For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
ദേവതാ വിജ്ഞാനം ഉള്ളവൻ വിജയിക്കും -clip no. 31- 29.24 mts
ദേവതകളുടെ കാലവും ദേവതകളുടെ ദേശവും സൂക്ഷ്മമാണ്. നിങ്ങളുടെ കാലദേശങ്ങൾ സ്ഥൂലമാണ്. സ്ഥൂലകാലദേശങ്ങളിൽ നിങ്ങൾ പണിയെടുക്കുമ്പോൾ അളവ് കുറയും. സൂക്ഷ്മകാലദേശങ്ങളിൽ ദേവതകൾ പണി എടുക്കുമ്പോൾ അളവ് കൂടും. നിങ്ങളോളം സാമർത്ഥ്യമില്ലാത്തവൻ, ദേവതാ വിജ്ഞാനം കൊണ്ട് അവന് നിർദ്ദേശിയ്ക്കപ്പെട്ടതിനേക്കാൾ എത്രയോ മടങ്ങ് ചെയ്ത് തീർത്തിട്ട് വെറുതെ ഇരിയ്ക്കുമ്പോൾ, നിങ്ങൾ സകല ഇന്ദ്രിയങ്ങളും പ്രലോഭിപ്പിച്ച് പണിയെടുത്തിട്ടും, കൂടെ നില്ക്കുന്നവരെ അടിച്ച് പണി എടുപ്പിച്ചിട്ടും, അത്രയും എത്താതെ ഇരിയ്ക്കുമ്പോഴെങ്കിലും ചെറുതായൊന്ന് ചിന്തിയ്ക്കേണ്ടതായിരുന്നു.
ദേവതാ വിജ്ഞാനം അറിയുന്ന അദ്ധ്യാപകൻ, മൂന്ന് മിനിറ്റു കൊണ്ട് ഒരു പ്രപഞ്ചം മുഴുവൻ വിരചിച്ച് പഠിപ്പിച്ച്, അതിന്റെ അറിവുകൾ എല്ലാം ദേവതയിൽ നിക്ഷിപ്തമാക്കി, ആ ദേവതയെ ഉണർത്തി അതിന്റെ സജീവ സാന്നിദ്ധ്യത്തെ തന്നിട്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ, മൂന്ന് കൊല്ലം ഒരു അദ്ധ്യാപകന്റെ കീഴിൽ പഠിച്ചിട്ടും, പഠിച്ചതൊന്നും പ്രയോഗത്തിൽ എത്താതെ ഓടുമ്പോൾ, ദേവതാ വിജ്ഞാനത്തിന്റെ രംഗങ്ങൾ അതി സൂക്ഷ്മങ്ങളാണ്.
കലയുടെ ദേവതയെയും, ഗണിതശാസ്ത്രത്തിന്റെ ദേവതയെയും, ഊർജ്ജതന്ത്രത്തിന്റെ ദേവതയെയും അറിയുന്ന, ദേവതാ വിജ്ഞാനം അറിയുന്നവൻ മണിക്കൂറുകൾ ബന്ധപ്പെട്ടു കഴിയുമ്പോൾ, നിശ്ചേഷ്ടമായിരുന്ന ദേവതാ വിജ്ഞാനം തുടിക്കുകയാൽ, ആ വിഷയം ഇഷ്ടമായിത്തീരുകയും, ഓർമ്മകൾ മാറി മറിയുകയും, ചെയ്യാൻ തുടങ്ങുന്നതെല്ലാം പെട്ടെന്ന് പെട്ടെന്ന് പൂർത്തീകരിയ്ക്കപ്പെടുകയും, ക്ഷീണം അറിയാതിരിയ്ക്കുകയും ചെയ്യുന്നത് ദേവതാ വിജ്ഞാനത്തിന്റെ രംഗവേദികളിലാണ്. (2.26 mts /29.24)

ദേവതകൾ ശുദ്ധമാവുമ്പോൾ
തൊഴിലിനോട് നീതി പുലർത്തുമ്പോഴും, സത്യം കൈവിടാതെ ഇരിയ്ക്കുമ്പോഴും, ധർമ്മ ചേതന ഉണർന്ന് ഇരിയ്ക്കുമ്പോഴും, ഗൃഹസ്ഥനും ബ്രഹ്മചാരിയ്ക്കും എല്ലാം നിയമേന ഉള്ള ബ്രഹ്മചര്യങ്ങൾ, പാലിക്കപ്പെടുമ്പോഴും, അഹിംസയുടേയും അസ്തേയത്തിന്റെയും അപരിഗ്രഹത്തിന്റേയും ചേതനയെ തിരിച്ച് അറിയുമ്പോഴും, ദേവതകൾ ശുദ്ധമാവുകയും ആനന്ദം അനുഭവമായിത്തീരുകയും നിർവേദം സ്വഭാവമായി തീരുകയും ചെയ്യുന്നു. അല്ലാത്തപ്പോഴെല്ലാം ദേവത അകലുകയും, നിങ്ങൾ അദ്ധ്വാനിയ്ക്കുകയും, കുഞ്ചരശൗചം പോലെ പരാജയപ്പെടുകയും ചെയ്യുന്നു. ദേവതാ വിജ്ഞാനം ആയതുകൊണ്ട് ചിലപ്പോൾ അങ്ങ് കേറിപ്പോകും. (ആരോ പറയുന്നു….) അല്ല അന്നേരം ഇത് conclude ചെയ്യാൻ പറ്റാതെ ആകും.
-വ്യത്യസ്തങ്ങളായ ദേവതാ ലോകങ്ങൾ
മറ്റ് വിജ്ഞാനങ്ങളെക്കാൾ സൂക്ഷ്മമായതുകൊണ്ട് അത് നമ്മളേം കൊണ്ട് അങ്ങ് പോകാൻ ഇടയാവരുതല്ലോ. ദേവതാ വിജ്ഞാനം വന്നാല് സ്പീഡ് ഒക്കെ നല്ലതുപോലെ ആയിരിയ്ക്കും. ദേവതാ വിജ്ഞാനത്തിന്റെ ലോകം ഏത് ലോകത്ത് നിന്നു കൊണ്ടാണ് …ബ്രഹ്മലോകങ്ങൾ മുതലായ ലോകങ്ങളിൽ എവിടെ നിന്നുകൊണ്ടാണ് ചെയ്യുന്നത് അനുസരിച്ചെന്നുള്ള വ്യത്യാസം ഉണ്ട്. ദേവതകളുടെ ലോകങ്ങൾ വ്യത്യസ്തങ്ങളുണ്ട്. അതില് ദേവതകൾ എങ്ങിനെ നിങ്ങൾക്ക് പ്രസാദിച്ചിരിയ്ക്കുന്നു… എങ്ങിനെ അത് നിങ്ങളോട് സാത്മ്യം പ്രാപിച്ചിരിയ്ക്കുന്നു… എങ്ങിനെ നിങ്ങൾ അതിൽ നില്ക്കുന്നു എന്നുള്ളതെല്ലാം…. നിങ്ങൾ നിങ്ങളുടെ തൊഴിലിനോട് ചെയ്യുന്ന ആദരവും, ഉപകരണങ്ങളോട് ചെയ്യുന്ന ആദരവും, സമയത്തോട് ചെയ്യുന്ന ആദരവും ഒക്കെ അനുസരിച്ചാണ് ഇരിയ്ക്കുന്നത്.വിനയം ഉണ്ടാവണം. അറിയുന്നത് എനിയ്ക്കല്ലാ എന്ന ബോധം വേണം.

ദേവതയും ഇന്ദ്രിയങ്ങളും
അനേകായിരം തലമുറകളായി, എന്റെ ആ ദേവതയ്ക്കാണ് ആ സങ്കല്പനങ്ങള് അറിയുന്നത് എന്ന് വിനയപൂർവ്വം എന്നോട് ഞാൻ സമ്മതിയ്ക്കണം. അവിടെയാണ് ഇതിന്റെ കളി. കാരണം എനിയ്ക്ക് അറിയാമെങ്കിൽ ഒരു നിമിഷത്തിൽ ഞാൻ പൊട്ടനാവില്ല. ഒരു നിമിഷത്തിൽ ഞാൻ അന്ധനാവില്ല. ഒരു നിമിഷത്തിൽ എന്റെ കൈ തളരുകയില്ല. മറ്റൊരു നിമിഷത്തിൽ എന്റെ ബോധം മാറി മറിയില്ല. വേറൊരു നിമിഷത്തിൽ എന്റെ ഓർമ്മയുടെ താളം തെറ്റില്ല. എനിയ്ക്ക് അറിയില്ലാത്തത് കൊണ്ടാണ് ഇതെല്ലാം തെറ്റുന്നത്. അറിയുന്നത് എനിയ്ക്കല്ല. എന്നിൽ അതാതിന്ദ്രയങ്ങളിൽ സ്ഥാനനിഷ്ഠമായിരുന്ന ദേവതയ്ക്കാണ് അറിയുന്നത്. ആ ദേവത നിശ്ശബ്ദമാവുകയോ, ദേവത ഇറങ്ങിപ്പോവുകയോ, ദേവത എന്നെ നിരസിയ്ക്കുകയോ, ചെയ്യുമ്പോഴാണ് എന്നിലും നിന്നിലും ചരാചരങ്ങളിലുമുള്ള ദേവതയോട് ….Livingston Leonard എന്ന കവി പറഞ്ഞതുപോലെ.
അദ്ദേഹവും കൂട്ടുകാരും കൂടെ നടന്നു പോവുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും, കീറിയ കുടയും, നാറുന്ന ഭാണ്ഡക്കെട്ടുമായി ഒരു മനുഷ്യൻ വരുമ്പോൾ അയാൾ കാലിടറി വീഴുന്നു. അയാളെ ആ മനുഷ്യൻ … ആ കവി…പിടിച്ച് എഴുന്നേൽപ്പിച്ചു. അയാൾക്ക് ആഹാരം വാങ്ങിച്ചുകൊടുത്തു. കൂട്ടുകാർ പിണങ്ങിപ്പോയി. അയാളെ തൊട്ടതിന്റെ പേരിൽ. തിരിച്ചു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞപ്പോൾ പറഞ്ഞത്, ഞാൻ നിങ്ങൾ കണ്ട മനുഷ്യനെ അല്ല സ്പർശിച്ചത്. നിങ്ങളിലും എന്നിലും അയാളിലും പലതായി നില്ക്കുന്ന ആ ദേവതയെയാണ് ഞാൻ സ്പർശിച്ചത്. ആ ദേവതയാണ് എന്റെ കവിത്വം.

ദേവതാ നിഷേധങ്ങൾ
ഏതിനെ നിഷേധിയ്ക്കുമ്പോഴും നിങ്ങൾ നിഷേധിക്കുന്നത് ഒരു പ്രവൃത്തിയെയോ, ഒരു രൂപത്തെയോ, ഒരു ഭാവത്തെത്തന്നെയോ, ഒരു നിറത്തെയോ അല്ല. അതിൽ അന്തഃസ്ഥിതമായ ഒരു ദേവതയുടെ ചലനത്തെയാണ് നിഷേധിയ്ക്കുന്നത്. അതേ ദേവതയും നിങ്ങളിലെ ദേവതയും ഏകമായ ഒരു ബോധത്തിന്റെ അംശരൂപങ്ങൾ മാത്രമാണ്. എല്ലാ നിഷേധങ്ങളും ദേവതാ നിഷേധങ്ങൾ ആകുന്നു. അത് നിങ്ങളുടെ സ്മൃതി മണ്ഡപങ്ങളെ കലുഷിതമാക്കുന്നു. (7.04 mts) അത് നിങ്ങളുടെ വിഭൂതികളെ സങ്കുചിതമാക്കുന്നു. അത് നിങ്ങളുടെ വളർച്ചയെ മുരടിപ്പിയ്ക്കുന്നു. അത് നിങ്ങളെ നിങ്ങൾ മാത്രമാക്കി ചുരുക്കുന്നു. പക്ഷെ മാറിയോ എന്നൊരു സംശയം. നിങ്ങളെ നിങ്ങൾ അല്ലാതാക്കുന്നു എന്നല്ല ഞാൻ പറഞ്ഞത്. നിങ്ങളെ നിങ്ങൾ മാത്രമാക്കി ചുരുക്കുന്നു.
നിങ്ങളാണെന്ന അഭിമാനം കട്ടപിടിയ്ക്കുകയും, ദേവത നിങ്ങളിൽ നിന്ന് അന്യമാവുകയും ചെയ്യുമ്പോൾ, നിങ്ങളുടെ സങ്കല്പങ്ങളും, നിങ്ങളുടെ ഭാവങ്ങളും, നിങ്ങളുടെ അഹങ്കാരങ്ങളും ഒന്നും ചെയ്യാത്തതിന്റേത് മാത്രമായി തീരുന്നു. ഒന്നും ചെയ്യാൻ ആവാത്തതിന്റേയും ആയിത്തീരുന്നു. ഇതാണ് ദേവതാ വിജ്ഞാനത്തിന്റെ ലോകങ്ങൾ.
അത് നേടാൻ ഒരുപാടി പണി ഒന്നും ഇല്ലെന്നെങ്കിലും മനസ്സിലായോ. വാസനകൾ ബലവത്ത് ആകുന്നതിന് അനുസരണമായും, സംസ്കാരത്തിന് അനുസരണമായും, സ്വതന്ത്രമായും, സത്യസന്ധമായും യാത്രചെയ്യുക. (8.14 mts) അപ്പോൾ എല്ലായിപ്പോഴും കൂടെ ദേവതകൾ ഉണ്ടാവും. ആരിൽ ഇരിയ്ക്കുന്ന ദേവതയും എത്ര ശത്രുതയോടെ പെരുമാറുന്നവന്റെ ദേവതയും നിങ്ങളുടെ കൈയ്യിലായിരിയ്ക്കും, അവന്റെ കൈയ്യിലായിരിയ്ക്കില്ല. അവൻ വന്ദിയ്ക്കില്ല. എനിയ്ക്ക് വേറൊരാളോട് ശത്രുത തോന്നുമ്പോൾ എന്റെ ദേവതയെ വന്ദിയ്ക്കാത്തതുകൊണ്ടാണ് ശത്രുത തോന്നുന്നത്. അപ്പോൾ തന്നെ എന്റെ ദേവത പിരിഞ്ഞു പോവുകയാൽ അവൻ എന്നെ വന്ദിച്ചിട്ട് തുടങ്ങാൻ ഒരുങ്ങുമ്പോൾ ദേവത അവന്റെ കൂടെ നില്ക്കുകയും എന്റെ പരാജയം സുനിശ്ചിതമാവുകയും അവന്റെ വിജയം നിശ്ചയമാവുകയും ചെയ്യും.

കളരിദൈവങ്ങൾ – ദേവതാ വിജ്ഞാനം
ഞാൻ വത്സനോട് എതിരിടാൻ ഒരുങ്ങുമ്പോഴെല്ലാം, എന്നിലെ ഹിംസാത്മകത രൂപമെടുക്കുമ്പോൾ തന്നെ എന്റെ ദേവത എന്നെ വച്ചൊഴിയുന്നു. നിവൃത്തിയില്ലാതെ ഒഴിഞ്ഞു മാറിയിട്ടും പറ്റാതെ, നമസ്കാരപൂർവ്വം നില്ക്കുമ്പോൾ എന്റെ ദേവത, എന്റെ അടവുകൾ മുഴുവൻ അറിയുന്ന ദേവത, വത്സനിൽ പ്രവർത്തിയ്ക്കുകയാൽ എന്റെ പരാജയം സുനിശ്ചിതമാകുന്നുവെന്ന്….. ഇതാണ് കളരിയിൽ നിന്ന് പഠിയ്ക്കേണ്ടത്. ഇതാണ് കളരി ദൈവങ്ങൾ പഠിപ്പിയ്ക്കുന്നത്. ചുവട് പിഴയ്ക്കാതിരിയ്ക്കുന്നത് ഇവിടെ മാത്രമാണ്. ബാക്കി എല്ലാ ചുവടും പിഴയ്ക്കും. ഇങ്ങിനെ വരുമ്പോഴാണ് ഇന്ദ്രിയ ജനിത അനുഭവ ഉൽപ്പന്ന വാസനയുടെ ഉൽബുദ്ധതയും അനുൽബുദ്ധതയും, അതുളവാക്കുന്ന മാനസ സംവേഗങ്ങൾക്കും ...സംവേഗങ്ങൾ എന്നു പറയുമ്പോൾ …ഭയം, ക്രോധം, ഘൃണ, കരുണ, ദുഃഖം, കാമം, ആശ്ചര്യം, ഹാസം, ദൈന്യം, ആത്മഗൗരവം, ഉത്സാഹം, വാത്സല്യം, സ്നേഹം എല്ലാം…. പതിമൂന്ന് എണ്ണമായി. ഇത് വികാരമല്ല. ഇത് സംവേഗമാണ്… ദേവത ചോദ്യം ചെയ്യുമ്പോഴ് എല്ലാം മനസ്സിന് ഉണ്ടാകുന്ന സംവേഗമാണ്. നിങ്ങള് അതിനെ വികാരം എന്നാ പറയുന്നത്. ദേവതാജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് അതിന് വികാരം എന്ന് പേര് പറയുന്നത്. ആ പദങ്ങൾ ഒക്കെ തല്ക്കാലം അവിടെ വയ്ക്ക്. അല്ല western-ഉം indian-നും ഒന്നും വിചാരിയ്ക്കണ്ട. തല്ക്കാലം അവിടെ ഇരിയ്ക്കട്ടെ.
ഇവയ്ക്കൊള്ള പേര് നിങ്ങള് അറിയാതെ, നിങ്ങളുടെ അനുമതി തേടാതെ, വിഷയബന്ധ വേളകളിൽ, പുറത്തേയ്ക്ക് വരുന്നവയാണ്. ഇവയെയൊക്കെ നീ നിയന്ത്രിയ്ക്കണമെന്ന് മകന് പറഞ്ഞുകൊടുക്കുന്ന അച്ഛൻ, ഉത്തരക്ഷണത്തിൽ മകനൊന്ന് തിരിഞ്ഞാൽ, ഇതിൽ വീഴും. അപ്പോൾ മകന് ചോദിയ്ക്കാം ഇപ്പോഴല്ലേ പറഞ്ഞ് തന്നത് എന്നോട് ഇതിൽ വീഴരുതെന്ന്….ഇപ്പം എങ്ങിനെയാ വീണതെന്ന് ചോദിയ്ക്കാം.

Transactional analysis
ഇതിനെ നിയന്ത്രിയ്ക്കാൻ transactional analysis-ഉം അതും ഇതും ഒക്കെ പഠിയ്ക്കാം. പക്ഷെ ഇത് ബോധത്തിലാണെങ്കിൽ പഠിച്ചിട്ട് കാര്യമുണ്ട്. അബോധ ദേവതാ ലോകങ്ങളിൽ ആണെങ്കിൽ പഠിച്ചിട്ട് കാര്യമില്ല. ഈ പതിമൂന്ന് എണ്ണം കൂടാതെ അതിന്റെ മൂല പ്രകൃതികൾ ഉണ്ട്. പലായനം, ആത്മരക്ഷ, യുയുത്സ (യുദ്ധം ചെയ്യാനുള്ള ആഗ്രഹം), നിവൃത്തിവൈരാഗ്യം, ശരണാഗതി, കാമപ്രവൃത്തി, കൗതൂഹലം, ജിജ്ഞാസ, ആമോദം, ആത്മഹീനത, ആത്മാഭിമാനം, പുത്രൈഷണ എന്നിവയ്ക്കും.
ഭയം- അതിന്റെ മൂലമായിട്ടുള്ളത് പലായനം. ക്രോധം …. ആത്മരക്ഷ. ഘൃണ….യുയുത്സ. വെറുപ്പ് …കൊല്ലാനുള്ള വാശി. താൻ അയാളാൽ രക്ഷിയ്ക്കപ്പെടില്ലാ എന്ന് തോന്നുമ്പോഴ്, ആത്മരക്ഷയ്ക്ക് ….ക്രോധം, ഭയപ്പെട്ടാൽ പലായനം, കരുണ ….കരുണ നിവൃത്തി വൈരാഗ്യം…അതിൽ നിന്ന് നിവൃത്തിയ്ക്കാൻ പാകത്തിന് വിരാഗത വരുക…താല്പര്യം ഇല്ലാതാകുക. കരുണയിലാണ് വൈരാഗ്യം ഉണ്ടാവുന്നത്.

കാരുണ്യം – വൈരാഗ്യം
അമ്മയുടെ മരണം. ഭാര്യയുടെ പ്രസവം ഒക്കെ മുഖാമുഖം കണ്ടാൽ കുറെക്കാലത്തേയ്ക്കെങ്കിലും വൈരാഗ്യം വരും. അത് കാരുണ്യം കൊണ്ടാണ്. കരുണ കൊണ്ടാണ്. ദുഃഖം…..കടുത്ത ദുഃഖം വന്നാൽ …മുമ്പെ പറഞ്ഞ അമ്മയെ ചവുട്ടിയതാണെങ്കിലും മടിയിൽ ചെന്നു വീഴും. ശരണാഗതി ഉണ്ടാവും. എവിടെയെങ്കിലും ചെന്ന് ശരണാഗതി തേടണം. മടിയിൽ കിടക്കുമ്പോൾ ആ തലമുടിയേലൊക്കെയൊന്ന് തഴുകിയാൽ…..എത്ര പ്രായം ചെന്നവനാണെങ്കിലും കുട്ടിയായി മാറും. (14.03 mts) ഈ ഒരൊറ്റ കല മതി ഒരു ലോകം വെട്ടിപ്പിടിയ്ക്കാൻ. (editors comment : മാതാ അമൃതാനന്ദമയി technique)
നിങ്ങളുടെ ഒരുത്തൻ ഇരുന്ന് കരഞ്ഞ് നിലവിളിച്ച് ഓടി വരുന്നവനെ പിടിച്ചു കിടത്തി, ആ മുടിയിൽ ഇങ്ങിനെ വിരലു കൊണ്ട് ഒന്ന് തലോടി …മോനേ കുട്ടാ …സാരമില്ലെന്നു പറഞ്ഞാൽ …..എല്ലാ അവനും വന്ന് കിടക്കും. ദുഃഖം വരുന്ന സകല പ്രോക്രികളും എവിടെ ശരണാഗതിയ്ക്ക് മടിത്തട്ടുണ്ടോ അവിടെയേ സ്വാന്തനം അരുളൂ….ഇവയുടെ അംഗ ചേഷ്ടകൾ തിരിച്ചറിയുന്ന കലാകാരൻ ഇതിലേതുപയോഗിച്ചും കാശുണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നിറം മിക്സ് ചെയ്യാൻ അറിയണം. അവൻ കലാകാരനായാലും, സംഗീതജ്ഞൻ ആയാലും, സംവിധായകൻ ആയാലും നടനായാലും …പറഞ്ഞത് മനസ്സിലായോ എന്നറിയില്ല. ഇത് അറിയാവുന്ന നടൻ ശബ്ദമൊന്ന് മാറ്റുമ്പോൾ ഹാസ്യത്തില് കരുണത്തില് ശരണാഗതിയില് ഒക്കെ വ്യത്യസ്തമായ ശബ്ദത്തിൽ അഭിനയിയ്ക്കുമ്പോൾ അവൻ ലോകോത്തര അഭിനേതാവായി തീരും.
ഇതിന്റെ വർണ്ണങ്ങൾ മിക്സ് ചെയ്യാൻ കൃത്യമായി അറിയുന്ന ചിത്രകാരൻ ചിത്രം വരച്ചാൽ, നിങ്ങൾ അവിടെ നിന്ന് എഴുന്നേൽക്കുകയില്ല. ഇതിന്റെ ശബ്ദവിന്യാസങ്ങളെ രാഗാലാപത്തിൽ കൈകാര്യം ചെയ്യാൻ അറിയുന്ന ഒരു സംഗീതജ്ഞന്റെ മുമ്പിൽ നിന്ന് നിങ്ങൾക്ക് ഓടാനാവില്ല. കലയുടേയും സാഹിത്യത്തിന്റേയും ശ്രീകോവിൽ ഈ പതിമൂന്ന് സംവേഗങ്ങളും പതിമൂന്ന് മൂലപ്രകൃതികളും ആണ്. ഇവയിൽ ചിലതെടുത്ത് വീശുമ്പോഴാണ് മതങ്ങൾ മനുഷ്യനെ വച്ച് കളിയ്ക്കുന്നത്. ചില മതങ്ങൾ അവയ്ക്ക് പ്രത്യേകം പ്രത്യേകം ഡിപ്പാർട്ട്മെന്റുകളുണ്ട്…ഇവ ഓരോന്നും കൈകാര്യം ചെയ്യാൻ.
നല്ല മാനേജ്മെന്റ് കളി അറിയാവുന്നവൻ മതമുണ്ടാക്കി കളിച്ചാൽ അതിന് പതിമൂന്ന് ഡിപ്പാർട്ടെമെന്റും ഉണ്ടാകും. എല്ലാ മനുഷ്യനും അവിടെ ചെന്നാൽ അതിൽ ഏതെങ്കിലുമൊരു ഡിപ്പാർട്ട്മെന്റിൽ പെടും. പോകുമ്പോഴുള്ള വീരസ്യം ഒക്കെ നിയ്ക്കും. ഷാപ്പിൽ നിന്ന് ഇറങ്ങിവരുന്നതുപോലെ പോവുകയും ഷാപ്പിലേയ്ക്ക് പോകുന്നതു പോലെ തിരിച്ചുവരികയും ചെയ്യും. ഉപമ മനസ്സിലായില്ലെന്നാ തോന്നുന്നെ.

കള്ള് ഷാപ്പ് ഉപമ
കാക്ക, കൊക്ക്, ചെറുകിളി, ഹനുമാൻ, വീണാൽ കുംഭകർണ്ണൻ പിറ്റേന്നാൾ വിഭീഷണൻ …ഇതാ ഷാപ്പിലേയ്ക്ക് പോയി തിരിച്ചുവരുമ്പോഴുള്ള പണി. ഒളിച്ചും പാത്തുമൊക്കെയാണ് തലയിൽ മുണ്ടിട്ടുമൊക്കെയാ അങ്ങോട്ട് പോവുക….അവിടെ ചെന്നിരുന്നു കഴിഞ്ഞാൽ ഇതിന്റെ മുമ്പിലിരുന്ന് ധ്യാനിയ്ക്കും. കാക്കയെപ്പോലെ ഒളിഞ്ഞ് നോക്കും. ..ഷാപ്പിന്റെ ബോർഡ്…ഒരു തെന്നലിൽ അകത്ത് കേറും….പരിചയക്കാർ ആരുമില്ലെന്ന് …പൂച്ച പാല് കുടിയ്ക്കുന്നതു പോലെ ഉറപ്പാക്കിയിട്ട്… അപ്പുറത്തിരുന്ന് അച്ഛൻ കുടിയ്ക്കുന്നുണ്ടെങ്കിലും, അച്ഛൻ കാണാതെ എന്ന് മകനും, മകൻ കാണാതെ എന്ന് അച്ഛനും ഓർത്ത് കുടിയ്ക്കും. ചെല്ലുന്നതിന് അനുസരിച്ച് കൊക്ക് ചെറുകിളിയായി മാറും. ചിലയ്ക്കാൻ തുടങ്ങും. പുറത്തേയ്ക്ക് വരുമ്പോൾ ഉടുത്തത് ഒക്കെ പറിച്ച് തലേൽ കെട്ടി ഹനുമാനായിട്ട് ഇങ്ങ് വരും. ഇതുപോലെയണ് ഈ പതിമൂന്ന് ഡിപ്പാർട്ട് മെന്റുള്ള മതങ്ങളിലേയ്ക്ക് പോകുമ്പോൾ തലേൽ കെട്ടി വീരസ്യം ഒക്കെ പറഞ്ഞ് ഇതെല്ലാം ഇപ്പം അടിച്ച് ശരിയാക്കിക്കളയാമെന്ന് പറഞ്ഞ് അങ്ങോട്ട് പോകും. അവിടെ ചെല്ലുമ്പോൾ ഈ പതിമൂന്ന് സംവേഗങ്ങളിൽ ഏതെങ്കിലും ഉള്ള ഒരവൻ ഏതെങ്കിലും ഡിപ്പാർട്ട്മെന്റിൽ കുടുങ്ങിക്കഴിയുമ്പോൾ തിരിച്ച് കാക്കയെപ്പോലെ തിരിച്ചു വരും ആരും കാണാതെ. കാരണം ഇതിൽ ഓരോന്നും അതിന്റെ മൗലികതയിൽ മൂല പ്രകൃതിയോട് ബന്ധപ്പെടുമ്പോൾ, അതില് ദുഃഖം വരുമ്പോഴ് എല്ലാം ശരണാഗതി വേണം.
ശരണാഗതി ഉപയോഗിച്ചുള്ള മതതന്ത്രങ്ങൾ
മതം ഏറ്റവും കൂടുതൽ കളിയ്ക്കുന്നത് ശരണാഗതിയുടെ രംഗത്താണ്. അച്ഛനോട് പിണങ്ങിയ മകനും, അമ്മയോട് പിണങ്ങി ഓടിയ മകളും, പഠിത്തം നിർത്തിയ വിദ്യാർത്ഥിയും, ഭാര്യയെ ഉപേക്ഷിച്ച ഭർത്താവും, ഭർത്താവിനെ ഉപേക്ഷിച്ച ഭാര്യയും, തൊഴിലുപോയി ദുഃഖിതനായി തീർന്ന തെറ്റ് ചെയ്തവനും, കൊലപാതകം കഴിഞ്ഞ് അന്യന്റെ നിന്ദയേൽക്കുന്ന കൊലപാതകിയും എല്ലാം ഒരുപോലെ ആഗ്രഹിക്കുന്നത് ശരണാഗതിയാണ്.
സാമൂഹ്യ ശരണാഗതിയ്ക്ക് മതങ്ങൾ ബലിഷ്ഠമായിട്ടുണ്ട് എന്നു പറഞ്ഞാൽ സമൂഹം ദുഷിച്ചിട്ടുണ്ടെന്ന് അർത്ഥം. അല്ലാതെ സമൂഹം ആദരവുള്ളതും, ആദ്ധ്യാത്മികത ഉള്ളതും ആണെന്നല്ല അർത്ഥം. ശരണാഗതിയുടെ രംഗവേദിയിലെ ആലാപങ്ങൾ അത്രയും ദുഷിച്ച പൂർവ്വജീവിതത്തിന്റെ ശബ്ദായമാനപ്രകൃതികൾ മാത്രമാകുന്നു. അപ്പോ എല്ലാ ദുഃഖത്തിനും ശരണാഗതി…. എല്ലാ കാമത്തിനും… കാമം വന്നാൽ …എല്ലാ കാമത്തിനും…കാമപ്രവൃത്തികൊണ്ടേ പറ്റൂ… മതങ്ങൾക്ക് അതിനും ഡിപ്പാർട്ട്മെന്റുകൾ ഉണ്ട്. ഏത് ആഗ്രഹമാണ് സാധിയ്ക്കേണ്ടത് അതൊക്കെ അവിടെ ചെന്നാൽ സാധിച്ചു കിട്ടും. (20.20 mts) അത് കൊണ്ട് അവയൊക്കെ ഇന്ന് marriage bureau വരെ നടത്തുന്നുണ്ട്.
ആശ്ചര്യവും മതവും
ഈ അടിസ്ഥാന തത്ത്വങ്ങൾ വച്ച് ഇതൊക്കെ ഒന്ന് പഠിച്ച് നോക്കണം. പഠിച്ചു നോക്കുമ്പോഴാണ് നമ്മള് നില്ക്കുന്നത് ഏത് മണ്ണിലാണെന്ന് ബോദ്ധ്യമാവുന്നത്. കാമത്തിന് കാമപ്രവൃത്തി ….ആശ്ചര്യത്തിന് കൗതൂഹലം. മതം നിലനില്ക്കണമെങ്കിൽ ആശ്ചര്യം ഉണ്ടാക്കണം. ഈ പരിപാടിയ്ക്ക് നിങ്ങൾക്ക് ആശ്ചര്യം ഉണ്ടായി ഇവിടിരിയ്ക്കണമെങ്കിൽ പുറകിൽ കുറച്ച് ബൾബുകൾ ഒക്കെ തെളിയുകയും …(ആരോ പറയുന്നു…) …ങ്ഹ.. എന്തെങ്കിലുമൊക്കെ … ചിലത് പറയുമ്പോൾ സൂക്ഷിയ്ക്കണം…മനുഷ്യ മനസ്സിൽ അതിന്റെ ബിംബങ്ങൾ ഉണ്ടാകും…..പിന്നെ അവർക്ക് ഇത് കേൾക്കാൻ പറ്റില്ല. ഞാൻ അതുകൊണ്ട് ഒരു ബിംബവും ജീവൽപ്പാത്രങ്ങളിൽ ഉണ്ടാകാതിരിയ്ക്കാൻ ശ്രദ്ധിച്ച് മാത്രമാണ് ഞാൻ വാക്ക് ഉപയോഗിയ്ക്കുന്നത്. അത് നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല. ഏതെങ്കിലും ഒരു ബിംബം നിങ്ങളോട് ബന്ധപ്പെട്ടത് ഉണ്ടായാൽ പിന്നെ നിങ്ങൾ ഇവിടെ ഇരിയ്ക്കുന്നത് വെറുതെയാണ്. ഒരു ശതമാനം പോലും എനിയ്ക്ക് ഏതെങ്കിലും ഒന്നിനോടുള്ള എതിർപ്പ് തീർക്കാനും, എന്റെ ഒരു വേഗം ഒഴിവാക്കാനുമല്ല ഞാനീ പണിയ്ക്ക് ഒരുങ്ങിയത്. അതുകൊണ്ട് നിങ്ങൾക്ക് പരിചയമുള്ള ആശ്ചര്യം ഉണ്ടാക്കുന്ന നിങ്ങൾക്ക് പരിചിതരായവരും നിങ്ങൾക്ക് എതിർപ്പുള്ളവരുമായ വ്യക്തികളുടെ ആശ്ചര്യ പ്രവർത്തനങ്ങളിൽ ഒന്നു പോലും അറിയാതെ പോലും പറയരുത്. അത് പഠനം മുന്നോട്ട് പോവാൻ തടസ്സമാണ്. അനുകൂലമായാലും പ്രതികൂലമായാലും. അത് എന്റെ ലക്ഷ്യമല്ല.
ഞാൻ അത്തരം രംഗങ്ങളിൽ പ്രവൃത്തിയ്ക്കുന്നില്ലെങ്കിൽ ഒന്നുംങ്കിൽ അതെന്റെ കഴിവ് ഇല്ലായ്മ കൊണ്ടാണ്. അല്ലെങ്കിൽ എനിയ്ക്ക് വേണ്ടാത്തതു കൊണ്ടാണ്. രണ്ടായാലും സാധർമ്മ്യമായ മര്യാദ അത് അതിന്റെ വഴി… ഇത് എന്റെ വഴി. അത് വളരെ ഋജുവാണ്. ഞാനാ മര്യാദ പാലിച്ചിട്ടുണ്ടെന്നാണ് എന്റെ ധാരണ. ആദ്യാവസാനം പാലിയ്ക്കണമെന്നാണെന്റെ നിർബന്ധം. ഞാൻ പോകുന്നത് എല്ലാം കൃത്യമായി ആ ശാസ്ത്രത്തിന്റെ ഈടുവയ്പിലൂടെ മാത്രമാണ്. അത് ഒരു വ്യക്തിയെയും നിന്ദിയ്ക്കുവാനോ – ലോകത്ത് അജ്ഞാനം ഉള്ളപ്പോൾ എല്ലാം ഞാനും നിങ്ങളും ഒക്കെ പലതും കാട്ടിക്കൂട്ടുന്നു. അത് കാട്ടിക്കൂട്ടുന്നത് ദേവതാ സന്നിവേശം ഇല്ലാത്ത അജ്ഞാനം കൊണ്ട് മാത്രമാണ്. അത് ചർച്ച ചെയ്യുമ്പോൾ പോലും നമ്മുടെ ദേവതകൾ പിണങ്ങിപ്പിരിയും. അത് നമ്മുടെ അറിവിൽ സംവേദനത്തിനുള്ള വഴിയേ അല്ല.
ജിജ്ഞാസ vis-a-vis കൗതൂഹലം
അതുകൊണ്ട് എപ്പോഴെല്ലാം ആശ്ചര്യം വരുന്നുവോ അതിന് കൗതൂഹലം ഉണ്ടാവും. അപ്പോൾ ക്ലാസ്സെല്ലാം കഴിഞ്ഞു…സന്ധ്യയായി …ദീപാരാധന ഒരുക്കുമ്പോൾ … ഞാന് എന്റെ ഒരു ഇലക്ട്രീഷ്യനെ വിളിച്ച് ഒരു ചട്ടിയ്ക്കകത്ത് മണല് വച്ച് മുകളിലേയ്ക്ക് ഒരു ബൾബ് വച്ചിരിയ്ക്കുകയാണ്. ഒരു സീറോ ബൾബ് …മനസ്സിലായോ എന്നറിയില്ല…. അതിന്റെ ഹോൾഡർ മുകളിലേയ്ക്ക് ഇരിയ്ക്കുകയാണ്… ഒന്നും connect ചെയ്തിട്ടില്ല…. ഞാൻ കൈകൊട്ടുകയും തൊഴുകയും ചെയ്യുമ്പോൾ അതെല്ലാം കത്തുകയാണ്. (23.28 mts) നിങ്ങൾക്ക് ആശ്ചര്യം ഉണ്ടാകും. ആശ്ചര്യത്തിന് കാരണം കൗതൂഹലമാണ്. അതെന്താണെന്ന് അറിയാനുള്ള ആ കുതൂഹലമാണ് …ജിജ്ഞാസ അല്ല….ജിജ്ഞാസ വേറെ…കുതൂഹലം വേറെ ….അത്ഭുതം നിറഞ്ഞിടത്ത് ഉണ്ടാകുന്നത് അറിയാൻ പറ്റില്ലല്ലോ എന്ന് വിചാരിക്കുന്നത് കുതൂഹലമാണ്. അത് മതജീവിതത്തിന്റെയും, മതാദ്ധ്യയനത്തിന്റേയും, മതവികാസത്തിന്റെയും, മതപ്രചരണത്തിന്റേയും, മതത്തിലേക്കുള്ള ചേർക്കലിന്റെയും ആണിക്കല്ലാണ്.
Miracles
മനുഷ്യന്റെ കൗതൂഹലത്തില് ഉളവാകുന്ന ആശ്ചര്യമാണ് ആളെക്കൂട്ടുവാനുള്ള അത്ഭുതങ്ങൾ മുഴുവൻ. കൗതൂഹലത്തെ തിരച്ചറിയുകയും, എന്റെ കൗതൂഹലമാണ് എന്നെ നയിയ്ക്കുന്നത് എന്നറിയുകയും ചെയ്താൽ, അവന്റെ ദേവത ഒരു നിമിഷം കൊണ്ട് അത്ഭുതങ്ങൾ അനാവരണം ചെയ്യുകയും, നിർവേദം വരികയും, ശാന്തനാവുകയും ചെയ്യും. ആ അത്ഭുതം കാണിയ്ക്കുന്ന ആളിനെക്കാൾ ശാന്തി അവന് ലഭിയ്ക്കുകയും ചെയ്യും.
വീണ്ടും ആശ്ചര്യം കഴിഞ്ഞാൽ ഹാസം…ഹാസം..ജിജ്ഞാസയിൽ നിന്ന് ഉണ്ടാകുന്നതാണ്. നല്ല ജിജ്ഞാസയിലാണ് ഹാസം ഇരിയ്ക്കുന്നത്. ഹാസമോ ഉന്മാദകരിയാണ്. ഹാസോഉന്മാദകരീചമായ….മഹാഭാരതയുദ്ധക്കളത്തിലും മറ്റും അർജ്ജുനൻ നിലിവിളിച്ച് ആയുധമൊക്കെ താഴെ ഇട്ട് നില്ക്കുമ്പോൾ കൃഷ്ണന്റെ മുഖത്ത് ഉണ്ടായത് മൃദു മന്ദഹാസമാണ്. എന്തുപറ്റി എന്നു തോന്നുമ്പോഴേ ചിരിവരും. ചില പിള്ളേര് ഉണ്ടാവും…വീട്ടിൽ അച്ഛനും അമ്മയും കൂടെ കൂടി … ഒരു കാരണവുമില്ല…അയൽപക്കത്ത് ഒരുത്തൻ അതിലെ വെള്ളമടിച്ച് പോയതാണ് …ഭാര്യ ചൂണ്ടിക്കാണിച്ചത്. പറഞ്ഞു അവന്റെ കാര്യം കഷ്ടമാണ് (25.48 mts) ….അതുപോലെ ഒരു ഭാര്യ ഉണ്ടായാൽ …ആരും വെള്ളം അടിച്ച് പോകുമെന്ന് ഒന്ന് പറഞ്ഞു. പെണ്ണുംപിള്ള സ്ത്രീയുമായിട്ട് identify ചെയ്തു. നിങ്ങളല്ലെങ്കിലും പുരുഷന്മാര് ഇങ്ങിനെയാണ്. ചൂടായി….ദേഷ്യമായി. ബഹളമായി…ഭാര്യയും ഭർത്താവും മാറി. പുരുഷനും സ്ത്രീയുമായി. യുദ്ധം തുടങ്ങി. അപ്പോൾ കൊച്ച് കഞ്ഞി കുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഈ അടി നടക്കുന്നത്. ഇയാൾക്ക് ഇനി കഞ്ഞി വേണ്ടെന്നായി. അപ്പോൾ കൊച്ച് രണ്ട് പേരെയും നോക്കുമ്പോൾ ….ചിരി വരും. ജിജ്ഞാസ കൊണ്ട്… എന്താ ഇത് …(ചിരിയ്ക്കുന്നു…)… ഗോപാലകൃഷ്ണൻ വെള്ളം അടിച്ചു പോയതിനാ ഈ പണി.
ആ ഭാര്യയും ഭർത്താവും ഗോപാലകൃഷ്ണനെ ആസ്പദമാക്കി ഈ ബഹളത്തിലേയ്ക്ക് എത്തുമ്പോൾ അവരുടെ ഈ കോലാഹലം കണ്ടിട്ട്, ഇത് എന്തിനുള്ള പുറപ്പാടാണ് എന്നൊരു ജിജ്ഞാസ കൊച്ചിനുണ്ടാകുമ്പോൾ ഒരു ഹാസം വരും. ആ സമയത്ത് കൊച്ച് തള്ളയേയും തന്തയേയും മാറി മാറി നോക്കുമ്പോൾ…തള്ളേടെ മുഖത്തേയ്ക്കോ തന്തേടെ മുഖത്തേയ്ക്കോ നോക്കിയാൽ, ചിരി വരുന്ന കാണുമ്പോൾ തള്ളയായാലും തന്തയായാലും ചവുട്ടി ഞാൻ കൊന്നുകളയും എന്നു പറഞ്ഞ് അതിന്റെ നേരെയും ചാടും. തള്ള പറയുക ആ തന്തയുടെ തനി രൂപം…തന്തയന്നേരം പറയും…ങ്ഹും …അതെയതെ …കുടുംബത്തോടെ അങ്ങിനെയാ… ഇതിനെയൊക്കെ വച്ചിരിയ്ക്കുന്നു… അപ്പോൾ കൊച്ച് ഒന്നൂടെ ചിരിയ്ക്കും. ഇങ്ങിനെയുള്ള സീൻ ഒന്നും നിങ്ങളുടെ വീടുകളിൽ ഇല്ല എന്നു തോന്നുന്നു. ഞാനെന്നോ വന്നപ്പോൾ കണ്ട കാര്യമാണ്. എനിയ്ക്ക് ചിരിയൊന്നും വന്നില്ല… ആ കൊച്ച് ചിരിയ്ക്കുന്നത് കണ്ടപ്പോൾ ചിരിവന്നു. അതിനാണ് ഹാസം എന്നു പറയുന്നത്. അത്രയും നിരുപദ്രവകരമാണ്.
പലപ്പോഴും നിങ്ങളുടെ വഴക്കുകൾ ഒക്കെ ഈ രൂപത്തിലേ ഉള്ളൂ. (ചിരിയ്ക്കുന്നു…). ഇതൊക്കെ വളർന്നാ പലതും ആയിത്തീരുന്നത്. ചട്ടിയും കലവും എടുത്തെറിയുന്നത്. ഉടനെ ഇയാള് പറക്കും തളികകളെ ഒക്കെ വിടുന്നത് ….അയാള് ഈ പറക്കും തളികയെ ഒക്കെ വിടുമ്പോഴേക്ക് അവള് വാക്കത്തിയെടുത്ത് അയാളുടേതാണെന്ന് പറഞ്ഞ് വാഴ വെട്ടിക്കളയുന്നത് … എന്റെ വാക്കിന് ആപ്പോ….ഞാൻ ഇന്നു വരെ ഒരു ആപ്പ് ചെത്തിയിട്ടേ ഇല്ല. …(ആരോ പറയുന്നു…) ഇല്ലില്ല…നിങ്ങൾ ആപ്പും ആപ്പ് വയ്ക്കാനുള്ള ഇടയുമായി ഇരിയ്ക്കുമ്പോൾ നിങ്ങളുടെ കൈ കൊണ്ട് ഞാനത് അങ്ങോട്ടു വയ്ക്കുന്നു എന്നല്ലാതെ, ഇന്നുവരെ ജീവിതത്തിൽ ഒരു ആപ്പ് ഉണ്ടാക്കുകയോ ആപ്പ് വയ്ക്കുവോ … ആപ്പ് എവിടെ വയ്ക്കാമെന്ന് ഒന്ന് അന്വേഷിയ്ക്കുകയോ … ഇന്ന് വരെ ചെയ്തിട്ടില്ല. (28.33 end of clip no 31)
സകലരോഗങ്ങൾക്കും ഹേതു രാഗങ്ങൾ -clip no 32- 26.24 mts
Audio Clip of the Discourse
അപ്പോൾ അതുകൊണ്ട് ഹാസം…. ഹാസത്തിന് ഈ തലമാ ഉള്ളത്.
ദൈന്യം – ആത്മഹീനത
ദൈന്യം….ദൈന്യം വന്നു കഴിഞ്ഞാൽ എപ്പോഴൊക്കെ ദൈന്യം ഉണ്ടാകുമോ … ആ ദൈന്യത്തിൽ ഒക്കെ ഏതുണ്ടാവും …ദൈന്യം നോക്ക് .. ആത്മഹീനത ഉണ്ടാവും. ദൈന്യം വന്നാൽ പിന്നെ ഒരു പണിയും എടുക്കാൻ പറ്റില്ല. ദീനത .. എനിയ്ക്ക് ഒന്നും ചെയ്യാൻ പറ്റുകേല എന്നു പറയുന്ന ദീനത. അത് അകത്തുനിന്നു വരുന്ന ഒരു മനസംവേഗമാണ്. ഒരു കാരണവും വേണ്ട …ചില വാക്ക് കേട്ടാൽ മതി. ചില സംഭവങ്ങളോട് ഇടപെട്ടാൽ മതി. പൂർവ്വജനീനമായ ചിലേടെത്ത് ചെന്ന് വീണാൽ മതി. പിന്നെ ഒന്ന് അനങ്ങാൻ പറ്റില്ല. വിഷാദമാവും. ആത്മഹീനത വരും. എഴുന്നേൽക്കുകേല …രാവിലെ ചിലര് കിടക്കുന്ന കിടപ്പ് കണ്ടാൽ മതി…. ഒരേ കിടപ്പാണ്. അവിടുന്ന് ഉണരാൻ …പെട്ടെന്ന് വളരെ വേണ്ടപ്പെട്ട ഒരാള് വരുന്നു എന്ന് വിളിച്ച് പറഞ്ഞാൽ മതി.
ഈ അമ്മമാര് ഒക്കെ കിടക്കുന്ന കിടപ്പുണ്ട് ചിലപ്പോൾ….വേണേൽ വല്ലതും ഉണ്ടാക്കി തിന്നോണം. ഞാനിന്ന് ഒന്നും ഉണ്ടാക്കുകില്ല…എനിയ്ക്കേ മേല… ഇങ്ങിനെ നിർബന്ധിച്ചാലോ … എനിയ്ക്ക് മേല എന്നു പറഞ്ഞില്ലേ. മനുഷ്യന് മേലാതാവുകില്ലേ. ഒറ്റ കിടപ്പാണ്. ചെന്ന് ഒരുപാട് വിളിച്ചാൽ തിരിഞ്ഞുകിടന്ന് അങ്ങ് പുതയ്ക്കും. അപ്പോൾ മകൻ ചെന്ന് വിളിയ്ക്കും. അമ്മേ വിശക്കുന്നു. വിശക്കുന്നെങ്കിൽ വല്ലതും തരാൻ നിന്റെ തന്തയോട് പറ. അല്ലെങ്കിൽ ഇന്നത്തേയ്ക്ക് മേടിച്ച് കഴിയ്ക്ക്. പറ്റുകേല. അപ്പോ അവസാനത്തെ അടവായിട്ട് ഈ കൊച്ചുപിള്ളേര് ഉണ്ടാവും. അവര് ചെന്ന് പറയും …അമ്മേ അമ്മാവൻ വരുന്നു. എന്റെ കുഞ്ഞാങ്ങള വരുന്നുണ്ട് എന്ന് കേട്ടപ്പോൾ (ഒരു ദീർഘമായ ഏങ്ങൽ എടുത്ത്) …ചാടി എഴുന്നേറ്റു മുടി ഒക്കെ ഒന്ന് കെട്ടി പെട്ടെന്ന് പോയി ഒരു കൂമ്പൻ ചരുവത്തിൽ വെള്ളമെടുത്തു തലയൊന്ന് കുടഞ്ഞു ചീകി ചന്ദനം തൊട്ടു … അരയ്ക്കാൻ തുടങ്ങി…വെള്ളം കോരാൻ തുടങ്ങി ….തേങ്ങ തിരുമ്മി, …. അപ്പോൾ ഇത് കഴിഞ്ഞിട്ട് വരും …അവിടെ പറ്റുന്നത് ആത്മഹീനത വരുകയാണ് ചെയ്യുന്നത്. ആത്മഹീനത കൊണ്ടാണ് ഈ ദൈന്യം വരുന്നത്. അതിന്റെ മൂല കാരണം ആത്മഹീനതയാണ്.
ഉത്സാഹം – ആത്മഗൗരവം
അതേ പോലെ തന്നെ ഉത്സാഹം. (2.25 mts /26.24 mts) പെട്ടെന്നാണ് ഉത്സാഹം വന്നത്. കാരണം ആത്മഗൗരവം വന്നു. ആങ്ങള ഇത് അറിയരുത്. ആ ആത്മഗൗരവം ഇങ്ങ് വന്നപ്പോൾ … അപ്പോ എങ്ങാനും പിള്ളേരോ ഭർത്താവോ …. ആരെങ്കിലും പറയുകയാണ് …. അമ്മാവാ അമ്മ ഇതു വരെ ക്ഷീണമായിട്ട്…പോടാ അവിടുന്ന്…. എനിയ്ക്ക് ഒരു ക്ഷീണവും ഇല്ല…കുഞ്ഞാങ്ങളേ…ഞാനീ പണിയെടുക്കുന്നത് എല്ലാം കണ്ടില്ലേ…ഇവര് ചുമ്മാ എന്നെ ക്ഷീണിപ്പിയ്ക്കാൻ ഇരിയ്ക്കുകയാ….ഇതൊന്നും കേട്ട് വിശ്വസിയ്ക്കരുത് കേട്ടോ….അവിടെ ആത്മഗൗരവം…ഉത്സാഹം … ആത്മഗൗരവം…ഉത്സാഹത്തിന് കാരണം ആത്മഗൗരവമാ….എപ്പോൾ നിങ്ങൾക്ക് ആത്മഗൗരവം ഉണ്ടാകുന്നുവോ ….അപ്പോഴെല്ലാം ഉത്സാഹം ഉണ്ടാവും. ആത്മഗൗരവം ഉത്സാഹം ഉണ്ടാക്കുന്ന വസ്തുവാണ്. അതുകൊണ്ട് ഉത്സാഹം പോകുമ്പോഴെല്ലാം സ്വന്തം പാരമ്പര്യത്തെ…..സ്വന്തം പാരമ്പര്യത്തിലെ അത്ഭുതാത്മാക്കളെ ഓർത്താൽ മതി. വിജൃംഭിത വീരന്മാരായി തീരും. അതിനാണ് രാവിലെ പാരമ്പര്യത്തിലെ വല്യ ആളുകളെ ഒക്കെ ഒന്ന് പടത്തിലാണെങ്കിലും ഒന്ന് നോക്കിയിട്ട് പോവുന്നത്. നോക്കിക്കോണം കേട്ടോ …ഞാനൊന്ന് ഇറങ്ങുകയാ. കച്ച മുറുക്കിയാ ഇറങ്ങുന്നത്. എന്നെ നോക്കിയേക്കണം. ആത്മഗൗരവമുള്ളവരോട് ബന്ധപ്പെടുകയും, ആത്മഗൗരവമുള്ളവന്റെ വാക്കുകൾ കേൾക്കുകയും, ആത്മഹീനത പകരുന്നവനുമായി ഒരിക്കലും ബന്ധപ്പെടാതെ ഇരിയ്ക്കുകയും ചെയ്യുമ്പോഴാണ് ആത്മഗൗരവം സദാ ജ്വലിച്ചു നില്ക്കുക. അത് ഉത്സാഹത്തെ ഉണ്ടാക്കും.
ചിലര് പോകാൻ ഇറങ്ങുമ്പോൾ നല്ല ആത്മഗൗരവം ഉള്ളവരെ ഒന്ന് കാണും. പിള്ളേരുടെ ഒക്കെ മുറികളിൽ ചില പടവും ഒക്കെ കാണും …പരീക്ഷയ്ക്ക് എഴുതാൻ പോകുന്നതിന് മുമ്പേ ഒക്കെ…പണ്ടൊക്കെയാണെങ്കിൽ ഹനുമാന്റെ ഒക്കെ കാണും. ഇപ്പോഴാണെങ്കിൽ സച്ചിൻ ടെൻഡുൽക്കറുടേയും കപിൽ ദേവിന്റെയും ഒക്കെ കാണും. അതായാലും മതി. ഒരു century അടിച്ചിട്ട് വരണം എന്നുള്ള മട്ടിലാ അവൻ പോകുന്നെ. ഇതിനു പകരം രാവിലെ ഏറ്റ് ഏതെങ്കിലും ദൈന്യനെ ഓർത്തിട്ട് പോവും. പിന്നെ ആ ദിവസം പോക്കാവും. ആത്മഗൗരവത്തിലാണ് ആ ഉത്സാഹം ഇരിയ്ക്കുന്നത്.
വാത്സല്യം…..ആത്മാഭിമാനത്തിൽ ഇരിയ്ക്കും. അതുപോലെതന്നെ സ്നേഹം. എല്ലാം ആയില്ലേ…(ആരോ ചോദിയ്ക്കുന്നു….).. വാത്സല്യം … ആമോദമാണ്…..സോറി …കുതൂഹലം…ജിജ്ഞാസ… ആമോദം…ആത്മഹീനത…ആത്മാഭിമാനം… വാത്സല്യത്തില്. ആത്മഗൗരവം കഴിഞ്ഞ് ആത്മാഭിമാനം വാത്സല്യത്തില്.
സ്നേഹം….അത് അതിന്റെ ഏറ്റവും നിർമ്മല ഭാവത്തിൽ പുത്രേഷണയിൽ ഇരിയ്ക്കും. (5.19 mts) ഇവയ്ക്കും അവയുടെ സ്ഥായീ ഭാവങ്ങൾ ഉണ്ട്. അവയ്ക്കും. ആ സ്ഥായീഭാവങ്ങൾ എല്ലാം … അവയെക്കൂടാതെ അവയുടെ വ്യഭിചാരീ ഭാവങ്ങൾ ഉണ്ടാവും. നിർവേദ ഗ്ലാനി ആദിയായവ. അവയ്ക്കും….സൂക്ഷശരീര താദാത്മ്യത്തിൽ സ്ഥാനമുണ്ടാവും. ഇവയെല്ലാം മാനസികങ്ങളാണ് ….മനഃസംവേഗങ്ങളാണ്. അവ എല്ലായിപ്പോഴും ഉണ്ടാകുന്നത് ഇന്ദ്രിയ ജനിത അനുഭവ ഉൽപ്പന്ന വാസനാ ഉൽബുദ്ധ സൂക്ഷ്മ ശരീര താദാത്മ്യത്തിലാണ്. സകലമാന രോഗങ്ങളും അവിടെയാണ്. ഭൂമിയിൽ എന്തെല്ലാം രോഗങ്ങൾ ഉണ്ടോ….എന്തെല്ലാം സങ്കീർണ്ണതകളുണ്ടോ അവ മുഴുവൻ…. ഈ കേന്ദ്രത്തിലാ….
ഇന്ദ്രിയ ജനിതങ്ങളായ അനുഭവങ്ങൾ ഉണ്ടായി പൂർത്തീകരിയ്ക്കാതെ അവയുടെ ഭാവ തലങ്ങൾ ബോധത്തിന്റെ കലവറയിലേയ്ക്ക് നിക്ഷേപിച്ച് പോകുമ്പോൾ മറ്റൊരു അനുകൂല പരിതസ്ഥിതിയിൽ ഉണരാൻ തയ്യാറെടുക്കും. ഉണരാൻ തയ്യാറെടുക്കുന്നത് വിഭേവ വിഭാവ വ്യഭിചാരികളിലൂടെയാണ്. അവിടെയാണ് ഇതിന്റെ കളി.
മരിച്ചു കിടക്കുന്ന അമ്മ. അപ്പുറത്തെ വീട്ടിൽ നിന്ന് ഒഴുകുന്ന ഭക്തി ഗാനം. ഭക്തി ഗാനം കേൾക്കുന്നൊന്നുമില്ല മകള്.അമ്മയുടെ മരണത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. ഭക്തിഗാനം ശ്രദ്ധിച്ചുകൊണ്ട് ഇരിയ്ക്കുകയല്ല. അമ്മയുടെ മരണത്തിലാ കരഞ്ഞുകൊണ്ട് ഇരിയ്ക്കുന്നത്. ഭക്തിഗാനം ഒഴുകി വന്നുകൊണ്ടുമിരിയ്ക്കുകയാണ്. മരണം കഴിഞ്ഞു…..ശവസംസ്കാരവും കഴിഞ്ഞു…ഇപ്പോൾ എപ്പോൾ ആ ഭക്തിഗാനം വച്ചാലും മകൾക്ക് അപസ്മാരം ഉണ്ടാവും. അതിന്റെ കാസെറ്റ് ഓടിച്ചാൽ മതി അപസ്മാരം ഉണ്ടാവും. മസ്തിഷ്ക്കം ക്ലിയർ ആണ്. EEG വളരെ ക്ലിയർ ആണ്. Electro Encaphalograph-ല് ചിത്രങ്ങൾ വളരെ ക്ലിയർ ആണ്. ബ്രെയിനിന് ഒരു തകരാറും ഇല്ല. (7.45 mts) ഹാർട്ടിന് യാതൊരു തകരാറും ഇല്ല. രക്തവഹകളായ ശ്രോതസ്സുകളിലോ നാഡികളിലോ ന്യൂറോളജിസ്റ്റ് നോക്കിയിട്ട് ന്യൂറോളോജിക്കൽ problems ഒന്നും ഇല്ല. വർഷങ്ങൾ ചികിത്സിച്ചിട്ടും കാരണം അറിയില്ല. കാരണം അവൾക്ക് അപസ്മാരം ഉണ്ടാകുന്നത് എല്ലാം ആ ഗാനം എവിടെയെങ്കിലും ആലപിച്ചാലാണ്. പക്ഷെ അതുമായി correlate ചെയ്ത് ആരും ചിന്തിയ്ക്കുന്നുമില്ല. അവൾക്ക് ഒട്ട് അറിയുകയുമില്ല. കഴിയ്ക്കുന്ന ഭക്ഷണം മുഴുവൻ എഴുതിവച്ചു. അവയൊക്കെ മാറി മാറി കൊടുത്തുനോക്കി. പരാജയം. അവള് സഞ്ചരിച്ച പന്ഥാവുകളിലൂടെ ഒക്കെ നടത്തിനോക്കി. പരാജയം. അപസ്മാരം വന്ന സമയവുമായി കോറിലേറ്റ് ചെയ്ത് ചുറ്റുപാട് നടക്കുന്ന സംഭവങ്ങൾ മുഴുവൻ observe ചെയ്തു. പരാജയപ്പെട്ടു. ഒടുവിൽ ദേവതാ വിജ്ഞാനം അറിയുന്ന ഒരാൾ അവളുടെ അപസ്മാരത്തിന്റെ സമയവും സംഗീതവും തമ്മിൽ കോറിലേറ്റ് ചെയ്തു. ആ ഭക്തിഗാനം വീണ്ടും വീണ്ടും കേൾപ്പിയ്ക്കുമ്പോൾ വീണ്ടും വീണ്ടും അപസ്മാരം ഉണ്ടായി. കൃത്യമായി അത് ഭക്തിഗാനം ആണെന്നും, അതല്ല നിന്റെ അമ്മയെ കൊന്നതെന്നും, നിന്റെ അമ്മയുടെ മരണത്തിന് കാരണം വാർദ്ധക്യം മാത്രമാണെന്നും, അത് നീ ഈ ഭക്തിഗാനത്തിൽ ആലേഖനം ചെയ്ത്, നിന്റെ ബ്രെയിൻ ഒരു pre-recorded cassette ആയി വർക്ക് ചെയ്യുന്നു എന്നും ബോദ്ധ്യപ്പെടുത്തുമ്പോൾ മകൾ പുറത്തു വരികയുമായി. ഇവിടെയാണ് രോഗമില്ലാതെ ജീവിയ്ക്കണമെങ്കിൽ ശ്രദ്ധിച്ച് ജീവിയ്ക്കേണ്ടി വരുന്നത്.
എന്തുമാത്രം നിങ്ങളുടെ കാസെറ്റുകളിൽ നിന്ന് delete ചെയ്ത് കളയാനുണ്ടാവും. അനുഭവങ്ങൾ കൂടുംതോറും, വിഷയാഭിലാഷം വർദ്ധിയ്ക്കുന്തോറും, വിഷയലോകങ്ങളുമായുള്ള സമ്പർക്കം അതിരതിരുകളില്ലാതെ കൂടുന്തോറും, നിങ്ങളുടെ മസ്തിഷ്ക്കത്തിന്റെ അഗാധതകളിൽ, നിങ്ങളുടെ calpyne-നുകളിൽ, നിങ്ങളുടെ മസ്തിഷ്ക്കത്തിന്റെ മസ്തുളംഗത്തിന്റെ മടക്കുകളിൽ, റെക്കോർഡ് ചെയ്ത് വച്ചിരിയ്ക്കുന്ന വിഷയാഭിലാഷങ്ങളുടെയും വിഷയലോകങ്ങളുടെയും അവ ഉളവാക്കുന്ന സംവേഗങ്ങളുടേയും, മൂലകാരണങ്ങളുടേയും ലോകങ്ങൾ. അവ വർദ്ധിയ്ക്കുവാൻ പാകത്തിന് മതവും ചരിത്രവും, മാനവന് ഹിംസയും ദ്വേഷവുമായി സമ്പാദിച്ച് കൊടുക്കുന്ന ആദ്ധ്യാത്മികത എന്ന് തെറ്റിദ്ധരിപ്പിച്ച് നല്കുന്ന അറിവിന്റെ സങ്കീർണ്ണ ലോകങ്ങൾ, സുസംവേദ്യതയെ ഇല്ലായ്മ ചെയ്യുകയും, സങ്കീർണ്ണതകളെ ശാസ്ത്രമാണെന്ന് ശഠിപ്പിയ്ക്കുകയും ചെയ്യുന്ന ഉദ്വേഗങ്ങൾ. ഇതിൽ നിന്നൊക്കെ എങ്ങിനെ മോചനം നേടും. ഇതൊന്നുമറിയാതെ യശ്ശഃപ്രാർത്ഥികളായിത്തീരുന്ന കവികൾ, കലാകാരന്മാർ, സാഹിത്യകാരന്മാർ, ആദ്ധ്യാത്മികത ഒരു മോഹമായി തീർന്ന് ഫാൻസി ഡ്രസ്സ് അണിഞ്ഞെത്തുന്ന ആദ്ധ്യാത്മിക വേഷധാരികൾ. ലോകം നന്നാക്കാൻ, അറിയാതെ ഇറങ്ങിപ്പുറപ്പെടുന്ന സംഘടനാ നേതാക്കന്മാർ. ഈ വിഷമവൃത്തങ്ങളുടെ നടുക്കയത്തിൽ അറിവിന് ആഗ്രഹിച്ച് ഓടിച്ചെന്ന്, ഈ അഗ്നിയിൽ ഈയാംപാറ്റകളെപ്പോലെ എരിഞ്ഞടങ്ങുന്ന കുഞ്ഞുങ്ങൾ.
പരിഷ്ക്കാരവും പ്രതിഭയും, കൂട്ടലുകളും കിഴിക്കലുകളും, പ്ലാനിങ്ങുകളും നിറഞ്ഞ ലോകം. ചൈതന്യം എന്തെന്നറിയാത്ത ഈ നെട്ടോട്ടം. ഒരുദാഹരണം മതി എന്നു തോന്നുന്നു. നിങ്ങളുടെ എല്ലാ രോഗങ്ങളും അതിന്റെ ഉല്പത്തികളും, അതിന്റെ മൂല കാരണം രാഗാദികളായ ഈ മനഃസംവേഗങ്ങളും അവയ്ക്ക് മൂലപ്രകൃതികളായ ഈ പലായനാദികളുമാണ്. ഇവിടെയാണ് വാഗ്ഭടൻ രാഗാദിരോഗാൻ എന്ന്, രാഗമാണ് രോഗത്തിന്റെ ആദി എന്ന്, രാഗം തുടങ്ങിയ രോഗങ്ങളെന്ന് അല്ല ആദിയുടെ അർത്ഥം,(12.21 mts/26.24), രാഗം മൂലമായ രോഗങ്ങൾ, ആദി=മൂലം, തിരിച്ചായിരിയ്ക്കും …തിരിച്ചായിരിയ്ക്കും സങ്കല്പിച്ചത്.. അഥവാ പഠിച്ചത്. …പഠിപ്പിച്ചത്. രാഗം മൂലമായ രോഗം …എല്ലാ രോഗങ്ങളുടെയും ആദി കാരണം രാഗമാണ്. എല്ലാ രോഗങ്ങളുടെയും…. accident ഉൾപ്പെടെ. അതല്ലേ ചോദിയ്ക്കാനായിട്ട് വെമ്പൽ കൊള്ളുന്നത്. അതൊക്കെ പെട്ടെന്ന് ചോദിയ്ക്കാവുന്ന സംശയം അതെങ്കിലും മാറുകേലേ സ്വാമീ എന്നല്ലെ.
കാവ്യകലയുടെ ഈ മർമ്മം, ശൈവതന്ത്രജ്ഞന്മാർ രൂപപ്പെടുത്തുമ്പോൾ യുഗചേതന മുഴുവൻ അതില് നൃത്തം ചെയ്യുന്നുണ്ട്. ഈ ഒരു മതം സമസ്ത മതങ്ങളെയും സ്വാംശീകരിയ്ക്കുന്നുമുണ്ട്. ഇത്രയും വിപുലമായ ഒരു സമ്പത്തിന്റെ, പൊട്ടിക്കഴിഞ്ഞ ഓലപ്പടക്കത്തിലെ മരുന്ന് എടുത്ത് കത്തിച്ചാൽ പോലും നിങ്ങളുടെ വെടിക്കെട്ടിനെക്കാൾ ഗംഭീരമാണ്. (13.41 mts)
അമ്പലപ്പറമ്പിൽ ഒക്കെ ഈ വെടിക്കെട്ട് കഴിയുമ്പോൾ പൊട്ടാത്ത ഒലപ്പടക്കം കിടക്കും. അത് കൊണ്ടുപോയിട്ട് കത്തിയ്ക്കുന്നവർ. …..അത് നിങ്ങളുടെ അമിട്ടിനേക്കാൾ വലുപ്പത്തിൽ പൊട്ടിയാൽ, പിന്നെ അതിലെ വലിയ (വല്യ) വെടിക്കെട്ടിന്റെ കഥ എങ്ങിനെയാ പറയുക. അതുകൊണ്ട് അവര് വളരെ ആഴത്തിൽ ….അതില് പഠിയ്ക്കാൻ ഒത്തിരിയുണ്ട്…..സമയക്കുറവ് കൊണ്ടാണ്…പലതും ചുരുക്കിയത്…നിർവേദവും ഗ്ലാനിയും ശങ്കയും ദൈന്യവും അസൂയയും മതവും സമവും ആലസ്യവും ചിന്തയും മോഹവും സ്മൃതിയും വൃത്തിയും വ്രീഡയും ചപലതയും ഹർഷവും ആവേഗവും ജഡത്വവും ഗർവ്വും എല്ലാം പഠിയ്ക്കാൻ കിടപ്പുണ്ട്. അതൊക്കെ ഒന്നിച്ച് ഇറങ്ങി നിരന്നുനിന്നാൽ ചില്ലറയൊന്നുമല്ല. (14.32 mts)
ദൃഷ്ടം …അദൃഷ്ടം …ദൃഷ്ടാ(അ)ദൃഷ്ടം…. മൂന്ന് സംവേദനങ്ങളിൽ … ഒന്ന്…. നിങ്ങളുടെ കോശങ്ങളും കോശാന്തരങ്ങളും നിങ്ങൾ ചെയ്തുകൂട്ടിയതിന്റെ സ്മരണ വയ്ക്കുമ്പോൾ … ഒരു accident-നെ ആഗ്രഹിച്ചു വരുത്തുന്നു. നിങ്ങൾ ആഗ്രഹിച്ചു വരുത്തുന്നു. രണ്ട് … അതല്ലാതെ നിങ്ങൾക്ക് ആ അവസ്ഥയെ തരണം ചെയ്യാൻ പറ്റില്ലാ എന്നുള്ളതുകൊണ്ട് നിർബന്ധപൂർവ്വം വരുത്തുന്നു. മൂന്ന് ….നിങ്ങൾ എന്നോ ആഗ്രഹിച്ചിട്ട് ഇന്ന് ആഗ്രഹിയ്ക്കാത്തപ്പോൾ അദൃഷ്ടമായി ആവിർഭവിയ്ക്കുന്നു.
Accidents
ഞാന് പറഞ്ഞത് … ഒരു ആക്സിഡന്റ് എങ്ങിനെ ഇരിയ്ക്കും … ഇതുവരെ ഒന്ന് കണ്ടില്ലല്ലോ …ഞാനിതുവരെ അതിൽ പെട്ടില്ലല്ലോ…ഇപ്പം പല ആക്സിഡന്റായി ഞാൻ വന്ന് കാണുന്നു …എന്നൊക്കെ വിചാരിച്ചു കൊണ്ടു പോയി കാണുകയും …അതിന് സാഹചര്യം അന്നേരം ഒരുങ്ങുന്നത് ഇല്ലാതിരിയ്ക്കുകയും പിന്നെ ഒരുങ്ങുമ്പോൾ ഉണ്ടാവുകയും ചെയ്യുന്നു. അന്ന് ആഗ്രഹിച്ചത്, ഇന്ന് ദൃഷ്ടം അല്ലാത്തത്, സംഭവിയ്ക്കുന്നു എന്നാ പറഞ്ഞത്. ഭൂകമ്പം ഉണ്ടായാലും ആക്സിഡന്റ് ഉണ്ടായാലും അതിൽ പെടുന്നവരിൽ എല്ലാവരും പോകില്ല. അപ്പോൾ അവര് ആഗ്രഹിക്കില്ല. പെടുന്നവർ ആഗ്രഹിച്ചിട്ടുണ്ട്. (ആരോ പറയുന്നു….) …ങ്ഹ ആ സമയത്തല്ല ആഗ്രഹിച്ചത് … മുമ്പ് ആഗ്രഹിച്ചവർ… ഇപ്പോൾ ആഗ്രഹിച്ചവർ…(ആരോ പറയുന്നു…..ചത്താൽ മതിയെന്ന്….)…ങ്ഹ …അങ്ങിനെ പറഞ്ഞത് ഒക്കെ കൂടെ കൂടി സമയം ആകുമ്പോഴേയ്ക്ക് ഒന്നിച്ച് ഇങ്ങ് വരുന്നു…
ദൃഷ്ടാ(അ)ദൃഷ്ടം…അതിന്റെ coincidence ആണ്. അതായത് കുറെപ്പേർക്ക് ദൃഷ്ടവും, മറ്റ് ചിലർക്ക് അദൃഷ്ടവുമായത് ഒന്നിച്ച്. അത് അതിന്റെ സംഭവത്തില് നിങ്ങളുടെ ബോധം മറയുന്ന രീതി. അതിന് പല അളവുകോലുണ്ട്. അത് ഭൗതികമായി പല അളവുകോലുണ്ട്. ആക്സിഡന്റില് രണ്ടു തരം ഡ്രൈവിങ്ങ് ഉണ്ട്. cat driving and dog driving.
Cat Driving and Dog Driving
വഴിയിൽ ഏറ്റവും കൂടുതൽ ചത്തു കിടക്കുന്നത് പൂച്ചയാ. പട്ടിയേക്കാൾ…പൂച്ചയെ ആണ് ഒരിക്കലും കേറ്റി കൊല്ലുകേലാത്തത്. പൂച്ച ഒരിക്കലും തിരിച്ച് ഓടുകേല. പട്ടി മാത്രമേ തിരിച്ചോടൂ. കാരണം നിങ്ങൾക്ക് observation വളരെ മോശമാണ്. പൂച്ച…പൂച്ച ഓടുന്നത് മഹാജാഗ്രത്തിലാണ്. ലക്ഷ്യം കുറിച്ച പൂച്ച ഒരിക്കലും പിൻതിരിയില്ല. നേരെ ഓടുകയേ ഉള്ളൂ. പിൻതിരിയുന്നത് വളരെ അപൂർവ്വമാണ്.
പട്ടി തന്റെ ഏത് വേഗതയിൽ ഓടുന്നോ ….വേഗതയും വണ്ടിയുടെ വേഗതയും calculate ചെയ്തിട്ട് തിരിയും. വണ്ടി മുട്ടിയാലും വണ്ടിയ്ക്ക് കേടല്ലാതെ പട്ടിയ്ക്ക് കേട് വരുന്നത് വളരെ അപൂർവ്വവുമാണ്. കാർ ഒക്കെ ആണെങ്കിൽ radiator പോയതു തന്നെ ഫലം. പട്ടിയുടെ എല്ല് നല്ല ബലമുള്ളതാ.
അപകടം നേരത്തെ അറിഞ്ഞാൽ സ്പീഡ് കുറയ്ക്കുകയോ മര്യാദയിലേയ്ക്ക് മടങ്ങുകയോ ചെയ്യുന്നതിനാണ് ഡോഗ് ഡ്രൈവിങ്ങ് എന്നു പറയുന്നത്. അപകടം കണ്ടാലും … ഇല്ല… micrometer-ൽ കടന്നു പോകുമെന്ന് തീരുമാനിച്ച് വാശിയിൽ കടക്കുന്നതാണ് cat driving. അത് അപകടം പറ്റിയില്ലെങ്കിലും അതിനകത്ത് ഇരിയ്ക്കുന്നവന്റെ ജീവിതം പോക്കായതുതന്നെയാണ്. ഇത് ഡ്രൈവിങ്ങില് രണ്ട് രംഗങ്ങളാണ്.
ചിലർക്ക് അന്യന്റെ ഹൃദയമിടിപ്പ് കേൾക്കുന്നത് ഇഷ്ടമാണ്. അങ്ങിനെയുള്ളവരാ അങ്ങിനെ പറത്തി വിടുന്നത്. എന്നിട്ട് ചോദിയ്ക്കും. ഇപ്പം ഹൃദയമിടിപ്പ് എത്ര വേഗതയിൽ ആയെന്ന്. ചിരിച്ചോണ്ട്. അതുകൊണ്ട് അപകടങ്ങളും രാഗാദികളാലാണ്. ഏത് അപകട സന്ധിയിൽ വച്ചും നിങ്ങളുടെ ബോധം അപകടത്തെ തീരുമാനിയ്ക്കുന്നില്ലെങ്കിൽ, പണ്ട് തീരുമാനിച്ചിട്ടില്ലെങ്കിൽ അതിൽ വീഴില്ല. അവിടെയും മരണപ്പെടാത്തവരുണ്ട്. ഒരു രോഗവും ഇല്ലാത്തവർ ഉണ്ട്. മരണപ്പെട്ടവർ ഉണ്ട്…രോഗികളും ഉണ്ട്… മരിച്ചവർ ആഗ്രഹിക്കുകയും, ഇടുന്നവർ ഇടുകയും ചെയ്യുമ്പോഴേ മാത്രമേ സംഭവിയ്ക്കുകയുള്ളൂ എന്നാ പറഞ്ഞെ.
മരണം
രാഗം മാത്രമാണ് എല്ലാ രോഗവും. അതിന്റെ മൂല കാരണം അതാണ്. (19.34 mts) യോജിയ്ക്കണ്ട കാര്യം ഇല്ല. കാരണം എന്താണെന്നു വച്ചാൽ ആക്സിഡന്റ് ഉണ്ടാകുന്നത് അതുകൊണ്ട് മാത്രമാണ് എന്നല്ല പറഞ്ഞതിന്റെ അർത്ഥം. നിങ്ങൾ ഒരിക്കൽ ആഗ്രഹിയ്ക്കാതെ അത് ഉണ്ടാകുന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. അല്ലെങ്കിൽ ആരെങ്കിലും അങ്ങിനെ ഞാൻ ആഗ്രഹിച്ചിട്ടേ ഇല്ല ജീവിതത്തിൽ ഒരിക്കൽ പോലും എന്നുപറയുന്ന ഒരാളെ കണ്ടു പിടിച്ചിട്ട് പറഞ്ഞോ. അതിപ്പോൾ എളുപ്പമുള്ള കാര്യം അല്ലേ…..വലിയ വിഷമം ഒന്നും ഇല്ലല്ലോ… ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ഇത് ആഗ്രഹിച്ചിട്ടില്ല. എന്ന് വാക്കാൽ പറയുമ്പോൾ, അടുത്ത് മക്കളോ ബന്ധുക്കളോ നില്പുണ്ടെങ്കിൽ …പണ്ടൊരിക്കൽ ആഗ്രഹിച്ചതല്ലേ….എന്നു പറയാൻ ഇല്ലാത്തപ്പം നമ്മുക്ക് തീരുമാനിയ്ക്കാം….
ആഗ്രഹം എന്നു പറയുന്നത് സ്ഥൂലം സൂക്ഷ്മം കാരണം എന്ന് മൂന്ന് ആഗ്രഹമുണ്ട്. മനുഷ്യന് എപ്പോഴെല്ലാം ദുഃഖം വരുമോ, അപ്പോഴെല്ലാം മരണം ആഗ്രഹിയ്ക്കുന്നു. എപ്പോഴെല്ലാം മരണം ആഗ്രഹിയ്ക്കുമോ, അപ്പോഴെല്ലാം….മരണം വരാൻ തുടങ്ങുമോ … അപ്പോഴെല്ലാം ജീവിയ്ക്കാൻ ആഗ്രഹിയ്ക്കും. ഈ വൈപരീത്യം മനുഷ്യന്റെ സ്വഭാവമാണ്. ഏതെല്ലാം സമയത്ത് ദുഃഖം വരുമോ …അപ്പോഴൊക്കെ മരിയ്ക്കാൻ ആഗ്രഹിയ്ക്കും. ആഗ്രഹിച്ച മരണം മുഖാമുഖം എത്താൻ തുടങ്ങുമ്പോൾ ജീവിയ്ക്കാൻ അഭിനിവേശം ഉണ്ടാവും. ഈ വൈപരീത്യം മനുഷ്യ സ്വഭാവമാണ്. അത് തിരിച്ചറിഞ്ഞാൽ ഇത് എളുപ്പം പിടി കിട്ടും. എനിയ്ക്കൊന്ന് മരിച്ചാൽ മതിയെന്ന് പറയുന്നവന്, മരണം ഉണ്ടാക്കിയേക്കുവെന്ന് തോന്നിയ ഒരു രോഗം വന്നാൽ, ഒരു ഡോക്ടറ് പോരാ, രണ്ട് ഡോക്ടറ് പോരാ….ഒരു വൈദ്യശാസ്ത്രം പോരാ…വേറൊരു വൈദ്യശാസ്ത്രം പോരാ…കാരണം എങ്ങിനെയും ജീവിയ്ക്കണം. അങ്ങിനെ …അങ്ങിനെ ഒരു ശരികേടിൽ നിന്നാണ് ഈ ശരി ഉണ്ടാകുന്നത്. മരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു എന്ന ശരിയിൽ നിന്നാണ് മറ്റേത് ഉണ്ടാകുന്നത്. മരിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ശരി അവിടെ ഉണ്ടെങ്കിൽ മറ്റേത് ഉണ്ട്. ആ മരിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ശരിയിൽ നിന്ന് അത് ഉണ്ടാകുമ്പോൾ, ജീവിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വേറൊരു ശരി വരുമ്പോഴാണ് അതില്ലെന്ന് തോന്നുന്നത്. അതാണ് അതിന്റെ പ്രഹേളിക.
ജീവിതം ഒരു തുടർച്ച…..
ജീവിതത്തെ സംബന്ധിച്ചിടത്തോളം എപ്പോഴെല്ലാം ലാഘവം നഷ്ടപ്പെടുന്നുവോ എപ്പോഴെല്ലാം ദുഃഖം വരുന്നുവോ, അപ്പോഴെല്ലാം പലായന മനോഭാവമുള്ള മനസ്സ് ഒന്ന് മരിച്ചാൽ മതിയെന്ന് ആഗ്രഹിയ്ക്കും. രഹസ്യമായും പരസ്യമായും. ആ ആഗ്രഹിയ്ക്കുന്ന നിമിഷത്തിൽ തന്നെ …(ആരോ ചോദിയ്ക്കുന്നു…കുട്ടികൾ..) …കുട്ടികൾ ചെറുതാണ് എന്നുള്ളതുകൊണ്ട് ബോധം ചെറുതാണ് എന്ന് ധരിയ്ക്കരുത്. കുട്ടികൾ ചെറുതാണ് എന്നുള്ളതുകൊണ്ട് ബോധം ചെറുതാണെന്നോ, കുട്ടി ജനിച്ചതിനു ശേഷം മാത്രമാണ് ആ ബോധമെന്നോ ധരിയ്ക്കരുത്. ജീവിതം ഒരു തുടർച്ചയാണെന്നും, …….ജീവിതം ഒരു തുടർച്ചയാണെന്നും, അതിൽ ഒരു ആനുവംശിക കഥാപാത്രം ഉണ്ടെന്നും, ഞാൻ ജനിയ്ക്കുന്നതിനു മുമ്പുതന്നെ എന്റെ അച്ഛനിലും അമ്മാവനിലും ഒക്കെ ഇരുന്നിട്ടുള്ളതായ ബീജഭാഗ അവയവമാണ് ഞാനായി തീർന്നതെന്നും, അത് പൂർണ്ണമാണെന്നും ധരിയ്ക്കണം. ആ ധാരണയിലാണ് ഈ ഉത്തരം കിട്ടുക.
മറ്റേ ധാരണയിലാണ് … ഇന്നലെ ജനിച്ചേ ഉള്ളൂ … ബോധം ഇപ്പോഴാ ഉണ്ടായതെങ്കിൽ ഈ പറഞ്ഞത് തെറ്റുമാണ്. ക്ലിയർ. ഈ സിദ്ധാന്തം… ഈ സിദ്ധാന്തം അതിന് അനുസരിച്ചാണ്. ബീജഭാഗ അവയവം അംഗീകരിയ്ക്കാത്ത, ജനിതകത്തെ അംഗീകരിയ്ക്കാത്ത… ഒരുത്തൻ ജനിച്ചേ ഉള്ളൂ… അവന് ഇനി ബോധം വരാൻ പോകുന്നേയുള്ളൂ… അതിന് മുൻപ് ബോധം ഒന്നും ഉണ്ടായിരുന്നില്ല….മുമ്പത്തെ ഓർമ്മകൾ ഒന്നും ഇല്ല എന്നൊരു സിദ്ധാന്തത്തിൽ നിന്നുകൊണ്ട് നമ്മൾ പഠിച്ചാൽ ഞാൻ ആദ്യം പറഞ്ഞത് തെറ്റ് തന്നെയാണ്. അതിന് ശങ്ക വേണ്ട.
രണ്ടാമത്തേത് അംഗീകരിയ്ക്കുന്ന ശാസ്ത്രലോകത്തിൽ നിന്നു നോക്കുമ്പോഴാണ് ഇത് ശരിയാകുന്നത്. ഏതാണ് ശരിയെന്ന് നിങ്ങൾ ആലോചിച്ച് തീരുമാനിച്ചുകൊള്ളുക. അതില് എനിയ്ക്ക് പിടിവാശിയില്ല. കാരണം രണ്ടിന്റെയും സങ്കല്പം രണ്ടാണ്. ഏത് മനുഷ്യനും അവന് ദുഃഖം വരുമ്പോൾ പലായനത്വം ഉണ്ടാവുകയും, മൃത്യുവിന് ആഗ്രഹിയ്ക്കുകയും ചെയ്യും. ആഗ്രഹിച്ച മൃത്യു അടുത്തെത്തും എന്നു സംശയം തോന്നുന്ന …ഒരു കാല് മുറിഞ്ഞാൽ …എത്രയാണോ ആഗ്രഹിച്ചത് …അത്രയും കൂടുതൽ അഭിനിവേശം ഉണ്ടാവും.
സാധാരണ ഒരു രോഗം വന്നാൽ ഒരു ഡോക്ടറ് ഒന്ന് നോക്കിയാൽ മതി. ഇവൻ മുമ്പ് മരണം ആഗ്രഹിച്ചതു കൊണ്ട് ഇവന്റെ അനുഭവത്തിൽ മൃത്യു കിടന്നു ഭയപ്പെടുത്തുന്നതു കൊണ്ട് ഒരാളിരുന്ന് കാല് തലോടിയാൽ പോരാ. അച്ഛൻ തലോടണം …അമ്മ തലോടണം…ഭാര്യ തലോടണം…മക്കള് തലോടണം…സകലരും ഇരുന്ന് തലോടണം. ഇവരൊക്കെ ഇരുന്ന് തലോടിയാലും ഇവന്റെ വേദന ശതഗുണീഭവിയ്ക്കും. കാലൊന്ന് മുറിഞ്ഞിട്ട് ഇത്ര അധികം വേദനയോ എന്ന് വീട്ടുകാര് വിചാരിയ്ക്കും. ഇപ്പം ചാകുമെന്നാ പറയുന്നത്… കാരണം ഇവൻ ആഗ്രഹിച്ചതാ ഇവിടെ പ്രവർത്തിയ്ക്കുന്നത്. അപ്പോഴാണ് ഒരു ഡോക്ടറെ വിളിച്ചുകൊണ്ടു വരും. മരുന്നു കൊടുക്കും..വേദന മസ്തിഷ്ക്കത്തിൽ ബോധമായി കിടക്കുന്നതുകൊണ്ട് ആ മരുന്ന് ഒന്നും വേദനയെ കുറയ്ക്കില്ല. ആ മരുന്നങ്ങ് കഴിച്ചു….ഡോക്ടറ് അങ്ങ് ഇറങ്ങിപ്പോകുമ്പോഴയ്ക്ക് ഇതുകൊണ്ട് പറ്റുകേല എന്ന് പറയും. അയാൾക്ക് വിവരമില്ല എന്നു പറയും. …ഡോക്ടർക്ക് ….അയാൾ ലോകോത്തരനാണ്…. international ആണ്…എഷ്യയിൽ ഒന്നാമനാണ് എന്നൊക്കെ ബന്ധുക്കള് പറയുമ്പോൾ … അതങ്ങ് പള്ളീൽച്ചെന്ന് പറഞ്ഞാൽ മതി….വേദന എനിയ്ക്കാ ഉള്ളത്. … ഏഷ്യയിൽ ഒന്നാമനായിരിയ്ക്കും …പക്ഷെ എന്റെ വേദന എനിയ്ക്കേ അറിയുകയുള്ളൂ… വിളിച്ചോണ്ടു വാ മറ്റവനെ എന്ന് പറയും. വിളിച്ചുകൊണ്ടു വരും. ഡോക്ടറെ എനിയ്ക്ക് വേദനയാ. കുഴപ്പമാണ്. പിന്നെ ചില വില്ലന്മാര് വന്ന് പതുക്കെ തൊട്ട് തലോടി അകത്ത് കേറ്റി കൊണ്ടുപോയിട്ട് പറയും…ഇപ്പോഴെങ്ങും ചാവുകില്ല… എല്ലാം ക്ലിയറാണ്… ഇല്ലാത്ത പരിശോധന ഒക്കെ കുറെ നടത്തിയിട്ട് പറയും…എല്ലാം ക്ലിയറാണ്….ഇത്രയും ക്ലിയറായിട്ട് ഒരെണ്ണം കണ്ടിട്ടില്ല. ഈ വേദന ഒരു ചെറീയ കുഴപ്പമാണ്. അത് മാറ്റിത്തരാം എന്നു പറഞ്ഞ് കൊടുത്തു കഴിഞ്ഞാൽ …പിന്നെ ഒരുമാതിരി ശാന്തമായിട്ട് അവിടെ കിടന്ന് ഉറങ്ങും. അതിനു കാരണം ജീവിയ്ക്കാനുള്ള അഭിനിവേശമാണ്. അത് ആ അഭിനിവേശം കൂടുന്നത് മൃത്യു ആഗ്രഹിച്ചവരിലാണ്.
വികാര ജീവികൾ തെരുതെരെ മരിയ്ക്കുകയും തെരുതെരെ ജീവിയ്ക്കുകയും ചെയ്യുന്നവരാണ്. ഒരു മരണമല്ല … ഒരായിരം മരണം…എല്ലാ ആപത്തുകളും അവർക്ക് മരണമാണ്. (25.40 -end of vid clip no 32)
തുടരും…….
More articles and discourses are available at nairnetwork.in
Introduction to social media
The Vedas provide knowledge about Devatas. The beginning verse in RigVeda is that of Agni ……
ജീവിതം ഒരു തുടർച്ചയാണ്…..
എല്ലാ രോഗങ്ങളുടെയും ആദി കാരണം രാഗമാണ്…..
Unique Visitors : 31,305
Total Page Views : 47,035
