Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no 15 (33.52 mts ….രസാസ്വാദനത്തിലെ വിവിധ തലങ്ങൾ….. )
സഹൃദയത്വവും രസവും
…..(first word not clear…..) സാക്ഷീരൂപത്തിൽ ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ല…. ഇത് …ങ്ഹ്… വിഷയങ്ങളിൽ പ്രതിപത്തി വരുമ്പോൾ….. ചിലര് ചെന്നു ചാടുമ്പോൾ, ആ വിഷയം അസ്തമിയ്ക്കുകയും, അന്യൻ അസ്തമിയ്ക്കുകയും, തടസ്ഥങ്ങൾ അസ്തമിയ്ക്കുകയും, സ്വാർത്ഥ പരായണൻ ആകാതിരിയ്ക്കുകയും, എന്റെയെന്നോ അപരന്റെയെന്നോ, വിഷയത്തിന്റെയെന്നോ പറയാനാവാത്ത ഒരു മുഹൂർത്തം സംജാതമാകുന്ന ഒരു വേളയിൽ ആത്മവിസ്മൃതനാകുന്ന അവൻ ആനന്ദതുന്ദിലനായി അനുഭവിയ്ക്കുന്നതാണ് രസം – എല്ലാ വിഷയ രസങ്ങളും. കവിത ആസ്വദിയ്ക്കണമെങ്കിൽ, കഥകളി ആസ്വദിയ്ക്കണമെങ്കിൽ, കല ആസ്വദിയ്ക്കണമെങ്കിൽ ഒക്കെ ഇവൻ മാത്രമാണ് സഹൃദയൻ. ഇതിൽ ഏതിലെങ്കിലും പെട്ടാൽ അവൻ സഹൃദയൻ അല്ല.
ഏകാന്തത vs കൂട്ടായ്മകൾ
സഹൃദയത്വം ഇല്ലാത്തവൻ ഒരിയ്ക്കലും ആനന്ദിയ്ക്കാതിരിയ്ക്കുകയും അന്യനെ ആനന്ദിയ്ക്കാൻ വിടുകയുമില്ല. അതുകൊണ്ട് സഹൃദയന്മാർ വിഷയലോകങ്ങളിൽ നിന്ന് എങ്ങിനെയാണ് കേവലമായ ആനന്ദം അനുഭവിയ്ക്കുന്നതെന്ന് നന്നായി അറിയുന്നവനായതുകൊണ്ട് ഏകാന്തതയിലേ ആ രസം നുകരൂ. കൂട്ടായി ഒരിക്കലും പോവില്ല. അവന് correct ആ തേൻ നുകരാൻ അറിയാം. ആ വിഷയങ്ങൾ അവനെ തേടി വരുകയാണോ ചാരിതാർത്ഥ്യം അടയാൻ, അവൻ അവയെ തേടി പോവുകയാണോ എന്നതു പോലും അജ്ഞാതമാണ്. (ആരോ ചോദിയ്ക്കുന്നു….. താദാത്മീകരണം…. ) താദാത്മീകരണം പ്രാപിയ്ക്കുമ്പോൾ ആ വസ്തുവായി മാറുന്നു… ആനന്ദരസം നുകരില്ല. അത് പരിമിതിയാണ്. (2.06 mts)…അത് വളരെ വളരെ വളരെ കൃത്യമായാണ് കാശ്മീരി തന്ത്രജ്ഞന്മാര് നമ്മോട് പറഞ്ഞു തന്നിട്ടുള്ളത്.
അതുകൊണ്ട് വിഷയത്തോടുള്ള നമ്മുടെ വീക്ഷണം തടസ്ഥമായിരിയ്ക്കുമ്പോൾ അതിന്റെ പ്രഭാവത്തിൽ നിന്ന് നാം ഒരിക്കലും മുക്തരാവില്ല. ഇത് നമ്മുടെ കാര്യം അല്ലാ എന്ന് അറിയുമ്പോഴും, അത് നമ്മുടെ അല്ല എന്ന് കണ്ടിട്ടാ അറിയുന്നത്. ഇദം വൃത്തി ഉണ്ടായി കഴിഞ്ഞാണ് നമ്മുടെ അല്ലാ എന്നറിയുന്നത്. അപ്പോൾ നമ്മളെ അതീന്ന് പിൻവലിയ്ക്കുന്ന സമയത്ത് അത് നമ്മുടെ അല്ലാ എന്ന് അറിഞ്ഞ് കഴിഞ്ഞാലും നമുക്ക് അത് ഉപേക്ഷിയ്ക്കാൻ ആവില്ല. ഇങ്ങിനെ ഇരിയ്ക്കുന്ന യോഗിമാരും സ്വാമിമാരും ഭക്തന്മാരും ഒക്കെ ഒരുപാട് ഉണ്ട് നമ്മുടെ രാജ്യത്ത്.
രസം നുകരാതെ അത് നമ്മുടെയല്ല എന്ന മട്ടില് ഉദാസീനരായിട്ട്, എന്റെ കാര്യമല്ല… അവിടെ രണ്ട് പേര് നിന്ന് വർത്തമാനം പറയുന്നു…. എന്റെ കാര്യമല്ല … ഉദാസീനതയോടെ പോന്നിട്ട് പതുക്കെ കുറച്ചു കഴിയുമ്പം അസ്വസ്ഥനായി വേറെ ഒരാളോട് ചോദിയ്ക്കും… എന്താ അവര് പറഞ്ഞത്… എന്നിട്ട് അവിടുന്ന് സൂത്രത്തിൽ അവൻ ചേർത്ത കഥകളും കൂടെ കേട്ട് കേട്ടിട്ട് പിന്നെ സിദ്ധനായി മറ്റവനോട് പറയും… ഇതാ ഈ കാലഘട്ടത്തിലെ സിദ്ധി. രസാനുഭൂതി അല്പം പോലും ഇല്ലാത്ത, ആനന്ദരസം നുകരാൻ അറിയാത്ത, തന്റേതല്ലെന്ന് അറിഞ്ഞ് ഉപേക്ഷിച്ചിട്ടും ഉപേക്ഷിയ്ക്കാതിരിയ്ക്കുന്ന വിഷയങ്ങൾ, ആനന്ദം തരാതെ ഒട്ടു വളരെ വിഷയങ്ങളുടെ ശവപ്പറമ്പായി ജീവിയ്ക്കുന്ന മൃതജീവികളെ കൊണ്ട് നിറഞ്ഞതാണ് മതങ്ങളും സംസ്കാരങ്ങളും ഇന്ന്.
ഒരാൾക്കും … എത്ര മസ്സില് പിടിയ്ക്കുന്നവനും ഒരു വിഷയം എന്റേയല്ല അന്യന്റേതാണ് എന്ന് തോന്നിക്കഴിഞ്ഞാൽ ഉപേക്ഷിയ്ക്കാൻ കഴിയുമെന്നാണ് പരക്കെ നാം പറഞ്ഞു പരത്തുന്നത്. ഒരിക്കലും പറ്റില്ല. ഇതൊക്കെ അറിഞ്ഞിട്ട് വേണം സാധന തുടങ്ങാൻ തന്നെ. ഇതൊക്കെ അറിഞ്ഞ് അനുഭവിച്ച് കൃത്യമായി observe ചെയ്ത്, ആയിരം കാര്യങ്ങളിൽ ഒന്നിനു പോലും exception ഇല്ലെന്ന് ബോദ്ധ്യപ്പെട്ടവരാൽ രചിയ്ക്കപ്പെട്ടതാ. അതിൽ നിന്ന് ഒരു exception ആണ് ഞാൻ എന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ട് നമുക്കെങ്കിൽ എഴുന്നേറ്റ് പറയാം. ഞാനിതിന് clear exception ആണ്… ഞാൻ ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചതാണ്. അത് അകത്ത് തത്തിക്കളിയ്ക്കും. വർഷങ്ങള് കഴിഞ്ഞാലും ആവിർഭവിച്ച വിഷയം എവിടെയോ നമ്മളുടെ രൂപാന്തരം പ്രാപിച്ച് ഉറങ്ങിയും ഉണർന്നും കിടക്കും. ഉറങ്ങിക്കിടക്കും എന്നല്ല. ഉണർന്ന് കിടക്കും എന്നല്ല. ഉറങ്ങിയും ഉണർന്നും കിടക്കും. ഇടയ്ക്കിടയ്ക്ക് ഉണരും. (5.29 mts/33.52 mts) ഇടയ്ക്കിടയ്ക്ക് ഉറങ്ങും. പരസ്പരം ഒന്നു കണ്ടു മുട്ടിയാൽ മതി. പൂർവ്വകാലീനമായ കാഴ്ചകൾ മുഴുവനും, അനുഭവങ്ങൾ മുഴുവനും, അതിൽ ഇത്രയും കാലം കൊണ്ട് അകത്ത് സുപ്തമായി ഉണ്ടാക്കിയ അനുഭൂതികൾ മുഴുവനും ചേർത്ത് ഒരു ലോകമാ കണ്ടുമുട്ടുന്നത്.
ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ ഉദാഹരണം ഒരു അല്പം കൂടി വിപുലീകരിച്ചാൽ അന്ന് മുരിക്കെ കേറുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ അമ്പതു കൊല്ലം കഴിഞ്ഞ് ഓർക്കുമ്പോൾ, മുരിക്കെ കേറിയതും തോല് പോയതും മാത്രമല്ല, അത്രയും കാലം കൊണ്ട് വേറൊരു വിവാഹം കഴിച്ച് ഭാര്യയോടൊപ്പവും ഭർത്താവിനോടൊപ്പവും ജീവിച്ചിട്ടുണ്ടെങ്കിൽ ആ ജീവിതത്തിൽ തികയാത്ത മാസ്മരികത മുഴുവൻ ഇതിൽ ചേർത്ത് കാണും. അത്രയും ഗഹനമാണ്. അന്ന് ഞങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ ഞാനൊരു വലിയ മഹത്വത്തിലേയ്ക്ക് എത്തുമായിരുന്നു, ഞാൻ വലിയൊരു മഹാനായി തീരുമായിരുന്നു, അവൾ ഒരു മഹതിയായി തീരുമായിരുന്നു, അതിന് പകരം ഞാൻ ചെന്നു വീണത് ഈ ലോകത്ത് ആയിപ്പോയല്ലോ, അവൾ ചെന്നു വിണത് ആ ലോകത്ത് ആയിപ്പോയല്ലോ, എന്നെല്ലാം ചിന്തിച്ച് അവിടം മുതലുള്ള മുഴുവൻ കർമ്മ കൗശലങ്ങളും ഇതിനോട് ചേർത്ത് വച്ച് ഒരു ലോകം സൃഷ്ടിച്ചായിരിയ്ക്കും ഇന്ന് കാണുന്നത്. (7.00 mts) അമ്പതു കൊല്ലം മുമ്പാണ്. ജോലിയ്ക്കു വേണ്ടി പയ്യന്നൂര് വന്നു പോകുമ്പോഴാണ് കണ്ടത്. ഇപ്പോൾ എറണാകുളത്തുനിന്നോ തിരുവനന്തപുരത്തുനിന്നോ വന്ന് ഈ ക്ലാസ്സിൽ ഇരിയ്ക്കുമ്പോൾ just ഒന്ന് കാണുന്നേ ഉള്ളൂ. കാണുമ്പം ഈ അമ്പതു കൊല്ലത്തിന്റെ വളർച്ചയും ചേർത്താണ് എന്റെ അല്ലാ എന്ന് അന്ന് തീരുമാനിച്ച വിഷയം ആകാരം പൂണ്ട് സജീവമായി ഉണർന്നും ഉറങ്ങിയും പോന്നു പോന്ന് അതിന് സമാനമായത് കണ്ടപ്പോഴൊക്കെ ഉണർന്ന് അതിലേയ്ക്ക് സംഭാവനകൾ അർപ്പിച്ച്, എല്ലാ സംഭാവനയും പലിശയും എല്ലാം ചേർന്ന് വലിയ ഒരു ആകാരം പൂണ്ട് ഇന്നു നിക്കുന്നത്. അതുകൊണ്ട് കുത്തു പാള എടുക്കും. രസകരമാണ് ഈ ലോകം.
ഇടയ്ക്കിടയ്ക്ക് നിങ്ങള് ഇതിൽ നിന്ന് ഊരി വരുമ്പോൾ നോക്കുമ്പോഴ്…. എപ്പോഴും ഇത് ഇരിയ്ക്കുകയില്ലല്ലോ. നിങ്ങൾ ഇങ്ങിനെ ഈ വാസനയും അറിവും ഒക്കെ ആയിട്ട് അത് ഉറങ്ങാൻ തുടങ്ങുമ്പോൾ വേറൊരുത്തൻ എടുക്കുമ്പോഴേയ്ക്ക് അറിയാതെ നിങ്ങള് ആ ഊരി നിന്ന് നോക്കുമ്പം ഇത് ഒരു രസമാണ്. ഇടയ്ക്കിടയ്ക്ക് രസം അനുഭവിയ്ക്കലും ഇടയ്ക്കിടയ്ക്ക് വീഴലുമായി നിങ്ങൾ ഉന്തിയും തള്ളിയും പോവുമ്പോൾ രസം നിങ്ങൾക്കും അല്പാല്പമായി അനുഭവിയ്ക്കാൻ പറ്റും. മാറി നിന്ന് നോക്കാൻ പാകത്തിന് ഇത് ജീവിതം തുടങ്ങുന്നതിനു മുമ്പ് പാരമ്പര്യ സ്രോതസ്സിൽ നിന്ന് ഈ തന്ത്രാനുഭവങ്ങളുടെ അദ്വിതീയങ്ങളായ മാനങ്ങൾ അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ പാരമ്പര്യ വഴിയ്ക്ക് പഠിച്ച് പാരമ്പര്യ കോശങ്ങളെ സംശുദ്ധമാക്കി ഇറങ്ങിയിരുന്നു എങ്കിൽ ജീവിതാനുഭവത്തിന്റെ അദ്വൈത ഭൂമികയിലേയ്ക്ക് അനവദ്യ സുന്ദരമായി നിങ്ങൾ നടന്ന് എത്തുമായിരുന്നു.
കോശ ശുദ്ധീകരണത്തിന് ഒരുങ്ങുമെങ്കിൽ ഇനി ഒരു ജന്മത്തിന് അങ്കമുണ്ടെങ്കിൽ ഇന്ന് നിക്ഷേപിയ്ക്കുന്നവ സാർത്ഥകമായി തീരാതിരിയ്ക്കില്ല എന്ന് ദീക്ഷാ ന്യായത്തിന്റെ മര്യാദകളിൽ നിന്നു കൊണ്ട് ഞാൻ ഉറക്കെ പറയുകയും ചെയ്യാം. അത്രയേ ചെയ്യാൻ പറ്റൂ. നിങ്ങൾക്കിത് നല്ലപോലെ മനസ്സിലായെങ്കിൽ. ഇന്ന് നിങ്ങൾ കേൾക്കുന്നത് അതിന്റെ ആഴവും പരപ്പിലുമാണ്, അത് നിങ്ങളുടെ കോശങ്ങളിലേയ്ക്ക് കേറുമെങ്കിൽ, ഇതേവരെയുള്ള അത്തരം ബന്ധങ്ങളിൽ നിന്ന് മോചനം നേടാൻ കോശശുദ്ധീകരണ പ്രക്രിയയിൽ ഒരു പുനർജ്ജനിയ്ക്ക് സാദ്ധ്യത തീർച്ചയായും ഉണ്ടെന്ന് ഉറപ്പിച്ച് പറയാം. ആദ്യം പറഞ്ഞ മൊഴി എന്റെ തലയിലും ഉണ്ടാവില്ല. അതുകൊണ്ട്. അതിന്റെ സാരം ഇതാണ്.
അസ്മാദൃശ്യന്മാരായ ആചാര്യന്മാർ ഈ വഴിയിൽ ചെറുതായി ഒന്നും അല്ല സഞ്ചരിച്ചത്. ഈടുവയ്പുകൾ ഒന്നും നിങ്ങളുടെ ആധുനിക വിജ്ഞാനത്തിന്റെ ഏഴ് അയലത്തു പോലും എത്തിയിട്ടില്ലാതെ അത് പടഹമടിച്ച് നീങ്ങുമ്പോൾ അതിനെക്കൂടി ആസ്വദിച്ച് ഇരിയ്ക്കാൻ കഴിയുന്ന അവരുടെ പ്രതിഭ എത്ര ഉന്നതമായിരിയ്ക്കും. നിങ്ങൾക്കിത് കേൾക്കുമ്പോഴൊക്കെ നിങ്ങൾ പഠിയ്ക്കാതെ പോയതിന്റെ ദുഃഖം, നിങ്ങളുടെ അറിവില്ലായ്മയിലേയ്ക്ക് ചേർക്കുന്നതിനെക്കാൾ, പഠിപ്പിച്ചവരോടും പഠിച്ച പാരമ്പര്യത്തോടും, അത് പ്രചരിപ്പിച്ചവരോടും അത് കൊണ്ടെത്തുന്ന ഭരണാധികാരി വർഗ്ഗത്തോടും ഉള്ള ഒരു വിദ്വേഷമായി രൂപപ്പെടുമ്പോൾ പോലും ശാന്തമായി അതല്ല വഴിയെന്ന് പറഞ്ഞു തരുവാൻ കഴിയുന്ന ആ പാരമ്പര്യത്തിന്റെ ദൃഷ്ടിയും വളർച്ചയും ഉറപ്പും എത്ര വലുതായിരിയ്ക്കും.
നിങ്ങള് പഠിയ്ക്കാൻ ഒരുങ്ങുമ്പോൾ ഒക്കെ നിങ്ങളിൽ വേറൊരു തരം വിദ്വേഷം ഉണ്ടാവും. ഇതിനോടുള്ള ഒരഭിനിവേശവും അതിനോടുള്ള ഒരു വിദ്വേഷവും. പക്ഷെ ഇതിന്റെ പരമ്പരയ്ക്ക് അതുണ്ടാവില്ല. (10.51 mts) അനിർവചനീയമായ ആ നിർവേദമാണ് ശാന്തി. കാരണം നിങ്ങളുടെ കോശങ്ങളുടെ രീതി കൊണ്ട് ആ നിർവേദത്തിന്റെ അടുത്ത് കൊണ്ടെ എത്തിച്ചാലും അതിലേയ്ക്ക് വീഴുന്നതിനു പകരം അത് വേറൊരു ഭൂമികയെ സൃഷ്ടിച്ച് മറ്റൊരു അശാന്തിയ്ക്ക് ശീലമുണ്ടാകും. ശാന്തനായി ഇരിയ്ക്കുന്നവൻ അതിന് അനുമതി തന്നില്ലല്ലോ എന്നും നമ്മുടെ കൂടെ കൂടിയില്ലല്ലോ എന്നും, അത് അടിച്ചുപരത്താൻ കൊള്ളുകേലാത്ത ഇവൻ എന്തിനു കൊള്ളാം എന്നും തോന്നുന്ന ഒരു അശാന്തിയിലേയ്ക്കാണ് അടുത്തതായി വീണ് നിങ്ങൾ ഇതെല്ലാം ശരിയാക്കാൻ ഇറങ്ങി പുറപ്പെടുക. ഇങ്ങിനെയാണ് ഞങ്ങളിൽ പലരും ഗുരുവിനും ഗുരുവായിത്തീരുന്ന മറ്റൊരു അക്രാമികതയിലേയ്ക്ക് വളരുന്നത്. (ആരോ ചോദിയ്ക്കുന്നു….)
-സാർവ്വലൗകികത ??
അതായത് ശാന്തമായ ഒരു ആചാര്യനിൽ നിന്ന് ഞാൻ ഇതൊക്കെ കേട്ടു കഴിയുമ്പോൾ, ഇന്നത്തെ ലോകം എല്ലാം ഇത് പഠിച്ചില്ലല്ലോ എന്ന സാർവ്വലൗകികത തോന്നിയിട്ട് അക്രാമികമായി ഇത് പഠിപ്പിയ്ക്കാനും, ഇതിന് എതിരായി വരുന്നതിനെ ഒക്കെ തട്ടി നിരത്താനും ആയി ഞാൻ നീങ്ങുമ്പോൾ, ആ പഠിപ്പിച്ചവന്റെ ശാന്തിയല്ലാ എന്നെ വഹിയ്ക്കുന്നത്, വീണ്ടും എന്റെ പഴയ അശാന്തിയാണ് വഹിയ്ക്കുന്നത്, ആ അശാന്തിയാണ് ഇതിനകത്തൂടെ കൊടുത്ത് ഇതിനെ നശിപ്പിയ്ക്കുന്നതും, അയാൾ അതിന് എന്റെ കൂടെ വരാത്തതുകൊണ്ട് അയാൾ ശരിയ്ക്കു ഗുരുവായിട്ടില്ല, ഞാൻ കാണിച്ച് തരാം, ഞാനാണ് അയാളെക്കാൾ കൂടുതൽ പഠിച്ചത് എന്ന മട്ടിൽ നീങ്ങുന്നത്.
മതത്തിന്റെ ആവിർഭാവ ബിന്ദു
പഠിച്ചു കൊണ്ടിരിയ്ക്കുമ്പോൾ തന്നെ ഈ തോന്നല് പയ്യെ കേറി വരും. ഇയാള് എന്നിട്ട് ഇങ്ങിനെ ഇരിയ്ക്കുന്നല്ലോ. ഇതൊക്കെ വെട്ടി നിരത്തണ്ട കാലം കഴിഞ്ഞു. ഒരു മാതിരി ഉണർന്നു വന്ന കർമ്മശേഷി ഞാൻ അടിച്ചു കളഞ്ഞു ഇല്ലേ. ആ നിമിഷത്തിലാണ് സംഘടനകളും മതങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടാകുന്നത്. മതത്തിന്റെ ആവിർഭാവ ബിന്ദു അതാണ്. അത് ചൂണ്ടിക്കാണിക്കാനാണ് ഇത് ഞാൻ പയ്യെ പയ്യെ പിടിച്ചുകൊണ്ടുവന്നത്. കൊണ്ടുവരുമ്പോൾ ഒന്നും നിങ്ങൾ ഓർത്തിട്ടുണ്ടാവില്ല മതം എവിടെയാണ് ഉണ്ടാകുന്നത്. അനന്ത മതങ്ങളുടെ ആവിർഭാവ ബിന്ദു വിഷയങ്ങളും വിഷയിയും തമ്മിലുള്ള ബന്ധത്തിലെ ഈ മാനബിന്ദുക്കളിൽ നിന്നാണ്.
രസജ്ഞാനത്തിന്റെ ഈ ഭൂമികയിലൂടെ മാനവനെ സഞ്ചരിപ്പിച്ചുകൊണ്ടുപോയ ഒരു സംസ്കാരത്തിനു പകരം, വിഷയ വിശിഷ്ടമായ ഒരു സംസ്കാരത്തിലൂടെ ഉള്ള യാത്ര. അതുകൊണ്ട് ഇത് നമ്മുടെ കാര്യമല്ലാ എന്ന് ഓർമ്മിയ്ക്കുമ്പോഴും ഉപേക്ഷിയ്ക്കാൻ ആവില്ല.
ഇനി നമുക്കിതിൽ സ്വാർത്ഥം, ആത്മീയ ബോധം, പറഞ്ഞ പദം തന്മയീ ഭാവം…. ആ പദം അവിടെ ചേരില്ല. തന്മയം എന്നു പറഞ്ഞാൽ രണ്ടിനും ഇല്ലായ്മ വന്ന് തത്തിനോട് ചേരുന്നതാണ് തന്മയീ ഭാവം. വിഷയവുമായി ചേരുന്നതല്ല. വിഷയം അസ്തമിയ്ക്കുക, വിഷയി അസ്തമിയ്ക്കുക, രസം മാത്രം ഉണ്ടാവൂ…. (14.17 mts) …അതിനാണ് പദാർത്ഥത്തില് തന്മയീ ഭാവം എന്നു പറയുന്നെ …തത് മയം. അതിന്റെ തത്ത്വത്തിൽ ലയിയ്ക്കുക. അതാണ് രസം. അതുകൊണ്ട് രസം ശാന്തം മാത്രമാണ്.

കലയും സാഹിത്യവും ഔഷധമായി കണക്കാക്കിയ ഭാരതീയ സംസ്കാരം
തത്വ ലയം …പക്ഷെ നമ്മൾ പൊതുവെ പറയുമ്പോൾ തന്മയീഭാവം എന്നു പറയുന്നത് വിഷയവുമായുള്ള ചേർച്ചയാണ്. അത് അഭിനവഗുപ്തനോ, ആനന്ദവർദ്ധനനോ, മഹിമഭട്ടനോ ഒന്നും അംഗീകരിയ്ക്കുന്നുമില്ല. (ആരോ ചോദിയ്ക്കുന്നു…..) ആ വിഷയത്തോട് തന്മയീഭാവം വന്നാൽ ആ ദുഃഖങ്ങളാ നിങ്ങളിൽ ഉണ്ടാവുന്നത്. ശാന്തം എന്ന രസം ഉണ്ടാവില്ല. നിർവേദം ഉണ്ടാവില്ല. കലയുടെ ലക്ഷ്യം നിർവേദമാണ്. സഹിതത്വമാണ് സാഹിത്യം. അതുകൊണ്ട് കല ഏറ്റവും വലിയ ഔഷധമായിരുന്നു. അതില് പൂർവ്വപക്ഷത്താണ് ഹിംസകൾ വരിക. അതിന്റെ പൂർവ്വപക്ഷത്താണ് വേദനകൾ വരിക. അതിന്റെ പൂർവ്വ പക്ഷത്താണ് രോഗങ്ങൾ വരിക. അത് അരുതെന്നും ഈ നിർവേദം ഉണ്ടാകണമെന്നും കൃത്യമായ അടുക്കിൽ അനുവാചകനെ കൊണ്ടെ എത്തിയ്ക്കുകയാണ് സാഹിത്യ ധർമ്മം. സാഹിത്യം ഒരു ഔഷധമാണ്. അത് ആശുപത്രിയിലേയ്ക്ക് പോകാതിരിയ്ക്കാനുള്ള ആദ്യത്തെ സംഭാവനകളിൽ ഒന്നാണ്. കല വായിച്ച് ആശുപത്രിയിലേയ്ക്ക് പോകരുത്. ഹാർട്ട് അറ്റാക്ക് വരരുത്.
ഇന്ന് എഴുതുമ്പോൾ വായനക്കാരന് ഹാർട്ട് അറ്റായ്ക്ക് ഉണ്ടാകാനാ എഴുതുന്നത്. അപ്പോഴാ കലകാരൻ സമർത്ഥനാകുന്നത്. കലയുടെ രംഗത്താണ് നില്ക്കുന്നത് … അതുകൊണ്ട് ഇത് അറിയാം എന്നു തോന്നുന്നു. അദ്ധ്യാപകനും കൂടിയാണെന്ന് തോന്നുന്നു. അദ്ധ്യാപകനാണ് ….സാഹിത്യ രംഗത്ത് നിറഞ്ഞാണ് നില്ക്കുന്നെ. (ആരോ ചോദിയ്ക്കുന്നു…..) …ജീവപരയോരൈക്യം … ജീവാത്മാവും പരമാത്മാവും ആയുള്ള ചേർച്ച. അത് ഭാവനയിൽ ഉള്ളപ്പോഴാണ് നിങ്ങൾ എഴുതുന്നത് എങ്കിൽ അത് കൃത്യമായി (word not clear 16.54 mts) അവിടെ ചെല്ലും. നിർവേദമുണ്ടാവും…ശാന്തിയുണ്ടാവും. അത് കഴിയുമ്പോൾ നിങ്ങളുടെ കോശങ്ങള് ഗംഗയിൽ മുക്കിയെടുത്തതുപോലെ ശുദ്ധമാവും.
ഗീതയെ പഠിപ്പിയ്ക്കുന്നത്
സഹൃദ് ഗീതാംഭസി സ്നാനം സംസാരമല മോചനം … ഗീത വായിച്ചു തീരുമ്പോൾ സംസാരമലങ്ങളിൽ നിന്ന് മോചനം ഉണ്ടാവണം. അതാണ് ഗീതയുടെ ലക്ഷ്യമെന്ന് ആചാര്യന്മാർ എഴുതിവച്ചിട്ടുണ്ട്. അത് പഠിപ്പിച്ച് സംസാരമലം ചുമക്കേണ്ടി വരരുത്. അത് പിന്നെ വ്യാഖ്യാതാവിന്റെ പണിയാ. സ്വാർത്ഥ ഉദ്ദേശ്യങ്ങൾക്ക് നിരൂപകനും വിമർശകനും ആസ്വാദകനും എല്ലാം വന്നു വീഴുമ്പോൾ മലം ചുമക്കാൻ ഇടയാകും. രസനിഷ്പത്തിയെ പഠിയ്ക്കാത്തതു കൊണ്ടാണ് അത്. അതുകൊണ്ട് എപ്പോഴാണോ വ്യക്തിഗത സ്വാർത്ഥത്തിന്റെയും ഞാനെന്നതിന്റെയും ലാഭനഷ്ടങ്ങളുടെ വിചാരം വരിക …പിന്നെ രസാസ്വാദനം ഇല്ല.
രസാസ്വാദനത്തിന് നിങ്ങള് വീട് പണിയും. പിന്നെ അതിന്റെ കണക്കു പുസ്തകവും വച്ചു കൊണ്ട് നിങ്ങള് കൂട്ടിയും കിഴിച്ചും നോക്കി അസ്വസ്ഥരായിക്കൊണ്ടിരിയ്ക്കും. പണിയുന്നത് രസമായി ഒന്ന് ജീവിയ്ക്കാനാണ്. പിന്നെ ഇത് ആസ്വദിയ്ക്കുന്നത് വന്നു പോകുന്നവനാണ് …ഇതിനകത്തിരുന്ന് ഇത് നന്നായല്ലോ….കൊള്ളാമല്ലോ… ഹുങും..പറഞ്ഞോടാ കൊള്ളാമെന്ന് … എന്റെയാ കാശുപോയത്. (ചിരിയ്ക്കുന്നു…..) … ഈ കണക്കു പുസ്തകം എടുത്തുവച്ച് ഇങ്ങിനെ നോക്കിക്കൊണ്ടിരിയ്ക്കും. അതു പോലും ഒരു തലവേദനയായി മാറും. ഇനി നിങ്ങള് കണക്കു പുസ്തകം എടുത്തില്ലെങ്കിൽ മറ്റുള്ളവരു വന്ന് കണക്കു പുസ്തകം ഉണ്ടാക്കും. അപ്പോഴൊക്കെ ആസ്വദിയ്ക്കാൻ കഴിയണമെന്ന് ഉണ്ടെങ്കിൽ നല്ല തെമ്മാടിയ്ക്കേ പറ്റൂ. രസിയ്ക്കാൻ വേണ്ടി ഉണ്ടാക്കുന്നത് എല്ലാം ഇങ്ങിനെതന്നെയാണ്. ചിലപ്പോൾ തോന്നും അപ്പോൾ…..കാര്യമായി രസമായി ഒന്ന് ഏകാന്തമായി ഇരിയ്ക്കാൻ പെണ്ണുംപിള്ളയും പിള്ളേരും ഒന്നും ശല്യപ്പെടുത്തുകേലാത്തത് ഈ closet-ലാണ്. അതുകൊണ്ട് അത് കുറച്ചുകൂടെ ഭംഗിയാകണമെന്ന് വിചാരിയ്ക്കും. ഒരാളും ശല്യപ്പെടുത്തുകേലാത്ത ഏകാന്ത യാഗാശ്രമം ഇതാണ് … ആകെ മനുഷ്യന്റെ. അതിനകത്ത് ഇരുന്ന് ചിന്തകൾ വന്ന് വിഷയീഭവിയ്ക്കുമ്പോൾ ദുഃഖമുണ്ടായി ഇറങ്ങുമ്പോൾ തോന്നും …ഓ പണ്ടത്തെപ്പോലെ നക്ഷത്രവും എണ്ണി ആ പറമ്പിൽ രണ്ട് കല്ലേൽ ഇരുന്നാൽ മതിയായിരുന്നു. മാത്രമല്ല ഇതിൽ ഇരുന്ന് മുക്കിയും വിഷമിച്ചും ഒരുപാട് മസ്സില് പിടിച്ചും നോക്കിയിട്ട് പറ്റാതെ ഇരിയ്ക്കുന്നത് കൂറാച്ചി പുല്ല് തട്ടിയാൽ ഇതിലും എളുപ്പത്തിൽ ആകുമെന്ന് ഓർക്കും.
-ഭക്ഷണം സമയത്തിനും മുമ്പേ വളിയ്ക്കുന്ന അടുക്കളകൾ
വ്യക്തിഗതമായ സ്വാർത്ഥത്തിന്റെ, ഞാനെന്നതിന്റെ, ലാഭനഷ്ടങ്ങളുടെ …രസം ആസ്വദിയ്ക്കുമ്പോൾ ഇവയൊന്നും കടന്നുവരരുത്. കടന്നുവന്നാൽ പിന്നെ രസാസ്വാദനം ഇല്ല. അതുകൊണ്ട് നിങ്ങളുടെ ഇന്നത്തെ സാമ്പത്തിക ദർശനങ്ങളിൽ ഏതിനോടെങ്കിലും നിങ്ങൾ പിൻപറ്റുന്നു എങ്കിൽ രസം ആസ്വദിയ്ക്കുവാനേ പറ്റില്ല. അത് ഏറ്റവും രസകരമായിട്ടുള്ളത് രസകരമായി വീട് പണിയുമ്പോൾ ആദ്യം ഭാവനയൊക്കെ ചെയ്യും. അപ്പോൾ വരച്ചുകൊണ്ടുവന്ന് കാണിയ്ക്കുന്നത് ദ്വിമാനമായിട്ടാണ് എൻജിനീയർ …… അയാളീ രസനിഷ്പത്തി പഠിച്ചിട്ടില്ല. അയാള് നിങ്ങൾക്കുള്ള ഒരു വീട്, അതിന് ഭൗതികമായ സൗകര്യം, ഇതാണ് അയാള് ഭാവന ചെയ്യുന്നത്. പഴയ തച്ചനാണെങ്കിൽ ഇത് പഠിയ്ക്കുമ്പോൾ, വിഷയവും രസവും എല്ലാം കൃത്യമായി പഠിയ്ക്കുന്നതു കൊണ്ട് അയാൾക്കറിയാം കാറ്റ് ഇന്നടത്ത് ആയിരിയ്ക്കും. ജലത്തിന്റേത് ഇന്നിടത്തായിരിയ്ക്കും. ഇന്നിടത്ത് വച്ചിട്ട് അടുപ്പേൽ പാചകം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് humidity-യ്ക്ക് മാറ്റം വരികയും വേഗം വളിയ്ക്കുകയും ചെയ്യും. ഇതൊക്കെ അയാൾക്ക് അറിയാം. അതിന് ചില ഗൂഢ ശാസ്ത്രങ്ങൾ ഉണ്ട്. അവയിൽ നിഷ്ണാതന്മാരായ തച്ചന്മാർക്ക് അറിയും ഈ വീട്ടിൽ ഭക്ഷണം വച്ചാൽ വളിയ്ക്കുമോന്ന്. രാവിലെ വച്ച് ഒന്നര മണിക്കൂർ കഴിഞ്ഞ് വിളമ്പുമ്പോഴേയ്ക്ക് മണം വന്നിരിയ്ക്കും. മൂന്ന് മണിക്കൂറാണ് bacteria വരാനുള്ള സമയം. ഒന്നര മണിക്കൂറിനുള്ളിൽ അവൻ സജീവമാകും. അത് നേരത്തെയാ. മൂന്ന് മണിക്കൂർ bacteria വീഴേണ്ടത് പന്ത്രണ്ട് മണിക്കൂർ നിന്നാൽ വീഴാതിരിയ്ക്കും. ചില വീടുകളിൽ അനുഭവമുണ്ട്. സാമ്പാർ ഒക്കെ നാലുമണിയ്ക്ക് എടുക്കുമ്പോഴേയ്ക്ക് ഒട്ടിക്കുഴിയുടെ(എച്ചിക്കുഴി) മണമാ വരിക. ഓട്ടുള്ളിടത്തെ ഒട്ടിക്കുഴിയുടെ മണമാ സാമ്പാർ അടുക്കളയിൽ എടുക്കുമ്പം വരുന്നത്. (21.58 mts ) പിന്നെ മണത്തു നോക്കുന്ന തള്ളയും വളിച്ചിട്ടില്ലാത്തത് വളിച്ചത് തന്നെയായതു കൊണ്ട് വളിപ്പും വളിപ്പും തമ്മിൽ മണം അറിയാത്തതുകൊണ്ട് …(ആളുകൾ ചിരിയ്ക്കുന്നു….)… വളിച്ചില്ല … അല്ലേ മക്കളേ… (ആരോ ചോദിയ്ക്കുന്നു.. ) ഏതാ…. ഞാൻ കണക്കിന്റെ പിഴവെന്നൊന്നും പറഞ്ഞില്ല…അതവരുടെ….. അവരുടെ പരിചയത്തിൽ അവർക്കറിയാം ഇതിന്റെ സ്ഥാനങ്ങള് കൃത്യമായി. അപ്പോൾ രസത്തിന് ഉണ്ടാക്കിയതാ ഇത്. ഇത് ഉണ്ടാക്കിക്കഴിയുമ്പോഴാണ് ഇത് രസത്തിന് അല്ലെന്ന് അറിയുന്നത്. അതുപോലെ തന്നെ നിങ്ങൾക്ക് ചിലയിടത്ത് നിന്നു തിരിയാൻ ഇട ചിലപ്പം കാണുകേല. ചിലപ്പോൾ നിങ്ങൾ ഉദ്ദേശിയ്ക്കുന്ന സൗകര്യം കാണുകേല. പക്ഷെ അവിടം പൊട്ടിച്ച് ശരിയാക്കാൻ നേരത്ത് നിങ്ങൾക്ക് കാശിന്റെ കാര്യം ഓർമ്മവരും. അങ്ങിനെ മതി…. തല്ക്കാലം അങ്ങിനെ ഉണ്ടാക്കി വയ്ക്കും. പിന്നെ അതിലെ പോകുമ്പം പോകുന്നവനും വരുന്നവനും ഒക്കെ ഇതാരുണ്ടാക്കിയതാ …. ഇങ്ങിനെ ഉണ്ടാക്കി വച്ചാൽ എങ്ങിനെയാണെന്ന് ചോദിച്ചുകൊണ്ടിരിയ്ക്കും. (22.56 mts)
രസാസ്വാദനവും സാമ്പത്തിക ശാസ്ത്രവും
രസാസ്വാദനത്തിന് കഴിയണമെങ്കിൽ ലാഭനഷ്ടങ്ങൾ തലയിൽ കയറരുത് …. economics …. എന്തിനിറങ്ങുമ്പോഴും….ഭക്ഷണം കഴിയ്ക്കാൻ ഇറങ്ങുമ്പോഴും അവിടെ ചെന്നിട്ട് ….മെനു Menu നോക്കും …. എന്നിട്ട് അവിടുത്തെ വില വായിയ്ക്കും. എന്നിട്ട് ഈ ചപ്പും ചവറും ഒക്കെ തിന്നേച്ചു പോരും. എന്നിട്ട് വയറ് കുളം ആയതിന് വേറെ മരുന്ന് വാങ്ങിച്ച് കഴിയ്ക്കും. അപ്പോ ആവശ്യത്തിലൂടെയാ നിങ്ങൾ ജീവിയ്ക്കുന്നത്. ആദ്യം പതിനഞ്ചു രൂപയുടെ സാധനം മേടിച്ച് കഴിച്ചാൽ രസം ഉണ്ടാവും. രസം വേണ്ടാന്ന് വച്ചു. വയറ് നിറയാനുള്ളത് മേടിച്ചേക്കാമെന്ന് വച്ചു. അഞ്ചു രൂപ മുടക്കി. (23.44 mts) പതിനഞ്ചു രൂപായ്ക്ക് ഒരു കുഴപ്പവുമില്ലാതെ രസം ആസ്വദിച്ച് സ്വാർത്ഥമില്ലാതെ പരാർത്ഥം ഇല്ലാതെ വിഷയമില്ലാതെ ആനന്ദിച്ച് ഇങ്ങ് പോരാം. മറന്നു പോവുകയും ചെയ്യും. ഇത് കഴിച്ചപ്പം മുതൽ ഓർമ്മയിൽ ഉണ്ട്. ശരിയായില്ല. ഒരു അരിഷ്ടം തന്നേര്. പത്ത് രൂപ മേടിച്ചു ഒരു ഡോസിന്. ഇപ്പോൾ പത്തും അഞ്ചും….പതിനഞ്ചായി. രസവും ഇല്ല. രസം മൂക്ക് പൊത്തി പിടിച്ച് കുടിച്ചു. കാരണം ഇതിനുള്ളത് പുള്ളി എടുത്ത് തന്നപ്പം അതിന്റെ മണം തന്നെ പിടിക്കുന്നില്ല. അതും കൂടെ കൂടി പെരുമാറാൻ തുടങ്ങിക്കഴിഞ്ഞപ്പോൾ നേരെ ചെന്നു ഡോക്ടറെ കണ്ടു ….consulting fees അൻപത് രൂപ. അരിഷ്ടം കഴിച്ചിട്ടും നില്ക്കുന്നില്ല. അപ്പോൾ ഡോക്ടറെ കണ്ടു ….അൻപത് രൂപ consulting fees. അൻപത് രൂപ പോയി. അൻപത് രൂപയുടെ മരുന്നും എഴുതി തന്നു …മേടിച്ചു. രണ്ടെണ്ണം കഴിച്ചു. സന്തുക്കളിൽ ഒക്കെ നീരായി. വേറൊരുത്തനെ പോയി കണ്ടു. കാരണം അവിടെ കുറയാനാ ഈ അൻപത് രൂപാക്കാരനെ കണ്ടത്. അവിടെ ഇരുനൂറാ പടിക്കൽ ഫീസ്. ഇരുനൂറ് കൊടുത്തു. കേറി… കൈയ്യേലെ നീര് ഉൾപ്പടെ പോകാൻ അവൻ പന്ത്രണ്ട് മരുന്ന് എഴുതിത്തന്നു. ഇതാണ് നിങ്ങളുടെ economics. അതുകൊണ്ട് നിങ്ങൾ economics അനുസരിച്ച് തന്നെ ജീവിയ്ക്കണം. രസം അനുസരിച്ച് ജീവിയ്ക്കരുത്. രസോ വൈ സഹ.
സംസ്കാരത്തിന്റെ രണ്ട് മാനബിന്ദുക്കൾ
ജീവിതത്തില് രസാനുഭവത്തിന് ഈ മൂന്നെണ്ണം തടസ്സമാണ്. തടസ്ഥം, പരാർത്ഥം, സ്വാർത്ഥം. അപ്പോൾ നമ്മള് അനാദി കാലം മുതൽക്ക് സാമാജികങ്ങളായ വാസനകൾ ഇനി ഉണ്ടാവും. ഇതൊക്കെ വ്യക്തി വാസനകളുടെ കഥയിലാണ് നമ്മൾ ഇപ്പോൾ നിന്നത്. ഇനി സമാന വാസനകൾ വ്യക്തികൾക്ക് ഉണ്ടാവും. അത് അനാദികാലം മുതൽക്ക് ഉണ്ടാവും. ഒരേ തരം വാസനകൾ. അതിന്റെ ആരംഭം നിശ്ചയിയ്ക്കാനാവാതെ ഒരേ തരത്തിൽ തുടരുന്ന വാസനകൾ ഉണ്ടാവും. അത് അജ്ഞാത കാലം മുതൽ വന്നതാണ്. അതിന്റെ ചേർച്ചയെയാണ് …. ആ വാസനകളുടെ ചേർച്ചയെയാണ് സംസ്കാരം എന്നു പറയുന്നത്. എന്റെ വാസനയും അയാളുടെ വാസനയും അനാദികാലം മുതലുള്ളത് സമാനം ആകുമ്പോൾ ഞങ്ങള് തമ്മില് വാക്ക്, പ്രവൃത്തി, മനസ്സ്, ഇവയിലോ ഇവ ഇല്ലാതെ തന്നെയോ ബന്ധം സ്ഥാപിയ്ക്കും. അനുകൂലവും പ്രതികൂലവും ആയ ജന്മ ജന്മാന്തരങ്ങൾ കൊണ്ട് സംസ്കരിച്ച് എടുത്ത, വാസനകളുടെ ചേർച്ച. വാസനകളെ സംസ്കരിയ്ക്കുന്നത് വൈഖരിയിൽ ഗുരുകുലങ്ങളിലാണ്. വാസനകളെ സംസ്കരിയ്ക്കുന്നത് സൂക്ഷ്മമായി ജന്മ-ജന്മാന്തരങ്ങൾ കൊണ്ടാണ്. സംസ്കാരത്തിന്റെ രണ്ട് മാനബിന്ദുക്കൾ ആണ് വിദ്യാഭ്യാസവും ജന്മ-ജന്മാന്തരങ്ങളും.
ജന്മ-ജന്മാന്തരങ്ങൾ
ജന്മ-ജന്മാന്തരങ്ങൾ വാസനകളുടെ ഈടുവയ്പിലെ അതീത സംസ്കാര പരിണാമ കേന്ദ്രങ്ങൾ ആണ്. ഓരോ …(ആരോ ചോദിയ്ക്കുന്നു….)…ഇന്നു കണ്ട ഈ കാര്യം ഒരു രാത്രി കിടന്ന് ഉറങ്ങി, നാളെ രാവിലെ അതിന്റെ സൂക്ഷ്മമായ ബീജവും കൊണ്ട് അകത്ത് ചെന്ന്, നാളെ രാവിലെ ഗോപാലകൃഷ്ണൻ ഉണർന്നു വരുമ്പോൾ ഇന്നു കണ്ടത് കണ്ടതുപോലെ അല്ല അവിടെ രേഖപ്പെടുത്തുക. അതിനെ ഗോപാലകൃഷ്ണന്റെ പൂർവ്വ പൂർവ്വ വാസനകൾക്കും, നിജമായ ഇന്നത്തെ അനുഭവങ്ങൾക്കും, സ്വന്തം അനുഭവങ്ങൾക്കും, അന്യരുടെ അനുഭവങ്ങളെ ഗോപാലകൃഷ്ണൻ കേട്ടതിനും അനുസരണമായി ഗോപാലകൃഷ്ണനിലേയ്ക്ക് വന്നു വീണ ശബ്ദവും സ്പർശവും രൂപവും രസവും ഗന്ധവും പരിണമിച്ചാണ് ഗോപാലകൃഷ്ണന്റെ ബീജഭാഗ അവയവത്തിൽ -ജനിതകത്തിൽ- സംസ്കാരമായത് രൂപാന്തരപ്പെട്ടു കിടക്കുക. ഒരു ഉറക്കം കഴിയുമ്പോൾ. അത് ഒരു പുനർജനിയാണ്.
-ഉറക്കത്തിൽ സംഭവിയ്ക്കുന്നത്
അപ്പോൾ ഇവിടെ വന്ന് കണ്ടു, ഇതിലിരുന്നു, കേട്ടു, പുറത്ത് ഇറങ്ങി ചായ കുടിച്ചു, ഒരുപാട് പേരുമായി ബന്ധപ്പെട്ടു, മരങ്ങൾ കണ്ടു…ങ്ഹ…ഇത് കണ്ടു… ഇതെല്ലാമായി കണ്ടതും കേട്ടതും എല്ലാം ഇന്ന് രാത്രിയിൽ കിടന്ന് ഉറങ്ങുമ്പോൾ ഇതൊക്കെ ഗോപാലകൃഷ്ണന്റെ പൂർവ്വ വാസനകളുമായി മല്ലടിയ്ക്കുമ്പോൾ, ഭീകരങ്ങളായ സ്വപ്നങ്ങളായി രൂപാന്തരപ്പെടും. അവ ഇഴുകിച്ചേരുമ്പോൾ സൗമ്യമായ സ്വപ്നങ്ങളായി രൂപാന്തരപ്പെടും. ഗാഢമായ സുഷുപ്തിയിലേയ്ക്ക് പോകുമ്പോൾ അതിൽ നിന്ന് സ്വീകരിയ്ക്കേണ്ട ബീജങ്ങളെ മാത്രം സ്വീകരിയ്ക്കും. സ്വീകരിയ്ക്കേണ്ടത്തവയെ എല്ലാം തള്ളും. സ്വീകരിയ്ക്കേണ്ടവയെ സ്വീകരിയ്ക്കുകയും സ്വീകരിയ്ക്കേണ്ടാത്തവയെ തള്ളുകയും ചെയ്യും. പൂർവ്വാനുഭവങ്ങൾ. പൂർവ്വസംസ്കാരങ്ങൾ. ഇന്നത്തെ നിജാനുഭവങ്ങൾ …ഇന്ന് കേട്ടിട്ടുള്ള കാര്യങ്ങൾ… കണ്ടിട്ടുള്ള കാര്യങ്ങൾ…. ഇന്നുള്ളവരുമായി സഹവസിയ്ക്കുമ്പോൾ ആഴത്തിൽ പതിഞ്ഞ കാര്യങ്ങൾ…. എന്റെ അനുഭവങ്ങൾ …എന്റെ അനുഭവമാ അത്…. നിങ്ങള് പറയുന്നത് എനിയ്ക്ക് സ്വീകാര്യമല്ല. അനുഭവമുള്ള എന്നോടാണ് നിങ്ങൾ തർക്കിയ്ക്കുന്നത്. എന്നു പറയുന്ന ഒരു ഗോപാകൃഷ്ണൻ അവിടെ ഇരുപ്പുണ്ട്… ഇതൊക്കെ കേൾക്കുമ്പം … ഉറക്കത്തിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ ആ അനുഭവങ്ങൾ …ഗോപാലകൃഷ്ണൻ ബഹുമാനിയ്ക്കുന്നതും …ഗോപാലകൃഷ്ണൻ എതിർക്കുന്നതും …ഗോപാലകൃഷ്ണൻ അനുകൂലിയ്ക്കുന്നതുമായ ലോകത്തുനിന്നു വന്ന സമസ്ത അറിവുകളും. (30.11 mts) അവയും ചാടിവരും. ഈ സ്വീകരണിയിലേയ്ക്ക് ഇത് കൊണ്ടുപോകണമോ വേണ്ടയോ എന്നറിയാൻ. ഗോപാലകൃഷ്ണന്റെ ജന്മ-ജന്മാന്തരങ്ങളായ വാസനാജാലങ്ങൾ മുഴുവൻ ഇതിനെ അപഗ്രഥിയ്ക്കുവാൻ വരും. ഗോപാലകൃഷ്ണൻ എന്ന വ്യക്തി നിലനില്ക്കുക എന്നു പറയുന്നത് വാസനയിലൂടെ മാത്രം ആയതുകൊണ്ട്, അന്യരിൽ നിന്ന് വേറിട്ട് നില്ക്കുന്നത് സ്വന്തം വാസനകൾ കൊണ്ട് മാത്രം ആയതുകൊണ്ട്, ആ വാസനകളുടെ കൂടാരത്തിലേയ്ക്ക് പുതിയ വാസനകളുമായി ചേർച്ചയുണ്ടാക്കി ഒരു പുത്തൻ സംസ്കൃതിയിലേയ്ക്ക് മാറാൻ ഒരുങ്ങുമ്പോൾ, താൻ കൂട്ടുകൂടിയ സംസ്കാരങ്ങളുമായി ഉണ്ടാകുന്ന മഹായുദ്ധത്തിൽ, ഭീഷ്മരും ദ്രോണരും കൃപരും ശല്യരും എല്ലാം നിരന്നു നില്ക്കുന്ന ആന്തരികമായ മഹായുദ്ധത്തിൽ അതിന്റെ ഝണ-ഝണൽക്കാരങ്ങളും (31.11 mts), അതിന്റെ വിഭാവ ഭാവാദികളും എല്ലാം സ്വപ്നങ്ങളായി പൊട്ടിവിടരും.
സ്വാപ്നിക യുദ്ധം കഴിഞ്ഞ്, നിർവേദം വന്ന് ശാന്തമായി ഉറങ്ങുമ്പോൾ, അതിൽ നിന്ന് കൊല്ലേണ്ടവയെ കൊന്ന് തള്ളേണ്ടവയെ തള്ളി, സ്വീകരിയ്ക്കേണ്ടവയെ സമുജ്ജ്വലമായി വാസനയ്ക്കൊപ്പം ചേർത്ത്, ഇനിയും വരാനിരിയ്ക്കുന്ന സംസ്കാരത്തിന് ബീജം പകരാൻ, അതിസൂക്ഷ്മമായി തന്റെ അനന്തമായ ബോധ കലവറയിലേയ്ക്ക് സുഷുപ്തിയുടെ മാർഗ്ഗരേഖയിലൂടെ നിക്ഷേപിച്ച് കിടന്നുറങ്ങി, ശൂന്യത്തിൽ നിന്ന് സാമാന്യത്തിലേയ്ക്കും, സാമാന്യത്തിൽ നിന്ന് വിഷയത്തിലേയ്ക്കും നാളെ ഉണർന്നു വരുമ്പോൾ, ഇന്നു കേറിയ ഗോപാലകൃഷ്ണൻ അല്ല നാളെ വരുന്നത്. ഇതാണ് സംസ്കാരത്തിന്റെ ഈടുവയ്പുകളിൽ മുഖ്യം.

ബ്രഹ്മകാലം
പറയാൻ എളുപ്പം. പത്തുമിനിറ്റു മതി ഭാഷകൊണ്ട് പറയാൻ. ഇത് സംഭവിയ്ക്കുന്നിടത്തെ കാലം ഈ പത്ത് മിനിറ്റല്ല. ബ്രഹ്മകാലമാണ്. കാലത്തിന്റെ നമ്മുടെ സീമകൾക്ക് വ്യത്യസ്തമാണ് അത്. (ആരോ ചോദിയ്ക്കുന്നു…..കഴിഞ്ഞിട്ടാണ് …സുഖനിദ്ര) …അതെ …മഹായുദ്ധം എന്നുള്ള പദം തന്നെ ഉപയോഗിയ്ക്കണ്ട. സ്വീകരണി മാത്രമേ ഉള്ളൂവെങ്കിൽ യുദ്ധം ഇല്ല…. സ്വീകരണി മാത്രമേ ഉള്ളൂവെങ്കിൽ …സ്വീകരിയ്ക്കാൻ ഉള്ളത് മാത്രമേ ഉള്ളൂവെങ്കിൽ … നിങ്ങളുടെ സംസ്കാരത്തിന് ചേർന്നത് ആണീപ്പറഞ്ഞത് മുഴുവനെങ്കിൽ യുദ്ധമേയില്ല. അത് ഞാൻ പറയാൻ വിട്ടുപോയതാണ്. ആ ചോദ്യം എനിയ്ക്ക് വല്യ ഇഷ്ടമായി. (ആരോ ചോദിയ്ക്കുന്നു… ആദ്യ സ്റ്റേജില് സുഖനിദ്ര… അതിനു ശേഷമല്ലേ ഈ ദുഃസ്വപ്നങ്ങൾ കാണുന്നത് …) അല്ല…ആവണമെന്നില്ല… ആദ്യം ഏതായാലും നേരിട്ട് സുഖസുഷുപ്തിയിലേയ്ക്ക് പ്രവേശിയ്ക്കില്ല. അയ്യര് കിടന്ന് ഉറങ്ങുമ്പോൾ, ആദ്യം അയ്യർക്ക് സ്വിച്ച് കാണാം… സ്വിച്ച് ആയിട്ട് തന്നെ. അടുക്കൽ കൂടെ പോയ അമലുവിനെ കാണാം. …. അമലുവായിട്ട് തന്നെ. കുറച്ചു കഴിഞ്ഞാൽ അമലുവിനെ കാണാതെ ആവും. സ്വിച്ച് കാണാതാവും. ആരോ വന്ന് പോയെന്ന് ഓർമ്മവരും … എന്റെ മുറിയില് ആരോ വന്നു പോയിട്ടുണ്ട്. പക്ഷെ കണ്ണ് തുറക്കാൻ ഇഷ്ടമില്ല. കാണാൻ ഇഷ്ടമില്ല. കണ്ണ് തുറന്നാണ് ഇരിയ്ക്കുന്നതെങ്കിലും കാണുന്നില്ല. അപ്പോൾ സാമാന്യമായി കാണും. കുറച്ചുകൂടി കഴിഞ്ഞാൽ ശൂന്യമാവും. (33.40 mts out of 33.52 mts, The end of clip 15)
video clip no 16, 28.06 mts
Audio clip of video clip no. 16
സമാനവാസനകളും സംസ്കാരവും മതവും
അനാദി കാലം മുതൽ, എന്നു പറഞ്ഞാൽ എപ്പോൾ മുതലെന്ന് പറയാൻ ആവാത്ത ഒരേ തരം വാസനകൾ, സമാജത്തിൽ ഉണ്ടാവും. എനിയ്ക്ക് ഉള്ള വാസനയുടെ സമാനമായ വാസന തന്നെ മറ്റൊരാൾക്ക് ഉണ്ടാവുക. അജ്ഞാനം മുതൽ... അജ്ഞാത കാലം മുതൽ നേടിവന്ന ആ വാസനകൾ ചേരുമ്പോൾ സംസ്കാരം ഉണ്ടാവും. സമാനവാസനകളുടെ ചേർച്ചയിലാണ് സംസ്കാരം ഉണ്ടാവുന്നത്. മതങ്ങൾ ആവിർഭവിയ്ക്കുന്നത്.

ഒരു ദൃശ്യം കാണുക, ഒരു ശബ്ദം കേൾക്കുക ഇവയൊക്കെചെയ്താൽ, സമാനവാസനയുണ്ടെങ്കിൽ അത് സ്വീകരിയ്ക്കും. ഇനി പണി വ്യക്തിയിലാ…. ഈ സ്വീകരിയ്ക്കുന്ന സമയത്ത് സാമാജികമായാ സ്വീകരിയ്ക്കുന്നെ. അപ്പോൾ നിങ്ങൾ ഒന്നിച്ചിരുന്നാ ഈ കേൾക്കുന്നെ. സമാന വാസനയാണ് അവിടെ ഇരിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. കേട്ട് കഴിഞ്ഞ് നിങ്ങളെ ഒരിടത്ത് എത്തിയാൽ എല്ലാ ദിവസവും നിങ്ങൾ ഉറക്കത്തിലേയ്ക്ക് പോകാൻ കിടക്കുമ്പോൾ നിങ്ങളുടെ പൂർവ്വ വാസനകള്, നിങ്ങളുടെ നിജ അനുഭവങ്ങള്, അന്യരിൽ നിങ്ങൾ കണ്ടതും അനുഭവിച്ചതുമായ സങ്കല്പനങ്ങള്, ഇപ്പോൾ നിങ്ങൾ പുതുതായി നിങ്ങളുടെ സമാന വാസനകൊണ്ട് കേട്ടത്, സമാന വാസന അനുകൂലിയ്ക്കാതെ കേട്ടതിനോട് ചേർന്ന് നിന്നു കേട്ടത് എല്ലാംകൂടെ ഒന്നിച്ച് കടന്നുവരും. എതിർപ്പുള്ളവയെല്ലാം ഒരു യുദ്ധക്കളത്തിൽ നിരന്നു നില്ക്കും. എതിർപ്പില്ലാ എങ്കിൽ ആ വാസനകൾ സങ്കലിതമായി സംയോജിച്ച് നിർവേദത്തിൽ എത്തി, വിശേഷ സാമാന്യ പ്രത്യയങ്ങൾ കടന്ന് ശൂന്യ പ്രത്യയത്തിൽ അതിന്റെ ബീജങ്ങളെ മുഴുവൻ സമാഹരിച്ച് സുഷുപ്തനായി രാവിലെ വീണ്ടും ശൂന്യ സമാന്യ വിശേഷങ്ങളിലേയ്ക്ക് ഉണർന്നു വരുമ്പോൾ, സാംസ്കാരികമായി ശാന്തനായ മറ്റൊരു പുരുഷനായി പരിണമിച്ചാണ് നിങ്ങൾ വരുന്നുത്. (2.45 mts) ഓരോ സുഷുപ്തിയിലും. അത്രയും ഭാഗം ക്ലിയർ ആയി. അത്രയും ഭാഗം കേൾക്കുമ്പോൾ ശരിപോലെ ഉണ്ടെന്ന് എന്ന് തോന്നുന്നുണ്ട്.
-ഉറക്ക ഗുളിക
ഓരോ ദിവസവും ഈ പരിണാമം വരുന്നുണ്ട്. സുഷുപ്തി കഴിഞ്ഞ് വന്നാൽ. നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ഇതിന്റെ സംഘർഷവുമായാ വരുന്നത്. ഈ സംഘർഷം മാത്രമാ ഉറക്കാത്തത്. ഈ സംഘർഷം താങ്ങാൻ മാത്രമേ സ്വീകരിച്ചു ഉള്ളൂ എങ്കിൽ സംഘർഷം അസ്തമിച്ച് ഉറങ്ങും. ഇല്ലെങ്കിൽ ഉറങ്ങുകില്ല. ഇത് നിങ്ങൾ സ്വീകരിയ്ക്കുന്നവയുടെ പ്രത്യാഘാതം ആയിരിയ്ക്കുമ്പോൾ, സ്വീകരണിയെ നേരെയാക്കുന്നതിനു പകരം, സ്വീകരിയ്ക്കാനുള്ള വസ്തുക്കളെ അടുക്കുന്നതിനു പകരം, ഗുളിക കഴിച്ചിട്ടെന്താ കാര്യം. കഴിയ്ക്കും തോറും കോശം വികലമാവും. പ്രക്രിയ മനസ്സിലായോ എന്നറിയില്ല. പ്രക്രിയ വളരെ സിമ്പിൾ ആണ് സാധനം.
-വിദ്യാഭ്യാസം
ഗോപാലൻ ഒന്ന് പറഞ്ഞു …ശങ്കരൻ വേറൊന്നു പറഞ്ഞു … അപ്പോഴ് വാസന കൊണ്ട് അതിനെല്ലാം ചെവി കൊടുക്കുകയും അത് എന്റെയല്ലെന്ന് ഓർത്ത് നിരാകരിയ്ക്കുകയും ചെയ്ത്, സ്വീകരിച്ച് പോയി കിടക്കുമ്പോൾ ഉറക്കം വരില്ല. എന്റെയാണെന്ന് ഓർത്ത് സ്വാർത്ഥത്തിൽ സ്വീകരിച്ചാൽ ഉറക്കം വരില്ല. തടസ്ഥ ദൃഷ്ടിയിൽ യോഗിയെ പോലെ ഇരുന്നിട്ട് പോയി കിടന്നാൽ ഉറക്കം വരില്ല. ഇതല്ലാത്ത അതിൽ നിന്ന് വേറിട്ട് നില്ക്കുന്ന, അതിൽ ഞാനില്ല, അതിൽ വിഷയമില്ല, അപരനില്ല, തടസ്ഥ ദൃഷ്ടിയും ഇല്ലാത്ത ഒരു മേഖലയിൽ മാത്രമാണ് തത്ത്വവുമായി സമന്വയിയ്ക്കുകയും ചേരുകയും നിർവേദം അനുഭവിയ്ക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്യുക. അത് കഴിഞ്ഞ് എഴുന്നേറ്റാൽ ഒട്ടു വളരെ വാസനകൾ അസ്തമിച്ചു പോകും…സ്വപ്നം കൊണ്ടു തന്നെ. ഈ correction ആണ് ഓരോ ഉറക്കത്തിലും ചെയ്യേണ്ടത്. ഈ correction ഉള്ളതാണ് വിദ്യാഭ്യാസം.
-ഗുരുകുലങ്ങളിലെ ആഹാരം
ഗുരുകുലങ്ങളിൽ ഇതിന് രസ നിർദ്ദേശത്തെ നല്കുന്ന ആഹാരവിശേഷങ്ങളുടെ ഗുണവീര്യവിപാകാദികൾ വരെ നിശ്ചയിച്ചിട്ടാണ് ഗുരുകുലത്തിൽ ആഹാരം വരെ നല്കുന്നത്. സാധക പിത്തത്തെ സമുജ്ജ്വലമാക്കിയെടുത്ത് സാധക പിത്തം ഉപയോഗിച്ച് ബോധപ്രക്രിയയുടെ നിർവചനീയവും അനിർവചനീയവും ആയ അംശങ്ങളുടെ സാദ്ധ്യതയെ മുഴുവൻ സാമാന്യവൽക്കരണത്തിന്റെ ഭൂമികയിൽ എത്തിയ്ക്കുവാനും ലളിതമനോഹരമാക്കിത്തീർക്കുവാനും പര്യാപ്തങ്ങളായ രസം, വീര്യം, വിപാകം എന്നിവയുള്ളവയെ തിരഞ്ഞെടുത്ത് കഴിയ്ക്കുകയോ, ഭിക്ഷാന്നം സാധുവായതെന്ന അർത്ഥത്തിൽ, ഭൈക്ഷ്യം കൊണ്ട് സാധുവാക്കി ഉപയോഗിയ്ക്കുകയോ ചെയ്താണ് പ്രാചീനർ ഈ കല നിർവഹിച്ചത്. (6.41 mts / 28.06 mts) ഭിക്ഷ ഔഷധം പൂജ്യതാ…. മറ്റൊരാളോട് പോയി അന്നം തെണ്ടണമെങ്കിൽ ഞാൻ മാറി നില്ക്കണം. ഒരു detachment വേണം. അപ്പോൾ രസാസ്വാദനത്തിന് സുഖം കിട്ടും.
എന്റെ പണം മുടക്കി, ഞാൻ ഉണ്ടാക്കി, ഞാൻ കഴിയ്ക്കുന്നു എന്നുള്ളതിൽ ഭക്ഷണത്തിന് രസമില്ല. ഇന്നു വരെ അങ്ങിനെ ഉണ്ടാക്കി കഴിച്ച് ഒരുത്തനും രസം അനുഭവിച്ചിട്ടില്ല. വിളമ്പിക്കൊടുക്കുമ്പോഴോ, എടുത്തുകൊടുക്കുമ്പോഴോ ഇത് ഞാൻ ഉണ്ടാക്കിയതാണെന്ന് ഭാവിച്ചു കൊടുത്താൽ പിന്നെ രസമില്ല. കഴിച്ചുകൊണ്ടിരിയ്ക്കുമ്പോൾ രസം കളയുന്ന ഒരു പണിയുണ്ട്. ഇത് ഞാൻ ഉണ്ടാക്കിയതാണെന്ന് ആ body language-ൽ ഒന്ന് കാണിച്ചാൽ മതി. അത് ഈ സാധാരണ ഗതിയില് അതിഥികൾ ഒക്കെ വന്നിരിയ്ക്കുമ്പോഴും, കല്യാണം മുതലായ ഇതിന് പെണ്ണു കാണാൻ ഒക്കെ ചെന്നിരിയ്ക്കുമ്പോഴും ഒക്കെ, തള്ള നല്ല ഭക്ഷണം ഉണ്ടാക്കും. എന്നിട്ട് മകളെക്കൊണ്ട് ഇത് എടുത്ത് കൊടുപ്പിയ്ക്കും. അപ്പോൾ ഇവള് ഇവൾ ഉണ്ടാക്കിയ ഭാവത്തിൽ ഇത് കൊണ്ടുപോയി അങ്ങോട്ടു വിളമ്പും. കുളവാകും. ….ഇവൾ ഉണ്ടാക്കാതെ ഉണ്ടാക്കി എന്ന് ഭാവിച്ചു നില്ക്കുന്ന അഹന്ത കാണുമ്പോൾ തന്നെ ആഹാരം കഴിയ്ക്കാനുള്ള രസം പോകും. ഭക്ഷണം വിളമ്പി കൊടുക്കുന്ന സ്ഥലത്താണ് ഭാവം വരുന്നത്. വിളമ്പാൻ ഒരു കാർക്കോടകനെ ഏല്പിച്ചാൽ മതി. മുഴുവൻ മിച്ചം വരും. കാരണം അവൻ ബഹളം ഉണ്ടാക്കും. പിന്നെ കഴിയ്ക്കാൻ ഒരു രസം ഉണ്ടാവില്ല. അവിടെ ഉണ്ടാക്കിയ ആൾ അസ്തമിയ്ക്കുക, കഴിയ്ക്കുന്ന ആൾ ഇല്ലാതാവുക, മുമ്പിലുള്ള വിഷയം ഇല്ലാതാകുക ചെയ്തുകഴിയുമ്പോൾ, വേറിട്ടു നില്ക്കുമ്പോഴാണ് രസ നിഷ്പത്തി ഉണ്ടാവുന്നത് …ആഹാരത്തിന്. അത് പഠിച്ചിട്ടേ അടുക്കളയിൽ കയറാവൂ. അത് പഠിച്ചിട്ടേ വിളമ്പാവൂ. കാരണം അത് ഒരു കലയാണ്.
അപ്പോൾ ഇങ്ങിനെ വരുന്ന അനുഭവങ്ങള് കേറിയത് വ്യക്തിഗതമായി സംഭരിച്ച് സമാഹരിച്ച് സഞ്ചയിച്ച് സുഷുപ്തിയിലേയ്ക്ക് ഈ ബോധങ്ങളോടു കൂടി പ്രവേശിയ്ക്കുമ്പോൾ, പൂർവ്വ വാസനകൾ, വർത്തമാന ജീവിതത്തിന്റെ നിജ അനുഭവങ്ങൾ, അന്യരുടെ അനുഭവങ്ങളായി കേട്ടു പഴകിയ കാര്യങ്ങൾ, ഇപ്പോൾ സമാന വാസന കൊണ്ട് സമാഹരിച്ചവ, എല്ലാം വരുമ്പോൾ ഈ വാസനകളുടെ ഒരു സംഘർഷഭൂമി ചിലത് യോജിച്ചില്ലെങ്കിൽ വരും. അവിടെയാണ് ഞാൻ പറഞ്ഞത് ഭീഷ്മരും, ദ്രോണരും, കൃപരും, ശല്യരും എല്ലാം അണിഞ്ഞ് ഒരുങ്ങി നില്ക്കുന്ന ഒരു മഹായുദ്ധത്തിന്റെ കേളി, അന്തർഗതമായി രൂപാന്തരപ്പെടും. അതിൽ ഒട്ടുവളരെ വാസനകൾ സ്വപ്നലോകത്ത് ആ യുദ്ധത്തിൽ കൊഴിഞ്ഞുവീഴും പൂർവ്വവാസനകൾ…. ഈ സാമാന്യവൽക്കൃത, അജ്ഞാതകാലം മുതൽ പിന്തുടരുന്ന വാസനകളുടെ പാദാഘാതമേറ്റ് പൂർവ്വ വാസനകളിൽ ഒട്ടു വളരെ നശിച്ചുപോകും ഒരു സ്വപ്നം കൊണ്ട്.
മതങ്ങൾ ഉണ്ടാവുന്നത് എങ്ങിനെ ?
പൂർവ്വവാസനകളുടെ പാദാഘാതം ഏറ്റ് ഇപ്പോൾ സ്വീകരിച്ചു കൊണ്ടുവന്നവയിൽ ഒട്ടേറെയെണ്ണം തകരും. നിജാനുഭവങ്ങളുടെ രംഗവേദിയിൽ നിന്ന് സമാഹരിച്ചവ പലതും അസ്തപ്രഭമാവും. കേട്ടുകേൾവികളുടെയും മറ്റുള്ളവരുടെ അനുഭവങ്ങളുടെയും ചരിത്രങ്ങളിൽ നിന്ന് ഈടുവയ്പുകളായി സ്വീകരിച്ചവ പലതും പിൻവാങ്ങും. എന്നിട്ട് ജീവനെടുത്ത് ബാക്കിവരുന്നവ ഒരു ലോകം സൃഷ്ടിച്ചു വരുമ്പോഴാണ് പുതിയ ഒരു മനുഷ്യനായി ഇവൻ ഉണർന്നു വരുന്നത്. ആ വരവിൽ ഇതിന് സമാനമായി സംസ്കരിച്ചെടുത്ത വാസനകളോടു കൂടിയവുരുമായി ചേരും. അവയുടെ ഇഴുകിച്ചേരലിൽ മതങ്ങൾ സംപ്രാപ്തമാവും. ഇതാണ് ഇതിന്റെ പ്രക്രിയ.

ആ സ്വീകരിച്ച വാസനകളുടെയും സംസ്കാരങ്ങളുടെയും അടിസ്ഥാനത്തിലുള്ള ജീവിത ചര്യകളും, അനുഷ്ഠാന വിശേഷങ്ങളും, കർമ്മ കലാപങ്ങളും, വാക്ക് വൈഭവങ്ങളും ഒക്കെ, അതിൽ നിന്നു രൂപാന്തരപ്പെട്ട് വരും. അല്ലാതെ പഠിച്ചാൽ ഒന്നും പഠിയ്ക്കില്ല. അതാണ് വിദ്യാഭ്യാസത്തിന്റെ ഉദയവും അസ്തമയവും.
ശാസ്ത്രവും, കലയും
അപ്പോൾ, അനാദി കാലം മുതലുള്ള ഒരേതരം വാസനകൾ, അവ അജ്ഞാത കാലം മുതൽ വന്നതായ സംസ്കാരം…വാസന ബലവത്തായത്. വാസന ബലം പ്രാപിച്ചാൽ സംസ്കാരം ആവും. അതുകൊണ്ട് പ്രഭാവിതമാണ്. അതുകൊണ്ടാണ് നിങ്ങൾ വിഷയങ്ങളെ ആസ്വദിയ്ക്കുന്നത്. ആ ആസ്വാദനത്തിൽ, വിഷയ വൈശിഷ്ട്യത്തിൽ നിന്ന് മാറിനിന്ന് അവയെ പല തരത്തിൽ ആസ്വദിയ്ക്കുമ്പോൾ, ആസ്വാദനത്തിൽ ഗണിതപരങ്ങളായ അംശങ്ങൾ ഉണ്ടായാൽ അവ ഭൗതിക വിഷയ ശാസ്ത്രങ്ങൾ ആയും, ഗണിതപരങ്ങളായ അംശങ്ങൾ കുറഞ്ഞ് വിശ്വാസ അധിഷ്ഠിതമായാൽ കലകളായും രൂപാന്തരം പ്രാപിയ്ക്കുന്നു. രണ്ടും കല തന്നെ. അതിന്റെ പിരിവ് ഇങ്ങിനെയാണ്.
ഇടതുപാർശ്വ മസ്തിഷ്ക്കം കൂടുതൽ ഇടപെടുകയും അപഗ്രഥനാത്മകം ആവുകയും ചെയ്താൽ, യുക്തിയ്ക്ക് പ്രാധാന്യം കൂടുകയും, വിശ്വാസത്തിന് പ്രാധാന്യം കുറയുകയും ചെയ്യുന്ന ശാസ്ത്ര മാതൃകകൾ ഉണ്ടാവും. വലതു പാർശ്വം കൂടുതൽ ഇടപെട്ടാൽ വിശ്വാസം കൂടുകയും യുക്തി കുറയുകയും ചെയ്യുമ്പോൾ അത് കലാസ്വാദനമായി മാറും. ഇത്രയേ ഉള്ളൂ ഇതിന്റെ പണി. ഇതിനെ ആസ്പദമാക്കി വിശ്വാസാധിഷ്ഠിത മതങ്ങളും, ഗണിതയുക്തിയിലുള്ള മതങ്ങളും രൂപാന്തരം പ്രാപിയ്ക്കും.
കുഞ്ഞാടുകളും ഇടയനും
വിശ്വാസാധിഷ്ഠിത മതങ്ങൾക്ക് ഗണിതയുക്തിയിലുള്ള മതങ്ങളോട് പിടിച്ചുനില്ക്കാൻ അതിനെ നേരിടാനുള്ള ഗണിതയുക്തിയുണ്ടാക്കുന്നവർ അതിനകത്ത് വേറെ sect-കളാവും. ഗണിതയുക്തിയിലുള്ള മതങ്ങൾക്ക് വിശ്വാസികളെ കിട്ടുന്നതിനും ലഭിയ്ക്കുന്നതിനും വേണ്ടി വലതു പാർശ്വം വികസിപ്പിയ്ക്കുന്ന വിശ്വാസാധിഷ്ഠിത കലകൾക്ക് പ്രാധാന്യം കൊടുത്ത് വേറെ ഉണ്ടാവും. മതത്തിന്റെ ചെങ്കോട്ടയ്ക്കകത്ത് കേറിയാൽ ഇതെല്ലാം ഉണ്ട്. ഇതൊന്നും അറിയാതെയും പഠിയ്ക്കാതെയും ഒക്കെ ആണ് ഈ കുഞ്ഞാടുകൾ എല്ലാം ഇടയൻ നയിയ്ക്കുന്ന ഈ പാതയിലൂടെ ഒക്കെ സഞ്ചരിയ്ക്കുന്നത്. പുല്ല് സ്വയം തേടി തിന്നാൻ, വഴിയറിയാത്തവയും ശീലിപ്പിച്ചിട്ടില്ലാത്തവയും കെട്ടിയിട്ട് തീറ്റിയിട്ടുള്ളവയും അതിന്റെ കൂടുകളിൽ നിന്ന് ഒരിക്കൽ അഴിച്ചുവിട്ടാൽ ഗതികിട്ടാപ്രേതങ്ങളെപ്പോലെ പട്ടിണി കിടന്നു പോവും. അഴിച്ചുവിട്ട് തിന്നു ശീലിച്ച് മദിച്ചു നില്ക്കുന്നതിനെ കെട്ടിയിട്ടാൽ അത് കെട്ടുന്നവനെയും കെട്ടിയ ഇടവും എല്ലാം കുത്തി മറിയ്ക്കുകയും ചെയ്യും. ഉദാഹരണം ഒക്കെ മതിയാവുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പലപ്പോഴും അഴിച്ചു വിട്ട് തിന്നത്, കെട്ടിയിടുന്നത് സുഖമാണ് എന്ന് തോന്നി കെട്ടിയിടുന്നിടത്ത് എത്തുമ്പോൾ കെട്ടിയിട്ടിടം തകർത്ത് ഇറങ്ങി പോവും.
കെട്ടിയിട്ടത് അഴിച്ചു വിടുന്നവന്റെ സുഖം കേട്ടറിഞ്ഞ് കയറ് അഴിച്ച് പുറത്ത് ഇറങ്ങിയാൽ പട്ടിണി കിടന്ന് ചത്തും പോവും. ഉദാഹരണം നിങ്ങളുടെ സംസ്കാരത്തിന്റെ സാമാന്യവൽക്കരണത്തിൽ വീണിട്ടുള്ളതുകൊണ്ട് തെളിയ്ക്കണ്ടാ എന്നു തോന്നുന്നു. ഇതാണ് ഇതിന്റെ കളി. ഈ കളിയിൽ നിന്നുകൊണ്ടാണ് ഞാൻ നിങ്ങൾ ആദ്യം ചോദിച്ച കുട്ടികളുടെ കാര്യവും പറഞ്ഞത്.
അതുകൊണ്ട് വ്യക്തിയിൽ വരുന്ന വാസനാജാലങ്ങളുടെ ഈടുവയ്പുകളെ പഠിയ്ക്കാതെ വിവാഹം കഴിയ്ക്കരുത്. സന്യസിയ്ക്കരുത്. കുട്ടിയുണ്ടാവാൻ ഇടയാവരുത് ….വളർത്തരുത്. ജോലി അന്വേഷിയ്ക്കരുത് …ജോലിയ്ക്ക് കേറരുത്. നിർവേദം ഒരിക്കലും വരില്ല. നിർവേദം ആഗ്രഹിയ്ക്കുന്നു എങ്കിൽ ഇത് മുഴുവനും അറിയണം. അപ്പോൾ മാത്രമാണ് ഈ പ്രപഞ്ചം രസമായിത്തീരുക. അപ്പോൾ മാത്രമാണ് ഇത് അനേകം കല്ലുകൾ ഉണ്ടെങ്കിലും ഒരു കൈകൊണ്ട് അമ്മാനം ആടിക്കളിയ്ക്കാൻ പറ്റുക. ആകെ ഒരു കല്ലേ ഉള്ളെങ്കിലും രണ്ടു കൈയ്യെടുത്ത് അമ്മാനം ആടിയാലും കൈയ്യിൽ നില്ക്കാത്തിടത്ത് നില്ക്കേണ്ടി വരുന്നത് ഇത് അറിയാത്തതു കൊണ്ടാ. അമ്മാനം ആടുക എന്നു പറഞ്ഞാൽ മനസ്സിലായല്ലോ…. (ആരോ ചോദിയ്ക്കുന്നു… ഈ വാസനാ ബലത്തെക്കുറിച്ചുള്ള അവബോധം എങ്ങിനെ കിട്ടും ….) ഇങ്ങിനെ പഠിയ്ക്കുമ്പോൾ…. അല്ലെങ്കിൽ ..നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചാൽ മതി. ഇത് പൈതൃകത്തിന്റെ പ്രശ്നമാണ്….(ചിരിയ്ക്കുന്നു….) അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഈ നാടിന് ഒരു തനതു പൈതൃകം ഉണ്ട്. അതുകൊണ്ടാ നിങ്ങൾക്ക് ഇപ്പം ഇരിയ്ക്കാൻ പറ്റുന്നത്. അതില്ലെങ്കിൽ നിങ്ങൾക്ക് ഇത് കേൾക്കാൻ പറ്റില്ല. രണ്ടു മിനിറ്റു കഴിയുമ്പം വാടാ പോകാം… പ്രാന്ത് മുഴു പ്രാന്ത് …ഇയാളെ കൊണ്ടുപോയി ഊളംമ്പാറയിൽ കെട്ടേണ്ടതാണെന്ന് പറയും.
അല്ലെങ്കിൽ ലോകത്ത് ആരെങ്കിലും ഇത് കേൾക്കാൻ ഇങ്ങിനെ വന്നിരിയ്ക്കുമോ. അതും മണിക്കൂറ് എത്രയാണ്. പ്രാന്തന് പറയുമ്പോൾ പിന്നെ ക്ഷീണം ഒന്നും ഇല്ല. (ചിരിയ്ക്കുന്നു… .) ലോകത്തിൽ ക്ഷീണമില്ലാത്ത ഒരുത്തനേയുള്ളൂ…. അത് പ്രാന്തൻ…. ഏതെങ്കിലും പ്രാന്തൻ ക്ഷീണിച്ചു കണ്ടിട്ടുണ്ടോ. എത്ര മണിക്കൂറാ കല്ല് പെറുക്കി എറിയുന്നേ. എത്ര മണിക്കൂറാ ഒച്ച വയ്ക്കുന്നേ. ഈ ഒച്ച എല്ലാം എവിടുന്ന് വരുന്നെന്ന് ആലോചിച്ചു പോവില്ലേ. പ്രാന്തന്മാർക്ക് ക്ഷീണം ഇല്ല. തനി കിറുക്കന്മാര് വഴിയിൽ കല്ലെറിയുകയും അടിയ്ക്കുകയും ചാടുകയും ഓടുകയും കുത്തിമറിയുകയും നാലഞ്ച് പേര് കൂടി കെട്ടിയാല്, കെട്ടിയ കയറ് ഒക്കെ പൊട്ടിക്കുകയും പിന്നെയും പത്തുപന്ത്രണ്ടു പേരുകൂടി കെട്ടിയിടാൻ ശ്രമിയ്ക്കുകയും ഒക്കെ ചെയ്യുമ്പോ പ്രാന്തന് വല്ലാത്ത ഊരാണ്. പ്രാന്തൻ എന്നെങ്കിലും ക്ഷീണിച്ചു കണ്ടിട്ടുണ്ടോ. വിവരവും വിദ്യാഭ്യാസവും വെള്ളിയാഴ്ചയും ഒക്കെ ഉള്ളവൻ ശകലം പണിയെടുത്താൽ ക്ഷീണിച്ചു പോവും. രണ്ട് ചക്കക്കുരു മുറുക്കികഴിഞ്ഞാല് ഒന്ന് കിടന്ന് വിശ്രമിയ്ക്കണം. നാല് വരി എഴുതിക്കഴിഞ്ഞാൽ ഒന്ന് ചാഞ്ഞ് കിടക്കണം. ഇല്ലെങ്കിൽ ചായയോ കാപ്പിയോ, ബീഡിയോ സിഗററ്റോ, ഒരു കുപ്പി ചാരായമോ കിട്ടണം. പിന്നെ ഉണരണമെങ്കിൽ…… പ്രാന്തൻ സർവ്വധാ മൂപ്പിലാണ്. (ആരോ ചോദിയ്ക്കുന്നു… സ്വാമി പറയുന്നത് ….) ഞാൻ അങ്ങിനെ പറഞ്ഞില്ല. (ചിരിയ്ക്കുന്നു….) നിങ്ങൾ അങ്ങിനെ ധരിച്ചെങ്കിൽ എനിയ്ക്ക് വിരോധവുമില്ല. (ചിരിയ്ക്കുന്നു. …)
നിങ്ങളുടെ പല ചോദ്യങ്ങൾ വൈകുന്നേരം ചോദിയ്ക്കാൻ ഇരിയ്ക്കുന്നതിന് ഒറ്റയടിയ്ക്ക് ഉത്തരം പറഞ്ഞ് തീർത്താൽ…. ചിലര് പതുക്കെ പതുക്കെ ചൊറിഞ്ഞ് ഇന്നത്തെ ചോദ്യം എഴുതുന്നത് കണ്ടു. അതിൽ ഒരു ചോദ്യം ഇതായിരുന്നു എന്നുള്ളതുകൊണ്ട് ആ ചോദ്യം നേരെയിങ്ങ് വരുന്നതിനു മുമ്പ് ഉത്തരം അങ്ങ് പറഞ്ഞാൽ ഇനി ആരോടും ചോദിച്ച് സമയം കളയുക ഇല്ലല്ലോ എന്ന് വിചാരിച്ച് പറഞ്ഞതാണ്. അതിന്റെ കളി ഇതാണ്.
ബീജം – അണ്ഡം – സ്വയംവരം
അനാദി കാലം മുതലുള്ള വാസനകള് പല രൂപത്തിൽ കിടക്കുന്നത്, നിജ അനുഭവം, അന്യന്റെ അനുഭവം, കൂടെ വന്ന പൂർവ്വ വാസന ഇത് സങ്കലിതമായി വരുമ്പോഴ് അതേ വാസനാ ജാലങ്ങൾ എല്ലാം ചേർന്ന ഒരു ബീജം… ഞാനിതിന് ഉത്തരം പറഞ്ഞതാണ്….ഒരു ബീജം, മുപ്പതോ അമ്പതോ അറുപതോ ദശലക്ഷം ബീജങ്ങളുടെ അകമ്പടിയോടുകൂടി ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്നു തുള്ളിക്കളിച്ച് വാലുകൾ ഇളക്കി ബീജ വാസനകളുടെ വാലിളക്കി യാത്രചെയ്യുമ്പോൾ …with tail …അവിടെ നിന്ന് അതില് കള്ളനെ വേണമോ, കൊള്ളക്കാരനെ വേണമോ, ഈ കുടുംബം തകർക്കാൻ ഉള്ളവനെ വേണമോ, എന്നെ വിവാഹം ചെയ്യുമ്പോൾ ഇയാൾ ചോദിച്ച സ്ത്രീധനം ഇയാളുടെ പെങ്ങളെ വിവാഹം കഴിപ്പിയ്ക്കുന്നതിന് മേടിച്ച് എന്റെ കുടുംബത്തിന്റെ അസ്ഥിവാരം ഇളക്കിയ ഇവന്റെ എല്ലുംമുട്ടിയും കീറുന്നവനെ വേണമോ എന്ന് തീരുമാനിച്ച് കൃത്യമായി അതിലൊന്നിനെ തിരഞ്ഞെടുത്ത് സ്വീകരിച്ച് കൊണ്ടുവരുമ്പോൾ … അതുപോലെ അടുത്തത് ഇരിയ്ക്കില്ല. അവള് നിങ്ങളെ കൊല്ലാനുള്ളവനെ വേണോ, നിങ്ങളെ സ്നേഹിയ്ക്കാൻ ഉള്ളവനെ വേണോ, നിങ്ങളുടെ കുടുംബം ഊരിപ്പകരാൻ ഉള്ളവനെ വേണോ, നിങ്ങള് ചത്താൽ കത്തിച്ച് പൊടി കലക്കി കുടിയ്ക്കുന്നവനെ വേണോ…. എന്നൊക്കെ തീരുമാനിയ്ക്കാൻ അവൾക്ക് മാത്രമേ അധികാരമുള്ളൂ.
സഹധർമ്മിണി
അതുകൊണ്ട് സഹധർമ്മിണിയെ സൃഷ്ടിയുടെ ആദിരൂപമെന്ന് കണ്ട് സ്നേഹിച്ച് മര്യാദയ്ക്ക് വിനയാന്വിതമായി സപ്തപദിയും കഴിഞ്ഞ് കൂട്ടിക്കൊണ്ടു ചെന്ന്, അവളുടെ ഇച്ഛയും, അവളുടെ സങ്കല്പങ്ങളും, അവളുടെ വാസനകളും സുഗമമാക്കി, അവൾ ചുറ്റുപാടുകളിൽ നിന്ന് സ്വീകരിയ്ക്കാവുന്ന അറിവുകളെ സമുജ്ജ്വലങ്ങളാക്കി തീർത്ത് മര്യാദാമസൃണമായി ഗർഭാധാനമെന്ന സംസ്കാരത്തിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ, പൂർവ്വഗതങ്ങളായ അനുഭൂതികളോട് മുഴുവൻ പ്രാർത്ഥിച്ച് എന്റെ വംശവൃക്ഷത്തിൽ കേടുള്ളതും വിനാശകരമായുള്ളതും തരരുതേ എന്ന് പൂർവ്വ പിതാക്കന്മാരോട് അനുമിച്ച് ചേരുമ്പോൾ ആ ചേർച്ചയിൽ നിന്ന് സർവ്വോത്തമനും സർവ്വോജ്ജ്വലനും സമാധാനകാംക്ഷിയും നിർവേദം അനുഭവിയ്ക്കുന്നവനുമായ ഒരു സത് സന്താനത്തെ പ്രസവിയ്ക്കുന്നതിന് ഇടയുണ്ടാകും. അതാകെ ഒന്നു മതി … ഒരുപാട് വേണ്ട. ചോദ്യം എനിയ്ക്ക് ഇഷ്ടായി.
(ആരോ ചോദിയ്ക്കുന്നു…) അങ്ങിനെ വരുമ്പോഴാ കുട്ടി താറുമാറാകുന്നത്. ഇത്രയും കഴിഞ്ഞ് ഇറങ്ങുമ്പോൾ അത് പൂർവ്വജനിതകങ്ങളിൽ നിന്ന് ഏതേത് വാസനകളെ ആണ് സ്വീകരിച്ചതെന്ന് ആദ്യം അറിയുന്നത് അമ്മയ്ക്കാണ്. അതുകൊണ്ട് കുട്ടിയുടെ വളർത്തലിൽ അച്ഛനല്ല … അമ്മയാണ് ഇടപെടേണ്ടത് .. ആ ഒരു അർത്ഥത്തിൽ. കാരണം അവളാണ് ബീജം സ്വീകരിച്ചത്. ആ ചേർച്ചയുടെ ഓരോ നിമിഷങ്ങളും സൃഷ്ടിയുടെ ഈറ്റില്ലത്തിൽ നടക്കുന്നത് രൂപീകരണത്തിന്റെ തലങ്ങളാണ്. ആ ചേർച്ചയും ചേർച്ച കഴിഞ്ഞുള്ള (mytosis) മൈറ്റോസിസുകളും ക്രമഭംഗങ്ങളും അതിന്റെ വികാസ പരിണാമങ്ങളും, ആ വാസനയ്ക്ക് ഉശിരേകുവാൻ അവൾ കഴിച്ച് ദഹിപ്പിച്ച് കൊണ്ടുചെല്ലുന്ന ആഹാരങ്ങളും, അവളിലേയ്ക്ക് കടന്നു ചെല്ലുന്ന ഔഷധങ്ങളും, അവൾ കേൾക്കുന്ന അവളുടെ ചെവികളാകുന്ന വാതായനങ്ങളിലൂടെ വന്നു കേറുന്ന ശബ്ദങ്ങൾ, അവ രൂപാന്തരപ്പെട്ട് സാധക പിത്തത്തിന്റെ അദ്വിതീയ രംഗങ്ങളിലേയ്ക്ക് കടന്നു ചെല്ലുന്ന ആലോചകങ്ങളും, എല്ലാം… എല്ലാമെല്ലാം അറിയുന്ന ഒരു അമ്മ.
സൃഷ്ടികർത്താവും ദേവതയുമായ സ്ത്രീ
എന്റെ ഈറ്റില്ലത്തിലാണ് സകല പ്രതി പ്രസവങ്ങളുടേയും രംഗവേദി ഒരുങ്ങുന്നത് എന്നും, അവിടെയാണ് ഇത് രൂപപ്പെടുന്നത് എന്നും, അതിലേയ്ക്ക് ആനയിയ്ക്കുന്ന സംഭവ വികാസങ്ങൾ ഓരോന്നും ആ കോശപരിണാമത്തിൽ പങ്ക് വഹിയ്ക്കുന്നു എന്നും, നാളെ ഞാൻ സൃഷ്ടിച്ചെടുത്തതാണ് കലാകാരനും, സാഹിത്യകാരനും, അച്ഛനും, മകനും, സന്യാസിയും, ഗൃഹസ്ഥനും, ബ്രഹ്മചാരിയുമായി മാറുന്നതെന്നും, അവിടെ എല്ലാം അവൻ പുലർത്തുന്നതിന്റെ കാരണം തേടി അജ്ഞാതമായി നീങ്ങുന്നത് അത്രയും എന്നെയാണെന്നും, എന്റെ സൃഷ്ടിയാണ് മൗലികമായി അതെന്നും, സൃഷ്ടി കഴിഞ്ഞ് സൃഷ്ടികർത്താവായ ഞാൻ പിന്മാറുമ്പോഴും, അതിൽ ഞാനാണ് ബോധതലത്തിൽ ഉണർന്നിരിയ്ക്കുന്നതെന്നും അറിയുന്ന ഒരു സ്ത്രീത്വത്തിന്റെ രംഗവേദിയിലാണ് സൃഷ്ടികർത്താവും ദേവതയുമായ സ്ത്രീയെ സംസ്കൃതി പ്രതിഷ്ഠിയ്ക്കേണ്ടത്.
സ്വാമിജിയ്ക്ക് ഇഷ്ടപ്പെട്ട ചോദ്യം
അത് നിങ്ങളുടെ ഭാര്യയല്ല. അവൾ നിങ്ങൾക്ക് കാമനകൾ തരാനുള്ള ഉപകരണവുമല്ല. ചോദ്യം എനിയ്ക്ക് വല്യ ഇഷ്ടമായി. ആ ചോദ്യത്തിന് പ്രത്യേക നന്ദി. അതുകൊണ്ട് അവൾ നോക്കുമ്പോൾ അറിയാം കുഞ്ഞിന്റെ വാസന. പ്രസവിയ്ക്കുമ്പോൾ അനുഭവിയ്ക്കുന്ന ഈറ്റു നോവിൽ വച്ച് വരാൻ പോകുന്ന വാസനകളെ മുഴുവൻ അറിയുന്നത് കൊണ്ടാണ് അറിവെന്ന സംജ്ഞയുള്ള വേദനയെന്ന് അതിന് പേരും വന്നത്. ആ വേദനയിൽ അവൾ തിരിച്ചറിയും, തന്റെ കുഞ്ഞിന്റെ പോക്കിന്റെ ഓരോ രംഗവും. അതൊന്ന് ചലിച്ചാൽ, അതൊന്ന് കരഞ്ഞാൽ, അതൊരിടത്ത് ഇരിയ്ക്കുമ്പോൾ ഒന്ന് വേദനിച്ചാൽ, അയ്യായിരം മൈൽ അകലത്തിരുന്ന് ജോലി ചെയ്യുമ്പോഴും അതിന്റെ കോശങ്ങളിൽ ഒന്ന് വേദനിച്ചാൽ, അവളുടെ കോശ സമുച്ചയത്തിനകത്ത് ഒരു പരിണാമം ഉണ്ടാവുകയും ഉടനെ അവനെ വിളിയ്ക്കണമെന്ന് തോന്നുകയും ഉടനെ കാണണമെന്ന് തോന്നുകയും ഉടനെ പരിണമിപ്പയ്ക്കണമെന്ന് തോന്നുകയും ചെയ്യുന്ന അസ്നാവിരം ആശയം തരുന്ന മാതൃത്വത്തിന്റെ മഹനീയതയ്ക്ക് അകത്ത് സൃഷ്ടിയുടെ സമസ്ത ചക്രങ്ങളും സംയോജിയ്ക്കുകയും സമുജ്ജ്വലമായിത്തീരുകയും ചെയ്യുന്നു എന്ന് രസനിഷ്പത്തി. (27.34 mts / 28.06 mts. The end of clip No. 16 )
തുടരും…….
More articles and discourses are available at nairnetwork.in
Intro to social media
‘ Vasana’s ‘ are the fountainhead of culture & religion. For almost all, there is a credit of vasana’s in one’s life account from previous births…..
മതങ്ങളുടെ ആവിർഭാവത്തെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു……
കലയും ശാസ്ത്രവും ഔഷധമായി കണക്കാക്കിയ ഭാരതീയ സംസ്കാരം.
സംസ്കാരത്തിന്റെ രണ്ട് മാനബിന്ദുക്കൾ ആണ് വിദ്യാഭ്യാസവും ജന്മ-ജന്മാന്തരങ്ങളും.
സെമറ്റിക്ക് മതങ്ങളുടെ ആവിർഭാവത്തെയും വിശ്വാസയോഗ്യതയെയും സംബന്ധിച്ചുള്ള തത്ത്വപരമായ വിശകലനം ഈ ഭാഗത്തിൽ വായിയ്ക്കാം
Unique Visitors : 30,369
Total Page Views : 45,730