കച്ചവടത്തിനായി ഇന്ത്യയിൽ വന്നെത്തിയ ഇംഗ്ലീഷ് കമ്പനികളിൽ ഒന്നായ ഈസ്റ്റ് ഇന്ത്യ കമ്പനി ക്രമേണ ഇവിടുത്തെ സ്ഥലമുടമകൾ ആവുകയും, ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഭരണപരമായ ആവശ്യങ്ങൾക്ക് തദ്ദേശ്ശീയരെക്കുറിച്ച് (ഇന്ത്യാക്കാരെക്കുറിച്ച്) അനവധി വിവരങ്ങൾ കമ്പനി ഉദ്യോഗസ്ഥന്മാർ നേരിട്ട് ശേഖരിച്ചിരുന്നു. അപ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളാണ് Slavery in India എന്ന ഗ്രന്ഥത്തിൽ ഉള്ളത്. കച്ചവടത്തിൽ നിന്ന് ഭരണത്തിലേയ്ക്ക് ഉള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ‘വികസനം’ പരിശോധിച്ചാൽ, ബംഗാൾ പേപ്പേർസിലെയും, St.George പേപ്പേർസിലെയും വിവരങ്ങൾ കമ്പനി ഉദ്യോഗസ്ഥന്മാർ ശേഖരിയ്ക്കുവാനുണ്ടായ സാഹചര്യം മനസ്സിലാക്കാം. അതാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം.
Reference Books
ഈ ലേഖനം എഴുതുവാൻ പ്രധാനമായും നാല് പുസ്തകങ്ങളാണ് റഫറൻസായി ഉപയോഗിച്ചത്
- Our Pasts III – Class 8, NCERT CBSE Text Book, (2022-23)
- The East India Company 1600-1858, A Short History with Documents ; Ian Barrow, (2017), Hackett Publishing Company
- The Honourable Company, A History of the English East India Company; John Keay, (1991), Harper Collins Publishers
- The Corporation That Changed The World ; Nick Robins, (2006) Orient Longman
കഴിഞ്ഞ ഭാഗത്തിൽ ബംഗാൾ പേപ്പേർസിനെക്കുറിച്ചും, ഫോർട്ട് സെന്റ് ജോർജ്ജ് പേപ്പേർസിനെക്കുറിച്ചും പറഞ്ഞിരുന്നു. ബംഗാൾ പേപ്പേർസിൽ ലഭ്യമായിട്ടുള്ളത് 1772-തൊട്ടുള്ള വിവരങ്ങളാണ്. അതേപോലെ ഫോർട്ട് സെന്റ് ജോർജ്ജ് പേപ്പേർസിൽ 1787-തൊട്ടുള്ള വിവരങ്ങളും. 1772-ന് മുമ്പ് ബ്രിട്ടീഷുകാർക്ക് അടിമത്വ വ്യവസ്ഥിതിയോടും അടിമവ്യാപാരത്തോടും ഉള്ള മനോഭാവം എന്തായിരുന്നു !?എന്നുമുതൽക്കാണ് ഇംഗ്ലണ്ടിലുള്ളവർക്ക് അടിമത്വവും അടിമവ്യാപാരവും മനുഷ്യത്വഹീനമായി തോന്നുവാൻ തുടങ്ങിയത് !?
ബ്രിട്ടീഷുകാർ എർപ്പെട്ടിരുന്ന അടിമവ്യാപാരത്തിൽ ഉച്ചഘട്ടം എത്തിയത് 1780-കളിലായിരുന്നു. ഇതിനു മുമ്പ് 1776-ൽ അടിമ വ്യാപാരത്തിന്റെയും അടിമത്വ വ്യവസ്ഥതിയുടെയും തിന്മകളേക്കുറിച്ച് House of Commons-ൽ സംവാദം നടന്നിരുന്നു. അടിമത്വം മനുഷ്യത്വഹീനമാണെന്നുള്ള ചില ബ്രിട്ടീഷുകാരുടെ മനോഭാവം ഇന്ത്യയിലും പ്രകടമാകുവാൻ അധിക കാലതാമസം എടുത്തില്ല.
ഏകദേശം 1800-കൾ വരെ യുറോപ്പിലും അമേരിക്കയിലും നിലനിന്നിരുന്ന അടിമത്വ വ്യവസ്ഥിതിയും, അവർ കേട്ടറിഞ്ഞിരുന്ന പുരാതന ഈജിപ്തിലെയും ഗ്രീസിലെയും റോമിലെയും അടിമത്വവ്യവസ്ഥിതിയും, ഇന്ത്യയിൽ അവർ ‘കണ്ടെത്തിയ’ അടിമത്വവ്യവസ്ഥിതിയുമായി യാതൊരു സാമ്യവുമില്ലായിരുന്നു എന്ന് ക്രിസ്ത്യാനികളായ യൂറോപ്യന്മാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ലോകത്തിന്റെ ഇതരഭാഗങ്ങിൽ തങ്ങൾ ഏർപ്പെട്ട് നിലനിർത്തിയിരുന്ന അടിമത്വ വ്യവസ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭാരതത്തിലെ അടിമത്വം കഠിനമല്ലാത്തതും വളരെ മൃദുവായിട്ടുള്ളതാണെന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ അടിമത്വം, അങ്ങിനെ ഒന്നുണ്ടെങ്കിൽ, അത് കീഴാള വർഗ്ഗങ്ങളുടെ രക്ഷയെക്കരുതിയുണ്ടാതാണെന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി. Slavery in India-യിലെ ചില രേഖകൾ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതെല്ലാം വരും ഭാഗങ്ങളിൽ നല്കുന്നതാണ്.
CBSE എട്ടാം ക്ലാസ്സ് പാഠപുസ്തകം
CBSE NCERT എട്ടാം ക്ലാസ്സ് പാഠപുസ്തകത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി അടിമവ്യാപാരത്തിൽ ഏർപ്പെട്ടതിനെക്കുറിച്ച് പരാമർശമുണ്ട്. അതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനി അടിമവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതായും അടിമത്വ വ്യവസ്ഥിതി കമ്പനി ഫാക്ടറികളിലും, കമ്പനി പ്ലാന്റേഷനുകളിലും നടപ്പാക്കിയിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഈ ലിങ്ക് കാണുക.
അഞ്ചരക്കണ്ടിയിലെ നാണ്യവിളത്തോട്ടം
കമ്പനിയ്ക്ക് കേരളത്തിലെ മലബാറിൽ 1000 ഏക്കർ വിസ്തൃതിയുള്ള കറുവാപ്പട്ട, കാപ്പി, ജാതി, കുരുമുളക് ഇവ കൃഷിചെയ്തിരുന്ന നാണ്യവിളത്തോട്ടം ഉണ്ടായിരുന്നു. ഈ തോട്ടം സ്ഥിതിചെയ്തിരുന്നത് അഞ്ചരക്കണ്ടിയിലാണ്. ഈ തോട്ടത്തിൽ അടമപ്പണി ചെയ്യിച്ചിരുന്നു. ഇതിനായി രാത്രിയുടെ മറവിൽ എല്ലാ ജാതികളിലും പെട്ട കുട്ടികളെ തട്ടിയെടുത്ത്, തോട്ടത്തിൽ എത്തിച്ചിരുന്നു.(page 144, Nick Robins). തിരുവിതാംകൂറിൽ നിന്നുപോലും കുട്ടികളെ ഇവിടെ കടത്തിക്കൊണ്ടുവന്നിരുന്നു. തോട്ടത്തിന്റെ മാനേജരായിരുന്ന Mudroch Brown മുസ്ലീം ഏജന്റുകളെ ഇതിനായി നിയോഗിച്ചിരുന്നു. 1767-ലാണ് കമ്പനി ഇവിടെ തോട്ടം ഉണ്ടാക്കിയത്. തട്ടിയെടുത്തു കൊണ്ട് വന്നിരുന്ന കുട്ടികളുടെ ജാതീയമായ ചിഹ്നങ്ങൾ ഇല്ലാതാക്കി, എല്ലാ ജാതികളും പെട്ട കുട്ടികളെ ഇടകലർത്തി അടിമകളാക്കുന്നതിൽ പ്രതിഷേധിച്ച് അവിടുള്ള നാട്ടുപ്രമാണിമാർ മഡ്റോക്ക് ബ്രൗണുമായി സഹകരിയ്ക്കാൻ തയ്യാറായിരുന്നില്ല. തോട്ടത്തിൽ നട്ടുപിടിപ്പിയ്ക്കാൻ ആവശ്യമായ കുരുമുളകു തണ്ടുകൾ ബ്രൗണിന് വില്ക്കുവാൻ അവർ വിസമ്മതിച്ചു (page 145, Nick Robins).
പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജ്ഞിമാരിൽ നിന്നും കമ്പനിയ്ക്ക് ലഭിച്ച അവകാശപത്രങ്ങൾ (charters)
അടിമത്വവ്യവസ്ഥിതിയിലൂടെ കമ്പനി ലാഭം കൊയ്തിരുന്നു എന്നതിന് വെറെയും തെളിവുകളുണ്ട്. കമ്പനിയുടെ ചാർട്ടർ(charter) July 1702-ൽ പുതുക്കിക്കിട്ടിയപ്പോൾ അടിമകളെക്കുറിച്ച് അതിൽ വ്യക്തമായി പരാമർശിച്ചിട്ടുമുണ്ട്. (pages 291, 323, 324, Charters Granted to the East-India Company, From 1601; Also the Treaties and Grants, Made with, or obtained from, the Princes and Powers in India, From the Year 1756 to 1772 (published in 1772 and available in archive.org) ഈ പുസ്തകത്തിന്റെ കവറിന്റെ സ്ക്രീൻഷോട്ടും ഇവിടെ നല്കുന്നു.
പുണ്യനദിയായ ഗംഗയുടെ തടം : ബംഗാൾ (വങ്കദേശം)
ഇന്ത്യയിലെ അടിമത്വത്തെയും അടിമവ്യാപാരത്തെയും കുറിച്ച് നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ‘ഔദ്യോഗികമായ രേഖകൾ’ കമ്പനിയുടേതായതിനാൽ, ഈ രേഖകൾ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി കമ്പനിയുടെ ഉത്ഭവത്തെക്കുറിച്ചും അത് ഇന്ത്യയിൽ പ്രത്യേകിച്ച് ബംഗാളിൽ ചുവടുറപ്പിച്ചതെങ്ങനെയെന്നും, ഹ്രസ്വമായ ഒരു പരിശോധ നടത്താം. ബംഗാൾ പ്രത്യേക പരിഗണ അർഹിക്കുന്നതെന്തെന്നാൽ അവിടെ നിന്നുമാണ് കമ്പനി ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയത്. (page 61,Nick Robins). ഇക്കാരണത്താൽ 1773-ആയപ്പോഴേക്കും ബംഗാൾ പ്രസിഡൻസിയ്ക്ക്, മറ്റ് പ്രസിഡൻസികളെ അപേക്ഷിച്ച് കമ്പനി മുഖ്യമായ സ്ഥാനം നല്കുകയും ചെയ്തു.(page 32, Nick Robins)
ഈസ്റ്റ് ഇന്ത്യ കമ്പനി (EIC)
1600, Dec 31-ന് ലണ്ടനിൽവച്ചായിരുന്നു ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ജനനം. ഇംഗ്ലണ്ടിന്റെ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജ്ഞി Elizabeth I, ഈസ്റ്റ് ഇന്തീസുമായി (ഭാരതവും തെക്കുകിഴക്കൻ ഏഷ്യയും) ബന്ധപ്പെട്ട് കച്ചവടം ചെയ്യുന്നതിന് (കയറ്റുമതിയും ഇറക്കുമതിയും) കമ്പിനിയ്ക്ക് കുത്തകാവകാശം അനുവദിച്ചുകൊണ്ടു അധികാരപത്രം (Charter = അവകാശപത്രം) നല്കിയതിലൂടെ കമ്പനി ഈ ഉദ്യമത്തിന് നിയമസാധുത നേടി. സുഗന്ധവ്യഞ്ജനങ്ങളുടെ വിപണികൾ ലക്ഷ്യമിട്ട് കമ്പനി സംഘടിപ്പിച്ച ആദ്യ സമുദ്രയാത്ര 1601-ൽ ലണ്ടനിൽ നിന്നും പുറപ്പെട്ടു. നാല് കപ്പലുകൾ അടങ്ങുന്ന ഒരു കപ്പൽ പട ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടു. ഇവയിൽ ഒന്നിന്റെ പേരായ ‘റെഡ് ഡ്രാഗൺ’ എന്ന കപ്പലിൽ സഞ്ചരിച്ചുകൊണ്ട് ഈ ആദ്യ സമുദ്രയാത്രയ്ക്ക് നേതൃത്വം നല്കിയത് ജെയിംസ് ലാൻകാസ്റ്റർ ആയിരുന്നു.(James Lancaster 1554/5 to 1618, pdf page 34/189, Ian Barrow). ജാവയിലുള്ള ബാന്റം എന്ന തുറമുഖത്താണ് (Bantam in Java) ഈ കപ്പലുകൾ യാത്ര അവസാനിപ്പിച്ചത്. ബാന്റമിൽ അവിടുത്തെ രാജാവിന്റെ അനുമതിയോടെ 1602-ൽ ജയിംസ് ലാൻകാസ്റ്റർ കമ്പനിയുടെ ആദ്യത്തെ ‘ഫാക്ടറി’ (“factory”) സ്ഥാപിച്ചു. 1603-ൽ കുരുമുളകുമായി ലാൻകാസ്റ്റർ തിരികെ ലണ്ടനിൽ എത്തി.
ഫാക്ടറിയിൽ നിന്ന് പ്രസിഡൻസിയിലേക്ക്
1600-കളിൽ ഇംഗ്ലീഷ് ഭാഷയിൽ ‘ഫാക്ടറി’ ശബ്ദം കൊണ്ട് അർത്ഥമാക്കിയിരുന്നത് ഒരു കച്ചവടസ്ഥാപനത്തെയാണ് (pdf page no.36/189, Ian Barrow). ‘Factors’ എന്ന പദത്തിൽ നിന്നാണ് factory ഉണ്ടായത്. Factor എന്ന പദത്തിന് ‘a business agent; a merchant buying and selling on commission, an agent, deputy or representative’ എന്നിങ്ങനെയുള്ള അർത്ഥങ്ങൾ ഇംഗ്ലീഷ് നിഘണ്ടുക്കളിൽ കാണാം. വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന കച്ചവടസാധനങ്ങളും, അവ സൂക്ഷിക്കുവാനുള്ള ഇടങ്ങളും, കച്ചവടത്തിനായി ഈ ഇടങ്ങളിൽ തമ്പടിച്ചിട്ടുള്ള കമ്പനിയുടെ ഏജന്റുമാരും (കച്ചവടക്കാർ), ഇവ എല്ലാം ഉൾക്കൊള്ളുന്നതാണ് ഫാക്ടറി എന്ന പദം. 1602-ലാണ് കമ്പനിയുടെ ആദ്യത്തെ ഫാക്ടറി ബാന്റത്തിൽ(Java) സ്ഥാപിച്ചത്. 1608-ൽ കോട്ടൺ തുണിത്തരങ്ങൾ വാങ്ങുവാൻ സൂരറ്റിലേക്ക് (Surat in Gujrat) കമ്പനി കപ്പലുകൾ അയച്ചെങ്കിലും, ഇന്ത്യയുടെ പശ്ചിമ തീരത്ത് നിന്നും കടൽവഴിയുള്ള വാണിജ്യം പോർട്ടുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്നതിനാൽ, ഈ ഉദ്യമത്തിൽ കമ്പനിക്ക് കാര്യമായ ലാഭം ഉണ്ടാക്കുവാൻ സാധിച്ചില്ല. ഇവിടെ പോർട്ടുഗീസുകാരടെ ശല്യം തുടർന്നും കമ്പനി നേരിടേണ്ടിവന്നു. പക്ഷെ 1612-13 കാലഘട്ടത്തിൽ കമ്പനിയുടെ കപ്പൽപ്പടയ്ക്ക് ഗുജറാത്തിന്റെ തീരത്തുവച്ച് പോർട്ടുഗീസ് നാവികപ്പടയെ തുരത്തുവാനായി. പോർട്ടുഗീസുകാരുടെ മേൽ നേടിയ വിജയം കമ്പനിയെ ഗൗരവമായി കണക്കാക്കുവാൻ മുഗൾ ചക്രവർത്തിയെ പ്രേരിപ്പിച്ചു. 1612-ൽ മുഗൾ ചക്രവർത്തി ജഹാംഗീർ (1569-1627), സൂരറ്റിൽ ഒരു ഫാക്ടറി സ്ഥാപിക്കുവാൻ കമ്പനിക്ക് അനുവാദം(firman) നല്കി(pdf page no.36/189, Ian Barrow). അങ്ങിനെ 1610-കളിൽ കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് ഫാക്ടറികൾ സ്ഥിതി ചെയ്തിരുന്നത് പശ്ചിമ ജാവായിലുള്ള ബാന്റത്തിലും(Bantam), ഗുജറാത്തിലെ സൂരറ്റിലുമായിരുന്നു(Surat)(pdf page 37/189,Ian Barrow). ഈ ഫാക്ടറികളുടെ ചുമതലയുള്ള വ്യക്തികളെ മുഖ്യൻ(chief) എന്നാണ് ആദ്യം വിളിച്ചിരുന്നത്. 1618-നു ശേഷം ഈ മുഖ്യൻന്മാരെ പ്രസിഡന്റ് (president) എന്ന് വിളിക്കാൻ തുടങ്ങി.(pdf page no 37/189, Ian Barrow). അപ്പോഴേക്കും മറ്റ് ചില തുറമുഖങ്ങളിലും ഉൾനാടുകളിലും കമ്പനി ഉപ-ഫാക്ടറികൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട രണ്ടു ഫാക്ടറികളായ ബാന്റത്തിന്റെയും സൂരറ്റിന്റെയും, ഇതിൽ ഏതെങ്കിലും ഒന്നിന്റെ കീഴിൽ പ്രസിഡന്റിന്റെ മേൽനോട്ടത്തിലാണ് ഈ ഉപ-ഫാക്ടറികൾ, പ്രവർത്തിച്ചിരുന്നത്. അങ്ങിനെ പ്രസിഡന്റ് മേൽനോട്ടം വഹിയ്ക്കുന്ന ഈ രണ്ടു പ്രധാന ഫാക്ടറികളെ പ്രസിഡൻസി(presidency) എന്ന് വിളിക്കാൻ തുടങ്ങി. പ്രസിഡൻസികളുടെ ഉത്ഭവം ഇപ്രകാരമാണ്. ഒരു ഉപ-ഫാക്ടറി മചിലിപട്ടണത്തിൽ ഉണ്ടായിരുന്നത് പിന്നീട് മദ്രാസ് പട്ടണത്തിലേക്ക് മാറ്റുക ഉണ്ടായി. ഇതാണ് പിന്നീട് മദ്രാസ് പ്രസിഡൻസിയായി വളർന്ന് വികസിച്ചത്.
കോറമാണ്ടൽ തീരം
കോറമാണ്ടൽ തീരം എന്ന ഭാരതത്തിന്റെ കിഴക്കൻ തീരദേശത്ത് കമ്പനി കച്ചവടം തുടങ്ങിയത് 1611-ലാണ്. മചിലിപട്ടണം എന്ന തുറമുഖമാണ് അവർ ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. സ്വതന്ത്ര മുസ്ലീം നാട്ടുരാജ്യമായ ഗോൾക്കൊണ്ടയുടെ തുറമുഖമായിരുന്നു മചിലിപട്ടണം. മുഗളന്മാർ ഈ നാട്ടുരാജ്യം പിടിച്ചടക്കുവാൻ യുദ്ധങ്ങളിൽ ഏർപ്പെട്ടു. യുദ്ധക്കെടുതികളിൽ നിന്നും രക്ഷപെടുവാനായി 1639-ൽ മചിലിപട്ടണത്തിൽ ഉള്ള കച്ചവടകേന്ദ്രം കമ്പനി തെക്കൻ ദിശയിലുള്ള മദ്രാസിലേയ്ക്ക് മാറ്റി (pdf page 41/189, Ian Barrow). എവിടെയെല്ലാം കമ്പനി ഫാക്ടറികൾ സ്ഥാപിച്ചുവോ, അതെല്ലാം അതാതിടങ്ങളിലെ ഭരണാധികാരികളുടെ അനുമതിയോടെ മാത്രമായിരുന്നു.
ബംഗാളിലേയ്ക്ക്
കച്ചവടത്തിനായി കമ്പനി ആദ്യമായി ബംഗാളിൽ പ്രവേശിച്ചത് 1620-കളിലാണ്. മചിലിപട്ടണത്തിൽ നിന്നുള്ള കമ്പനി ഉദ്യോഗസ്ഥന്മാരാണ് ബംഗാളിലേക്ക് പോയത് (pdf page no.149/400, John Keay). ബംഗാൾ മുഗളന്മാരുടെ അധീനതയിലായിരുന്നു. മുഗൾ രാജാക്കന്മാർക്കുവേണ്ടി അവിടെ ഭരണം നടത്തിയിരുന്നത് നവാബ് എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നവരാണ്. സാധാരണയായി ഇവർ മുഗൾ രാജാക്കന്മാരുടെ ബന്ധുക്കളായിരുന്നു. ധാക്ക(Dhaka) ആയിരുന്നു അവരുടെ തലസ്ഥാനം. നവാബുന്മാർ മുഖാന്തിരം ലഭിച്ചിരുന്ന മുഗളന്മാരുടെ അനുമതിയോടെ ബാലാസോറിലും, ഉൾനാടുകളായ ഹുബ്ലി, കാസിംബസാർ, മാൾഡ, പാറ്റ്ന,ധാക്ക എന്നിവിടങ്ങളിലും കമ്പനി ഫാക്ടറികൾ തുടങ്ങി. പക്ഷെ തങ്ങളുടെ സാമ്രാജ്യത്ത് കച്ചവടത്തിനായി എത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുഗളന്മാർ തങ്ങളുടെ സമന്മാരായി കരുതിയല്ല. ഇത് തികച്ചും സ്വാഭാവികമായിരുന്നു. ഇതിനാൽ കച്ചവട വ്യവസ്ഥകൾ കമ്പനിക്ക് അനുകൂലമായിരുന്നില്ല. കമ്പനി ഉദ്യോഗസ്ഥന്മാർക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു.
മനുസ്മൃതിയും കരം പിരിവും : ഭരണാധികാരികളും കച്ചവടവും(Trade)
പൗരാണിക കാലം മുതൽ ലോകമെമ്പാടുമുള്ള ഭരണാധികാരികൾ കച്ചവടക്കാരെ, പ്രത്യേകിച്ച് കടൽ താണ്ടി കച്ചവടത്തിനായി എത്തിയവരെ പ്രോത്സാഹിപ്പിച്ചിരുന്നു. കച്ചവട സാധനങ്ങൾക്കു മേൽ കരം(taxes and duties) ചുമത്താമെന്നതായിരുന്നു ഈ പ്രോത്സാഹനത്തിനു പിന്നിലെ മുഖ്യകാരണം. കാലനിർണ്ണയം സാദ്ധ്യമാകാത്ത, ഏറ്റവും പഴക്കമേറിയ നിയമസംഹിതയായ മനുസ്മൃതിയുടെ, അദ്ധ്യായം ഏഴിൽ, 127 തൊട്ട് 139 വരെയുള്ള ശ്ലോകങ്ങൾ, രാജാവ് കരം പിരിയ്ക്കുന്നതിനെ സംബന്ധിച്ചുള്ളതാണ്. ഇറക്കുമതി-കയറ്റുമതി ചുങ്കങ്ങൾ രാജാക്കന്മാരുടെ മുഖ്യ ധനാഗമ മാർഗ്ഗമാണ്. ഭരണച്ചിലവുകൾക്കും സൈനികച്ചിലവുകൾക്കും ഈ വരുമാനം ഒഴിച്ചുകൂടാനാവത്തതായിരുന്നു. മുഗൾ ചക്രവർത്തിമാരും അവരുടെ സാമന്തന്മാരും പൗരാണികരുടെ കച്ചവട നയങ്ങൾ തന്നെയാണ് പിന്തുടർന്നിരുന്നത്. അതേപോലെ വർത്തമാനകാലത്തും എല്ലാ സർക്കാറുകളും ഈ നയം തന്നെയാണ് പിന്തുടരുന്നത്.
കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങളിൽ ഒഴിവുകൾ (duty-free status) കമ്പനി നേടി.
1650-കളിൽ(p.64 Nick Robins,pdf page 149/499, John Keay) മുഗൾ ചക്രവർത്തിയുടെ അനുവാദത്തോടെ(imperial grant), ഇറക്കുമതി-കയറ്റുമതി ചുങ്കങ്ങളിൽ നിന്നും ഒഴിവുകൾ(exemption from customs duties in return for a lumpsum paid direct to the Nawab;pdf page 149/499 John Keay, duty-free in return for an annual payment of Rs.3,000 ; page 64 Nick Robins) കമ്പനിയ്ക്ക് നവാബിൽ നിന്നും സമ്പാദിക്കുവാൻ കഴിഞ്ഞു (pdf page 149/499, John Keay). ഒരു നിശ്ചിതകാലയളവിൽ കമ്പനി ഏർപ്പെടാവുന്ന ഇറക്കുമതിയുടെയും-കയറ്റുമതിയുടെയും മൂല്യം മൊത്തമായി കണക്കാക്കി, അതിൻപ്രകാരം ഉള്ള ചുങ്കം മൊത്തമായി(Rs.3,000) നവാബിനു നല്കാമെന്ന കമ്പനിയുടെ ഉറപ്പിന്മേലാണ് ഈ ഒരു ഏർപ്പാടിന് നവാബ് സമ്മതിച്ചത്. നവാബിന്റെ ഭരണാതിർത്തിയ്ക്കുള്ളിലെ അഴിമതിക്കാരായ കരം പിരിവ് ഉദ്യോഗസ്ഥന്മാരുടെ ശല്യം മറികടക്കുവാനാണ് കമ്പനി ഈ പദ്ധതി മുമ്പോട്ടു വച്ചത് (pdf page no.149/499, John Keay). പക്ഷെ ഈ വ്യവസ്ഥയെ കമ്പനിയും, കമ്പനി മൂലമല്ലാതെ സ്വകാര്യമായി കച്ചവടം ചെയ്തിരുന്ന കമ്പനി ഉദ്യോഗസ്ഥന്മാരും ചൂഷണം ചെയ്തിരുന്നു. അനുകൂലമായ ഈ വ്യവസ്ഥകൊണ്ടും കമ്പനിയുടെ പ്രശ്നങ്ങൾക്ക് ഒരു ശ്വാശ്വത പരിഹാരം ലഭിച്ചില്ല. ചക്രവർത്തിയുടെ അനുമതിയോടെ ഭരണച്ചുമതല ഏറ്റെടുക്കുവാൻ പുതിയതായി എത്തുന്ന നവാബ് ചുങ്കത്തുകയിലും അതു കൊടുക്കേണ്ട സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നു(pdf page no.149/499,John Keay). ഈ സാഹചര്യം കമ്പനി ഉദ്യോഗസ്ഥന്മാരെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു.
പ്രതികൂലവും അസ്ഥിരവുമായ കച്ചവട വ്യവസ്ഥകൾ
1680-ൽ നവാബായി നിയമിതനായ ഷെയ്സ്താ ഖാൻ (Shaista Khan) ചുങ്കത്തോത് കുത്തനെ വർദ്ധിപ്പിയ്ക്കുകയുണ്ടായി(pdf page no.149/499,John Keay). മുഗൾരാജാക്കന്മാരും അവരുടെ ചാർച്ചക്കാരായ നവാബുമാരും കച്ചവടത്തിനായി എത്തിയ കമ്പനിയെ സമന്മാരായി പരിഗണിക്കാത്തിനാലാണ് കച്ചവട വ്യവസ്ഥകളിലുള്ള മര്യാദകൾ പാലിക്കാത്തതെന്ന് കമ്പനി കരുതി. സ്വതന്ത്രമായി ഭരിക്കുന്ന ഒരു രാജാവിനും ആ രാജാവിന്റെ പദവിയ്ക്കും അധികാരത്തിനും ലഭിക്കേണ്ടുന്ന മര്യാദകളും പരിഗണകളും കമ്പനിയ്ക്കും ലഭിക്കണമെന്ന് ലണ്ടനിൽ കമ്പനിയുടെ ഗവർണ്ണറായും(ചെയർമാൻ) ഡപ്യൂട്ടി ഗവർണ്ണറായും പദവി വഹിച്ചിരുന്ന സർ ജോസിയ ചൈൽഡ് (Sir Josiah Child) വിശ്വസിച്ചു (p49,Nick Robins). ഈ വിശ്വാസ പ്രകാരം മുഗൾ ചക്രവർത്തിയോട് സൈനികമായിത്തന്നെ ഏറ്റുമുട്ടുവാൻ അയാൾ തീരുമാനിച്ചു. കച്ചവടത്തെ സൈനികമായി പിന്തുണയ്ക്കുക എന്ന കമ്പനിയുടെ പുതിയ നയരൂപീകരണം ആദ്യത്തെ ആംഗ്ലോ-മുഗൾ യുദ്ധത്തിൽ (First Anglo-Mughal War(1686-90)) കലാശിച്ചു. മുഗളന്മാരെ ആക്രമിക്കാനുള്ള തീരുമാനം സർ ജോസിയ ചൈൽഡ് എടുത്തതിനാൽ ഈ യുദ്ധം ചൈൽഡ്സ് വാർ (Child’s War) എന്ന് അറിയപ്പെട്ടിരുന്നു (pdf page no.43/189, Ian Barrow). ഈ യുദ്ധം ഇന്ത്യയുടെ പടിഞ്ഞാറും(ബോംബേ-സൂറത്ത് ഭാഗത്ത്), കിഴക്കും (കൽക്കട്ട ഭാഗത്ത്) തീരങ്ങളിൽ അരങ്ങേറി. ബ്രിട്ടീഷുകാർക്ക് ഈ യുദ്ധങ്ങളിൽ തോൽവി നേരിട്ടു.
അടിമക്കച്ചവടക്കാരനായ സർ ജോസിയ ചൈൽഡ്
സർ ജോസിയ ചൈൽഡ് ജനിച്ചത് 1630-ലാണ്. ഒലിവർ ക്രോംവെൽ (Oliver Cromwell) ബ്രിട്ടനിൽ സംരക്ഷക ഭരണം(protectorate) നടത്തിയിരുന്ന കാലഘട്ടത്തിൽ, ബ്രിട്ടീഷ് റോയൽ നേവിയ്ക്ക് ആഹാരസാധനങ്ങൾ എത്തിച്ചു കൊടുത്തിരുന്ന കരാറുകാരിൽ ഒരാൾ ചൈൽഡ് ആയിരുന്നു. ഇതിലൂടെയാണ് ഇദ്ദേഹം ധനം സമ്പാദിയ്ക്കാൻ തുടങ്ങിയത്. ക്രമേണ കരാറുകാരുടെ എണ്ണം ചുരുങ്ങുകയും,1670-കളിൽ ചുരുക്കം ചിലരുടെ കുത്തകയായി ഈ കച്ചവടം വഴിമാറുകയും, ചൈൽഡ് അതിൽ പ്രമുഖനായിത്തീരുകയും ചെയ്തു. ഇതിലൂടെ ചൈൽഡ് വളരെയധികം ധനം സമ്പാദിച്ചു. 1663-ൽ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജാവ് ചാൾസ് രണ്ടാമനിൽ നിന്നും Royal African Company തുടങ്ങുവാൻ ചില കച്ചവടക്കാർ(ഓഹരിയുടമകൾ) ചേർന്ന് അവകാശപത്രം(charter) വാങ്ങുകയുണ്ടായി. ഈ സ്ഥാപക- ഓഹരിയുടമകളിൽ ഒരാൾ സർ ജോസിയ ചൈൽഡ് ആയിരുന്നു. ‘Founding Shareholder’ എന്നാണ് ജോസിയ ചൈൽഡിനെ നിക്ക് റോബിൻസ് വിശഷിപ്പിച്ചിരിക്കുന്നത്. അവകാശപത്രത്തിലൂടെ(royal charter), ആഫ്രിക്കയിലെ നീഗ്രോകളെ (കാപ്പിരി) അടിമകളാക്കി, അടിമവ്യാപാരം ചെയ്യാനുള്ള കുത്തകയും Royal African Company നേടിയെടുത്തു. ഈ കച്ചവടത്തിൽ നിന്നും വളരെയധികം ലാഭം ചെൽഡിന് കിട്ടിയിരുന്നു. ഈ ലാഭം ഉപയോഗിച്ച് 1671-ൽ ചൈൽഡ് ഈസ്റ്റ് ഇന്ത്യക്കമ്പനിയുടെ ഷെയറുകൾ വാങ്ങുവാൻ തുടങ്ങി. കമ്പനിയുടെ ഷെയറുകൾ വാങ്ങിക്കൂട്ടിയ ചൈൽഡ് 1679-ൽ അതിന്റെ ഏറ്റവും വലിയ ഓഹരിയുടമ ആകുകയും, ഈ സാമ്പത്തിക സ്വാധീനം ഉപയോഗപ്പെടുത്തി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാകുകയും ചെയ്തു. തുടർന്ന് 1680-കളിൽ കമ്പനിയിൽ മുഖ്യമായ തീരുമാനങ്ങളെടുക്കുന്ന ഗവർണ്ണർ(ചെയർമാൻ) അല്ലെങ്കിൽ ഡപ്യൂട്ടി-ഗവർണ്ണർ പദവിയിലേയ്ക്ക് അദ്ദേഹം ഉയർന്നു(page 47, Nick Robins). മുഗൾ ചക്രവർത്തിമാരോട് സൈനികമായിത്തന്നെ ഏറ്റുമുട്ടണമെന്നത് ചൈൽഡിന്റെ തീരുമാനമായിരുന്നു.
ഹിന്ദു രാജാക്കന്മാരും അടിമക്കച്ചവടവും
ഇംഗ്ലണ്ടിലെ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജകുടുംബം അടിമക്കച്ചവടത്തിന് രാജകീയ അനുമതി (charter) നല്കിയതുപോലെ, ഭാരതത്തിലെ ഹിന്ദുരാജാക്കന്മാർക്ക് നല്കുവാനാകുമായിരുന്നോ!?? തീർച്ചയായും ആകുമായിരുന്നില്ല !!!! സെമറ്റിക്ക് മതപാരമ്പര്യങ്ങളുടെ ഭാഗമായ, അതിന്റെ തുടർച്ചയായി പത്തൊൻപതാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന പാശ്ചത്യ-മദ്ധ്യഏഷ്യൻ ലോകത്തിലുണ്ടായിരുന്നത് പോലുള്ള അടിമത്വവ്യവസ്ഥിതിയ്ക്ക്, ധർമ്മശാസ്ത്രമായ മനുസ്മൃതിയിൽ അനുമതിയേ ഉണ്ടായിരുന്നില്ല !!!! ഭാരതത്തിൽ ഉണ്ടായിരുന്നത് ദാസ്യമാണ് !! അത് അടിമത്വമല്ല !! അത് സേവന പ്രവർത്തികളിൽ (service-oriented jobs) ഏർപ്പെട്ടിരുന്നവരെ സൂചിപ്പിക്കുന്നതാണ്. ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ഇതിനെ(ദാസ്യത്തെ) മൃദു അടിമത്വമായാണ് കണക്കാക്കിയിരുന്നത്. ഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഹിന്ദു നിയമങ്ങളെക്കുറിച്ച് N B Halhed, Esq. 1774-ൽ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ആ റിപ്പോർട്ടിന്റെ എട്ടാം അദ്ധ്യായം ദാസ്യത്തെ സംബന്ധിച്ചുള്ളതാണ്. ഈ എട്ടാം അദ്ധ്യായം, അദ്ദേഹം ‘Of Servitude’ എന്നാണ് നാമകരണം ചെയ്തത് (page 6, Slavery in India). ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. Servitude എന്നാൽ ദാസത്വമാണ്, സേവനമാണ് (service). അടിമത്വം എന്ന് അതിന് അർത്ഥം കല്പിക്കാനാവില്ല.
അടിമത്വം : കൽഹണന്റെ രാജതരംഗിണി (CE 1100)
കാശ്മീരിലെ ഒരു ഹിന്ദു രാജാവിന് മ്ലേച്ഛന്മാരുമായിട്ട് (മുസ്ലീംങ്ങൾ,തുർക്കികൾ ആവാം) ഉണ്ടായ സമ്പർക്കം കാരണമായി അവിടെ അടിമത്വവ്യവസ്ഥിതി നടപ്പാക്കിയെന്ന് കൽഹണന്റെ രാജതരംഗിണിയിൽ പരാമർശമുണ്ട്. രാജതരംഗിണി, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ (1100’s CE) മദ്ധ്യത്തിൽ എഴുതപ്പെട്ടതാണ്. ക്രൂരനായിരുന്ന വജ്രാദിത്യ രാജാവ് (ഇദ്ദേഹം ബാപ്പിയക എന്നും ലളിതാദിത്യൻ എന്നും അറിയപ്പെട്ടിരുന്നു) രാജ്യത്തിൽ പുതിയതായി(നടാടെ) മ്ലേച്ഛന്മാരുടെ രീതികളും വ്യവഹാരങ്ങളും നടപ്പാക്കാൻ ശ്രമിച്ചിരുന്നതായി രാജതരംഗിണിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്റെ രാജ്യത്തുണ്ടായിരുന്ന അനേകം പുരുഷന്മാരെ മ്ലേച്ഛന്മാർക്ക് വിറ്റിരുന്നു. മ്ലേച്ഛന്മാർ എന്നാൽ സനാതാന ഭാരതീയ സംസ്കാത്തിനോട് ആഭിമുഖ്യം ഇല്ലാത്തവരോ(മുസ്ലീംങ്ങൾ), അതിനോട് മുഖം തിരിച്ചുനില്ക്കുന്നവരോ ആണ്. ഇവരെ അനാര്യന്മാർ എന്നും പറയും. ആര്യന്മാർ ഒരിക്കലും അടിമത്വ വ്യവസ്ഥിതിയിൽ ഏർപ്പെട്ടിരുന്നില്ല (രാജതംരംഗിണി നാലാം തരംഗം, ശ്ലോകം 397 നോക്കുക, p 154, സാഹിത്യ അക്കാദമി പ്രസിദ്ധീകരണം). എല്ലാ വിവരങ്ങളും ചേർത്തു വച്ച് ചിന്തിക്കുമ്പോൾ മ്ലേച്ഛന്മാരുമായുള്ള സമ്പർക്കം മൂലം വഴിതെറ്റിയ ഹിന്ദുരാജാവായ ലളിതാദിത്യനാണ് ആദ്യമായി കാശ്മീരിൽ അടിമത്വ വ്യവസ്ഥിതി നടപ്പാക്കിയതെന്ന് കാണാം.
നവാബ് ഷെയ്സ്താഖാൻ ചുങ്കങ്ങൾ കുത്തനെ വർദ്ധിപ്പിയ്ക്കുന്നു.
ബംഗാളിൽ നിന്നുമുള്ള കച്ചവടവും ലാഭവും വർദ്ധിച്ചതോടെ,(page 63, Nick Robins) അതുവരെ മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന ബംഗാളിലെ ഫാക്ടറികളെ, മദ്രാസ് പ്രസിഡൻസിയുടെ ഭരണച്ചുമതലയിൽ നിന്നും വിടുവിയ്ക്കുവാൻ 1681-ൽ കമ്പനി തീരുമാനമെടുത്തു. ഈ സമയം കമ്പനിയുടെ ബംഗാളിലെ ആസ്ഥാനം കൽക്കയ്ക്ക് 20 മൈൽ വടക്കുള്ള ഹുഗ്ലിയിലായിരുന്നു. മുംബെയിലെയും മദ്രാസിലെയും പോലെ കോട്ടയ്ക്കകത്തുള്ള സുരക്ഷിതമായ അധിവാസ കേന്ദ്രം (fortified settlement) ബംഗാളിൽ ഇല്ലാത്തത് കച്ചവടകാര്യത്തിൽ ഒരു ബലഹീനതയായി കമ്പനി കരുതി. ഈ സമയം ഡച്ചുകാരും ബംഗാളിൽ കച്ചവടം ചെയ്തിരുന്നു. ഡച്ചുകാരോടും, ഇംഗ്ലീഷ് കമ്പനി മുഖേനയല്ലാതെ സ്വതന്ത്രമായി കച്ചവടം ചെയ്യുന്ന മറ്റ് ഇംഗ്ലീഷുകാരോടും നവാബ് പക്ഷപാതം കാട്ടുന്നതായി കമ്പനിയ്ക്ക് തോന്നി. ഏകദേശം ഈ സമയത്തുതന്നെയാണ് (1680) നവാബ് ഷെയ്സ്താഖാൻ, കമ്പനി ഇറക്കുമതി ചെയ്യുന്ന വെള്ളിക്കട്ടികളുടെയും സ്വർണ്ണക്കട്ടികളുടേയും ചുങ്കം 5 ശതമാനവും, കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ ചുങ്കം 3.5 ശതമാനവുമായി വർദ്ധിപ്പിച്ചത് (p.49 Nick Robins, pdf p 149/499 John Keay). കമ്പനി മൊത്തമായി നല്കുന്ന ചുങ്കത്തുകയും ഇതിനോടൊപ്പം നല്കണമായിരുന്നു. കമ്പനിയുടെ സാധനങ്ങൾ സുരക്ഷിതമായി, കാവലോടെ സൂക്ഷിയ്ക്കുവാൻ കോട്ട കെട്ടുന്നതിന് ഒരു ഇടത്തിനുള്ള അനുമതി നാവാബുമോരോട് ചോദിച്ചിട്ട്, തീരുമാനം വൈകുന്നതിൽ കമ്പനി ഉദ്യോഗസ്ഥന്മാർക്ക് കുണ്ഠിതമുണ്ടായിരുന്നു. എന്തായാലും സൈനിക ശക്തിയുടെ പിൻബലത്തോടെ, ബംഗാളിലെ വ്യാപാരത്തിൽ തങ്ങളുടെ കുത്തക ഉറപ്പിയ്ക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കാൻ കമ്പനി തീരുമാനിച്ചു. ഇതിനായി 1686-ൽ 308 പട്ടാളക്കാരെ സർ ജോസിയ ചൈൽഡ് ഹുഗ്ലിയിൽ എത്തിച്ചു(pdf page no.154/499, John Keay).
സർ ജോസിയ ചൈൽഡിന്റെ ആക്രമണ പദ്ധതി
സർ ജോസിയ ചൈൽഡിന്റെ ആക്രമണ പദ്ധതി ഇപ്രകാരമായിരുന്നു. ഹുഗ്ലി ഫാക്ടറിയിൽ ഉണ്ടായിരുന്ന ചരക്കുകൾ (പ്രധാനമായും വെടിമരുന്നിന് ഉപയോഗിക്കുന്ന വെടിയുപ്പ് (saltpetre)) വഞ്ചികളിൽ കയറ്റി ഇംഗ്ലീൽ കപ്പലുകളിൽ നിറയ്ക്കുക. ഹുഗ്ലിയിലുള്ള ഫാക്ടറി ഇപ്രകാരം ഒഴിയുമ്പോഴുള്ള സംരക്ഷണത്തിനാണ് പട്ടാളത്തെ ഹുഗ്ലിയിൽ എത്തിച്ചത് (pdf page no.154/499, John Keay). തുടർന്ന് ഇംഗ്ലീഷ് കപ്പലുകൾ നദിയിലൂടെ തെക്കോട്ട് സമുദ്രത്തിലേയ്ക്ക് വരുന്ന വഴി, മുഗളന്മാരുടെ വഞ്ചികളെയും കപ്പലുകളെയും ആക്രമിക്കുക. തുടർന്ന് മുഗളന്മാർ വളരെയധികം ആശ്രയിക്കുന്ന ചിറ്റാഗോംഗ് (chittagong, now in bangladesh) തുറമുഖം ആക്രമിച്ച് കമ്പനിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക(pdf page no.155/499, John Keay). ഇതുവഴി ബംഗാളിൽ തങ്ങളുടെ സൈനിക ശക്തി തെളിയിക്കാമെന്ന് കമ്പനി കരുതി.
ജോബ് ചാർണോക്കും കൊൽക്കത്തയും
ഇതിനിടയിൽ 1686, ഒക്ടോബർ രണ്ടാം തീയതി, കമ്പനിയുടെ മൂന്ന് പട്ടാളക്കാരെ ഹുഗ്ലിയിലെ ഭരണാധികാരികളുടെ ആൾക്കാൾ മർദ്ദിച്ചതിനു ശേഷം ബന്ധനസ്ഥർ ആക്കി കൊണ്ടുപോയതിൽ പ്രകോപിതനായി, ഹുഗ്ലി ഫാക്ടറിയുടെ മുഖ്യനായിരുന്ന(chief) ജോബ് ചാർണോക്കിന്റെ നേതൃത്വത്തിൽ നവാബിന്റെ ആൾക്കാരുമായി, ഹുഗ്ലിയിൽ വച്ചുതന്നെ സംഘട്ടനത്തിൽ ഏർപ്പെട്ടു. ഇതിൽ ഒരു ബ്രിട്ടീഷ് പട്ടാളക്കാരനും, നവാബിന്റെ അറുപത് ആൾക്കാരും കൊല്ലപ്പെടുക ഉണ്ടായി. ചാർണോക്കിന്റെ ഉത്തരവ് പ്രകാരം ഇംഗ്ലീഷ് സൈനികർ മുഗളന്മാരുടെ ഒരു കപ്പൽ പിടിച്ചെടുക്കുകയും, ഹുഗ്ലിയിലുള്ള അനേകം വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. വൈകാതെ ഇതിനു തിരിച്ചടി പ്രതീക്ഷിച്ച്, ചരക്കുകൾ എല്ലാം കപ്പലിൽ കയറ്റിക്കഴിഞ്ഞിട്ടില്ലാത്തതിനാൽ, അതിനുള്ള സമയം ലഭിക്കുന്നതിനുവേണ്ടി ചാർണോക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് നവാബുമായി സന്ധിസംഭാഷണത്തിന് മുതിർന്നു. ഇതിനിടയിൽ ഹുഗ്ലി ഫാക്ടറിയിലെ സംഭരണശാല കാലിയാക്കി, ചരക്കുകൾ എല്ലാം നദിമാർഗ്ഗം, നവാബിന്റെ സൈന്യം പെട്ടെന്ന് എത്താത്ത, ഇരുപത് മൈൽ താഴെയുള്ള സൂതനാതിയിൽ കൊണ്ടു ചെന്ന് ഇറക്കി(pdf page no.155/499, John Keay). സൂതനാതിയെ കാളിഘട്ട(ഇന്നത്തെ കൽക്കട്ട) എന്നും വിളിച്ചിരുന്നു. ലണ്ടനിൽ നിന്നും ചാർണോക്കിനു ലഭിച്ച നിർദ്ദേശം ഹുഗ്ലി ഒഴിയണമെന്നായിരുന്നു. എന്നിട്ട് ചിറ്റാഗോംഗ് ആക്രമിക്കണമെന്നാതായിരുന്നു. ഇതിൽ ആദ്യത്തെ നിർദ്ദേശം ചാർണോക്ക് പൂർണ്ണമായും നിറവേറ്റി.
ഇരുകൂട്ടർക്കും ഗുണകരമായിരുന്ന കച്ചവടബന്ധം
1686-87ലെ ശൈത്യകാലത്ത് സൂതനാതിയിൽ (ഇപ്പോഴത്തെ കൽക്കട്ട) തമ്പടിച്ചുകൊണ്ട് നവാബിന്റെ പ്രതിനിധികളുമായി, ചാർണോക്ക് സന്ധിസംഭാഷണങ്ങൾ തുടർന്നു. മുഗളന്മാരുടെ ഒരു സാമന്തൻ നിയന്ത്രിച്ചിരുന്ന ചിറ്റാഗോംങ്ങ് തുറമുഖം ആക്രമിക്കുവാൻ ചാർണോക്ക് മുതിർന്നില്ല. ഒരു കാരണം ഈ ആക്രമണത്തിന് ആവശ്യമായ സൈന്യവും കപ്പലുകളും ഇല്ലെന്നതായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് കൂടുതൽ സൈന്യം എത്തുന്നതുവരെ ഇതിനായി കാത്തിരിക്കുവാൻ അയാൾ തീരുമാനിച്ചു. രണ്ടാമത്, ചിറ്റാഗോംഗ് തുറമുഖം ആക്രമിച്ചാൽ, മുഗൾ ചക്രവർത്തിയായ ഔറംഗസീബിനെ അത് കോപാകുലനാക്കുമെന്നും, കമ്പനിയ്ക്ക്, ചക്രവർത്തിയും നവാബുമായും ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അറ്റുപോകുമെന്നും, പിന്നീട് ഒരിക്കലും കമ്പനിയ്ക്ക് ബംഗാളിൽ കച്ചവടം നടത്താൻ ആകില്ലെന്നും ചാർണോക്ക് ഭയന്നു. ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത് കമ്പനി ബംഗാൾ വിട്ടുപോകുന്നത് നവാബിന് ഇഷ്ടമില്ലായിരുന്നു എന്നും, ബംഗാൾ വിട്ടു പോകുവാൻ കമ്പനിക്കും മടിയായിരുന്നു എന്നാണ്. കാരണം ഈ കച്ചവടബന്ധം ഇരുകൂട്ടർക്കും ഗുണകരമായിരുന്നു. (1681-5 കാലഘട്ടത്തിൽ മാത്രമായി മുഗൾ സാമ്രാജ്യത്തിലേക്ക് 240 ടൺ വെള്ളിയും 7 ടൺ സ്വർണ്ണവും കച്ചവട സാധനങ്ങൾ വാങ്ങുന്നതിനായി കമ്പനി ഇറക്കുമതി ചെയ്തിരുന്നു.(pdf page 150/499, John Keay)). പ്രതിബന്ധങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും, മുഗളന്മാരുടെ അധീനതയിൽ ആയിരുന്ന ബംഗാൾ പ്രവിശ്യയിലെ കച്ചവടം കൂടുതൽ ഗുണകരമായിരുന്നത് കമ്പനിയ്ക്കായിരുന്നു. ബംഗാളിൽ കമ്പനി തുടരണമെങ്കിൽ, കോട്ട കെട്ടുവാൻ ഒരു ഇടവും, മുൻപ് അനുവദിച്ചിരുന്ന ചുങ്കത്തിലുള്ള ഇളവുകളും, കൂടാതെ കമ്പനിയുടെ സുരക്ഷിതത്വത്തിനായി 66 ലക്ഷം രൂപ ഈട് നല്കണമെന്നും, ഈ മൂന്ന് നിബന്ധനകൾ ചാർണോക്ക് മുമ്പോട്ട് വച്ചു (pdf page 156/499 John Keay). നിബന്ധനകൾ അംഗീകരിച്ച് ഇരുകൂട്ടരും തമ്മിൽ യോജിച്ച് പ്രവർത്തിക്കാമെന്ന ഒരു ധാരണ ഉരുത്തിരിഞ്ഞുവരുന്നാതായി ചാർണോക്കിന് തോന്നി.
പ്രകോപനം ഏതും കൂടാതെ കമ്പനി ആക്രമം അഴിച്ചുവിടുന്നു
സന്ധിസംഭാഷണങ്ങൾ നീണ്ടുപോയി. കൂടുതൽ സമയം ലഭിക്കുന്നതിനായി ഇരുകൂട്ടരും നീട്ടിക്കൊണ്ടു പോയതായിട്ടാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ നിബന്ധനകൾ അംഗീകരിക്കുവാൻ നവാബ് തയ്യാറായില്ല. കമ്പനിക്കെതിരെ നവാബ് പടയൊരുക്കം ചെയ്യുന്നു എന്ന് തെറ്റിദ്ധരിച്ച്, ഇതിൽ പരിഭ്രാന്തനായി ചാർണോക്ക് മുഗളന്മാർക്ക് എതിരെ അക്രമം അഴിച്ചുവിട്ടു. മുഗളന്മാരുടെ പുതിമൂന്ന് കപ്പലുകൾ നശിപ്പിക്കുയും, ബാലാസോർ എന്ന പട്ടണത്തിന് നാശനഷ്ടങ്ങൾവരുത്തുകയും, കച്ചവടസാധനങ്ങളും നാണ്യവും കൊള്ളയടിക്കുകയും ചെയ്തു. ഇതിനുശേഷം, തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ തങ്ങൾ തമ്പടിച്ചിരുന്ന സൂതനാതിയിൽ നിന്ന് ഒഴിഞ്ഞുപോകുകയും, ഹുഗ്ലി നദി ബംഗാൾ ഉൾക്കടലിൽ ചെന്നു ചേരുന്നതിനു തൊട്ടടുത്തായി ഉള്ള ഹിജ്ലിദ്വീപിൽ ചേക്കേറുകയും ചെയ്തു(pdf page 156/499 John Keay).
നവാബ് കമ്പനിയെ ആക്രമിയ്ക്കുന്നു
യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കപ്പെട്ടതിൽ നവാബ് കോപാകുലനായി.അയാൾ കമ്പനിക്കെതിരെ സൈനികനീക്കം നടത്തി. ചാർണോക്ക് രേഖപ്പെടുത്തിയത്, പീരങ്കികളും 12000 പടയാളികളുമായി തങ്ങളുടെ മേൽ ഉപരോധം ഏർപ്പെടുത്താനായി ഹിജ്ലിദ്വീപിന്റെ എതിർവശത്തുള്ള തീരത്ത് നവാബിന്റെ സൈന്യം നിലയുറപ്പിച്ചെന്നാണ്. ദ്വീപിന്റെ മറുവശം കടലായതിനാൽ കമ്പിനിയ്ക്കുമേൽ പൂർണ്ണമായ ഉപരോധം സാദ്ധ്യമായിരുന്നില്ല. ഈ ദ്വീപിൽ പഴയ ഒരു കോട്ടയുണ്ടായിരുന്നതിലാണ് ചാർണോക്കിന്റെ സൈന്യം നിലയുറപ്പിച്ചത്. 1687-മെയ് 28-ആം തീയതി നവാബിന് തന്റെ കുതിരപ്പടയാളികളെ ദ്വീപിൽ ഇറക്കുവാൻ സാധിച്ചു. തുടർന്ന് സൈന്യത്തെയും. നാല് ദിവസത്തോളം കോട്ടയ്ക്കകത്തുള്ള കമ്പനി പടയാളികളും, വെളിയിലുള്ള നവാബിന്റെ സൈന്യവും തമ്മിൽ വെടിയുതിർത്തു. ഇതിനിടയിൽ ലണ്ടനിൽ നിന്ന് ബംഗാളിലേക്ക് സൈന്യവുമായി പുറപ്പെട്ട കൂടുതൽ കപ്പലുകൾ അഴിമുഖത്തെത്തി. സർ ജോസിയ ചൈൽഡ് പത്ത് കപ്പലുകളും, അതിൽ ആറ് കമ്പനി പട്ടാളക്കാരെയും മുഗളന്മാരെ ഭീഷണിപ്പെടുത്താനായി ലണ്ടനിൽ നിന്നും അയച്ചിരുന്നു.(Nick Robins, p49) ഈ കപ്പലുകൾ തക്കസമയത്താണ് ചാർണോക്കിന്റെയും കൂട്ടാളികളുടെയും രക്ഷയ്ക്ക് എത്തിയത്. ഈ കപ്പൽപടയെ അഴിമുഖത്ത് കണ്ടതോടെ, മുഗൾ സേനയെ നയിച്ചിരുന്ന സേനാനായകന് വിജയസാദ്ധ്യത മങ്ങിയതായി തോന്നി. മുഗൾ പക്ഷത്തുനിന്ന് യുദ്ധം നിർത്തിവച്ചാതായി സേനാനായകൻ പ്രഖ്യാപിക്കുകയും ചെയ്തു(pdf page 157/499 John Keay).
കമ്പനി വീണ്ടും കൽക്കട്ടയിൽ പ്രവേശിച്ച്, ഒരുവർഷത്തിനുശേഷം ഒഴിഞ്ഞുപോവുന്നു
ഇപ്രാവശ്യം ശത്രുതന്നെ യുദ്ധവിരാമം പ്രഖ്യാപിച്ച് സമാധാന സന്ധിയ്ക്ക് മുമ്പോട്ട് വന്നതിനാൽ, ചാർണോക്ക് വീണ്ടും തന്റെ നിബന്ധനകൾ മുമ്പോട്ടു വച്ചു. പക്ഷെ ഈ നിബന്ധനകൾ പൂർണ്ണമായും അംഗീകരിച്ചതായി അറിവില്ല. എന്തായാലും കമ്പനിയ്ക്ക് ബംഗാളിൽ വ്യാപാരം ചെയ്യാനുളള അവകാശം പുനഃസ്ഥാപിക്കപ്പെട്ടു. കൂടാതെ ഫാക്ടറി സ്ഥാപിക്കാനുള്ള ഇടം തിരഞ്ഞെടുക്കാൻ ചാർണോക്കിനെ നവാബ് അനുവദിക്കയും ചെയ്തു. ഇതിനെത്തുടർന്ന് ചാർണോക്കും കൂട്ടാളികളും ഹിജ്ലിയിൽ നിന്നും ഉലുബാരി എന്ന സ്ഥലത്ത് ചെന്ന് തമ്പടിക്കുകയും, മൂന്ന് മാസങ്ങൾക്ക് ശേഷം അവിടെ നിന്നും നദിയിലൂടെ വടക്കോട്ട് സഞ്ചരിച്ച്, വീണ്ടും സൂതനാതിയിൽ(കൽക്കട്ടയിൽ) ഫാക്ടറി സ്ഥാപിക്കാമെന്ന് തീരുമാനിയ്ക്കുകയും ചെയ്തു (pdf page 158/499 John Keay). ഒരു വർഷത്തിനു ശേഷം സെപ്തംബർ 1688-ൽ, വീണ്ടും കമ്പനിയുടെ നിർദ്ദേശപ്രകാരം കൽക്കട്ട ഒഴിഞ്ഞുപോകുവാൻ ചാർണോക്ക് നിർബന്ധിതനായി. ഇപ്രാവശ്യം ചിറ്റാഗോംഗിലും, ബർമ്മയിലെ അരക്കൻ തുറമുഖത്തും ചെന്നതിനുശേഷം യാത്ര അവസാനിച്ചത് മദ്രാസിലെ ഫോർട്ട് സെന്റ് ജോർജ്ജിലാണ് (pdf page 163/499 John Keay). മുഗളന്മാരോടും നവാബിനോടും ചിറ്റാഗോംഗിൽ സംഘർഷത്തിനാണ് ഈ യാത്രതുടങ്ങിയതെങ്കിലും, കമ്പനിയുടെ ഭാഗ്യത്തിന് അതുണ്ടായില്ല.
Child’s War കമ്പനിയുടെ പരാജയത്തിൽ കലാശിച്ചു
1689 ആയപ്പോഴേക്കും കമ്പനി ഇന്ത്യയുടെ പശ്ചിമ തീരപ്രദേശമായ ബോംബേയിലും പരാജയത്തിന്റെ കയ്പ് നീർ കുടിച്ചു. മുഗളന്മാരോട് ഏറ്റ് മുട്ടി പരജായപ്പെട്ട്, അവർ തോൽവി സമ്മതിച്ചു. അങ്ങിനെ Child’s war, കമ്പനിയുടെ പരാജയത്തിൽ കലാശിച്ചു. ഇതിനുശേഷം മുഗൾ സാമ്രാജ്യത്തിലുടനീളം അവരുടെ കച്ചവട അവകാശം ഔറംഗസേബ് അനുവദിച്ചു(pdf page 156/499 John Keay). ഭാരതത്തിൽ ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്ന സാധനങ്ങൾക്കും സുഗന്ധവ്യജ്ഞനങ്ങൾക്കും യൂറോപ്പിൽ ആവശ്യക്കാർ വളരെയധികം ഉണ്ടായിരുന്നു. മറിച്ച് അക്കാലത്ത് യൂറോപ്പിൽ ഉൽപ്പാദിപ്പിച്ചിരുന്ന ഒരു സാധനം പോലും ഇന്ത്യാക്കാർക്ക് ആവശ്യമുണ്ടായിരുന്നില്ല. ഇതു കാരണമായി ഇന്ത്യയിൽ നിന്നും കമ്പനി കൊണ്ടുപോകുന്ന സാധനങ്ങൾക്ക് വിലയായി വെള്ളിയും സ്വർണ്ണവും നല്കുവാൻ അവർ നിർബന്ധിതരായി. ഇതെല്ലാം പരിഗണിച്ചാണ് ഔറംഗസേബ് തന്റെ സാമ്രാജ്യത്തിൽ കച്ചവടം ചെയ്യുവാൻ കമ്പനിക്ക് വീണ്ടും അനുമതി നല്കിയത്. The terms of trade was in favour of the Mughal Empire. So they allowed the English to continue their trade inspite of the First Anglo-Mughal War(1686-90).
ജോബ് ചാർണോക്കിന് കോട്ട പണിയുവാനായില്ല
ഔറംഗസേബ് കമ്പനിയ്ക്ക് കച്ചവടം ചെയ്യാനുള്ള അനുമതി പുനഃസ്ഥാപിച്ചതിനെ തുടർന്ന്, 1690-ൽ മദ്രാസിൽ നിന്നും ചാർണോക്കും കൂട്ടരും ബംഗാളിലേക്ക് കപ്പൽ കയറി. മൂന്നാം തവണയും അവരുടെ കപ്പൽ സൂതനാതിയിൽ നങ്കുരമിട്ടു. തുടർന്ന് അവിടെ കച്ചവടം പുനാരംഭിച്ചു (pdf page 164/499 John Keay). 1693, ജനുവരി 10-ആം തീയതി ചാർണോക്ക് നിര്യാതനായി. മദ്രാസ് പ്രസിഡന്റായിരുന്ന ഗോൾഡ്സ്ബൊറോജ് (Goldsborough) ചാർണോക്കിന്റെ മരണശേഷം, ഉടൻ (1693-ൽ തന്നെ) Charles Eyre-നെ മുഖ്യ ഏജന്റ് ആയി നിയമിച്ചു. ചാൾസ് ഐയർ ചാർണോക്കിന്റെ ഇന്ത്യൻ ഭാര്യയിൽ ഉണ്ടായ ആംഗ്ലോ-ഇന്ത്യൻ പുത്രിയെയാണ് വിവാഹം ചെയ്തത്. കൽക്കട്ടയിൽ കച്ചവടം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ അവിടെ കോട്ടയും അതിലെ സ്ഥിരമായ ലാവണങ്ങളും,അത് നല്കുന്ന സംരക്ഷണവും കൂടിയേ തീരൂ എന്ന് മരിച്ചുപോയ ചാർണോക്കിനെപ്പോലെ, അദ്ദേഹത്തിന്റെ മരുമകനായ ചാൾസ് ഐയറും വിശ്വസിച്ചു(pdf page 167/499 John Keay). ഇതെല്ലാമുണ്ടെങ്കിലെ കച്ചവടക്കാരെ കൽക്കട്ടയിലേയ്ക്ക് ആകർഷിയ്ക്കുവാൻ പറ്റുകയുള്ളൂ എന്നതിനാൽ ചാൾസ് ഐയർ ധാക്കയിലുള്ള നവാബിനുമേൽ കോട്ടയ്ക്കുള്ള അനുമതിയ്ക്കായി സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. പക്ഷെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത് നവാബ് നീട്ടിക്കൊണ്ടുപോയി. കോട്ടയുടെ നിർമ്മാണം തുടങ്ങുവാൻ പിന്നെയും ആറുവർഷങ്ങൾ കൂടി കമ്പനി കാത്തിരിക്കേണ്ടി വന്നു.
1696-ൽ കോട്ടയ്ക്കുള്ള അനുമതി കമ്പനിയ്ക്ക് ലഭിയ്ക്കുന്നു
1696-ൽ പശ്ചിമ ബംഗാളിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തിന് കാരണം നവാബിന്റെ കൊട്ടാരത്തിലെ അധികാര വടംവലികൾ ആയിരുന്നു. കലാപകാരികൾ അഫ്ഘാനിസ്ഥാനിൽ നിന്നുമുള്ള കൂലിപ്പടയാളികളുടെ സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടു. നവാബിന് ഈ കലാപം പെട്ടെന്ന് അമർച്ച ചെയ്യുവാൻ സാധിച്ചില്ല. കലാപകാരികൾ ഹുഗ്ലിയും, കാസിംബസാറും, മാൾഡയും, ഹുഗ്ലി നദിയുടെ പശ്ചിമ തീരം മൊത്തമായും പിടിച്ചെടുത്തു.ഈയവസരത്തിൽ കമ്പനി നവാബിനെ പിന്തുണയ്ക്കുവാൻ തീരുമാനിച്ചു. കലാപകാരികളുടെ മുന്നേറ്റത്തെ കമ്പനി പട്ടാളം തടുത്തു. നദിയുടെ പശ്ചിമ തീരത്തുണ്ടായിരുന്ന നവാബിന്റെ ഒറ്റപ്പെട്ടുപോയ സൈനികത്താവളം കലാപകാരികൾ പിടിച്ചെടുക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്തു. ഇതിനു പ്രത്യുപകാരമായി കോട്ടനിർമ്മിയ്ക്കാനുള്ള അനുമതി നവാബ് കമ്പനിയ്ക്കു നല്കി. അങ്ങിനെ 1696-ൽ കൽക്കട്ടയിലെ ഫോർട്ട് വില്യമിന്റെ നിർമ്മിതി ചാർണോക്കിന്റെ മരുമകനായ Charles Eyre-ന്റെ നേതൃത്വത്തിൽ തുടങ്ങുവാനായി(pdf page 167/499 John Keay).
ബംഗാളിൽ കമ്പനി ഭൂമിയുടെ ഉടമകളാവുന്നു
എന്തായാലും അവിചാരിതമായി ഉണ്ടായ ഈ ആഭ്യന്തര കലാപം കമ്പനിക്ക് ഗുണകരമായി ഭവിച്ചു. 1697-ആയപ്പോഴേക്കും കോട്ടയുടെ നിർമ്മാണം വളരെയധികം പുരോഗമിച്ചിരുന്നു. 1697-മേയിൽ കലാപം അടിച്ചമർത്തപ്പെട്ടു. കലാപകാരികൾ പിടിച്ചടക്കിയ ഇടങ്ങളിൽ അരക്ഷിതാവസ്ഥ നേരിട്ട കച്ചവടക്കാർ കോട്ട നല്കുന്ന സംരക്ഷണത്തിന്റെ തണലിൽ കച്ചവടം തുടരാൻ സന്നദ്ധത പ്രകടിപ്പിച്ചു. കലാപകാരികളുടെ കൊള്ളകളെ ഭയന്ന് ഒരു നാട്ടു പ്രമാണി തന്റെ വിലകൂടിയ ജംഗമ വസ്തുക്കൾ കോട്ടയിൽ സംരക്ഷിയ്ക്കപ്പെടുവാൻ കമ്പനിയെ ഏൽപ്പിച്ചു. ഇതിനും പുറമെ നവാബിനുമേൽ സ്വാധീനമുണ്ടായിരുന്ന അർമേനിയൻ വംശജരായ കച്ചവടക്കാരും അഭയം തേടി കോട്ടയിൽ എത്തിയിരുന്നു. ഈ അർമേനിയൻ കച്ചവടക്കാരിൽ ഒരാളുടെ ശുപാർശ പ്രകാരം ഭൂമി കൈവശം വയ്ക്കാനും, അതിന്റെ ഉടമസ്ഥാവകാശവും, അതിൽ നിന്നും കരം പിരിയ്ക്കാനുള്ള ഉള്ള അനുമതിയും നവാബ് കമ്പനിയ്ക്കു നല്കി. നവാബ് കമ്പനിക്കു നല്കിയ ഈ ഗ്രാന്റിന് മുഗൾ സാമ്രാജ്യത്തിന്റെ അംഗീകാരവും ഉണ്ടായിരുന്നു. വർഷാവർഷം 16,000രൂപ നവാബിനു നല്കാമെന്ന വ്യവസ്ഥയുടെ പേരിലാണ് കോട്ടയുടെ ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങളിൽ നിന്നും കരം പിരിയ്ക്കാനുള്ള അവകാശം കമ്പനി സമ്പാദിച്ചത് (pdf page 167/499, John Keay). അങ്ങിനെ ആദ്യമായി ബംഗാളിൽ പ്രവേശിച്ചതിനു ശേഷമുള്ള ഏകദേശം 89 വർഷങ്ങളോളമുള്ള സംഭവ പരമ്പരകൾക്കൊടുവിൽ കമ്പനിയ്ക്ക് ബംഗാളിൽ കാലുറപ്പിയ്ക്കുവാനായി. ഇവിടം തൊട്ട് കൽക്കട്ടയും, ഫോർട്ട് വില്യമും പുതുതായി രൂപപ്പെട്ട ബംഗാൾ പ്രസിഡൻസിയുടെ ആസ്ഥാനമായി.
ധാക്കയിൽ നിന്നും മുർഷിദാബാദിലേയ്ക്ക്
1707- ൽ ഔറംഗസേബ് മരിച്ചതോടുകൂടി മുഗൾ സാമ്രാജ്യം ദുർബലമാകുവാൻ തുടങ്ങി. ക്രമേണ ബംഗാളിലെ നവാബുമാർ കാര്യങ്ങൾ സ്വതന്ത്രമായി തീരുമാനിയ്ക്കാൻ തുടങ്ങി. 1717-ൽ നവാബ് മുർഷിദ് ക്വിലി (Murhsid Quli) ബംഗാൾ പ്രവിശ്യയുടെ തലസ്ഥാനം ധാക്കയിൽ നിന്നും മുർഷിദാബാദിലേക്ക് (Murshidabad) മാറ്റി(page 66, Nick Robins). ഇദ്ദേഹത്തിലൂടെ 1717-ൽ, മുഗൾ ചക്രവർത്തി ഫറൂഖ്ഷയ്യാറിൽ നിന്നും(emperor Farukhsiyar) കയറ്റുമതി ചുങ്കം കമ്പനി നല്കേണ്ടതില്ലെന്ന ഇളവ്, രാജകീയ വിളംബരത്തിലൂടെ (firman) കമ്പനി സമ്പാദിക്കുകയുണ്ടായി. 1650-കളിൽ imperial grant-ലൂടെ കമ്പനിയ്ക്ക് ലഭിച്ചിരുന്ന ഇളവുകളെ അരക്കിട്ട് ഉറപ്പിയ്ക്കുന്നതായിരുന്നു ഈ ഫർമാൻ(firman). ഇതിനു പകരമായി കമ്പനി വർഷാവർഷം നവാബിന് എത്ര രൂപ നല്കേണ്ടിയിരുന്നുവെന്ന് വ്യക്തതയില്ല, പക്ഷേ നേരത്തെയുള്ള വ്യവസ്ഥ പ്രകാരം കൊടുക്കേണ്ടിയിരുന്ന Rs.3,000/- മാത്രമാണ് കൊടുത്തിരുന്നത് എന്ന് അനുമാനിക്കാം. നവാബ് മുർഷിദ് ക്വിലി 1727-ൽ മരിക്കുകയും, അയാളുടെ മരുമകൻ ഷുജാവുദ്ദീൻ 1739-വരെ നവാബായി ഭരിയ്ക്കുകയും ചെയ്തു.(ഇദ്ദേഹമായിരിയ്ക്കാം NCERT പാഠപുസ്തകത്തിൽ നല്കപ്പെട്ടിട്ടുള്ള അടിമ വ്യാപാരത്തെക്കുറിച്ചുള്ള പരാമർശം നടത്തിയത്. നവാബിന്റെ പേര് പ്രസ്താവിയ്ക്കാഞ്ഞത് ഈ പാഠ്യഭാഗത്തിന്റെ ഒരു ന്യുനതയാണ്). ഇതിനുശേഷം നവാബായി ഭരണം തുടർന്ന ഷുജാവുദ്ദീന്റെ മകനെ രക്തരൂക്ഷിതമായ ഒരു നീക്കത്തിലൂടെ വാല്യക്കാരനായ (hookahburdar or pipe-bearer or ഹുക്കാ വലിയ്ക്കുവാൻ അത് പൈപ്പിൽ നിറച്ചുകൊടുക്കുന്നയാൾ) അലിവർഡി ഖാൻ(Alivardi Khan) നിഷ്കാസിതനാക്കുകയും, സ്വയം നവാബായി അവരോധിക്കുകയും ചെയ്തു. (pages 66 & 67,Nick Robins). അലിവർഡി ഖാൻ തുടർന്ന് പതിനഞ്ച് വർഷങ്ങൾ ഭരിച്ചു.
സിറാജുദ്ദീൻദൗല കമ്പനിയ്ക്ക് കടിഞ്ഞാൻ ഇടാൻ ശ്രമിയ്ക്കുന്നു
1756- വരെ കമ്പനിയ്ക്ക് ലാഭകരമായി കച്ചവടം ചെയ്യുവാൻ സാധിച്ചു. 1717-ൽ കമ്പനിക്ക് അനുകൂലമായി ലഭിച്ച രാജകീയ വിളംബരം (firman) ഇതിനിടയിൽ കമ്പനി ദുരുപയോഗം ചെയ്തു. കമ്പനി ഉദ്യോഗസ്ഥന്മാർ സ്വകാര്യമായി ഏർപ്പെട്ടിരുന്ന കച്ചവടങ്ങളിൽ പോലും നികുതി ഇളവ് ലഭിക്കുന്നതിനുള്ള പാസ്സുകൾ (dastaks) കമ്പനി പ്രസിഡന്റ് നല്കിയിരുന്നു.(page 64, Nick Robins). നവാബിനു ലഭിയ്ക്കേണ്ടിയിരുന്ന വരുമാനം ഇപ്രകാരം ചോരുവാൻ തുടങ്ങി. ഇതിനും പുറമെ ബംഗാൾ പ്രവിശ്യയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും വിധം കമ്പനി പ്രവർത്തിച്ചു തുടങ്ങി. 1756 ഏപ്രിലിൽ നവാബ് അൽവറാഡി ഖാൻ മരിയ്ക്കുകയും അയാളുടെ കൊച്ചുമകൻ സിറാജുദ്ദീൻദൗല, 21-ആം വയസ്സിൽ നവാബായി ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു (page 68, Nick Robins). കോട്ട കേന്ദ്രീകരിച്ച് കമ്പനി സൈനികശക്തി ബലപ്പെടുത്തുന്നതിനെക്കുറിച്ച് അലിവാർഡി ഖാന് ആശങ്കകൾ ഉണ്ടായിരുന്നു. കൂടാതെ കമ്പനി ഡ്യൂട്ടി-ഫ്രീ പാസ്സുകൾ (dastak) ദുരുപയോഗം ചെയ്യുന്നത് തടയാൻ അലിവാർഡി ഖാൻ ശ്രമിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ മരിക്കുന്നതിനു മുമ്പ് തന്റെ കൊച്ചുമകനായ സിറാജിനോട് അയാൾ പങ്ക് വച്ചിരുന്നു. സിറാജ് നവാബായതിനു ശേഷം അയാളുടെ ഒരു ശത്രുവിന് കോട്ടയിൽ കമ്പനി അഭയം നല്കുകയും ചെയ്തു.
തൂറിയാൽ കഴുകാത്തവർ !!!!
കമ്പനിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സന്ധിസംഭാഷണങ്ങൾക്കാണ് സിറാജുദ്ദീൻ ദൗല മുതിർന്നത്. അതിനായി അയാൾ തന്റെ പ്രതിനിധിയായി നാരായൺ സിങ്ങിനെ മുർഷിദാബാദിൽനിന്നും കൽക്കട്ടയിലേയ്ക്ക് അയച്ചു. പക്ഷെ അന്നത്തെ കൽക്കട്ടാ പ്രസിഡൻസിയിലെ പ്രസിഡന്റായിരുന്ന റോജർ ഡ്രേക്ക് (Roger Drake), നാരായൺ സിങ്ങിനെ അപമാനിച്ച് തിരിച്ചയച്ചു. “തൂറിയാൽ (മലവിസർജ്ജനം) കഴുകാൻ ഇനിയും പഠിച്ചിട്ടില്ലാത്ത കുറെ കച്ചവടക്കാർ, രാജപ്രതിനിധിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ, അപമാനിച്ച് തിരിച്ചയച്ചാൽ എന്ത് മര്യാദയാണ് ഭരിയ്ക്കുന്ന ആണുങ്ങളായ നമ്മൾക്ക് അവശേഷിക്കുന്നത്” എന്ന് റോജർ ഡ്രേക്കിന്റെ പെരുമാറ്റത്താൽ പ്രകോപിതനായ നാരായൺ സിങ്ങ് നവാബിനോട് പറയുകയുണ്ടായി. (page 69, Nick Robins). ഈ അപമാനം അവഗണിച്ചുംകൊണ്ട് സിറാജുദ്ദീൻ വീണ്ടും സന്ധിസംഭാഷണങ്ങൾക്കായി കമ്പനിയെ നിർബന്ധിച്ചു. കോട്ടയെ സൈനികമായി ശക്തിപ്പെടുത്തുവാൻ ചുറ്റും കുഴിച്ച കിടങ്ങുകൾ മൂടുക, ഡ്യൂട്ടി-ഫ്രീ പാസ്സുകളുടെ (dastaks)ദുരുപയോഗം തടയുക, അവ കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ ഏർപ്പെട്ടിരുന്ന സ്വകാര്യ കച്ചവടത്തിനും, ഏഷ്യയിൽ നിന്നുമുള്ള മറ്റ് കച്ചവടക്കാർക്കും നല്കാതിരിക്കുക, തന്റെ ശത്രുക്കൾക്ക് കോട്ടയിൽ അഭയം നല്കാതിരിക്കുക : ഇവയായിരുന്ന നവാബ് മുമ്പോട്ടു വച്ച നിബന്ധനകൾ. ഈ നിബന്ധനകൾ കമ്പനി പാടേ അവഗണിച്ചു. ഇതുമൂലം നവാബ് സൈനിക നടപടികൾക്ക് നിർബന്ധിതനാവുകയും 1756 June-ൽ കൽക്കട്ട കോട്ട പിടിച്ചടക്കുകയും ചെയ്തു.
പ്ലാസ്സി യുദ്ധത്തിന് അരങ്ങ് ഒരുങ്ങുന്നു
കോട്ടയിലുണ്ടായിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥന്മാരെയും സൈനികരെയും കോട്ടയുടെ അടിയിലുണ്ടായിരുന്ന ഒരു ചെറിയ അറയിൽ(Black Hole), നവാബിന്റെ സൈന്യം കുത്തിനിറച്ചു. ഇവരിൽ പലരും ശ്വാസം മുട്ടിയും, ചൂട് മൂലവും മരിച്ചു. ബംഗാളിനെ സൈനികമായി പിടിച്ചടക്കുന്നതിന് ന്യായീകരണമായി നൂറിലധികം തടവുകാർ മരിച്ചുവെന്ന് ബ്രിട്ടീഷുകർ പ്രചാരണം അഴിച്ചുവിട്ടെങ്കിലും യഥാർത്ഥത്തിൽ 43 പേർ മാത്രമാണ് മരിച്ചതെന്നാണ് പില്ക്കാല ഗവേഷണങ്ങൾ തെളിയിക്കുന്നത്. Indeed, research has shown that “at the most only sixty-four persons were confined in the Black Hole, of whom twenty-one survived.” Quoted in The East India Company 1600-1858, A Short History with Documents, Ian Barrrow(pdf page no 70/189)
കാളിഘട്ടിനെ ‘അലിനഗർ’ ആയി നാമകരണം ചെയ്യുന്നു
കൽക്കട്ടയിലെ കൊട്ട നഷ്ടമായത് കമ്പനിയ്ക്ക് വലിയ തിരിച്ചടിയായി. കൽക്കട്ട പിടിച്ചെടുത്ത സിറാജുദ്ദീൻദൗല അതിന്റെ പേര് ‘അലിനഗർ’ എന്നാക്കി മാറ്റി (p 69 Nick Robins). 1717-ലാണ് കമ്പനിയുടെ ചരക്കുഗതാഗതത്തിനു ഡ്യൂട്ടി-ഫ്രീ പാസ്സ് ഉപയോഗിക്കാനുള്ള അവകാശം മുഗൾ ചക്രവർത്തിയിൽ നിന്നും നേടിയെടുത്തത്. അന്നുമുതൽ ഈ പാസ്സുകൾ ദുരുപയോഗം ചെയ്തതിലൂടെ മുഗൾ സാമ്രാജ്യത്തിന് ലഭിക്കേണ്ടിയിരുന്ന ചുങ്കത്തിൽ, കമ്പനി Rs 15 million വെട്ടിപ്പുനടത്തിയതായുള്ള ആരോപണം സിറാജുദ്ദീൻ ഉന്നയിച്ചു. (p64, Nick Robins). ഇതിൽ 1741 മുതലുള്ള 15 വർഷത്തെ ചുങ്കം ഉടനെ നല്കുവാൻ കമ്പനിയോട് അയാൾ ആവശ്യപ്പെട്ടു.
റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിൽ കമ്പനി കൽക്കട്ട കോട്ട തിരിച്ചുപിടിയ്ക്കുന്നു.
സിറാജുദ്ദീൻ ദൗലയുമായിട്ട് യാതൊരുവിധത്തിലുമുള്ള ഒത്തുതീർപ്പിനും തയ്യാറാകതെ, സൈനിക നടപടിയ്ക്കാണ് കമ്പനി മുതിർന്നത്. കൽക്കട്ടയിൽ നഷ്ടമായ തങ്ങളുടെ കോട്ടയും ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങളും പിടിച്ചെടുക്കാൻ കമ്പനി ക്ലൈവിന്റെ(Robert Clive) നേതൃത്വത്തിൽ സൈന്യത്തിനെ നിയോഗിച്ചു. 1757 ഫെബ്രുവരി മാസമായപ്പോഴേക്കും റോബർട്ട് ക്ലൈവ് കോട്ടയും, കമ്പനിയ്ക്ക് കരം പിരിയ്ക്കുവാൻ അവകാശം ലഭിച്ചിരുന്ന മൂന്നു ഗ്രാമങ്ങളും സിറാജുദ്ദീന്റെ പക്കൽ നിന്നും പിടിച്ചെടുത്തു. തോൽവിയടഞ്ഞ സിറാജുദ്ദീനുമായിട്ടുണ്ടാക്കിയ ‘അലിനഗർ ഉടമ്പടിയിൽ’, കമ്പനിയുടെ പേരിൽ നാണയങ്ങൾ ഉണ്ടാക്കുവാനും, ഡ്യൂട്ടി-ഫ്രീ പാസ്സുകൾ സ്വതന്ത്രമായി ഉപയോഗിക്കുവാനും ഉള്ള അവകാശങ്ങൾ കമ്പനി ബലമായി നേടിയെടുത്തു.(p 70 Nick Robins). തുടർന്ന് മാർച്ചിൽ ചാന്ദർനാഗോറിലുള്ള(Chandernagor) ഫ്രഞ്ചുകാരുടെ വാണിജ്യകേന്ദ്രം ക്ലൈവ് പിടിച്ചെടുത്തു. തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്ക് ഭീഷണിയായിത്തീർന്ന ഫ്രഞ്ചുകാരെ ഇപ്രകാരം നിർവീര്യമാക്കുവാൻ കമ്പനിക്ക് സാധിച്ചു. ബംഗാളിലെ കച്ചവടത്തിൽ കമ്പനിയ്ക്ക് ഉണ്ടായിരുന്ന പ്രതിബന്ധങ്ങൾ ഇപ്രകാരം ഓരോന്നായി മാറിക്കിട്ടി. ഈ വിവരം ലണ്ടനിൽ അറിഞ്ഞതോടുകൂടി കമ്പനിയുടെ ഷെയർ വില പന്ത്രണ്ടു ശതമാനം വർദ്ധിച്ചു (page 70, Nick Robins).
ജഗത് സേട്ടും അമീർചന്ദും (തിരുവിതാംകൂറിലെ മാത്തൂത്തരകനെപ്പോലെ)
സിറാജുദ്ദീൻദൗളയുടെ ദർബാറിൽ പ്രബലന്മാരും സാമ്പത്തിക കാര്യങ്ങളിൽ വളരെ സ്വാധീനവുമുള്ള രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. ജഗത് സേത്തും അമീർചന്ദും. ജഗത് സേത്ത് കുടുംബം മാർവാഡികളും വലിയ തോതിൽ പണം കടം നല്കുവാൻ കെല്പുള്ള ബാങ്കറുന്മാരുമായിരുന്നു. ആഗ്രയിൽ നിന്നുള്ള അമീർ ചന്ദ് ആകട്ടെ ഓപ്പിയം(opium), വെടിയുപ്പ് വ്യാപാരങ്ങൾ നിയന്ത്രിച്ചിരുന്ന, പണവും വളരെ സ്വാധീനവുമുള്ള കച്ചവടക്കാരനായിരുന്നു. ഇവരെക്കൂടാതെ ദർബാറിലെ പ്രമുഖനായ മറ്റൊരു വ്യക്തി മീർ ജാഫറായിരുന്നു (Mir Jaffer). ഇയാൾ സിറാജുദ്ദീന്റെ ശമ്പളം കൊടുപ്പുകാരനും (bakshi or paymaster-general), പ്രമുഖനായ സൈനികനുമായിരുന്നു. കമ്പനി ഫ്രഞ്ച് കച്ചവട കേന്ദ്രം പിടിച്ചെടുത്തത് കാരണമായി നവാബ് മീർ ജാഫറിനെ പദവിയിൽ നിന്നും നീക്കം ചെയ്തിരുന്നു(p.70, Nick Robins). ഈ മൂന്നു പേരെയും സ്വാധീനിച്ച് സിറാജുദ്ദീന്റെ ഭരണത്തെ അട്ടിമറിയ്ക്കുവാൻ ക്ലൈവ് ഗൂഢാലോചന നടത്തി.
Battle of Plassey
തനിയ്ക്കെതിരെ കമ്പനി നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് സിറാജുദ്ദീൻ അറിയുകയും, കമ്പനിയെ സൈനികമായിത്തനെ നേരിടാൻ ഉറയ്ക്കുകയും ചെയ്തു. മീർ ജാഫറിനെ പദവിൽ നിന്നും നീക്കം ചെയ്തതോടുകൂടി, അയാളോട് അനുഭാവം ഉണ്ടായിരുന്ന സൈനികർ ആത്മാർത്ഥമായി യുദ്ധം ചെയ്തില്ലെന്നു വേണം കരുതുവാൻ. കമ്പനിയുടെ ആസ്ഥാനമായ കൽക്കട്ടയ്ക്കും, ബംഗാളിന്റെ തലസ്ഥാനമായ മുർഷിദാബാദിനും ഇടയ്ക്കുള്ള പ്ലാസ്സിയിൽ (Battle of Plassey, 23 June 1757) വച്ച് നടന്ന യുദ്ധത്തിൽ കമ്പനി സിറാജുദ്ദീന്റെ സൈന്യത്തെ പരാജയപ്പെടുത്തി. സിറാജുദ്ദീനെ പിടികൂടി അയാളെ വധിച്ചു. തുടർന്ന് നവാബായി മീർ ജാഫറിനെ പദവിയിലേറ്റി.
കമ്പനി 24 പർഗാനകളുടെ ഉടമകളാവുന്നു
പുതിയ നവാബ് മീർ ജാഫർ കമ്പനിക്ക് വെറും ഒരു കളിപ്പാവ മാത്രമായിരുന്നു. അയാളെ മുമ്പിൽ നിർത്തിക്കൊണ്ട്, ബംഗാളിൽ ഉണ്ടായിരുന്ന എല്ലാ ഫ്രഞ്ചു ഫ്രാക്ടറികളും കമ്പനി പൂട്ടിച്ചു. കൽക്കട്ട കോട്ടയും കച്ചവട ലാവണങ്ങളും സിറാജുദ്ദീൻദൗല പിടിച്ചെടുത്തത് കാരണമായി കമ്പനിയ്ക്കും, കോട്ടയ്ക്കകത്തു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷുകാരും, ബംഗാളികളും, അർമേനിയക്കാരുമായ കച്ചവടക്കാർക്കും നാശനഷ്ടങ്ങൾ ഉണ്ടായതു മൂലം, ഇവർക്ക് വലിയ തുക നഷ്ടപരിഹാരമായി നവാബിനെക്കൊണ്ടു കമ്പനി കൊടുപ്പിച്ചു. ഇതിനും പുറമെ കൽക്കട്ടയ്ക്കു ചുറ്റുമുള്ള 24 പർഗാനാസിനുമേലുള്ള (24 parganas) ഉടമസ്ഥാവകാശം കമ്പനി നവാബിൽ നിന്നും കൈക്കലാക്കി. ഇങ്ങിനെ ഒറ്റയടിയ്ക്ക് 2.5 million pound sterlings ക്ലൈവ് കമ്പനിയ്ക്കായി സമ്പാദിച്ചു നല്കി. ഇതിനും പുറമെ പുതതായി ലഭിച്ച സ്ഥലങ്ങളിൽ നിന്നുമുള്ള വർഷാവർഷമുള്ള കരവും മറ്റ് വരുമാനങ്ങളും കമ്പനിക്ക് സ്വന്തമായി. (page 72, Nick Robins). ഇങ്ങിനെ 58,000 pound sterlings വർഷംതോറും കരമായി മാത്രം കമ്പനിയ്ക്ക് ലഭിയ്ക്കുവാൻ തുടങ്ങി(p75, Nick Robins). വ്യക്തിപരമായി ക്ലൈവും ഈ സംവഭവികാസങ്ങളിൽ നിന്നും വളരെയധികം ധനം നേടുകയുണ്ടായി.
നവാബുമാർ : കമ്പനിയുടെ കളിപ്പാവകൾ
അടുത്ത ഏഴ് വർഷത്തേയ്ക്ക് നാവാബുന്മാരെ കളിപ്പാവകളാക്കി കമ്പനി ബംഗാൾ ഭരിച്ചു. മീർജാഫറിലൂടെ ബംഗാളിന്റെ വരുമാനം കമ്പനി ഞെക്കിപ്പിഴിഞ്ഞെടുത്തു. അവസാനം മീർജാഫർ വഴങ്ങതായതോടെ, 1760-ൽ അയാളെ മാറ്റി അയാളുടെ മരുമകൻ മീർകാസിമിനെ നവാബിന്റെ സിംഹാസനത്തിൽ വാഴിച്ചു. ബംഗാളിന്റെ തെക്കൻ ജില്ലകൾ കമ്പനിയ്ക്ക് വിട്ടുകൊടുത്തുകൊണ്ട്, കമ്പിനിയുടെ ഇടപെടൽ ഉണ്ടാകാതെ വടക്കൻ ബംഗാളും ബീഹാറും സ്വതന്ത്രമായി ഭരിയ്ക്കുവാൻ മീർകാസിം ശ്രമിച്ചു. പക്ഷെ കമ്പനി അയാളെ ഇതിനനുവദിച്ചില്ല. ഇതേത്തുടർന്ന് July 1763-ൽ അയാൾ കമ്പനിയോട് യുദ്ധത്തിന് മുതിർന്നു. പിടിയ്ക്കപ്പെടുമെന്ന് വന്നപ്പോൾ അയാൾ അവധിലേയ്ക്ക് (Awadh) പലായനം ചെയ്തു. മീർകാസിമിനു പകരമായി വീണ്ടും മീർജാഫറിനെ കമ്പനി നവാബായി അവരോധിച്ചു.
Battle of Buxar
അവധിലെ നവാബായ ഷുജ-ഉദ്-ദൗല, മുഗൾ ചക്രവർത്തിയായിരുന്ന ഷാ ആലം II : ഇവരുമായി ചേർന്ന് മീർകാസിം ബംഗാളിന്റെ നിയന്ത്രണം പിടിച്ചെടുക്കുവാൻ കമ്പനിയുടെ സൈന്യത്തെ നേരിട്ടു. ഈ യുദ്ധം നടന്നത് 1764 ഒക്ടോബറിൽ ബീഹാറിലെ ബക്സറിൽ വച്ചായിരുന്നു.(Battle of Buxar, Oct 1764). ഈ യുദ്ധത്തിൽ കമ്പനി സഖ്യകക്ഷികളെ പരാജയപ്പെടുത്തി. തുടർന്ന് ഷാ ആലം II, ആഗസ്റ്റ് 12, 1765-ൽ, ബംഗാളിലെ നവാബായ മീർജാഫറുമായി ‘അലഹബാദ് കരാറിൽ’ (Treaty of Allahabad) ഒപ്പിട്ടു. (ചക്രവർത്തി സമാന്തനുമായി കരാറുണ്ടാക്കി, അതിൽ ഒപ്പിടുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തി). ഈ പുതിയ കരാറിലൂടെ ബംഗാൾ, ബിഹാർ, ഒഡിഷ പ്രവിശ്യകളിളെ ദിവാനി (diwani) നവാബിലൂടെ കമ്പനിക്ക് ലഭിച്ചു. നിയമപരമായ ഈ വ്യവസ്ഥയിലൂടെ(ദിവാനി) കമ്പനിക്ക് വളരെ വിസ്തൃതമായ ഈ മൂന്ന് പ്രവിശ്യകളിലെയും കരങ്ങൾ പിരിയ്ക്കുവാൻ അവകാശം സിദ്ധിച്ചു. ഈ മൂന്നു പ്രവിശ്യകളും ചേർന്നുള്ള മൊത്തം ജനസംഖ്യ ബ്രിട്ടനിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായിരുന്നു. ഈ മൂന്ന് പ്രവിശ്യകളിലെ കരം പിരിയ്ക്കാനുള്ള അവകാശം(ദിവാനി) വിട്ടുകിട്ടിയതിനു പകരമായി, കമ്പനിയുടെ ജാമ്യത്തിൽ(ഉറപ്പിൽ) മുഗൾ ചക്രവർത്തിയ്ക്ക് വർഷം തോറും 26 ലക്ഷം രൂപ കൊടുക്കാമെന്ന് നവാബ് ഏൽക്കുകയും ചെയ്തു.
രാജ്യസുരക്ഷയും, ക്രമസമാധാനപാലനവും, കരംപിരിവും
മുഗൾ ചക്രവർത്തിമാരുടെ ശക്തി ക്ഷയിയ്ക്കാതിരുന്നിടത്തോളം കാലം അവരുടെ ബന്ധുക്കളും സാമന്തന്മാരും ആയിരുന്ന നവാബുമാർക്കാണ് ദിവാനി ലഭിച്ചിരുന്നത്. നവാബുമാരിലൂടെയായിരുന്നു ബംഗാൾ പോലെ ദില്ലിയിൽ നിന്നും വളരെയധികം ദൂരത്തിലുള്ള പ്രവിശ്യകൾ മുഗൾ ചക്രവർത്തിമാർ ഭരിച്ചിരുന്നത്. മുഗൾ ചക്രവർത്തിമാരുടെ പേരിൽ വിദൂരങ്ങളായ പ്രവിശ്യകളിൽ കരം പിരിയ്ക്കുന്ന ഉത്തരവാദിത്വം നവാബുമാർക്കായിരുന്നു. ഇതിനും പുറമെ, പ്രവിശ്യയുടെ സംരക്ഷണവും അതിലെ ക്രമസമാധാനവും നീതിന്യായ പാലനവും (കോടതികളും) നവാബിന്റെ ചുമതലയിൽപ്പെട്ടതായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ(1700s) മൂന്നാം പതിറ്റാണ്ട് ആയപ്പോഴേയ്ക്കും മുഗൾ സാമ്രാജം ദുർബലമായിക്കഴിഞ്ഞിരുന്നു. എന്നിരിയ്ക്കിലും ബംഗാളിലെ നവാബുന്മാർ മുഗൾ ചക്രവർത്തിമാരുടെ പേരു് ഉപയോഗിച്ചുകൊണ്ട്, ആ ബന്ധം നല്കിയിരുന്ന നിയമസാധുതയിലൂടെയായിരുന്നു സ്വതന്ത്രമായി ബംഗാൾ ഭരിച്ചിരുന്നത്.
‘Dual-Governance’ കമ്പനി അവസാനിപ്പിയ്ക്കുന്നു
മീർകാസിം ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ പരാജയപ്പെടുത്തുകയും, മീർജാഫറിനെ തുടർന്നും നവാബായി തുടരാൻ അനുവദിയ്ക്കുകയും ചെയ്തതിൽ നിന്നും, കമ്പനിയാണ് ബംഗാളിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് തീർച്ചയായി. 1772-വരെ കരം പിരയ്ക്കുന്നതിനുള്ള ചുമതല മാത്രം കമ്പനി ഏറ്റെടുക്കുകയും, പ്രവിശ്യകളുടെ സുരക്ഷയും നീതി ന്യായ വ്യവസ്ഥയും(കോടതികൾ) നവാബിനു വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ 1765 മുതൽ തുടങ്ങിയ ഈ ‘dual-governance’ അധികകാലം നീണ്ടുനിന്നില്ല. 1772-നു ശേഷം ഈ അധികാരങ്ങളും നാവാബിൽ നിന്നും കമ്പനി ഏറ്റെടുത്തു. നാവാബിന്റെ എല്ലാ അധികാരങ്ങളും കവർന്നെടുത്ത കമ്പനി, നിത്യച്ചിലവുകൾക്കുള്ള ഒരു നിശ്ചിത തുക (stipend) നല്കി അയാളെ ജീവിക്കാനനുവദിച്ചു.
ബംഗാൾ പേപ്പേർസ്
നവാബിന് എല്ലാ അധികാരങ്ങളും നഷ്ടമായതോടുകൂടി 1772-തൊട്ട് ബംഗാളിന്റെ ഭരണം പൂർണ്ണമായും കമ്പനിയുടെ കൈകളിലായി.ഈ വർഷം തൊട്ടുള്ള കമ്പനി രേഖകളാണ് ബംഗാൾ പേപ്പേർസിൽ (Bengal Papers-ൽ) ഉള്ളത്. അതായത് 1772 തൊട്ടാണ് ഭരണപരമായ കാര്യങ്ങളിലും ജനങ്ങളുടെ സാമൂഹ്യ സ്ഥിതിയിലും കമ്പനിയുടെ ശ്രദ്ധ പതിയാൻ തുടങ്ങിയത്. കമ്പനിയുടെ ഇടപെടൽ ബംഗാളിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ജനങ്ങളുടെ സ്ഥിതി മോശമാക്കിയിരുന്നെങ്കിലും, കമ്പനിയുടെ വരുമാനം വർദ്ധിപ്പിയ്ക്കുവാൻ ക്രമസമാധാന പാലനം അത്യാന്താപേക്ഷിതമായിരുന്നതിനാൽ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുവാൻ കമ്പനി നിർബന്ധിതമായി. ഈ സ്ഥിതിവിശേഷമാണ് Slavery in India എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന രേഖകളുടെ ഉറവിടമായിത്തീർന്നത്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276 or mail to wayfrr@gmail.com
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738