പുരാണങ്ങൾ
ഹിന്ദുമതഗ്രന്ഥങ്ങളിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളവയാണ് പുരാണങ്ങൾ.
പണ്ട് സംഭവിച്ചതോ, മേലിൽ സംഭവിക്കാവുന്നതോ ആയ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവ എന്നാണ് പുരാണങ്ങളുടെ ഒരു നിർവചനം.
പണ്ടു സംഭവിച്ചത് എന്നാണ് മറ്റൊരു നിർവചനം.
യജ്ഞപ്രസാദമായി വേദങ്ങളോടൊപ്പം പുരാണങ്ങളും ഉണ്ടായി എന്ന് അഥർവവേദത്തിലും, പുരാണം വേദമാണെന്ന് ശതപഥബ്രാഹ്മണത്തിലും, പുരാണം പഞ്ചമവേദമാണെന്ന് ഛാന്ദോഗ്യോപനിഷത്തിലും പറഞ്ഞിരിക്കുന്നു.
പുരാണങ്ങളിലെ ബഹുദേവതാസങ്കല്പങ്ങളും അവതാര വിവരണങ്ങളും ത്രിമൂർത്തികളുടെ മാഹാത്മ്യകഥനവും, നാനാതരം സ്തുതികളും എല്ലാം വളരെച്ചുരുക്കി വേദങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങൾ സാധാരണക്കാർക്കുകൂടി മനസ്സിലാക്കാൻ പാകത്തിൽ രസകരമായി വിവരിച്ചിട്ടുള്ളവയാണ് പുരാണങ്ങൾ.
കല, സാഹിത്യം, ഭൂഗോളഖഗോളാദികളുടെ വിവരണം, വിവിധ ശാസ്ത്രങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, വ്രതോപാസനകൾ, രാജാക്കന്മാരുടെയും മറ്റും വംശാവലികൾ മുതലായവയെല്ലാം പുരാണങ്ങളിൽ വിവരിച്ചിട്ടുണ്ട്.
പതിനെട്ടു പുരാണങ്ങളുടേയും കർത്താവ് വേദവ്യാസനാണെന്നാണ് പരമ്പരാഗതവിശ്വാസം.
അഷ്ടാദശ (18) പുരാണങ്ങൾ
- ബ്രഹ്മപുരാണം
- വിഷ്ണുപുരാണം
- ശിവപുരാണം
- ഭാഗവതപുരാണം
- പത്മപുരാണം
- നാരദപുരാണം
- മാർക്കണ്ഡേയപുരാണം
- അഗ്നിപുരാണം
- ഭവിഷ്യപുരാണം
- ബ്രഹ്മവൈവർത്തപുരാണം
- ലിംഗപുരാണം
- വരാഹപുരാണം
- സ്കന്ദപുരാണം
- വാമനപുരാണം
- കൂർമ്മപുരാണം
- ഗരുഡപുരാണം
- മത്സ്യപുരാണം
- ബ്രഹ്മാണ്ഡപുരാണം
ഈ അഷ്ടാദശപുരാണങ്ങൾക്കൊപ്പം അതിപ്രസിദ്ധമായ ദേവീഭാഗവതത്തെയും അഷ്ടാദശമഹാപുരാണങ്ങളിൽ ഒന്നായി പരിഗണിക്കുന്നു. ചില പട്ടികകളിൽ ഭാഗവതം ഉപപുരാണമാണ്.
ഈ പതിനെട്ടു മഹാപുരാണങ്ങളുടെയും സാരം ഒറ്റ ശ്ലോകത്തിൽ താഴെ കൊടുക്കുന്നു –
“പതിനെട്ടുപുരാണത്തിൽ
വ്യാസൻചൊന്നതു രണ്ടുതാൻ
പരോപകാരമേ പുണ്യം
പാപമേ പരപീഡനം.”