കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമോ, ദളിത് രാഷ്ട്രീയമോ, ഹിന്ദുത്വ രാഷ്ട്രീയമോ കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നതിന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ്, ഭാരതീയ സംസ്കാരത്തെ വിമർശനാത്മകമായി സമീപിച്ച, ഭാരതീയ സംസ്കാരത്തോട് യാതൊരു അനുഭാവവുമില്ലാത്ത ക്രിസ്ത്യൻ ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബുക്കാനൻ, മലബാറിന്റെ കാർഷിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിശദമായി രേഖപ്പെടുത്തിയത് എന്ന് നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിമുതൽ(1750 CE തൊട്ട്) പത്തൊൻപതാം നൂറ്റാണ്ട് (1800 CE) ആരംഭിയ്ക്കുന്നതുവരെയുള്ള കേരളത്തിന്റെ സാമൂഹ്യ ചരിത്രത്ത സംബന്ധിച്ച നിരവധി വിവരങ്ങൾ ബുക്കാനന്റെ റിപ്പോർട്ടുകളിൽ അടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെക്കുറിച്ചുള്ള ഒരു സ്വർണ്ണഖനിയായി ബുക്കാനന്റെ റിപ്പോർട്ടുകളെ കണക്കാക്കാം.
കേരളത്തിന്റെ, പ്രത്യേകിച്ച് തൃശൂരിന് വടക്കുള്ള മലബാർ മേഖലയുടെ സാമൂഹ്യ ചരിത്രം മനസ്സിലാക്കുവാൻ സഹായിയ്ക്കുന്ന ഒരു വിലപ്പെട്ട കമ്പനി രേഖയായ ബുക്കാനന്റെ ഗ്രന്ഥത്തിന് കേരളത്തിന്റെ ചരിത്രം രചിച്ചവർ വേണ്ടത്ര പരിഗണ നല്കിയിട്ടുണ്ടോ എന്ന് സംശയിയ്ക്കാവുന്നതാണ്. ബ്രിട്ടീഷുകാരുടെ അധീനതയിലായ മലബാർ പ്രദേശത്ത് പരമാവധി കരം ചുമത്തി കമ്പനിയുടെ വരുമാനം എങ്ങിനെ വർദ്ധിപ്പിയ്ക്കാം എന്നതിലാണ് ബുക്കാനൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് മലബാർ പ്രദേശത്തെ വരുമാന മാർഗ്ഗങ്ങളെയും അവയ്ക്ക് നിദാനമായ കാർഷിക സംസ്കൃതിയെയും അതിൽ കുടികൊള്ളുന്ന സാമൂഹ്യ ബന്ധങ്ങളെയും ബുക്കാനൻ പഠിച്ചത്. ഇപ്രകാരം ശേഖരിച്ച വിവരങ്ങളാണ് ബുക്കാനന്റെ ഗ്രന്ഥത്തിൽ ഉള്ളത്. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴീൽ അല്ലാതിരുന്നതിനാൽ 1800-കളുടെ തുടക്കത്തിൽ, ബുക്കാനന്റെതു പോലുള്ള ഒരു സാമൂഹ്യ ചരിത്ര ഗ്രന്ഥം തെക്കൻ കേരളത്തെ സംബന്ധിച്ച് ഇല്ലെന്നുള്ളതും പ്രത്യേകം സ്മരിയ്ക്കേണ്ടതാണ്. ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ ബുക്കാനൻ രേഖകളുടെ പ്രസക്തി മനസ്സിലാക്കാവുന്നതാണ്.
സാമുദായിക വിവരങ്ങൾ
ബുക്കാനനും (1800-CE), കത്തോലിക്കാ ജസ്യൂട്ട് പാതിരി അബേ ഡുബോയിയ്ക്കും (1792-1823 CE) മുൻപ്, തെക്കെ ഇന്ത്യയിലെ വിവിധ ജാതികളെക്കുറിച്ചുള്ള വിവരണങ്ങൾ ആരും തന്നെ നല്കിയിട്ടുണ്ടായിരുന്നില്ല. ഇവരിരുവരും ഇവിടെ ജീവിച്ചിരുന്ന പ്രബലരായ സവർണ്ണജാതികളെക്കൂടാതെ മറ്റ് പിന്നാക്ക ജാതികളുടെ ജീവിതശൈലികളെക്കുറിച്ചും രേഖപ്പെടുത്തിയിരുന്നു. ബുക്കാനന്റെ ഗ്രന്ഥത്തിൽ മാപ്പിളമാരെക്കുറിച്ചും നസ്രാണികളെക്കുറിച്ചും ഉള്ള വിവരണങ്ങൾ ഉണ്ട്. ഈ വിവരണങ്ങളിൽ നിന്നും പിന്നാക്ക ജാതികൾ പിന്നാക്കം പോയതിന് സവർണ്ണ ഹിന്ദുക്കളെ പഴിചാരാൻ സാധിക്കില്ല എന്ന് നിസ്സംശയം പറയാം. പിന്നാക്ക ജാതികൾ സ്വയം പിന്നാക്കം പോകുകയാണുണ്ടായത്.
നായാടികൾ : ബുക്കാനൻ ഇവരെ അടിമകളായി ഗണിയ്ക്കാഞ്ഞത് എന്തേ !!??
ബുക്കാനൻ നായാടികളെ അടിമകളായിട്ടല്ല കണക്കാക്കിയിരുന്നത്. പക്ഷെ ചെറുമരെ (പുലയരെ) അടിമകളായിട്ടാണ് ബുക്കാനൻ കരുതിയിരുന്നത്. അതിനാൽ ബുക്കാനൻ പുലയരെക്കുറിച്ച് രേഖപ്പെടുത്തിയ വിവരങ്ങൾ ഇവിടെ നല്കുന്നതിന് മുമ്പായി നായാടികളെക്കുറിച്ച് അയാൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ആദ്യം നല്കുന്നു.
നായാടികളെ ‘outcast tribe’ എന്നാണ് ബുക്കാനൻ വിശേഷിപ്പിച്ചത്. (താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക). മറ്റൊരിടത്ത് ‘wretched tribe’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടരെ “ബുക്കാനന്റെ slaves” അതായത് കർഷകത്തൊഴിലാളികളായ പുലയന്മാർ(ചെറുമർ) പോലും തൊടില്ല എന്ന് തന്നെയാണ് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുള്ളതും. ഇതിൽ നിന്നും പല കാര്യങ്ങളും ഊഹിച്ചെടുക്കാം. കർഷകത്തൊഴിലാളികളായ പുലയർക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായിരുന്നെന്നും അത് പ്രകടിപ്പിയ്ക്കുന്നതിൽ നിന്നും ആരും അവരെ വിലക്കിയിരുന്നില്ലെന്നും മനസ്സിലാക്കാം. ഭരണാധികാരികൾ പുലയരും നായാടികളും നിർബന്ധപൂർവ്വമായ വേഴ്ചയിൽ ഏർപ്പെടണമെന്ന് ശാസനങ്ങൾ പുറപ്പെടുവിച്ചിരുന്നില്ല. നായാടികളെ തൊടണമെന്നും അവരുമായി സഹഭോജനം ചെയ്യണമെന്നും പുലയരെ നിർബന്ധിച്ചില്ല. അടിമകൾക്ക് അവകാശങ്ങൾ ഇല്ലല്ലോ!!! പുലയന്മാർ അടിമകളായിരുന്നെങ്കിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കോ അവകാശങ്ങൾക്കോ പുല്ലു വില കല്പിച്ച് വെറും അടിമകളെപ്പോലെ നായാടികളുമായി വേഴ്ചയിൽ ഏർപ്പെടുവാൻ ഭരണാധികാരികൾക്ക് നിർബന്ധിയ്ക്കാമായിരുന്നു. ഭരണാധികാരികൾക്ക് ബലപ്രയോഗത്തിലൂടെ ഇവയെല്ലാം നടപ്പാക്കാമായിരുന്നു. ഇപ്പോൾ വിമർശിയ്ക്കുന്നതുപോലെ അക്കാലത്ത് ഇതൊന്നും ചോദിയ്ക്കാനും പറയാനും ആരും മുമ്പോട്ട് വരുമായിരുന്നില്ല. അതിനാൽ ഭരണാധികാരികളായ സവർണ്ണ ഹിന്ദുക്കൾക്ക് എന്തു വേണമെങ്കിലും ആകാമായിരുന്നു. പക്ഷെ അങ്ങിനെയൊന്നും ഭാരതത്തിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. ഇതിൽ നിന്നെല്ലാം മനസ്സിലാക്കാവുന്നത് ബുക്കാനൻ നികൃഷ്ടമായ ഗോത്രമെന്ന് വിശേഷിപ്പിച്ച നായാടികൾ തൊട്ട് എറ്റവും മുന്നാക്കമെന്ന് കരുതപ്പെടുന്ന ജാതികൾവരെയ്ക്കും, ഓരോ വിഭാഗത്തിനും അവരവരുടെ ജീവിതശൈലി പിന്തുടരുവാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്. സമൂഹത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ, സമൂഹത്തിന്റെ മൊത്തത്തിലുള്ള അതിജീവനം(survival) ബാധിയ്ക്കാതിരിയ്ക്കും വിധം ഓരോ ജാതിയും, നീച ജാതിയാണെങ്കിൽക്കൂടിയും സ്വാതന്ത്ര്യത്തോടെയാണ് ഭാരതത്തിൽ ജീവിച്ചിരുന്നത്.
നായാടികളെക്കുറിച്ചുള്ള ബുക്കാനന്റെ വിവരണം
ബുക്കാനൻ : “നായാടികൾ മുഖ്യധാരാ സമൂഹത്തിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. ഇവരുടെ എണ്ണം വളരെ കുറവായിരുന്നു. അവരുടേത് നാടോടി ഭാഷയായിരുന്നു. അത് മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാക്കാനാകുമായിരുന്നില്ല. അവർ തീർത്തും വൃത്തിഹീനരായിരുന്നു. അതിനാൽ കർഷകത്തൊഴിലാളികളായ ചെറുമർ മുതലായവർ അവരെ സ്പർശിയ്ക്കാനോ അവരുമായി ഇടപഴകുവാനോ തയ്യാറായിരുന്നില്ല. ഒരു തൊഴിൽ ചെയ്ത് അദ്ധ്വാനിച്ച് ജീവിയ്ക്കുക എന്ന ശീലം അവർക്കില്ലായിരുന്നു. അവർ ചെയ്തിരുന്ന ഒരേയൊരു ക്രിയാത്മകമായ പ്രവൃത്തി, കാർഷിക വിളകളെ കാട്ടുപന്നികളിൽ നിന്നും പക്ഷികളിൽ നിന്നും സംരക്ഷിയ്ക്കുക എന്നതായിരുന്നു. കാടിടളക്കി വേട്ടമൃഗങ്ങളെ പുറത്തു ചാടിയ്ക്കുവാൻ വേട്ടക്കാർ ഇവരെ കൂടെക്കൂട്ടിയിരുന്നു. ആ വേട്ടക്കാർ വേട്ടയായി കിട്ടുന്ന മൃഗങ്ങളുടെ നാലിൽ ഒരു ഭാഗം ഇവർക്ക് നല്കിയിരുന്നു. തനിയെ ഇവർ ഭക്ഷണത്തിനായി മീൻ പിടിയ്ക്കുകയോ വേട്ടയാടുകയോ ചെയ്തിരുന്നില്ല. ചിലപ്പോൾ ആമയെയോ, ഇരുമ്പ് കൊളുത്തുകൾ ഉപയോഗിച്ച് മുതലയെയോ പിടിച്ചിരുന്നു. ഇവയുടെ ഇറച്ചി രുചികരമായി ഇവർ കരുതിയിരുന്നു. പക്ഷെ ഇങ്ങിനെ ലഭിച്ചിരുന്നതൊന്നും അവരുടെ ഉപജീവനത്തിന് തികയുമായിരുന്നില്ല. അതിനാൽ ഭിക്ഷ യാജിച്ച് ലഭിച്ചിരുന്ന വകയായിരുന്നു അവരുടെ മുഖ്യ ഉപജീവന മാർഗ്ഗം. അവരുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടെന്നു തന്നെ പറയുവാനാകുമായിരുന്നില്ല. അവരെ സംബന്ധിച്ച എല്ലാം തന്നെ ഇല്ലായ്മകളെയും ദാരിദ്ര്യത്തെയും സൂചിപ്പിയ്ക്കുന്നതായിരുന്നു. ആൾ നടമാട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ മരങ്ങൾക്ക് കീഴിലാണ് അവരുടെ കുടിലുകൾ ഉണ്ടായിരുന്നത്. പക്ഷെ ഈ കുടിലുകളിൽ കഴിയാതെ, പത്തും പന്ത്രണ്ടും പേരുള്ള കൂട്ടങ്ങളായിട്ട് അവർ അലഞ്ഞുതിരിഞ്ഞിരുന്നു. പ്രധാന പാതകളിൽ അവർ വളരെ ഒതുങ്ങി സഞ്ചരിച്ചിരുന്നു. വഴിയിൽ ഏതെങ്കിലും യാത്രക്കാരനെ ദൂരെ നിന്നു കണ്ടാൽ അവർ ദയനീയമായി ഒരു മോങ്ങൽ ഉറക്കെ പുറപ്പെടുവിച്ചിരുന്നു. വിശന്നു കരയുന്ന ഒരു കൂട്ടം നായ്ക്കളെപ്പോലെ. അവരോട് അനുകമ്പ തോന്നിയവർ ഭിക്ഷയായി ഭക്ഷണസാധനങ്ങൾ അവർക്കായി റോഡ് വക്കിൽ വച്ചിട്ട് കടന്നുപോകുമായിരുന്നു. നായാടികൾ ഈ സാധനങ്ങൾ പെറുക്കിയെടുത്തെ് എപ്പോഴും കൂടെ കരുതിയിരുന്ന കൂടകളിൽ ഇവ നിക്ഷേപിച്ചിരുന്നു. സ്ത്രൈണ ഭാവമുള്ള ‘മലദൈവ’ എന്ന മൂർത്തിയെ നായാടികൾ ആരാധിച്ചിരുന്നു. ആരാധനയുടെ ഭാഗമായി മാർച്ച് മാസത്തിൽ ഇവർ വളർത്തുപക്ഷികളെ ഈ ദേവിയ്ക്ക് ബലി കൊടുത്തിരുന്നു. ഇവരുടെ കൂട്ടത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ, സമീപ സ്ഥലങ്ങളിലുള്ള നായാടികൾ എല്ലാം ചേർന്ന് മൃതശരിരം മറവ് ചെയ്തിരുന്നു. ഇവർക്ക് വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പക്ഷെ ഒരു പുരുഷൻ ഒരു സ്ത്രീയുമായി മാത്രം ഇണചേർന്ന് കുടുംബജീവിതം നയിച്ചു. ഇവർക്കിടയിൽ വ്യഭിചാരത്തെക്കുറിച്ചോ അവിഹിതബന്ധങ്ങളെക്കുറിച്ചോ കേട്ടുകേൾവി പോലും ഇല്ല എന്ന് ‘അവർ’ പറയുന്നു”.
ബുക്കാനൻ : “സ്വയം അദ്ധ്വാനിയ്ക്കാതെ മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ പങ്കുപറ്റി ജീവിയ്ക്കുന്നതിനാൽ എല്ലാവരുടെയും നിന്ദയ്ക്കും ആട്ടിയോടിയ്ക്കലുകൾക്കും പാത്രമായ ഇങ്ങിനെയുള്ള നികൃഷ്ടമായ ഒരു സമുദായം ഏതൊരു രാജ്യത്തിനും അപമാനമാണ്. ഈ സമുദായത്തിന് അനുകമ്പയും നീതിയും ലഭിയ്ക്കേണ്ടതുണ്ടെന്നും, അതിന്റെ ഭാഗമായി നിയമങ്ങൾക്ക് അനുസൃതമായി അദ്ധ്വാനിച്ച് ഉപജീവന മാർഗ്ഗം തേടുവാൻ ഇവരെ നിർബന്ധിക്കേണ്ടതുണ്ടെന്നും, ഇവരുടെ മൃഗതുല്യമായ അവസ്ഥയിൽ നിന്നും മനുഷ്യവസ്ഥയിലേയ്ക്ക് ഇപ്രകാരം ഇവരെ ഉയർത്തേണ്ടതുണ്ടെന്നും ബുക്കാനൻ പറയുന്നു. നായാടികളെപ്പോലെ അനാഗരികമായി അശിക്ഷിതമായി അജ്ഞരായി തെക്കെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കാടുകളിലും മലകളിലും കഴിയുന്ന നിരവധി ഗോത്രങ്ങളെ സംസ്കാരമുള്ളവരും അദ്ധ്വാനശീലരും ആക്കാൻ ചിലവുകൾ വഹിച്ച് മോറോവിയൻ മിഷനറിമാരെ ഏർപ്പാടാക്കിയാലോ എന്ന് ബുക്കാനൻ ഉറക്കെ ചിന്തിയ്ക്കുന്നുമുണ്ട്. ഈ പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കിൽ, നായാടികളെ മലബാറിന് കിഴക്ക്, മലബാറിന് വെളിയിലായി, അവരെ നിന്ദയോടെ കാണുന്ന മലബാറിലെ മറ്റു വിഭാഗങ്ങളുടെ കണ്ണിൽപ്പെടതെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെന്നും ബുക്കാനൻ വാദിച്ചു”.
നായാടികളുടെ സ്വാതന്ത്ര്യം
ഭിക്ഷയാചിച്ച് മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാതെ നാട്ടിൽ കഴിഞ്ഞിരുന്ന നായാടികളെ സവർണ്ണ ഹിന്ദുക്കൾ അവരുടെ വഴിയ്ക്കു വിട്ടു. അവരുടെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്തി അവരുടെ ജീവിതശൈലിയും, ചിന്തകളും, പെരുമാറ്റങ്ങളും കുടുംബ മര്യാദകളും, മതാചാരങ്ങളും സമൂഹത്തിന് നിരക്കാത്തതാണെന്നും, അതിനാൽ അത് മാറ്റിയേ തീരൂ എന്ന് സവർണ്ണഹിന്ദുക്കൾ നിർബന്ധിയ്ക്കുകയോ അതിനായി അവരുടെ മേൽ സമ്മർദ്ദം ചെലുത്തുകയോ ബലപ്രയോഗം ചെയ്യുകയോ ഉണ്ടായിട്ടില്ല. തങ്ങളുടെ ഇടയിൽ വസിയ്ക്കുന്ന, വ്യത്യസ്തമായ ആചാരങ്ങളുണ്ടായിരുന്നവർ ആയിരുന്നാൽ പോലും, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള മനഃസ്ഥിതി സവർണ്ണഹിന്ദുക്കൾക്ക് ഉണ്ടായിരുന്നു. മനസ്സിൽ കപട വികാരങ്ങൾ കുത്തിനിറച്ച്, എന്തെങ്കിലും അജൻഡ വച്ചുകൊണ്ട്, പ്രത്യേകിച്ച് മതപരിവർത്തന അജൻഡവച്ചുകൊണ്ട് കീഴാളജാതികളുമായി ഇടപഴകുവാൻ സവർണ്ണഹിന്ദുക്കൾ പോയിരുന്നില്ല. മറിച്ച് നായാടികളെക്കുറിച്ച് ക്രിസ്ത്യാനിയായ സായിപ്പ് ചിന്തിച്ചതെപ്രകാരമായിരുന്നു എന്ന് താരതമ്യം ചെയ്യുക !!!! ക്രിസ്ത്യൻ മിഷനറിമാരുടെ സഹായത്തോടുകൂടി അവരെ ഇന്നാട്ടിൽ നിന്നും പറിച്ചെടുത്ത്, നായാടികൾക്ക് വിദേശമായ മറ്റൊരു ദേശത്ത് കൊണ്ടുപോയി മതം മാറ്റി നാഗരികരാക്കാമെന്നാണ് അയാൾ ചിന്തിച്ചത്. ചതിയും ബലപ്രയോഗവും അടങ്ങിയ ഈ പദ്ധതി നായാടികളുടെ മനോനിലയെ എപ്രകാരം ബാധിയ്ക്കുമെന്നോ, ഇതിനാൽ അവർക്കുണ്ടാകുന്ന ദോഷങ്ങൾ കണക്കാക്കുവാൻ അയാൾക്കോ മറ്റാർക്കെങ്കിലുമോ സാധിയ്ക്കുമായിരുന്നില്ല. യൂറോപ്പിലും അമേരിക്കയിലും സായിപ്പന്മാർ ഇപ്രകാരം പെരുമാറിയിരുന്നു. യൂറോപ്പിലെ ജിപ്സികൾക്കുമേൽ ക്രിസ്ത്യാനികളായ സായിപ്പന്മാർ ക്രൂരമായ കന്നാക്രമണം നടത്തിയിരുന്നു. കാനഡയിലെ തദ്ദേശ്ശീയർക്കെതിരെ കത്തോലിക്കാ സഭ ഇത്തരം മനുഷ്യത്വരഹിതങ്ങളായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രായശ്ചിത്തമെന്നവണ്ണം പോപ്പ് ഇയടുത്തയിടെ അവിടെച്ചെന്ന് ക്ഷമ യാചിച്ചിരുന്നു.
സംവരണത്തിനുള്ള ന്യായീകരണങ്ങളുടെ മുന ഒടിയ്ക്കുന്നതാണ് ബുക്കാനന്റെ വിവരണം !!
മുകളിൽ വിവരിച്ച നായാടികളുടെ തീർത്തും മോശമായ ജീവിത സാഹചര്യത്തിന് സവർണ്ണഹിന്ദുക്കൾ ഉത്തരവാദികളാണോ !!?? സവർണ്ണഹിന്ദുക്കൾ നായാടികളെ അടിച്ചമർത്തുകയോ, പീഢിപ്പിയ്ക്കുകയോ, പാർശ്വവൽക്കരിയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ബുക്കാനന്റെ വിവരണത്തിൽ നിന്നും മനസ്സിലാക്കാം. കേരളീയ ഹിന്ദു സമൂഹം, ഓരോ ജാതിയ്ക്കും ഉണ്ടായിരുന്ന നന്മകളെയും ന്യൂനതകളെയും അംഗീകരിച്ച്, ഓരോ ജാതികളുടെയും കഴിവുകളെയും പരിമിതികളെയും സ്വഭാവത്തെയും മനസ്സിലാക്കി, അന്യോന്യം interfere ചെയ്യാതെ,അനാവശ്യമായി ഇടപെടലുകൾ നടത്താതെ സഹിഷ്ണുതയോടെ ജീവിച്ചുപോന്നിരുന്നു. സമൂഹത്തിന് യാതൊരു വിധ പ്രയോജനവും ഇല്ലാതിരുന്ന നായാടികളെപ്പോലുള്ള ജാതികളെ കേരളീയ സമൂഹം ഉൾക്കൊണ്ടിരുന്നു. തങ്ങൾക്ക് പ്രയോജനകരമല്ലാത്ത, തങ്ങളുടെ രീതികൾക്ക് വഴങ്ങാത്ത, തങ്ങളുടെ സംസ്കാരത്തിൽ നിന്നും വ്യത്യസ്തത പുലർത്തിയ അമേരിക്കയിലെ റെഡ് ഇന്ത്യൻസിനെ ക്രിസ്ത്യൻ വിശ്വാസികളായ സായിപ്പന്മാർ ഉന്മൂലനം ചെയ്യുകയുണ്ടായി. പക്ഷെ ഭാരതത്തിന്റെ ഭരണ ഉപരിവർഗ്ഗമായ സവർണ്ണഹിന്ദുക്കൾ ഉന്മൂലന സിദ്ധാന്തത്തിന്റെ പക്ഷക്കാരായിരുന്നില്ല.തങ്ങൾ പാലിച്ചു പോന്നിരുന്ന നിയമങ്ങളെ പൂർണ്ണമായും അനുസരിയ്ക്കാതിരുന്നവരെയോ, തങ്ങളുടെ സംസ്കാരത്തെ പൂർണ്ണമായി ഉൾക്കൊള്ളാതിരുന്നവരെയോ, തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കും രീതികൾക്കും അനുസൃതമായി ജീവിയ്ക്കാതിരുന്നവരെയോ, ഇതിനും മീതെ സമൂഹത്തിന് പ്രയോജനകരമല്ലാതിരുന്ന വിഭാഗങ്ങളെയോ, ഇവരെയൊന്നും തന്നെ ഉന്മൂലനം ചെയ്യുന്ന കാര്യം സവർണ്ണഹിന്ദുക്കളുടെ ചിന്തയിൽ പോലും ഉദിച്ചിരുന്നില്ല. (ഇറാക്കിലെ യാസിദികളും, അമേരിക്കയിലെയും കാനഡയിലെയും തദ്ദേശീയരും മുസ്ലീം-ക്രിസ്ത്യൻ മതവിശ്വാസികളിൽ നിന്നും നേരിട്ട ക്രൂരതകൾ ഓർക്കുക). പക്ഷെ സമൂഹത്തിൽ ധർമ്മവിരുദ്ധമായി ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കാതിരിയ്ക്കാനും, ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ നാട്ടുനടപ്പുകളിലൂടെ നിയന്ത്രിയ്ക്കാനും സവർണ്ണഹിന്ദുക്കളായ ഭരണാധികാരികൾ ശ്രദ്ധിച്ചിരുന്നു.
പുലയന്മാർ അടിമകൾ ആയിരുന്നില്ല.
സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായി ഏതെങ്കിലും ഒരു തൊഴിലിൽ ഏർപ്പെട്ട് അച്ചടക്കത്തോടെ അദ്ധ്വാനിച്ച് ജീവിയ്ക്കുക എന്നത് നായാടികളുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നില്ല. ഇതാണ് അവരുടെ ദുഃസ്ഥിതിയ്ക്ക് നിദാനം. ഈ ദുഃസ്ഥിതി അവർ സ്വയം വരുത്തിവച്ചതാണ്. പുലയന്മാർ കാർഷിക വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു. അതിനാൽ ദിവസേനയുള്ള ജീവനാംശം നാട്ടുനടപ്പ് പ്രകാരം അവരുടെ അവകാശമായിരുന്നു. അടിമകൾക്ക് യാതൊരു അവകാശങ്ങളും ഇല്ലെന്ന് ഓർക്കണം ! അവകാശങ്ങൾ ഉണ്ടായിരുന്ന പുലയരെ ഇതിനാൽ അടിമകളായി കണക്കാക്കുവാൻ ആവില്ല. ദിവസേനയുള്ള ജീവനാംശത്തിനും പുറമെ, അവർക്കുണ്ടായിരുന്ന മറ്റ് അവകാശങ്ങളെക്കുറിച്ചും ബുക്കാനൻ വിവരിച്ചിട്ടുണ്ട്. അത് അടുത്ത ഭാഗത്ത് നല്കുകന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738