ഇതിഹാസങ്ങൾ
ഹിന്ദുമതഗ്രന്ഥങ്ങളിൽ പ്രചുരപ്രചാരം ലഭിച്ചിട്ടുള്ള കൃതികളാണ് ഇതിഹാസങ്ങൾ.
പണ്ടു സംഭവിച്ചതോ മേലിൽ സംഭവിക്കാവുന്നതോ ആയ കാര്യങ്ങളെപ്പറ്റി ധർമ്മോദ്ബോധനാത്മകമായ രീതിയിൽ രസകരങ്ങളായ കഥകളിലൂടെ വിവരിക്കുന്നവയാണ് ഇതിഹാസങ്ങൾ. വേദതത്ത്വങ്ങൾ വളരെ ലളിതമായ രീതികളിൽ ഇതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഇതിഹാസപുരാണങ്ങൾ പഞ്ചമവേദമെന്ന് പ്രശംസിക്കപ്പെടുന്നു.
നമ്മുടെ ഇതിഹാസങ്ങൾ രാമായണവും മഹാഭാരതവുമാണ്.
ശ്രീരാമചരിതമാണ് രാമായണത്തിലെ പ്രമേയം. വാല്മീകിയാണ് ഇതിന്റെ കർത്താവ്. അദ്ദേഹത്തെ ആദികവിയെന്നും, രാമായണത്തെ ആദികാവ്യമെന്നുമാണ് അഭിജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ ഇതിഹാസം ഭാരതമാണ്. വ്യാസനാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. കൌരവരുടേയും, പാണ്ഡവരുടേയും കഥയാണ് ഈ കൃതിയിലെ കേന്ദ്രപ്രമേയം. നളചരിതം, ശാകുന്തളം തുടങ്ങിയ പ്രസിദ്ധ കഥകൾ ഭാരതത്തിലെ ഉപകഥകളിൽ ചിലതാണ്. ഉപനിഷത് സാരസർവ്വസ്വമായ ശ്രീമദ് ഭഗവദ്ഗീത, മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിലാണ് നിബന്ധിച്ചിരിക്കുന്നത്. “യതോ ധർമ്മ സ്തതോ ജയഃ” (ധർമ്മമുള്ളിടത്ത് ജയം ഉണ്ട് ) എന്ന സാർവകാലികപ്രസക്തിയുള്ള വിശിഷ്ടോപദേശം ഭാരതത്തിലുള്ളതാണ്.)
സ്മൃതികൾ
ഹിന്ദുമതത്തിൽ വേദത്തിനു തുല്യം പ്രാധാന്യമുള്ളതാണ് സ്മൃതികൾ. ഓർമ്മിക്കപ്പെട്ടത് എന്നാണ് സ്മൃതിപദത്തിനർത്ഥം. പരമ്പരാഗതമായ ആചാരവ്യവഹാരങ്ങളുടെ സംഹിതയാണ് സ്മൃതി. അതുകൊണ്ട് ഹിന്ദുക്കളുടെ ധർമ്മശാസ്ത്രമെന്നും സ്മൃതികൾക്കു പേരുണ്ട്. ജനനം മുതൽ മരണാനന്തരം വരെയുള്ള കർമ്മങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ നിയമങ്ങൾ മുതലായവ സവിസ്തരം ഈ കൃതികളിൽ വിവരിക്കുന്നു.
നമ്മുടെ സ്മൃതികളിൽ പ്രഥമസ്ഥാനം മനുസ്മൃതിക്കാണ്. പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി, ആപസ്തംബസ്മൃതി തുടങ്ങിയവായണ് മറ്റു സ്മൃതികൾ.
ശ്രുതിവചനത്തിനു വിപരീതമായി സ്മൃതിയിൽ എന്തെങ്കിലും വിധികളുണ്ടെങ്കിൽ ശ്രുതിപ്രമാണം അംഗീകരിക്കണം, സ്മൃതിവിധികൾ തള്ളിക്കളയണം എന്നാണ് വിധി.
(Also Ref.Hindu Dharma, Sri Chandrasekhara Saraswathi, Kanchi Mutt-p27,28,85,130)