ആദ്ധ്യാത്മിക പഠനത്തിനായി നായർ സർവീസ് സൊസൈറ്റി പ്രസിദ്ധീകരിച്ച കൈപ്പുസ്തകം ആണ് തമസോ മാ ജ്യോതിർഗമയ. അതിലെ ഉള്ളടക്കവും, പഠനം രസകരമാക്കുവാൻ അതിനെ ആധാരമാക്കിയുള്ള ക്വിസ് പരീക്ഷയും ഇവിടെ കൊടുക്കുന്നു.
സനാതനധർമ്മവും ഹിന്ദുമതവും
സനാതനധർമ്മം എന്നറിയപ്പെട്ടിരുന്ന, ഭാരതീയരുടെ പ്രപഞ്ചദർശനത്തിന് ഏതുകാലംമുതലാണ് ‘ഹിന്ദുമതം’ എന്ന പേര് ലഭിച്ചത് എന്നതിന് കൃത്യമായ രേഖകളൊന്നുമില്ല.
‘ഹിന്ദു’ എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ താഴെച്ചേർക്കുന്നു –
1. പ്രാചീന പേർഷ്യൻഭാഷയിൽ ‘സ’ എന്ന അക്ഷരം ‘ഹ’ എന്നാണുച്ചരിച്ചിരുന്നത്. അങ്ങനെ സിന്ധു, ഹിന്ദു ആയി. തുടർന്ന് ‘സിന്ധുനദീതടവാസികൾ’ ‘ഹിന്ദുക്കൾ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
2. ഹിമാലയത്തിലെ ‘ഹി’ എന്ന അക്ഷരവും ‘ഇന്ദുസരോവര’ ത്തിലെ (ഇന്ത്യൻ മഹാസമുദ്രത്തിലെ) ‘ന്ദു’ വും ചേർന്നാണ് ഹിന്ദു എന്ന പദം ഉണ്ടായതെന്നാണ് മറ്റൊരു പക്ഷം. അങ്ങനെ ആ സേതുഹിമാലയം ഉള്ള ഭൂവിഭാഗത്തിലുള്ളവരെല്ലാം ‘ഹിന്ദു’ക്കൾ എന്ന പേരിൽ അറിയപ്പെട്ടു.
സഹസ്രാബ്ദങ്ങളായി വളർന്നുവികസിച്ച ഭാരതീയ സംസ്കാരത്തെ (പൈതൃകത്തെ) സ്വന്തം ജീവിതദർശനമായി സ്വീകരിച്ചിട്ടുള്ളവരാണ് ഹിന്ദുക്കൾ
“ഒരു ജീവിതരീതിയെന്നല്ലാതെ മറ്റൊരുവിധത്തിലും ഹിന്ദുമതത്തെ വിവരിക്കാൻ സാധ്യമല്ല.” (1966-ലെ ഒരു സുപ്രീംകോടതി വിധി)
“ആദരവോടുകൂടി വേദങ്ങളെ സ്വീകരിക്കുക, മോക്ഷപ്രാപ്തിക്ക് വിവിധ മതങ്ങളുണ്ടെന്നു സമ്മതിക്കുക, ആരാധിക്കേണ്ട ദേവന്മാർ നിരവധിയാണെന്ന സത്യം അംഗീകരിക്കുക ഇതെല്ലാമാണ് മറ്റു മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേർതിരിക്കുന്നത്.” (ലോകമാന്യബാല ഗംഗാധരതിലകൻ)
മറ്റു മതങ്ങൾക്കെല്ലാം ഓരോരോ സ്ഥാപകരും മതഗ്രന്ഥങ്ങളുമുണ്ട്. ഹിന്ദുമതത്തിന് അത്തരമൊരു സ്ഥാപകനോ, ഒരു പ്രത്യേക ഗ്രന്ഥമോ ഇല്ല.
മതത്തിനു വിചാരമെന്നർത്ഥം. കാര്യം, കാരണം ഇവയുടെ സൂക്ഷ്മ സ്വഭാവം മനസ്സിലാക്കി പൂർണ്ണമായും യുക്തിഭദ്രമായും ബോധ്യമാകുന്ന അവിവാണ് മതം.
ജീവജാലങ്ങളെ നിലനിർത്തുന്നത് എന്തൊക്കെയാണോ, അതാണു ധർമ്മം. ലോകസംരക്ഷണത്തിന് ആവശ്യമായ സത്കർമ്മങ്ങൾ ചെയ്യുക, അധർമ്മചിന്തകൾ, നിന്ദ്യകർമ്മങ്ങൾ മുതലായവയിൽനിന്ന് ഒഴിഞ്ഞുനില്ക്കുക, പരമലക്ഷ്യമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുക മുതലായവയാണ് ധർമ്മപദം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങൾ
ആചാര്യന്മാർ ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങളായി നിർദ്ദേശിച്ചിരിക്കുന്നത് നാലുവേദങ്ങൾ, പത്ത് ഉപനിഷത്തുകൾ, ഭഗവദ്ഗീത എന്നിവയാണ്.
വേദങ്ങൾ
ഋഷിമാരാണ് വേദങ്ങളുടെ കർത്താക്കൾ, വേദത്തിന് അറിവ് എന്നർത്ഥം. ശ്രുതി, ആമ്നായം എന്നിവ വേദപര്യായങ്ങളാണ്.
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് നാലു വേദങ്ങൾ.
ഹൈന്ദവചിന്തയുടേയും ഭാരതീയസംസ്കൃതിയുടെയും ആദിമൂലമാണ് വേദങ്ങൾ. ഭാരതീയരുടെ ആത്മീയ-സാധനകളും ദർശനവും ജീവിതവീക്ഷണവും എല്ലാം വേദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞവയാണ്.
ആത്മശുദ്ധിക്ക് ഉതകുന്നതോ, ലോകമംഗളകാരിയോ, ആത്മപ്രചോദകമോ ആയ നിരവധിമന്ത്രങ്ങൾ വേദങ്ങളിൽ ഉണ്ട്.
അഗ്നി, വായു, സൂര്യൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ, വിഷ്ണു, സരസ്വതി മുതലായ ധാരാളം ദേവതകളുടെ ഉപാസനാക്രമങ്ങൾ വേദങ്ങളിൽ കാണാം.
ഉപനിഷത്തുകൾ
വൈദികഋഷികളാണ് ഉപനിഷത്തുകളുടെയും ഉപജ്ഞാതാക്കൾ. ഉപനിഷത്ത് പദത്തിന് പല അർത്ഥങ്ങളുമുണ്ടെങ്കിലും സാമാന്യമായി സ്വീകരിച്ചിരിക്കുന്ന അർത്ഥം ഇങ്ങനെയാണ് – ഗുരുവിന്റെ ഉപ (സമീപത്ത്) നി (താഴെ) സദ് (ഇരുന്ന്) ശ്രദ്ധാപൂർവ്വം പഠിക്കുന്ന ബ്രഹ്മവിദ്യ (ഉപ-നി-സദ്).
വിവിധ വിഷയസംബന്ധികളായ നിരവധി ഉപനിഷത്തുകളുണ്ട്. അവയിൽ ഏറ്റവും പ്രധാപ്പെട്ട പത്തെണ്ണത്തിന്റെ പേരുകൾ താഴെച്ചേർക്കുന്നു –
1. ഈശാവാസ്യം
2. കേനം
3. പ്രശ്നം
4. മുണ്ഡകം
5. മാണ്ഡൂക്യം
6. കഠം
7. തൈത്തിരീയം
8. ഐതരേയം
9. ഛാന്ദോഗ്യം
10. ബൃഹദാരണ്യകം
ബ്രഹ്മത്തിന്റെ സ്വരൂപം, പ്രപഞ്ചരഹസ്യം തുടങ്ങിയ വിഷയങ്ങളാണ് ഉപനിഷത്തുകളിലെ ഉള്ളടക്കം.
ഉപനിഷത്തിന്റെ മറ്റൊരു പേരാണ് വേദാന്തം.
ഭാരതത്തിൽ ഉരുത്തിരിഞ്ഞ എല്ലാ ദർശനങ്ങളുടേയും ആദിധാരകൾ ഉപനിഷത്തുകളാണ്.
നാലു വേദാന്തമഹാവാക്യങ്ങൾ
1. പ്രജ്ഞാനം ബ്രഹ്മ (ഐതരേയം)
പ്രജ്ഞാനം തന്നെയാണ് ബ്രഹ്മം. പ്രജ്ഞാനം = ലോകത്തെ സമസ്തവസ്തുക്കൾക്കും ആധാരമായ ചൈതന്യം.
2. അഹം ബ്രഹ്മാസ്മി (ബൃഹദാരണ്യകം)
ഞാൻ ബ്രഹ്മമാകുന്നു
3. അയം ആത്മാ ബ്രഹ്മ (മാണ്ഡൂക്യം)
ഈ ആത്മാവുതന്നെയാണ് ബ്രഹ്മം
4. തത്ത്വമസി (ഛാന്ദോഗ്യം)
തത് – ത്വം – അസി = അത് (ബ്രഹ്മം) നീ തന്നെയാകുന്നു.
മറ്റു ചില പ്രധാന ഉപനിഷത് വാക്യങ്ങൾ
5. സത്യം വദ ധർമ്മം ചര (തൈത്തരീയം)
സത്യം പറയുക, ധർമ്മം അനുഷ്ഠിക്കുക
6. അസതോമാ സത് ഗമയാ
തമസോമാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയ (ബൃഹദാരണ്യകം)
എന്നെ അസത്തിൽ നിന്ന് സത്തിലേക്ക് നയിക്കുക, എന്നെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കു നയിക്കുക, മൃത്യുവിൽനിന്ന് എന്നെ അമൃതത്തിലേക്കു നയിക്കുക.
7. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത (കഠം)
എഴുന്നേല്ക്കുക, ഉണരുക, വിശിഷ്ടരായ ആചാര്യന്മാരെ പ്രാപിച്ച് ആത്മതത്ത്വത്തെപ്പറ്റി അറിയുവിൻ.
8. സത്യമേവ ജയതേ നാനൃതം (മുണ്ഡകം)
സത്യംതന്നെ ജയിക്കുന്നു, അസത്യം ജയിക്കുന്നില്ല.
നമ്മുടെ കലാലയങ്ങൾ, സർവകലാശാലകൾ, നിയമനിർമ്മാണസഭകൾ, കോടതികൾ തുടങ്ങി പല സ്ഥാപനങ്ങളിലെയും ആദർശവാക്യങ്ങൾ വേദം, ഉപനിഷത്ത്, ഇതിഹാസങ്ങൾ മുതലായവയിൽ നിന്ന് തിരഞ്ഞെടുത്തവയാണ്.
പുരാണങ്ങൾ
ഹിന്ദുമതഗ്രന്ഥങ്ങളിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളവയാണ് പുരാണങ്ങൾ.
പണ്ട് സംഭവിച്ചതോ, മേലിൽ സംഭവിക്കാവുന്നതോ ആയ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവ എന്നാണ് പുരാണങ്ങളുടെ ഒരു നിർവചനം.
പണ്ടു സംഭവിച്ചത് എന്നാണ് മറ്റൊരു നിർവചനം.
യജ്ഞപ്രസാദമായി വേദങ്ങളോടൊപ്പം പുരാണങ്ങളും ഉണ്ടായി എന്ന് അഥർവവേദത്തിലും, പുരാണം വേദമാണെന്ന് ശതപഥബ്രാഹ്മണത്തിലും, പുരാണം പഞ്ചമവേദമാണെന്ന് ഛാന്ദോഗ്യോപനിഷത്തിലും പറഞ്ഞിരിക്കുന്നു.
പുരാണങ്ങളിലെ ബഹുദേവതാസങ്കല്പങ്ങളും അവതാര വിവരണങ്ങളും ത്രിമൂർത്തികളുടെ മാഹാത്മ്യകഥനവും, നാനാതരം സ്തുതികളും എല്ലാം വളരെച്ചുരുക്കി വേദങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങൾ സാധാരണക്കാർക്കുകൂടി മനസ്സിലാക്കാൻ പാകത്തിൽ രസകരമായി വിവരിച്ചിട്ടുള്ളവയാണ് പുരാണങ്ങൾ.
കല, സാഹിത്യം, ഭൂഗോളഖഗോളാദികളുടെ വിവരണം, വിവിധ ശാസ്ത്രങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, വ്രതോപാസനകൾ, രാജാക്കന്മാരുടെയും മറ്റും വംശാവലികൾ മുതലായവയെല്ലാം പുരാണങ്ങളിൽ വിവരിച്ചിട്ടുണ്ട്.
പതിനെട്ടു പുരാണങ്ങളുടേയും കർത്താവ് വേദവ്യാസനാണെന്നാണ് പരമ്പരാഗതവിശ്വാസം.
അഷ്ടാദശ (18) പുരാണങ്ങൾ
1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പത്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. അഗ്നിപുരാണം
9. ഭവിഷ്യപുരാണം
10. ബ്രഹ്മവൈവർത്തപുരാണം
11. ലിംഗപുരാണം
12. വരാഹപുരാണം
13. സ്കന്ദപുരാണം
14. വാമനപുരാണം
15. കൂർമ്മപുരാണം
16. ഗരുഡപുരാണം
17. മത്സ്യപുരാണം
18. ബ്രഹ്മാണ്ഡപുരാണം
ഈ അഷ്ടാദശപുരാണങ്ങൾക്കൊപ്പം അതിപ്രസിദ്ധമായ ദേവീഭാഗവതത്തെയും അഷ്ടാദശമഹാപുരാണങ്ങളിൽ ഒന്നായി പരിഗണിക്കുന്നു. ചില പട്ടികകളിൽ ഭാഗവതം ഉപപുരാണമാണ്.
ഈ പതിനെട്ടു മഹാപുരാണങ്ങളുടെയും സാരം ഒറ്റ ശ്ലോകത്തിൽ താഴെ കൊടുക്കുന്നു –
“പതിനെട്ടുപുരാണത്തിൽ
വ്യാസൻചൊന്നതു രണ്ടുതാൻ
പരോപകാരമേ പുണ്യം
പാപമേ പരപീഡനം.”
ഇതിഹാസങ്ങൾ
ഹിന്ദുമതഗ്രന്ഥങ്ങളിൽ പ്രചുരപ്രചാരം ലഭിച്ചിട്ടുള്ള കൃതികളാണ് ഇതിഹാസങ്ങൾ.
പണ്ടു സംഭവിച്ചതോ മേലിൽ സംഭവിക്കാവുന്നതോ ആയ കാര്യങ്ങളെപ്പറ്റി ധർമ്മോദ്ബോധനാത്മകമായ രീതിയിൽ രസകരങ്ങളായ കഥകളിലൂടെ വിവരിക്കുന്നവയാണ് ഇതിഹാസങ്ങൾ. വേദതത്ത്വങ്ങൾ വളരെ ലളിതമായ രീതികളിൽ ഇതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഇതിഹാസപുരാണങ്ങൾ പഞ്ചമവേദമെന്ന് പ്രശംസിക്കപ്പെടുന്നു.
നമ്മുടെ ഇതിഹാസങ്ങൾ രാമായണവും മഹാഭാരതവുമാണ്.
ശ്രീരാമചരിതമാണ് രാമായണത്തിലെ പ്രമേയം. വാല്മീകിയാണ് ഇതിന്റെ കർത്താവ്. അദ്ദേഹത്തെ ആദികവിയെന്നും, രാമായണത്തെ ആദികാവ്യമെന്നുമാണ് അഭിജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ ഇതിഹാസം ഭാരതമാണ്. വ്യാസനാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. കൌരവരുടേയും, പാണ്ഡവരുടേയും കഥയാണ് ഈ കൃതിയിലെ കേന്ദ്രപ്രമേയം. നളചരിതം, ശാകുന്തളം തുടങ്ങിയ പ്രസിദ്ധ കഥകൾ ഭാരതത്തിലെ ഉപകഥകളിൽ ചിലതാണ്. ഉപനിഷത് സാരസർവ്വസ്വമായ ശ്രീമദ് ഭഗവദ്ഗീത, മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിലാണ് നിബന്ധിച്ചിരിക്കുന്നത്. “യതോ ധർമ്മ സ്തതോ ജയഃ” (ധർമ്മമുള്ളിടത്ത് ജയം ഉണ്ട് ) എന്ന സാർവകാലികപ്രസക്തിയുള്ള വിശിഷ്ടോപദേശം ഭാരതത്തിലുള്ളതാണ്.)
സ്മൃതികൾ
ഹിന്ദുമതത്തിൽ വേദത്തിനു തുല്യം പ്രാധാന്യമുള്ളതാണ് സ്മൃതികൾ. ഓർമ്മിക്കപ്പെട്ടത് എന്നാണ് സ്മൃതിപദത്തിനർത്ഥം. പരമ്പരാഗതമായ ആചാരവ്യവഹാരങ്ങളുടെ സംഹിതയാണ് സ്മൃതി. അതുകൊണ്ട് ഹിന്ദുക്കളുടെ ധർമ്മശാസ്ത്രമെന്നും സ്മൃതികൾക്കു പേരുണ്ട്. ജനനം മുതൽ മരണാനന്തരം വരെയുള്ള കർമ്മങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ നിയമങ്ങൾ മുതലായവ സവിസ്തരം ഈ കൃതികളിൽ വിവരിക്കുന്നു.
നമ്മുടെ സ്മൃതികളിൽ പ്രഥമസ്ഥാനം മനുസ്മൃതിക്കാണ്. പരാശരസ്മൃതി, യാജ്ഞവല്ക്യസ്മൃതി, ആപസ്തംബസ്മൃതി തുടങ്ങിയവായണ് മറ്റു സ്മൃതികൾ.
ശ്രുതിവചനത്തിനു വിപരീതമായി സ്മൃതിയിൽ എന്തെങ്കിലും വിധികളുണ്ടെങ്കിൽ ശ്രുതിപ്രമാണം അംഗീകരിക്കണം, സ്മൃതിവിധികൾ തള്ളിക്കളയണം എന്നാണ് വിധി.
ക്വിസ് (Quiz)
[watupro 7]
99. ചരിത്രം മതം സംസ്കാരം – ഭാഗം 15 || സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided…
