8. പ്രബോധനം
പ്രദക്ഷിണം കഴിഞ്ഞ് വധൂവരന്മാർ വിവാഹവേദിയുടെ മുൻവശം വന്നുനില്ക്കുന്നു. അപ്പോൾ ആചാര്യൻ അവരെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു.
“സർവ്വനിയന്താവായ ജഗദീശ്വരന്റെ അഭീഷ്ടപ്രകാരം നിങ്ങൾ ഇന്നു ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് കടന്നിരിക്കയാണ്. നിങ്ങളുടെ എല്ലാ പ്രവർത്തികളും, വിചാരങ്ങൾ തന്നെയും, സർവ്വസാക്ഷിയായ ഭഗവാൻ അറിയുകയും കാണുകയും ചെയ്യുന്നുണ്ടെന്നുള്ള ബോധം നിങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ. തികഞ്ഞ ഈശ്വരവിശ്വാസവും ഭക്തിയും കൊണ്ട് നിങ്ങളുടെ ഹൃദയം പരിശുദ്ധമാകട്ടെ. വിധികല്പിതമായി വന്നുചേരുന്ന സമൃദ്ധിയിൽ ഈശ്വരനെ മറക്കുകയോ ആപത്തിൽ ഈശ്വരസാന്നിദ്ധ്യത്തെ സംശയിക്കുകയോ അരുത്. ഭഗവാന്റെ കൃപാകടാക്ഷവും അനുഗ്രഹവും നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കും.
സുദീർഘമായ ഈ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ, സ്വന്തം ചെയ്തികളെപ്പറ്റി ചിന്തിക്കുമ്പോൾ ജീവാത്മാവിനെ വേദനിപ്പിക്കാവുന്നതായ യാതൊരു കൃത്യവും നിങ്ങൾ ചെയ്യരുത്.
നിങ്ങളുടെ ഗൃഹസ്ഥാശ്രമ ജീവിതം പുണ്യകർമ്മങ്ങൾക്ക് നിദാനമായി ഭവിക്കട്ടെ.” (m)
ആചാര്യൻ വധൂവരന്മാരെ പനിനീർ തളിക്കുന്നു.
[ (m) വ്യാസസ്മൃതി IV-2 ]
9. ആശീർവാദം
അനന്തരം ആചാര്യൻ എല്ലാവരും കേൾക്കെ പറയുന്നു:
“ഇതാ, സുമംഗലിയായ ഈ വധുവിനെ അടുത്തുവന്നു കാണുവിൻ. നിങ്ങൾ മടങ്ങിപ്പോകുന്നതിനുമുമ്പ് ഇവൾക്ക് സൌഭാഗ്യം നൽകി അനുഗ്രഹിക്കുവിൻ.” (n)
വരന്റേയും വധുവിന്റേയും ബന്ധുമിത്രാദികൾ വധൂവരന്മാരെ അനുഗ്രഹിക്കുന്നു. എല്ലാവർക്കും താംബൂല ചന്ദനാദികൾ നൽകുന്നു.
[ (n) ഋഗ്വേദം x-85-33 ]
“ആചാര്യൻ”
വിവാഹത്തിന്റെ അനുഷ്ഠാനങ്ങൾ പറഞ്ഞുകൊടുക്കുന്ന ആളിനെയാണ് ആചാര്യൻ എന്ന് വിളിക്കുന്നത്. ഉച്ചാരണശുദ്ധിയുള്ള ഏതു മാന്യനും ആചാര്യനായി വന്ന് വിവാഹം നടത്തിക്കാവുന്നതാകുന്നു. ആചാര്യൻ ചൊല്ലുന്നത് ബന്ധപ്പെട്ട ആൾ ശ്രദ്ധിച്ചു കേൾക്കുകയും മനസാ പിന്തുടരുകയും വേണം.