ക്ഷേത്രങ്ങളും വിഗ്രഹാരാധനയും
ബ്രഹ്മാണ്ഡരൂപത്തിലുള്ള പ്രപഞ്ചത്തിന്റേയും പഞ്ചഭൂതാത്മകമായ ശരീരത്തിന്റേയും തത്ത്വങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ ഉത്കർഷങ്ങൾക്കും വേണ്ടിയാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ദേവീദേവന്മാരുടെ വിവിധ രൂപത്തിലുള്ള വിഗ്രഹങ്ങളാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഓരോന്നിനും പ്രത്യേക ധ്യാനശ്ലോകങ്ങളും പൂജാവിധികളും ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുണ്ട്. സങ്കല്പശക്തി, മന്ത്രശക്തി, പൂജാവിധികൾ മുതാലയവകൊണ്ടുമാണ് ശില ശിവനും, ഒരു ചാണകഉരുള ഗണപതിയുമായി മാറുന്നത്.
ശില, ലോഹം, മരം, മണ്ണ് തുടങ്ങിയവകൊണ്ടു നിർമ്മിക്കുന്ന വിഗ്രഹങ്ങൾ വിധിപ്രകാരം നിർദ്ദിഷ്ടസ്ഥലങ്ങളിൽ പ്രതിഷ്ഠിച്ച് മന്ത്രതന്ത്രാദികളും സവിശേഷപൂജാവിധികളുംകൊണ്ട് നിഗ്രഹാനുഗ്രഹശക്തിയുള്ള ദേവതകളായിമാറുന്നു. ഈ തത്ത്വമറിയാത്തവരാണ് ഹിന്ദുക്കൾ വിഗ്രഹാരാധകരായ മൂഢന്മാരാണെന്ന് ആക്ഷേപിക്കുന്നത്.
ഭാഗവതം ഏകാദശസ്കണ്ഡത്തിൽ ക്ഷേത്രനിർമ്മാണം, വിഗ്രഹപ്രതിഷ്ഠ, ആരാധന, പൂജാവിധികൾ മുതലായവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവർക്ക് ഉപദേശിച്ചുകൊടുക്കുന്നു.
ക്ഷേത്രദർശനത്തിനെത്തുന്നവർ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിൽ ശുദ്ധിപുലർത്തണം. മനശ്ശുദ്ധിയും ശരീരശുദ്ധിയും ക്ഷേത്രദർശനം നടത്തുന്നവർക്കുണ്ടാകണം. ഓരോ ക്ഷേത്രത്തിനും പ്രത്യേകം ചില ആചാരമര്യാദകൾ വിധിച്ചിട്ടുണ്ട്. ഭക്തർ അവയും കർശനമായി പാലിക്കണം.
പ്രതിഷ്ഠാമൂർത്തിയുടെ നിർദ്ദിഷ്ടരൂപം മനസ്സിൽ ധ്യാനിച്ചുകൊണ്ട് മന്ദമന്ദം നടന്നുവേണം ക്ഷേത്രപ്രദക്ഷിണം നടത്തേണ്ടത്. പ്രദക്ഷിണപദത്തിലെ ‘പ്ര’ സർവഭയനാശത്തിന്റെയും, ‘ദ’ മോക്ഷദായകത്വത്തിന്റെയും, ‘ക്ഷി’ രോഗനാശത്തിന്റെയും, ‘ണം’ ഐശ്വര്യത്തിന്റെയും സൂചകമാണെന്ന് ആചാര്യന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഓരോ പ്രതിഷ്ഠാമൂർത്തിക്കുമുള്ള പ്രദക്ഷിണത്തിന്റെ എണ്ണം താഴെച്ചേർക്കുന്നു-
ഗണപതി – 1
ശിവൻ – 3
വിഷ്ണു – 4
ദേവി – 4
അരയാൽ – 7
മറ്റൊരു വിധിയനുസരിച്ചുള്ള പ്രദക്ഷിണ സംഖ്യ ഇങ്ങനെയാണ് –
ഗണപതി – 1
ഭദ്രകാളി – 2
ശിവൻ – 3
വിഷ്ണു – 4
ശാസ്താവ് – 5
സുബ്രഹ്മണ്യൻ – 6
ദുർഗ്ഗ – 7
ആൽമരം – 7
ശിവക്ഷേത്രത്തിലെ പ്രദക്ഷിണം, അഭിഷേകജലം ഒഴുകുന്ന ഓവുവരെ ചെന്നിട്ട് തിരിയെ നടന്ന് പ്രദക്ഷിണം പൂർത്തിയാക്കണം.
ഭാരതീയ സംസ്കാരത്തിന്റെ പരിപോഷണത്തിന് ഭാരതത്തിലെ ക്ഷേത്രങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും നിർവഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ദേശീയോദ്ഗ്രഥനത്തിന്റെ മുഖ്യഘടകങ്ങളായിരുന്നു ഇവയെല്ലാം. നാനാതരത്തിലുള്ള കലാരൂപങ്ങൾ ക്ഷേത്രാനുബന്ധികളായിട്ടാണ് ഉണ്ടായതും വികസിച്ചതും. ഭാരതത്തിലെ മഹാക്ഷേത്രങ്ങൾ ശില്പകലയുടെ മകുടോദാഹരണങ്ങളാണ്.