തമസോ മാ ജ്യോതിർഗമയ
ആദ്ധ്യാത്മികപഠനത്തിനായി
നായർ സർവീസ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന
കൈപ്പുസ്തകം
ആമുഖം
ശാസ്ത്രസാങ്കേതികമണ്ഡലങ്ങളിലും കലാസാഹിത്യരംഗങ്ങളിലും അഭിമാനകരമായ നേട്ടങ്ങൾ സ്വാതന്ത്ര്യാനന്തരം കേരളീയർ കൈവരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങൾക്കകം കേരളീയസമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ധാർമ്മികമൂല്യക്ഷയം ആരെയും അമ്പരപ്പിക്കുന്നതാണ്.
സ്വന്തം കുടുംബത്തിൽനിന്നും പരിസരങ്ങളിൽനിന്നുമാണ് കുട്ടികൾ ധാർമ്മികമൂല്യങ്ങൾ ഉൾക്കൊള്ളുന്നത്. കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ശൈഥില്യംകൊണ്ട് ആ പരിശീലനക്കളരികൾ ഏറെക്കുറെ നഷ്ടമായി. തുടർന്ന് വിദ്യാലയങ്ങളിൽനിന്നാണ് ഈ മൂല്യബോധം കുട്ടികൾക്കു ലഭിക്കുന്നത്. പഴയകാലത്തെ പാഠ്യഭാഗങ്ങൾ, ഉദാത്തമായ ഗുരുശിഷ്യബന്ധം മുതലായവയിൽനിന്നുമാണ് ജീവിതവിജയത്തിന് ഉപകാരപ്രദമായ ധർമ്മികമൂല്യങ്ങളെക്കുറിച്ച് അറിവു നേടിയിരുന്നത്.
ഇപ്പോഴത്തെ പാഠ്യപദ്ധതിയിൽനിന്ന് മൂല്യാധിഷ്ഠിതപാഠങ്ങൾ അപ്രത്യക്ഷമായി. ഗുരുശിഷ്യബന്ധം തകർന്നു. ഗുരുനിന്ദയാണ് തഴച്ചു വളർന്നത്. ഗുരുക്കന്മാരും സ്വധർമ്മനിധനത്തിലൂടെ മൂല്യത്തകർച്ചയ്ക്ക് ശക്തിപകർന്നു.
വിദ്യാലയത്തിനു പുറത്തുവന്നപ്പോൾ ആദർശനിഷ്ഠനും സദാചാരനിരതനും മൂല്യധിഷ്ഠിതപ്രവർത്തനങ്ങളിൽ മുഴുകിയവനുമായ ഒരു നേതാവിനെയും കണ്ടെത്താൻ കുട്ടികൾക്കു കഴിഞ്ഞില്ല. പിന്നെ, അവർ ചെന്നുപെട്ടത് ധർമ്മവും നീതിബോധവും സഹജാവബോധവും സ്നേഹവും കാരുണ്യവുമില്ലാത്ത ഒരു കൂട്ടം ആളുകളുടെ കൈയിലാണ്. അങ്ങനെ സാക്ഷരകേരളം രാക്ഷസകേരളമായി മാറി.
ചുരുക്കത്തിൽ ധാർമ്മിക മൂല്യങ്ങൾ നേടാനുള്ള അവസരങ്ങളെല്ലാം നമ്മുടെ കുട്ടികൾക്ക് നഷ്ടപ്പെട്ടതിന്റെ അനന്തരഫലമാണ് കേരളത്തെ ഇന്നത്തെ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചത്.
ഇതിനൊരു പരിഹാരം കാണാനുള്ള ശ്രമം സ്വന്തം സമുദായത്തിൽനിന്നുതന്നെ തുടങ്ങണമെന്ന് നായർ സർവീസ് സൊസൈറ്റിയുടെ ഇപ്പോഴത്തെ നേതൃത്വമാണ് തീരുമാനിച്ചത്. അതിന് പ്രചോദനം നല്കിയത് പ്രാതസ്മരണീയനായ ആചാര്യൻ മന്നത്തു പത്മനാഭൻ, സ്വന്തം സമുദായത്തിന്റെ ഉത്കർഷത്തിനുവേണ്ടി ഒരു ജീവിതകാലം മുഴുവൻ നടത്തിയ നിഷ്കാമമായ പ്രവർത്തനങ്ങളാണ്.
കുടിപ്പകകൾ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, ഗർഹണീയമായ ജാതിചിന്ത, ബ്രാഹ്മണരോടുള്ള അപഹാസ്യമായ വിധേയത്വം, അധ്വാനവൈമുഖ്യം മുതലായവയിൽ ശ്രീ മന്നത്തു പത്മനാഭന്റെ കാലത്തെ നായർസമുദായം കുരുങ്ങിക്കിടന്നു. അവരിൽ ഉറങ്ങിക്കിടന്ന മംഗലമഹാശക്തിയെ തൊട്ടുണർത്തി സംഘടിതരും, കർമ്മനിരതരും, അനാചാരമുക്തരും ആക്കിമാറ്റിയത്, കർമ്മയോഗിയായ ശ്രീ മന്നത്തു പത്മനാഭന്റെ നിസ്തന്ദ്രമായ പരിശ്രമമാണ്.
ഇന്നത്തെ നായർസമുദായത്തിലെ കുട്ടികളും സ്വത്വബോധം നശിച്ച്, ധാർമ്മികമൂല്യങ്ങളില്ലാത്ത ഒരു തലത്തിലേക്ക് കുതിച്ചുപായുകയാണ്. ധർമ്മാധിഷ്ഠിതമായ ഉദ്ബോധനം കൊണ്ടേ അവരെ മടക്കിക്കൊണ്ടുവരാൻ കഴിയൂ. ഈ മഹായത്നത്തിന് ക്രിയാത്മകമായ ഒരു പദ്ധതി ആവിഷ്കരിച്ച് നമ്മുടെ കുട്ടികളെ മൂല്യച്യുതിയിൽനിന്നു രക്ഷിക്കാൻ വേണ്ടിയാണ്, നായർസമുദായത്തിന്റെ പുരോഗതിക്ക് നൂതനമായ ചില കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന നായർ സർവീസ് സൊസൈറ്റി ഇതിലൂടെ ശ്രമിക്കുന്നത്.
ഭൂതിമത്തായ ഭാരതീയസംസ്കാരത്തിന് രൂപം നല്കിയത് വേദോപനിഷത്തുകൾ, ഇതിഹാസപുരാണങ്ങൾ മുതലായവയിലൂടെ മഹത്തായ ഒരു പ്രപഞ്ചദർശനവും ഈശ്വരസങ്കല്പവും ആവിഷ്ക്കരിച്ച ഋഷീശ്വരന്മാരാണ്. ഇതിലൂടെ ഉരുത്തിരിഞ്ഞ സനാതനധർമ്മമാണ് പില്ക്കാലത്ത് ഹിന്ദുമതമെന്ന പേരിലറിയപ്പെട്ടത്. സ്വന്തം പൈതൃകത്തിന്റെ ആധാരശിലകളാണ് ഇവയെല്ലാം. ഇവയെക്കുറിച്ചുള്ള ബാലപാഠമാണ് കുട്ടികളെ പരിശീലിപ്പിക്കേണ്ടത്. അവയിലൂടെമാത്രമേ യുവതലമുറയ്ക്ക് സ്വത്വബോധവും ആദ്ധ്യാത്മികമൂല്യാധിഷ്ഠിതമായ ഒരു ദിശാബോധവും നല്കാൻ കഴിയൂ.
ഇതിനുവേണ്ടി തയ്യാറാക്കിയ ഒരു കൈപ്പുസ്തകമാണ് “തമസോമാ ജ്യോതിർഗമയ”. ധാർമ്മികച്യുതിയുടെ അന്ധകാരത്തിൽപെട്ട് വഴികാണാതെ ഉഴലുന്ന ജനതയ്ക്ക് വിജ്ഞാനസൂര്യന്റെ പ്രകാശം നല്കി അനുഗ്രഹിക്കണേ എന്ന സാർവകാലികപ്രസക്തിയുള്ള പ്രാർത്ഥന ഋഷിമാർ ഉപദേശിച്ചുകൊടുത്തതാണ്. മറ്റെന്നത്തെക്കാളും പ്രസക്തി ഇന്ന് ഈ പ്രാർത്ഥനയ്ക്കുണ്ട്. അതുകൊണ്ടാണ് ഈ കൈപ്പുസ്തകത്തിന് ബൃഹദാരണ്യ ഉപനിഷത്തിലെ ഒരു മന്ത്രത്തിന്റെ രണ്ടാമത്തെ വരി ശീർഷകമായി കൊടുത്തത്. മന്ത്രഭാഗം മുഴുവൻ ഒടുവിൽ കൊടുത്തിട്ടുണ്ട്. പരിശീലകർക്കുവേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ ഒന്നാം ഭാഗമാണിത്.
ഒരുകാലത്ത് അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൂരിരുട്ടിൽ വഴിമുട്ടിയലഞ്ഞ നായർസമുദായത്തെ വിജ്ഞാനസൂര്യന്റെ പ്രകാശം നല്കി, നേർവഴി കാണിച്ചുകൊടുക്കാൻ ശ്രീ മന്നത്തു പത്മനാഭന് പ്രേരണ നല്കിയത് ഇതുപോലുള്ള ഉപനിഷത് വാക്യങ്ങളാണ്. അദ്ദേഹത്തിന്റെയും ശ്രീ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു എന്നീ ആദ്ധ്യാത്മികാചാര്യന്മാരുടെയും സംക്ഷിപ്തചരിത്രവും അവരുടെ സംഭാവനയുടെ സംഗ്രഹവും ഈ കൈപ്പുസ്തകത്തിന്റെ തുടർന്നു പ്രസിദ്ധീകരിക്കുന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പദ്ധതിയുടെ ഉപദേഷ്ടാവും കൈപ്പുസ്തകരചയിതാവും പുരാണേതിഹാസങ്ങളിൽ പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയാണ്.
പെരുന്ന
- 12. 2013
ജി. സുകുമാരൻനായർ
ജനറൽ സെക്രട്ടറി
നായർ സർവീസ് സൊസൈറ്റി