മന്നത്തിന്റെ എന്റെ ജീവിതസ്മരണകൾ എന്ന ഗ്രന്ഥത്തിൽ, ചങ്ങനാശ്ശേരി താലൂക്ക് നായർ സമാജത്തിന്റെ ജനനത്തെക്കുറിച്ച് വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്.
മന്നം ആ സംഭവ പരമ്പരകളെ രേഖപ്പെടുത്തിയത് ഇവിടെ കൊടുക്കുന്നു.
“അദ്ധ്യായം 5
ചങ്ങനാശ്ശേരി താലൂക്ക് നായർസമാജം.
അടുത്ത പടിയുള്ള എന്റെ ആഗ്രഹം ചങ്ങനാശ്ശേരി താലൂക്കിലെ നായന്മാരുടെ സംഘടനയ്ക്കുള്ള അടിസ്ഥാനം ഇടണമെന്നുള്ളതായിരുന്നു. അധികം താമസിയാതെ അതിനൊരു സന്ദർഭമുണ്ടായി. 1089 കന്നിയിൽ (1913-ൽ) ശ്രീമൂലംതിരുനാളാഘോഷം പതിവുപോലെ ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാർ ചേർന്ന് നടത്താൻ തീരുമാനിച്ചിരുന്നു. പണപ്പിരിവും മറ്റൊരുക്കങ്ങളും വേണ്ടവണ്ണം നടന്നു. ഞങ്ങളെല്ലാ കമ്മറ്റിമെമ്പറന്മാരും ഉത്സാഹപൂർവ്വം മുൻ നിന്നു പ്രവർത്തിക്കുന്നവരുമായിരുന്നു. വർക്കല സുബ്രഹ്മണ്യയ്യരായിരുന്നു അന്നത്തെ തഹസീൽദാർ. ഘോഷയാത്ര ഒഴിച്ചുള്ള എല്ലാ ചടങ്ങുകളും കച്ചേരിയ്ക്കും പള്ളിക്കും അടുത്തുള്ള ടൌൺഹാളിലും അതിന്റെ മൈതാനത്തും വച്ചാണ് മുമ്പേതന്നെ നടത്തിവന്നത് . അക്കൊല്ലവും അതിനൊന്നും മാറ്റമുണ്ടായില്ല.
ചങ്ങനാശ്ശേരി ടൌണിന്റെ കേന്ദ്രത്തിലും പടിഞ്ഞാറുള്ള ചന്തയിലും ക്രിസ്ത്യാനികളും മറ്റു മൂന്നു ഭാഗങ്ങളിലായി നായന്മാരും പാർത്തിരുന്നു. സാമീപ്യവും താല്പര്യവും കൊണ്ട് യോഗത്തിൽ പങ്കുകൊള്ളുന്നത് അധികവും ക്രിസ്ത്യാനികളായിരുന്നു. എല്ലാ ഭാഗത്തെ നായന്മാരിൽനിന്നും അവിടെയുള്ള വക്കീലന്മാരും , പ്രാമാണ്യത്തിനവകാശവും യോഗ്യതയുമുള്ള മറ്റു ചിലരും വന്നെത്തുക പതിവാണ്. അക്കൊല്ലവും അവരെല്ലാം ഹാജരുണ്ടായിരുന്നു. പാണ്ഡിത്യംകൊണ്ടും വാഗ്മിത്വംകൊണ്ടും മറ്റെല്ലാനിലകൊണ്ടും അവിടെ ഹാജരാകുന്നവരിൽ ഞങ്ങളുടെ കൂട്ടത്തിലെ പ്രമാണി കൈനിക്കര കുമാരപിള്ള ആയിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല. അദ്ദേഹം നല്ല ഒരു കവിയും വൈദ്യനുമായിരുന്നു. വിനയാധിക്യംകൊണ്ടു സൌമ്യനും ശാന്തനുമായ അദ്ദേഹത്തെ സ്നേഹിക്കയും ആദരിക്കുകയും ചെയ്യാത്തവർ ചുരുക്കം. ആര് എന്താക്രമണം നടത്തിയാലും സഹിക്കയല്ലാതെ പ്രതിക്രിയയ്ക്കൊരുങ്ങുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു.
അക്കാലത്ത് ചങ്ങനാശ്ശേരി കത്തോലിക്കാപള്ളിയിലെ വികാരി ജനറൽ ആയി കണ്ടങ്കരി കത്തനാർ എന്നൊരു മാന്യനുണ്ടായിരുന്നു. ജനസ്വാധീനവും പ്രതാപവും ഉണ്ടായിരുന്ന അദ്ദേഹം എല്ലാ സമുദായത്തിൽപ്പെട്ടവരേയും ആകർഷിക്കാനും വിദഗ്ദ്ധനായിരുന്നു. ഞങ്ങളെല്ലാം അന്യോന്യം സ്നേഹിച്ചും ബഹുമാനിച്ചുമാണ് പൊതുക്കാര്യങ്ങളിൽ പങ്കുകൊണ്ടിരുന്നത്. തിരുനാളിന് സാധാരണ കാലത്തും വൈകിട്ടും രണ്ടുയോഗങ്ങൾ ഉണ്ടായിരിക്ക പതിവാണ്. ഒന്നിൽ ഒരു ഹിന്ദുവും മറ്റൊന്നിൽ ഒരു ക്രിസ്ത്യനുമായിരിക്കും അദ്ധ്യക്ഷൻ. അത് മിക്കവാറും കൈനിക്കര കുമാരപിള്ളയും കണ്ടങ്കരി കത്തനാരുമാണ് നിർവഹിക്ക പതിവുള്ളത്. അക്കൊല്ലം മൂന്നുയോഗങ്ങൾ കൂടി. കാലത്തും ഉച്ചയ്ക്കും നടന്ന യോഗങ്ങളിൽ കൈനിക്കര കുമാരപിള്ള ഹാജരുണ്ടായിരുന്നിട്ടും പരിഗണിക്കാതെ, സാധരണന്മാരായ രണ്ടു കത്തനാരന്മാരെ അവർ നിർദ്ദേശിച്ചു. ഞങ്ങളിൽ അധികം പേർക്കും അതു ഹിതമായില്ലെങ്കിലും അഭംഗിയോർത്തു സഹിച്ചു. രാത്രിയിൽ കൂടിയ യോഗത്തിൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് വികാരി ജനറലിന്റെ പേര് അവർ നിർദ്ദേശിച്ചു. അപ്പോഴും കൈനിക്കര കുമാരപിള്ള ഹാജരുണ്ട്. അപ്പോൾ അവിടെ കൂടിയിരിക്കുന്ന ആളുകളിൽ അധികവും ക്രിസ്ത്യാനികളായതുകൊണ്ടും ചങ്ങനാശ്ശേരിയുടെ താൽക്കാലനിലയിൽ നായന്മാരെ അവഗണിച്ചാലും തരക്കേടില്ലെന്നു വിചാരിച്ചും കാല് മുമ്പോട്ട് വയ്ക്കുന്നതാണെന്നു(ക്രിസ്ത്യാനികൾ) ഞങ്ങൾക്കു തോന്നി. ഇതിനെ എതിർക്കാതെ കീഴടങ്ങുന്നത് സമുദായത്തോടു ഞങ്ങൾ ചെയ്യുന്ന ദ്രോഹമാണെന്നും വിചാരിച്ചു. ഒരു ചെറിയ പത്രാധിപരായിരുന്ന കടപ്പന നാരായണപ്പണിക്കർ അദ്ധ്യക്ഷസ്ഥാനത്തേക്കു കൈനിക്കര കുമാരപിള്ളയുടെ പേരു നിർദ്ദേശിച്ചു. മറ്റൊരാൾ പിന്താങ്ങി. രംഗസ്ഥിതിക്കു മാറ്റമുണ്ടായി. ചില അപശബ്ദം അങ്ങിങ്ങായി പുറപ്പെട്ടു. കാര്യങ്ങൾ എല്ലാം അറിവുണ്ടായിരുന്ന വികാരി ജനറൽ കൈനിക്കര കുമാരപിള്ളയെ അദ്ധ്യക്ഷസ്ഥാനത്തേക്കു ക്ഷണിക്കേണ്ടതായിരുന്നു അദ്ദേഹത്തിന്റെ നിലയ്ക്കും മര്യാദയ്ക്കും വേണ്ടതെന്നു നീതിബോധമുള്ളവർക്കെല്ലാം തോന്നി. അദ്ദേഹം മൌനം ഭജിച്ചതേയുള്ളൂ. വോട്ടെടുത്താൽ ക്രിസ്ത്യാനിക്കു ജയം കിട്ടുമെന്നറിയാമെങ്കിലും തിരുനാൾയോഗത്തിൽ ബലാബലപരീക്ഷ ശരിയോ എന്നൊരു ശങ്ക അവരെയും അലട്ടാതിരുന്നില്ല. ഇതിനിടയിൽ സംസ്കാരസമ്പന്നനായ കൈനിക്കര കുമാരപിള്ള അതിൽനിന്ന് ഒഴിഞ്ഞിരിക്കുന്നു എന്നു പ്രസ്താവിച്ചു. അതിനെ എങ്കിലും ഒരു മാതൃകയായി സ്വീകരിച്ച് ഒഴിഞ്ഞുമാറേണ്ട വികാരി ജനറൽ അദ്ധ്യക്ഷപീഠത്തിൽ ആരോഹണം ചെയ്യുകയാണ് ചെയ്തത്. അത് എന്നെ ദുസ്സഹനാക്കിത്തീർത്തു. ഈ നാട്ടിലെ ഹിന്ദുക്കളെ അപമാനിക്കുകയും അവരുടെ അവകാശങ്ങളെ അഹങ്കാരത്തോടുകൂടി പിടിച്ചടക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് , ഇന്നിവിടെ നടന്നിട്ടുള്ളതെന്നും, അതിനു കീഴടങ്ങാൻ ഞങ്ങൾ വിചാരിക്കുന്നില്ലെന്നും മേലാൽ തിരുനാൾ ആഘോഷം ഞങ്ങൾ പ്രത്യേകമായി നടത്തുന്നതാണെന്നും പ്രസ്താവിച്ചുകൊണ്ട് ഞാൻ സദസ്സിൽ നിന്നും ഇറങ്ങിപ്പോന്നു. പ്രശാന്തനായ കൈനിക്കര കുമാരപിള്ള ഉൾപ്പെടെ അവിടെ ഉണ്ടായിരുന്ന എല്ലാ നായന്മാരും ഭാഗ്യം കൊണ്ട് എന്നെ അനുഗമിച്ചു. ഞങ്ങൾ നേരെ പെരുന്നയിൽ കരയോഗമന്ദിരത്തിലേക്കാണു പോയത്. അവിടെച്ചെന്ന് നമ്മുടെ വക തിരുനാളാഘോഷം ഇക്കൊല്ലം തന്നെ പ്രത്യേകമായി കൂടേണ്ടതാണെന്നും താലൂക്കൊട്ടുക്കുള്ള നായന്മാരെ ക്ഷണിച്ചുവരുത്തി മോടിയിൽ നടത്തണമെന്നും തീരുമാനിച്ചു. അതിനടുത്ത ദിവസമോ പിറ്റേദിവസമോ ആയിരുന്നു വിജയദശമി. അന്നു നടത്താൻ അപ്പോൾ ഒരു കമ്മിറ്റി രൂപീകരിച്ച ശേഷം പിരിഞ്ഞു.
ഈ അപശബ്ദം താലൂക്കൊട്ടാകെ വ്യാപിച്ചു. എല്ലാ ഭാഗങ്ങളിൽ നിന്നും ധാരാളം നായർ പ്രമാണികൾ ‘വിജയദശമിയോഗ’ ത്തിൽ സംബന്ധിക്കാൻ പെരുന്ന കരയോഗമന്ദിരത്തിൽ വന്നെത്തി. മന്ദിരത്തിനകത്തും പുറത്തും ആളുകൾ തിങ്ങിക്കൂടിയിരുന്നു. കൈനിക്കര കുമാരപിള്ളയുടെ അദ്ധ്യക്ഷതയിൽത്തന്നെ യോഗം ആരംഭിച്ചു. നായരുടെ ഇന്നത്തെ കെട്ടുപാടില്ലാത്ത കിടപ്പിനേയും , തൻമൂലമുണ്ടായിട്ടുള്ള നാശത്തേയും, അവസരംനോക്കി മറ്റുസമുദായം നടത്തുന്ന ആക്രമണത്തേയും തന്മൂലമുണ്ടാകുന്ന നാശത്തേയും അപമാനത്തേയും, നാം ഉണർവ്വോടുകൂടി യോജിച്ചു പ്രവർത്തിച്ചില്ലെങ്കിലുണ്ടാകുന്ന ഭവിഷ്യത്തിനേയും പറ്റി ചൂടോടുകൂടി പല പ്രസംഗങ്ങളും നടന്നു. ഈ താലൂക്കിലുള്ള എല്ലാ നായന്മാരും ചേർന്ന് ഒരു താലൂക്കുസമാജം സ്ഥാപിക്കേണ്ടതാണെന്നും താലൂക്ക് നായർ സമാജത്തിന്റെ വാർഷികയോഗം വിജയദശമി ദിവസം കൊണ്ടാടേണ്ടതാണെന്നും തീരുമാനിച്ച് ഒരു കമ്മറ്റി ഉണ്ടാക്കുകയും എന്നെ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സന്ധ്യയോടു കൂടി യോഗം പിരിഞ്ഞു. യോഗത്തിൽ സംബന്ധിച്ചവരെല്ലാം ചേർന്ന് കരയോഗമന്ദിരത്തിൽ നിന്ന് വാദ്യമേളങ്ങളോടുകൂടി ഘോഷയാത്രയായി പുറപ്പെട്ട് പെരുന്നയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ എത്തി ദീപാരാധനയിൽ സംബന്ധിച്ചു. ഭഗവദനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൊണ്ട് എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു പോയി. ചങ്ങനാശ്ശേരി താലൂക്ക് നായർസമാജത്തിന്റെ വാർഷിക യോഗമായ വിജയദശമി യോഗം ഇന്നും തെറ്റാതെ നടന്നുകൊണ്ടിരിക്കുന്നു. ഓരോ കൊല്ലവും താലൂക്കിന്റെ ഓരോ ഭാഗത്തുവച്ചാണ് ഈ വാർഷികമഹോത്സവം കൊണ്ടാടുന്നത്. സർവ്വീസ് സൊസൈറ്റിയോട് സംഘടിപ്പിക്കപ്പെട്ട ഒരു താലൂക്കു യൂണിയനായി പരിവർത്തനം ചെയ്തു എന്നുള്ളതിൽ കവിഞ്ഞ് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ചങ്ങനാശ്ശേരി താലൂക്കിലെ നായന്മാരുടെ ഇടയിൽ ഇന്നുകാണുന്ന ഉണർവ്വിനും സംഘടനാ ബലത്തിനും കാരണം ആ വിജയദശമി യോഗങ്ങളായിരുന്നു എന്നുള്ളത് നിർവിവാദമാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഉത്ഭവത്തിനു പോലും കാരണം ഈ താലൂക്ക് നായർ സമാജമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതെങ്ങിനെയിരുന്നാലും താലൂക്ക് നായർസമാജം എന്ന പേരിൽ ആദ്യമായുണ്ടായതും ഇന്നും നിലനിൽക്കുന്നതുമായ സമാജം ഇതു തന്നെയാണെന്നു രേഖപ്പെടുത്തുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
ഒരു സംഭവം കൂടി വിവരിച്ചിട്ട് ഈ അദ്ധ്യായം അവസാനിപ്പിക്കാം. 1090-തുലാം-15നു (1914) ചങ്ങനാശ്ശേരി താലൂക്കിനെന്നല്ല നായർ സമുദായത്തിന് ഒട്ടാകെ സ്മരണീയമായ ഒരു ദിവസമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പുനർജ്ജന്മദിനമാണെന്നു പറഞ്ഞാലും തെറ്റില്ല.
അക്കൊല്ലത്തെ ശ്രീമൂലം പ്രജാപ്രതിനിധിയുടെ തിരഞ്ഞെടുപ്പ് അന്നായിരുന്നു. അൻപതുരൂപാ കരം തീരുവയുള്ളവർക്കുമാത്രമേ അന്നു വോട്ടുള്ളൂ. അങ്ങനെയുള്ള നായർ വോട്ടറന്മാരുടെ എണ്ണം അന്നു ചങ്ങനാശ്ശേരി താലൂക്കിലും കൂടുതലുണ്ടായിരുന്നെങ്കിലും നായരുടെ യോജിപ്പില്ലാഴിക കൊണ്ട് അവരുടെ വോട്ടു പല പാത്രത്തിൽ വീഴുകയും എതിർ സ്ഥാനാർത്ഥിയേക്കാൾ യോഗ്യനായാലും നായർ സ്ഥാനാർത്ഥി തോല്ക്കുകയുമാണ് മിക്കപ്പോഴും പതിവ്. ഇതിനൊരു മാറ്റം വരുത്തണമെന്ന് ഞങ്ങളിൽ ചിലർ കാലേകൂട്ടി കരുതി. ആ തവണ സ്ഥാനാർത്ഥിയായി നിന്നത് ഞങ്ങളുടെയെല്ലാം സ്നേഹിതനും ഒരു പ്രമാണിയുമായിരുന്ന വാല്പറമ്പിൽ വേലായുധൻപിള്ളയായിരുന്നു. എതിർസ്ഥാനാർത്ഥി പതിവുപോലെ ക്രിസ്ത്യാനിയും. ഞങ്ങളുടെ ശ്രമവും കരുതലും കൊണ്ട് ഏറ്റവും കൂടുതൽ വോട്ടോടുകൂടി വേലായുധൻപിള്ളയ്ക്കു ജയിക്കാൻ സാധിച്ചു. യോജിപ്പിന്റെയും ശ്രമത്തിന്റെയും ഫലം വിജയമാണെന്നു ബോദ്ധ്യപ്പെട്ട ഞങ്ങൾ ആ സന്തോഷത്തിലും ഉത്സാഹത്തിലും അപ്പോൾത്തന്നെ പെരുന്നയിലേക്ക് പുറപ്പെട്ട് മന്നത്തു വീട്ടിലെത്തി. ചങ്ങനാശ്ശേരി താലൂക്കുകാരായ ഞങ്ങൾ 13 പേരും വടക്കേ മലബാറുകാരനായ കേളപ്പൻനായരും ഉണ്ടായിരുന്നു. കേളപ്പൻനായർ അന്ന് ബർക്ക്മാൻസ് ഹൈസ്ക്കൂളിലെ ഒരു ടീച്ചറായിരുന്നു. അടുത്തു താമസക്കാരായ ഞങ്ങൾ സ്നേഹിതന്മാരാകാൻ താമസമുണ്ടായില്ല. ആവശ്യം വരുമ്പോൾ മാത്രം ഒരുമിച്ചു കൂടുകയും ഓരോകാര്യത്തനും അപ്പോഴപ്പോൾ ഓടി നടക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരുത്തേണ്ടതാണെന്നും , സ്ഥിരപ്രവർത്തനത്തിന് ഒരു ചെറു സംഘം അത്യവശ്യമാണെന്നും ഞങ്ങൾക്കു തോന്നി. സേവനം ചെയ്യാനുണ്ടാക്കുന്ന ആ സംഘം എത്ര ചെറുതായിരുന്നാലും അതിന് താലൂക്കതിർത്തിയോ സംസ്ഥാനവിഭജനമോ പാടില്ലെന്നും സേവനസന്നദ്ധതയുള്ളവർക്കെല്ലാം പ്രവേശനം അനുവദിക്കുന്നതും ആവശ്യമുള്ളിടത്തെല്ലാം പ്രവർത്തിക്കാൻ അവകാശമുള്ളതും ആയിരിക്കണമെന്നും ഞങ്ങൾ വിചാരിച്ചു. ഇന്ന് ഇവിടെവച്ചുതന്നെ ഇതിന്റെ പ്രാരംഭപ്രവർത്തനം തുടങ്ങേണ്ടതാണെന്നും ഞങ്ങൾക്കഭിപ്രായമുണ്ടായി. ഞാൻ ഉടൻതന്നെ അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തു. (അഞ്ചാം അദ്ധ്യായം അവസാനിച്ചു. പേജുകൾ 22,23,24,25- അഞ്ചാം പതിപ്പിൽ)