മന്നത്തിന്റെ ആത്മകഥയായ ‘എന്റെ ജീവിതസ്മരണകൾ’ എന്ന 300 പേജുകളുള്ള പുസ്തകം നായർ സമുദായത്തിൽപ്പെട്ട എത്രപേർ സമ്പൂർണ്ണമായി താല്പര്യത്തോടെ വായിച്ചു എന്ന് ഒരു കണക്കെടുത്താൽ തീർത്തും നിരാശാജനകമായ ഫലമായിരിയ്ക്കും ലഭിയ്ക്കുക. ഈ പുസ്തകത്തിൽ അവിടവിടെയായി നായന്മാരുടെ മതാന്ധതയെക്കുറിച്ചും ഉത്സവ-ആഘോഷ ഭ്രാന്തിനെക്കുറിച്ചും മന്നം എടുത്തു പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണ മേൽക്കോയ്മയോടെ നായന്മാർ പ്രധാനമായും സംഘടിച്ചിരുന്നത് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രം ആയിരുന്നതിനാൽ, ആധുനികകാലഘട്ടത്തിലെ പരിഷ്ക്കാരങ്ങളുടെ ഭാഗമായ ജനാധിപത്യവ്യവസ്ഥയിലുള്ള സംഘടനാപ്രവർത്തനങ്ങളെ ശരിയാംവണ്ണം ഉൾക്കൊണ്ട്, അതിന്റെ പിൻബലത്തോടെ ഒരു സാമുദായിക ശക്തിയായി പടർന്നു പന്തലിയ്ക്കുവാൻ നായർ സമുദായത്തിന് ആയില്ല. കാര്യക്ഷമമായി ജനാധിപത്യപരമായി സംഘടിയ്ക്കുവാനും അംഗങ്ങൾക്കിടയിൽ ഹിന്ദുത്വത്തിൽ ഊന്നിയുള്ള ഒരു പൊതു രാഷ്ട്രീയ ബോധം ഉണ്ടാക്കിയെടുക്കുവാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയ നായർ സമുദായത്തെയും അതിന്റെ സംഘടനകളെയും, ഇന്ന് രാഷ്ട്രീയപാർട്ടികളോ മറ്റ് സമുദായങ്ങളോ ഗൗരവമായി കണക്കാക്കുന്നില്ല. ഇന്ന് എല്ലാവർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ടയുടെ തലത്തിലേയ്ക്ക് നായർ സമുദായം പതിച്ചുകഴിഞ്ഞു.
നായർ സമുദായത്തിന്റെ ബലഹീനതകളും ന്യൂനതകളും മന്നം ചൂണ്ടിക്കാണിച്ചെങ്കിലും അവ പരിഹരിയ്ക്കുവാനായി സമുദായാംഗങ്ങളും നായർ സംഘടനകളും ആത്മാർത്ഥതയോടെ ശ്രമിച്ചുവോ എന്ന ചോദ്യത്തിനുള്ള ഉത്തരവും നിരാശ ഉളവാക്കും. നായന്മാരുടെ രാഷ്ട്രീയ ഐക്യം സാദ്ധ്യമാകത്തതിനുള്ള ഒരു പ്രധാന കാരണമായി കണക്കാക്കാവുന്നത് സമുദായ അംഗങ്ങൾക്കിടയിൽ ‘ശരിയായിട്ടുള്ളതും’ ‘തീവ്രവുമായ’ മതബോധത്തിന്റെ അഭാവമാണ്. തീവ്രമായ മതബോധം ഉളവാക്കുന്ന സെമറ്റിക്ക് മതങ്ങളുടെയും, തീവ്രമായ രാഷ്ട്രീയബോധം ഉളവാക്കുന്ന കമ്മ്യൂണിസ്റ്റ്, സംഘപരിവാർ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും അനുയായികൾ പ്രകടിപ്പിയ്ക്കുന്ന ഐക്യവും, പ്രവർത്തന ഏകോപനവും ഇതിലൂടെ അവർ നേടിയെടുത്ത രാഷ്ട്രീയമായ ശക്തിയും സ്വാധീനവും നായർ സമുദായാംഗങ്ങളും അവരുടെ സംഘടനകളും കണ്ടു പഠിയ്ക്കേണ്ടതുണ്ട്. ആർ. എസ്സ്. എസ്സ്, കത്തോലിക്കാ സഭ, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ സംഘടനകളുടെ സംഘാടനവും പ്രവർത്തനശൈലിയും നിരീക്ഷിച്ചിൽ ideology-കളാണ് അവയ്ക്ക് മാർഗ്ഗദർശനം നല്കി അവയെ ശാക്തീകരിച്ച് മുമ്പോട്ട് നയിയ്ക്കുന്നത് എന്ന് കാണാം. തങ്ങളുടെ ideology-കളെ അംഗീകരിയ്ക്കാത്തവരെ ശത്രു പക്ഷത്ത് നിർത്തുന്നതും ഈ സംഘടനകളുടെ വളർച്ചയ്ക്ക് മുഖ്യകാരണമാണ്. നായർ സമുദായ ശാക്തീകരണത്തെക്കുറിച്ച് ആലോചിയ്ക്കുമ്പോൾ, ideology-യെ മുൻനിർത്തിക്കൊണ്ടുള്ള സംഘാടന പ്രവർത്തനത്തിലൂടെയേ നായർ സമുദായത്തിന് ശക്തിപ്രാപിയ്ക്കാനാവുകയുള്ളൂ എന്ന് കാണാം. ചരിത്ര സത്യങ്ങളെയും ഹിന്ദു മത-തത്ത്വ ചിന്തകളെയും അടിസ്ഥാനമാക്കി, നായർജാതി സമുദായം എത്രയും വേഗം ഒരു ആശയസംഹിത (ideology) രൂപപ്പെടുത്തേണ്ടതുണ്ട്. നായർ സമുദായ ചരിത്രം അറിയുന്ന, സമുദായത്തിനുവേണ്ടി എഴുതുകയും സംസാരിയ്ക്കുകയും ചെയ്യുന്ന ‘നായർബുദ്ധിജീവികളെ’ സൃഷിച്ച്, ഇവരെ ഉപയോഗപ്പെടുത്തി നായർ ശാക്തീകരണത്തിന് സംഘടനകൾ പരിശ്രമിയ്ക്കേണ്ടതുണ്ട്.
ബാല്യകാലത്തിൽ മന്നത്തിനു ലഭിച്ച മതബോധനം
ഇന്നും ഒരു സാധാരണ നായർ ബാലന് അവന്റെ വീട്ടിൽ കിട്ടുന്ന മതബോധനമാണ് മന്നത്തിനും ലഭിച്ചത്. ബാല്യത്തിൽ അമ്മയുടെ അമ്മയിൽ (അമ്മൂമ്മ- ലക്ഷ്മിച്ചേടത്തി) നിന്നാണ് മന്നത്തിന് പ്രാഥമികമായ ഹിന്ദുമതബോധനം ലഭിച്ചത്. തന്റെ അമ്മൂമ്മയായ ‘ലക്ഷ്മിച്ചേടത്തി’യും, തന്റെ അമ്മയും അക്ഷരാഭ്യാസം ചെയ്തിട്ടില്ലെന്നും, പക്ഷെ എഴുത്തിനിരുത്തുന്നതിനു മുമ്പ് (അഞ്ചുവയസ്സ് ആയതിന് മുമ്പ്) അമ്മൂമ്മ ചില കീർത്തനങ്ങൾ തന്നെ പഠിപ്പിച്ചിരുന്നു എന്ന് മന്നം വെളിപ്പെടുത്തിയിട്ടുണ്ട്. (പേജ് 1, എന്റെ ജീവിതസ്മരണകൾ). ഈ പ്രാഥമികമായ കീർത്തന പരിചയത്തിനു ശേഷം മന്നത്തിന് organized and systematic മതശിക്ഷണം ലഭിച്ചതായി ആത്മകഥയിൽ എങ്ങും പറഞ്ഞിട്ടുമില്ല. ആശാൻ പള്ളിക്കൂടത്തിലും മന്നത്തിന് മതശിക്ഷണം ലഭിച്ചില്ല. Quote : “…….എന്റെ അമ്മൂമ്മ എന്നെ എഴുത്തിനിരുത്തുന്നതിനുമുമ്പുതന്നെ ചില കീർത്തനങ്ങൾ പഠിപ്പിച്ചിരുന്നു. മഴക്കാലമെന്നോ മഞ്ഞുകാലമെന്നോ ഉള്ള വ്യത്യാസമില്ലാതെ പതിവായി വെളുപ്പാൻകാലത്തെ എണീറ്റ് വിളക്കുവച്ചാലുടൻ എന്നെ പിടിച്ചെഴുന്നേല്പിച്ച് വിളക്കിന്റെടുത്തിരുത്തി
കല്ലിന്മേലും മലമേലും മുള്ളിലും
തല്ലിയന്തകനെന്നെയിഴയ്ക്കുമ്പോൾ
അല്ലൽപോക്കുവാനായിട്ട്-
തൃപ്പൂണിത്തുറമേവും ഗോവിന്ദനെ വിളിച്ചുള്ള പ്രാർത്ഥനയ്ക്ക്
അമ്മൂമ്മയുടെ പങ്കാളിയാക്കുന്നതൊഴിച്ച് ഒരപ്രിയവും അമ്മൂമ്മ എന്നോട് ചെയ്തിട്ടില്ല ” Unquote (പേജ് 2, എന്റെ ജീവിതസ്മരണകൾ).
ബാല്യത്തിൽ മന്നത്തിന് ലഭിച്ചതപോലുള്ള നിയതമല്ലാത്ത, അടുക്കും ചിട്ടയും ഇല്ലാത്ത, അയഞ്ഞ തരത്തിലുള്ള മതബോധനമാണ് അന്നും ഇന്നും നായർ സമുദായത്തിലെ കുട്ടികൾക്ക് ലഭിയ്ക്കുന്നത്. നായർ സംഘടനകൾ അനേകം ഉണ്ടായിട്ടും ഗൗരവമായ പരിഗണ ലഭിയ്ക്കേണ്ടുന്ന ഈ ന്യൂനത ഇന്നും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. നായർ കുടുംബങ്ങളിലുള്ള ഈ പശ്ചാത്തലം മനസ്സിൽ വച്ചു വേണം നായന്മാരുടെ മതാന്ധതയെയും ഉത്സവ-ആഘോഷ ഭ്രമത്തെയും കാണേണ്ടത്. ചരിത്ര സത്യങ്ങളെയും ഹിന്ദു മത-തത്ത്വചിന്തകളെയും സമന്യയിപ്പിച്ചുകൊണ്ടുള്ള യുക്തിപൂർവ്വകമായ മതബോധനം നായർ കുട്ടികൾക്ക് ബാല്യത്തിൽ നല്കിയെങ്കിലെ നായർ സമുദായ ഐക്യവും ശാക്തീകരണവും സാദ്ധ്യമാകുകയുള്ളൂ. നായർ സമുദായാംഗങ്ങളും സംഘടനകളും ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിയ്ക്കേണ്ടതുണ്ട്.
നായന്മാരുടെ മതാന്ധത : മന്നം
Quote മന്നത്തു പത്മനാഭൻ :- “”നായന്മാരുടെ മതാനുഷ്ഠാനം അമ്പലങ്ങളിൽ അവരുടെ സ്ത്രീകളുടെ വിളക്കെടുപ്പും, ഉത്സവം നടത്തിപ്പും, വെടിക്കെട്ടു നടത്തിക്കലും, കുതിരകെട്ടും, പടയണിതുള്ളലും, പുണ്യ സമ്പാദനത്തിനായി ബ്രാഹ്മണർക്കുള്ള സദ്യകൊടുക്കലും എന്നിങ്ങനെയുള്ള നടപടികളും ചടങ്ങുകളുമായി പരിണമിച്ചു. അവരുടെ സ്വന്തം അമ്പലത്തിൽപോലും അടിമകളെപ്പോലെ പാത്തും പതുങ്ങിയുമേ പ്രവേശിക്കാൻ അവർ ധൈര്യപ്പെട്ടുള്ളു. മണിയടിച്ചു തൊഴാനോ, മണ്ഡപത്തിൽ കയറിയിരുന്ന് ഈശ്വരഭജനം ചെയ്യാനോ അവർക്കും അവകാശമുണ്ടെന്നു വിചാരിക്കുന്നതുപോലും പാപമാണെന്നു വിശ്വിസിക്കുന്ന കൂട്ടർക്ക് ബ്രാഹ്മണരെപ്പോലെ ഈശ്വരനെ പൂജിക്കാൻ ആഗ്രഹമുണ്ടാകാത്തതിൽ അത്ഭുതമില്ല. ഹിന്ദുസമുദായത്തിലെ ഏറ്റവും ന്യൂനപക്ഷമായ ബ്രാഹ്മണരുടെ സർവ്വാധിപത്യത്തിന് ക്ഷേത്രങ്ങളെ ഒഴിഞ്ഞുകൊടുക്കുക മാത്രമല്ല, തങ്ങൾ അവിടുത്തെ വേലക്കാരും സൂക്ഷിപ്പുകാരും മാത്രമാണെന്നു സമ്മതിച്ചു പെരുമാറുകയും കൂടി ചെയ്തു “. Unquote (നായർ സമുദായ ഭൃത്യജനസംഘം, അദ്ധ്യായം 6, എന്റെ ജീവിത സ്മരണകൾ, മന്നത്ത് പത്മനാഭൻ,പേജ് 28)
ക്ഷേത്രസംരക്ഷണവും അടിമത്വവും അവർണ്ണരുടെ ശത്രുതയും
Quote Continuation “ക്ഷേത്രസംരക്ഷണത്തിനുവേണ്ടി അവർ അടിമകളായതിനോടുകൂടി ഹിന്ദുസമുദായത്തിലെ ബഹുഭൂരിപക്ഷക്കാരായ അവർണ്ണരെ എന്നും അടിമകളായി വച്ചുകൊണ്ടിരിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങിനെ സ്വസമുദായം മാത്രമല്ല, ഹിന്ദുസമുദായം ഒട്ടാകെത്തന്നെ അജ്ഞതയിലും അന്ധവിശ്വാസത്തിലും അടിമത്തത്തിലും ആണ്ടുകിടക്കാൻ ഇടയാക്കിയത് നായർ സമുദായമാണെന്നുള്ള പേരും തന്മൂലം അവർണ്ണർക്കുള്ള തീരാവൈരാഗ്യവും അവർ സമ്പാദിച്ചു” Unquote (നായർ സമുദായ ഭൃത്യജനസംഘം, അദ്ധ്യായം 6, എന്റെ ജീവിത സ്മരണകൾ, മന്നത്ത് പത്മനാഭൻ,പേജ് 28-29)
മതാന്ധത, അപമാനം, പൗരുഷ നഷ്ടം, നാശം : ഈശ്വരബോധം, ക്ഷേത്രബന്ധം
Quote “”അതുപോലെ തന്നെയായിരുന്നു മതാന്ധ്യം കൊണ്ടുള്ള അപമാനവും നാശവും. നായരുടെ സംഖ്യാബലവും പ്രാമാണ്യവുമുള്ള മദ്ധ്യതിരുവതാംകൂറിലായിരുന്നു അതിന്റെ പ്രകടനം അധികവും നടന്നത്. അവിടെയുള്ള നായരുടെ ഈശ്വരബോധവും ക്ഷേത്രബന്ധവും “കുതിരകെട്ടി”ൽ ലയിച്ചിരുന്നു. “കുതിര” എന്താണെന്നു ചോദിച്ചാൽ, ചതുരാകൃതിയിലുള്ള എന്തോ ഒന്ന് എന്നുള്ളതിൽ കവിഞ്ഞൊന്നും പറയാൻ സാധിക്കയില്ല. എടുപ്പു കുതിരയും വലിപ്പു കുതിരയുമുണ്ട്. എടുപ്പുകുതിര എന്നാൽ എടുക്കുന്ന കുതിരയെന്നു സ്പഷ്ടമാണല്ലോ. നായരുടെ തൊളിൽ കുതിര കയറി സവാരി ചെയ്യുന്ന വിദ്യയാണത്. ആളുകൾ കുതരിപ്പുറത്തു കയറുന്നതല്ലാതെ ആളിൻപുറത്തു കേറുന്ന ഏർപ്പാട് നമ്മുടെ രാജ്യത്തും നായന്മാരുടെ ഇടയിലും മാത്രമേ നടപ്പുള്ളൂ. ജീവനുള്ള കുതിരയാണെങ്കിലും വേണ്ടില്ല. മരക്കുതിരയെയാണ് ചുമക്കുന്നത് . ചിലപ്പോൾ കുതിര മൂത്ത് കഴുതയും, കാളയും, ആനയുമൊക്കെയാകും. എന്തോന്നായാലും നായരുടെ തോളിൽ കേറാൻ അവയ്ക്കോ കൊണ്ടുനടക്കാൻ നായർക്കോ മടിയില്ല. ഇങ്ങനെ നായരുടെ പിടലിയിൽ നൂറ്റാണ്ടായി നടന്ന കുതിരകയറ്റം നിമിത്തമാണ് നമുക്ക് പൗരുഷമില്ലാതെ പോയത് എന്നു പോലും തോന്നാറുണ്ട്. മാവേലിക്കര താലൂക്കിലെ ചെട്ടിക്കുളങ്ങരയാണ് കുതിരയ്ക്ക് വളരെ പ്രാധാന്യം. കൊല്ലം താലൂക്കും മോശമല്ല. പട്ടാഴിക്കുതിര യുദ്ധരംഗത്തു പോകാതെതന്നെ വിജയം കൈവരിച്ചിട്ടുണ്ട്.”
കാള, തേര്, കോലം, പാളക്കോലം, കുതിര…..
“തിരുവല്ലാ മുതൽ വടക്കോട്ടു കുതിര ഇല്ലെങ്കിലും അതിനെ ജയിക്കുന്ന കാളയും തേരും കോലവുമുണ്ടായിരുന്നു. പോരട്ടുകാവിലെ കാളയുടെ കൊമ്പിന് ആറുകോൽ നീളമുണ്ടുപോലും. തേരിന്റെ രാജസ്ഥാനം അയിരൂർകാർക്കായിരുന്നു. ജീവനെ പണയം വച്ചും നട്ടെല്ലൊടിച്ചും കൊണ്ടുള്ളതാണ് നായരുടെ ഈശ്വരഭജനം. അതിനെ തുടർന്നുള്ള പടയണിയും കാണേണ്ടതാണ്. പച്ചപ്പാളയിൽ കരിയും ചെങ്കല്ലുംകൊണ്ട് വരച്ച് വികൃതവും ഭയാനകവുമായ രൂപമുണ്ടാക്കി മുഖത്തും തലയിലും ശരീരത്തിലും വച്ചുകെട്ടി, ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ പാട്ടിനും താളത്തിനും ഒപ്പിച്ച് ആടുകയും കറങ്ങുകയും ചെയ്യുന്നതും നായരുടെ ഈശ്വരാരാധന തന്നെയായിരുന്നു. 101 പാളയുടെ കോലം, പള്ളിയുടെ മുഖപ്പുപോലെ ഏതാനും കോൽ പൊക്കത്തിൽ കൂർത്ത ആകൃതിയിൽ ഉണ്ടാക്കിയത് അഞ്ചാറാളുകൾകൂടി തലയിൽ പിടിച്ചുകേറ്റിക്കൊടുത്താൽ അതും കൊണ്ട് അമ്പലത്തിനു ചുറ്റും ഓടേണ്ടതും നായരുടെ ചുമതലയാണ്. ഓടുപായ്ക്കു കാറ്റു പിടിക്കുന്നതുപോലെ വല്ല കാറ്റും അടിച്ചിരുന്നെങ്കിൽ അവന്റെ പിടലി ഒടിഞ്ഞതു തന്നെ. അങ്ങനെ സംഭവിക്കാത്തത് ആരുടെ ഭാഗ്യമോ നിർഭാഗ്യമോ കൊണ്ടെന്നറിഞ്ഞില്ല. പണക്കൊഴുപ്പുള്ളവർ ആയിരം പാളയുടെ കോലം തന്നെ കെട്ടുമെന്നു കേട്ടിട്ടുണ്ട്. ഒരു പാളയ്ക്ക് ഒരു മണി എന്ന കണക്കിന് നിണത്തിൽ മുക്കിയ ആയിരം കൊഴുക്കട്ട മാലയാക്കി ചാർത്തിയ ആയിരം മണിയൻകോലം അപൂർവ്വമായി പണ്ടുണ്ടായിരുന്നു പോലും. അതുകണ്ടാൽ ഒഴിയാത്ത ബാധയോ അനുഗ്രഹിക്കാത്ത ദൈവമോ ഇല്ലെന്നു കേട്ടിട്ടുണ്ട്. ഏതായാലും അത് കാണാനുള്ള നിർഭാഗ്യം എനിക്കുണ്ടായിട്ടില്ല. 101 പാളക്കോലം ഞാൻ കണ്ടിട്ടുണ്ട്. എന്റെ അടുത്ത ദിക്കുകാരായ പായിപ്പാട്ടുകാർ പടയണി നിറുത്തിയിട്ട് അധികകാലമാകാത്തതുകൊണ്ട് എനിക്ക് അതിനുവേണ്ടി ദൂരദിക്കിൽ പോകേണ്ടിവന്നിട്ടില്ല. പാളക്കോലം കണ്ടിട്ടില്ലാത്തവരെ അതെങ്ങിനെയിരിക്കുമെന്നു പറഞ്ഞു മനസ്സിലാക്കാൻ പ്രയാസം. ഭയങ്കരമായ ആ ബീഭത്സരൂപം കണ്ടു പരിചയിച്ചിട്ടുള്ള സഹോദരിമാരുടെ ഉള്ളിൽ നിന്നും ആ ചിന്താഗതി വേഗം മായുന്നതല്ല. ആ വികൃത രൂപവും സ്വഭാവവും അവരുടെ സന്തതികളിൽ പകരുന്നുണ്ടെങ്കിൽ മാനസിക ശാസ്ത്രപ്രകാരം അതു തെറ്റല്ല. “
ഈശ്വരഭജനവും സമുദായക്ഷേമവും….
ബുദ്ധിമാനായ ബ്രാഹ്മണൻ ഓടാതെയും ചാടാതെയും വെയിൽകൊള്ളാതെയും ചുമടെടുക്കാതെയും നിശ്ശബ്ദമായി ഒരിടത്തിരുന്ന് ഈശ്വഭജനം ചെയ്യുന്നത് എത്രയോ നൂറ്റാണ്ടായി കണ്ടുകൊണ്ടിരുന്നിട്ടും പിന്നെയും നായർ പൂരംതുള്ളാനും കുതിരയെ ചുമക്കാനും കോലം കെട്ടാനും പോകുന്നതാണത്ഭുതം. ഇതിനെല്ലാം സമൂലപരിവർത്തനം വരുത്തേണ്ടത് സമുദായക്ഷേമത്തിന് അത്യാവശ്യമായിരുന്നു. അതിനുള്ള ഭഗീരഥപ്രയത്നവും സർവീസ് സൊസൈറ്റി ചെയ്തു. ഒട്ടൊക്കെ ഫലിച്ചു. മിക്ക കുതിരയും ചത്തു. തേരുകൾ പൊളിഞ്ഞു. പടയണി നിന്നു. അങ്ങിനെ ആ രംഗത്തും സമുദായം വളരെ പുരോഗമിച്ചു. എന്നാൽ പരിഷ്ക്കാരം മൂത്തപ്പോൾ കുതിര അവിടവിടെ ഉയർത്തെഴുന്നേൽക്കുന്നതായി കാണുന്നുണ്ട്. ദുർവ്വാസനയും നിർഭാഗ്യവുമെന്നല്ലാതെ. എന്തു പറയാനാണ്.
തൃശ്ശൂർ പൂരം…. പ്രയോജനപ്രദമായ സ്ഥാപനം….
ഒന്നുരണ്ടു ദൃഷ്ടാന്തവും കൂടി പറഞ്ഞുകൊള്ളട്ടെ. പ്രയോജനപ്രദമായ ഒരൊറ്റ സ്ഥാപനം പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത തൃശ്ശൂരിലെ നായർ പ്രമാണികൾ വീട്ടുവേലക്കാരും അനാഥകളുമായ അനവധി നായർ സ്ത്രീകൾ അപമാനകരമായ നരകയാതന അനുഭവിക്കുന്നതു കണ്ടുകൊണ്ട്, അതിന് ഒരു പരിഹാരവും കാണാതെ കൊല്ലംതോറും പൂരത്തിന്റെ പേരിൽ പതിനായിരക്കണക്കിന് ഉറുപ്പിക വെടിക്കെട്ടിനായി ആഹൂതി ചെയ്തുകൊണ്ട്, വടക്കുംനാഥനുൾപ്പെടെ ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരങ്ങളായി മരിച്ചു ജീവിക്കുന്നതിനിടയാക്കുന്ന അവിടുത്തെ വിദ്യാസമ്പന്നരെ ഓർത്താൽ നാം ഇന്നും എവിടെക്കിടക്കുന്നു എന്ന് ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്.
ഗരുഡൻ തൂക്കം ….മൂഢാചാരം…
നായരുടെ മറ്റൊരു ആരാധനാ സമ്പ്രദായം ഗരുഡൻതൂക്കമാണ്. മങ്കൊമ്പിനും ആലപ്പുഴയുള്ള തിരുവാമ്പാടിക്കുമാണ് അതിന് മുൻഗണന ഇന്നു നല്കേണ്ടത്. നായരെ ചാട്ടേക്കേറ്റുക മാത്രമല്ല അവന്റെ മുതുകത്ത് ചൂണ്ട കോർക്ക കൂടി ചെയ്യുന്ന ഈ മൂഢാചാരം ഇന്നും നിലനിർക്കുന്നതോർക്കുമ്പോൾ നായർ അവസാനിച്ചേ ഇതും അവസാനിക്കൂ എന്നു പറയണമെന്നു തോന്നിപ്പോകുന്നു.” End Quote (pages 31 & 32 എന്റെ ജീവിതസ്മരണകൾ, മന്നത്തു പത്മനാഭൻ)
തൃശ്ശൂർപ്പൂരം : നായന്മാരുടെ പൂരഭ്രമവും വെടിക്കെട്ടുഭ്രമവും മൂഢവിശ്വാസവും
Quote മന്നത്ത് പത്മനാഭൻ :-“…… കൊച്ചിയുടെ പല ഭാഗങ്ങളിലും കരയോഗങ്ങളും കുറെയൊക്കെ സ്വത്തുമുണ്ട് . എന്നാൽ അതാതു ദിക്കിലെ ക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും വേണ്ടിയെന്നല്ലാതെ കരയോഗത്തിനു മറ്റൊരു പ്രവൃത്തിയുണ്ടെന്ന് അവർ ഇന്നും ധരിച്ചിട്ടില്ല. അതിനോടുകൂടിയെങ്കിലും കരയിലെ ആളുകൾക്ക് – വിശേഷിച്ചു പാവങ്ങൾക്ക് – പ്രയോജനപ്പെടത്തക്കവണ്ണം വല്ലതും പ്രവർത്തിക്കണമെന്നുള്ള വിചാരം പോലുമില്ല. തൃശൂരുള്ള തിരുവാമ്പടി, പാറേമാക്കാവു കരയോഗങ്ങൾ ആണ്ടോടാണ്ട് പൂരത്തിനുവേണ്ടി ചിലവിടുന്നതു പതിനായിരക്കണക്കിനു രൂപയാണ്. ആ കരോയോഗാതിർത്തിയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരും ദരിദ്രരായ സ്ത്രീജനങ്ങളും എത്രയോ അധികമുണ്ട്. ഈ വെടിക്കെട്ടിന്റെ ധൂമപടലത്തിന്റെ ഇടയിൽക്കൂടി ഇതു കാണുന്നവരാണ്, കാലത്തിന്റെ മാറ്റവും ആവശ്യത്തിന്റെ നിജസ്ഥിതിയും അറിയാത്ത യാഥാസ്ഥിതിക മനോഭാവക്കാരാണ്, അവിടുത്തെ അധികപക്ഷം നായന്മാരുമെന്നു പറയേണ്ടിവന്നതിൽ വ്യസനിക്കുന്നു. അവരുടെ പൂരഭ്രമവും, വെടിക്കെട്ടുഭ്രമവും അല്പം കുറഞ്ഞെങ്കിലല്ലാതെ സമുദായത്തിനു ഒരു രക്ഷയുമില്ല. വെടിക്കെട്ടു സാധനങ്ങളിൽ ചിലതിന് ഇൻഡ്യാഗവണ്മെന്റ് ഏർപ്പെടുത്തിയ നിയന്ത്രണം മൂലം ഹിതാനുസരണം വെടിക്കെട്ടുണ്ടാക്കാൻ സാധിക്കുന്നില്ലെന്നു കണ്ട് അവരിൽ ചിലർ കാണിച്ച മരണവേദന ചെറുതല്ല. ഭരണാധികാരികളായ ഗവർണ്ണരും മറ്റും തൃശൂർ സർക്കീട്ടു വന്നപ്പോൾ നാട്ടുകാർ കൃഷിവ്യവസായപരിഷ്ക്കാരത്തേയും വിദ്യാഭ്യാസസഹായത്തേയും പറ്റി നിവേദനം നടത്തിയപ്പോൾ അവിടുത്തെ നായർ പ്രമാണികൾ വെടിക്കെട്ടു നിയന്ത്രണം ഇല്ലാതാക്കാൻ മെമ്മോറിയൽ കൊടുത്തതായി അറിയാൻ കഴിഞ്ഞു. അവർ അതിനുവേണ്ടി ഡെൽഹിയിലേക്കു ഒരു ഡെപ്യൂട്ടേഷൻതന്നെ പോയി. എല്ലാം നിഷ്ഫലമായപ്പോൾ ഇൻഡ്യാഗവണ്മെന്റിനോടു പരിഭവിച്ച് ‘പൂരനിസ്സഹകരണം’ നടത്തിയതായി അറിയുന്നു. ഇവരുടെ ഈ മൂഢവിശ്വാസവും മനോഭാവവും വടക്കുംനാഥൻതന്നെ ഇല്ലാതാക്കട്ടെ. മറ്റു കാരണംകൊണ്ടണെങ്കിലും ഇൻഡ്യഗവണ്മെന്റിന്റെ ഈ തീരുമാനത്തിനു നമോവാകം പറയുകതന്നെ ചെയ്യുന്നു.” Unquote (പേജ് 140, അദ്ധ്യായം 22, കൊച്ചിയും മലബാറും, ‘എന്റെ ജീവിതസ്മരണകൾ’, മന്നത്തു പത്മനാഭൻ)
മൂലധനവും പൂരങ്ങളും : മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ
Quote മന്നം “അവസാനമായി ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ
ഇന്നലത്തെ റിപ്പോർട്ട് കൊച്ചിയിലെ നായന്മാരുടെ സമുദായ സേവനത്തിനുള്ള ഔത്സുക്യത്തെ വെളിപ്പെടുത്തുന്നു. നിങ്ങളുടെ സമാജത്തിന്റെ എന്നല്ല, സകലതിന്റെയും പുരോഗതിക്കു പണം വേണം. ധനവാന്മാർ പൊതുക്കാര്യങ്ങളിൽ ലോഭം കൂടാതെ പണം ചെലവാക്കണം. ഞങ്ങളുടെ ഉണ്ണിത്താന്മാരും വല്യത്താന്മാരും ഇവിടെയും ഇല്ലെന്നു വരുമോ ? ദാരിദ്ര്യം നിറഞ്ഞ ഞങ്ങളുടെ രാജ്യത്തിനെക്കാൾ എത്ര സമൃദ്ധമാണ് ഈ രാജ്യം.
ദൈവം ദ്രവ്യസ്വരൂപനാണെന്നു തെറ്റിദ്ധരിച്ച് കൊല്ലം തോറും എത്രായിരം ഉറുപ്പികയാണ് നിങ്ങൾ പൂരത്തിനെന്ന് പറഞ്ഞ് പുകച്ചു കളയുന്നത് !!! ഒരു പതിനഞ്ചു കൊല്ലത്തേക്ക് പൂരമൊന്നു നിറുത്തി വെച്ചുനോക്കുക. ആ പണം കൊണ്ട് നമുക്ക് ഒരു മൂലധനം സമാജത്തിന്റെ വകയായി ഉണ്ടാക്കുക. പ്രഭുക്കന്മാരെല്ലാം ആയിരം രൂപാ വീതം സമാജത്തിനു കൊടുക്കട്ടെ. തന്നാലാവുന്നതു സമാജത്തിനു കൊടുക്കുന്നതു കർത്തവ്യമായി എല്ലാ നായന്മാരും കരുതുന്ന കാലം വരുമ്പോൾ കൊച്ചിയിലെ നായർ സമാജത്തിന്റെ വാർഷിക റിപ്പോർട്ട് ഇവിടുത്തെ ഗവൺമെന്റിനെക്കൂടി അമ്പരപ്പിച്ചുകളയും.” Unquote. (പേജ് 51, മന്നത്തിന്റെ പ്രസംഗങ്ങൾ)
1931-ൽ സമസ്ത കൊച്ചി നായർ മഹാസമാജത്തിന്റെ, ഇരിങ്ങാലക്കുടയിൽ കൂടിയ 4-ആം വാർഷികത്തിൽ ചെയ്ത പ്രസംഗത്തിൽ നിന്ന്
ബുക്കാനനും മന്നവും വർത്തമാനകാലവും …..
നായന്മാരുടെ ഈശ്വരബോധം, ഈശ്വരഭജനം, ക്ഷേത്രബന്ധം, മതബോധം, സമുദായ ചിന്ത ഇവയെക്കുറിച്ചെല്ലാം പ്രതികൂലമായിട്ടാണ് മന്നം രേഖപ്പെടുത്തിയത്. അക്ഷരാർത്ഥത്തിൽ അവശ്യം വേണ്ടുന്ന അറിവുകളുടെയും (വിവരങ്ങളുടെയും) പ്രവൃത്തികളുടെയും കാര്യത്തിൽ നായന്മാർ തീർത്തും വിവരദോഷികളാണെന്നാണ് മന്നം പറഞ്ഞുവച്ചത്. മന്നത്തിന്റെ വാക്കുകളിൽ നിന്നും ബുക്കാനന്റെ കാലം തൊട്ട് (കഴിഞ്ഞ ഭാഗത്തിൽ ഈ ചരിത്രത്തെക്കുറിച്ച് വിവരിച്ചിരുന്നു) നായന്മാരുടെ മേൽപ്പറഞ്ഞ കാര്യങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് മനസ്സിലാക്കാം. ഇന്നും, അതായത് വർത്തമാന കാലത്തിലും ഇക്കാര്യങ്ങൾ അതേ നിലയിൽ തുടരുന്നു. സമുദായ സംഘടനകൾ ഈ ന്യൂനതകൾ പരിഹരിയ്ക്കുന്നതിന് എന്തെങ്കിലും systematic നടപടികളിൽ ഏർപ്പെടുന്നുണ്ടോ !!???
ഓരോ യുഗവും കഴിയുതോറും മനുഷ്യന്റെ ബുദ്ധി മന്ദീഭവിയ്ക്കുന്നതിനാൽ വ്യാസൻ വേദങ്ങൾ അഥവാ അറിവ് പകുക്കുവാൻ നിർബന്ധിതനായി. ഈ അറിവുകൾ പല ധർമ്മ ഗ്രന്ഥങ്ങളിൽ ചിതറിക്കിടക്കുന്നു. ഇവ ക്രോഡീകരിച്ച് അറിവുകൾ സമഗ്രമായി പകർന്നുനല്കിയെങ്കിലെ ഹിന്ദുമതാനുയായികളുടെ മതവിശ്വാസവും ആത്മവിശ്വാസവും ശക്തിപ്പെടുകയുള്ളൂ. ഇതിനായി ഓരോ ഹിന്ദുജാതിയും പരിശ്രമിയ്ക്കേണ്ടതുണ്ട്. ഇപ്രകാരം യത്നിച്ച്, systematic ആയിട്ടുള്ള, യുക്തിപൂർവ്വകമായിട്ടുള്ള അറിവുകൾ ഹിന്ദുജാതിവിഭാഗങ്ങളിലേയ്ക്ക് എത്തിയ്ക്കാനായാൽ സെമറ്റിക്ക് മതവിശ്വാസങ്ങളുടെയും സംസ്കാരത്തിന്റെയും കടന്നുകയറ്റത്തെ പ്രതിരോധിയ്ക്കാൻ ആവും. ഹിന്ദു ദേശീയത ഒരിക്കലും തോൽവി നേരിടുകയും ഇല്ല. നായർ സമുദായ സംഘടനകൾ ഇക്കാര്യത്തിൽ തീർച്ചയായും ശ്രദ്ധ പതിപ്പിയ്ക്കണം.
സമുദായസംബന്ധിയായ ചരിത്ര പഠനങ്ങൾ സമുദായാംഗങ്ങളിലേയ്ക്ക് എത്തിച്ച് നിരന്തര ചർച്ചകൾക്ക് സമുദായ സംഘടനകൾ വഴിമരുന്നിടേണ്ടതുണ്ട്.
മന്നത്തിന്റെ രചനകൾ ചങ്ങനാശ്ശേരി എൻ. എസ്സ്. എസ്സ് പ്രസിദ്ധീകരിയ്ക്കുന്നതിൽ കവിഞ്ഞ് ഇവയിലെ ഉള്ളടക്കം സമുദായാംഗങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ് !? സംഘടന നിരവധി സ്ക്കൂളുകളും കോളേജുകളും നേരിട്ടു നടത്തുന്നുണ്ട്. ഇവയിൽ പഠിയ്ക്കുന്ന നായർ സമുദായത്തിലെ വിദ്യാർത്ഥികളിലെങ്കിലും സമുദായാചാര്യന്റെ രചനകളിൽ താല്പര്യം സൃഷ്ടിയ്ക്കുവാൻ സംഘടനയ്ക്ക് കഴിയുന്നുണ്ടോ !!??? ഈ വിഷയത്തെ സംബന്ധിച്ച് സമുദായവും സംഘടനകളും ഉണർന്ന് ചിന്തിയ്ക്കേണം …….
ആദർശം അഥവാ Ideology
ആദർശത്തിന്റെ ആവശ്യകതയെക്കുറിച്ച് മന്നം വ്യക്തായി പ്രസ്താവിച്ചിരുന്നു. ഈ ലിങ്ക് കാണുക
അടിക്കുറിപ്പ് : –
നായന്മാർ നടത്തിയിരുന്ന പൂരങ്ങളെയും കെട്ടുകാഴ്ചകളെയും പടയണിയെയും, വെടിക്കെട്ടിനെയും ഇങ്ങിനെ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആഘോഷപരിപാടികളെ മന്നത്താചാര്യൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇവയിൽ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന നായർ സമുദായാംഗങ്ങളിൽ സമുദായചിന്തയോ, സമുദായഐക്യമോ, ഇതോടനുബന്ധിച്ചുള്ള സംഘാടനപാടവമോ, നേതൃത്വപാടവമോ, രാഷ്ട്രീയകാര്യകർത്തൃത്വമോ, ഇത്തരം ഗുണങ്ങളോ കഴിവുകളോ ഒന്നും തന്നെ വികസിയ്ക്കാതിരുന്നതിനാൽ ആചാര്യന്റെ വിമർശനങ്ങളിൽ കാര്യമുണ്ട് എന്ന് കാണാം. ഉത്സവങ്ങളും ആഘോഷങ്ങളും കെങ്കേമമായി നടത്തിയിരുന്ന നായർ സമുദായത്തിന് കേരളത്തിൽ ഒരു രാഷ്ട്രീയ ശക്തിയാകുവാൻ സാധിച്ചില്ല. ആശയങ്ങളിലും ആദർശങ്ങളിലും (ideology & values) അധിഷ്ഠിതമായ ഐക്യവും, സംഘാടനവും, പ്രവർത്തഏകോപനവും ഉണ്ടെങ്കിലെ ഏത് സമൂഹത്തിനും ഒരു രാഷ്ട്രീയ ശക്തിയാകുവാൻ സാധിക്കയുള്ളൂ. നായർ സമുദായത്തിന് ഇത് ഇന്നും സാദ്ധ്യമായിട്ടില്ല. ഈ ചിന്തകൾക്കൊപ്പം ക്ഷേത്രോത്സവങ്ങളും അവയുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളും സാമൂഹിക മനസ്സിനെ ധനാത്മകമായി സ്വാധീനിച്ചിരുന്നുവോ എന്നും ചിന്തിയ്ക്കേണ്ടതുണ്ട്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737
Unnikrishnan K – Face book Comment – Link given below
അപഗ്രഥനം മാത്രം പോരാ ! അത് കഴിഞ്ഞാൽ കർമ്മോന്മുഖൻ ആകണം !! നായർ എന്ന വംശം
18000 – വർഷത്തോളം പഴക്കം ഇന്നത്തെ തെളിവുകൾ വെച്ച് അവകാശപ്പെടാൻ കഴിയുന്ന ഒരു സംസ്കാരം
ലോകത്തിൽ പല സംസ്കാരങ്ങളും മാറ്റത്തിന് വിധേയമായിട്ടുണ്ട് . മാറ്റം സംഭവിച്ചു അസ്തമിച്ചവയും ഉണ്ട്. നായർ സംസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരേ സമയം ക്ഷാത്രത്വവും , രക്ഷാപുരുഷ ധര്മങ്ങളും, കാർഷിക വൃത്തിയും (ചെയ്തും ചെയ്യിച്ചും ) , പ്രത്യേക ആചാര ആഹാര ജീവിത പ്രാർത്ഥനാ സമ്പ്രദായങ്ങളും ഭാഷയും , മാതൃദായ ക്രമത്തിൽ ഉണ്ടായിരുന്ന തറവാട് കേന്ദ്രീകൃതമായ മരുമക്കത്തായവും , സ്ത്രീ സംരക്ഷണവും, മരുമക്കത്തായവും , സ്ത്രീസംരക്ഷണവും , പിതൃ-പരദേവത ആരാധനയും, സർപ്പക്കാവ് / സർപ്പാരാധന , കളരി പയറ്റ് സമ്പ്രദായങ്ങളും മറ്റുമാണ്.
അവയാണ് നായർ സംസ്കാരത്തെ വേറിട്ട് നിർത്തിയത്. . വേദ ഭാഷ ഉപയോഗിച്ചാൽ വര്ണാശ്രമ ധർമത്തിൽ വന്ന വ്യതിയാനം ആണ് പല അപചയങ്ങല്കും കാരണം. ശെരിയായ അർത്ഥത്തിൽ കാണണം . കർമ്മ ഗുണ ദോഷങ്ങൾ അനുസരിച്ചു വന്ന വർണാശ്രമം
ഇന്ത്യയിൽ അങ്ങനെ സംഭവിച്ചത് – കേരളത്തിൽ മാത്രമോ , നായർ സംസ്കാരത്തിൽ മാത്രമോ അല്ല. അങ്ങനെ ആണല്ലോ നമ്മൾ വിദേശ ആധിപത്യത്തിന് കീഴിൽ ആയതു. അത് കാലത്തിന്റെ കോലം . ഇനിയും പലതും ഉണ്ടാകും.
പിന്നെ – എന്റെ സംസ്കാരം പാവനവും , മറ്റുള്ളത് മോശവും ആണെന്ന് പറഞ്ഞു പ്രചരിപ്പിച്ചു നടന്നവർ അന്നും ഉണ്ട് , ഇന്നും ഉണ്ട്, നാളെയും ഉണ്ടാകും. അവർ ജനിപ്പിക്കുന്ന , ജനിപ്പിക്കാൻ ശ്രേമിക്കുന്ന അപകർഷതാ ബോധത്തിൽ വീഴാതെ നമുക്കുള്ള സാംസ്കാരിക പൈതൃകത്തെ അറിയാനും സ്നേഹിക്കാനും അതിൽ അഭിമാനം കൊള്ളാനും പഠിക്കുക . ആർക്കും എതിരാകാതെ! .
അത് തന്നെ ആണ് ‘പാവന പ്രതിജ്ഞയിലൂടെ ‘ മന്നത്തു ആചാര്യൻ പഠിപ്പിച്ചതും .
അപകർഷതാ ബോധം ഉളവാക്കാൻ ശ്രേമിക്കുന്നവനെ നേരിടാൻ – കുറിക്കു കൊള്ളുന്ന – മറു ചോദ്യങ്ങൾ അക്ഷോഭ്യരായി ചോദിക്കാൻ പഠിക്കണം. — കാലു നീട്ടിയിരുന്നു അഭിമാനിക്കാനല്ല, — മറിച്ചു, പൈതൃക ശ്രേയസ്സുകൾ – അവയിൽ നിന്നും പ്രചോദനം കൊണ്ട് കൂടുതൽ അഭിമാനകരമായ ശ്രേയസ്കൾ ഉണ്ടാകാൻ വേണ്ടി .
മാറിയ മാറുന്ന ലോകത്തിൽ നായർ സമുദായം അവരുടെ പഴയ മൂല്യങ്ങൾ മനസ്സിലാക്കി പുതിയ രീതിയിൽ ജീവിക്കണം . എന്തൊക്കെ
ആണ് നായർ ഗുണങ്ങൾ / മൂല്യങ്ങൾ :
• സാഹസികത്വം
• ത്യാഗപൂർണമായ മനസ്സ്
• ജ്ഞാനം ആർജിക്കൽ, ഉപയോഗിക്കൽ , പകർന്നു കൊടുക്കൽ
• രക്ഷാപുരുഷത്വം (നാം ജീവിക്കുന്ന സമൂഹത്തിൽ ക്രിയാത്മകമായി / സ്വാർത്ഥത ഇല്ലാതെ ഇടപെട്ടു , സാമൂഹ്യ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കുക ).
• സ്ത്രീകളെ ബഹുമാനിക്കുക .
• പ്രകൃതിയെ സംരക്ഷിക്കുക
അല്പം ദോഷങ്ങളും ഉണ്ട് :
• അതിരു വിട്ട വിശാല മനസ്കത
• സന്ധികൾ ചെയ്യാൻ / അല്പം വിട്ടു കൊടുക്കാനുള്ള വിമുഖത
• അന്ധമായ ആധ്യാല്മിക ജ്വരം
• ആവേശം – കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കണം
• ധനചിന്ത / പണം ഉണ്ടാക്കുന്നത് ഒക്കെ അല്പം കുറച്ചിലാണോ എന്നൊരു തോന്നൽ !!
https://www.facebook.com/groups/1029952943704932/user/100000757522284/?__cft__%5B0%5D=AZXUFL86QuHQKRtWM4KX73gdDnMcsQL5BHLTfcocYxiZ8Loc3TEjklqAdo4eEXJn5vslnMlD3rH-R8ApBQ6f1CT4wnGbLXt3FRfJTe6gB5pxbjUiRO5IMR6yt4NF1DQya2zF6XlAYoFqOSdSSQpV2TXJ&__tn__=%2CdR%5D-R
Predeep S V Nair – Commented in FB
Very interesting article. Well written. congratulations to you for the pain undertaken and compilation of data for future reference.
Ranjith Raman commented in FB Group ‘Nair Society’
മലയാള ദേശത്തിൽ ഇനിയും ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന ഓരോ സനാതനധർമ്മിയും അതിലുപരി ഓരോ വ്യക്തിയും അവശ്യം വായിച്ചിരിയ്ക്കേണ്ട, ഷെയർ ചെയ്യേണ്ട ലേഖനം.