ഭഗവദ്ഗീത
മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ 25 മുതൽ 42 വരെയുള്ള 18 അദ്ധ്യായങ്ങളിലാണ് ഗീത നിബന്ധിച്ചിരിക്കുന്നത്.
കുരുക്ഷേത്രത്തിലെ യുദ്ധരംഗമാണ് ഗീതോപദേശത്തിന്റെ പശ്ചാത്തലം. ഭഗവാൻ ശ്രീകൃഷ്ണൻ തെളിച്ച തേരിൽ അർജ്ജുനൻ സമരരംഗത്തെത്തി. ശത്രുപക്ഷത്തിൽ അണിനിരന്നിരിക്കുന്നത് പിതാമഹനായ ഭീഷ്മരും ഗുരുനാഥന്മാരും ഉറ്റവരായ ബന്ധുമിത്രാദികളുമാണ്. ഇവരെ എങ്ങനെ വധിക്കുമെന്നു ചിന്തിച്ച് ശോകമോഹാദികൾക്കു വശംവദനായി ഇതികർത്തവ്യതാമൂഢനായി അർജ്ജുനൻ വിവശനായി. തുടർന്ന് അർജ്ജുനനെ ഉദ്ബുദ്ധനാക്കി സ്വധർമ്മനിർവഹണത്തിന് ഭഗവാൻ നല്കുന്ന ധർമ്മോപദേശമാണ് ഭഗവദ് ഗീതയുടെ ഉള്ളടക്കം.
അർജ്ജുനന് ഭഗവാൻ നല്കുന്ന ഉപദേശം അർജ്ജുനനു മാത്രമുള്ളതല്ല. ജീവിതസമരത്തിൽ സ്വധർമ്മം നിറവേറ്റാൻ അറച്ചുനില്ക്കുന്ന ഓരോ മനുഷ്യനും നല്കുന്ന ഉപദേശംകൂടിയാണ്. അർജ്ജുനവിഷാദരോഗത്തിന് ഭഗവാൻ നല്കിയ സിദ്ധൌഷധത്തിന് മുമ്പെന്നത്തേക്കാളും ഇന്ന് കൂടുതൽ പ്രസക്തിയുണ്ട്. അശാന്തിയിലും അകർമ്മണ്യതയിലും സ്വധർമ്മനിർവഹണസന്ദേഹത്തിലും മൂല്യച്യുതിയിലും പെട്ടുഴലുന്ന ജനങ്ങൾക്ക് അതിൽ നിന്നും മോചനം പ്രാപിക്കാൻ ഭഗവദ്ഗീതയുടെ പഠനമനനങ്ങൾ വളരെ സഹായകമാകും.
സർവ ഉപനിഷത്തുകളുടെയും സാരസർവസ്വമെന്നാണ് ആചാര്യന്മാർ ഭഗവദ്ഗീതയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗീതയിലെ ചില പ്രധാന ശ്ലോകങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്.
ഗീതയിലെ ആകെ ശ്ലോകങ്ങൾ 700
ശ്രീകൃഷ്ണൻ 574
അർജ്ജുനൻ 85
സഞ്ജയൻ 40
ധൃതരാഷ്ട്രൻ 1
ആകെ 700
പ്രധാന ശ്ലോകങ്ങൾ
- വാസാംസിജീർണ്ണാനി 2-22
- ജാതസ്യഹിധ്രുവോർ മൃത്യു 2-27
- കർമ്മണ്യേവാധികാരസ്തേ 2-47
- ക്രോധാത് ഭവതി 2-63
- ശ്രേയാൻ സ്വധർമോ 3-35
- അഥകേന പ്രയുക്തോയം 3-36
- യദായദാഹി ധർമ്മസ്യ 4-7
- പരിത്രാണായ സാധൂനാം 4-8
- ചാതുർവർണ്യം മയാസൃഷ്ടം 4-13
10. വിദ്യാവിനയസമ്പന്നേ 5-18
11. മത്തഃപരതരം നാന്യത് 7-7
12. പത്രം പുഷ്പം ഫലം തോയം 9-26
13. മന്മനാഭവമദ്ഭക്താ 9-34
14. സർവധർമ്മാൻ പരിത്യജ 18-66
15. വിമൃശ്യൈതദശേഷേണ 18-63 -ാം ശ്ലോകത്തിലെ യഥേച്ഛസി തഥാകുരു ഉത്തര പാദം