ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ചവർ എല്ലാംതന്നെ അതിൽ അവർണ്ണർ അനുഭവിച്ച പീഢന കഥകളാണ് വർണ്ണിച്ചിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ജാതിയെ ആസ്പദമാക്കിയുള്ള സവർണ്ണ ഹിന്ദുക്കളുടെ അവർണ്ണരോടുള്ള മനുഷ്യത്വഹീനമായ പെരുമാറ്റങ്ങളായിരുന്നു മിക്കവാറും എല്ലാ കഥകളുടേയും അടിസ്ഥാനം. ഇപ്രകാരം കേരള സാമൂഹ്യ ചരിത്രത്തിന് atrocity literature-ന്റെ സ്വഭാവം കൈവന്നു. ഗോകുലം ഗോപാലൻ നിർമ്മിച്ച വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടും'(2022 Onam release) ഈ atrocity literature-ന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. മിക്കവാറും കഥകളും ചെന്നവസാനിയ്ക്കുന്നത് സവർണ്ണഹിന്ദുക്കളുടെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന പുലയന്മാരുടെ അടിമത്വത്തിലാണ്. പുലയന്മാർ പാരമ്പര്യ അവകാശങ്ങൾ ഉണ്ടായിരുന്ന (customary rights) കർഷകതൊഴിലാളികളായിരുന്നു എന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് പുലയ-അടിമത്വ കഥ പ്രചരിപ്പിയ്ക്കപ്പെട്ടത്.
FRANCIS BUCHANAN MD (ഫ്രാൻസിസ് ബുക്കാനൻ) – 1800 CE
പുലയന്മാരെ അടിമകളാക്കി ആദ്യം അവതരിപ്പിച്ചത് ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരാണ്. ഭാരതത്തിലെ ഭൂപ്രദേശങ്ങൾ ക്രമേണ കൈവശപ്പെടുത്തി ഭരണ അധികാരം കൈയ്യാളിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരാണ് തങ്ങളുടെ ഔദ്യോഗിക രേഖകളിലും റിപ്പോർട്ടുകളിലും കർഷകത്തൊഴിലാളികളെ പ്രത്യേകിച്ച് പുലയന്മാരെ അടിമകളായി തരം തിരിച്ചത്. അത്തരം റിപ്പോർട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫ്രാൻസിസ് ബുക്കാനന്റേത് (Francis Buchanan MD). മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, അതായത് 1800-ആം ആണ്ടിൽ, തെക്കെ ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരത്തിൻ കീഴിൽ അമർന്ന ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് കമ്പനി ഉദ്യോഗസ്ഥനും ക്രിസ്ത്യാനിയുമായ ഫ്രാൻസിസ് ബുക്കാനനൻ ഈ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. മുൻ കാലങ്ങളിൽ ഈ റിപ്പോർട്ട് സാധാരണ ജനങ്ങൾക്ക് പ്രാപ്യമല്ലായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, അതായാത് ബിരുദാനന്തര ബിരുദങ്ങൾ നല്കിയിരുന്ന യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ചരിത്രം പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്തിരുന്ന അക്കാദമിക വിചക്ഷണന്മാർക്കും ചരിത്ര രചയിതാക്കൾക്കും മാത്രമായിരുന്നു ഈ പുസ്തകം കാണുവാനും പരിശോധിയ്ക്കുവാനും അവസരങ്ങൾ ലഭിച്ചിരുന്നത്. ഇന്ന് എല്ലാവർക്കും പരിശോധിയ്ക്കുവാൻ സാധിക്കത്തക്കവിധം “professional ചരിത്രകാരന്മാർ” ആശ്രയിച്ചിരുന്ന ഇത്തരം മൂല-സ്രോതസ്സുകൾ (original sources) പൊതുമണ്ഡലത്തിൽ(archive.org) ലഭ്യമാണ്.
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചുകൊണ്ട് പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ച “അക്കാദമിക ജീവികളും” “ചരിത്ര പണ്ഡിതന്മാരും”, ബുക്കാനനന്റെ റിപ്പോർട്ടുകളെ വളരെയധികം ആശ്രയിച്ചതായി നമുക്ക് കാണാം. ഈ റിപ്പോർട്ടുകൾ മൂന്നു വാല്യങ്ങളിലായി 1807-ൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. അവയാണ് മേൽ സൂചിപ്പിച്ചതുപോലെ ആർക്കും പരിശോധിക്കാൻ സാധിക്കാവുന്ന വിധത്തിൽ ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ബുക്കാനനന്റെ റിപ്പോർട്ടിനെ ആശ്രയിച്ച് ആരോ രചിച്ച ചരിത്രപുസ്തകത്തിലെ വിവരങ്ങൾ, വേലായുധൻ പണിക്കശ്ശേരി ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ’ എന്ന തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 144-പേജുകളുള്ള ഈ ചരിത്ര പുസ്തകത്തിലെ ‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന ലേഖനമാണ് ഇവിടെ വിമർശന വിധേയമാക്കിയിട്ടുള്ളത്. പണിക്കശ്ശേരി ഈ ലേഖനം എഴുതിയതിനു മുമ്പായി ബുക്കാനന്റെ മൂല ഗ്രന്ഥം വായിച്ചിട്ടില്ല എന്ന് അദ്ദേഹം തന്നെ നല്കിയിട്ടുള്ള ഗ്രന്ഥസൂചിയിൽ നിന്നും മനസ്സിലാക്കാം.(ഈ ഗ്രന്ഥ സൂചിയുടെ സ്ക്രീൻഷോട്ട് കഴിഞ്ഞ ഭാഗത്തിൽ നല്കിയിട്ടുണ്ട്). Primary Source ആയ ബുക്കാനനന്റെ പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കാതെയാണ് മറ്റാരുടെയോ പുസ്തകത്തിൽ അടങ്ങിയിട്ടുള്ള ബുക്കാനനെക്കുറിച്ചുള്ള പരാമർശങ്ങൾ പണിക്കശ്ശേരി തന്റെ ലേഖനത്തിൽ ചേർത്തത്. ഈ പോരായ്മ അനുഭവപ്പെടുന്നതു കൂടാതെ, ഭാരതീയ സംസ്കാരത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തെങ്കിലും ധാരണയുണ്ടോ എന്ന സംശയവും, ഉണ്ടെങ്കിൽത്തന്നെ അത് തീർത്തും ഉപരിപ്ലവമാണെന്നും അദ്ദേഹത്തിന്റെ രചനകളെ സൂക്ഷ്മമായി വായിക്കുന്നവർക്കുണ്ടാവും. ഗവേഷണാത്മകമല്ലാതെ രചിയ്ക്കപ്പെട്ട ഇത്തരം പുസ്തകങ്ങളിൽ അടങ്ങിയിട്ടുള്ള പല വിവരങ്ങളും അവാസ്തവികങ്ങളും അർദ്ധസത്യങ്ങളുമാണ്. അവ മതപരിവർത്തന ലക്ഷ്യങ്ങൾക്കോ, രാഷ്ട്രീയലക്ഷ്യങ്ങൾക്കോ സാധകമാകുന്ന തരത്തിലാണ് രചിയ്ക്കപ്പെട്ടിട്ടുള്ളതെന്ന് വിവേചനബുദ്ധി ഉപയോഗിയ്ക്കുന്ന വായനക്കാർക്ക് ബോദ്ധ്യമാവുകയും ചെയ്യും.
ബുക്കാനൻ : അടിമകളെക്കുറിച്ചുള്ള ആദ്യ പരാമർശം
23 April 1800, ഉച്ചകഴിഞ്ഞാണ്, മൈസ്സൂർ, കാനറ, മലബാർ ഔദ്യോഗിക പര്യടനത്തിനായി ബുക്കാനൻ മദ്രാസ്സിൽ നിന്നും പുറപ്പെട്ടത് (page1, Vol 1). പര്യടനം പൂർത്തിയാക്കി അദ്ദേഹം മദ്രാസിൽ തിരികെയെത്തിയത് ഒരു വർഷത്തിന് ശേഷമാണ്, 06 July 1801-ൽ.(page 478, Vol. 3). ഇതിനിടയിൽ 1800, April 30- നാണ് ബുക്കാനൻ തമിഴ്നാട്ടിൽത്തന്നെയുള്ള വെല്ലൂരിൽ എത്തിയത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലെ Slaves-നെക്കുറിച്ചുള്ള ആദ്യ പരമാർശം ഇവിടെക്കണ്ട കണ്ട കാഴ്ചകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. റിപ്പോർട്ടിലെ പ്രസ്തുതഭാഗങ്ങളുടെ Screenshots മുകളിൽ നല്കിയിട്ടുണ്ട്. ബ്രാഹ്മണന്മാരെക്കുറിച്ചുള്ള വിവരിയ്ക്കുന്ന വേളയിലാണ് Slaves-നെക്കുറിച്ചും പരാമർശിച്ചിരിയ്ക്കുന്നത്. ഇവിടെ ബുക്കാനൻ ഔദ്യോഗിക റിപ്പോർട്ടിൽ, ബ്രാഹ്മണന്മാരെ ജൂതന്മാരുമായി താരതമ്യപ്പെടുത്തിയത് ഗൗരവമായി കണക്കാക്കേണ്ടുന്നതുണ്ട്. ക്രിസ്ത്യാനികളുടെ ജൂത-വിരോധം (anti-semitism = hostility toward or discrimination against Jews as a religious, ethnic, or racial group) ബുക്കാനനന്റെ വാചകത്തിൽ പ്രതിഫലിയ്ക്കുന്നുണ്ട്. ബ്രാഹ്മണന്മാരെ ജൂതന്മാരോട് താരതമ്യപ്പെടുത്തിയതിൽ നിന്നും, ക്രിസ്ത്യാനികൾക്ക് ജൂതന്മാരോടുള്ള മുൻവിധികൾ(prejudice) ബുക്കാനന് ബ്രാഹ്മണന്മാരോടും ഉണ്ടായിരുന്നു എന്ന് അയാളുടെ ഈ വാചകം വെളിപ്പെടുത്തുന്നു. ബുക്കാനൻ വായിച്ചിരുന്നിരിയ്ക്കാവുന്ന King James Bible-ലെ പഴയ നിയമത്തിൽ, അന്യ ജാതികളെ അടിമകളാക്കാമെന്ന് ജൂതന്മാർക്ക് ദൈവം അനുവാദം കൊടുത്തിരുന്നു. അതേപോലെ ഭാരതത്തിലെ കീഴാള ജാതികളെ ബ്രാഹ്മണന്മാരും മറ്റ് സവർണ്ണ ജാതികളും അടിമകളാക്കിവച്ചിരിയ്ക്കുകയാണെന്ന് ബൈബിൾ വായിച്ച് വിവരദോഷികളായിത്തീർന്ന ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ധരിച്ചുവശായി.
ബൈബിൾ പഴയനിയമത്തിലെ ലേവ്യർ 25:38-46 (Leviticus 25)
ജൂതനായ മോശയോട് യഹോവയാകുന്ന ദൈവം അന്യജാതികളെ (ജൂതവിഭാഗത്തിൽ പെടാത്തവരെ) അടിമകളാക്കിക്കൊള്ളാൻ അനുവാദം നല്കുന്ന ഭാഗമാണ് ബൈബിളിലെ ലേവ്യർ 25:38-46 വചനങ്ങൾ !!! ബൈബിളിലെ പഴയ നിയമത്തിൽ അടിമകളെ സംബന്ധിയ്ക്കുന്ന ഇവ്വിധത്തിലുള്ള(താഴെകൊടുത്തിരിയ്ക്കുന്ന) വചനങ്ങളും ജൂതവിരോധവും (anti-semitism) കൂടിച്ചേർന്ന് കലുഷിതമായിത്തീർന്ന ക്രിസ്ത്യൻ ബ്രിട്ടീഷ് ബുദ്ധിയിൽ തെളിഞ്ഞതാണ്, ഭാരതത്തിൽ ബ്രാഹ്മണർ നടപ്പിൽവരുത്തിയ അടിമത്വ-വ്യവസ്ഥിതി !!!
“ഞാൻ(ദൈവം) നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു(38). നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ടു അടിമവേല ചെയ്യിക്കരുതു(39). കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം(40). പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം(41). അവർ മിസ്രയീംദേശത്തു നിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വില്ക്കരുതു(42). അവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം(43). നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽ നിന്നു അടിയാരെയും അടിയാട്ടികളെയും കൊള്ളേണം(44). അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽ നിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം(possession)(45). നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു(possession) നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടൊ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുതു (46).” (സത്യവേദപുസ്തകം,ലേവ്യർ 25:38-46 (Leviticus 25), പേജുകൾ 194-195, 1910-ൽ, British and Foreign Bible Society പ്രസിദ്ധീകരിച്ചത് )
ജൂതന്മാരെപ്പോലെ ബ്രാഹ്മണരും അടിമത്വ വ്യവസ്ഥിതി നടപ്പാക്കിയെന്ന് ആരോപിയ്ക്കുന്നു.
ജൂതന്മാരുടെ നാഗരീകതയും ഭാരതീയ സംസ്കാരവും തമ്മിൽ താരതമ്യം ചെയ്യുവാൻ ആവില്ല. എന്നിരിയ്ക്കിലും മദ്ധ്യപൂർവ്വദേശത്ത് (Middle East) ജൂതന്മാർ അടിമത്വ വ്യവസ്ഥിതി നടപ്പാക്കിയിരുന്നതുപോലെ, ഇങ്ങ് ഭാരതത്തിൽ ബ്രാഹ്മണരും അടിമ വ്യവസ്ഥിതി നടപ്പാക്കി നിലനിർത്തിപ്പോരുന്നു എന്ന് കാണിയ്ക്കുവാനാണ് ബുക്കാനൻ ശ്രമിച്ചത്. ബ്രാഹ്മണന്മാർ മതപരമല്ലാത്ത മറ്റ് മേഖലകളിൽ ജോലിയെടുത്തിരുന്നു(secular professions) എന്ന് ബുക്കാനനൻ പറയുന്നുണ്ടെങ്കിലും, തങ്ങളുടെ കൃഷിഭൂമികളിൽ ഗുണം കുറഞ്ഞ ജാതികളെക്കൊണ്ട് (inferior casts) അടിമവേല ചെയ്യിച്ചിരുന്നു എന്നാണ് ബുക്കാനൻ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിഭൂമിയിൽ ജോലിചെയ്തിരുന്ന കർഷകത്തൊഴിലാളികളെ SLAVES എന്ന് ബുക്കാനൻ പരാമർശിച്ചിരിയ്ക്കുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്. (മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.) ഇവർ ഏതെല്ലാം ജാതി വിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ശൂദ്രന്മാരും പഞ്ചമരും: പഞ്ചമരിൽ പറയരും, ബലുവയും, ചേക്കിലരും തോട്ടികളുമായിരുന്നു അടിമകളാക്കപ്പെട്ട ഗുണം കുറഞ്ഞ ജാതികൾ. ഗുണം കുറഞ്ഞ ജാതികളിൽ (inferior casts) ശൂദ്രന്മാരെയും ബുക്കാനൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നിന്നും അടിമകൾ ഉണ്ടെന്നാണ് ബുക്കാനൻ തന്റെ നിരീക്ഷണത്തിൽ കണ്ടെത്തിയത്. എന്തായാലും ക്രിസ്ത്യൻ ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥന്മാരാണ് കർഷകത്തൊഴിലാളികളെ ആംഗലേയ ഭാഷയിൽ ‘Slave’ ആയി categorize ചെയ്തത്. അതായത് കർഷകത്തൊഴിളാകളെ അവർ അടിമകളാക്കി വർഗ്ഗീകരിച്ച് തരം തിരിച്ചു.
‘അടിമ’, ‘പുലയൻ’ എന്ന വേറിട്ട മലയാള പദങ്ങളും, ‘Slave’ എന്ന ഇംഗ്ലീഷ് പദവും, ക്രിസ്ത്യൻ മിഷനറിമാരും
മലയാളഭാഷയിൽ ‘അടിമ’ എന്നും ‘പുലയൻ’ എന്നും രണ്ടു പദങ്ങളുണ്ട്. ഈ രണ്ടു പദങ്ങൾക്കും സുനിശ്ചിതങ്ങളായ വ്യത്യസ്ത അർത്ഥങ്ങളാണ് ഉള്ളത്. രണ്ടിനും ഒരു അർത്ഥമല്ല ഉള്ളത്. മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലിയിൽ അടിമയ്ക്കും പുലയനും വ്യത്യസ്ത അർത്ഥങ്ങളാണ് നല്കിയിട്ടുള്ളത്. അതിന്റെ സ്ക്രീൻഷോട്ടുകൾ താഴെ നല്കിയിട്ടുള്ളത് പരിശോധിയ്ക്കുക. ഇംഗ്ലീഷിലെ SLAVE എന്ന വാക്കിന് തത്തുല്യമായ സംസ്കൃത പദമോ, മലയാള പദമോ ഇല്ലെങ്കിലും slave-ന് അടിമ എന്ന അർത്ഥമാണ് നല്കിവരുന്നത്. അർത്ഥപരമായി, SLAVE എന്ന ഇംഗ്ലീഷ് വാക്കിന് ഏറ്റവും അടുത്തുവരുന്ന മലയാള പദം അടിമ മാത്രമാണ്. മറ്റൊരു മലയാള പദവും SLAVE എന്ന ഇംഗ്ലീഷ് വാക്കിന് മലയാള അർത്ഥമായി നല്കാൻ കഴിയില്ല. എന്നാൽ വിചിത്രമെന്നു പറയട്ടെ, പത്തൊൻപതാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷനറിമാരായ ബെഞ്ചമിൻ ബൈയിലിയും (Benjamin Bailey), ഹെർമൻ ഗുണ്ടർട്ടും (Herman Gundert) തയ്യാറാക്കിയ നിഘണ്ടുക്കളിൽ, SLAVE എന്ന വാക്കിന് ദാസൻ, ദാസി എന്ന അനുചിതങ്ങളായ അർത്ഥങ്ങൾ നല്കിയതുകൂടാതെ, പുലയൻ എന്ന് തീർത്തും തെറ്റായ അർത്ഥം കൂടി നല്കുകയും ചെയ്തു. (തെളിവായി ഇതിന്റെയെല്ലാം സ്ക്രീൻഷോട്ടുകൾ താഴെ നല്കിയിട്ടുണ്ട്). വ്യത്യസ്ത അർത്ഥങ്ങളുള്ള, തമ്മിൽ ബന്ധമില്ലാത്ത രണ്ടു മലയാളം പദങ്ങൾക്ക് (ശബ്ദങ്ങൾക്ക്) ഇംഗ്ലീഷിൽ ഒരു വാക്ക് നല്കി ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും, ക്രിസ്ത്യൻ മിഷനറിമാരും തെക്കെഇന്ത്യയുടെ സാമൂഹ്യ ചരിത്രം അട്ടിമറിച്ചത് ഇന്ത്യാക്കാരായ ചരിത്രകാരന്മാർ മനസ്സിലാക്കാതെ പോയി !!! മലയാളികളെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യൻ മിഷനറിമാരുടെ ഭാഷാപരമായ ഇടപെടലുകൾ മലയാളഭാഷയ്ക്ക് ദോഷങ്ങളാണ് ഉണ്ടാക്കിയത്. മലയാളികളുടെ ചിന്താധാരകളെ സ്വാധീനിച്ച് വക്രീകരിച്ച് മലിനമാക്കി, അതിലൂടെ ഹിന്ദുമതത്തെയും സംസ്കാരത്തെയും കടപുഴക്കി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അവർ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചത്. ജന്തുക്കളായി തീർന്നവർക്ക് ഇന്നും ഇതൊന്നും പിടികിട്ടിയിട്ടില്ല.
ഇംഗ്ലീഷ് -മലയാളം നിഘണ്ടുക്കളും, മലയാളം-മലയാളം നിഘണ്ടുക്കളും.
ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ഭാരതീയ സംസ്കാരത്തിന്റെ മേന്മകളെയും നന്മകളെയും സങ്കീർണ്ണകതകളെയും മനസ്സിലാക്കുവാൻ ശ്രമിയ്ക്കാതെ അതിനെ മുൻവിധികളോടെയാണ് സമീപിച്ചത്. ക്രിസ്ത്യാനികളായ അവരിലെ ഭൂരിപക്ഷത്തിനും ഭാരതീയ സംസ്കാരത്തോടും ഹിന്ദുമതത്തോടും അനുഭാവമേ ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും ഹിന്ദുമതവും ക്രമേണ കടപുഴക്കി ഉന്മൂലനം ചെയ്ത് പകരം ക്രിസ്ത്യൻ ബ്രിട്ടീഷ് വ്യവസ്ഥകളും ക്രിസ്ത്യൻ മതവും സ്ഥാപിയ്ക്കുവാൻ ലക്ഷ്യമിട്ടിരുന്നു എന്ന് അവർ നടപ്പാക്കിയ ഭരണപരമായ പരിഷ്ക്കാരങ്ങളിൽ നിന്ന് മനസ്സിലാക്കാം. വൈദേശികമായ ഭരണ ഇടപെടൽ സാധിക്കുന്നതിനും, അത്തരം ഇടപെടലുകളെ ന്യായീകരിക്കുന്നതിനും കൃഷിപ്പണി ചെയ്തിരുന്ന കർഷകത്തൊഴിലാളികളെ അവർ SLAVES എന്ന് തങ്ങളുടെ ഇംഗ്ലീഷിലുള്ള റിപ്പോർട്ടുകളിൽ അഭിസംബോധനം ചെയ്തു. അവരുടെ നോട്ടത്തിൽ ഭാരതത്തിലെ കാർഷികവൃത്തി അടിമപ്പണിയായിരുന്നു. ഭാരതത്തിലെ കർഷകത്തൊഴിലാളികളെ Slaves എന്ന് തങ്ങളുടെ കത്തിടപാടുകളിലും റിപ്പോർട്ടുകളിലും അവർ നിരന്തരം പരാമർശിച്ചുകൊണ്ടേയിരുന്നു. തുടർന്ന് ഭാരതീയരെ ഇംഗ്ലീഷ് പഠിപ്പിയ്ക്കുന്നതിനായി കമ്പനി ഉദ്യോഗസ്ഥന്മാരും, ക്രിസ്ത്യൻ മിഷനറിമാരും നിർമ്മിച്ച നിഘണ്ടുക്കളിൽ Slave എന്ന പദത്തിന് മലയാളത്തിൽ ദാസൻ, ദാസി, പുലയൻ എന്നീ പര്യായങ്ങൾ (അർത്ഥങ്ങൾ) അവർ നല്കുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൽ മിഷനറിമാർ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് -മലയാളം നിഘണ്ടുക്കളിൽ, Slave എന്ന വാക്കിന് നല്കിയിരിയ്ക്കുന്ന മലയാളം അർത്ഥങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇവിടെ നല്കിയിട്ടുണ്ട്. കൂടാതെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുക്കളിൽ അടിമ, പുലയൻ എന്നീ വാക്കുകളുടെ തത്തുല്യമായ ഇംഗ്ലീഷ് പദങ്ങൾ അടങ്ങിയ സ്ക്രീൻഷോട്ടും താരതമ്യത്തിനായി നല്കുന്നു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം അവശേഷിയ്ക്കുന്നു!!! മലയാളത്തിൽ വ്യത്യസ്തമായ അർത്ഥങ്ങളുള്ള രണ്ട് വാക്കുകൾ (അടിമ, പുലയൻ); ഇവയ്ക്ക് ഇംഗ്ലീഷിൽ ഒരേ അർത്ഥമാണ് നല്കിയിട്ടുള്ളതെന്ന് നമ്മുടെ ഭാഷാപണ്ഡിതന്മാർ ശ്രദ്ധിയ്ക്കാതെ പോയത് എന്തേ !!???
പുലയന്മാർ അടിമകളാണെന്ന പൊതുബോധം ഉണ്ടായതിന് ബ്രിട്ടീഷ് ഓദ്യോഗിക കുറിപ്പുകളും ഇങ്ങിനെയുള്ള പ്രസിദ്ധീകരണങ്ങളും കാരണമായിത്തീർന്നു. ബ്രാഹ്മണരെയും സവർണ്ണഹിന്ദുക്കളെയും പ്രതിസ്ഥാനത്ത് ആക്കി അതുവഴി ഹിന്ദുമതത്തിന് എതിരെ പ്രയോഗിയ്ക്കാനുള്ള പ്രചരണായുധമായിട്ടാണ് പുലയന്മാർ അടിമകളാണെന്ന പൊതുബോധം മനഃപൂർവ്വം കൃത്രിമമായി സൃഷ്ടിച്ചെടുത്തത്. ഇവിടെ മലയാളം-മലയാളം നിഘണ്ടുവായ പ്രസിദ്ധിപെറ്റ ശബ്ദതാരാവലിയിൽ നിന്നും ഉള്ള പ്രസക്തമായ (relevant) സ്ക്രീൻഷോട്ടുകളും നല്കിയിട്ടുണ്ട്. മലയാളം-മലയാളം നിഘണ്ടുവിൽ പുലയൻ എന്ന വാക്കിന് അടിമ എന്ന അർത്ഥം ഇല്ലെന്നും കാണാം. വിദേശികളും, രാജ്യസ്നേഹമില്ലാത്ത ന്യൂനപക്ഷമതസ്ഥരും നമ്മുടെ ഭാഷയിലും പൊതുവിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഇടപെടൽ നടത്തിയാൽ ഉണ്ടാകുന്ന ആപത്തുകൾ ഈ ഒരു ഉദാഹരണത്തിൽ നിന്നും വായനക്കാർക്ക് മനസ്സിലാക്കുവാൻ ആകുമെന്ന് കരുതുന്നു. കർഷകവൃത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ അടിമകളാക്കി തരം മാറ്റിയത് ഒരു വലിയ വിഭാഗം ജനതയെ ഭാരതീയ ഹിന്ദു സംസ്കാരത്തിന്റെ ധാരകളിൽ നിന്നും അടർത്തിമാറ്റി, ആ സംസ്കാരത്തിന് എതിരായി അണിനിരത്തി സമൂഹത്തിൽ മതപരവും സാംസ്കാരികവുമായ വിഭാഗീയത സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ചാതുർവർണ്ണ്യവ്യവസ്ഥ ബോദ്ധ്യപ്പെട്ട് അത് പിന്തുടരാൻ ശ്രമിച്ചിരുന്നവരുമായി(സനാതനധർമ്മികളുമായി), കാർഷിക തൊഴിലുമായി ബന്ധപ്പെട്ട് പുലയന്മാർക്കും മറ്റ് കീഴ്ജാതികൾക്കും ഉണ്ടായിരുന്ന സമ്പർക്കവും സാമീപ്യവും സമൂഹത്തിന് മൊത്തത്തിൽ ഗുണകരമായിരുന്നു എന്ന് ആരും വിസ്മരിച്ചുകൂടാ. സമൂഹത്തിന്റെ ഭൗതികമായ പുരോഗതിയോടൊപ്പം കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന കീഴ് ജാതികളുടെ സാംസ്കാരിക ഉന്നമനത്തിനും ഇത് വഴിവെച്ചു. ഇതു തന്നെയാണ് ഭാരതീയ-സംസ്കാരം എന്ന concept കൊണ്ട് ഉദ്ദേശിയ്ക്കുന്നതും. സെമറ്റിക്ക് മതസ്ഥരായ അധിനിവേശക്കാർ, കൃഷിപ്പണി ചെയ്തിരുന്ന പുലയരെ അടിമകളാക്കി തരം തിരിച്ച് , സവർണ്ണ-ഹിന്ദുക്കൾ തങ്ങളെ തലമുറകളായി ചൂഷണം ചെയ്യുകയായിരുന്നു എന്ന വിദ്വേഷം ജനിപ്പിയ്ക്കുന്ന ചിന്തകൾ അവരുടെ ബുദ്ധിയിൽ കുത്തിനിറച്ച് അവരെ സവർണ്ണരിൽ നിന്നും അകറ്റിയത്, വൻ തോതിൽ മതപരിവർത്തനം നടത്തി ഭാരതീയ സംസ്കാരം അട്ടിമറിയ്ക്കുവാനും, പകരം തങ്ങളുടെ മതവുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യവ്യവസ്ഥ സ്ഥാപിയ്ക്കുവാനും അതിലൂടെ അധികാരം പിടിച്ചടക്കുവാനും ലക്ഷ്യമിട്ടായിരുന്നു. ഇന്നും ഈ തന്ത്രങ്ങൾ തന്നെ പയറ്റിക്കൊണ്ടിരിയ്ക്കുന്നതായി കാണാം.
ഭാരതത്തിൽ മതത്തിലൂടെ അധികാര മേൽക്കോയ്മ നേടിയെടുക്കാനുള്ള വടം-വലികളുടെ ഇടയിലകപ്പെട്ട് ഏറ്റവും കനത്ത ആഘാതങ്ങൾ ഏൽക്കേണ്ടിവന്നത് കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന പുലയരെപ്പോലുള്ള കീഴാള ജാതികൾക്കാണ്. അവരുടെ മനോഭൂമിക മതപരിവർത്തനത്തിലൂടെ ആകെപ്പാടെ തകിടം മറിഞ്ഞിരിയ്ക്കുന്നതായി സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാം. ഇത് ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടും തദ്ദേശീയ ജനതകളുടെ ക്രിസ്ത്യൻ അല്ലെങ്കിൽ ഇസ്ലാമിക മതങ്ങളിലേയ്ക്കുള്ള പരിവർത്തനം, അവരുടെ പാരമ്പര്യ വേരുകൾ ഛേദിയ്ക്കുന്നതിലേയ്ക്ക് വഴിവയ്ക്കുകയും, archetype-മായുള്ള (പ്രാഗ് രൂപങ്ങൾ, mythic-man) അവരുടെ സ്വാപ്നികമായ ബന്ധങ്ങൾ പോലും ഇല്ലതാക്കുന്നതിനും കാരണമായി. ഇങ്ങിനെ ഇന്നു കാണുന്ന അസ്വസ്ഥമായൊരു ലോകം സൃഷ്ടിയ്ക്കപ്പെട്ടു.
ചങ്ങലയാൽ പുലയരെ ബന്ധിച്ചിരുന്നോ !!???
ഭ്രാന്തുള്ളവരെ ചങ്ങലയ്ക്കിടാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ചില സിനിമകളിൽ ഇങ്ങിനെയുള്ള രംഗങ്ങൾ കാണിച്ചിട്ടുമുണ്ട്. പക്ഷെ പുലയന്മാരെ ചങ്ങലയ്ക്കിട്ടെന്ന് കേട്ടിട്ടേയില്ല. കേരളത്തിലെ ഭരണഉപരിവർഗ്ഗമായിരുന്ന നമ്പൂതിരിമാരും നായന്മാരും മനുഷ്യത്വഹീനരായിരുന്നു എന്ന് വരച്ചുകാണിയ്ക്കാനുള്ള ശ്രമങ്ങൾ വേലായുധൻ പണിക്കശ്ശേരിയുടെ അടിമത്വത്തെക്കുറിച്ചുള്ള ലേഖനത്തിൽ കാണാം. ലേഖനത്തോടൊപ്പം ചങ്ങലയ്ക്കിട്ടിരിയ്ക്കുന്ന കാലുകളുടെ ഫോട്ടോയും നല്കിയിട്ടുണ്ട്. (സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക). ഫോട്ടോയിൽ കാണുന്നതുപോലെ പുലയന്മാരെ ചങ്ങലയിൽ ബന്ധിച്ചുകൊണ്ടല്ല കൃഷിഭൂമിയിലേയ്ക്ക് കൊണ്ടുവന്നിരുന്നത്. ചങ്ങലകൾ ധരിച്ചുകൊണ്ടല്ല അവർ പാടത്ത് പണി ചെയ്തിരുന്നത്. ഇങ്ങിനെയുള്ള കൃത്രിമ ചരിത്ര നിർമ്മിതികൾ ദുരുദ്ദേശപരമാണ്. പ്രതീകാത്മകമായിട്ടാണ് ആ ചിത്രം നല്കിയതെന്ന് ലേഖകനും, പുസ്തക പ്രസാധകർക്കും(DC Books) വാദിയ്ക്കാമെങ്കിലും,വായനക്കാർ ഇതിനെ പ്രതീകാത്മകമായി ഉൾക്കൊള്ളണമെന്നില്ല. കർമ്മം ചെയ്യുക എന്നത് കർഷകത്തൊഴിലാളികളുടെ കൂടെ ആവശ്യമാണെങ്കിലും(ഗീതയിലെ കർമ്മസിദ്ധാന്തം), തൊഴിലിടങ്ങളിൽ അവരെ ഇത്തരത്തിൽ പീഡിപ്പിച്ചാണ് പണി ചെയ്യിപ്പിച്ചിരുന്നത് എന്ന തെറ്റിദ്ധാരണ ജനിപ്പിയ്ക്കുവാൻ ലേഖനത്തിന്റെ കൂടെ നല്കിയിരിയ്ക്കുന്ന ഫോട്ടോ കാരണമാകും.(ഈ തെറ്റിദ്ധാരണ പരത്തുകയെന്നതാണ് പണിക്കശ്ശേരിയുടെ ലേഖനത്തിന്റെ ലക്ഷ്യം).
ലേഖകൻ വേലായുധൻ പണിക്കശ്ശേരി ഏതോ പുസ്തകത്തിൽ നിന്നും ബുക്കാനൻ നല്കിയ വിവരങ്ങൾ തന്റെ ലേഖനത്തിൽ copy-paste ചെയ്തെന്ന് മുൻപ് സൂചിപ്പിച്ചുവല്ലോ. പുലയൻന്മാരെക്കുറിച്ചും മറ്റ് കാർഷികത്തൊഴിലാളികളെക്കുറിച്ചും ബുക്കാനൻ നല്കിയ വിവരങ്ങൾ അടുത്ത ഭാഗത്ത് വിശദീകരിയ്ക്കുന്നതാണ്….
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738