ട് ആണ് നമ്മുടെ ഈ ഇതിന് അപ്പുറത്ത് ഒരു പരിപാടി ചെയ്തിരിയ്ക്കുന്നത്… അപ്പോൾ ഡോക്ടറ് ചോദിച്ചു നിങ്ങൾ എങ്ങിനെയാ ഇത്.. ഇത് ഡോക്ടറേ കുഴപ്പമൊന്നുമില്ല… ഡോക്ടറുടെ അച്ഛൻ പുളി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറോട് ആ പുളി എന്നുള്ളത് അച്ഛന്റെ ഭാഷയിൽ പറയുകയും … ഡോക്ടറ് പുളി എന്നുള്ളത് പഠിച്ചിട്ടും ഉണ്ടെങ്കിൽ …. ആ ഡോക്ടറ് പഠിച്ച പുളിയും… അച്ഛൻ ഉപയോഗിച്ച പുളിയും ഒന്നാകുന്ന ശബ്ദ ശാസ്ത്രത്തിന്റെ വിന്യാസ ക്രമത്തിൽ ഉമിനീര് ഇറങ്ങും. ഇതിന് തന്തയുടെ ഭാഷയിൽ പഠിയ്ക്കണം. തന്തയെ മറന്ന് പഠിച്ചാൽ ജീവിതം ഇല്ല. ഞാൻ കുട്ടികള് പിഴച്ചു എന്ന് പറഞ്ഞില്ല…അവർക്ക് അനുഭവങ്ങൾ ഉണ്ടാവില്ല…. ഭാഷയുടെ ലിംഗങ്ങൾ ലഭിയ്ക്കയില്ല എന്നേ പറഞ്ഞുള്ളൂ… (ആരോ ചോദിയ്ക്കുന്നു…)
ജനിതകവും ഭാഷയും
രക്ഷകർത്താക്കളുടെ കുഴപ്പമാണോ… വിദ്യാർത്ഥികളുടെ കുഴപ്പമാണോ…ഭരണാധികാരിയുടെ കുഴപ്പമാണോ.. ആക്ടിവിസ്റ്റ്ന്റെ കുഴപ്പമാണോ… മതത്തിന്റെ കുഴപ്പമാണോ…. ജാതിയുടെ കുഴപ്പമാണോ… കച്ചവടക്കാരുടെ കുഴപ്പമാണോ.. കാലത്തിന്റെ കുഴപ്പമാണോ… ദേശത്തിന്റെ കുഴപ്പമാണോ…. ഇങ്ങിനെ ഏതും കുഴപ്പമാകാം. കുഴപ്പം എന്റെ മുമ്പിലില്ല… എന്റെ മുമ്പിലുള്ളത് ഇവന് ഈ അനുഭവം കിട്ടില്ലാ എന്ന യാഥാർത്ഥ്യമാണ്. അവന്റെ ജനിതക കോഡുകൾ, കിട്ടുന്ന വസ്തുതകളെ അവിടെ എത്തിയ്ക്കുമ്പോൾ അവിടെ രേഖപ്പെടുത്തി വച്ചിരിയ്ക്കുന്ന നിഘണ്ടുവിൽ ഏതെല്ലാം ശബ്ദമുണ്ടോ അതേ അവന്റെ കോശ കോശാന്തരത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് കിട്ടൂ…
നിങ്ങളുടെ കമ്പ്യൂട്ടറിന് അകത്ത് feed ചെയ്തിരിയ്ക്കുന്ന software-ൽ ഫീഡ് ചെയ്തിരിയ്ക്കുന്നത് മാത്രമേ അതിന് അടിച്ചു തരാൻ പറ്റുകയുള്ളൂ. അല്ലാത്തത് ആദ്യം wait എന്ന് പറയും. പരതി നോക്കും. അത് sense ചെയ്യുകയില്ല. (6.22 mts/ 25.14 mts) ഈ കംമ്പ്യൂട്ടർ അത് sense ചെയ്യില്ല. ങ്ഹാ.. അവിടെ record ഇല്ലാന്ന്. അത് ബാങ്കിന്റെ ഭാഷ. മനസ്സിലായില്ലേ… അത് പറ്റും. അത് പറ്റും … ഇപ്പം ഈ wider circle -ളേല് ….നിങ്ങൾ ഇപ്പോൾ (ആരോ പറയുന്നു…. core banking )… ങ്ഹാ…core banking ഒക്കെ വന്നപ്പോൾ ഞങ്ങളുടെ നാട്ടിൽ ഉള്ള ഒരു അദ്ധ്യാപകൻ ഇവിടുത്തെ നമ്പരും, ബീഹാറിലെ നമ്പരും ഇടയ്ക്കൊന്ന് മാറ്റി. State Bank of Travancore. നമ്പര് ഒന്ന് മാറ്റി. അക്കം മാറി…(ഒരു സ്ത്രീ പറയുന്നു….) അല്ല അക്കം ഒന്ന് മാറ്റി. …അത് മാറ്റിയതാണ്. ഇടയ്ക്ക് ഒന്ന് മാറ്റി. കോർ ബാങ്കിങ്ങില്. അപ്പോൾ ഇവിടെ ഉണ്ടായിരുന്ന നമ്പറ് അവിടെ ബീഹാറിലായി. അപ്പോൾ ഇവിടുത്തെ അദ്ധ്യാപകന്റെ പെൻഷൻ വന്നത് അവിടെ ബാങ്കില് tabulate ചെയ്തു. ക്ലാർക്ക് ഇരുന്ന്… എല്ലാം കറക്ടായി. അടിച്ച് കേറ്റിയിട്ടുണ്ടെന്നും പറഞ്ഞു. കാശ് എടുക്കാൻ വന്നപ്പോൾ കാശില്ല…മൂന്ന് മാസം കഴിഞ്ഞ്.. അപ്പോൾ ഈ മൂന്ന് മാസത്തെ പെൻഷനും നേരെ പോയത് ബീഹാറിലേയ്ക്കാ… അവിടെ അവന്റെ കണക്കിലോട്ട് പോയി… അവൻ എടുത്ത് പുട്ട് അടിക്കുകയും ചെയ്തു. അവൻ എടുത്ത് പുട്ടടിച്ചു … ഈ സാധനം. ഇവിടെ സാധനം ഇല്ല. അവസാനം തപ്പിയാൽ കിട്ടുമോ ഇത്. കാരണം നോക്കുമ്പോൾ ഒന്നും ഇവന്റെ റിക്കാർഡിൽ ഇല്ല ഈ സാധനം. ഇത് എവിടെയാ പോയേ. പിന്നെ പിടിച്ച് പിടിച്ച് പിടിച്ച് പിടിച്ച് കേറിപ്പോണം. തപ്പിച്ചെന്നപ്പോൾ ഈ നമ്പറിൽ അവിടെയുണ്ട്. പക്ഷെ അവൻ പുട്ടടിച്ചു.. അവിടുത്തെ മാനേജരെ വിളിച്ചു. എങ്ങിനെയെങ്കിലും സൂത്രത്തിൽ അതൊന്ന് പിടിച്ചു മേടിയ്ക്കാൻ പറഞ്ഞു. പിടിച്ചു മേടിയ്ക്കാൻ പറ്റിയില്ലെങ്കിൽ ഇവിടെ അടിച്ചു കേറ്റിയ ക്ലാർക്ക് കൈയ്യീന്ന് കൊടുക്കണം ഒന്നുകിൽ ….അല്ലെങ്കിൽ മറ്റവൻ ഗോപി തൊടണം. ഇതുപോലെയാ ഈ കോഡിലേയ്ക്ക് ചെല്ലുമ്പം. വളരെ കാലം എടുക്കും. വളരെ കാലം എടുക്കും…. അപ്പോഴേയ്ക്കും പുളിയുടെ രസം അറിയാൻ ഇവന് മുപ്പത് നാല്പത് വയസ്സാകും. അപ്പോൾ പിന്നെ പുളിച്ചിട്ട് വലിയ കാര്യവും ഇല്ല. അപ്പോൾ ഇവന്റെ പിള്ളേര് ഇതിനോടുള്ള ഇഷ്ടം തീർന്ന് മലയാളം പഠിയ്ക്കാൻ തുടങ്ങും. അപ്പോൾ തന്ത പറയും നമുക്ക് പറ്റിയ അബദ്ധം പറ്റാതെ ഇരിയ്ക്കണം…നീ മലയാളം പഠിച്ചോളാൻ.
-ഇദംവൃത്തി -അഹംവൃത്തി-വൃത്തി വ്യാപാരം
Gestalt Psychology ജർമ്മനിയുടേതാണ്. ഞാൻ പറഞ്ഞത് Gestalt Psychology അല്ല. ഞാൻ പറഞ്ഞത് ശുദ്ധമായ ഭാരതീയ സംസ്കൃതിയുടെ അന്തഃസ്ഥിത ചോദനയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് വളർന്നു വന്നിട്ടുള്ള വൃത്തി വ്യാപാരങ്ങളിൽ … ഇദം വൃത്തിയിൽ നിന്ന് അഹം വൃത്തിയിലേയ്ക്കുള്ള ശക്തവും സുദൃഢവുമായ പരിണാമമാണ്. അതിനിയും Gestalt Psychology അതിന്റെ അന്തഃസ്ഥിത ചോദനയിൽ പഠിച്ച് കഴിഞ്ഞിട്ടില്ല. ഇനിയും അത് പരിണമിപ്പിച്ച് എടുക്കാൻ സൈക്കോളജിസ്റ്റുകൾക്ക് നൂറ്റാണ്ടുകൾ വേണ്ടി വരും.
കുട്ടിക്കാലത്ത് അച്ഛനമ്മമാർ പറഞ്ഞ് കേട്ടിട്ടുണ്ട്. അന്ന് പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം ഇല്ലായിരുന്നു. അതുകൊണ്ട് കേട്ടില്ല. അന്ന് നിങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് നിങ്ങളുടെ ഒരു തലമുറ കുട്ടിക്കാലത്ത് കിലോക്കണക്കിന് പഞ്ഞിയാ ഇറക്കുമതി ചെയ്തത്. ചെവിയിൽ വയ്ക്കാൻ. തന്തേം തള്ളേം പറയുന്നത് കേൾക്കാതെ ഇരിയ്ക്കാൻ. കാരണം നിങ്ങള് വിദ്യാഭ്യാസം ഉള്ളവരും അവര് വിദ്യാഭ്യാസം കുറഞ്ഞവരും ആകുമ്പോൾ വിവരക്കേട് പറയുന്നത് കേൾക്കാതെ ഇരിയ്ക്കാൻ പഞ്ഞി വച്ച തലമുറയാ. പക്ഷെ ഒരു ഗുണം ഉണ്ടായി. നിങ്ങള് പഞ്ഞിവച്ചതിന്റെ ജനിതക സ്മരണ നിങ്ങടെ പിള്ളേർക്ക് പഞ്ഞി വയ്ക്കാതെ കേൾക്കാതിരിയ്ക്കാൻ പറ്റി. അതൊരു അവാന്തര പരിണാമമാണ്.
ജനിതകത്തിന്റെ ഭാഷ
അപ്പോൾ അതുകൊണ്ട് ജനിതകത്തിന്റെ ഈ ഒരു ഭാഷ … അവിടെയാണ് ഓരോ ഇന്ദ്രിയവും, ഓരോ വിഷയവും, ശബ്ദം ഒരു വിഷയം, സ്പർശം ഒരു വിഷയം, രൂപം ഒരു വിഷയം, രസം ഒരു വിഷയം, ഗന്ധം ഒരു വിഷയം….. അവയ്ക്ക് അനുഗുണമായ ശ്രോത്രേന്ദ്രിയം, തഗ്വിന്ദ്രിയം, നേത്രേന്ദ്രിയം, രസനേന്ദ്രിയം, വാഗ്വിന്ദ്രിയം, രസനേന്ദ്രിയം …. വാഗ് ഇന്ദ്രിയം അല്ല…. അത് കർമ്മേന്ദ്രിയം ആണ് …രസനേന്ദ്രിയം …രണ്ടും ഒന്നാണെങ്കിലും…. ഈ ഇന്ദ്രിയങ്ങളും … ഈ ഇന്ദ്രിയങ്ങളും ഈ വിഷയങ്ങളും … അവ തമ്മില് സാമഞ്ജസ്യം ഉണ്ട്. സമാനമാ ഗുണങ്ങളിൽ. അങ്ങിനെ അവ ഉണ്ടാക്കിയിരിയ്ക്കുന്ന ഭൂത തന്മാത്രകൾ സമാനങ്ങളാണ്. സ്വഭാവേന സമാനങ്ങളാണ്. അതുകൊണ്ട് അവ ചേരുമ്പോൾ ഒരു അനുഭവം ഉണ്ടാവും. ആ അനുഭവത്തിൽ പൂർവ്വ വാസന …വർത്തമാന കാഴ്ചയുടെ കേൾവിയുടെ ശാസ്ത്രം… വർത്തമാന നിജ അനുഭവം ….. മാനസിജവും സംസ്സർഗജവുമായ വർത്തമാന അറിവ്….. ഇവയുടെ സംയോജിത വികാരത്തിലാണ് അനുഭവിയ്ക്കുന്നത്. അവിടെയാണ് ഇതിന്റെ കളി. ഇത്രയും സാധനം ഒന്നിച്ചു വരും … ഒറ്റ നിമിഷം കൊണ്ട്. ... (ആരോ ചോദിയ്ക്കുന്നു…. )
മാതൃഭാഷയും പാരമ്പര്യ കോഡും
അല്ല ഒന്നു മാത്രമായിട്ട് അനുഭവിയ്ക്കും. സംയോജിതമായും അനുഭവിയ്ക്കും. പക്ഷെ പൂർവ്വ വാസന നിശ്ചയമായും ഉണ്ടാവും. പൂർവ്വ വാസന മതി അനുഭവിയ്ക്കാൻ. വർത്തമാനത്തിലെ നിജ അനുഭവം ആണ് ആ കാഴ്ചയ്ക്ക് വർണ്ണം പകരുന്നത്. അവിടെയാണ് ഇംഗ്ലീഷ് പഠിച്ച് വർത്തമാന അനുഭവം ഇംഗ്ലീഷില് ഉൾക്കൊള്ളുമ്പോൾ ഇത് അവിടെ എത്തുമ്പോൾ കോഡിനകത്ത് ഇല്ല. അവിടെ ഒരു editor-in-chief ഉണ്ട്…അയാള് നോക്കിയിട്ട് ഇത് നമ്മുടെ പത്രത്തിൽ ഇടാൻ യോഗ്യം അല്ല. സാധനം ഒക്കെ ഉഗ്രൻ ആണ്…..നമ്മുടെ പത്രത്തിന്റെ ഇപ്പോഴത്തെ വ്യവസ്ഥയ്ക്ക് ഈ സാധനം നമ്മുടെ പൈതൃകത്തിന് ചേരില്ല. അതുകൊണ്ട് ഈ എഡിറ്റർ എന്തു ചെയ്യുമെന്ന് വച്ചാല് ഇതങ്ങ് തട്ടിക്കളയും. ഇതിന്റെ അവിടെയും ഇവിടെയും ഒക്കെ വെട്ടിക്കളഞ്ഞ് കഷ്ണം ആക്കി ഇടാമോ എന്ന് നോക്കും. പക്ഷെ നമ്മുടെ പത്രത്തിനേ ചേർന്ന ഭാഷയല്ല ഇതില്…..വിട്ടുകള എന്നു പറയും. (13.28 mts / 25.14 )
അവര് വേറൊരു വാസനയുടെ കൂടിലാ… അവര് വർത്തമാനം ഒക്കെ പറയുന്നുണ്ട്. …. അവർക്ക് ബുദ്ധി മന്ദീഭവിച്ചു എന്നു നിങ്ങളാ പറയുന്നെ…. അവരിൽ ചിലര് നിങ്ങളെ നന്നായി പറ്റിക്കുന്നവർ ഉണ്ട്. നിങ്ങളെ ശരിയ്ക്ക് പറ്റിയ്ക്കുന്ന പാർട്ടികൾ ഉണ്ട്. കാരണം ബുദ്ധിമാന്ദ്യം നിങ്ങള് നിശ്ചയിച്ചു കഴിഞ്ഞാൽ, എല്ലാക്കാര്യവും നിങ്ങള് ചെയ്തു കൊടുത്തോളും. നമ്പർ വൺ ആയിട്ട് പറ്റിയ്ക്കുന്നവർ ഉണ്ട്. അവരുടെ വാസനയുടെ തലത്തിൽ ഒക്കെ perfect knowledge അവർക്കുണ്ട്. അതൊക്കെ നമ്മള് പഠിയ്ക്കാൻ മാത്രം ബുദ്ധിയുള്ളവർ ആയിട്ടില്ല എന്നു വിചാരിച്ച്, സമീപിയ്ക്കുന്നതാ നല്ലത്. മാത്രമല്ല അവര് നിങ്ങളെക്കാൾ ഒക്കെ ചില രംഗങ്ങളിൽ advanced ആണ്. highly advanced ആണ്. അവര് തീരുമാനിച്ചാൽ ചിലത് തീരുമാനമാ.(ചിരിയ്ക്കുന്നു…) നിങ്ങടെ കൂട്ട് അഴകൊഴമ്പൻ ന്യായത്തിലല്ല. അതുകൊണ്ട് അത് ഇതിന്റെ കൂടെ കലർത്തണ്ട.
ആനുവംശിക കഥാപാത്രം
അപ്പോൾ കാഴ്ച കേൾവി ഗന്ധം ഇവയൊക്കെ അനുഭവിയ്ക്കുമ്പോൾ. പൂർവ്വ സൂരിയായ അനുഭവമുള്ള ഒരു ആനുവംശിക കഥാപാത്രം വാസനയായി, ബലമുള്ള വാസന അല്ലെങ്കിൽ സംസ്കാരമായി സംജാതമാകും. മറ്റേ കാഴ്ച ഭൗതികമായി പറഞ്ഞത് ശരിയാണ്. പ്രമാണ ചൈതന്യം, പ്രമേയ ചൈതന്യം, പ്രമാതൃ ചൈതന്യം, അതിന്റെ സംയോഗം … അതാണ് ഭൗതികം…. അത്രയാ ഭൗതികത്തിൽ നടക്കുന്നത്. ഈ ഭൗതികം ഇത്രയും നടന്നു കഴിഞ്ഞാൽ പിൻവാങ്ങുകയും, അതൊരു ആനുവംശിക കഥാപാത്രത്തിന് വിട്ടുകൊടുക്കുകയും, കണ്ട ഈ വസ്തുവിന്നെ അവലംബമാക്കി, ഇത് എന്ത് എന്ന വൃത്തി സംജാതമാകുകയും, ആ ഇദം വൃത്തി …ജിജ്ഞാസാ വൃത്തിയായ … എന്തെന്ന് അന്വേഷിയ്ക്കുന്ന…. ഇദം വൃത്തി … മനോവൃത്തിയിൽ അതിന്റെ സഹജവും സാമാന്യവുമായ ചിത്രത്തെ ആ വേണ്ട വിധം ആലേഖനം ചെയ്ത് … മനസ്സ് ആ വസ്തുവുമായി അനുഭവം കൊണ്ട് താദാത്മ്യം പ്രാപിച്ച് അകത്ത് എത്തിയ്ക്കുകയും ചെയ്യും. ഇതിന്റെ ചിത്രം വരച്ച് അകത്ത് എത്തിയ്ക്കും. അത് മസ്തുളംഗത്തിൽ എത്തുമ്പോൾ, അത് ഇന്നതാണെന്നും, അതിന് ഞാനുമായി ഇന്ന ബന്ധമുണ്ടെന്നും, അത് എന്നോട് അപ്രിയം ഉള്ളതാണെന്നും, പ്രിയമുള്ളതാണെന്നും, എന്റെ പാരമ്പര്യത്തോട് അത് ഇങ്ങിനെ ചെയ്തിട്ടുണ്ടെന്നും, അങ്ങിനെ ചെയ്തിട്ടുണ്ടെന്നും, അത് ഇങ്ങിനെ പ്രയോജനപ്പെടുമെന്നും, അങ്ങിനെ ഉപദ്രവം ആകുമെന്നും, എല്ലാം തിരിച്ചറിയുകയും, അതിന് അനുസരിച്ച് അതിനെ നിഷേധിക്കുവാനോ, സ്വീകരിയ്ക്കുവാനോ തയ്യാറാകുന്ന നിഷേധികളോ സ്വീകരണികളോ ആയ ഹോർമോണുകളും enzyme-കളും ആകെ ശരീരത്തിൽ വ്യാപിക്കുകയും, അതിന്റെ സാമീപ്യം ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിയ്ക്കുകയോ ചെയ്ത് അതിനെ സ്വീകരിയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ഒരു പ്രക്രിയയിൽ സുഖവും ദുഃഖവും ഉണ്ടാവും. ഇത്രയാ അനുഭവം. (16.52 mts)
ഈ ഒരു അനുഭവത്തിന് ഇടയില്, നിങ്ങളുടെ പ്രഷറ് കൂടും കുറയും….. ഈ ഒരു അനുഭവത്തിന് ഇടയില് നിങ്ങളുടെ thyroid മാറി മറിയും…. ഈ ഒരു അനുഭവത്തിന് ഇടയില് നിങ്ങളുടെ endocrine gland-ഉകൾ ഒട്ടു വളരെ മാറ്റങ്ങൾക്ക് വിധേയമാകും. ഈ ഒരു അനുഭവിത്തിന് ഇടയിൽ നിങ്ങളുടെ ആൽഫയിലും ബീറ്റയിലും ഒക്കെ പരിണാമ ഭേദങ്ങൾ ഉണ്ടാവും. വൈദ്യുത തരംഗാവലികളില്……നിങ്ങളിലെ വൈദ്യുതിയ്ക്ക് പരിണാമം ഉണ്ടാവും. ഇത്രയും കളി ഒരു വസ്തു കാണിച്ചാ നടക്കും … ഒരു ശബ്ദം കേട്ടാൽ നടക്കും. ഇതിനെല്ലാം മരുന്ന് കഴിച്ച് നിങ്ങൾ എന്നാ രക്ഷപെടുന്നത്. ചോദ്യം മനസ്സിലായില്ല….
ഇതിനൊക്കെ പോയി മരുന്ന് കഴിയ്ക്കാൻ തുടങ്ങിയാൽ എത്ര കഴിയ്ക്കണം. ഏതെല്ലാം മരുന്ന് കേറിക്കിടക്കണം … എത്ര കാലം കഴിയ്ക്കണം. …. എന്തെല്ലാം കഴിയ്ക്കണം….. ഓരോന്ന് കഴിയ്ക്കുമ്പോഴും അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന പൂർവ്വ വാസന ആ കഴിയ്ക്കുന്നതിനെക്കൂടെ നിഷേധിച്ചാൽ … അതും കൂടെ വിഷമായി തീർന്ന്….. അതിനെക്കൂടി തള്ളിക്കളയാൻ വിഷമിയ്ക്കേണ്ടി വരുമ്പോൾ… ഉള്ള വിഷമം ശീലമാക്കിയെടുത്ത് ഇത് ഇങ്ങിനെയാണ് എന്നറിഞ്ഞ് …ഒന്നു നോക്കട്ടെ ഇവനെ സുഹൃത്തായി കൊണ്ടുപോകാമോ എന്ന് …കൈ വേദനിയ്ക്കുന്നു …കേറി ഒന്ന് കിടക്കാം…. കൈയ്യല്ലേ വേദനിയ്ക്കും വല്ലപ്പോഴും…. നീ വേദനിയ്ക്കുന്നുണ്ട് അല്ലേ….കാരണം എന്താണ്…. എന്റെ കൈ കൊണ്ട് മുമ്പ് വല്ലവരെയും തല്ലിയവരെ കണ്ടിട്ടാണോ…. മുമ്പ് എന്നെ തല്ലിയവനെ വല്ലതും ഇപ്പോൾ കണ്ടോ…. എന്താ കാരണം… എന്ന് അന്വേഷിച്ച് മെല്ലെ ഒന്ന് കിടന്ന് വിശ്രമിയ്ക്കുമ്പോൾ വേദന പോയാൽ ഏറ്റ് ഒന്നു കൂടെ നടക്കുക. വീണ്ടും വന്ന് ഒന്നു കിടക്കുക….കുറെ കഴിയുമ്പോൾ ഈ വേദന ഒരു അറിവായും ഒരു സുഹൃത്തായും മാറും.
പറയാൻ എളുപ്പം…വിഷമം ഞങ്ങൾക്കേ അറിയുകയുള്ളൂ. രണ്ട് tablet വിഴുങ്ങി…വെള്ളം കുടിച്ച് വേദന അറിയിയ്ക്കുന്ന അറിവുള്ള കോശങ്ങളെ തല്ക്കാലം ഒന്ന് മയങ്ങാൻ വിട്ട്, വേദന ഇല്ലാതെ ഓടി നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് വേദനയുള്ള കോശം…വേദന അറിയിയ്ക്കുന്ന … ആ സംവേദന നാഡികൾ വീണ്ടും ഉണരാൻ തുടങ്ങുമ്പോൾ രണ്ടെണ്ണം അടിച്ചാൽ നില്ക്കാതെ മൂന്നെണ്ണം ആക്കി… ഒരു മണിക്കൂർ കഴിഞ്ഞ്… മൂന്നെണ്ണത്തിൽ നില്ക്കാതെ നാലെണ്ണമാക്കി, ഇനി ഇതുകൊണ്ട് ഒന്നും നിയ്ക്കാതെ injection ആക്കി, ഇതുകൊണ്ടൊന്നും നിക്കാതെ അവനെ കണ്ടിച്ച് കളഞ്ഞ് … അതുകൊണ്ടും രക്ഷപെടാതെ… വീണ്ടും മരിയ്ക്കാൻ കിടന്ന്…. പോകുന്നതിനെക്കാൾ ഉത്തമം ഇവനെ അങ്ങ് സുഹൃത്തായി വിളിച്ച് …വാടാ അനിയാ … ഈ രോഗം ഒരു രസമാടാ …. കളിയ്ക്കെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞ് ഒന്ന് കളിച്ചാൽ … അപ്പോൾ ഇത് സമാധാനത്തിന് ഒന്നും അല്ല… മറ്റുള്ളവർക്ക് ഒന്ന് ബോദ്ധ്യപ്പെടാൻ. (20.09 mts)
ലോക്യതേ ഇതി ലോകഃ
നാട്ടുകാര് കാണുമ്പോൾ എന്തു പറയും. അപ്പോൾ അതുകൊണ്ട് ലോകം എന്നു പറയുന്നത്….വേറൊരു ഇതാണ് .. അനുഭവമാണ്…മുമ്പേ പറഞ്ഞതു പോലെ ഇദം വൃത്തി മുതൽ അഹം വൃത്തി വരെയുള്ള… മറ്റൊരു അനുഭവമാണ് ഈ ലോകം. കാരണം ലോക്യതേ ഇതി ലോകഃ…. കാണുന്നതു കൊണ്ടാണ് ലോകം ആകുന്നത്. കണ്ടില്ലെങ്കിൽ ലോകം ഇല്ല. അടുക്കൽ ഇരിയ്ക്കുന്നതുകൊണ്ടാ….. ഇല്ലെങ്കിൽ ഇല്ല….(ആരോ ചോദിയ്ക്കുന്നു….)….അപവാദം (20.47 mts) അല്ലെങ്കിലും ഒക്കെ ഉണ്ടാകും… അതിന് വല്യ കാരണമൊന്നും വേണ്ട… അത് നിങ്ങടെ പൂർവ്വ വാസനയിൽ കിടപ്പുണ്ടെങ്കിൽ ടൈമിന് നിങ്ങൾ അനുഭവിയ്ക്കും. അതിന് ഒരു പാട് പണിയൊന്നും വേണ്ട. അണിമാണ്ഡവ്യൻ ഒന്നും മോഷ്ടിച്ചിട്ടല്ല… തപസ്സ് ചെയ്ത് കൊണ്ട് ഇരിയ്ക്കുകയായിരുന്നു. … മഹർഷി തപസാദ്ധ്യായനിരതൻ ആയി ഇരിയ്ക്കുകയായിരുന്നു… ഒരുത്തൻ മോഷ്ടിച്ചതിനെ കൊണ്ട് വന്ന് കെട്ടിയതേ ഉള്ളൂ… ആളു മാറിയാ ശൂലം തറച്ചത്… കള്ളനാണെന്ന് പറഞ്ഞ്…. ഓ നിങ്ങളുടെ ജയിലില് ഒക്കെ എത്രയോ നിരപരാധികള് കിടക്കുന്നു…തല്ലു കൊണ്ടോണ്ട്… എത്രയോ അപരാധികൾ പുറത്തുകൂടെ സ്വച്ഛന്ദം നടക്കുന്നു…. അതുകൊണ്ട് അതൊക്കെ പൂർവ്വ ജനീനങ്ങൾ ആയിരിയ്ക്കുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ്. (ആരോ പറയുന്നു….) .. ങ്ഹ… ഇവിടെ അനുഭവിച്ചാൽ പിന്നെ അവിടെ ചെല്ലുമ്പോൾ അനുഭവിയ്ക്കണ്ട… ഇവിടുത്തെ തെറ്റുകൾക്ക്. …(21.51 mts) അത്രേയുള്ളൂ അതിന്റെ എളുപ്പം.
മാനസിക ലോകങ്ങൾ vis-a-vis ശാരീരിക ലോകങ്ങൾ
ജീവൻ ഏതേത് ലോകങ്ങളിലൂടെ കടന്നു പോകുന്നുവോ ആ ലോകങ്ങളിൽ …. ജീവൻ കടന്നുപോകുന്ന ലോകങ്ങൾ ഉണ്ട്…മാനസിക ലോകങ്ങൾ… മാനസിക ലോകങ്ങളിലെ പീഢകൾക്ക് വേദനയുണ്ട്. ശാരീരിക ലോകങ്ങളിലെ പീഢകൾക്ക് വേദനയില്ല. ദുരഭിമാനം കൊണ്ടേ വേദന ഉള്ളൂ. ഒരു കല്യാണം ഒക്കെ കഴിച്ചു കഴിയുമ്പോൾ ഭാര്യയും ഭർത്താവും കൂടെ ചിരിച്ച് കളിച്ച് സന്തോഷിച്ച് വീട്ടിലേയ്ക്ക് വരും. വീട്ടിലേയ്ക്ക് വന്ന് കഴിഞ്ഞ് ഇരുന്ന് …വർത്തമാനം പറയുക…പിള്ളേർ ഇതൊന്നും ശല്യത്തിന് ഇല്ലാത്തിടത്ത് ഇരുന്ന് സ്വസ്ഥമായി വർത്തമാനം പറയുകയാണ്. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ആയതുകൊണ്ട് തള്ളമാര് പിള്ളേര് ഒക്കെ പറഞ്ഞു വിട്ട് …പോയി കളിയ്ക്കെടാ അപ്പുറത്ത് എങ്ങാനും …പോ എന്നൊക്കെ പറഞ്ഞ് അവരെ ശല്യപ്പെടുത്താതെ ഇരിയ്ക്കുക എന്നൊക്കെ പറഞ്ഞ് …ങ്ഹ്…പണി ഒന്നും എടുക്കണ്ട… ങ്ഹ്…നിങ്ങൾ അവിടെയെങ്ങാനും പോയി ഇരിയ്ക്ക് എന്നൊക്കെ പറഞ്ഞ്….വിടുമ്പോൾ, അകത്തൊക്കെ ഇരുന്ന് വർത്തമാനം ഒക്കെ പറഞ്ഞ്, ചിരി കളി തമാശ ഒക്കെയായിട്ട് ഇരിയ്ക്കുമ്പോൾ ചിലപ്പോൾ ഈ കൈയ്യ് ഒന്ന് എടുക്കും അറിയാതെ. അപ്പോൾ ഇവിടെ ഒന്ന് തട്ടാൻ വേണ്ടി എടുത്ത് കൈയ്യാണ്…പക്ഷെ കൊണ്ടത് ഇവിടെയാണ്. ഒറ്റ അടിയാണ്. ആദ്യമാണ് … first day-യിലാണ് ഈ അടി. അടിച്ചതല്ല…കൊണ്ടതാ… അപ്പോൾ ഇവന് സഹിയ്ക്കാൻ വയ്യാത്ത വേദന വരും… ആർക്കാ വേദന വരുന്നെ…. ആ കൈ കൊണ്ടവന് … കൈ ആ പെണ്ണിന്റെ ദേഹത്ത് കൊണ്ടതിന് ഇവനാണ് വേദന വരുന്നെ. ഒന്നു (അങ്ങ്) തടവി…പിന്നെ വെണ്ണയല്ലേ അങ്ങ് ഉരുകിപ്പോകാൻ…. എനിയ്ക്ക് ഒന്നും പറ്റിയില്ലെന്നേ… ഇതങ്ങ് വെണ്ണ ഒന്നും അല്ലല്ലോ ഉരുകിപ്പോകാനായിട്ട് … എനിയ്ക്ക് ഒന്നും പറ്റിയില്ല… അഞ്ച് വിരലും പതിഞ്ഞാ(പാഞ്ഞാ) കിടക്കുന്നെ… ഒന്നും പറ്റിയിട്ടില്ല… അപ്പോൾ ഇവൻ ആകെ വിഷാദമാകുമ്പോഴേയ്ക്ക് …ചുമ്മാ ഇരിയ്ക്കെന്നേ ഉള്ള നല്ല മുഹൂർത്തം കളയാതെ…. എന്നൊക്കെ പറഞ്ഞ് ചിരിച്ചും കളിച്ചും ഒക്കെ ഇരുന്ന് കഴിഞ്ഞ്….ഒരാഴ്ച കഴിയുമ്പോൾ …ഇവനാ വാതിയ്ക്കൽ നില്ക്കുകയാ… അപ്പഴാ ഇവള് കടന്ന് പോയേ…കൈ ഒന്ന് തട്ടി …കാലമാടന്റെ ഇരുമ്പ് ഉലക്ക പോലത്തെ കൈയ്യ്…. എങ്ങിനെയാ ഇത് മാറിയത്… അഭിമാനം കൊണ്ടാ മാറിയത്… വേദനകൾ എല്ലാ അഭിമനത്തിന്റെയാണ്. … എല്ലാ വേദനകളെയും വേദനകളായി സ്വീകരിയ്ക്കുന്നത്….. ഞാൻ നില്ക്കുകയും ജീവിയ്ക്കുകയും ചെയ്യുന്ന …. ഏതെല്ലാം വസ്തുക്കളോട് താദാത്മ്യം പ്രാപിച്ചുവോ, ഏതെല്ലാം ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധാദികളോട് താദാത്മ്യം പ്രാപിച്ചുവോ … അതിന്റെ അടിസ്ഥാനത്തിലുള്ള …. അഭിമാനം കൊണ്ടു മാത്രമാണ്…വേദന.
അപ്പോൾ ഇന്ദ്രിയ ജനിത അനുഭവങ്ങൾ ഉളവാക്കുന്ന അന്നമയ കോശം ഉൾപ്പടെയുള്ള സ്ഥൂല ശരീരത്തോട് താദാത്മ്യം വരുമ്പോൾ, ഇന്ദ്രിയ ജനിത അനുഭവ ഉല്പന്ന സ്ഥൂല ശരീര താദാത്മ്യം…. അത് ഏറ്റവും താഴെ….(25.04/25.14 mts)
clip no 26 (29.33 mts) .. ശ്രീരാമൻ എന്ന ബിംബം…..
Audio Clip No. 26
അദ്ധ്യസനം
നമ്മള് കഴിഞ്ഞ ക്ലാസ്സുകളിൽ ഏതാണ്ട്…. ചരിത്രം മതം സംസ്കാരം അതിന്റെ ഉല്പത്തി, പ്രഭാവം മുതലായവയെ കുറിച്ചൊക്കെ സാമാന്യേന ഒന്ന് കാണുകയുണ്ടായി. അതിന്റെ രണ്ടാം ഭാഗമായി അതിന്റെ ഉല്പത്തിയെ ആസ്പദമാക്കി…. വളരെ പ്രാധാന്യമുള്ള അദ്ധ്യാസത്തിന്റെ ഭാഷ … സംസ്കാരം എങ്ങിനെയാണ് അദ്ധ്യസിയ്ക്കുന്നത്….. അതാണ് രണ്ടാം ഭാഗത്ത് കാണാൻ തുടങ്ങിയത്. എന്നാണെന്റെ ഓർമ്മ. അതിൽ ഒന്ന് പൂർവ്വ വാസനകൾ ബലിഷ്ഠങ്ങൾ ആയവ….നിജ അനുഭവങ്ങൾ … കണ്ടും കേട്ടും ഒക്കെ അന്യന്റെ അനുഭവങ്ങളെ ആനയിച്ച് നമ്മുടേതാക്കി കൊണ്ടുവന്ന അറിവുകൾ…. ഇവയെല്ലാം ചേർന്ന്…. സ്ഥൂല ശരീരത്തിലും, സൂക്ഷ്മ ശരീരത്തിലും, കാരണ ശരീരത്തിലും അദ്ധ്യസിച്ചിട്ടാണ്…മതങ്ങളും സംസ്കാരങ്ങളും ചരിത്രവും രൂപാന്തരപ്പെടുന്നത്. (1.31 mts)
പലപ്പോഴും സംസ്കാരം അതിന്റെ സാമാജിക ഭാവം ഉൾക്കൊള്ളുമ്പോൾ മതങ്ങളായി വികസിക്കുകയും, ചരിത്രം അതിന് സംസ്കാരത്തിന്റെയും, ബലിഷ്ഠങ്ങളായ പൂർവ്വ സംസ്കാരങ്ങളുടെയും, വർത്തമാന അനുഭവങ്ങളുടെയും, അന്യരിൽ കണ്ടെത്തിയെന്ന് ഊഹ്യമായ കാര്യങ്ങളുടെയും പശ്ചാത്തലത്തിൽ, കലയായി വികസിച്ചു നില്ക്കുന്ന ഭൗതിക കലകളും ശാസ്ത്രങ്ങളും സംയുക്തമായി എരിവും പുളിയും പകർന്ന് നടത്തുന്നതാണ് ലോകത്തിലെ എല്ലാ ഏറ്റുമുട്ടലുകളും സംഘർഷങ്ങളും. ഇവിടെ മതം അപകടകാരിയുമായി തീരുന്നു. ഒരു വ്യക്തിയിൽ ആവിർഭവിയ്ക്കുന്ന ബലിഷ്ഠമായ സംസ്കാരത്തിന്റെയും, നിജാനുഭവങ്ങളുടെയും, ചുറ്റുപാടുകളിൽ നിന്ന് സമാഹരിച്ചവയുടെയും അന്തഃശോദന വ്യക്തിയെ സംസ്കരിച്ച് എടുക്കുവാനും, അവനില് പൂർണ്ണ ശോഭയോടെ നില്ക്കുവാനും, അവന് അനുഭൂതി പകരുവാനും, എല്ലാ ബന്ധങ്ങളും വിട്ട് മോക്ഷം നേടുവാനും സഹായകമാണ്.
വ്യക്തി vs സംഘടന
അതിനോട് സാധർമ്മ്യമുള്ള ചില വാസനകളിൽ പെട്ട് ആ ആ വ്യക്തിയുമായോ ആ വ്യക്തിയുടെ ദർശനത്തിന്റെ ഭാഗികങ്ങളായ അംശങ്ങളുമായോ താല്പര്യം തോന്നുന്ന വിവിധ വാസനകളോട് കൂടിയ വ്യക്തികളെ സമാഹരിയ്ക്കുകയും ചേർക്കുകയും ചെയ്ത് അത് മതമായി വികസിയ്ക്കുമ്പോൾ, പിന്നീട് ആർക്കും മുക്തി ലഭിയ്ക്കാതിരിയ്ക്കുകയും അവരുടെ അന്തർ സംഘർഷങ്ങൾ ലോകത്ത് നടമാടുകയും ചെയ്യുമ്പോൾ അവ എല്ലാ യുദ്ധങ്ങളുമായി പരിണമിയ്ക്കുന്നു എന്നുള്ളതു കൊണ്ടാണ് ഭാരതവും അതിന്റെ സംസ്കൃതിയും വ്യക്തി വ്യക്തിയായി ഇരിയ്ക്കണമെന്നും, വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്ന ഒരു സംഘടിത ശ്രമവും മാനവ ചേതനയ്ക്ക് ഉത്തമമായി ഇരിയ്ക്കില്ലാ എന്നും, രാഷ്ട്രമെന്നും, മതമെന്നും, സംസ്കാരമെന്നും ഉള്ള പേരുകളിൽ സംഘടിയ്ക്കുന്ന എല്ലാ മുന്നേറ്റങ്ങളും മാനവന് നാശമല്ലാതെ നന്മ വിതയ്ക്കുകയില്ല എന്നും കണ്ടെത്തിയത്.
നിങ്ങളുടെ ധാരണകളെ എല്ലാം ഒരുപക്ഷെ അത് കടപുഴക്കിയിട്ടുണ്ടാവും. ഇന്നോളമുണ്ടായിട്ടുള്ള എല്ലാ മതങ്ങളും ഇനി ഉണ്ടാകാൻ വിത്തു പാകിക്കൊണ്ടിരിയ്ക്കുന്ന സമസ്ത മതങ്ങളും, വിനാശകരമായ ഈ സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. അവിടെയെല്ലാം ഏറ്റവും പ്രധാനമായി പറഞ്ഞത്, പൂർവ്വ പൂർവ്വങ്ങളായ അനാദി കാലം മുതൽക്ക് രൂപാന്തരപ്പെട്ടുവന്ന, ബലിഷ്ഠങ്ങളായ വാസനകൾ, അതായത് വ്യക്തിയുടെ സംസ്കാരം, അത് അയാളുടെ എല്ലാ ഭാവങ്ങളിലും നിറഞ്ഞു നില്ക്കും എന്നുള്ളതാണ് പ്രത്യേകത. അയാളുടെ നിജഅനുഭവങ്ങൾ, എന്നു പറഞ്ഞാൽ വർത്തമാനത്തിൽ അയാൾ ഇന്ദ്രിയങ്ങളും വിഷയങ്ങളും ചേർത്ത് അനുഭവിയ്ക്കുന്ന അനുഭവങ്ങൾ, അവയിലും ആ സംസ്കാരം ഈട് വയ്പ് ഉണ്ടാക്കും.
പരാനുഭവങ്ങൾ
നേരിട്ട് അനുഭവിയ്ക്കാതെ ഇരിയ്ക്കുമ്പോഴും അനുഭവിച്ചതുപോലെ തന്നെ വന്ന്, കയറിക്കൂടുന്ന പരാനുഭവങ്ങൾ. ഒരു പുസ്തകം വായിച്ചു …വായന കഴിഞ്ഞപ്പോൾ അതിലെ പല കാര്യങ്ങളും തന്റെ പൂർവ്വാനുഭവങ്ങളോട് അല്പം ചേരുകയും ചേരാത്തവ ചേർന്നതിന്റെ സത്യത്തിന്റെ പേരിൽ, സത്യമാണെന്ന് നിഗമനത്തിൽ എത്തുകയും, അതു കഴിയുമ്പോൾ അതും താൻ അനുഭവിച്ചതാണെന്ന് തോന്നുകയും ചെയ്യുക. അതിനെയാണ് പരാനുഭവങ്ങൾ സ്വാനുഭവങ്ങളാണെന്ന് തോന്നുക. അങ്ങിനെ ഒരു മെക്കാനിസം അബോധത്തിൽ മാനവനിൽ ഉണ്ട്.
ആധാരിക ഗ്രന്ഥങ്ങൾ
രാമകൃഷ്ണദേവന്റെ വചനാമൃതമെടുത്ത് ഞാൻ വായിയ്ക്കുന്നു…. ഒരാഴ്ച കഴിയുമ്പോൾ അതിലെ ഉദാഹരണങ്ങൾ ഒക്കെ ഞാൻ എന്റെ രീതിയില് പറയുന്നു. ആദ്ധ്യാത്മിക ലോകത്ത് പരാനുഭവങ്ങൾ സ്വാനുഭവങ്ങൾ ആയി മാറുന്നത് ഏറ്റവും പ്രാചീന ഗ്രന്ഥങ്ങള് തന്നെയാണ് മൊഴിമാറി മൊഴിമാറി വരുന്നത്. ഭാഗ്യത്തിന് ഭക്തന്മാർ അവയുടെ ആധാരിക ഗ്രന്ഥങ്ങൾ വായിയ്ക്കുന്നില്ലാത്തത് കൊണ്ട് ഇത് ആദരണീയമായി തീരുന്നുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായാൽ പലതും ഇങ്ങിനെ കടന്നു പോരുന്നതാണ്.
പഴയ കല്യാൺ കല്പതരു, പഴയ പ്രബുദ്ധ ഭാരതം, ഇവയിലൊക്കെയുള്ള ലേഖനങ്ങള്, അൻപതു കൊല്ലം മുമ്പുള്ള മാതൃഭൂമിയിലും മനോരമയിലും ഒക്കെ അന്നത്തെ അതികായന്മാർ എഴുതിയ ലേഖനങ്ങള്, ഇന്ന് നിങ്ങള് എടുത്ത് ഒന്ന് വായിച്ചിട്ട്, നിങ്ങളുടെ ആണ് ആ അനുഭവം എന്ന് തോന്നിയിട്ട് അങ്ങ് ഇട്ടാൽ അറിവ് പുതിയതായി. ഞാനും നിങ്ങളും ഇന്ന് സംസാരിയ്ക്കുകയും ഇടപഴകുകയും പഠിക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്ന കാര്യങ്ങള് അതിന്റെ ഋജുവും അവക്രവുമായ ഭാഷയിൽ പഴയതാണ്. അത് കുറെ സംസ്കാരത്തിലൂടെ കൈമാറി വന്നതാണ്. ബലിഷ്ഠങ്ങളായ വാസനകൾ കൈമാറിത്തന്ന് കൊണ്ടുവന്നതാണ് അതിൽ കുറെ എല്ലാം.
നിജ-അനുഭവങ്ങൾ
രണ്ടാമത്തെ വിഭാഗം നിജ അനുഭവങ്ങളുടേതാണ്. നിജാനുഭവങ്ങൾക്ക് വർണ്ണം ചേർക്കാനാവില്ല. പരാനുഭവങ്ങൾ കേട്ടോ വായിച്ചോ അറിയുന്നവയ്ക്ക്, പരൻ അനുഭവിച്ചതിനേക്കാൾ വർണ്ണം ചേർത്ത് അവതരിപ്പിയ്ക്കാൻ കഴിയും. എത്ര വർണ്ണങ്ങൾ അതിൽ ചേർക്കുന്നുവോ, അത്രകണ്ട് മറ്റുള്ളവർ അതിൽ ആകൃഷ്ടരാവും. അവരെ ആകൃഷ്ടരാക്കാൻ ചേർത്ത വർണ്ണങ്ങൾ അനുഭൂതിയുടേത് അല്ലാതാക്കി തീർക്കും. അനുഭൂതി ഇല്ലാത്ത ചേർച്ച തുടരാൻ വ്യവഹാരവും വ്യവസായവും അനിവാര്യമായി തീരും.
അനുഭവമുള്ളവന്റെ അടുക്കൽ നിന്ന്, അനുഭവമില്ലാത്തവനെ അനുഭവി ആക്കി തീർക്കുവാനും ആനന്ദിപ്പിയ്ക്കുവാനും കഴിയുന്ന തരംഗങ്ങൾ കടന്നു ചെല്ലുന്നത് വൈഖരിയ്ക്ക് അതീതമായാണ്. അതിന് വൈഖരി ഉപയോഗിച്ച് പൂർവ്വനായ ഒരുവന്റെ അനുഭവത്തെ ലൗകികനായ ഒരുവൻ ലൗകികനായ ഒരുവന് മനസ്സിലാക്കിക്കൊടുക്കുന്നതിന് ഉള്ള ഭാഷയും വ്യാകരണവും ഒരുക്കുമ്പോൾ, അതിൽ ആത്മീയേതരങ്ങളായ ലൗകിക ചമൽക്കാരങ്ങൾ അനിവാര്യമായി തീരും. നോക്കിയാൽ വാല്മീകിയുടെ പ്രപഞ്ചത്തില് അനുഭവം ആണ് ആ എഴുതുന്നത്. അത് എഴുത്തച്ഛനിലേയ്ക്ക് വരുമ്പോൾ നവരസങ്ങളും ഭക്തിയും ചാലിച്ചാണ് അവതരിപ്പിയ്ക്കുന്നത്. (10.42 mts/ 29.33 mts)

വാല്മീകി രാമായണം
അവിടെ രാമകഥയെ വാല്മീകി അവതരിപ്പിയ്ക്കുമ്പോൾ ശാപഗ്രസ്തനായ വിഷ്ണുവിന്റെ ശാപമോക്ഷം തേടിയുള്ള അലച്ചിലാണ് രാമായണം. അത് ഇന്ന് വാല്മീകിയെ ആസ്പദമാക്കി ആരെങ്കിലും പറഞ്ഞാൽ അവൻ ചിലപ്പോൾ നിങ്ങളുടെ സമൂഹത്തിൽ നിന്ന് തല്ലു വാങ്ങിയ്ക്കും. വാല്മീകിയെ മറയ്ക്കുകയും, എഴുത്തച്ഛനെയും തുളസീദാസനെയും ഒക്കെ ഉയർത്തി നിർത്തുകയും ചെയ്തത് ഈ പരിണാമമാണ്. ചോദ്യം എനിയ്ക്ക് വളരെ ഇഷ്ടമായി അതുകൊണ്ട്. വാല്മീകി രാമായണത്തില് അവതരിപ്പിയ്ക്കുന്നത് നാല് ശാപങ്ങൾ ഏകത്ര ചേർന്ന ഒരു ജീവന്റെ പലായനമാണ്. മഹാവിഷ്ണു സനൽകുമാരനിൽ നിന്ന്, ഭൃഗുപത്നിയിൽ നിന്ന്, ഭൃഗുവിൽ നിന്ന്, ദേവദത്തനിൽ നിന്ന്, മറ്റൊരെണ്ണം കൂടിയുണ്ട്… ഓർമ്മയിൽ പെട്ടെന്ന് കിട്ടിയില്ല. ഇങ്ങിനെ നാല് ശാപങ്ങളാ എറ്റുവാങ്ങിയത്. അതില് സീതാവിരഹം ഉൾപ്പടെ, ഭാര്യാവിരഹം ഉൾപ്പെടെ ഉള്ള ശാപങ്ങളാണ് അവതാരം അഥവാ ഭൂമിയിൽ മനുഷ്യനായി തീരുക, താഴേയ്ക്ക് വരുക എന്ന പ്രക്രിയയ്ക്ക് കാരണമായത്.

എഴുത്തച്ഛൻ
അവതാര ശബ്ദം തന്നെ ആ ഒരു അർത്ഥത്തിൽ സ്ഥാനത്തു നിന്നുള്ള പതനം അല്ലെങ്കിൽ അധഃപതനമാണ്. നാല് ശാപങ്ങൾ ഏറ്റുവാങ്ങിയ മഹാവിഷ്ണു, മനുഷ്യനായി ഭൂമിയിൽ അലയുന്ന കഥയാണ്. അതിന്റെ അലൗകിക ഭാവമാണ് വേറിട്ടു നിന്ന് രസം അനുഭവിയ്ക്കാൻ നമ്മെ പ്രേരിപ്പിയ്ക്കുന്നതും. ഒരർത്ഥത്തിൽ ആ മിത്തിലെവിടെയോ നമ്മളും കുടുങ്ങിപ്പോവും. സർവ്വ ജ്ഞാനത്തോടും കൂടി ഒരു ബോധം, ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഉള്ളതായി, ഈ ഉപകരണങ്ങൾക്കൊക്കെ അജ്ഞാതമായ ഒരു തലത്തിൽ, ഇവയാലും വിഷയത്താലും ബന്ധിച്ച് ഭൂമിയിൽ വിചരിയ്ക്കുന്ന മാനവ ചരിത്രത്തെ മനോഹരമായി മിത്തില് വാല്മീകി കൂട്ടിക്കൊരുക്കി അവതരിപ്പിയ്ക്കുമ്പോൾ, എഴുത്തച്ഛൻ ചെയ്തത് ആ കഥാ സന്ദർഭത്തെ മാറ്റി, അവതാരത്തെ മാനുഷിക ഭാവങ്ങളിൽ നിന്ന് മോചിപ്പിച്ച്, ആരാധ്യമായ ഒരു സോപാനത്തിലേയ്ക്ക് ഉയർത്തുകയും, അവിടെ ഭക്തിയുടെ കൊടുങ്കാറ്റ് ആഞ്ഞടിപ്പിയ്ക്കുകയുമാണ് ചെയ്തത്.
കാല്പനികനായ രാമൻ !!???
കലയും സാഹിത്യവും അസ്തമിച്ച് ആരാധ്യമായ ഒരു രാമഭക്തിയിലൂടെയുള്ള, ഒരു രാമ-മതത്തെ അത് ഒരു കാലഘട്ടത്തിൽ രൂപാന്തരപ്പെടുത്താൻ സഹായിയ്ക്കുകയാണ് ചെയ്തത്. വാല്മീകിയുടെ കഥാംശം കാല്പനികമാണെങ്കിൽ within inverted commas, അതാണ് മര്യാദ, എഴുത്തച്ഛനിലും തുളസീദാസനിലും ഒക്കെ അത് എത്തുമ്പോൾ ചരിത്രമായി മാറുകയും, ഭക്തിപ്രസ്ഥാനത്തിന് അത് മുൻതൂക്കം കൊടുക്കുകയും ചെയ്യുകയാണ് ചെയ്തത്. ആ പുസ്തകത്തിനോ, ആ വ്യക്തിയ്ക്കോ, ആ വ്യക്തിയുടെ ഭാവത്തിനോ, ഒരു ചെറിയ പോറൽ പോലും ഏൽക്കുന്നത് ഇന്ന് ഞാനോ നിങ്ങളോ സഹിയ്ക്കില്ല. കുറച്ചു modern ആണെന്നൊക്കെ കാണിയ്ക്കാൻ പുറമെ ഒക്കെ അതൊന്നും ഇല്ല എന്നു നടിച്ചാൽ പോലും, ആന്തരികമായി നമ്മൾ തീ കത്തിച്ച് വിട്ടെങ്കിലും ….modern ആയിട്ട് ഒരു സമൂഹത്തിൽ ഇരിയ്ക്കുമ്പോൾ അല്പം മോന്താനും കിട്ടി, പത്തുരൂപയും കിട്ടുമെങ്കിൽ പരസ്യമായി അതിന് എതിരെ പറഞ്ഞാലും ആന്തരികമായി … എടാ കുഞ്ഞേ ഞാൻ അവിടെ പറഞ്ഞതൊന്നും കൂട്ടണ്ട…. അതൊക്കെ ഒരു adjustment-ന്റെ ഭാഗമാണ് … അത് അവരെ അങ്ങിനെ ത്വരിപ്പിയ്ക്കാനാണ് …. തട്ടിക്കോടാ എന്ന് ഇപ്പുറത്ത് പറയത്തക്ക വിധത്തിൽ ഉള്ളുരുകുന്ന ഒരു ബന്ധം രാമനോടും രാമായണത്തോടും എതിർക്കുന്നവനു പോലും ഉണ്ടാക്കുവാൻ പാകത്തിനുള്ള ഒരു പരിണാമമാണ് എഴുത്തച്ഛനിലേയ്ക്ക് വന്നപ്പോൾ വന്നത്. അവിടെയാണ് അതിന് മാറ്റം വന്നത്.

Rama used for political rallying !!??
അപ്പോൾ വർണ്ണപ്പൊലിമ … അവിടുന്ന് ഇന്നുള്ള ഒരാളിലേയ്ക്ക് വന്നാൽ രാമൻ എന്ന ബിംബം ഒട്ടും ആസ്വദിയ്ക്കാൻ ആകുന്നതായിട്ടല്ല വരുക. ഒരു മതസമൂഹമെന്ന നിലയിൽ, മറ്റ് മതങ്ങളെ നേരിടുവാനും, ഒന്നിച്ച് നിർത്തുവാനും ഉള്ള, ഭിന്ന സംസ്കാരങ്ങൾക്കും, ഭിന്ന ജീവിതരീതികൾക്കും, ഭിന്ന രുചികൾക്കും ഇടയിൽപോലും ബലിഷ്ഠമായ ഒരു വാസനയെ മുൻനിർത്തി ഒന്നിച്ചു നിർത്തുവാനുള്ള ശക്തമായ ഒരു കരുവായി രാമൻ താഴുകയാണ് ചെയ്യുന്നത്. സുമംഗലയുടെയും ഒക്കെ തലങ്ങളിലേയ്ക്ക് രൂപാന്തരപ്പെടുമ്പോൾ ഈ ഒരു അവസ്ഥാ പരിണാമം, ഏത് വ്യക്തി സാധന ചെയ്ത് ആത്മമോക്ഷത്തിന് ശ്രമിച്ചാലും ഒരു സമൂഹത്തിൽ ഉണ്ടാവും. അതുകൊണ്ട് ഭാരതം വ്യക്തിയുടെ ആത്മീയതയെയും അതിന്റെ സാധനയെയും അതീവ രഹസ്യമായും ഗൂഢമായും വയ്ക്കണമെന്ന് ആദിമകാലം മുതൽ പറഞ്ഞു പോന്നിട്ടുണ്ട്.
ബുദ്ധ, യേശു, മുഹമ്മദ്ദീയ മതങ്ങളെ സ്വാമിജി പരോക്ഷമായി വിമർശിക്കുന്നു.
എപ്പോൾ ഒരു സാധകൻ, താൻ സാധന ചെയ്തിട്ടുണ്ടെന്നുള്ള വ്യക്തി ചരിത്രത്തെ സമാജത്തിനു മുമ്പിൽ വയ്ക്കുന്നുവോ, അയാളുടെ ദർശനങ്ങളിലൂടെയും വാക്കുകളിലൂടെയും അയാളെ കൊണ്ടുവരുന്നുവോ, അപ്പോഴെല്ലാം ആ ദർശനം മരിയ്ക്കുകയും, അല്പമാത്രമായി പോലും അയാൾ രംഗവേദിയിൽ ഉണ്ടെങ്കിൽ അതിന്റെ ചരിത്രം മാനവ ചരിത്രമായി മാറുകയും, അയാളുടെ ദർശനവും അയാളും കലർന്നു കയറിയത് ഒരു മതമായി തീരുകയും, അത് ഏറ്റുമുട്ടലുകൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുകയും, പിന്നീട് ഒരു വ്യക്തിയെപ്പോലും ആത്മസാധനയുടെ ഔന്ന്യതിയിൽ എത്തിയ്ക്കാതിരിയ്ക്കുകയും ചെയ്യുമെന്നുള്ളത് തീർച്ചയാണ്.
ചിലതെല്ലാം … ആ എത്ര പ്രഭാവമുള്ള സാധകനാണോ സാധന ചെയ്ത് ഔന്ന്യത്തത്തിൽ എത്തിയത്, അയാളുടെ ശക്തി ഏറ്റവും കൂടുതലാണെങ്കിൽ തൊട്ടടുത്ത തലമുറ അതിന്റെ ഏറ്റവും വിപരീതവും ഏറ്റവും ദുഷിച്ചതുമായിരിയ്ക്കും. അയാൾ അല്പം medium ആണെങ്കിൽ ഒരു തലമുറകൂടെ കഴിഞ്ഞ് മൂന്നാമത്തെ തലമുറ തകർത്ത് എറിയുന്നതായിരിയ്ക്കും. (ആരോ ചോദിയ്ക്കുന്നു….) അല്പം ആകും. … അത് വച്ചിട്ടാ ഈ കളി കളിയ്ക്കുന്നത്.
സംഘടിത മതങ്ങളെ (ക്രിസ്തു, മുഹമ്മദ്ദീയ മതങ്ങളെ) സ്വാമിജി തുറന്നുകാട്ടുന്നു.
പരാനുഭവത്തിൽ അലങ്കാരങ്ങൾ ചേർത്ത് അവതരിപ്പിച്ച് സ്വാനുഭവമായി ചിത്രീകരിച്ചുകൊണ്ടാണ് ഈ കളി നടക്കുന്നത്. കൂടുതൽ വ്യാവസായിക പ്രതിബദ്ധതയോടെ അനുഭൂതി സമ്പന്നനെക്കാൾ പ്രസ്ഥാനത്തെ നിലനിർത്തണമെന്ന് തോന്നിയാൽ, ലൗകിക management-കൾക്ക് അവയെ വിട്ടുകൊടുത്തുകൊണ്ട്, കാലിക പ്രസക്തിയുള്ള ലൗകിക വിഷയങ്ങളിൽ കേന്ദ്രീകരിയ്ക്കുകയും, ജനങ്ങളെ ലൗകിക വിഷയങ്ങളിലൂടെ സംയോജിപ്പിക്കുകയും, എതിർക്കുന്നവരെ സംഘടനാ തന്ത്രം കൊണ്ട് അടിച്ചൊതുക്കുകയും, അനുകൂലിയ്ക്കുന്നവർക്ക് ഭൗതികങ്ങളായ സഹായം എത്തിച്ച് അതെല്ലാം ഇതിന്റെ ആദ്യ പ്രയോക്താവിന്റെ ധ്യാനമനന ശീലത്തിന്റെ ഫലമാണെന്ന് ചിത്രീകരിയ്ക്കുകയും, ഭരണ രംഗങ്ങളെ ലോകമെമ്പാടും കൈയ്യടക്കുകയും, അവയിലൂടെ ലഭിയ്ക്കാവുന്ന ആനുകൂല്യങ്ങൾ എല്ലാം ഭൗതികമായി അണികൾക്ക് നേടിക്കൊടുക്കുകയും, അത് manage ചെയ്യുന്നതിനും അത് വിതരണം ചെയ്യുന്നതിനും ശക്തമായ സംഘടനാ പാടവം ഉപയോഗിയ്ക്കുകയും, ആ ലഭിയ്ക്കുന്നത് എല്ലാം ആദ്യം ആദ്ധ്യാത്മികമായി ഇരുന്ന ആളിന്റെ വിഭൂതിയും അനുഗ്രഹവും ആണെന്ന് പുറത്ത് പറഞ്ഞ് പരത്തുകയും, ചെയ്യുന്നതിലൂടെ മാത്രമേ മതം പിന്നീട് ജീവൻ കൈക്കൊള്ളുകയുള്ളൂ. (21.36 mts)
-മതത്തിന്റെ സ്ഥാപകൻ
മതങ്ങൾക്ക് ഒരിക്കലും അതിന്റെ അന്തർനിഹിതമായിരിയ്ക്കുന്ന ജീവിത ചര്യയിൽ നിന്ന്, അത് രൂപപ്പെട്ട നാളുകളിൽ അതിന് ആധാരമായ വ്യക്തിയുടെ അന്തസ്ചോദന ഉണ്ടാകാറുമില്ല. മതം പരാജയപ്പെടുന്നത് അവിടെയാണ്. ഒരു മതവും ഒരിക്കലും അതിന്റെ സ്ഥാപകന്റെ പുനഃരാവർത്തനത്തിന് ഇടയാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ മതം അതിന്റെ ലക്ഷ്യം നിറവേറ്റാത്ത സംഘടിത ശ്രമമാണ്. മതം എന്നു പറയുമ്പോൾ all …. (ആരോ ചോദിയ്ക്കുന്നു…) ങ്ഹേ…എല്ലാം..എല്ലാം..
ഒരു വ്യക്തിയെ ആധാരമാക്കിയുള്ള മതങ്ങൾ
മതം എന്നു പറഞ്ഞാൽ ഒരു വ്യക്തിയെ ആധാരമായി പിന്നീട് വളർന്നു വന്നിട്ടുള്ള കൂട്ടായ്മ ഒന്നും ആ ആദ്യ വ്യക്തിയെ പിന്നീട് ചേർന്ന വ്യക്തികളിൽ സൃഷ്ടിച്ചെടുക്കാൻ കഴിയാത്തിടത്തോളം അതിന്റെ ലക്ഷ്യം നിറവേറ്റാതെ നില്ക്കുന്നവയാണ്. x എന്നൊരാൾ, അയാൾ അനുഷ്ഠിച്ച അനുഷ്ഠാനങ്ങളുടേയും അയാളുടെ ജീവിത രീതിയുടേയും ഒരു മതം ഉണ്ടാക്കിയിട്ട് അതിൽ ആകൃഷ്ടരായി P, Q, R എന്നിവർ ചെന്ന് ചേർന്ന്, ആ അനുഷ്ഠാനങ്ങളും തോളത്ത് തൂക്കി മറ്റുള്ള ആളുകളെ എല്ലാം അതിലേയ്ക്ക് അടുപ്പിയ്ക്കാൻ പോകുമ്പോൾ, അദ്ദേഹം ആയിത്തീരാനാണ് എന്ന് പറഞ്ഞാണ് ഇവരെല്ലാം ചെല്ലുന്നതെങ്കിൽ, അയാൾ ആകുന്നില്ലാത്തിടത്തോളം ഈ പോക്കും ഓട്ടവും പരാജയമാണ്. ഒരാൾ എങ്കിലും ഉണ്ടാകേണ്ടതാണ്. ഒരാളും ഉണ്ടാകുന്നില്ലെന്നുള്ളതാണ് സത്യം. അവിടെയാണ് ബാഹ്യമായ നിയന്ത്രണം കൊണ്ടാണ് ഉണ്ടായതെങ്കിൽ, അതുപോലെ ഒരു സംഘടിത ശ്രമത്തിൽ നിന്നായിരിയ്ക്കണം ഇത് ഉണ്ടാക്കിവൻ ഉണ്ടാവേണ്ടത്. മാനവ സ്വാതന്ത്ര്യത്തിന്റെ അതീവ സുതാര്യതയിൽ നിന്ന് ഉണ്ടായിട്ട്, മാനവ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ച് ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നു എന്നുള്ളതാണ്, എങ്ങിനെയുണ്ടായോ അതിന് വിപരീതമായി ഉണ്ടാക്കുവാൻ ശ്രമിയ്ക്കുന്നു എന്നുള്ളതാണ് ഇതിന്റെ പരാജയം. നമ്പർ വൺ.
കത്തോലിക്കാ സഭയേയും അതേപോലുള്ള മതസ്ഥാപനങ്ങളെയും വിമർശിക്കുന്നു
നമ്പർ ടൂ. സ്വതന്ത്ര ചിന്തയുടേയും, സ്വതന്ത്ര വിചാരത്തിന്റേയും വിഷയോന്മുഖമായ ബന്ധങ്ങളെ നിവർത്തിയ്ക്കുന്നതിന്റെയും രംഗവേദിയിൽ ഒരുവൻ ആവിർഭവിച്ചിട്ട്, വിഷയങ്ങളുടെ കൂട്ടായ്മയിൽ അവന്റെ പരമ്പരയെ സൃഷ്ടിയ്ക്കാൻ കഴിയുമെന്നുള്ള വ്യാമോഹമാണ് ഇതിന്റകത്തെ കെണി. ഉണ്ടാക്കിയവന്റെ വാസന ചുറ്റും കളിയ്ക്കുമ്പോൾ, വാസനയിൽ നിന്ന് എങ്ങിനെയാണ് അവൻ വിമുക്തനായി വന്നിട്ട് ഈ വാസനയെ കണ്ട് ചിരിച്ചും കളിച്ചും ഇരിയ്ക്കുന്നതെന്ന്, ദർശനങ്ങളിലൂടെ പറയുകയും, അത് കേൾക്കാൻ ഒരുക്കമില്ലാത്തവന്മാർ ദർശനം വലിച്ചെറിഞ്ഞ് ഉപജീവനത്തിന് ഒരുങ്ങുകയും ചെയ്യുന്നിടത്താണ് ഈ പരാജയം സംഭവിയ്ക്കുന്നത്. ഭാഷ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്ക് അറിയില്ല. (25.28 mts)
എന്നെ സംബന്ധിച്ചിടത്തോളം അത് ഋജു ആണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന കാര്യം എനിയ്ക്ക് അറിയില്ല. അപ്പോൾ ഉപജീവനപരമായ ആ ചേർച്ച, അതിൽ വ്യാവസായിക പ്രാധാന്യമുള്ള വസ്തു…..അതിന് ആവിർഭാവമുണ്ടായവന്റെ സാധനയും ജീവിതവും, പല്ലും നാക്കും ചുണ്ടും മുടിയും ഉടുപ്പും മെതിയടിയും എല്ലാമായി മാറുമ്പോൾ, അവയൊക്കെ ഉപജീവനത്തിന് അല്ലാതെ, അവ ഒന്നും വച്ച് സാധന ചെയ്യാത്ത അവന്റെ സാധന ഇവർക്ക് അന്യമായി തീരുകയും …പ്രയോഗം കടുത്തു പോയെങ്കിൽ ക്ഷമിയ്ക്കുക……ഇതിന്റെ എല്ലാം വ്യാവസായിക പ്രാധാന്യം കൂടുകയും ചെയ്യുന്നിടത്ത് മതം ദാർശനികമായി അസ്തമിയ്ക്കുകയും ഉപജീവനപരമായി വികസിയ്ക്കുകയും ചെയ്യുന്നു.

മതവും ഉപജീവനവും
ഉപജീവനത്തിന്റെ രംഗ വേദികൾ ബലത്തിന്റേതാണ്. ഉപജീവനത്തിന്റെ രംഗവേദികൾ കാമനയുടേതാണ്. ഉപജീവനത്തിന്റെ രംഗവേദികൾ കാമനകൾ വളർന്നു നില്ക്കുമ്പോൾ യുദ്ധങ്ങളുടേതാണ്. മതത്തിന്റെ സഹിഷ്ണുതയും ഉപവിയും സ്നേഹവും അതിന്റെ പ്രോൽഘാടകനിൽ മാത്രം ഒതുങ്ങി പോവുകയും, അനുയായി വൃന്ദങ്ങൾക്കത് നിലനിർത്തുവാൻ ഹിംസ മാത്രം വേണ്ടി വരുകയും ചെയ്യുന്നിടത്താണ് മതം എന്നും കളിയ്ക്കുന്നത്. എല്ലാ മതങ്ങളും അതിന്റെ ആവിർഭാവത്തിന് കാരണമായ വ്യക്തിയെ എടുത്താൽ ലോകോത്തരമായ അഹിംസ, അസ്തേയം, ബ്രഹ്മചര്യം, സത്യം, ഹിതം, ഇങ്ങിനെയുള്ളതെല്ലാം ചേർന്ന സർവ്വാദരണീയമായ ഗുണങ്ങളുടെ വിളഭൂമിയാണ്. agreed…. എല്ലാ മതങ്ങൾക്കും അതേ പറയാനുള്ളൂ. എല്ലാ മതങ്ങളും ഉണ്ടാക്കുന്ന എല്ലാ വ്യക്തിയും അത്ഭുത പ്രതിഭാസമായി കഴിഞ്ഞാൽ, അയാളെ ആസ്പദമാക്കി ഉണ്ടാക്കുന്ന എല്ലാ സംഘടനയുടെയും ചട്ടക്കൂട് ഒന്നുതന്നെയാണ്, registration രീതികള് ഒന്നു തന്നെയാണ്, അതിന്റെ chronological order ഒരേ രീതിയിലാണ്, എല്ലാത്തിന്റേയും ബലഹീനതയും ഒന്നു തന്നെയാണ്.
മതസംഘടനകൾ, registration & by-laws
ആദ്യം ഉണ്ടായതിന്റെ ബൈ-ലോ (by-law) നോക്കി കോപ്പിയടിച്ചാണ് രണ്ടാമത്തേത് രജിസ്റ്റർ ചെയ്യുന്നതു തന്നെ. അനുഭൂതി സമ്പന്നനായ ഒരുവനെ മുൻനിർത്തി ഒരു കൂട്ടായ്മ അനിവാര്യമാണ് എന്ന് തീരുമാനിയ്ക്കുമ്പോൾ, റജിസ്ട്രാർ ആഫീസിൽ ചെന്ന്, മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളുടെ ബൈ-ലോ എടുത്തുകൊണ്ടുവന്ന് കോപ്പിയടിച്ച് അതിൽ ഭാഷയുടെ ഭേദഗതി നടത്തി അതേപോലെ തന്നെയാണ് ഇവയെല്ലാം രജിസ്റ്റർ ചെയ്യുന്നത്. പ്രസിഡന്റ് എന്ന പദം മാറ്റി, ചെയർമാൻ എന്നാക്കുകയോ, ചെയർമാൻ എന്ന പദം മാറ്റി, ഗുരു എന്നാക്കുകയോ, ഗുരു എന്ന പദം മാറ്റി ആചാര്യനെന്നാക്കുകയോ ഒക്കെ ഉണ്ടാവും. (29.16 mts/ 29.33 mts) (ആരോ ചോദിയ്ക്കുന്നു…. ഹിംസ …അഹിംസ…) ക്രിസ്തുമതം രൂപാന്തരപ്പെട്ടതും അഹിംസയിൽ അധിഷ്ഠിതമായാണ്…. (The end of clip ) (Note : ഇവിടെ പല കാരണങ്ങളാൽ സ്വാമിജിയോട് വിയോജിയ്ക്കുന്നു. ക്രിസ്തുവിന്റെ അഹിംസ, അങ്ങിനെയൊന്നുണ്ടെങ്കിൽ, അത് കായികബലഹീനന്റെ അഹിംസയാണ്. )
clip no 27, 30.33 mts – ക്രിസ്തു സസ്യാഹാരിയായിരുന്നുവോ ??
Audio Clip No. 27
ക്രിസ്ത്യൻ സഭകളും വെജിറ്റേറിയനിസവും
അഭാരതീയമായ മതങ്ങളിൽ ഏറ്റവും വലുതായി പടർന്ന് പന്തലിച്ച് നില്ക്കുന്നത് ക്രിസ്തുമതമാണ്. ജീവനുള്ളതോ രക്തം ചുവക്കുന്നതോ ആയ യാതൊന്നും എന്റെ നാവിൽ തൊടുവിച്ചിട്ടില്ല. അതുകൊണ്ട് ഹേ ഭഗവൻ, എനിയ്ക്ക് സ്വർഗ്ഗ രാജ്യത്തിൽ പ്രവേശനം ഉണ്ട്. ക്രിസ്തുവിന്റെ വചനങ്ങളാണ് bibilical ആയി. ബൈബിൾ ഒത്തിരി കേട്ടിട്ടുണ്ടാവും …ഇത് കേട്ടിട്ടുണ്ടാവില്ല. (Note : ബൈബിളിൽ ഇങ്ങിനെ ഒരു വാക്യം ഉള്ളതായി Google Search-ൽ തെളിഞ്ഞില്ല.) ഞായറാഴ്ച തോറും ഉള്ള കാളകളെ മുഴുവൻ അറക്കുമ്പോൾ, ഇത് മറഞ്ഞു പോവുക സ്വാഭാവികമാണ്. 1662-ലോ 1626-ലോ ആണെന്ന് തോന്നുന്നു….62-ഉം 26-ഉം brain-ൽ മാറിപ്പോയോ എന്നൊരു ശങ്ക കൊണ്ടാണ് രണ്ട് തീയ്യതി പറഞ്ഞത്. അതെന്റെ പരിമിതിയാണ്. Constantinople-ൽ വച്ച് … ഈ സ്ഥലം കേട്ടിട്ടുണ്ടോ എന്നറിയില്ല…. ങ്ഹും…. പരീശന്മാരുടെയും പുരോഹിതന്മാരുടെയും എല്ലാം ഒരു സമ്മേളനം കൂടുകയുണ്ടായി. ഒരു synod (സിനഡ്). അതില് മാംസം ഭക്ഷിയ്ക്കുന്നവരെ പൗരോഹിത്യത്തിൽ നിന്ന് പൂർണ്ണമായി വിലക്കിയിട്ടുണ്ട്. മത്സ്യ-മാംസങ്ങൾ ഭക്ഷിയ്ക്കുന്നവരെ.
സഭയുടെ അധികാര രംഗങ്ങളിൽ ഒരിടത്തുപോലും മാംസഭൂക്കുകൾ, മിശ്രഭുക്കുകൾ വന്നുകൂടാ എന്ന് കൃത്യമായി രേഖപ്പെടുത്തി. തിരുവെഴുത്ത് ഒപ്പിട്ടിട്ടുണ്ട്. വിവാഹത്തിൽ പൂർണ്ണമായി വിലക്കിയിട്ടുണ്ടെന്ന് മാത്രമല്ല, ഇന്നും അതിന്റെ സ്മാരകമായി തമിഴ്നാട്ടില് Nungambakkam-ത്ത് ഒരു marriage hall ഉണ്ട്. ക്രിസ്ത്രീയ സഭ അതിൽ ഒന്നു നിയന്ത്രിയ്ക്കുന്നതാണ്. അവിടെവച്ചു നടക്കുന്ന ഒരു കല്യാണത്തിൽ പോലും ഒരു non-vegetarian ഭക്ഷണം പോലും വിളമ്പാൻ പാടില്ല. ഉണ്ടാക്കാനും പാടില്ല. ഉണ്ടാക്കാൻ അവിടെ പറ്റില്ല. പുറത്ത് നിന്നു കൊണ്ടുവന്ന് വിളമ്പാനും പാടില്ല. ഇന്നും. (ആരോ ചോദിയ്ക്കുന്നു…..) കൃത്യമായി ഉപയോഗിയ്ക്കാൻ പാടില്ല എന്നുള്ള നിയമത്തിന്റെ തുടർച്ചയായിരുന്നു അന്നത്. രണ്ടുദാഹരണം ആദ്യം പറഞ്ഞില്ലേ. (Note : google search did not reveal this information)
ക്രിസ്ത്യാനിറ്റി vs ചർച്ച്യാനിറ്റി
ആദ്യത്തെ ആളായ ക്രിസ്തു ഉപയോഗിച്ച വചനം പറഞ്ഞില്ലേ. അദ്ദേഹത്തിന്റെ സാധനയിൽ നിന്ന് അകന്നിട്ട് എന്ത് ക്രിസ്ത്യാനി. നിങ്ങൾ ഇന്നു കാണുന്നത് ക്രിസ്ത്യാനിറ്റി അല്ല. (3.01 mts). ഗാന്ധിവചനം കടം എടുത്ത് പറഞ്ഞാൽ ചർച്ച്യാനിറ്റി ആണ്. (ആരോ ചോദിയ്ക്കുന്നു…) .. രണ്ടും രണ്ടു തരത്തിലും ഏകീഭവിച്ചും മതങ്ങൾ ഉണ്ടായിട്ടുണ്ട്. ബലം കുറഞ്ഞ ശിഷ്യന്മാർ അനുഭൂതി സമ്പന്നന്മാരായവരുടെ മരണത്തോടെയോ അവർ ജീവിച്ചിരിയ്ക്കുമ്പോൾ തന്നെ അവരുടെ വാസനകൾക്ക് പഥ്യമായ ആളുകളെക്കൊണ്ട് അവരോട് പറയിപ്പിച്ച് നിർബന്ധിച്ചോ, തങ്ങൾ പറഞ്ഞാൽ തങ്ങളുടെ പ്രവർത്തന ശൈലിയിൽ ആചാര്യന് വിശ്വാസം ഇല്ലാത്തതു കൊണ്ട് …പഴയ കാലത്ത് ഒക്കെയാകുമ്പോൾ ശിഷ്യന്മാരായി കൂടുന്നവർ പലപ്പോഴും ബലവാന്മാർ അല്ല… ഇത് കൊണ്ടുപോവില്ല… ഇത് തുടങ്ങണ്ട … എന്നൊക്കെ വിചാരിച്ച് ഇരിയ്ക്കുമ്പോൾ …ബലിഷ്ഠന്മാരും ബലവാന്മാരും പരീശന്മാരും ആയ രാജാക്കന്മാർ …വ്യവസായ പ്രമുഖന്മാർ… നിയമജ്ഞന്മാർ…. സാമൂഹ്യ പ്രവർത്തകരിലെ ഉന്നത പ്രതിഭാശാലികൾ മുതലായവർ …. ഈ ശിഷ്യന്മാരിലൂടെ പരിചയപ്പെട്ട് ഓരം ചേർന്ന് നിന്ന്… പലപ്പോഴായി ചെന്ന് നിർബന്ധിച്ച് …. ഈ പ്രയോജനം ലോകർക്ക് കിട്ടണ്ടേ…. കരുണാമയനായ അങ്ങ് എന്തുകൊണ്ടാണ് ഇത് രഹസ്യമാക്കി വയ്ക്കാൻ ഒരുങ്ങുന്നത് …. ലോകോത്തരമായ അറിവ് അങ്ങയുടെ നിശ്ശബ്ദതയിൽ നിന്നാൽ മതിയോ എന്നൊക്കെ നിർബന്ധിയ്ക്കുമ്പോൾ, ചിലപ്പോൾ തനിയ്ക്കതിൽ ഒന്നും ഒരു താല്പര്യവും ഇല്ലെന്ന് തോന്നിപ്പിച്ചും… ചിലപ്പോൾ അതിൽ വിരോധമില്ലെന്ന് തോന്നിപ്പിച്ചും….നിങ്ങളുടെ ഒക്കെ നിർബന്ധത്തിന് വഴങ്ങിയെന്നും ഒക്കെ ഉള്ള രീതിയിൽ ജീവിച്ചിരിയ്ക്കുമ്പോഴും …ജീവിച്ചിരിയ്ക്കുമ്പോൾ സമ്മതിച്ചില്ലെങ്കിൽ മരിച്ചു കഴിഞ്ഞും… രൂപാന്തരപ്പെടുന്നതാണ് ഈ മതങ്ങൾ എല്ലാം.
അനുഭൂതിയും മതങ്ങളും
മരിച്ചു കഴിഞ്ഞാണ് രൂപാന്തരപ്പെടുന്നതെങ്കിൽ ഭാവഗാംഭീര്യം ഉണ്ടാവും. (5.52 mts) കാരണം എഴുതിപ്പിടിപ്പിയ്ക്കുന്ന കഥകൾ കള്ളമാണെന്ന് പറയാൻ അങ്ങോര് ഇല്ലല്ലോ… ഒട്ടു വളരെ അങ്ങിനെ ആയതാണ്. സ്വയം അനുഭൂതിയിലേയ്ക്ക് എത്താൻ കഴിയാത്തവരും, അനുഭൂതി വേണ്ടാത്തവരും, അനുഭൂതി കച്ചവടമാക്കിയാൽ കൊള്ളാമെന്ന് ധരിയ്ക്കുന്നവരും, ഒത്തുചേരുമ്പോഴ് ഉണ്ടാകുന്ന ഒരത്ഭുത പ്രതിഭാസമാണ് മതം. മതിയാകുമെന്ന് തോന്നുന്നു. അപ്പോഴ് മാഷ് ചോദിച്ച ചോദ്യം ഏതാണ്ട് എനിയ്ക്ക് മനസ്സിലായ തരത്തില് ഞാനതിന്റെ ഉത്തരം പറയാം.
മതങ്ങൾ ….federation
ഭാരതീയ സംസ്കൃതി എന്നു പറയുന്നത് മതങ്ങളുടെ ഒരു സമാഹാരമാണ്. ഹിന്ദു എന്നൊരു മതം അല്ലെങ്കിലും ബുദ്ധമതം ഇന്ത്യയിൽ ഉണ്ട്. അത് ഒരു വ്യക്തിയിൽ നിന്നു തന്നെ ആവിർഭവിച്ചതാണ്. ജൈന മതവും ഇന്ത്യയിൽ ഉണ്ട്. അത് ഒരു വ്യക്തിയിൽ നിന്ന് ആവിർഭവിച്ചതാണ്. ശാങ്കരാദി സമ്പ്രദായങ്ങൾ ഉണ്ട്. മാധ്വൻ ശങ്കരൻ then … രാമാനുജൻ … ഇതെല്ലാം ഓരോ ദർശനങ്ങളെ പിൻപറ്റി ഉണ്ടായിട്ടുള്ളതാണ്. അപ്പോൾ അവയെല്ലാം ഇന്ത്യയിൽ തന്നെ ഉള്ളതാണ്. ഇന്ത്യയിൽ പിന്നീട് ആവിർഭവിച്ചിട്ടുള്ള ഒട്ടു വളരെ സംഘടനകൾ ഉണ്ട്. ശ്രീരാമകൃഷ്ണ പ്രസ്ഥാനം…. അത് ഇന്ന് ഏതാണ്ട് ഒരു പ്രത്യേക മതം പോലെ പെരുമാറി വരുന്നതാണ്. ശ്രീനാരായണ പ്രസ്ഥാനം….അങ്ങിനെ ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്. ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഒട്ടു വളരെ.. ജീവിച്ചിരിയ്ക്കുന്നവരുടെ പേരെടുത്ത് പറയുമ്പോൾ അത് ഒരു മോശമായതു കൊണ്ട് ആ പേരു പറയുന്നില്ല. ജീവിച്ചിരിയ്ക്കുന്ന സിദ്ധന്മാരെ പിൻപറ്റിയുള്ള മതങ്ങൾ. അവയൊക്കെ പ്രത്യേകമായ കാഴ്ചപ്പാടും പ്രത്യേകമായ അനുഷ്ഠാനവും പ്രത്യേകമായ രീതി വിധാനവും ഉള്ളവ തന്നെയാണ്. അവയൊക്കെ ഒട്ടു വളരെ ഉണ്ട്. അവ എല്ലാം രൂപാന്തരപ്പെടുമ്പോൾ, ഇന്ന് ഹിന്ദു എന്ന് നിങ്ങൾ മതമെന്ന രീതിയിൽ പറയുന്ന പോലെ തന്നെ…. ഒരു federation ആയി ക്രിസ്തുമതം മാറിക്കഴിഞ്ഞിട്ടുണ്ട്. അത് ഇന്ത്യയിൽ വന്നിട്ട് സംഭവിച്ചതാണ്.

അതുകൊണ്ട് കാലാന്തരത്തിൽ ക്രിസ്തുമതവും മതമല്ലാ എന്ന് പറയേണ്ടിയും വരും. ഇസ്ലാം മതവും ഇന്ന് ഒരു federation ആണ്. ക്രിസ്തുമതത്തിൽ എന്നിയ്ക്കു തോന്നുന്നത് ഹിന്ദുമതത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ മതങ്ങൾ ഉണ്ട്. ഹിന്ദുമതത്തിലെ ജാതികളും വർണ്ണങ്ങളും എത്രയുണ്ടോ അതിന്റെ എത്രയോ മടങ്ങാണ് ക്രിസ്തുമതത്തിൽ ഉള്ളത്. കാരണം ലോകം എമ്പാടും കിടക്കുന്നതു കൊണ്ട് 1500-റോളം സഭകൾ ഉണ്ട്. പരസ്പരം പോരടിയ്ക്കുന്നതും യുദ്ധം ചെയ്യുന്നതും, ദാർശനികമായും, ഭൗതികമായും ഏറ്റുമുട്ടുന്നവയായും … അവയൊക്കെ ചർച്ച ചെയ്ത് വലുതാക്കണ്ടാ എന്ന് വിചാരിച്ചിരുന്നതാണ്. ചോദ്യം കൊണ്ട് പറയുകയാണ്. അവയും എല്ലാം ചേർന്നുള്ള ഒരു ഫെഡറേഷനാണിന്ന് ക്രിസ്തുമതം. യഹോവ സാക്ഷിയും, പെന്തക്കോസ്റ്റും അതിൽ തന്നെ സിലോൺ പെന്തക്കോസ്റ്റും…. ഇന്ത്യൻ പെന്തക്കോസ്റ്റും ഒക്കെ അടങ്ങുന്ന വളരെ വിപുലമായ ഒന്നാണ്. എപ്പോഴുള്ള എല്ലാം (എപ്പോഴെല്ലാം) ഒരു ദർശനത്തിൽ ഭൗതികമായി ആകൃഷ്ടരായി ജനങ്ങൾ വരുമോ … അപ്പോഴെല്ലാം അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അഭിപ്രായം മതമാണ്. എപ്പോഴെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നുവോ, മറ്റൊരു മതം അവിടെ ഉണ്ടാവും. അതിനു നമ്മൾ മുമ്പ് പറഞ്ഞ സമാന വാസനകളുടെ സങ്കലനവും ഉണ്ടാവും.


വാസനകളും മതങ്ങളും
ചില വാസനകളുടെ സംയോഗത്തിലാണ് ചേർച്ച ആദ്യം ഉണ്ടാകുന്നത്. അൻപത് പേർ ചേർന്ന് വാസനകൾ യോജിച്ച് നില്ക്കുമ്പോൾ അതിൽ പത്ത് പേർക്ക് യോജിച്ച ഒരു വാസന ഉണ്ടെങ്കിലും, വിയോജിപ്പുള്ള ചില വാസനകൾ ഉണ്ട് അതിനോടെങ്കിൽ, ആ വിയോജിപ്പുള്ള വാസനകൾ നില്ക്കെ അതിനെ സ്വാധീനിയ്ക്കുവാനും അതിന് നേതൃത്വം കൊടുക്കുവാനും പെട്ടെന്ന് ഒരുത്തൻ പുറത്തുനിന്ന് വന്ന് ഇതിനകത്ത് ചേർന്ന് ഒരു ആഴ്ച കഴിയുമ്പോഴേയ്ക്ക് അത് പൊട്ടി പിരിഞ്ഞ് പുറത്തുപോകും. അതുകൊണ്ട് മതങ്ങൾ രക്തബീജനെ പോലെ വർദ്ധിയ്ക്കുവാൻ എളുപ്പമുള്ള വഴി നിജാനുഭവങ്ങൾ വ്യത്യസ്തങ്ങളായ ആളുകളെ ചേർക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത് നിങ്ങൾ മതങ്ങളുടെ വളർച്ചയെ എതിർക്കുന്നുവെങ്കിൽ അതിലേയ്ക്ക് maximum വിപരീത ആശയക്കാരെ ചേർത്ത് കൊടുക്കുക. അതിനെ എതിർക്കുമ്പോൾ അവ വളരുകയും അതിലേയ്ക്ക് ആളുകളെ ചേർത്ത് കൊടുക്കുമ്പോൾ അത് തളരുകയും ചെയ്യുന്നു.

Capitalism vs Communism vs വാസന
Capitalism കമ്മ്യൂണിസത്തെ തകർത്തത് ഈ മനഃശാസ്ത്രത്തിലൂടെ മാത്രമാണ്. റഷ്യയിൽ ഉൾപ്പടെ. ആശയവും അതിനോടുള്ള പ്രതിബദ്ധതയും കാതലായി നില്ക്കുമ്പോൾ, അടക്കിവച്ച ആഗ്രഹങ്ങളെ പുറത്ത് ചാടിക്കുവാൻ, ആ വാസനകൾ ഉള്ളവന് നേതൃത്വം കൊടുക്കുവാൻ എപ്പോഴെല്ലാം….. ആഗ്രഹമുള്ള ഒരു വ്യവസായി അകത്ത് പെട്ടാൽ ഒരു നിമിഷാർദ്ധം കൊണ്ട് സാധിക്കും. വിശാലമായ ലോകത്ത് വാസകൾക്ക് പഞ്ഞമില്ലാത്തിടത്തോളം കാലവും, വാസനകൾ മേയിയ്ക്കുന്നത് ഏകാന്തതയിൽ പോലും സുഖമായിരിയ്ക്കുന്നിടത്തോളം കാലവും, വാസനകളുടെ ബന്ധനത്തിൽ നിന്ന് ആദർശശാലികൾ പോലും മുക്തരല്ലാതെ ഇരിയ്ക്കുന്നിടത്തോളം കാലവും, വാസനയെ മാറ്റിനിർത്തിക്കൊണ്ട് ലോകത്തെയും അതിന്റെ വളർച്ചയേയും നോക്കിക്കാണുവാൻ ബുദ്ധിജീവികൾക്ക് കഴിവില്ലാത്തിടത്തോളം കാലവും, ഏത് ബൗദ്ധികതെയും തകർക്കുവാൻ വാസനയെ തന്നെ ഉപയോഗിയ്ക്കാമെന്നുള്ളത് സുനിശ്ചിതമാണ്. വാസനയുടെ അഭ്യക്തതയും നീരാട്ടും… എണ്ണതേപ്പും കുളിയും ….തിരിച്ചറിയാതെയാണ് അനുയായികൾ താളി ഒടിയ്ക്കാൻ പോകുന്നത്. ആ ബിംബം മനസ്സിലായോ എന്നറിയില്ല.
കുളിയ്ക്കാൻ ഒരുങ്ങുന്നവന്റെ എണ്ണതേപ്പും കുളിയും മനസ്സിലാക്കി വേണം താളി ഒടിയ്ക്കാൻ. താളി എന്നു പറഞ്ഞത് …മെഴുക്ക് കളയാനുള്ളത് … അത് അറിയാതെയാണ് ലോകത്ത് എവിടെയും അനുയായികൾ താളി ഒടിയ്ക്കുന്നത്. (13.05 mts) അത് കൊണ്ട് പലപ്പോഴും അജ്ഞാതവും അവർണ്ണനീയവും അസാധാരണവുമായ വാസനയുടെ ലോകം തിരിച്ചറിയാതെ സൃഷ്ടിയ്ക്കുന്ന സംഘങ്ങളും സംഘടനകളും, സൃഷ്ടിച്ചവന്റെ തന്നെ അന്തകനായി തീരുമെന്നുള്ളതാണ് ചരിത്രത്തിന്റെ ദയനീയത. അതാ പഠിച്ചെടുക്കണ്ടത്.
വാസന – സംസ്കാരം – മതം – ചരിത്രം
വാസനകളെ താലോലിച്ചാണ് ബന്ധങ്ങൾ ഉണ്ടാക്കുന്നത്. വാസനാ മുക്തിയിൽ ബന്ധങ്ങൾ ഇല്ല. വാസനകൾ ബലിഷ്ഠമാകുമ്പോഴോ അത് സംസ്കാരവും. അവയ്ക്ക് നിയമവും ഈടുവയ്പും വരുമ്പോഴോ അത് മതവും. മതമായി പരിണമിച്ച സംസ്കാരത്തിന്, മതം എതിരാകുന്നു എന്നുള്ളതാണ് ചരിത്രപരമായ ദൗത്യം. വാസനകൾ ബലിഷ്ഠങ്ങളായി സംസ്കാരം, സംസ്കാരത്തിന്റെ ചേർച്ചയ്ക്ക് ഉണ്ടാക്കുന്ന നിയമങ്ങൾ ചേർന്ന് മതം. മതത്തിന്റെ പാത ചരിത്രവും.
അനുഭൂതിയിൽ നിന്ന് അന്യമായ പാതയും, അനുഭൂതി ലക്ഷ്യവുമായി, ചരിത്രം രചിയ്ക്കുമ്പോൾ മതത്തിന്റെ അന്തഃസത്തയായ സത്യം ചരിത്രം ബലികഴിയ്ക്കുന്നു. ചരിത്രം മതത്തെ കുഴിച്ചു മൂടിയിട്ടാണ് ചരിത്രമായി തുടരുന്നത്. മതം നിയമങ്ങൾ കൊണ്ട് കളിയ്ക്കാൻ ഒരുങ്ങുമ്പോൾ സംസ്കാരത്തിന് ശവക്കല്ലറ പണിതിട്ടാണ് മതം വികസിയ്ക്കുന്നത്. സംസ്കാരം മതമായും ചരിത്രമായും മാറുമ്പോൾ, അജ്ഞേയങ്ങളായ വാസനകൾക്ക് മതവും ചരിത്രവും ഉപയുക്തമാക്കാത്തിടത്ത് വാസന കളിയ്ക്കുമ്പോൾ, പുതിയ മതങ്ങളുടെയും പുതിയ ചരിത്രങ്ങളുടെയും ആവിർഭാവം ഉണ്ടാവുന്നു.
മതത്തെ ഇല്ലാതാക്കാൻ സാധാരണന്മാർക്ക് ആവില്ല
പരസ്പര വിരോധികളായ അവ ഏറ്റുമുട്ടുകയും തകരുകയും ചെയ്യുമ്പോൾ, അവയൊന്നും ഉണ്ടാക്കാതെ ജീവിയ്ക്കുന്ന സാധാരണന്മാർക്ക് ആശ്വാസമുണ്ടാകുന്നു. മതങ്ങളും ചരിത്രവും സംസ്കാരങ്ങളും പരസ്പരം ദുഷിച്ച് ഏറ്റ് മുട്ടിയിട്ടാണ് മാനവ ശാന്തി ഉണ്ടാകുന്നത് .. അവ ഇടുവയ്പുകളായി വളർന്നിട്ടല്ല. മതത്തെ ഇല്ലാതാക്കാൻ മതത്തിനല്ലാതെ സാധാരണന്മാർക്ക് ആവില്ല. (16.24/30.33 mts) നിയമം കൊണ്ട് ബലിഷ്ഠവും, സംസ്കാരവും വാസനയും കൊണ്ട് അന്യവുമായ മതത്തിന് മതം തന്നെയാണ് പരിഹാരവും. ഇതറിയാതെയാണ് പലപ്പോഴും നാം പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്നത്. ആലവാലങ്ങൾ കണ്ട് വിസ്മിതരായവർ. അന്തഃസത്ത കാണാതിരിയ്ക്കുകയും ആലവാലങ്ങൾ കാണുകയും ചെയ്യുമ്പോൾ ….പദം സാധുവാണോ എന്നെനിയ്ക്ക് അറിയില്ല….. പുറംപൂച്ച് …..ഫാഷൻ ഡിസൈനിംഗിന്റെ മാസ്മരികത കണ്ട് പെണ്ണ് കെട്ടാൻ പോകുന്നവന്റെ ഗതികേട് പോലെ. അതിലാണ് നിങ്ങൾ മയങ്ങി വീഴുന്നത്.
ചേരുന്നതെല്ലാം അധർമ്മത്തിനാണ്
അതുകൊണ്ട് ചോദനകൾ ശരിയാകണമെങ്കിൽ, വ്യക്തി അവന്റെ വാസനയെയാണ് നോക്കിക്കാണേണ്ടത്. രണ്ട് വാസനകളുടെ ചേർച്ച സങ്കലിത വാസനകളിൽ നിന്ന് ലക്ഷോപലക്ഷം വാസനകൾക്ക് പ്രതിപ്രസവ സാദ്ധ്യത നല്കുന്നതാണ്. ചേരുന്നതെല്ലാം അധർമ്മത്തിനാണ്. പിരിയുന്നതെല്ലാം ധർമ്മിയുമാണ്. പിരിയുന്നതിൽ ആനന്ദിയ്ക്കാത്തവർ, ചേർച്ചയിൽ ആനന്ദിയ്ക്കുന്നവർ, ആനന്ദമല്ല അനുഭവിയ്ക്കുന്നത്. ശക്തരാകാനേ പറഞ്ഞുള്ളൂ… ആനന്ദിയ്ക്കാൻ പറഞ്ഞില്ല. അദ്ദേഹം വളരെ ആലോചിച്ച് പറഞ്ഞതാണ്. അതെ അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല. സംഘടിച്ച് ശക്തരാകാനേ പറഞ്ഞുള്ളൂ… പ്രബുദ്ധരാകാൻ സംഘടിയ്ക്കാനല്ല പറഞ്ഞത് …വിദ്യകൊണ്ടാണ് പറഞ്ഞത്. (Note : വിദ്യകൊണ്ട് പ്രബുദ്ധരാകുവാനാണ് പറഞ്ഞത് ) ….അത് മാറ്റിവച്ചിട്ട് സംഘടിച്ചെങ്കിൽ സംഘടിച്ചവന്റെ ചങ്കിടിയ്ക്കലിന്റെ കുഴപ്പം. അവിടെയൊന്നും എനിയ്ക്കുള്ള ചങ്ങല ഉണ്ടാവില്ല.
ശ്രീനാരായണ ഗുരുവും ചോവോന്മാരും
അദ്ദേഹം ആദ്യം പറഞ്ഞത് വിദ്യ കൊണ്ട് പ്രബുദ്ധരാകാനാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാതെ മദ്യം ഒഴുക്കി സംഘടിച്ചാൽ ആചാര്യൻ പറഞ്ഞിടത്ത് എത്തുമെന്ന് അനുയായി വൃന്ദങ്ങൾ തെറ്റിദ്ധരിച്ചു എങ്കിൽ അത് അവരുടെ ബലഹീനതയാണ് …. ആചാര്യന്റെ വിവരക്കേടല്ല. കടന്നുപോയെങ്കിൽ ക്ഷമിയ്ക്കുക. എഴുതിയത് ചെറുതായോ വലുതായോ എന്നുള്ളതല്ല…. നിങ്ങളുടെ കണ്ണുകൾ അത് വായിച്ചു എന്നുള്ളതാണ്…നിങ്ങൾ അതുകൊണ്ട് മുഖ്യധാരയിൽ നിന്നു പലപ്പോഴും മാറിപ്പോകും ഇങ്ങിനെയാകുമ്പം. (ആരോ ചോദിയ്ക്കുന്നു…)… അതെ അത് പ്രാധാന്യം കൊടുക്കാത്തത് നിങ്ങളാണ്. അദ്ദേഹം അതിനെ പ്രാധാന്യം കൊടുത്തിരുന്നുള്ളൂ. (ആരോ പറയുന്നു….) അതിന് നമ്മള് പറഞ്ഞിട്ട് കാര്യമില്ലല്ലോ….ഞാൻ അതാ പറഞ്ഞെ…. അനുയായി വൃന്ദങ്ങൾ എന്തെങ്കിലും ചെയ്യട്ടെ ….ഞാനും നിങ്ങളും ചെയ്താൽ പോരേ….. നിങ്ങള് പിന്നേയും പിന്നേയും പിടിച്ചോണ്ട് പോകുന്നത് ആർക്കെങ്കിലും എതിരായിട്ട് എന്നെക്കൊണ്ട് പറയിപ്പിയ്ക്കാനാണ്. എന്നിട്ട് ഒരു സംഘടനയുണ്ടാക്കി പ്രസിഡന്റ് ആകാനാണ്. (ചിരിയ്ക്കുന്നു….) അതങ്ങ് മനസ്സിൽ ഇരിക്കട്ടെയെന്നാണ് ഞാൻ ഇത്രയും നേരം പറഞ്ഞത്. അവസാനം പറഞ്ഞ് വച്ചത് നിങ്ങള് അത് കൊണ്ട് മറന്നു. കോറില് ഒരു സാധനം അവസാനം പറഞ്ഞു വച്ചു. ചേർച്ചയെല്ലാം അധർമ്മത്തിലാണ്.
ചേർച്ചയെല്ലാം അധർമ്മത്തിലാണ്….
ഏതൊരാളെ നിങ്ങളോടൊപ്പം ചേർത്ത് നിർത്തണമെങ്കിലും, അയാൾ ധാർമ്മികമായി ചേരേണ്ടിടം നിങ്ങൾക്ക് തകർക്കണം. അയാൾ വാസനാപരമായി ചേർന്ന് നില്ക്കേണ്ട സ്ഥലം തകർത്തല്ലാതെ, സഹജ വാസനകളോട് ബന്ധപ്പെട്ട, സമാന വാസനകളുടെ മിന്നലാട്ടമുള്ളിടത്ത് ചേർത്ത് നിർത്താൻ പറ്റില്ല. മോനേ നീ നിന്റെ വാസനകൊണ്ട്, നിന്റെ ജന്മം കൊണ്ട്, മോളേ നീ നിന്റെ ജന്മം കൊണ്ട്, നിന്റെ വാസന കൊണ്ട് ഇന്നതിൽ ചേർന്ന് നിന്ന് അതിൽ നിന്ന് സമഞ്ജസമായി മോചനം നേടിയിട്ട് വേണം, ബാഹ്യമായ ഈ ചേർച്ചയിൽ ചേരാൻ എന്നു പറയുന്ന മതങ്ങൾ ഇല്ല. അതുകൊണ്ട് മതങ്ങൾ ചേർച്ചയിൽ ജന്മോദ്ദേശ്യത്തെ തകർക്കുന്നു.
ജാതരംഗങ്ങൾ
പ്രകൃതിനിഷ്ഠവും ആനന്ദപൂർവ്വകവും ജന്മജന്മാന്തരകൃതവുമായ ചേർച്ച, പ്രകൃത്യാ ഉള്ള മതമായി മാറുന്നത് ജാതരംഗങ്ങളിലാണ്. അതാണ് പൗരാണികർ പഠിപ്പിയ്ക്കാൻ ഒരുങ്ങിയത്. നിന്റെ അച്ഛൻ പ്രത്യക്ഷ ദൈവതമാണ്. നിന്റെ അമ്മ പ്രത്യക്ഷദൈവതമാണ്. കാരണം നീ എന്ന മാംസ പിണ്ഡത്തിന് ജീവനേകി, നിന്റെ വാസനകൾ തീർക്കാൻ നിനക്ക് ജന്മം നല്കുവാൻ ഇടയായ പ്രകൃതിയുടെ വിലാസലാസ്യങ്ങളിൽ നിന്റെ ബന്ധം മോചനം നേടുന്നതിനുള്ള രംഗവേദി അതാണ്. ആ ബന്ധത്തിൽ നിന്ന് സമഞ്ജസ്സമായി മോചനം നേടാൻ ഒരുങ്ങാതെ, ആ ബന്ധം ഉണ്ടായിരിയ്ക്കെ അതിനെ നിഷേധിച്ച്, നീ ഈ ആചാര്യനിൽ, ഈ മതത്തിൽ, ബന്ധമുണ്ടാക്കി അതിനോട് എതിർക്കുന്നുവെങ്കിൽ, അവശനായി ആ ബന്ധത്തെ നോക്കിക്കാണേണ്ടി വരുന്ന ഒരു നാളെ ഉണ്ടാവുകയും, ലൗകിക ജീവിതത്തിന്റെ പരമ്പരാസൃതമായ ശാന്തിയെ, മാതൃകാപരമായി കാണിച്ചു കൊടുക്കേണ്ട നീ, ആ മാതൃകയെ തട്ടിക്കളയുകയാൽ, അന്യരെ മാതൃകയിൽ നിന്ന് വ്യതിചലിപ്പിയ്ക്കുകയും ചെയ്യുകയാൽ, നീ അധമർണ്ണനായി തീരുന്നു. കടം വാങ്ങിയവനെയാണ് അധമർണ്ണൻ എന്ന് പറയുന്നതെന്ന് തോന്നുന്നു. നീ കടം വാങ്ങിയവനായി തീരുന്നു. കോടികൾ കടം ഉള്ള നീ, പുതിയ കടപ്പാടുകളും കടവും ഉണ്ടാക്കുന്നതിനു മുമ്പ്, കടം വീട്ടിയിട്ടില്ലെങ്കിൽ കടക്കെണിയിലാണ് വീഴുന്നത്. ഈ ജീവൻ മതത്തിനില്ല എന്നാണ് ഞാൻ പറഞ്ഞത്. (23.44 mts)
മതങ്ങളും അശാന്തിയും
ലോകത്തിന്റെ സ്വച്ഛന്ദമായ പാരസ്പര്യങ്ങളെ മതം തകർക്കുന്നു. ശാന്തിയെ ഭഞ്ജിയ്ക്കുന്നു. അധർമ്മവാസനകൊണ്ട് കെട്ടിപ്പിടിയ്ക്കുന്നു. അധർമ്മത്തിന്റെ ബലത്തിൽ ധർമ്മങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അസൂയയും പരദൂഷണവും പരനിന്ദയും ചേർച്ചയ്ക്ക് ബലമേകുന്നു. ആശകളും പ്രതീക്ഷകളും ഭാവിയിലേയ്ക്ക് വച്ചുകൊണ്ട് വർത്തമാന ജീവിതം ദുഃസ്സഹമെങ്കിലും, സ്വപ്ന അദ്ധ്യാസത്തിൽ ഒതുങ്ങി ജീവിതം കൊണ്ടു പോവുകയും ചെയ്യുന്നു. ചിലത് തെറ്റാണ്….ചിലത് ശരിയാണ് …എല്ലാം തെറ്റാണ്…എല്ലാം ശരിയാണ് …. എന്നൊക്കെ നിങ്ങൾക്ക് തോന്നാവുന്ന മുഹൂർത്തത്തിലാണ് ഞാൻ ഈ ആശയങ്ങൾ മുമ്പിൽ വച്ചത്. കേട്ടത് വച്ച് എല്ലാം തെറ്റാണ്. ചിലത് ശരിയും ചിലത് തെറ്റുമാണ് …. അപഗ്രഥിച്ച് നോക്കി അവസാനം എല്ലാം ശരിയാണ്….. ഇതിലേതിലാണ് നിങ്ങൾ നില്ക്കുക എന്നാലോചിച്ച് അതിൽ നിന്നുകൊള്ളുക. എന്നോട് പറയണമെന്നും ഇല്ല. ഞാനെന്റെ ഊഹങ്ങൾ ഒന്നു വിളമ്പി. അവ നിങ്ങൾക്കെങ്ങിനെ ആസ്വാദ്യമാകുമെന്ന് ഞാൻ നോക്കിയില്ല. നിങ്ങൾ ആസ്വദിയ്ക്കുകയാണോ എന്ന് എനിയ്ക്ക് നിശ്ചയവുമില്ല. ചേർച്ചയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. എങ്ങിനെയാണ് നിങ്ങൾ ചേർക്കുന്നത്.
വാസനയുടെ ബലം ഉറപ്പിച്ച് നിങ്ങൾ എങ്ങിനെയാണ് ചേർക്കുന്നത്. വർത്തമാനത്തിലെ അനുഭവം കൊണ്ട് ചേർക്കുന്നുവോ ചേരുന്നുവോ…..ഭാവിയുടെ പ്രതീക്ഷയിൽ ചേർക്കുന്നുവോ ചേരുന്നുവോ…. നിങ്ങൾ എങ്ങിനെയാണ് നിങ്ങളുടെ അച്ഛനമ്മമാരോടും കുടുംബത്തോടും കൂട്ടായ്മയോടും ചേർന്നത്. അത് വർത്തമാനത്തിലാണോ ഭാവിയിലാണോ… ഭൂതം ബലിഷ്ഠങ്ങളായ വാസനകളാണ് …. അത് നമ്മൾ നേരത്തെ എടുത്തതാണ്. അതുകൊണ്ട് വിഷയം മാറണ്ട. അത് നേരത്തെ വളരെ ശക്തമായി പറഞ്ഞതാണ്. അനാദികാലമായ വാസനകളുടെ ചേർച്ചയിലാണ് നിങ്ങള് ഒരിടത്ത് വരുന്നത്. നിങ്ങളുടെ വർത്തമാനം ശിഥിലമായാൽ, നിങ്ങൾ ഏത് രംഗവേദിയിൽ നിന്നും, ക്ഷോഭം ഇല്ലാതെ (26.34 mts) ….(after this blank …no sound…till 30.33 mts (end))
തുടരും…….
More articles and discourses are available at nairnetwork.in
intro for social media
എല്ലാ കൂട്ടായ്മകളും ആത്യന്തികമായി അശാന്തിയിലും അധർമ്മത്തിലും കലാശിയ്ക്കും.
വ്യക്തികളിൽ ജന്മജന്മാന്തരങ്ങളിലൂടെ വന്നുചേരുന്ന വാസനകളെ അവഗണിച്ചുകൊണ്ടുള്ള ഔദ്യോഗികമോ അനൗദ്യോഗികമോ ഒരു പദ്ധതിയ്ക്കും സാമൂഹ്യനീതിയും സാമൂഹ്യക്ഷേമവും ഉറപ്പാക്കാനാവില്ല.
ബലമുള്ള വാസനകൾ സംസ്കാരമായി സംജാതമാകും
ആദ്ധ്യാത്മിക അനുഭൂതികളെ കെടുത്തുന്ന മതങ്ങൾ
മതവും ഉപജീവനവും
ആനുവംശികകഥാപാത്രം
മാതൃഭാഷയും പാരമ്പര്യകോഡും
An original and thought provoking picture of the origin of culture and religion is painted by Swami Nirmalanandagiri
സാനാതന ധർമ്മത്തിലടങ്ങിയതും, അടിസ്ഥാനപരമായതും, പക്ഷെ അധികമാരും ചിന്തിയ്ക്കാത്തതും അതിനാൽ ചർച്ചചെയ്യാത്തതുമായ അമൂല്യമായ അറിവുകളേയും അവയുടെ പ്രായോഗികവശങ്ങളെയും കുറിച്ചുള്ള സ്വാമിജയുടെ വാക്കുകൾ നമുക്ക് തീർച്ചയായും ഊർജ്ജം പകരും.
Unique Visitors : 30,366
Total Page Views : 45,725