For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്‍കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no 33 (20.08 mts) – വാക്കുകൾക്ക് അപ്പുറമുള്ള ലോകം
അതിൽ അവസാനമായി നിർത്തിയത് നമ്മളിൽ നടക്കുന്ന താദാത്മ്യത്തിലാണ്. അതില്‍ എങ്ങിനെയാണ് മനഃസംവേഗങ്ങളും അതിന്റെ മൂല പ്രകൃതികളും ചേർന്ന് ഒരു പ്രപഞ്ചം സൃഷ്ടിയ്ക്കുന്നതെന്നും, അത് സ്ഥൂലശരീരതാദാത്മ്യ അദ്ധ്യാസത്തിൽ നിന്ന്, മുപ്പത്തിമൂന്ന് വ്യഭിചാരീ ഭാവങ്ങളോടുകൂടി വികസിതമായി തീർന്ന് സൂക്ഷ്മശരീരതാദാത്മ്യ അദ്ധ്യാസത്തിന് …. ഇന്ദ്രിയജനിതഅനുഭവഉൽപ്പന്ന വാസനാഉൽബുദ്ധ സൂക്ഷ്മശരീരതദാത്മ്യ അദ്ധ്യാസത്തിന് ….. ജാഗ്രത്തിലും ഉറക്കത്തിലും… ഉണർന്നിരിയ്ക്കുമ്പോഴും ഉറക്കത്തിലും ഉണ്ടാകുന്ന സ്വപ്നലോകമാണ് നമ്മെ ആഴത്തിൽ പിടിയ്ക്കുന്ന ലോകം.
ജാഗ്രത്തിലെ ലോകം ഉണ്ടായി മറയുകയും, നമ്മളിൽ വലിയ ഭാവങ്ങൾ ഉണ്ടാക്കാതെ പോവുകയും ചെയ്യുകയാണ്. വൈകാരിക പ്രതിബദ്ധതയുള്ള സൂക്ഷ്മലോകം മാറ്റി നിർത്തിക്കൊണ്ടാണ് എല്ലാ യാഥാതഥ്യ വാദങ്ങളും ഇന്ന് മുന്നേറുന്നത്. ജീവിതത്തിന്റെ വളരെ ചെറിയ ഒരംശം….നിങ്ങളുടെ ജീവിതത്തിലെ ആഹാരം…നീഹാരം…മൈഥുനം ..നിദ്ര .. ഇവയുടെ പരിമിത ലോകങ്ങൾ സ്ഥൂലമായി അനുഭവിച്ചവയെ അനുസ്മരിപ്പിച്ച് അവയുടെ ലോകങ്ങളെ വിരചിച്ച് അത് സ്വച്ഛന്ദമായി വരുന്നതാണെന്ന് ഇരിയ്ക്കെ, അതിനായി ചിന്തിപ്പിച്ച്, ജീവിതത്തിന്റെ മുഴുവൻ സമയങ്ങളെയും അതിനുള്ള പ്രയത്നങ്ങൾക്കായി മാറ്റി വച്ച് കൊണ്ടുപോകുമ്പോൾ, തൃപ്തമാകാത്ത ഇന്ദ്രിയജനിതഅനുഭവഉൽപ്പന്ന വാസനാഉൽബുദ്ധലോകവും, ഇന്ദ്രിയജനിതഅനുഭവഉൽപ്പന്ന വാസനാഅനുൽ(ദ്)ബുദ്ധലോകവും അതൃപ്തമായി കിടക്കുമ്പോൾ ഈ ജീവിതം ശാന്തസുന്ദരമായി ഒഴുകാൻ ഇടയില്ല. അവിടെയാണ് നിങ്ങളുടെ ജീവന്റെ ചരിത്രവും ….അവിടെയാണ് നിങ്ങളുടെ അനുഷ്ഠാനങ്ങൾ ഉൾക്കൊള്ളുന്ന മതവും …അവിടെത്തന്നെയാണ് മറഞ്ഞ് നില്ക്കുന്ന സംസ്കാരവും ഏകീഭവിയ്ക്കുന്നത്. (3.17 mts / 20.08 mts)
വ്യഭിചാരീ ഭാവങ്ങൾ
അവിടെയാണ് ഏതാണ്ട് മുപ്പത്തിമൂന്ന് വ്യഭിചാരീ ഭാവങ്ങൾ, മാറി മാറി കളിയ്ക്കുന്നത്. പൂർവ്വന്മാർ നാടകങ്ങളിലും കലകളിലും എല്ലാം സഞ്ചാരീ ഭാവങ്ങളെ … അതിന്റെ മറ്റൊരു പേരാണ് ഞാൻ ഉപയോഗിച്ചത് … അതിന് മനസ്സിലായില്ലെങ്കിലോ എന്നോർത്താണ് സഞ്ചാരി എന്നുപോയഗിച്ചത്. അവലംബിച്ചതും. അതാണ് സൂക്ഷ്മശരീരതാദാത്മ്യഅദ്ധ്യാസത്തിന് വഴിതെളിയ്ക്കുകയും ഈ ലോകം അല്ലാത്ത ഒരു ലോകം ഉണ്ടെന്ന് ബോദ്ധ്യമാക്കുകയും ചെയ്യുന്നത്. അതിനെ അവലംബിച്ച് മാത്രമാണ് വികാരാത്മകവും വിചാരാത്മകവും ആയ, മാനസികവും ജ്ഞാനാത്മകവുമായ രണ്ട് സൂക്ഷ്മസംവേദനങ്ങളും, ശാരീരികമായ ഒരു സ്ഥൂല സംവേദനവും സംജാതമാകുന്നത്. അതുൊണ്ടുതന്നെയാണ് അച്ഛനും അമ്മയും, അച്ഛന്റെയും അമ്മയുടെയും സ്നേഹവും അനുഭവിയ്ക്കുന്നിടത്ത് നിന്ന്, കലയില്‍ കുടംബകഥയുണ്ടെന്ന് കേട്ടാൽ, ഇതിനെക്കാൾ സൂക്ഷ്മം ആയിരിയ്ക്കുമെന്ന് ഓർത്ത് ഓടിപ്പോകുന്നത്.
സ്ഥൂലമായ ഭാര്യയും ഭർത്താവും ഒരുമിച്ച് ഇരുന്ന് ഏതോ സൂക്ഷ്മമായ ഭാര്യയേയും ഭർത്താവിനേയും ആസ്വദിയ്ക്കാനാണ് as you like it-ഉം, ശാകുന്തളവും വായിയ്ക്കാൻ ഒരുങ്ങുന്നത്. അതിൽ എത്ര സ്വപ്നമുണ്ടോ, അത്രയും അഗാധവും അത്രയും കാലാതിവർത്തിയും ആയിരിയ്ക്കും അതിന്റെ സംഭാവന. As you like it-ല്‍ orlando പറയുന്ന ഒരു വരിയുണ്ട്. There is no jewel is like Rosalind, from east to western side …there is no jewel is like Rosalind. അതുകൊണ്ട് തൃപ്തി അടഞ്ഞു പോരില്ല. അതേ സമയം ഹാംലെറ്റില്‍ ഈ സൗന്ദര്യാത്മകതയ്ക്ക് അപ്പുറം ഹൃദയത്തെ ചൂണ്ടിക്കാണിക്കുമ്പോൾ My words fly up in the air …my thoughts hidden below…words without thought never to heaven go …എന്നു പറയുമ്പോൾ സാമഞ്ജസ്യമുള്ള അനാദിയായ വാസനകൾ എല്ലാം സാമാന്യേന എല്ലാവരിലും ഉള്ളത് ഉണരും. അത് ജപ്പാനിൽ പോയി പഠിപ്പിയ്ക്കുമ്പോഴും, ഇന്ത്യയിൽ പോയി പഠിപ്പിയ്ക്കുമ്പോഴും, ഇംഗ്ലീഷ് അറിയാത്ത ഒരു മനുഷ്യൻ ഇത് മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. നിങ്ങള്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഹാംലെറ്റ്…. ഇംഗ്ലീഷേ പഠിച്ചിട്ടില്ലാത്ത ഒരാൾ മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. ഷേക്സ്പീയർ മലയാളം പഠിച്ചിട്ട് കേട്ടാൽ എങ്ങിനെയാകുമോ എന്നെനിയ്ക്ക് അറിയില്ല.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
വചസ്സ് മേലോട്ട് പറന്നിടുന്നു….വിചാരമോ താഴെ ഉഴന്നിടുന്നു….വിചാരമോടൊത്തു കലർന്നിടാതെ …വചസ്സു പോകാ പരമം പദത്തിൽ ….ഷേക്സ്പീയറിന്റെ heaven ബലൂൺ പൊട്ടുന്നതുപോലെ പൊട്ടുമോ എന്ന് സംശയം. അദ്ധ്യാപകർ ഇരിപ്പുണ്ടെങ്കിൽ ആണ് ഞാൻ പറയുന്നതിന് എനിയ്ക്കൊരു സുഖം ഉണ്ടാവുക. സാഹിത്യത്തിന്റെ മർമ്മം ഈസ്റ്റും വെസ്റ്റും തമ്മിലുള്ള അന്തരം കാണിയ്ക്കാൻ ആ തർജ്ജമ മതിയാകുമെന്നാ എനിയ്ക്കു തോന്നുന്നെ…..തർജ്ജമ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയാണ്. ഇംഗ്ലീഷിൽ വായിച്ചിട്ട് അർത്ഥം പറഞ്ഞുകൊടുക്കുമ്പോൾ കവിത ഒഴുകി വന്നതാണ്.
My words fly up in the air … My thoughts hidden below ….Words without thought never to heaven go… പദങ്ങളുടെ ചേർച്ച ഒക്കെ നോക്കുക…. വചസ്സ് മേലോട്ട് പറന്നിടുന്നു….വിചാരമോ താഴെ ഉഴന്നിടുന്നു…വിചാരമോടൊത്ത് കലർന്നിടാതെ….വചസ്സ് പോകാ പരമം പദത്തിൽ. പ്രാർത്ഥിയ്ക്കുന്നവന്‍ ഒക്കെ തോന്നും ഇത് എന്നെക്കുറിച്ചല്ലേ എഴുതിയതെന്ന്. ഏത് ഒരുത്തൻ ഏത് രാജ്യത്തിരുന്ന് പ്രാർത്ഥിച്ചാലും തോന്നും…ഹാംലെറ്റ് രാജകുമാരന്റെ ഈ ചിന്ത … അവിടെ സൗന്ദര്യ സങ്കല്പത്തിൽ As you like it-ലെ സങ്കല്പത്തിന്റെ ഒരു മറുപുറം പൗരസ്ത്യ കാഴ്ചപ്പാടിൽ ഉണ്ട്. സ്ത്രീരത്നസൃഷ്ടിരപരപ്രതിഭാതിസാമി ധാതുർവിഭുക്തുമനുചിന്ത്യ വപുസ്സ്ചതസ്യ …ബ്രാഹ്മാവ് വിശ്രമവേളയില്‍ ഇങ്ങിനെ ഒരെണ്ണത്തിനെ മെനഞ്ഞത് എങ്ങിനെയെന്ന് സംശയം തോന്നും.
അലൗകികത
പ്രേമം ഒന്നും ഇന്നത്തെപ്പോലെയല്ല. പടിഞ്ഞാറിലെ പോലെയല്ല. അതൊക്കെ വരച്ച് വയ്ക്കുമ്പോൾ അതിന്റെ അലൗകികത്വം, വിരഹത്തിന്റെ വേദന വരച്ച് വയ്ക്കുമ്പോൾ അതിലുള്ള അലൗകികത്വം … പ്രേമവും വിരഹവും വിരാഗത കൊണ്ട് തീണ്ടാത്ത മുനിവാടത്തിലെ കമ്പുകളിൽ ഉണങ്ങാനിട്ട മരവുരിയ്ക്ക് കീഴില്‍…കാര്യാസൈകത ലീന ഹംസ മിഥുനാ …ചാലേ മാലിനിയും മരാള മിഥുനം വാഴും മണൽത്തിട്ടയും … അതിന്റെ കീഴിൽ ഒരു കാഴ്ചയുണ്ട്. കൊമ്പിൽ ഇടത്തുകണ്ണുരസുമാം ആ മാൻപേടയും…കണ്ടു യമാനാം മൃഗീം… മുകളിൽ തൂങ്ങുന്നത് മരവുരിയാണ്. അവിടെ ഒരു ആൺമാനിന്റെ കൊമ്പില്‍ തന്റെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ലക്ഷണമായ കണ്ണ് ചൊറിയുന്ന പേടമാൻ.അവിടെ ആശ്രമത്തിൽ വച്ചുള്ള പ്രേമം മറന്ന്, സ്പഷ്ടമായ ഗർഭലക്ഷണങ്ങളോടു കൂടിയവളെ ഉപേക്ഷിച്ച് വിസ്മൃതി പൂണ്ട് രാജാധികാരത്തിൽ ഇരിയ്ക്കുന്ന താൻ. അലൗകിക ചിത്രങ്ങൾ സമ്മേളിയ്ക്കുന്ന രംഗവേദികൾ അവതരിപ്പിയ്ക്കുമ്പോൾ തൃപ്തിയാകുന്നത് സ്ഥൂലശരീരതാദാത്മ്യ അദ്ധ്യാസമല്ല.
നാം തച്ചുടച്ച് കളഞ്ഞത്
ഇനിയും കലഹങ്ങൾക്കും, ഇനിയും നിർവേദത്തിനും എല്ലാം എങ്ങിനെ സാദ്ധ്യത എന്നന്വേഷിയ്ക്കുന്ന മാനവ ഹൃദന്തത്തിൽ ഇന്ദ്രിയജനിതഅനുഭവഉൽപ്പന്നവാസനകള് ഏകത്ര സമ്മേളിച്ച് സൂക്ഷ്മശരീരതാദാത്മ്യ അദ്ധ്യാസം മാറി മറിഞ്ഞ് സംവിത് വിശ്രാന്തി വരുന്ന മുഹൂർത്തം….ഇങ്ങിനെയുള്ള കല … ഇങ്ങിനെയുള്ള സാഹിത്യം… A man making art…മനുഷ്യനെ സൃഷ്ടിയ്ക്കുന്ന കല. മാധവനെ സൃഷ്ടിയ്ക്കുന്ന മതം. ഇതൊക്കെ സമ്മേളിച്ചിരുന്ന ഒരു ഭൂമി. അതാ നാം തച്ചുടച്ച് കളഞ്ഞത്.

മതത്തിന്റെ ലക്ഷ്യം
ആ വാസനയ്ക്ക് ഇണങ്ങുമാറ് അവന്റെ അന്തഃച്ചോദനയെ (അന്തഃ ചോദനയെ) അറിഞ്ഞ് അവനിലെ മനുഷ്യനെയും, അവനിലെ നരനെയും അവനിലെ നാരായണനെയും സമുജ്ജ്വലമാക്കി സമ്മേളിപ്പിച്ച ഒരു വിദ്യാഭ്യാസവും….അതും നാം കളഞ്ഞുകുളിച്ചു. അവിടെയാണ് നമ്മുടെ വികാരാത്മകവും വിചാരാത്മകവും….മാനസികവും ജ്ഞാനാത്മകവുമായ … ഒപ്പം ശാരീരികവുമായ …കാരണം നിർവേദവും ശങ്കയും ഹർഷവും ദൈന്യവും എല്ലാം വികാരാത്മകങ്ങളാണ്. അവയൊക്കെ ശാന്തമായി വൈഖരിയ്ക്ക് അപ്പുറമുള്ള ലോകങ്ങളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ട് പോവാൻ…. അതായിരിയ്ക്കണം ഒരു മതമുണ്ടെങ്കിൽ അതിന്റെ ലക്ഷ്യം. അവിടെ ഒന്നും മറ്റൊന്നിനെക്കാൾ ഭേദമാവില്ല.
നിഘണ്ടു…..
പരയും പശ്യന്തിയും മദ്ധ്യമയും വൈഖരിയും ഇത് നമ്മളൊന്ന് പറഞ്ഞ് വച്ചതാണെന്ന് തോന്നുന്നു. ക്രോഡീകരിയ്ക്കുന്നതു കൊണ്ട് ഒന്നുകൂടി ഓർമ്മിപ്പിയ്ക്കുകയാണ്. വാണിയുടെ സ്ഥൂല വിവർത്തമാണ് ശ്രവണത്തിനാവുന്നത്. വാണി അതിന്റെ ഏറ്റവും സ്ഥൂലതയില്‍ ഏറ്റവും വിവർത്തം സംഭവിച്ച്, വിവർത്തം എത്രയും കൂടുന്നുവോ അത്രയും ചമൽക്കാരങ്ങളും ഉണ്ടാവും വാണിയ്ക്ക് …. ആ സ്ഥൂല വിവർത്തമാ നാം കേൾക്കുന്നത്. തൊണ്ട മുതൽ ഹൃദയം വരെ അത് വ്യാപിച്ചിരിയ്ക്കുകയും ചെയ്യുന്നു. അവിടം കൊണ്ട് തീർന്നു എന്നാണ് എനിയ്ക്ക് തോന്നുന്നത്, നമ്മുടെ പ്രപഞ്ചം. ലൗകിക പ്രപഞ്ചം അവിടം കൊണ്ട് തീർന്നു. അതിന് അപ്പുറം ഒരെണ്ണം ഉണ്ട്. ശബ്ദരൂപമാകകൊണ്ട് വൈഖരി … ആദ്യത്തെ ഈ സ്ഥൂല പ്രപഞ്ചം എല്ലായിപ്പോഴും ഭിന്നമായിരിയ്ക്കുകയും ചെയ്യും. ഒരു വാക്കു തന്നെ രണ്ട് സമയത്ത് പറഞ്ഞാൽ, രണ്ട് ദേശത്തിൽ ഉപയോഗിച്ചാൽ, രണ്ട് വ്യക്തികൾ ഉപയോഗിച്ചാൽ, മാറ്റമുണ്ടാവും. അതുകൊണ്ട് വൈഖരിയ്ക്ക് നിഘണ്ടു എഴുതുന്നത് ക്ലിഷ്ടമാണ്.
പലപ്പോഴും പറഞ്ഞു കഴിഞ്ഞ് കേൾക്കുന്നവനും പറയുന്നവനും പരിചിതമായ അർത്ഥം എടുത്തുപയോഗിച്ചാൽ പറയുന്നവന്റെ ടിപ്പണി കൂടാതെ മനസ്സിലാക്കുന്നത് പ്രയാസമായ തലമാണ്. പറയുന്നവൻ പറഞ്ഞതിന് ഭാഷ്യം എഴുതിയാൽ ഭാഷ്യം കേൾക്കുന്നവൻ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ വാർത്തികം പിന്നേയും വേണ്ടി വരും. നിങ്ങള്‍ വീട്ടിൽ ഒക്കെ സംസാരിയ്ക്കുമ്പോൾ അങ്ങിനെയാണെന്ന് തോന്നുന്നു. ആദ്യം പറയും. പിന്നെ അത് ശരിയ്ക്കോ…ശരിയല്ലാതെയോ മനസ്സിലാക്കാൻ തുടങ്ങുമ്പോ നിങ്ങള്‍ അതിന് ഭാഷ്യം ചമയ്ക്കും.
അമ്മയും മകനും മകന്റെ ഭാര്യയും കൂടെ ഇരിയ്ക്കുമ്പോൾ അമ്മയോട് ഭാര്യയുടെ മുമ്പിൽ വച്ച് സംഭാഷണം ചെയ്തിട്ട് അമ്മയുടെ മുഖം വാടി എന്നു കാണുമ്പോൾ അതിന് ഭാഷ്യം ചമയ്ക്കുമ്പോൾ ഭാര്യയുടെ കണ്ണുകളിൽ, കോപം വരാൻ തുടങ്ങുന്നത് കണ്ട് വാർത്തികം ചമച്ച് രക്ഷപെടാൻ ശ്രമിയ്ക്കുന്നത് സർവ്വസാധാരണമാണ്. (15.42 mts) അതിൽ നിന്ന് എന്താ മനസ്സിലാക്കേണ്ടത്. നിങ്ങളുടെ വൈഖരിയ്ക്ക് ഊടും പാവും ഇല്ലെന്നും അത് അവധാനത ഇല്ലാത്തത് ആണെന്നും അനവസ്ഥിതത്വം ഉണ്ടെന്നും ഒക്കെ ആണോ… അമ്മേം ഭാര്യയും ഒക്കെ കൂടെ നില്‍ക്കുകയാണ്. അപ്പം മകൻ ഒരു വാക്കു പറഞ്ഞു… അമ്മ പ്രതികരിച്ചു….ചെറുതായിട്ട്….തലേൽ വച്ചാല്‍ പേനരിയ്ക്കും…താഴെ വച്ചാല്‍ ഉറുമ്പരിയ്ക്കും…എന്നോർത്ത് വളർത്തിയതാണെന്ന് പതുക്കെ …മൂളാൻ തുടങ്ങിയതേ ഉള്ളൂ. അപ്പോൾ അമ്മയുടെ വേദന കണ്ടപ്പോൾ പറഞ്ഞ വാക്കിന് ഒരർത്ഥം പുതിയതായിട്ട് കല്പിച്ചു. പക്ഷെ ഭാഷ്യം എഴുതാൻ തുടങ്ങിയപ്പോൾ ഭാഷ്യം ഭാര്യയ്ക്കാണ് കൊണ്ടത്. ഭാര്യയുടെ കൺകോണുകളില്‍ ക്രോധം മെല്ലെ കേറുന്നോന്ന് ഒരു ശങ്ക തോന്നിയപ്പോഴേയ്ക്ക് മുട്ടു വിറച്ചപ്പം വാർത്തികം ചമച്ച് രക്ഷപെടാൻ തുടങ്ങുന്നു എന്ന്.
ശ്രീ കണ്ഠേശ്വരം – നിഘണ്ടു- ശബ്ദതാരാവലി
ശബ്ദത്തിന്റെ വൃത്തി വിശദീകരിച്ച്…ഞാൻ അങ്ങിനെയൊന്നും അല്ല ഉദ്ദേശിച്ചത് … ഇങ്ങിനെയാണ് മാനവൻ ഭാഷ വൈഖരി ആയി ഉപയോഗിയ്ക്കുന്നത് എങ്കിൽ, ശ്രീകണ്ഠേശ്വരം പപ്പനാവപിള്ള ഒക്കെ ചെയ്തിട്ട് എന്താ കാര്യം ഇരിയ്ക്കുന്നെ. പപ്പനാവപിള്ളയെ അറിയുമോ … ഇല്ല…ശബ്ദതാരാവലി കർത്താവ്. (ചിരിയ്ക്കുന്നു…)….ഇങ്ങേര് നിഘണ്ടു എഴുതിയത് ഒക്കെ വെള്ളത്തിൽ ആയി പോവും. കാരണം നിങ്ങൾ ഓരോരുത്തരുടെയും ഓരോ സമയത്തുള്ള ഓരോരുത്തരോടുമുള്ള ഓരോ പദത്തിനും ഓരോ അർത്ഥം ഇരിയ്ക്കെ ഭാഷയ്ക്ക് എന്തിനാ ഒരു നിഘണ്ടു. അതുകൊണ്ട് പലപ്പോഴും ഈ സ്ഥാനം ഹൃദയസ്ഥിതമായ …ഹൃദയം വരെ …രൂപാന്തരപ്പെടുന്ന…ശ്രവണത്തിന് ആവുന്ന …ആ ശബ്ദം.
യാസ്കൻ
അപ്പോൾ ശബ്ദരൂപമാകുകയാൽ അർത്ഥം അതിൽ നിന്ന് എല്ലായിപ്പോഴും ഭിന്നമായിരിയ്ക്കും. ശബ്ദവും അർത്ഥവും നിഹിതമായിരിയ്ക്കുന്ന ഹൃദയസ്ഥിതമായത് മദ്ധ്യമ. അത് കണ്ഠാതികളിൽ നിന്ന് ഉണ്ടാകുന്നത് അല്ല. സൂക്ഷ്മവാണിയാണ്. നാഭി മുതല്‍ മൂലാധാരം വരെ വ്യാപിച്ചിരിയ്ക്കുന്നത് സൂക്ഷ്മവാണിയാണ്. നാദാത്മകം ആക കൊണ്ട് അർത്ഥം നാദത്തിൽ നിന്ന് ഭിന്നമല്ലതാനും. മന്ത്രങ്ങൾ നാദാത്മകങ്ങളാണ്. മന്ത്രങ്ങൾ നാദാത്മകങ്ങളാണ്. അത് അറിയാത്ത, യാസ്കാദികളും മറ്റും അർത്ഥമറിയാതെ ഉരുവിടുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, നാദാത്മകം ആയവ പരിണാമത്തെ അതിൽത്തന്നെ നിഹിതമാക്കി വച്ചിരിയ്ക്കുകയാൽ, അർത്ഥം പരിണാമം തന്നെയാണ്. (19.06 mts / 20.08 mts. the end of clip 33)

clip no. 34, 20.38 mts – ചരിത്രം മതം സംസ്കാരം -സമാപനം
Audio Clip of the Discourse
വൈഖരിയായി നാദാത്മകമായ വാണി ഉപയോഗിയ്ക്കുമ്പോഴാണ് അർത്ഥം വേണ്ടത്. നാദോപാസന അറിഞ്ഞിട്ടുള്ളവൻ മന്ത്രം ഉപയോഗിയ്ക്കുമ്പോൾ അത് സൂക്ഷ്മവാണി ആകയാൽ, അർത്ഥം പരഗണനാർഹമേ അല്ല. ഇതാണ് ആ ലോകം. അതുകൊണ്ട് സൂക്ഷ്മവാണി നാദാത്മകമാണ്. അതിലെ ഏറ്റവും സൂക്ഷ്മതയിലാണ് പരയും, പശ്യന്തിയും ….ആത്മജ്യോതിസ്സ്. അക്ഷര പ്രപഞ്ചത്തെ …നാശമില്ലാത്ത ബോധപ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്നതും ആ ആത്മജ്യോതിസ്സ് തന്നെ. പശ്യന്തിയെയും ..പശ്യന്തി മദ്ധ്യമയെയും പരയെയും ഉറ്റുനോക്കുന്നത് കൊണ്ടാണ് ….പശ്യന്തി എന്നു വിളിയ്ക്കുന്നത്. ഇതും അന്ന് പറഞ്ഞതാണ്. ഇത് ഒന്നുകൂടെ പറയുന്നത് ചിലർ ആവശ്യപ്പെട്ടതുകൊണ്ടാണ്. അത് ഒന്ന് പ്രകടമാക്കണം…ബാക്കി ഒക്കെ ഒരുമാതിരി മനസ്സിലായി എന്ന്. ….അപ്പോൾ എങ്ങിനെ മനസ്സിലാകാത്തവിധം പ്രകടമാക്കാം എന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. (ചിരിയ്ക്കുന്നു…) ഈ കാര്യത്തിൽ മാത്രം. മനസ്സിലായെങ്കിൽ അത് നിങ്ങളുടെ ഭാഗ്യം ആണ്.
മദ്ധ്യമയിൽ ഇത് ഞാൻ പറയുന്നു എന്ന വിചാരം അനുഭവത്തിൽ ഉണ്ട്. വൈഖരിയായി ശബ്ദമില്ല. അത് ലോകത്തെ പരിണമിപ്പിയ്ക്കുന്നതുമാണ്. വൈഖരി പരിണമിപ്പിയ്ക്കില്ലാത്തതാണ്. വൈഖരിയിൽ മദ്ധ്യമ നിഹിതമായി ഉണ്ടെങ്കിൽ പരിണമിപ്പിച്ചേക്കാം. അതും ഒരു ചോദ്യത്തിന് ഉത്തരമായാ ഞാൻ പറയുന്നത്.
മദ്ധ്യമ
മതങ്ങളും, സംഘടനകളും, ഇന്നത്തെ സാമൂഹികതയും ഒക്കെ വേണ്ടേ, ഉത്തമമായ ഈ ആശയങ്ങൾ പ്രചരിയ്ക്കാനും, ആളുകളിൽ എത്തിയ്ക്കാനും എന്ന ചോദ്യത്തിനുള്ള ഉത്തരമതാണ്. മദ്ധ്യമ ശീലിയ്ക്കുന്നു എങ്കിൽ ആ സങ്കല്പമാണ് ലോകത്തെ പരിണമിപ്പിയ്ക്കുന്നത്. മോനേ നീ സ്ക്കൂളിൽ നിന്ന് നേരത്തെ വരണം…മോനേ നീ പട്ടിണി കിടക്കരുത് എന്നൊക്കെ വൈഖരി ഉപയോഗിച്ച് തള്ള സ്ക്കൂളിലേയ്ക്ക് വിടും. അവൻ സമയത്ത് എത്തുകേല. അവൻ കളിയ്ക്കാൻ പോവും. തിരിച്ച് വരുമ്പോൾ അവൻ കള്ളവും പറയും. എല്ലാം എടുത്ത് വച്ച് ഭക്ഷണവും കൊടുത്ത് മദ്ധ്യമയിൽ വിചാരം ചെയ്യും. എന്റെ മോൻ വഴിയേ ഒന്നും അലഞ്ഞ് നടക്കരുത്. പട്ടിയും പാമ്പും ഒക്കെയുള്ള കാടും പള്ളയും ഒക്കെ ഉണ്ട്. വെളിച്ചം മറയുന്നതിന് മുമ്പ് വീട്ടിൽ എത്തണം. നിനക്കു വേണ്ടി ഞാൻ ഉച്ചയ്ക്ക് മെഴുക്കുപുരട്ടി വയ്ക്കുമ്പോഴുള്ള ആ വരണ്ട ചീനചട്ടിയില്‍ പപ്പടവും പൊടിച്ചിട്ട് ചോറ് കുഴച്ച് ഉരുട്ടി വച്ചിട്ടുണ്ട്. നീ വരുന്നതും കാത്ത്. ബല്ലടിയ്ക്കാത്ത താമസം കൂട്ടുകാരോട് കൂടാനോ കളിയ്ക്കാനോ ചിരിയ്ക്കാനോ വെള്ളം തട്ടാനോ അല്ല, അവിടെ എത്താനാണ് അവൻ ഓടുന്നത്. Nostalgia വരുന്ന ആരെങ്കിലും ഒരാൾ. …ഇല്ല…Nostalgia ഉണ്ടാകുന്ന ആരെങ്കിലും ഒരാൾ… ഇന്നത്തെ പിള്ളേർക്ക് ഉണ്ടാവില്ല. അമ്മയുടെ മദ്ധ്യമ അനുഭവിച്ചിട്ടുള്ളവർക്ക് ഉണ്ടാവും.
അവൻ പഠിയ്ക്കുന്നത് വൈഖരി ഉപയോഗിച്ച് ട്യൂഷൻ മാസ്റ്റേഴ്സിനെ വച്ചിട്ടല്ല. വൈഖരിയിലൂടെ അവനെ ശാസിച്ചിട്ടല്ല. അവന് ആരോഗ്യം വച്ചത് വൈഖരി ഉപയോഗിച്ച് നിനക്ക് ആരോഗ്യം വയ്ക്കാനാ ഇതൊക്കെ മേടിച്ചുതരുന്നതെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഈ ടിൻ ഫുഡ് എല്ലാം മേടിച്ചു കൊടുത്തിട്ടുമല്ല. അവന്റെ ആരോഗ്യവും ആനന്ദവും വളർച്ചയും വികാസവും ബുദ്ധിയും എല്ലാം മാതൃത്വത്തിന്റെ മദ്ധ്യമയിൽ അന്തർലീനമാണ്. അമ്മയുടെ ഉള്ളൊന്ന് പിടഞ്ഞാൽ ഏത് അദ്ധ്യാപകന്റെ ഏത് കൂടിയ വിഷയം പഠിയ്ക്കാനുള്ള ക്ലാസ്സ് ആണെങ്കിലും അവിടെ ഇരിയ്ക്കപ്പൊറുതിയില്ലാത്ത അവൻ ചെന്ന് പ്രധാന അദ്ധ്യാപകനോട് പറയും എനിയ്ക്ക് ഇപ്പം വീട്ടിൽ പോണം. എന്താ കാര്യം … പോണം ഇപ്പം…കാരണം അവിടെ മദ്ധ്യമയിൽ രൂപാന്തരപ്പെടുന്ന ശുദ്ധവും അപാപവിദ്ധവും ശുക്രവും ചുറ്റും നോക്കിയിരിയ്ക്കുന്നതും, സപര്യഗാച്ഛുക്രമകായം അവൃണം അസ്നാവിരം ശുദ്ധമപാപവിദ്ധം.…അതാ കവിയുടെയും ഭാഷ.
മനീഷിയായ കവിയുടെയും ഭാഷ കുറഞ്ഞത് മദ്ധ്യമയിലെങ്കിലുമാണ്. യോഗിയുടെയും ഭാഷ അതുതന്നെയാണ്. അത് പ്രചരിയ്ക്കുന്നത് സ്നായുക്കൾ വഴിയല്ല. പ്രചാരകർ വഴിയല്ല. സങ്കല്പം വഴി. ഒന്നും മനസ്സിലായില്ലെങ്കിലും മനസ്സിലാകാത്തതുപോലൊരു മനസ്സിലാകൽ ഉണ്ടാകുമോ എന്നാ ചോദിച്ചെ. അതാ ശരിയായ മനസ്സിലാകൽ. മനസ്സിലായത് ഒന്നും മനസ്സിലാകാത്തതാണ്. ഏത് മനസ്സിലാകാത്തത് ഉണ്ടോ അത് മാത്രമാണ് മനസ്സിലാകുന്നത്. ഈ connotations ഒന്നും നിങ്ങൾക്ക് പരിചിതമായിരിക്കില്ല. മനസ്സിലാകുന്നത് പലപ്പോഴും വൈഖരിയാണ്….പറയുന്നവന്റെ അർത്ഥം ഒന്നും കേൾക്കുന്നവന്റെ അർത്ഥം വേറൊന്നുമാകുന്നത്. മനസ്സിലാകാത്തത് പറയുന്നവനും കേൾക്കുന്നവനും ഒരുപോലെ മനസ്സിലാകാത്തതും അനുഭവവേദ്യമാകുന്നതും.
എവിടെയോ എന്നോ എപ്പോഴോ എവിടെവച്ചോ സ്പന്ദിയ്ക്കുന്നത്. മനസ്സിലായില്ല … ഏതാണ്ട് ഒരു അനുഭവം പോലെ. …മനസ്സിലായില്ല. അതിന്റെ ലോകമാ അത്. അതുകൊണ്ട് ആരോ ഒരാള്‍ ചോദിയ്ക്കുക ഉണ്ടായി ….ഇന്നലെയും ഇന്നും ഇതൊക്കെ പ്രചരിയ്ക്കണ്ടെ …എങ്ങിനെയെങ്കിലും ഒക്കെ ഒരു പ്രസ്ഥാനം ഒക്കെ തട്ടിക്കൂട്ടി ഒക്കെ വേണ്ടെ ….അങ്ങിനെയുള്ളവ അത് ചെയ്യുമ്പോൾ അതിനെ ഒക്കെ അങ്ങിനെ ചെറുതായി കാണാവോ… അതതിന്റെ എല്ലാ അർത്ഥത്തിലും മദ്ധ്യമയിലാണ്. നിങ്ങൾ എന്ത് ചെയ്യുമ്പോഴും ആ മദ്ധ്യമയിലേയ്ക്ക് ഊന്നി മാത്രമേ വൈഖരി പോലും വിടാവൂ.
മദ്ധ്യമയെയും പരയെയും ഉറ്റുനോക്കുന്നതാണ് പശ്യന്തി. അപ്പോ ശബ്ദോച്ചാരണം മദ്ധ്യമയ്ക്ക് ഇല്ല. വർണ്ണം ജനിയ്ക്കുന്നത് മനസ്സിലാക കൊണ്ട് അത് മദ്ധ്യമയിലുമാണ്. അങ്ങിനെ പ്രാണവായുവിന്റെ സഞ്ചാരത്തോടു കൂടി വർണ്ണരൂപേണ അഭിവ്യക്തമാകുന്ന വൈഖരീവാണിയ്ക്ക് അപ്പുറം നില്ക്കുന്ന മദ്ധ്യമ. ആ മദ്ധ്യമയെയും പരയെയും… അതിസൂക്ഷ്മവാണിയായ പരയെയും ഉറ്റുനോക്കുന്ന പശ്യന്തി. അത് പഠിയ്ക്കണ്ട. മദ്ധ്യമ വരെ പഠിച്ചാൽ മതി. പരാവാക്ക് എന്നാണ്. അത് ഉപാസിച്ച് ഉപാസിച്ച് പയ്യെ പോയാൽ മതി.
ജീവചരിത്രങ്ങളും ആത്മകഥകളും കുട്ടികൾക്ക് വായിയ്ക്കാൻ നല്‍കരുത്
First part-ൽ നിന്ന് വിടുതല്‍ വാങ്ങിച്ചാൽ മതി certificate-ന് …വൈഖരിയിൽ നിന്ന് പറിഞ്ഞുകിട്ടിയാൽ മതി. എളുപ്പമായി. ആ വൈഖരിയുടെ ലോകത്തെ നാം ഇന്നു കാണുന്ന സ്ഥൂലപ്രപഞ്ചം ഉള്ളൂ. സൂക്ഷ്മപ്രപഞ്ചത്തിലാണീ കളികൾ ഒക്കെ നടക്കുന്നതും. അതുകൊണ്ട് നിങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തിന് ശാന്തി …നിർവേദം വരുവാനും പുരുഷാർത്ഥലാഭത്തിനും ആണ് മതം ചരിത്രം അല്ലെങ്കിൽ ഇതിഹാസം, അതിനെ കൂട്ടി ഇണക്കുന്ന സംസ്കാരം. അല്ലാതെ ഉണ്ടായി മറയുന്ന കാര്യങ്ങള്‍ പ്രയത്നിച്ച് ഉണ്ടാക്കി എടുക്കുന്നത് അല്ല. സ്വഭാവേന ഉണ്ടാകുന്ന പ്രാരാബ്ധത്തിന്റെ ഭാഗങ്ങളാണ്. അവ ഒരാളിൽ കാണുമ്പോൾ അത് തന്നെ തന്നിൽ ഉണ്ടാകും എന്ന് വിചാരിയ്ക്കരുത്. അതുകൊണ്ട് ജീവചരിത്രങ്ങളും ആത്മകഥകളും കുട്ടികൾക്ക് വായിയ്ക്കാനും പഠിയ്ക്കാനും കഴിയുമെങ്കിൽ കൊടുക്കരുത്. എത്ര മഹാന്റെയായാലും.
കുഞ്ഞിന്റെ പ്രാരാബ്ധ ആഗമനം
അവന്റെ പ്രാരാബ്ധത്തെയും, അവന്റെ വാസനകളെയും, അവന്റെ സംസ്കാരത്തെയും അനുസരിച്ച് ആയിരിയ്ക്കണം വളരാനും വികസിയ്ക്കാനും വിടേണ്ടത്. അതിനുള്ള വിത്തും വളവും മണ്ണും റെഡിയാക്കി വന്നിട്ട് അവൻ കൊണ്ടുവന്ന വിത്ത് മാറ്റിവച്ച് മറ്റൊരു വിത്ത് സ്വീകരിച്ചും, മറ്റൊരു വളം സ്വീകരിച്ചും, മറ്റൊരു മണ്ണ് സ്വീകരിച്ചും ക്ലേശിച്ച് ഈ മണ്ണിൽ ജീവിയ്ക്കേണ്ടി വരരുത്. അതുകൊണ്ട് അച്ഛനും അമ്മയും ആദ്യമറിയേണ്ടത് പ്രാരാബ്ധ ആഗമനത്തെത്തന്നെയാണ് കുഞ്ഞിന്റെ. അവർക്കറിയും സൂക്ഷ്മമായാൽ…. അതായിരിയ്ക്കണം നിങ്ങളുടെ സംസ്കൃതി. കുഞ്ഞുമറിയേണ്ടത് അത് തന്നെയാണ്.
Employment Exchange-ൽ പോയിട്ട് എത്ര വേക്കൻസി ഉണ്ടെന്ന് നോക്കിയിട്ട് ആയിരിയ്ക്കരുത് പഠിയ്ക്കാൻ പോകുന്നത്. മറ്റുള്ളവര്‍ എന്ത് പഠിച്ചു എന്ന് നോക്കിയിട്ട് ആയിരിയ്ക്കരുത് പഠിയ്ക്കാൻ പോകുന്നത്. എന്ത് എനിയ്ക്ക് കഴിയുമെന്നും, എന്ത് എനിയ്ക്ക് ആനന്ദവും നിർവേദവും തരുമെന്നും നോക്കിയിട്ട് ആയിരിയ്ക്കണം പഠിയ്ക്കാൻ. (10.52 mts). അപ്പോഴേ നിങ്ങളുടെ കാലം പോകാതെ ഇരിയ്ക്കൂ. അപ്പോൾ മാത്രമേ നിങ്ങളുടെ മാതാപിതാക്കളുടെ പണം പോകാതെ ഇരിയ്ക്കൂ. അപ്പോൾ മാത്രമേ നിങ്ങൾക്ക് നാളെ ലോകത്തിന് ശാന്തി നല്‍കാനുമാകൂ. സമ്മതമാകുന്ന കാര്യങ്ങളല്ല ഞാൻ conclusion-ൽ പറഞ്ഞത്. സത്യമാണെന്ന് ഒരു വിദൂര തോന്നല്‍ കൊണ്ടാണ് നിങ്ങൾ മിണ്ടാതിരിയ്ക്കുന്നത് എന്ന് എനിയ്ക്ക് അറിയാം. ഒരു വിദൂര തോന്നലാണ്. അതും എനിയ്ക്കറിയാം. സമീപമായിട്ടില്ല.
ഒരമ്മയ്ക്ക് വളരെ എളുപ്പം കഴിയും. വളരെ എളുപ്പം. കാരണം അമ്മയാണ് ഉൽപ്പാദക ബ്രഹ്മാവിന് ഇടം നല്‍കിയത് അമ്മയാണ്. അമ്മയിലാണ് വളർച്ച പ്രാപിച്ചത് ഓരോ mitosis-ഉം. അമ്മയുടെ കരസ്പർശത്തിലാണ് വളർന്നത്. ഓരോ സ്പർശവും ആ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയിൽ സങ്കല്പനങ്ങൾ ഉണ്ട്. കുഞ്ഞിനെ എടുത്തിട്ട് കുഞ്ഞിന്റേത് അല്ലാത്ത, കുഞ്ഞിനെ എടുക്കാതിരുന്നിട്ട് കുഞ്ഞിന്റെ അല്ലാത്ത, കുഞ്ഞിനെ എടുക്കാൻ വേലക്കാരിയ്ക്ക് കൊടുത്തിട്ട് കുഞ്ഞിനോട് ബന്ധപ്പെടുന്നത് അല്ലാത്ത, അയൽപക്കംകാരന്റെ മക്കളുടെയും, അയൽപക്കംകാരിയുടെ മക്കളുടെയും, അന്യരാജ്യത്ത് ഉണ്ടായ മക്കളുടെയും, നോവലിൽ വായിച്ച മക്കളുടെയും, സിനിമയിൽ കണ്ട മക്കളുടെയും സ്വപ്നങ്ങൾ പേറിയെങ്കിൽ, അറിവില്ലാതെ പോയത് നിങ്ങളുടെ വിവരക്കേട് കൊണ്ടാണ്.
രണ്ട് അമൃതുകൾ നല്കുന്ന അമ്മ
അമ്മയാണ് ആദ്യത്തെ ഗുരു. ആദ്യം പേരിട്ടിട്ട് കുഞ്ഞിനെ മാതാവിന്റെ കൈയ്യിലേയ്ക്ക് അച്ഛൻ കൊടുക്കുമ്പോൾ പറയുക തന്നെ സരസ്വതി നീ ഇവന് അമൃത് നല്‍കൂ എന്നാണ്. രണ്ട് അമൃതാണ് അമ്മ നല്‍കുന്നത്. മരണം വരെ അവന് ആരോഗ്യത്തെ പ്രദാനം ചെയ്യുന്ന മാതൃക്ഷീരം. മരണം വരെ അവനെ നയിയ്ക്കുന്ന അക്ഷരം.
അമ്മയിലൂടെയും ആഹാരത്തിലൂടെയുമാണ് അവൻ അക്ഷരസ്വരൂപങ്ങൾ അറിയുന്നത്. അമ്മയുടെ അന്തർഗതങ്ങളിൽ ഉള്ളതും, അവന്റെ ജനിതകത്തിൽ ഉള്ളതും, അമ്മയുടെ ഭാഷയിൽ അവന്റെ ഹൃദയസ്ഥിതമായ മദ്ധ്യമയിലേയ്ക്ക് അസ്നാവിരം കടന്നു ചെല്ലുമ്പോഴാണ് ഈ പ്രപഞ്ചം കണ്ട് ആസ്വദിയ്ക്കുവാനും അനുഭവിയ്ക്കുവാനും അവന് ഇടയുണ്ടാവുന്നത്. അമ്മയുടെ മടിയിൽ ഇരുന്ന് അടുത്തേയ്ക്ക് വരുന്ന ആളിനെ നോക്കി കരയുമ്പോഴും, അടുത്തേയ്ക്ക് വരുന്ന ആളിന്റെ അടുക്കലേയ്ക്ക് ചാടി ചെല്ലുമ്പോഴും, അടുത്തു കാണുന്ന വസ്തുവിന് കൈ നീട്ടുമ്പോഴും, കൈയ്യിൽ ഇരിയ്ക്കുന്നത് എടുത്ത് എറിയുമ്പോഴും സൂക്ഷ്മ ദൃക്കായ സരസ്വതി കുഞ്ഞിന്റെ വാസനകളെയും ഇച്ഛകളെയും പ്രാരബ്ധങ്ങളെയും കർമ്മമേഘലകളെയും അവനിൽ ആവിർഭവിയ്ക്കാവുന്ന വിദ്യാഭ്യാസ സംസ്കൃതിയെയും എല്ലാം കരതലാമലകം പോലെ കണ്ടറിയും. ക്ഷമയും സമയവും ഉള്ള ഒരു മാതാവിന് ജനിച്ചെങ്കിൽ. (ആരോ ചോദിയ്ക്കുന്നു. ….. ). എല്ലാ കുട്ടികളുടെയും….
ഇന്ന് മാതാ…മാതൃഭാവത്തിന് ക്ഷമയും സൂക്ഷ്മ ദർശിത്വവും ഇല്ലാതായെങ്കിൽ, അവർക്കുള്ള വഴി പറഞ്ഞുതാ എന്നു പറഞ്ഞാൽ എന്റെ കരങ്ങൾ ശൂന്യമാണ്. അതിന്റെ ഈടുവയ്പുകൾ ആധുനിക ശാസ്ത്രങ്ങളിൽ ആധുനിക psychology-യില്‍ ഒക്കെ നിങ്ങൾ തേടിപ്പിടിക്കുക….പരീക്ഷിച്ച് നോക്കുക. പരാജയപ്പെടുക എന്ന് ഉത്തരം പറഞ്ഞ് ഞാൻ നിർത്താം. പിന്നെ വല്ല ഗുളികയോ മരുന്നോ ഒക്കെ ഉരുട്ടി കൊടുത്തു നോക്കുക. അഭിരുചി അറിയാൻ. അഭിരുചി കുറഞ്ഞാൽ കേറ്റാൻ. വല്ല സ്മൃതി granules-ഓ … ബ്രഹ്മി cutlet-ഓ …സാരസ്വതം pudding-ഓ…. അങ്ങിനെയൊക്കെ അല്ലേ പേര്.
ഞങ്ങടെ കമ്പനി പുതുതായിട്ട് വികസിപ്പിച്ചപ്പോൾ സാരസ്വതം pudding ഉണ്ടാക്കിയിരിയ്ക്കുന്നു. നിങ്ങളുടെ കുട്ടികൾ കാണുമ്പോഴേ കഴിയ്ക്കുന്നത്. കഴിച്ചിട്ടുള്ള ഫലം പത്രത്തിൽ കാണാറില്ല. കഴിയ്ക്കാനുള്ള പരസ്യം ഒരുപാട് കാണാറുണ്ട്. ഒരുപാട് സാധനങ്ങൾ …അതിൽ രണ്ടുമൂന്നെണ്ണം പറഞ്ഞെന്നേ ഉള്ളൂ. പ്രധമമല്ലൻ ന്യായത്തില്‍.
അമ്മ
മറ്റേത് ഒരമ്മ അറിയും. ഇടപഴകുന്ന ഓരോ മൂഹൂർത്തത്തിലും തന്റെ പുത്രന്റെ കാമവും തന്റെ പുത്രന്റെ രതിയും തന്റെ പുത്രന്റെ അന്തഃക്ഷോഭങ്ങളും തന്റെ പുത്രന്റെ സ്വഭാവങ്ങളും തിരിച്ചറിഞ്ഞ് കൃത്യമായി തന്റെ അന്തഃസ്ഥിത ചോദനയിൽ നീ ഇന്ന വഴിയെ നടക്കണമെന്ന് ആജ്ഞാപിയ്ക്കുകയോ ആഗ്രഹിയ്ക്കുകയോ വിചാരിയ്ക്കുകയോ ചെയ്യുമ്പോൾ അതിലെ സഞ്ചരിയ്ക്കുന്ന ഉത്തമോത്തമനായ പുത്രൻ. അതുകൊണ്ട് അത്തരം വിചാരങ്ങൾ നിങ്ങൾക്ക് ഉണ്ടാവട്ടെ ….അമ്മാതിരി കുടുംബവും കൂട്ടായ്മയും സംസ്കാരവും മതവും ഈ മണ്ണിൽ ശാന്തിയുടെ ആയിരം പ്രസൂനങ്ങൾ വിടർത്തട്ടെ ….മാനവ ചേതനയെ ജഗദീശ ഉത്സംഗത്തിലേയ്ക്ക് അടുപ്പിയ്ക്കുന്ന നവീനമായ കൗടുംബികമായ അനൗപചാരികമായ പാരമ്പര്യ പ്രേഷിതമായ ഒരു വിദ്യാഭ്യാസവും മതവും പൂർവ്വനിശ്ചിതമായി വന്ന സംസ്കാരവും സമന്വയിച്ച് നീങ്ങുവാൻ ഇടയാകട്ടെ …. എന്ന് എല്ലാം ഈ തരുണത്തിൽ പ്രാർത്ഥിയ്ക്കുന്നു.
ചരിത്രം മതം സംസ്കാരം
ഈ അന്തരീക്ഷത്തില്‍ ഇതിന്റെ സംഘാടകർ ചരിത്രം മതം സംസ്കാരം എന്നെഴുതിയപ്പോൾ നിങ്ങൾ പ്രതീക്ഷിച്ചു വന്നതായിരിയ്ക്കില്ല ഞാൻ പറഞ്ഞത്. നിങ്ങൾ പ്രതീക്ഷിച്ചവ നിങ്ങൾക്ക് അറിയാവുന്നവയാണ്. ഞാൻ പറഞ്ഞവ നിങ്ങൾക്ക് അജ്ഞേയവും. നിങ്ങൾ പ്രതീക്ഷിച്ചവയെ ഞാൻ പറഞ്ഞവയോട് ചേർത്ത് വായിച്ചു നോക്കി, നിങ്ങൾ പ്രതീക്ഷിച്ചവ എത്ര ശാന്തി നല്‍കുമെന്നും ഞാൻ പറഞ്ഞവ നിങ്ങൾക്ക് എത്ര നിർവേദത്തിലേയ്ക്ക് പോകാൻ വഴികാട്ടിയാവുമെന്നും വീണ്ടും വീണ്ടും അപഗ്രഥിച്ചു നോക്കേണമേ എന്ന് അപേക്ഷിച്ചുകൊണ്ട്, അവ തമ്മിലുള്ള അന്തരം എന്നെ ഓർമ്മിപ്പിയ്ക്കുവാൻ മടിയ്ക്കരുതേ എന്ന് വിനയാന്വിതമായി പറഞ്ഞുകൊണ്ട് … എന്റെ വാക്കുകളിൽ .. എന്റെ ഉദ്ധരണികളിൽ …ഒക്കെ വന്നിട്ടുള്ള പിഴവുകൾ … അവയെല്ലാം എന്റേതാണ്. മഹോന്നതമായ പൂർവ്വാചാര്യന്മാരുടെ സമുജ്ജ്വലങ്ങളായ സങ്കല്പങ്ങൾക്ക് നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നതിന് മസാല പുരട്ടുമ്പോൾ അതിന്റെ ശോഭ കുറഞ്ഞെങ്കിൽ ആ തെറ്റും എന്റേതാണ്. എന്റേതു മാത്രം …… നിങ്ങളുടെ ഭർത്സനങ്ങൾ മുഴുവൻ എന്നിൽ ഒതുക്കി നിർത്തേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് …ഞാൻ പറഞ്ഞതിലെ കാലാതിവർത്തിയും, ദേശാതിവർത്തിയും, വസ്ത്വാതിവർത്തിയും ആയ സമസ്ത ആശയങ്ങളും, കാലദേശവസ്തു അപരിച്ഛിഹ്നങ്ങളായ സമസ്ത സന്ദേശങ്ങളും ഭാരതീയരും അഭാരതീയരും പൗരസ്ത്യരും പാശ്ചാത്യരുമായ പാരമ്പര്യ പ്രണേതാക്കളായ ആചാര്യന്മാരുടെ ഔസ്യത്താണ്. അതിനുള്ള നിങ്ങളുടെ നമസ്കാരങ്ങൾ അവരുടെ പാദാന്തികത്തിൽ ആയിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അരയും തലയും വയറും നിറയുന്ന, കാലിനും കൈയ്ക്കും നാവിനും വിലങ്ങില്ലാത്ത, സുസമ്പന്നമായ കുടുംബവും സുശോഭനമായ രാഷ്ട്രവും, സുയശസ്സുള്ള വിശ്വവും നാളെയുടേത് ആയിരിയ്ക്കട്ടെ .. അവിടെ ഉത്തരായനക്കിളികളെപ്പോലെ, സ്വർഗ്ഗവാതിൽ പക്ഷികളെപ്പോലെ വരും തലമുറ ഓടിക്കളിയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ ഏച്ചിക്കുളങ്ങരയില് പ്രകൃതിയും ദേവതയും ഒരുമിച്ചു നൃത്തം ചെയ്യുന്ന ഈ മണ്ണിൽ വരുവാനും ഇവിടിരുന്ന് നിങ്ങളോട് ഇത്രയും കാര്യങ്ങൾ പറയുവാനും ഇടയാക്കിയ …. (20.37 mts – end of clip -final part end ……)
തുടരും…….
More articles and discourses are available at nairnetwork.in
INTRODUCTION IN SOCIAL MEDIA
ജീവചരിത്രങ്ങളും ആത്മകഥകളും കുട്ടികൾക്ക് വായിയ്ക്കാൻ നല്‍കരുത് !!!
Swamiji advises children should never be given biographies and auto-biographies to read during their formative years.
വാക്കുകൾക്ക് അതീതമായ ലോകങ്ങളിലെ ആശയവിനിമയങ്ങളെക്കുറിച്ച് സ്വാമിജി പറയുന്നു…..
Unique Visitors : 31,305
Total Page Views : 47,035
