വ്രതവും ഉത്സവവും
ഒരുതരം സ്വയം ശുദ്ധീകരണമാണ് വ്രതം. ഉപവാസാദി പുണ്യകർമ്മങ്ങളിലൂടെയാണ് ഈ സ്വയം ശുദ്ധീകരണം നടക്കുന്നത്. പുണ്യം നേടുക, പാപപരിഹാരം ഉണ്ടാകുക, ആദ്ധ്യാത്മികവും ഭൌതികവുമായ നേട്ടങ്ങൾ കൈവരിക്കുക മുതലായവയാണ് വ്രതാനുഷ്ഠാനങ്ങളുടെ ലക്ഷ്യം. ഹിന്ദുക്കളുടെ ഇടയിൽ വ്രതാനുഷ്ഠാനങ്ങൾക്ക് വളരെ പ്രമുഖമായ ഒരു സ്ഥാനമാണ് കല്പിച്ചിട്ടുള്ളത്. വ്രതസംബന്ധികളായ ചില പ്രധാന വിശേഷദിവസങ്ങളും വ്രതങ്ങളും താഴെച്ചേർക്കുന്നു –
വിഷു, ദീപാവലി, ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, വൃശ്ചികമാസത്തിലെ തൃക്കാർത്തിക, വിനായകചതുർത്ഥി, നവരാത്രികാലം, വിജയദശമി, കർക്കടകവാവ്, ഏകാദശി, മണ്ഡലപൂജ(ശബരിമല), ദ്വാദശി, സ്കന്ദഷഷ്ഠി, ശ്രീരാമനവമി, ശ്രീകൃഷ്ണജന്മാഷ്ടമി, ഗുരുപൂർണ്ണിമ, ഗീതാജയന്തി, തിരുവോണം മുതലായവ. ഇവയുടെ പിന്നിലെല്ലാം ചില പുരാണകഥകളുണ്ട്.
വ്യഷ്ടിയുടെയും സമഷ്ടിയുടെയും ആദ്ധ്യാത്മികവും ഭൌതികവുമായ വളർച്ചയ്ക്ക് ഉള്ള നിരവധി ഘടകങ്ങളാണ് വ്രതാനുഷ്ഠാനങ്ങളിലൂടെ സമന്വയിച്ചിരിക്കുന്നത്.
ഉത്സവത്തിന് (ഉത് + സവം) മേലോട്ടുള്ള ഒഴുക്കെന്നാണ് അർത്ഥം.
പലവിധ പാകപ്പിഴകളാൽ ചൈതന്യലോപം സംഭവിച്ചുപോയ പ്രതിഷ്ഠാമൂർത്തിയുടെ വിഗ്രഹം, വിധിപ്രകാരമുള്ള പലയിനം പൂജാകർമ്മങ്ങളിലൂടെ സമ്പൂർണ്ണചൈതന്യം ഉള്ളതാക്കിത്തീർക്കുന്നത് ഉത്സവകാലത്താണ്. ഈ ചൈതന്യം പ്രതിഷ്ഠാമൂർത്തിയുടെ പുറത്തെഴുന്നള്ളിപ്പോടെ ഗ്രാമതലത്തിലേക്കൊഴുകി അവിടവും ശുദ്ധീകൃതമാവുന്നു.
ഈ ഉത്സവകാലത്തോടനുബന്ധിച്ച് പലതരം കലാപരിപാടികളും ക്ഷേത്രപരിസരത്തു നടക്കും. അവയെല്ലാം ധർമ്മോദ്ബോധകങ്ങളായിരിക്കും. ഇന്ന് ഉത്സവത്തിന്റെ പേരിൽ നടത്തുന്ന പല പേക്കൂത്തുകളും ക്ഷേത്രസംസ്കാരത്തിനു യോജിച്ചതാണോ എന്നു ചിന്തിക്കണം.