കേരളത്തിൽ സവർണ്ണ ഹിന്ദുക്കളെ, പ്രത്യേകിച്ച് നായന്മാരെ പ്രതിരോധിച്ച് ദുർബലപ്പെടുത്തുവാനും, അവരോടുള്ള വിദ്വേഷം ജ്വലിപ്പിച്ചു നിലനിർത്തുവാനും ഉപയോഗിയ്ക്കുന്ന പ്രചരണായുധങ്ങളിൽ ഒന്നാണ്, നായന്മാർ, ജാതിയുടേയും മതത്തിന്റെയും പേരിൽ മറ്റു വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു എന്നുള്ളത് !!! കേരളത്തിൽ, സവർണ്ണഹിന്ദുക്കൾക്ക് എതിരെ, പ്രത്യേകിച്ച് നായന്മാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി വച്ച ഈ പ്രചാരണം ഏറ്റുപിടിച്ച് അതിന്റെ വക്താക്കളായി മറ്റ് ജാതിഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, കോൺഗ്രസ്സും, ഇടതുപക്ഷവും, വർത്തിയ്ക്കുന്നതായി കാണാം !!! ഈ വാസ്തവികവിരുദ്ധമായ പ്രചാരണത്തെ ഈ തലമുറയിലെ നായർസമുദായാംഗങ്ങൾ പോലും വിശ്വസിച്ച് ഉൾക്കൊണ്ടിട്ടുണ്ട് !! കൂടാതെ, നായർ ജാതി, ബ്രാഹ്മണരുമായി ചേർന്ന് മറ്റു സമുദായങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച അസ്വാതന്ത്ര്യത്തെ തൂത്തെറിഞ്ഞെന്നുള്ള വീമ്പിളക്കൽ നവോത്ഥാന ആഖ്യാനങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് നായർ സമുദായാംഗങ്ങൾ പോലും അറിയാതെ പോകുന്ന സ്ഥിതിവിഷേശമാണ് ഇന്നുള്ളത് !!! ഒരു കാര്യം സുനിശ്ചിതമാണ്. ജാതിയെയും, സവർണ്ണ ഹിന്ദുക്കളേയും, ബ്രാഹ്മണരേയും വിമർശിയ്ക്കുന്നവർ, ഹിന്ദുമതത്തെയാണ് ലക്ഷ്യമിടുന്നത് !! ഹിന്ദുമതത്തിന് യാതൊരു മേന്മയോ നന്മയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, അതിനെ മുച്ചൂടും നശിപ്പിയ്ക്കുവാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ വിമർശനങ്ങൾ !!! നമ്മൾ നായന്മാർ സംഘടിച്ച് ഈ നീക്കങ്ങളെ എതിർത്ത് പരാജയപ്പെടുത്തേണ്ടതുണ്ട് !!
നായന്മാരുടെ സ്വാതന്ത്ര്യ സങ്കല്പം !!!
കേരളത്തിലെ സവർണ്ണഹിന്ദുക്കളുടെ, അതായത് നായന്മാരുടെ സ്വാതന്ത്ര്യ സങ്കല്പം എന്തായിരുന്നെന്ന് ഈ തലമുറയിലെ സമുദായാംഗങ്ങൾ ചിന്തിയ്ക്കുന്നുവോ ആവോ !!?? സമുദായാംഗങ്ങൾ ഇത് മനസ്സിലാക്കിയെങ്കിലേ, ഇതിനെച്ചൊല്ലി സമുദായത്തെ കാര്യമായി ബാധിയ്ക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ തടുക്കുവാൻ ആവുകയുള്ളൂ !! ഇന്ന് നമ്മൾ ആന്തരികവൽക്കരിച്ചിരിയ്ക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ, ക്രിസ്ത്യൻ മതത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ സംസ്കാരത്തിൽ നിന്നും രൂപപ്പെടുത്തപ്പെട്ടവയാണ് !! അതാണ് നമ്മൾ ആദ്യം തിരിച്ചറിയേണ്ടത് !! നിർഭാഗ്യവശാൽ ഈ സ്വാതന്ത്ര്യ സങ്കല്പം ഇന്ത്യൻ ഭരണഘടനയിലും കയറിക്കൂടിയിരിയ്ക്കുന്നു !! ഈ ക്രിസ്ത്യൻ സങ്കല്പം വർത്തമാനകാലത്ത് നമ്മുടെ മേൽ അടിച്ചേൽപ്പിയ്ക്കുകയാണ് ചെയ്യുന്നത് !!! ഇതിനു വിപരീതമായി ഹിന്ദുക്കളായ നമ്മൾ നായന്മാരുടെ, ഭാരതീയ തത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള സ്വാതന്ത്യ സങ്കല്പം എന്തായിരുന്നു !!!??? അതിനെക്കുറിച്ച് അറിയാൻ സഹായിയ്ക്കുന്നതാണ് സ്വാമി വിവേകാനന്ദന്റെ ഈ വിഷയത്തെക്കുറിച്ചുള്ള ചിന്തകൾ.
ഇല്ലാത്ത ഒന്ന് നായന്മാർക്ക് നല്കാനോ നിഷേധിയ്ക്കാനോ സാധിയ്ക്കുമോ !!???
സ്വാമി വിവേകാനന്ദന്റെ ഹിന്ദുമതത്തെയും, അതിന്റെ തത്ത്വചിന്തകളെയും വിശദമാക്കുന്ന ചിന്തകളിൽ നിന്നും ഇഹലോകത്തിൽ ഇല്ലാത്ത ഒന്നാണ് സ്വാതന്ത്ര്യം എന്ന് മനസ്സിലാക്കാം. വിവേകാനന്ദസാഹിത്യസർവ്വസ്വത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമാർശിച്ചിരിയ്ക്കുന്ന പ്രസക്ത ഭാഗം താഴെ കൊടുത്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് അത് വായിയ്ക്കാവുന്നതാണ്. നിയമങ്ങൾ ഉള്ളിടത്ത് സ്വാതന്ത്ര്യം എന്നൊന്നില്ല. ഇഹലോകത്തിൽ നമ്മൾ നിയമങ്ങളാൽ ബന്ധിതമാണ് !! എന്നും എപ്പോഴും !!! എന്തിന്, റോഡിൽക്കൂടി നടന്നുപോകുന്നതിനും, റോഡ് മുറിച്ചു കടക്കുന്നതിനു പോലും നിയമങ്ങൾ ഉണ്ട് !! സ്വാതന്ത്ര്യം ക്രയവിക്രയം ചെയ്യാവുന്നതല്ല !! അത് നല്കുമെന്നോ, അനുവദിയ്ക്കുമെന്നോ വാഗ്ദാനം ചെയ്യുന്ന ഏതൊരു നിയമസംഹിതയും , മത-രാഷ്ട്രീയ ആദർശങ്ങളും പൊള്ളയാണ്, പ്രപഞ്ചനിയമങ്ങൾക്ക് എതിരുമാണ് !!! ഇന്ന് നല്കപ്പെടുന്ന പൊള്ളയായ മത-രാഷ്ട്രീയ വാഗ്ദാനങ്ങൾ മാനദണ്ഡങ്ങളായി കരുതി ജാതിവ്യവസ്ഥയെ അളക്കുന്നതും, അതിലൂടെ മൂല്യാധിഷ്ഠിതമായ സവർണ്ണത്വത്തെ എതിർക്കുന്നതും സമൂഹത്തിന് ഒരിക്കലും ഗുണം ചെയ്യുകയില്ല ! മറിച്ച് ദോഷകരമായി ഭവിയ്ക്കുന്നതും കാണാം !! ദിവസേനയുള്ള മാദ്ധ്യമ വാർത്തകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാം !! ഒരു കാര്യം ഇവിടെ വ്യക്തമാണ് . നായന്മാർ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിയ്ക്കുവാനോ, അജ്ഞരായവരെ സ്വാതന്ത്ര്യം വാങ്ങി നല്കാമെന്ന് പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യുവാനോ തുനിഞ്ഞില്ല. വ്യർത്ഥങ്ങളായ അത്തരം സാഹസങ്ങൾക്ക് അവർ മുതിർന്നതേയില്ല !!!
ജനാധിപത്യം ഉത്ക്കൃഷ്ടമായ ഒരു ഭരണവ്യവസ്ഥയാണോ !!??
ജനാധിപത്യ വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണല്ലോ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭാവനകൾക്ക് ചിറകു വിരിഞ്ഞത് !! വേദങ്ങളും ഉപനിഷത്തുകളും വിധിയാംവണ്ണം അഭ്യസിച്ച് ഇന്ദ്രിയ-മനോ ജയം സിദ്ധിച്ച ധാർമ്മികനായ രാജാവിനെ അപേക്ഷിച്ചു നോക്കുമ്പോൾ ജനാധിപത്യം അത്ര ഉത്ക്കൃഷ്ടമായ ഭരണ വ്യവസ്ഥയൊന്നും അല്ല !!! ജനാധിപത്യം ശ്രേഷ്ഠമായ ഒരു ഭരണവ്യവസ്ഥയാണെന്ന് തത്വചിന്തകന്മാർ അഭിപ്രായപ്പെട്ടില്ലില്ല !! ജനാധിപത്യത്തെ സംശയത്തോടെയേ അവർ വീക്ഷിച്ചിട്ടുള്ളൂ !!! ഒരു വോട്ടിനുവേണ്ടി മാത്രം എല്ലാ നന്മകളും കളഞ്ഞുകുളിയ്ക്കുന്ന ഒരു ജനതയായിത്തീർന്നു നാം…..
സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് !!!
Quote : Swami Vivekanandan :- “കർമ്മം എന്ന പദത്തിൽ പ്രവൃത്തി (ചെയ്യപ്പെടുന്നത്) എന്നർത്ഥത്തിനു പുറമെ, മനഃശാസ്ത്രപരമായ കാരണത്വം (നിമിത്തം) എന്ന അർത്ഥം കൂടി അന്തർഭവിച്ചിട്ടുണ്ട്. ഫലത്തെ ജനിപ്പിയ്ക്കുന്ന ഏതു പ്രവൃത്തിയും വിചാരവും, കർമ്മമാകുന്നു. അങ്ങനെ, കർമ്മനിയമം എന്നുള്ളതിന് നിമിത്തനിയമം – അനിവാര്യമായ കാരണകാര്യപാരമ്പര്യ നിയമം – എന്നർത്ഥമാകുന്നു. എവിടെയെങ്കിലും കാരണമുണ്ടായാൽ അവിടെ കാര്യവും ഉണ്ടായേ തീരൂ: ഇതു തടുക്കാവുന്നതല്ല. കർമ്മത്തെ സംബന്ധിച്ച ഈ നിയമം നമ്മുടെ തത്ത്വശാസ്ത്രപ്രകാരം ജഗത്തു മുഴുവൻ വ്യാപിച്ചിരിക്കുന്നു. നാം ഏതുമൊന്നു കാണുകയോ വിചാരിക്കുകയോ ചേഷ്ടിയ്ക്കുകയോ ചെയ്താൽ, ജഗത്തിലെവിടെയെങ്കിലും എന്തെങ്കിലും ഒരു പ്രവൃത്തിയുണ്ടായാൽ, അത് ഒരു പൂർവ്വകർമ്മത്തിന്റെ ഫലമാകുന്നു : മാത്രമല്ല, ഇവിടെ ഫലരൂപമായ ആ പ്രവൃത്തി മറ്റൊന്നിന്റെ കാരണമാവുകയും, ആ വഴിക്ക് അതിന്റെ സ്വന്തം ഫലത്തെ ജനിപ്പിക്കയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ ഇതോടു ചേർത്ത് ‘നിയമം’ എന്നാൽ എന്ത് എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.
ഒരു പരമ്പരയ്ക്കു സ്വയം ആവർത്തിയ്ക്കാനുള്ള പ്രവണതയാകുന്നു നിയമം. ഒരു സംഭവത്തെത്തുടർന്ന് മറ്റൊന്ന് ഉണ്ടാകുന്നതായോ, അതല്ലെങ്കിൽ രണ്ടു സംഭവങ്ങളും ഓരേ കാലത്തു നടക്കുന്നതായോ കാണുമ്പോൾ, ആ പൗർവ്വാപര്യമോ സാഹചര്യമോ എപ്പോഴും അതുപോലെ ആവർത്തിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. ഈ നിയമത്തിന് ‘വ്യാപ്തി’ എന്നാണ് പ്രാചീന നൈയായികന്മാർ പേരിട്ടിരിയ്ക്കുന്നത്. നിയമത്തെ സംബന്ധിച്ച നാമ്മുടെ ആശയങ്ങളെല്ലാം സാഹചര്യത്തിൽ നിലകൊള്ളുന്നുവെന്നത്രേ അവരുടെ മതം. ഒരുകൂട്ടം സംഭവങ്ങൾ മറ്റു വസ്തുക്കളുടെയോ വസ്തുതകളുടേയോ സന്തതസഹചാരികളായി ഒരു നിയതക്രമത്തിൽ നമ്മുടെ മനസ്സിൽ ആവർഭവിയ്ക്കുന്നു: ആ ക്രമത്തിന്റെ അഭേദ്യത ഹേതുവായി, വല്ലപ്പോഴും നമുക്കുണ്ടാകുന്ന ഏതനുഭവത്തേയും ഉടനെ മനസ്സിലൂള്ള മറ്റു വസ്തുക്കളുമായി ചേർത്തുനോക്കുന്നു. ഏതെങ്കിലും ഒരാശയം, അഥവാ ഭാരതീയമനഃശാസ്ത്രരീത്യാ പറഞ്ഞാൽ, ചിത്തസരസ്സിലുണ്ടാകുന്ന ഒരു തരംഗം (വൃത്തി), അതേ മാതിരിയുള്ള അനേകം തരംഗങ്ങളെ ആവശ്യം ഉദ്ഭവിപ്പിയ്ക്കും. ഇതാണ് മനഃശാസ്ത്രപരമായ സാഹചര്യസിദ്ധാന്തം. മഹത്തും സർവ്വവ്യാപകവുമായ ഈ സാഹചര്യസിദ്ധാന്തത്തിന്റെ ഒരു ഭാഗം മാത്രമാണ് നിമിത്തനിയമം (Causation). സാഹചര്യനിയമത്തിന്റെ സർവ്വവ്യാപകത്വത്തെയാകുന്നു സംസ്കൃതത്തിൽ ‘വ്യാപ്തി’ എന്നു പറയുന്നത്.
നിയമം എന്ന ആശയം മാനസികലോകത്തെ സംബന്ധിച്ച് ഏതുവിധമോ, അതേവിധംതന്നെയാകുന്നു ബാഹ്യലോകത്തെ സംബന്ധിച്ചും. അതായത് ഒരു പ്രത്യേക സംഭവമോ ദൃശ്യമോ ഉണ്ടാകുമെന്നും, ആ പരമ്പര അതേ രീതിയിൽ ആവർത്തിക്കുമെന്നുമുള്ള പ്രതീക്ഷ. അതിനാൽ യഥാർത്ഥം ആലോചിക്കുമ്പോൾ, നിയമം ബാഹ്യപ്രപഞ്ചത്തിലല്ല ഇരിക്കുന്നത്. ആകർഷണനിയമം (Gravitation) ഭൂമിയിൽ ഇരിക്കുന്നുവെന്നോ, അഥവാ ഏതെങ്കിലും നിയമം പ്രകൃതിയിൽ എവിടെയങ്കിലും വസ്തുനിഷ്ഠമായിരിക്കുന്നുവെന്നോ പറയുന്നത് ഒരു പ്രമാദമാകുന്നു. നിയമം എന്ന ആശയമാകെ മനുഷ്യമനസ്സിലാണുള്ളത്. സംഭവപരമ്പരയെ മനസ്സ് ഉൾക്കൊള്ളുന്ന രീതിയെ, മുറയെ, ആകുന്നു നിയമം എന്നു പറയുന്നത്. ചില സംഭവങ്ങൾ മുമ്പുപിമ്പായോ ഏക കാലത്തോ നടക്കുകയും, തുടർന്ന് അവയുടെ ക്രമത്തെ സംബന്ധിച്ച് നമുക്കുറപ്പുണ്ടാവുകയും, അങ്ങിനെ, ആ സംഭവപരമ്പരയുടെയാകെ ആവിർഭാവരീതിയെ ഗ്രഹിക്കാൻ നമ്മുടെ മനസ്സിനു കഴിവുണ്ടാവുകയും ചെയ്യുന്നതിനെയാണ് നിയമം എന്നു പറയുന്നത്.
നിയമം സാർവ്വത്രികമാകുന്നു എന്നു പറയുന്നതിന്റെ താല്പര്യമെന്തെന്നാണ് ഇനി പര്യാലോചിക്കാനുള്ളത്. ഭാരതീയരുടേയും പാശ്ചാത്യരുടെയും മനഃശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ദേശം, കാലം, നിമിത്തം എന്നീ ഉപാധികളാൽ, വിശിഷ്ടമായ സത്തയുടെ ആ അംശമാകുന്നു നമ്മുടെ ജഗത്ത്. ഈ ജഗത്തിൽ, ദേശകാലനിമിത്തങ്ങൾ ചേർന്ന ഒരു പ്രത്യേക മൂശയിൽ കരുപ്പിടിപ്പിച്ചിട്ടുള്ള അനന്തസത്തയുടെ ഏകാംശംമാത്രം. ദേശകാലനിമിത്തങ്ങളാകുന്ന ഉപാധികളിൽ ഒതുങ്ങിയ ജഗത്തിനുള്ളിൽ മാത്രമേ നിയമത്തിനു പ്രവർത്തിക്കുവാനാവൂ എന്ന് മുകളിൽ പറഞ്ഞതിൽനിന്നു സിദ്ധിച്ചു. അതിന്നപ്പുറം നിയമം ഉണ്ടായിരിക്കാൻ നിവൃത്തിയില്ല. നമ്മടെ മനസ്സുകൊണ്ടു പരിമിതമാക്കിയ സത്താംശത്തെമാത്രം ഉദ്ദേശിച്ചാണ് നാം ജഗത്ത് എന്നു പറയുന്നത് – അതായത്, നമുക്കു കാണാനും, കേൾക്കാനും, തൊടാനും, സങ്കല്പിക്കാനും കഴിവുള്ള ഇന്ദ്രിയഗോചരമായ ഈ ലോകം. ഇതു മാത്രമേ നിയമാധീനമായിരിക്കുന്നുള്ളൂ. അതിന്നപ്പുറത്തുള്ള സത്ത നിമയാധീനമായിരിക്കാൻ നിവൃത്തിയില്ല. എന്തെന്നാൽ മനോവിഷയമായ ലോകത്തിനപ്പുറത്ത് കാര്യകാരണ നിയമമില്ല. ഇന്ദ്രീയാതീതമായ മേഖലയിൽ മാനസികധർമ്മമായ വസ്തു സാഹചര്യമില്ല : സാഹചര്യമില്ലാതെ നിമിത്തോപാധിയില്ല. അതിനാൽ, മനസ്സിന്റേയും ഇന്ദ്രിയങ്ങളുടേയും പ്രവർത്തനപരിധിക്കപ്പുറമുള്ളതൊന്നും നിമിത്തനിയമത്താൽ (മനഃശാസ്ത്രപരമായ കാരണത്വം) ബദ്ധമല്ല. സത്ത നാമരൂപാത്മകമായി മാറുമ്പോൾ മാത്രമേ നിമിത്തനിയമത്തെ അനുസരിക്കയും അതിന്നധീനമാകയും ചെയ്യുന്നുള്ളൂ. എന്തെന്നാൽ, നിയമങ്ങളുടെയെല്ലാം മർമ്മഭാഗം നിമിത്തത്തിലാണടങ്ങിയിരിക്കുന്നത്.
ഇത്രയും പറഞ്ഞതിൽനിന്ന് സ്വതന്ത്രമായ ഇച്ഛ (Will) എന്നൊന്നുണ്ടാവാൻ വയ്യെന്ന് ഉടനടി നമുക്കു മനസ്സിലാകുന്നു. ആ വാക്കുകൾ (സ്വതന്ത്രമായ ഇച്ഛ) അന്യോന്യവിരുദ്ധങ്ങളാകുന്നു. കാരണം, ഇച്ഛ നമ്മുടെ അറിവിൽപ്പെടുന്ന വസ്തുവാകുന്നു: നമ്മുടെ അറിവിൽപ്പെടുന്നതെല്ലാം ജഗത്തിലുൾപ്പെടുന്നതും, ജഗത്തിലുൾപ്പെടുന്നതെല്ലാം ദേശകാലനിമിത്തോപാധികളിൽ വാർക്കപ്പെട്ടതുമാകുന്നു. നമ്മുടെ അറിവിനു വിഷയമാകുന്നതോ ആകാവുന്നതോ ആയ ഏതൊന്നും നിമിത്ത നിയമത്തിന്നധീനമായിരിക്കണം. നിമിത്തനിയമത്തെ അനുസരിക്കുന്ന ഒന്ന് സ്വതന്ത്രമായിരിക്കാൻ വയ്യ. അതിന്മേൽ മറ്റു കാരണങ്ങൾ പ്രവർത്തിക്കയും അതുതന്നെ പിന്നീട് മറ്റൊന്നിന്റെ കാരണമാവുകയും ചെയ്യുന്നു. എന്നാൽ ഇച്ഛയായി മാറിയിരിക്കുന്നതോ, മുമ്പ് ഇച്ഛയല്ലാതിരുന്നതും പിന്നീട് ദേശകാലോപാധികളിൽപ്പെട്ട് മനുഷ്യന്റെ ഇച്ഛാശക്തിയായിത്തീർന്നതുമായ വസ്തു ഏതോ, അതു സ്വതന്ത്രമാകുന്നു. ഈ ഇച്ഛ ദേശകാലനിമിത്തോപാധികൾക്കു പുറമെ പോകുമ്പോൾ അതു വീണ്ടും സ്വതന്ത്രമാവുകയും ചെയ്യും. അത് സ്വാതന്ത്ര്യത്തിൽനിന്നു വരുന്നു : ഈ ബന്ധനരൂപത്തിൽ നിലകൊള്ളുന്നു: ഈ ബന്ധനരൂപത്തിൽ വർത്തിച്ചിട്ട് വീണ്ടും സ്വാതന്ത്ര്യത്തിലേയ്ക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു.
ഈ ജഗത്ത് ആരിൽനിന്നുണ്ടായി, ആരിൽ സ്ഥിതിചെയ്യുന്നു, ആരിൽ വിലയിക്കുന്നു എന്നുള്ള പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് സ്വാതന്ത്ര്യത്തിൽനിന്നുണ്ടായി, ബന്ധനത്തിൽ സ്ഥിതിചെയ്യുന്നു, സ്വതന്ത്ര്യത്തിലേയ്ക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്യുന്നു എന്ന് അതിനുത്തരവും നല്കപ്പെട്ടിട്ടുണ്ട്. അതിനാൽ സ്വയം അഭിവ്യക്തമാകുന്ന ആ അനന്തസത്തയിൽനിന്നു ഭിന്നനല്ല മനുഷ്യൻ എന്നു പറയുമ്പോൾ ആ സത്തയുടെ വളരെ ചെറിയ ഒരംശം മാത്രമാണ് മനുഷ്യൻ എന്നത്രേ ഉദ്ദേശിക്കുന്നത്. നാം കാണുന്ന ഈ ദേഹവും മനസ്സും ആ പൂർണ്ണത്തിന്റെ ഒരു ഭാഗം, ആ അനന്തസത്തയുടെ ഒരു ലേശാംശംമാത്രം. ഈ ജഗത്താകെക്കൂടി ആ അനന്തസത്തയുടെ അത്യല്പമായ ഒരു കണം മാത്രം. നമ്മുടെ നിയമങ്ങളും ബന്ധങ്ങളും, നമ്മുടെ സന്തോഷങ്ങളും സന്താപങ്ങളും, നമ്മുടെ സൗഖ്യങ്ങളും പ്രതീക്ഷകളും എല്ലാം ഈ ചെറിയ ജഗത്തിനുള്ളിൽ. നമ്മുടെ പുരോഗമനവും പാർശ്വഗമനവും എല്ലാം അതിന്റെ പരിമിതമായ പരിധിക്കുള്ളിൽ മാത്രം.
വസ്തുസ്ഥിതി ഇതായിരിക്കെ, ഈ ജഗത്ത് – നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണിത് – തുടർന്നു നിലനില്ക്കുമെന്നു പ്രതീക്ഷിക്കുന്നതും, (മരണാനന്തരം) സ്വർഗ്ഗത്തിൽ – അതു നാം അറിയുന്ന ഈ ലോകത്തിന്റെ പകർപ്പാകാനേ നിവൃത്തിയുള്ളൂ – പോകാമെന്നാശിക്കുന്നതും എത്ര ബാലിശമാണെന്നു കാണാമല്ലോ. അനന്തസത്ത മുഴുവനേയും നമുക്കറിവുള്ള ഈ പരിമിതവും സോപാധികവുമായ സത്താംശത്തോട് അനുരൂപമാക്കാനുള്ള, കേവലം ബാലിശമായ, ഒരസാദ്ധ്യാഭിലാഷമാണതെന്നു വ്യക്തമാകുന്നു. ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ വിഷയങ്ങൾ വീണ്ടും ലഭിക്കണമെന്ന് മനുഷ്യൻ ആഗ്രഹിക്കുമ്പോൾ, അഥവാ ഞാൻ ചിലപ്പോൾ പറയാറുള്ളതുപോലെ, ‘അനായാസമായ’ ഒരു മതത്തിനുവേണ്ടി അയാൾ അഭിലഷിക്കുമ്പോൾ, ആ മനുഷ്യൻ തന്റെ താല്ക്കാലികാവസ്ഥയേക്കാൾ ഉത്കൃഷ്ടമായ യാതൊന്നിനെക്കുറിച്ചും ചിന്തിക്കാനേ കഴിവില്ലാത്തവിധം അത്ര അധഃപതിച്ചിരിക്കുന്നുവെന്ന് അനുമാനിച്ചുകൊള്ളുക. അയാൾ തന്റെ തല്ക്കാലത്തെ ക്ഷുദ്രപരിതഃസ്ഥിതികളുമായി സാത്മ്യം പ്രാപിച്ചിരിക്കുന്നു. തന്റെ അഖണ്ഡരൂപത്തെ വിസ്മരിച്ചിരിക്കുന്നു. അയാളുടെ മാനസികവ്യാപാരങ്ങൾ മുഴുവൻ തല്ക്കാലികവും ക്ഷുദ്രവുമായ സന്തോഷസന്താപങ്ങളിലും ഉൾപ്പോരുകളിലും ഒതുങ്ങി നില്ക്കുന്നു. അയാളുടെ ദൃഷ്ടിയിൽ ഈ പരിമിതലോകം തന്നെ അപരിമിതമാണ്. മാത്രമല്ല, ഈ മൂഢവിചാരം അയാൾ തീരെ കൈവിടുകയുമില്ല. അയാൾ തൃഷ്ണയെ – ബുദ്ധമതക്കാർ ‘തൺഹ’ എന്നും ‘തിസ്സ’ എന്നും പറയുന്ന ‘ജീവിപ്പാനുള്ള ദാഹത്തെ’ – മുറുകെപ്പിടിച്ചിരിക്കുന്നു. നമുക്കു പരിചിതമായ ഈ ചെറിയ ജഗത്തിനപ്പുറം വ്യാപരിക്കുന്നവയായ ലക്ഷോപലക്ഷംതരം ജീവികളും സൗഖ്യങ്ങളും നിയമങ്ങളും പുരോഗതിയും നിമിത്തവും ഒക്കെ ഉണ്ടായിരിക്കാം : ഇത്രയൊക്കെയായാലും, അവയെല്ലാം കൂടിച്ചേർന്നാലും, നമ്മുടെ അനന്തസത്തയുടെ ഒരംശംമാത്രമേ ആകയുള്ളൂ.
സ്വാതന്ത്ര്യം നേടുവാൻ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. അത് ജഗത്തിനുള്ളിൽ കണ്ടെത്താവതല്ല. പരിപൂർണ്ണമായ സമതാവസ്ഥ – അഥവാ ക്രിസ്ത്യാനികൾ പറയുന്നതുപോലെ ഗ്രഹണാതീതമായ ആ ശാന്തി – ഈ ലോകത്തിലോ സ്വർഗ്ഗലോകത്തിലോ ലഭ്യമല്ല: മനസ്സിനോ വിചാരങ്ങൾക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങൾക്കു വ്യാപരിക്കാവുന്നതോ, ഭാവനാശക്തിക്കു സങ്കല്പിക്കാവുന്നതോ ആയ ഒരു സ്ഥലത്തും അതു ലഭ്യമല്ല. അത്തരം പ്രദേശങ്ങളൊന്നും ആ സ്വാതന്ത്ര്യത്തെ തരുവാൻ സമർത്ഥങ്ങളല്ല: എന്തെന്നാൽ, അവയെല്ലാം ദേശകാല നിമിത്താധീനമായ ഈ ജഗത്തിൽപ്പെട്ടതാകുന്നു. നമ്മുടെ ഈ ഭൂമിയേക്കാൾ സൂക്ഷ്മതരങ്ങളായ ലോകങ്ങൾ വെറെയുണ്ടാവാം: അവിടെ സുഖാനുഭവങ്ങൾ കുറേക്കൂടി തീക്ഷ്ണമാവാം. എന്നാൽ, ആ പ്രദേശങ്ങളും ജഗത്തിലുൾപ്പെടുന്നതും അതിനാൽ നിയമബദ്ധങ്ങളുമാകുന്നു. അതുകൊണ്ട് നമുക്ക് അവയേയും അതിലംഘിച്ചു പോകേണ്ടിയിരിക്കുന്നു. ഈ ചെറുലോകം അവസാനിക്കുന്നിടത്താണ് യാഥാർത്ഥ മതം ആരംഭിക്കുന്നത് : ഈ ക്ഷുദ്രസുഖങ്ങളും ദുഃഖങ്ങളും വിഷയ ജ്ഞാനവും അവിടെ അവസാനിച്ച്, സത്യമായിട്ടുള്ളത് ആരംഭിക്കുന്നു. ജീവിതതൃഷ്ണ, ക്ഷണികവും സോപാധികവുമായ ഈ ജീവിതത്തോടുള്ള പ്രബലാസക്തി, ഉപേക്ഷിക്കാത്തിടത്തോളം ഇതിനപ്പുറത്തുള്ള അനന്തമായ സ്വാതന്ത്ര്യത്തിന്റെ ഒരു നിമിഷദർശനംപോലും നമുക്ക് ആശിക്കാവുന്നതല്ല. അതിനാൽ മനുഷ്യവർഗ്ഗത്തിന്റെ പരമോത്ക്കൃഷ്ടങ്ങളായ അഭിലാഷങ്ങളുടെയെല്ലാം ലക്ഷ്യമായ ആ സ്വാതന്ത്ര്യപദത്തിലെത്തുവാൻ ഒരു വഴിയേയുള്ളൂ: ഈ കൊച്ചു ജീവിതത്തെ ത്യജിക്കണം, സ്വർഗ്ഗത്തെ ത്യജിക്കണം: ശരീരത്തെ ത്യജിക്കണം: മനസ്സിനെ ത്യജിക്കണം: എന്നുവേണ്ട, ചുരുക്കത്തിൽ പരിമിതവും സോപാധികവുമായ എല്ലാറ്റിനേയും ത്യജിക്കണം, ഇതു യുക്തിസിദ്ധമാണ്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും വിഷയമായ ഈ ചെറിയ ലോകത്തോടുള്ള സക്തി പരിത്യജിക്കാമെങ്കിൽ ആ നിമിഷത്തിൽ നാം സ്വതന്ത്രരാകും. ബന്ധനത്തിൽനിന്നു പുറത്തുകടക്കാനുള്ള ഏക മാർഗ്ഗം നിയമോപാധികൾക്ക് അപ്പുറം പോവുകയാകുന്നു, നിമിത്തത്തെ അതിക്രമിക്കുകയാകുന്നു.
എന്നാൽ, ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിർക്കേ അതു സാദ്ധ്യമാകുന്നുള്ളൂ. അതിനു രണ്ടു വഴികൾ നമ്മുടെ ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട് : ഒന്ന്, ‘നേതി’, ‘നേതി’ (ഇതല്ല, ഇതല്ല): മറ്റേത് ‘ഇതി’, ‘ഇതി’ (ഇതുതന്നെ, ഇതുതന്നെ): ആദ്യത്തേത് ബാധകമാർഗ്ഗം, രണ്ടാമത്തേത് സാധകമാർഗ്ഗം. ബാധകമാർഗ്ഗം അത്യന്തം പ്രയാസമുള്ളതാണ്. അത് സമുന്നതവും അന്യാദൃശവുമായ മനക്കരുത്തും ഗംഭീരമായ ഇച്ഛാശക്തിയും ഉള്ളവർക്കുമാത്രം സാദ്ധ്യമാകുന്നു. അവർ എഴുന്നേറ്റുനിന്ന് “ഇതെനിക്കു വേണ്ട” എന്നു പറഞ്ഞാൽ അവരുടെ മനസ്സും ദേഹവും അവരുടെ ശാസനത്തെ അനുസരിക്കും: അവർ വിജയികളാകുകയും ചെയ്യും. എന്നാൽ അത്തരക്കാർ വളരെ ദുർല്ലഭം.
ബഹുഭൂരിപക്ഷം ജനങ്ങളും സാധകമാർഗ്ഗം – ലൗകിക ജീവതത്തെ സ്വീകരിച്ചുകൊണ്ടുള്ള, ബന്ധങ്ങളെ ഛേദിക്കാനായി ആ ബന്ധങ്ങളെത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള, വഴി – പിന്തുടരുന്നു. ഇതും ഒരുമാതിരി പരിത്യാഗം തന്നെ. സാവധാനത്തിലും ക്രമേണയും നടത്തപ്പെടുന്നതെന്നുമാത്രം. ഈ മാർഗ്ഗത്തിൽക്കൂടി പോകുന്നവർ വിഷയങ്ങളെ ആസ്വദിച്ചും അവയുമായി അനുഭവപരിചയം നേടിയും വസ്തുക്കളുടെ തത്ത്വബോധം വന്ന് ഒടുവിൽ എല്ലാറ്റിനേയും ഉപേക്ഷിച്ചു നിസ്സംഗന്മാരാകുന്നു. നിസ്സംഗത്വപ്രാപ്തിക്ക് ഒന്നാമത്തേത് യുക്തിവിചാരത്തിന്റെ വഴിയും രണ്ടാമത്തേതു കർമ്മങ്ങളിലും ഫലാനുഭവങ്ങളിലും കൂടിയുള്ള വഴിയും ആകുന്നു. ആദ്യത്തേതു ജ്ഞാനയോഗം: കർമ്മത്തിലൊന്നും ഏർപ്പെടാതിരിക്കുകയാണ് അതിന്റെ പ്രത്യേകത. (കർമ്മണാ ബധ്യതേ ജന്തുർവിദ്യയാ തു വിമുച്യതേ, തസ്മാത് കർമ്മ ന കുർവന്തി യതയഃ പാരദർശിനഃ (മ.ഭാ.ശാ. 240.7) – ജീവൻ കർമ്മംകൊണ്ടു ബദ്ധനാകുന്നു. വിദ്യകൊണ്ടാകട്ടെ വിമുക്തനുമാകുന്നു. അതുകൊണ്ട് സംസാരസാഗരത്തിന്റെ മറുകര കാണുന്ന യതികൾ കർമ്മം ചെയ്യുന്നില്ല)
രണ്ടാമത്തേതു കർമ്മയോഗം: അതിൽ കർമ്മത്തിൽനിന്നു വിരമിക്കലെന്നുള്ളതില്ല. ജഗത്തിൽ എല്ലാവരും കർമ്മം ചെയ്യേണ്ടതുണ്ട്. ആത്മാവിൽത്തന്നെ പൂർണ്ണമായി രമിക്കുന്നവരും ആത്മാവൊഴിച്ചൊന്നിലും അഭിലാഷമില്ലാത്തവരും ആത്മഭിന്നമായ ഒന്നിലും മനസ്സു ചെല്ലാത്തവരും സർവ്വവും ആത്മാവുമാത്രമായിട്ടുള്ളവരുമായ അപൂർവ്വ വ്യക്തികൾമാത്രം കർമ്മം ചെയ്യുന്നില്ല.(യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ, ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ. (ഗീത. 3. 17) – ആത്മജ്ഞാനനിഷ്ഠനായ ആരാണോ ആത്മാവിൽത്തന്നെ രമിക്കുന്നത് (വിഷയങ്ങളിലല്ല), ആത്മാവിനെക്കൊണ്ടുമാത്രം തൃപ്തിപ്പെടുന്നത് (അന്നപാനങ്ങൾ കൊണ്ടല്ല) ആത്മാവിനെക്കൊണ്ടുതന്നെ സന്തോഷിച്ചു തികച്ചും നിഷ്കാമനായിരിക്കുന്നത് , അയാൾക്കു ചെയ്യേണ്ടതായിട്ടൊന്നുമില്ല). ബാക്കിയെല്ലാവരും കർമ്മം ചെയ്തേ തീരൂ.
താനേ പാഞ്ഞൊഴുകുന്ന ഒരു സരിത്ത് ഒരു തടത്തിൽവീണ് ചുഴലിയായിത്തീരുന്നു: കുറച്ചു സമയം അവിടെക്കിടന്നു ചുറ്റിയിട്ട് പുറത്തേയ്ക്കു കടന്നു വീണ്ടും തടവില്ലാതെ സ്വതന്ത്രമായൊഴുകുന്നു. ആ ഒഴുക്കുപോലെയാകുന്നു ഓരോ മനുഷ്യജീവിതവും. അതു ചുഴലിയിൽ അകപ്പെടുന്നു, ദേശകാലനിമിത്തമയമായ ലോകത്തിൽ കുടുങ്ങുന്നു: ‘എന്റെ അച്ഛൻ, എന്റെ സഹോദരൻ, എന്റെ സത്പേര്, എന്റെ പ്രശസ്തി’ എന്നെല്ലാം ആർത്തുവിളിച്ചുകൊണ്ട് കുറേ സമയം ചുറ്റിത്തിരിയുന്നു. ഒടുവിൽ, അതിൽ നിന്നു പുറത്തുകടന്ന് പൂർവ്വസ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നു. ജഗത്തു മുഴുവൻ അതാണ് ചെയ്യുന്നത്. അതു നാം അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, അതിനെക്കുറിച്ചു നാം ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും ഈ ജീവിതസ്വപ്നത്തിൽനിന്നും മോചിക്കുവാനാണ് നാമെല്ലാം കർമ്മത്തിലേർപ്പെട്ടിരിക്കുന്നത് : മനുഷ്യന് ലോകത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം അവനെ ഈ ജീവിതച്ചുഴലിയിൽ നിന്നു പുറത്തുകടക്കുന്നതിനു പ്രാപ്തനാക്കാനുള്ളവയാകുന്നു.
കർമ്മയോഗമെന്നാൽ എന്ത് ? കർമ്മരഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം. ലോകം മുഴുവൻ കർമ്മം ചെയ്യുന്നതായി കാണുന്നു. എന്തിനുവേണ്ടി ? മുക്തിക്കുവേണ്ടി, സ്വതന്ത്ര്യത്തിനുവേണ്ടി. പരമാണു മുതൽ പരമോത്ക്കൃഷ്ടൻവരെ എല്ലാം ഒരേ കാര്യത്തെ ലക്ഷ്യീകരിച്ചു കർമ്മം ചെയ്യുന്നു : സ്വാതന്ത്ര്യം – മനസ്സിനു സ്വാതന്ത്ര്യം, ശരീരത്തിനു സ്വാതന്ത്ര്യം, ആത്മാവിനും സ്വാതന്ത്ര്യം – ഇതിനുവേണ്ടി, ജഗത്തിലുള്ള എല്ലാ വസ്തുക്കളും ഏതു സമയത്തും മോക്ഷം സമ്പാദിക്കാൻ യത്നിച്ചുകൊണ്ടിരിക്കുന്നു. ബന്ധനത്തിൽ നിന്ന് ഓടിയകന്നുകൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളും എല്ലാം ബന്ധനത്തിൽ നിന്ന് ഓടിപ്പോകാനാണ് ശ്രമിക്കുന്നത്. കേന്ദ്രാഭിമുഖമായും കേന്ദ്ര വിമുഖമായും പ്രവർത്തിക്കുന്ന രണ്ടു പ്രകൃതിശക്തികളും ജഗത്തിന്റെ ലക്ഷണങ്ങളാകുന്നു. ………. ഈ ലോകം അഞ്ചുനിമിഷത്തെ കാര്യമാണെന്നും, അതു നമുക്കു കടന്നുപോകാനുള്ള ഒരു താവളം മാത്രമാണെന്നും, സ്വാതന്ത്ര്യം ഇവിടെയില്ല ഇതിനപ്പുറത്തേ ഉള്ളൂവെന്നും കർമ്മയോഗം നമ്മെ ബോധ്യപ്പെടുത്തുന്നു. ലോകത്തിലെ ബന്ധനങ്ങളിൽനിന്നു പുറത്തുകടക്കാനുള്ള വഴി കണ്ടുപിടിക്കുവാൻ നാം പതുക്കെ, പതറാതെ അതിൽക്കൂടി യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ………….
………………. സദാ കർമ്മനിരതായ വിധാതാവ് ഈശ്വരനാകുന്നു. സർവ്വശക്തികളും അവന്റേതും അവന്റെ വരുതിയിലുമാകുന്നു. അവന്റെ ആജ്ഞകൊണ്ടു കാറ്റടിക്കുന്നു, സൂര്യൻ പ്രകാശിക്കുന്നു, ഭൂമി നിലകൊള്ളുന്നു, മൃത്യു ഈ ലോകത്തിൽ നീളെ നടക്കുന്നു. സർവ്വത്തിലുമുള്ള സർവ്വവും അവൻ തന്നെ: അവൻ സർവ്വവും സർവ്വാന്തര്യാമിയുമത്രേ. നമുക്ക് അവനെ ആരാധിക്കാനേ കഴിയൂ. സർവ്വകർമ്മഫലങ്ങളേയും ഉപേക്ഷിക്കുക: നന്മയ്ക്കുവേണ്ടി മാത്രം നന്മ ചെയ്യുക: എങ്കിൽ മാത്രമേ പൂർണ്ണമായ നിസ്സംഗത്വം കൈവരൂ. അങ്ങിനെ ഹൃദയഗ്രന്ഥികൾ ഭേദിക്കും. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കയും ചെയ്യും. ഈ സ്വാതന്ത്ര്യംതന്നെയാണ് കർമ്മയോഗ ലക്ഷ്യം.” Unquote ( വിവേകാനന്ദസാഹിത്യസർവ്വസ്വം – I, അദ്ധ്യായം ഏഴ്, സ്വാതന്ത്ര്യം, പേജുകൾ 100 മുതൽ 117 വരെ)
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739