കർമ്മഫലസിദ്ധാന്തവും പുനർജന്മവിശ്വാസവും
മനുഷ്യൻ ചെയ്യുന്ന സകലകർമ്മങ്ങൾക്കും ഫലമുണ്ട്. ഒരു കർമ്മവും ചെയ്യാതെ ഒരു വ്യക്തിക്കും ഒരു നിമിഷം പോലും കഴിഞ്ഞുകൂടാൻ സാധ്യമല്ല. ( “നഹി കശ്ചിത് ക്ഷണമപി ജാതുതിഷ്ഠത്യകർമ്മകൃത് ” – ഗീത 3.5). മാത്രമല്ല, കർമ്മഫലങ്ങൾ കർത്താവിനെ നിഴൽപോലെ പിന്തുടരുകയും ചെയ്യും. തന്റെ കർമ്മഫലം താൻതന്നെ ഭുജിക്കണം.
“താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേവരൂ.”
എന്ന് എഴുത്തച്ഛൻ ചൂണ്ടിക്കാട്ടിയത് ഈ കർമ്മഫലസിദ്ധാന്തമാണ്.
മനുഷ്യകർമ്മങ്ങളെ സത്-കർമ്മങ്ങളെന്നും ദുഷ് -കർമ്മങ്ങളെന്നും രണ്ടായി തിരിക്കാം. സത്കർമ്മങ്ങൾക്ക് പുണ്യഫലവും ദുഷ്-കർമ്മങ്ങൾക്ക് പാപഫലവുമാണ് ലഭിക്കുക. ഒരു ജന്മത്തിൽ ചെയ്യുന്ന കർമ്മഫലം ആ ജന്മത്തിൽതന്നെ ലഭിക്കണമെന്നില്ല. ശേഷിക്കുന്ന ഫലാനുഭവത്തിനുവേണ്ടി വീണ്ടുമൊരു ജന്മം (പുനർജന്മം) വേണ്ടിവരും. ഇതാണ് കർമ്മഫലത്തിനെയും പുനർജന്മത്തെയും കുറിച്ചുള്ള ഭാരതീയരുടെ കാഴ്ചപ്പാട്.
നമ്മുടെ ഗുരുസങ്കല്പം
ഹിന്ദുക്കൾ ഗുരുവിനെ സാക്ഷാത്പരബ്രഹ്മമെന്നു കരുതുന്നവരാണ്.
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാത് പരംബ്രഹ്മ
തസ്മൈശ്രീ ഗുരവേ നമഃ (ഗുരുഗീത 1-55)
(ഗുരു ബ്രഹ്മാവാകുന്നു, ഗുരു വിഷ്ണുവാകുന്നു, മഹേശ്വരനാകുന്നു, ഗുരുതന്നെയാണ് പരബ്രഹ്മവും.)
ഗുരുമഹത്വം സൂചിപ്പിക്കുന്ന ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു –
“ഗു കാരശ്ചാന്ധകാരസ്തു
രു കാരസ്തന്നിരോധകൃത്
അന്ധകാര വിനാശിത്വാൽ
ഗുരുരിത്യഭിധീയതേ” (ഗുരുഗീത 1-42)
ഗുകാരം അന്ധകാരവും രുകാരമാകട്ടെ അന്ധകാരത്തെ തടുക്കുന്നതുമാണ്. അന്ധകാരമൊക്കെ നശിപ്പിക്കുന്നതുകൊണ്ട് ‘ഗുരു’ എന്നു പറയുന്നു.
“അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈശ്രീ ഗുരവേ നമഃ” (ഗുരുഗീത 1-56)
അജ്ഞാനമാകുന്ന തിമിരംകൊണ്ട് അന്ധനായവന്റെ കണ്ണ് ജ്ഞാനമാകുന്ന അഞ്ജനശലാകകൊണ്ട് ആരാൽ തുറക്കപ്പെടുന്നുവോ, ആ ഗുരുവിനായി നമസ്കാരം.
അഞ്ജനശലാക = കണ്ണിൽ മഷിയെഴുതുന്നതിനുള്ള ഉപകരണം.
കർമ്മണാ മനസാ വാചാ
സർവദാരാധയേൽ ഗുരു (ഗുരുഗീത 1-49)
കർമ്മം, മനസ്സ്, വാക്ക് എന്നിവകൊണ്ട് ഗുരുവിനെ എപ്പോഴും ആരാധിക്കണം
നഗുരോരധികം തത്ത്വം
നഗുരോരധികം തപഃ
നഗുരോരധികം ജ്ഞാനം
തസ്മൈശ്രീ ഗുരവേ നമഃ (ഗുരുഗീത 1-74)
ഗുരുവിനേക്കാൾ വലിയ തത്ത്വമില്ല, ഗുരുവിനെക്കാൾ വലിയ തപസ്സില്ല, ഗുരുവിനെക്കാൾ വലിയ ജ്ഞാനമില്ല. അങ്ങനെയുള്ള ഗുരുവിനു നമസ്കാരം.
ശിവേരുഷ്ടേ ഗുരുസ്ത്രാതാ
ഗുരൌ രുഷ്ടേന കശ്ചന (ഗുരുഗീത 1-85)
ശിവൻ കോപിച്ചാൽ ഗുരു രക്ഷിക്കും, ഗുരു കോപിച്ചാൽ ആരും രക്ഷിക്കാനില്ല.
ഗുരുവിനെ നീയെന്നൊരുമൊഴിചൊന്നാൽ
ഗുരുവധംചെയ്തഫലം വരുമല്ലോ
വചസാ കർമ്മണാ വചസാ നിന്ദിച്ചാൽ
വധിച്ചതിനെക്കാൾ ഫലം വരുമല്ലോ
(എഴുത്തച്ഛൻ -മഹാഭാരതം കർണ്ണപർവം)
ജനയിതാവ് (പിതാവ്), മാതാവ്, വിദ്യാദാതാവ്, ജ്യേഷ്ഠഭ്രാതാവ് , അഭയദാതാവ്, ഭർത്താവ് , അഗ്നി, ആത്മാവ് മുതലായവർ ഗുരുക്കന്മാരാണ്. ഏതെങ്കിലും തരത്തിലുള്ള അറിവു പകർന്നുതരുന്നവരും വയോവൃദ്ധരും ഗുരുക്കന്മാർ തന്നെ.
ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി, പത്നീമാതാവ്, സ്വമാതാവ് ഇവരെയെല്ലാം മാതാക്കളായി പരിഗണിക്കണമെന്ന് ധർമ്മശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നു. അതിനാൽ ഇവരും ഗുരുസമാനരാണ്.
ഗുരുനിന്ദയും ഗുരുവാക്യലംഘനവും മഹാപാതകങ്ങളായാണ് പ്രാചീനർ കരുതിയിരുന്നത്. ഗുരുത്വമില്ലാത്തവർക്ക് ഇഹത്തിലും പരത്തിലും ഗതികിട്ടില്ലെന്നാണ് ഹൈന്ദവവിശ്വാസം. മലയാളഭാഷയിലെ ‘കുരുത്തംകെട്ടവൻ’ എന്ന പദം ഗുരുത്വമില്ലാത്തവൻ എന്നതിന്റെ നാടൻമൊഴിയാണ്.