ഹിന്ദുമതത്തെ മുൻവിധിയോടുകൂടി സമീപിച്ചിരുന്ന ക്രിസ്ത്യാനിയായ, മദ്രാസ് ഗവർണ്ണറായിരുന്ന സർ ചാൾസ് ട്രെവലിയന്റെ തെറ്റിദ്ധാരണകൾ മാത്രമാണ് , ഇന്ന് ചാന്നാർലഹളയെക്കുറിച്ച് കേരളത്തിൽ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ആഖ്യാനങ്ങൾ !! തെക്കൻ തിരുവിതാംകൂറിൽ ചാന്നാന്മാരും നായന്മാരും തമ്മിലുണ്ടായ വഴക്കിന്റെ യഥാർത്ഥകാരണങ്ങളെക്കുറിച്ച് ട്രെവലിയൻ തെറ്റിദ്ധരിച്ചത് എങ്ങിനെയെന്നും ശങ്കുണ്ണിമേനോൻ സൂചിപ്പിയ്ക്കുന്നുണ്ട്. അതാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം.
ചരിത്രവസ്തുതകളുടെ വെളിച്ചം, വ്യാജചരിത്ര ആഖ്യാനമായ ചാന്നാർലഹള എന്ന ഇരുട്ടിനെ ഇല്ലാതാക്കുമോ !!!???
മതപരിവർത്തനം ചെയ്ത ചാന്നാന്മാരും ചാന്നാട്ടികളും നിയമങ്ങളും നാട്ടാചാരങ്ങളും ലംഘിച്ച്, ഹിന്ദുക്കളായ നായന്മാർക്ക് പല പ്രകാരത്തിലുള്ള ഉപദ്രവങ്ങൾക്ക് കാരണമാകയാൽ, അവരും നായന്മാരും തമ്മിൽ തുറന്ന പോരിലേയ്ക്ക് അത് വഴിവച്ചു. ഈ വഴക്കിൽ തെറ്റുകാരായ ചാന്നാന്മാരുടെ പക്ഷത്താണ് വിദേശികളായ ക്രിസ്ത്യൻ മിഷനറിമാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും നിലകൊണ്ടത്. ഈ വൈദേശീയർ എടുത്ത പക്ഷപാതപരമായ നിലപാടുകളും അതിനെ സംബന്ധിച്ച് വീക്ഷണങ്ങളുമാണ് പില്ക്കാലത്ത് കേരളത്തിന്റെ ഔദ്യോഗിക ചരിത്രത്തിൽ സ്ഥാനം പിടിച്ചത് . പക്ഷപാതപരമായതും സവർണ്ണഹിന്ദുക്കളെ വിദ്വേഷിയ്ക്കുന്നതുമായ ഈ വ്യാജ ചരിത്രം സവർണ്ണ ഹിന്ദുക്കൾ(നായന്മാർ) പോലും ചോദ്യം ചെയ്തതുമില്ല. തുടർന്ന് ഈ കപടആഖ്യാനങ്ങൾക്ക് പ്രചാരം ലഭിക്കയും, നായന്മാർ ഉൾപ്പെടെയുള്ള മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠനേടുകയും ചെയ്തു. ഇവിടെ തെളിവുകളോടു കൂടി നല്കിയിരിയ്ക്കുന്ന ചരിത്ര വസ്തുതകൾ ഈ കപട ആഖ്യാനത്തിന്റെ മുന ഒടിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു !!!
പി ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂർ ചരിത്രം
ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിലെ ബാക്കിയുള്ള ഭാഗത്തിലേയ്ക്ക് ഇനി കടക്കാം.( തർജ്ജമയിലെ പേജുകൾ 433 & 434). കഴിഞ്ഞ ഭാഗത്തിന്റെ (ഭാഗം 6) തുടർച്ചയാണ് ഇവിടെ നല്കിയിരിയ്ക്കുന്നത്.
Quote P Shungoony Menon :- ” ഇദ്ദേഹം(ട്രെവലിയൻ) ഈ പ്രശ്നത്തിൽ ഏകപക്ഷീയമായൊരു തീരുമാനമെടുത്തതായിട്ടാണ് കാണുന്നത്. വിഷയത്തെ ശാന്തമായും സമഗ്രമായും പരിഗണിച്ചതായി തോന്നുന്നില്ല. മുൻപ്രസ്താവിച്ച സർക്കുലർ ഓർഡറിന്റെയും വിളംബരത്തിന്റെയും അർത്ഥം മതപരിവർത്തനം ചെയ്ത ചാന്നാർ സ്ത്രീകൾക്ക് തിരുവിതാംകൂർ ഗവൺമെന്റ് മാറുമറയ്ക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നു എന്നതായിട്ടാണ് അദ്ദേഹം മസ്സിലാക്കിയത് . ഈ (തെറ്റി)ധാരണയോടുകൂടി തന്റെ തീരുമാനമെന്നോണം ജനറൽ കല്ലന് അദ്ദേഹം ഇപ്രകാരം എഴുതി :-
സത്യവും നീതിയും മാത്രമല്ല, പൊതുവായ മനുഷ്യത്വത്തിന്റെ എല്ലാ ഭാവങ്ങളും പൂർണ്ണമായിട്ട് ഒരു പക്ഷത്തുമാത്രം (ക്രിസ്ത്യാനികളായ ചാന്നാന്മാരുടെയും അവരെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് സർക്കാറിന്റെയും പക്ഷത്ത് ) നിലകൊള്ളുന്ന ഇതുപോലുള്ള ഒരു കേസ് എന്റെ നോട്ടത്തിൽ തികച്ചും അപൂർവ്വമാണ്. ഇത്തരം സന്ദർഭത്തിൽ നാം ദൃഢമായ ഒരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ പരിഷ്കൃതലോകം നമ്മെ അപലപിയ്ക്കുവാൻ ഇടയാകും. ഇവിടെ നമ്മുടെ രാജ്ഞിയുടെ 1858- ലെ വിളംബരം (Queen Victoria’s 1858 Proclamation) പരിഗണിക്കേണ്ടതുണ്ട്. ഈ വിളംബരത്തിലൂടെ രാജ്ഞിയുടെ ഇന്ത്യൻ പ്രജകൾക്ക് ചിന്തിയ്ക്കാനും പ്രവർത്തിയ്ക്കുവാനും ഉള്ള സ്വാതന്ത്ര്യം നിശ്ചയമായും നല്കിയിട്ടുണ്ട്. പക്ഷെ ഈ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങളിൽ കൈകടത്തി (ഇവിടെ ക്രിസ്ത്യാനികളായ ചാന്നാർ സ്ത്രീകളുടെ അവകാശങ്ങളിൽ) ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നും വിളംബരത്തിൽ ഉണ്ട്. തിരുവിതാംകൂറിൽ നടക്കുന്ന അസാധാരണമായ, സ്ത്രീകൾക്കെതിരെയുള്ള, തീർത്തും സഭ്യമല്ലാത്ത പീഢനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നമ്മൾ നിർബന്ധിതരാണ്. അല്ലാത്തപക്ഷം രാജ്ഞി സദുദ്ദേശത്തോടെ പുറപ്പെടുവിച്ച വിളംബരം ഇത്തരം ഹിംസകളെ ന്യായീകരിയ്ക്കുന്നതാണെന്ന് വന്നുചേരും. (On November 1, 1858, Lord Canning announced Queen Victoria’s proclamation to “the Princes, Chiefs and Peoples of India,” which unveiled a new British policy of perpetual support for “native princes” and non-intervention in matters of religious belief or worship within British India.) ഇന്ത്യൻ പ്രജകളോടുള്ള കാരുണ്യാതിരേകത്താൽ ചക്രവർത്തിനി വിളംബരത്തിലൂടെ നല്കിയ ചിന്താ-പ്രവൃത്തി സ്വാതന്ത്ര്യം താനുൾപ്പെട്ട സ്ത്രീ സമൂഹത്തിന് എതിരെ പ്രയോഗിയ്ക്കുന്നു എന്നറിഞ്ഞാൽ അവർക്കുണ്ടാകുന്ന (രാജ്ഞിക്കുണ്ടാകുന്ന) മാനസികവിക്ഷോഭങ്ങളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും ഭാവന ചെയ്യുവാൻ എനിയ്ക്ക് സാധിയ്ക്കും. അതിനാൽ ചക്രവർത്തിനിയുടെ വികാരങ്ങളെ മാനിച്ച് ഞാൻ പ്രവർത്തിയ്ക്കാതിരുന്നാൽ, അത് തീർച്ചയായും അവരോട് കാണിയ്ക്കുന്ന അനാദരവ് ആയിരിയ്ക്കും.
അതിനാൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി താങ്കൾ(ജനറൽ കള്ളൻ) ഈ വീക്ഷണങ്ങൾ മഹാരാജാവിനെ ഉദ്ബോധിപ്പിച്ച്, 1814 മേയ് മാസത്തിലെ സർക്കുലർ ഓർഡറിലും 1829 ഫ്രെബ്രുവരി 3-ലെ വിളംബരത്തിലും പറയുന്ന നിരോധനങ്ങൾ കാലത്തിനു പറ്റാത്തതാണെന്നും സംസ്കാരസമ്പന്നനായ രാജാവിനു ചേരാത്തതാണെന്നും ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതുമാണ്. ”
പുതിയ ഗവർണ്ണറിൽ നിന്നുള്ള ഈ കത്ത് വയസ്സായ റസിഡന്റ് ജനറലിനെ(ജന. കള്ളൻ) ഭയചകിതനാക്കി. ഗവർണ്ണറുടെ(ട്രെവിലിയൻ) നിർദ്ദേശത്തിന് അനുസൃതമായി, പഴയനിയമങ്ങൾ പിൻവലിച്ച് പുതിയ നിയമനിർമ്മാണം നടത്തുവാൻ അദ്ദേഹം മഹാരാജാവിനെ നർബന്ധിച്ചു. ബ്രിട്ടീഷുകാരുടെ നിർബന്ധത്തിനു വഴങ്ങി തിരുവിതാംകൂറിലെ നിയമങ്ങളെ ആകമാനം മാറ്റി മറിച്ച്, രാജ്യത്തിന്റെ പാരമ്പര്യങ്ങൾക്കും നാട്ടുമര്യാദകൾക്കും വിപരീതങ്ങളായ നിയമങ്ങൾ സ്വീകരിച്ചാൽ ഉണ്ടാകാവുന്ന തിന്മകളുടെ വർദ്ധനവിനെക്കുറിച്ച് ആശങ്കപൂണ്ട രാജാവ് തന്റെ കാര്യശേഷിയുള്ള ദിവാനുമായി ഈ വിഷയത്തെ സംബന്ധിച്ച് ദീർഘമായ ചർച്ചകൾ നടത്തിയ ശേഷം ഒരു പുതിയ വിളംബരം തയ്യാറാക്കി. ക്രിസ്ത്യാനികളായ ചാന്നാർ സ്ത്രീകൾക്ക് വസ്ത്രധാരണവിഷയത്തിൽ കൂടുതൽ സൗജന്യങ്ങൾ നൽകിക്കൊണ്ട് 1859 ജൂലൈ മാസത്തിൽ മേൽ സൂചിപ്പിച്ച വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ഈ പുതുവിളംബരത്തിൽ മതപരിവർത്തനം ചെയ്ത് ക്രിസ്ത്യാനികളായ ചാന്നാർ സ്ത്രീകൾക്ക് ബ്രാഹ്മണസ്ത്രീകളുടെ വസ്ത്രധാരണരീതി അനുകരിക്കുവാൻ അനുവാദം നൽകിയിരുന്നില്ല. ഈ വിളംബരം മിഷണറിമാരെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെങ്കിലും വസ്ത്രധാരണത്തിന്റെ പേരിലുള്ള വഴക്കു തടയുവാൻ സഹായകമായി.
മിഷണറിമാരുടെ ഇക്കാര്യത്തിലുള്ള മനോഭാവം റവറന്റ് എസ്. മെറ്റിയേഴ്സ് എഴുതിയ ‘ധർമ്മരാജ്യം’ എന്ന പുസ്തകത്തിലെ 12-ആം അധ്യായത്തിൽ 295 മുതൽ 306 വരെയുള്ള പുറങ്ങളിൽ പ്രകടമാണ് . വായനക്കാരിൽ ക്ഷോഭം ജനിപ്പിക്കത്തക്ക വിധത്തിൽ, അയാൾ അതിൽ അന്യായമായി തിരുവിതാംകൂർ ഭരണകൂടത്തെ ആക്ഷേപിച്ചിട്ടുണ്ട്. മിഷനറി സാമുവൽ മറ്റിയേഴ്സ്സിന്റെ മതമായ പ്രോട്ടസ്റ്റന്റിസം ഉരുവാകുന്നതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പേ, യുറോപ്യന്മാർ ഇവിടെ കാലുകുത്തുന്നതിനും മുമ്പേ, തിരുവിതാംകൂറിലെ ഭരണകൂടങ്ങൾ ക്രിസ്തുമതത്തോടും ക്രിസ്ത്യാനികളോടും സഹിഷ്ണുതാപരമായിട്ടാണ് പെരുമാറിയിട്ടുള്ളത്. ഈ രാജ്യത്തെ ജനങ്ങളും രാജാവും യാഥാസ്ഥിതികരായ ഹിന്ദുക്കൾ ആയിരുന്നിട്ടുകൂടി, മറ്റിയേഴ്സ് ഏത് സംഘടനയ്ക്കു കീഴിൽ ‘ദൈവവേല’ ചെയ്തിരുന്നുവോ, ആ സംഘടനയായ ലണ്ടൻ മിഷന്റെ ശൈശവദശയിൽ അതിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ചരിത്രമാണ് തിരുവിതാംകൂറിന് ഉള്ളത് എന്ന് കൃതഘ്നനനായ ആ മിഷനറി ഓർത്തില്ല.
മിഷണറിമാരുടെ നിശിതമായ വിമർശനങ്ങൾ മഹാരാജാവിന്റേയും അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെയും സർപ്പേരിന് കളങ്കം ചാർത്തുന്നതായിരുന്നു. ഇത് അവരും ഹിന്ദുക്കളും തമ്മിൽ ശത്രുത വളർത്തുവാനേ സഹായിച്ചുള്ളൂ. മിഷണറി പ്രവർത്തനങ്ങളിലേക്കുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും സ്വതന്ത്രമായി പ്രവർത്തിക്കുവാനും അവരെ അനുവദിച്ചിട്ടുകൂടി അവർ കൃതഘ്നരായി കാണപ്പെട്ടു.” Unquote
ബ്രിട്ടീഷ് ഭരണകർത്താക്കളുടേയും, ക്രിസ്ത്യൻ മിഷനറിമാരുടെയും പിന്തുണയോടെ ക്രിസ്ത്യൻ ചാന്നാന്മാരും ചാന്നാട്ടികളും അഴിഞ്ഞാടിയതിനെക്കുറിച്ച് പി.ശങ്കുണ്ണിമേനോൻ നല്കിയ വിവരണങ്ങൾ ഇതോടെ അവസാനിയ്ക്കുന്നു.
ഇപ്രകാരം പി ശങ്കുണ്ണിമേനോൻ കാര്യകാരണസഹിതമായി വസ്ത്രധാരണ വിഷയത്തെച്ചൊല്ലി ക്രിസ്ത്യാനികളായ ചാന്നാന്മാരും(ഷാണാന്മാർ, നാടാന്മാർ) നായന്മാരും തമ്മിൽ തെക്കൻ തിരുവിതാംകൂറിൽ നടന്ന വഴക്കുകളെക്കുറിച്ച് തന്റെ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സത്യസന്ധമായ ഈ ചരിത്ര വസ്തുതകൾ അക്കാഡമിക്ക് ചരിത്രത്തിലും കേരളത്തിന്റെ ഔദ്യോഗിക ചരിത്രത്തിലും തിരസ്കരിക്കപ്പെട്ടു. സത്യസന്ധവും വസ്തുതകൾക്ക് നിരക്കുന്നതുമായ ഈ ചരിത്രം നിരാകരിയ്ക്കപ്പെടുകയും, പകരം ക്രിസ്ത്യൻ മിഷനറിമാരും ബ്രിട്ടീഷ് ഭരണാധികാരികളും പ്രചരിപ്പിച്ച നുണകളാണ് ചരിത്രമായി മലയാളികൾ കേൾക്കുകയും പഠിക്കുകയും അംഗീകരിയ്ക്കുകയും ചെയ്തത്. മിഷറിമാർക്കും ബ്രിട്ടീഷുകാർക്കും ശേഷം സോഷ്യലിസ്റ്റുകളും (കോൺഗ്രസ്സ് ) ഇടതുപക്ഷവും ഈ കള്ളച്ചരിത്രം ഏറ്റുപിടിച്ചു. എന്നാൽ പ്രമുഖ നായർ സംഘടനയായ NSS-ന്റെ കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടു പോലും, നായർ സമുദായത്തെ പ്രതിലോമമായി ബാധിയ്ക്കുന്ന ഈ കപട ആഖ്യാനങ്ങൾ (false narratives) തിരുത്തുവാനോ, സമൂലം പിഴുതെറിയുവാനോ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയതായി കാണുന്നുമില്ല.
……തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,209
Total Page Views : 37,739