6. വസ്ത്രദാനം
വരൻ കൊണ്ടുവന്നിട്ടുള്ള വസ്ത്രത്തെ ആചാര്യൻ ഒരു തട്ടത്തിൽ (tray-യിൽ) നിരത്തിവെച്ച് അതിന്മേൽ വലതുകൈ വച്ച് അനുഗ്രഹിക്കുന്നു.
“സൂര്യയുടെ വിവാഹത്തിന് ഗാഥയാൽ
സംസ്കരിക്കപ്പെട്ട ശോഭനവസ്ത്രംപോലെ
ഇതും പ്രജാപതിയുടെ അനുഗ്രഹത്താൽ
പരിശുദ്ധമായി ഭവിക്കട്ടെ.
അനുഗ്രഹീതമായ ഈ വസ്ത്രം ധരിക്കുന്നവളുടെ
സൌന്ദര്യവും സൌഭാഗ്യവും വർദ്ധിക്കുമാറാകട്ടെ”. (k)
അനന്തരം, ആചാര്യൻ വസ്ത്രത്തെ (തട്ടത്തോടുകൂടി) വരനെ ഏല്പിക്കുന്നു. വരൻ അതിനെ വധുവിന് നൽകുന്നു.(നീട്ടുന്നു). അപ്പോൾ ആചാര്യൻ വധുവിനോട് പറയുന്നു :-
“നീ ദീർഘായുസ്സായിരിക്കട്ടെ.
നിന്റെ വിവാഹജീവിതം എന്നും നിർമ്മലായിരിക്കട്ടെ.
നിനക്ക് തേജസ്സും ഐശ്വര്യവും,
സന്താനവും സമ്പത്തും മേൽക്കുമേൽ ഉണ്ടാകട്ടെ.
ഈ ശോഭനവസ്ത്രം നിനക്ക് എന്നും ഒരു രക്ഷാകവചം ആയിരിക്കും.
ഈ വസ്ത്രം ധരിച്ചുകൊള്ളു” (l)
വധു വസ്ത്രം സ്വീകരിക്കുന്നു. (രണ്ടു കൈയ്യും നീട്ടി തട്ടത്തോടുകൂടി വാങ്ങുന്നു)
[ (k) ഋഗ്വേദം x 85-6
(l) പാരസ്കരഗൃഹ്യസൂത്രങ്ങൾ ]
7. പ്രദക്ഷിണം
അനന്തരം വധൂവരന്മാർ എഴുന്നേറ്റ് വേദിയുടെ മുൻവശത്തു വരുന്നു.
വരൻ വധുവിന്റെ വലതുകൈ പിടിച്ചുകൊണ്ട് വിവാഹവേദിക്ക് ചുറ്റും (വലത്തോട്ട്) പ്രദക്ഷിണം വയ്ക്കുന്നു.