ഉപസംഹാരം
ഒരു പ്രത്യേകജനതയ്ക്കുവേണ്ടി മാത്രമല്ല സനാതനധർമ്മങ്ങൾ ആചാര്യന്മാർ ഉപദേശിച്ചിട്ടുള്ളത്. വസുധൈവകുടുംബകം (ലോകം ഒരു കുടുംബമാണ്), യത്രവിശ്വം ഭവത്യേകനീഡം (എല്ലാ ജീവജാലങ്ങൾക്കും അധിവസിക്കാനുള്ള ഒരു വലിയ കൂടാണ് ഈ വിശ്വം) തുടങ്ങിയ വാക്യങ്ങൾ ലോകസാഹോദര്യത്തിൽ ഭാരതീയർക്കുള്ള അടിയുറച്ച വിശ്വാസമാണ് ചൂണ്ടിക്കാട്ടുന്നത്. വ്യക്തിയുടെ സാധനയിലൂടെ മഹാപുരുഷത്വവും അവതാരപദവിയും വരെ നേടാമെന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ പുണ്യഭൂമിയിലുണ്ട്. ഈ അടിയുറച്ച ദർശനത്തിന്റെ ശക്തികൊണ്ടാണ് ആയുധശക്തിയുടെ പിൻബലത്തോടെ നടത്തുന്ന മതപ്രലോഭനങ്ങളെയും മതപരിവർത്തനത്തെയും അതിജീവിച്ചുകൊണ്ട് ഹൈന്ദവധർമ്മം ഇന്നും നിലനിൽക്കുന്നത്. പല പ്രാചീനസംസ്കാരങ്ങളും ഭൂമുഖത്തിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും ഇന്നും നമ്മുടെ സംസ്കാരം നിലനില്ക്കുന്നു. നമ്മുടെ പ്രപഞ്ചവീക്ഷണത്തിന്റെയും അതിലൂടെ രൂപംകൊണ്ട മഹത്തായ ദർശനത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തിയതുകൊണ്ടാണ് അവിനാശിയായി ആ സംസ്കൃതി ഇന്നും അവശേഷിക്കുന്നത്.
ഈ മഹാസംസ്കാരത്തിന്റെ സമൃദ്ധമായ പൈതൃകത്തിന്റെ അനന്തരാവകാശികളാണ് നാം എന്ന ബോധം നമ്മുടെ പുതിയ തലമുറയ്ക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടതു ചെയ്യേണ്ടത് മുതിർന്ന തലമുറയുടെ കടമയാണ്.
മൊഴിമുത്തുകൾ
ഇവയിൽ പലതും ഹൃദിസ്ഥമാക്കാൻ ശ്രമിക്കുക
ഏകം സദ് വിപ്രാ
ബഹുധാവദന്തി (ഋഗ്വേദം 1-164-46)
ഒരേ മൂലതത്ത്വം (പ്രപഞ്ചസത്ത) മാത്രമേ ഉള്ളൂ. വിദ്വാന്മാർ അതിനെ പലതായി പറയുന്നുവെന്നുമാത്രം.
ഏകോദേവഃ സർവഭൂതേഷുഗുഢഃ
സർവവ്യാപീ സർവഭൂതാന്തരാത്മാ
(ശ്വേതാശ്വരോപനിഷത്ത് 6-11)
ഏകനായ ദേവൻ (പരമാത്മാവ് ) സർവജീവജാലങ്ങളിലും ഗുഢമായി വസിക്കുന്നവനും സർവവ്യാപിയുമായ ദേവൻ അന്തരാത്മാവുതന്നെ.
മാതൃദേവോഭവ
പിതൃദേവോഭവ
ആചാര്യദേവോഭവ
അതിഥിദേവോഭവ
(തൈത്തിരീയോപനിഷത്ത്. 1-11)
മാതാവിനെ ദേവതയെപ്പോലെയും പിതാവിനെ ദേവനെപ്പോലെയും ആചാര്യനെ ദേവനെപ്പോലെയും അതിഥികളെ ദേവന്മാരെപ്പോലെയും കരുതി ആദരിക്കണം.
സത്യംബ്രൂയാത് പ്രിയം ബ്രൂയാത്
നബ്രൂയാത് സത്യമപ്രിയം
പീയംച നാനൃതം ബ്രൂയാത്
ഏഷധർമ്മഃ സനാതന (മനുസ്മൃതി. 4-138)
സത്യം പറയണം, പ്രിയമായതു പറയണം, അപ്രിയമായതു പറയരുത്. എന്നാൽ ശ്രോതാവിനു പ്രിയമെന്നു കരുതി അസത്യം പറയുകയും ചെയ്യരുത് . ഇതാണ് സനാതനമായ ധർമ്മം.
ധർമ്മ ഏവ ഹതോ ഹന്തി
ധർമ്മോ രക്ഷതി രക്ഷിതഃ
തസ്മാദ്ധർമ്മോ നഹന്തവ്യോ
മാ നോ ധർമ്മ ഹതോ വധീത്. (മനുസ്മൃതി 8-15)
ധർമ്മത്തിന് ഹാനി ഉണ്ടാക്കുന്ന വ്യക്തിയെ ധർമ്മം തന്നെ ഹിനക്കും. അതുപോലെ, ധർമ്മരക്ഷ ചെയ്യുന്ന ആളെ ധർമ്മം തന്നെ രക്ഷിച്ചുകൊള്ളും. അതിനാൽ ധർമ്മത്തിനു ഭംഗം വരുത്തരുത് . ഹതമായ ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ.
യാവദ്ഭ്രിയതേ ജംരം
താവദ് സ്വത്വം ഹിദേ ഹിനാം
അധികം യോf(അ)ഭിമന്യേത-
സസ്തേനോ ദണ്ഡമർഹതി (ഭാഗവതം . 7-14-8)
തന്റെ വയറു നിറയ്ക്കാൻ ആവശ്യമുള്ളത്ര ആഹാരത്തിനു മാത്രമേ മനുഷ്യന് അധികാരമുള്ളു. മറിച്ച്, കൂടുതലുള്ളത് തന്റേതെന്നു കരുതുന്നത് ചോരനാണ്. അതുകൊണ്ടുതന്നെ ശിക്ഷാർഹനുമാണ്.
ഈശാവാസ്യമിദം സർവം (ഈശാവാസ്യോപനിഷത്ത്)
ലോകെ മുഴുവൻ ഈശ്വരൻ വ്യാപിച്ചിരിക്കുന്നു.
മാതോപൃഥിവീമഹീയം (ഋഗ്വേദം 1-164-33)
ഈ മഹിമാമയിയായ ഭൂമി നമ്മുടെ അമ്മയാണ്.
ആപത്തുവന്നടുത്തീടുന്നകാലത്തു
ശോഭിക്കയില്ലെടോ സജ്ജനഭാഷിതം
(അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കിഷ്കിന്ധാകാണ്ഡം)
പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
(അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -കിഷ്കിന്ധാകാണ്ഡം)
സത്യധർമ്മാദിവെടിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും ഭയക്കണം
(മഹാഭാരതം സംഭവപർവം)
ഒരുത്തൻ പാപകർമ്മം ചെയ്തീടിലതിൻഫലം
പരക്കെയുള്ള മഹാജനങ്ങൾക്കൊക്കെത്തട്ടും
(മഹാഭാരതം ഉദ്യോഗപർവം)