സനാതനധർമ്മവും ഹിന്ദുമതവും
സനാതനധർമ്മം എന്നറിയപ്പെട്ടിരുന്ന, ഭാരതീയരുടെ പ്രപഞ്ചദർശനത്തിന് ഏതുകാലംമുതലാണ് ‘ഹിന്ദുമതം’ എന്ന പേര് ലഭിച്ചത് എന്നതിന് കൃത്യമായ രേഖകളൊന്നുമില്ല.
‘ഹിന്ദു’ എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ താഴെച്ചേർക്കുന്നു –
- പ്രാചീന പേർഷ്യൻഭാഷയിൽ ‘സ’ എന്ന അക്ഷരം ‘ഹ’ എന്നാണുച്ചരിച്ചിരുന്നത്. അങ്ങനെ സിന്ധു, ഹിന്ദു ആയി. തുടർന്ന് ‘സിന്ധുനദീതടവാസികൾ’ ‘ഹിന്ദുക്കൾ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
- ഹിമാലയത്തിലെ ‘ഹി’ എന്ന അക്ഷരവും ‘ഇന്ദുസരോവര’ ത്തിലെ (ഇന്ത്യൻ മഹാസമുദ്രത്തിലെ) ‘ന്ദു’ വും ചേർന്നാണ് ഹിന്ദു എന്ന പദം ഉണ്ടായതെന്നാണ് മറ്റൊരു പക്ഷം. അങ്ങനെ ആ സേതുഹിമാലയം ഉള്ള ഭൂവിഭാഗത്തിലുള്ളവരെല്ലാം ‘ഹിന്ദു’ക്കൾ എന്ന പേരിൽ അറിയപ്പെട്ടു.
സഹസ്രാബ്ദങ്ങളായി വളർന്നുവികസിച്ച ഭാരതീയ സംസ്കാരത്തെ (പൈതൃകത്തെ) സ്വന്തം ജീവിതദർശനമായി സ്വീകരിച്ചിട്ടുള്ളവരാണ് ഹിന്ദുക്കൾ
“ഒരു ജീവിതരീതിയെന്നല്ലാതെ മറ്റൊരുവിധത്തിലും ഹിന്ദുമതത്തെ വിവരിക്കാൻ സാധ്യമല്ല.” (1966-ലെ ഒരു സുപ്രീംകോടതി വിധി)
“ആദരവോടുകൂടി വേദങ്ങളെ സ്വീകരിക്കുക, മോക്ഷപ്രാപ്തിക്ക് വിവിധ മതങ്ങളുണ്ടെന്നു സമ്മതിക്കുക, ആരാധിക്കേണ്ട ദേവന്മാർ നിരവധിയാണെന്ന സത്യം അംഗീകരിക്കുക ഇതെല്ലാമാണ് മറ്റു മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേർതിരിക്കുന്നത്.” (ലോകമാന്യബാല ഗംഗാധരതിലകൻ)
മറ്റു മതങ്ങൾക്കെല്ലാം ഓരോരോ സ്ഥാപകരും മതഗ്രന്ഥങ്ങളുമുണ്ട്. ഹിന്ദുമതത്തിന് അത്തരമൊരു സ്ഥാപകനോ, ഒരു പ്രത്യേക ഗ്രന്ഥമോ ഇല്ല.
മതത്തിനു വിചാരമെന്നർത്ഥം. കാര്യം, കാരണം ഇവയുടെ സൂക്ഷ്മ സ്വഭാവം മനസ്സിലാക്കി പൂർണ്ണമായും യുക്തിഭദ്രമായും ബോധ്യമാകുന്ന അവിവാണ് മതം.
ജീവജാലങ്ങളെ നിലനിർത്തുന്നത് എന്തൊക്കെയാണോ, അതാണു ധർമ്മം. ലോകസംരക്ഷണത്തിന് ആവശ്യമായ സത്കർമ്മങ്ങൾ ചെയ്യുക, അധർമ്മചിന്തകൾ, നിന്ദ്യകർമ്മങ്ങൾ മുതലായവയിൽനിന്ന് ഒഴിഞ്ഞുനില്ക്കുക, പരമലക്ഷ്യമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുക മുതലായവയാണ് ധർമ്മപദം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങൾ
ആചാര്യന്മാർ ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങളായി നിർദ്ദേശിച്ചിരിക്കുന്നത് നാലുവേദങ്ങൾ, പത്ത് ഉപനിഷത്തുകൾ, ഭഗവദ്ഗീത എന്നിവയാണ്.
വേദങ്ങൾ
ഋഷിമാരാണ് വേദങ്ങളുടെ കർത്താക്കൾ, വേദത്തിന് അറിവ് എന്നർത്ഥം. ശ്രുതി, ആമ്നായം എന്നിവ വേദപര്യായങ്ങളാണ്.
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് നാലു വേദങ്ങൾ.
ഹൈന്ദവചിന്തയുടേയും ഭാരതീയസംസ്കൃതിയുടെയും ആദിമൂലമാണ് വേദങ്ങൾ. ഭാരതീയരുടെ ആത്മീയ-സാധനകളും ദർശനവും ജീവിതവീക്ഷണവും എല്ലാം വേദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞവയാണ്.
ആത്മശുദ്ധിക്ക് ഉതകുന്നതോ, ലോകമംഗളകാരിയോ, ആത്മപ്രചോദകമോ ആയ നിരവധിമന്ത്രങ്ങൾ വേദങ്ങളിൽ ഉണ്ട്.
അഗ്നി, വായു, സൂര്യൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ, വിഷ്ണു, സരസ്വതി മുതലായ ധാരാളം ദേവതകളുടെ ഉപാസനാക്രമങ്ങൾ വേദങ്ങളിൽ കാണാം.
ഉപനിഷത്തുകൾ
വൈദികഋഷികളാണ് ഉപനിഷത്തുകളുടെയും ഉപജ്ഞാതാക്കൾ. ഉപനിഷത്ത് പദത്തിന് പല അർത്ഥങ്ങളുമുണ്ടെങ്കിലും സാമാന്യമായി സ്വീകരിച്ചിരിക്കുന്ന അർത്ഥം ഇങ്ങനെയാണ് – ഗുരുവിന്റെ ഉപ (സമീപത്ത്) നി (താഴെ) സദ് (ഇരുന്ന്) ശ്രദ്ധാപൂർവ്വം പഠിക്കുന്ന ബ്രഹ്മവിദ്യ (ഉപ-നി-സദ്).
വിവിധ വിഷയസംബന്ധികളായ നിരവധി ഉപനിഷത്തുകളുണ്ട്. അവയിൽ ഏറ്റവും പ്രധാപ്പെട്ട പത്തെണ്ണത്തിന്റെ പേരുകൾ താഴെച്ചേർക്കുന്നു :-
1. ഈശാവാസ്യ, 2. കേനം, 3. പ്രശ്നം,
4. മുണ്ഡകം, 5. മാണ്ഡൂക്യം, 6. കഠം,
7. തൈത്തിരീയം, 8. ഐതരേയം, 9. ഛാന്ദോഗ്യം,
10. ബൃഹദാരണ്യകം
ബ്രഹ്മത്തിന്റെ സ്വരൂപം, പ്രപഞ്ചരഹസ്യം തുടങ്ങിയ വിഷയങ്ങളാണ് ഉപനിഷത്തുകളിലെ ഉള്ളടക്കം.
ഉപനിഷത്തിന്റെ മറ്റൊരു പേരാണ് വേദാന്തം.
ഭാരതത്തിൽ ഉരുത്തിരിഞ്ഞ എല്ലാ ദർശനങ്ങളുടേയും ആദിധാരകൾ ഉപനിഷത്തുകളാണ്.