Part I
വിവാഹക്രമം
1. ഈശ്വരപ്രണാമം
ഓം പ്രജാപതയേ നമഃ
കൃഷ്ണകൃഷ്ണ നമോസ്തുതേ ജയ വിഷ്ണുനാമ നമോസ്തുതേ
കേശവായ നമോസ്തുതേ ജയ മാധവായ നമോസ്തുതേ
ലോകബന്ധു നമോസ്തുതേ ജയ ചക്രപാണി നമോസ്തുതേ
രാജ രാജ നമോസ്തുതേ ജയ ദീനപാല നമോസ്തുതേ
വാസുദേവ നമോസ്തുതേ ജയ വാരജാക്ഷ നമോസ്തുതേ
വേണുലോല നമോസ്തുതേ ജയ ഗോപബാല നമോസ്തുതേ
വാമനായ നമോസ്തുതേ ജയ മുക്തിദായ നമോസ്തുതേ
സർവ്വശക്ത നമോസ്തുതേ ജയ ശാശ്വതായ നമോസ്തുതേ.
2. മംഗളാശംസ
വിവാഹവേദിയുടെ മുൻവശത്ത് ആചാര്യൻ വന്നുനില്ക്കുന്നു. വരൻ ആചാര്യന്റെ അടുക്കൽ ചെല്ലുന്നു. ആചാര്യൻ വലതു കൈ ഉയർത്തി വരനെ ആശീർവദിക്കുന്നു.
“വിവാഹ സുമുഹൂർത്തമസ്തു”
വരൻ വിവാഹവേദിയുടെ നേരെ തിരിഞ്ഞുനിൽക്കുന്നു. ആചാര്യൻ പ്രാർത്ഥന ചൊല്ലുന്നു.
ഓം ഗണപതയെ നമഃ
ശുക്ലാംബരധരം ദേവം
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വ വിഘ്നോപശാന്തയേ.
3. സംവരണം
അനന്തരം, വരൻ വിവാഹവേദിയിൽ പ്രവേശിച്ച് അവിടെ തയ്യാറാക്കിയിട്ടുള്ള പീഠത്തിൽ വടക്കുഭാഗത്തിരിക്കുന്നു.
വധൂപിതാ വധുവിനെ കയ്യിൽ പുഷ്പമാലയുമായി വിവാഹവേദിയിലേക്ക് ആനയിക്കുന്നു. വേദിയുടെ മുൻവശത്ത് ആചാര്യന്റെ സമീപം എത്തുമ്പോൾ ആചാര്യൻ രണ്ടുകൈയ്യും ഉയർത്തി ആശീർവദിക്കുന്നു.
“വിവാഹ സുമുഹൂർത്തമസ്തു”
വധു വിവാഹവേദിയിൽ പ്രവേശിച്ച് വരന്റെ മുമ്പിൽ നിൽക്കുന്നു. അപ്പോൾ ആചാര്യൻ വധൂവരന്മാരെ ഇപ്രകാരം അനുഗ്രഹിക്കുന്നു.
നിങ്ങൾ ഇരുവരും
മനസ്സിലും വാക്കിലും പ്രവൃത്തിയിലും
എല്ലാത്തിലും, എപ്പോഴും
ഒന്നുചേർന്നു നടക്കുവിൻ (a)
നിങ്ങളുടെ മനസ്സുകൾ ഇണങ്ങിച്ചേരട്ടെ.
വായുവും വിഷ്ണുവും ആത്മദേവതയും
നിങ്ങളെ സംയോജിപ്പിക്കട്ടെ (b)
വധു വരന്റെ കഴുത്തിലും, വരൻ വധുവിന്റെ കഴുത്തിലും മാലയിടുന്നു.
അനന്തരം വധു വരന്റെ വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. (c).
[ (a) മനുസ്മൃതി III-30
(b) ഋഗ്വേദം X-84-47
(c) ദശകർമ്മപദ്ധതി ]