ഹിന്ദുവിന്റെ ഈശ്വര സങ്കല്പം
ദീർഘനാളത്തെ യുക്തിഭദ്രമായ മനനംകൊണ്ട് പ്രാചീനരായ ഋഷിമാർ ഒരു സത്യം കണ്ടെത്തി. നാം കാണുന്നതും കണ്ടിട്ടില്ലാത്തതുമായ മഹാപ്രപഞ്ചത്തിൽ പ്രകടമാകുന്നത് ഒരേ ചൈതന്യമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, ലയം എന്നിവയ്ക്കും ഇവയുടെ പുനരാവൃത്തിക്കും കാരണമായ ഒരു മഹാചൈതന്യമുണ്ട്. അതിന് അവർ ബ്രഹ്മമെന്ന് പേരു നല്കി. ഏതെങ്കിലും നാമം കൊണ്ടോ, രൂപംകൊണ്ടോ അതിനെ വിവരിക്കാൻ സാധ്യമല്ല. ഈ ചൈതന്യമാണ് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്നത്. പരമാത്മാവെന്നു വിശേഷിപ്പിക്കുന്നതും ഈ പരമസത്യം തന്നെ.
നാമരൂപാദികളില്ലാത്ത സർവേശ്വരചൈതന്യം (ബ്രഹ്മം) സാധാരണജനങ്ങളുടെ ഭക്തിക്കു വിഷയമല്ല. അതിനാൽ ആ ബ്രഹ്മത്തെ സർവഗുണസമ്പന്നനും സൃഷ്ടിസ്ഥിതി സംഹാരകാരകനും ഭക്തവത്സലനും ആയ ഈശ്വരനായിട്ട് ആരാധിക്കാനുള്ള മാർഗ്ഗങ്ങൾ ആചാര്യന്മാർ ആവിഷ്ക്കരിച്ചു.
വിവിധങ്ങളായ നാമരൂപങ്ങളോടെ ദേവാലയങ്ങളിലും മറ്റും പ്രതിഷ്ഠിച്ചാരാധിക്കുന്നത് മേൽപറഞ്ഞ ബ്രഹ്മം അഥവാ സർവേശ്വരചൈതന്യത്തെയാണ്. ഈ മഹാചൈതന്യത്തെ ഏതു രൂപത്തിൽ ആരാധിച്ചാലും എല്ലാവരും അവസാനം ചെന്നെത്തുന്നത് ഒരേ ഈശ്വരനിൽതന്നെ. ഹിന്ദുക്കളെ ബഹുദൈവവിശ്വാസികളെന്നും പാമ്പിനെയും, പക്ഷിയെയും മരത്തെയും ആരാധിക്കുന്ന പ്രാകൃതന്മാരെന്നും ആക്ഷേപിക്കുന്നവർ ഈ പൊരുളറിഞ്ഞവരല്ല. “ഏകം സത് വിപ്രാ ബഹുധാവദന്തി” എന്ന വേദ വാക്യത്തിലൂടെ (ഒരേയൊരു ജഗച്ചൈതന്യമേ ഉള്ളൂ. അതിനെയാണ് പണ്ഡിതന്മാർ പല പേരുകളിൽ ഉദ്ഘോഷിക്കുന്നത്) പ്രഖ്യാപിച്ചിരിക്കുന്നത് ഈ ദർശനത്തെയാണ്.
ഈ ദർശനത്തിലധിഷ്ഠിതമായ തത്ത്വംകൊണ്ടാണ് ലോകത്തെ ഒരു കുടുംബമായി കാണാൻ ഭാരതീയരെ പ്രേരിപ്പിച്ചത്. സകല മതങ്ങളെയും സമഭാവനയോടെ അംഗീകരിക്കാൻ നമുക്കു കഴിഞ്ഞതും അതുകൊണ്ടാണ്. ഹിന്ദുക്കൾ മതപരിവർത്തനം നടത്താനോ, മതത്തിന്റെ പേരിൽ മഹായുദ്ധങ്ങൾ നടത്തി സാമ്രാജ്യങ്ങൾ സ്ഥാപിക്കാനോ, അന്യമതസ്ഥരുടെ സാംസ്കാരികമേഖലകൾ മുഴുവൻ ഉന്മൂലനം ചെയ്യാനോ മുതിർന്നില്ല. പക്ഷേ ഈ വിശാലമനസ്കതമൂലം നഷ്ടപ്പെട്ടത് ഒരു മഹാസംസ്കാരത്തിന്റെ ഉത്തമപ്രതീകങ്ങളാണ്. ഇതൊക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ശേഷിക്കപ്പെടുന്നതെങ്കിലും നിലനിർത്താൻ ശ്രമിച്ചില്ലെങ്കിൽ ചരിത്രം നമുക്കു മാപ്പു നല്കില്ല.
അവതാരസങ്കല്പം
നാമരൂപാദികളിലൂടെ സാക്ഷാത്കരിക്കാൻ നിർഗുണനായ (സത്വരജോതമോഗുണങ്ങളില്ലാത്ത) ഈശ്വരനെ സഗുണരൂപത്തിൽ ആരാധിക്കാൻ സൌകര്യപ്രദമായ വിവിധ രൂപങ്ങളിൽ ആചാര്യന്മാർ അവതരിപ്പിച്ചു.
സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവിനെയും, സംരക്ഷണത്തിനും (സ്ഥിതി) വേണ്ടി വിഷ്ണുവിനെയും, സംഹാരത്തിനുവേണ്ടി ശിവനെയും സൃഷ്ടിച്ചു.
എപ്പോഴെങ്കിലും ധർമ്മത്തിനു ക്ഷയവും അധർമ്മത്തിന് ശക്തിയും വർദ്ധിക്കുമ്പോൾ, ഇവരിലേതെങ്കിലും മൂർത്തികൾ അതിനു പരിഹാരം കാണാൻ അവതാരങ്ങൾ സ്വീകരിക്കും. അവതാരത്തിന് , താഴോട്ടിറങ്ങിവരൽ എന്നർത്ഥം. അവരുടെ സാക്ഷാൽരൂപങ്ങളില്ലാതെ, സൌകര്യാർത്ഥം ഓരോരോ രൂപങ്ങൾ സ്വീകരിച്ചുകൊണ്ട് സ്വാധാമങ്ങളിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്നതാണ് അവതാരം.
നമ്മുടെ അവതാരങ്ങളിൽ ഏറ്റവും പ്രധാനം വിഷ്ണുവിന്റെ ദശാവതാരങ്ങളാണ്. ഇതിഹാസപുരാണാദികളിൽ ഏറ്റവും കൂടുതൽ വിവരിച്ചിട്ടുള്ളതും ഈ അവതാരങ്ങളെക്കുറിച്ചാണ്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ താഴെച്ചേർക്കുന്നു :-
- മത്സ്യം, 2. കൂർമ്മം, 3. വരാഹം, 4.നരസിംഹം 5. വാമനൻ, 6. പരശുരാമൻ, 7. ശ്രീരാമൻ, 8. ബലരാമൻ, 9. ശ്രീകൃഷ്ണൻ, 10. കല്ക്കി.
(ചിലർ ബലരാമനു പകരം ശ്രീബുദ്ധനെ അവതാരമായി കണക്കാക്കുന്നു.)
അവതരിക്കുന്നത് പരിപൂർണ്ണനായ പരമാത്മാവാണ്. എങ്കിലും പരമാത്മാവിന്റെ പരിപൂർണ്ണതയ്ക്ക് കുറവോ ഹാനിയോ വരുന്നില്ല. ഈശ്വരൻ അവിടെയും ഇവിടെയും പൂർണ്ണനാണ്.
ഓം പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാശിഷ്യതേ
(ഈശാവാസ്യത്തിലെ ശാന്തിമന്ത്രം)
അത് (പരബ്രഹ്മം) പൂർണ്ണമാണ്. ഇതും (കാര്യബ്രഹ്മം) പൂർണ്ണമാണ്. പൂർണ്ണത്തിൽ നിന്ന് പൂർണ്ണം ഉണ്ടാകുന്നു. പൂർണ്ണത്തിൽ നിന്ന് പൂർണ്ണമെടുത്താൽ പൂർണ്ണം അവശേഷിക്കുന്നു.
(Infinity കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും Infinity തന്നെ എന്ന തത്ത്വം ഇവിടെ ഓർക്കുക.)