കടം അപ’കട’മാണ് !! കടം അടിമത്വത്തിലേക്കുള്ള രാജ പാതയാണ് !! വ്യക്തിയെപ്പോലെ തന്നെ കടമെടുക്കുന്ന രാജ്യത്തേയും കാണേണ്ടതുണ്ട് !!! പണ്ടുണ്ടായിരുന്ന രാജഭരണ വ്യവസ്ഥയുമായിട്ട് താരതമ്യം ചെയ്താൽ, ജനാധിപത്യം എന്ന ദുരഭിമാനം പേറുന്ന ജനങ്ങൾ, കടം മൂലമുള്ള അപകടത്തിൽ നിന്നും രക്ഷപെടാൻ ഒരു സാദ്ധ്യതയുമില്ലാതെ അകപ്പെട്ടിരിക്കുന്നതായി കാണാം !!! ഭരണകർത്താക്കളും, എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളും, ഭരണഘടനകളും, നവോത്ഥാനക്കാരും, പുരോഗമനക്കാരും, വികസനക്കാരും, ആക്ടിവിസ്റ്റുകളും, മനുഷ്യത്വക്കാരും മറ്റും മറ്റും സ്വാതന്ത്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നു !! പക്ഷെ ഉള്ളതുകൊണ്ട് സംതൃപ്തിയോടെ ലളിതമായി ജീവിയ്ക്കുവാൻ ഇവർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നില്ല, സ്വയമേ മാതൃകാപരമായി ജീവിച്ച് കാണിച്ച് ജനങ്ങളോട് ആവശ്യപ്പെടുന്നുമില്ല. അച്ചടക്കം ഇല്ലാത്ത ജീവിതശൈലികളും, അടക്കാനാവാത്ത ആർത്തിയും മോഹങ്ങളും, അന്തമില്ലെന്നു തോന്നിപ്പിയ്ക്കുന്ന പുരോഗതിയിൽ ഉള്ള അന്ധവിശ്വാസവും കാരണം അപകടകരമായി ജീവിതം നയിച്ച് അവസാനം കടത്തിൽ മുങ്ങുന്ന വ്യക്തിയും രാഷ്ട്രവും, സ്വാതന്ത്ര്യവും സമത്വവും അർഹിക്കുന്നില്ല, എന്ന് ജനങ്ങളോട് പറയുവാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും ധൈര്യമില്ല !! ഇതിന് വിരുദ്ധമായിട്ട് ജനാധിപത്യ ഭരണത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ രാഷ്ട്രീയപാർട്ടികളും അവരുടെ നേതാക്കളും, മൂലധനം കൈയ്യിൽ ഇല്ലാതെ, സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാക്കുന്ന പല വിധത്തിൽ ഉള്ള വാഗ്ദാനങ്ങൾ ജനങ്ങളുടെ മുമ്പിൽ നിരത്തുന്നു. ഈ വാഗ്ദാനങ്ങൾ പിന്നീട് നടപ്പിൽ വരുത്തുവാനും, ഇതിനും പുറമെ ദൈനം ദിന ഭരണ ചിലവുകൾക്കും അമിതമായി കടം എടുക്കുകയും ചെയ്യുന്നു. ഫലത്തിൽ സമാധാന കാലത്തുപോലും ജനങ്ങൾ കടഭീഷണിയുടെ നിഴലിൽ അരക്ഷിതരായി ജീവിക്കേണ്ടി വരുന്നു. കടം മേടിയ്ക്കുന്ന രാജ്യങ്ങൾ അത് നല്കിയ രാജ്യങ്ങളുടെ കടുത്ത ഉപാധികൾക്ക് വഴങ്ങേണ്ടി വരും. ഇത്തരം ഉപാധികൾ സാധരണ ജനങ്ങളുടെ ജീവിതം തീർച്ചയായും ദുരിതപൂർണ്ണമാക്കും.
ആധുനിക സർക്കാറുകൾ എല്ലാം തന്നെ, കേരളം ഉൾപ്പടെ, കടം വാങ്ങിയിട്ടാണ് രാജ്യകാര്യങ്ങൾക്കായി (പൊതുകാര്യങ്ങൾക്കായി) ചിലവിടുന്നത് . എല്ലാ ബഡ്ജററിലും റവന്യൂ കമ്മി പ്രകടമാണ്. റവന്യൂ വരവിന്റെ ഒരു നല്ല ഭാഗം ഈ കടത്തിന്മേലുള്ള പലിശയ്ക്ക് നീക്കിവയ്ക്കേണ്ടി വരുന്നു. വീണ്ടും കടത്തിനുമേൽ കടമെടുക്കേണ്ട് ഗതികേട് തന്നെ. കടം അടിമത്ത്വത്തിലേയ്ക്കുള്ള രാജപാതയാണ്. ഭാവിതലമുറകളുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും ഹനിക്കുന്നതുമാണ്. കേരള സംസ്ഥാനം വർത്തമാനകാലത്ത് സ്വീകരിച്ചിരിക്കുന്ന പൊതു സാമ്പത്തിക ഇടപാടുകൾ ആത്മഹത്യാപരങ്ങളും അടിമത്വത്തെ ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് മനസ്സിലാക്കണമെങ്കിൽ, രാജഭരണകാലത്ത് പൊതു സമ്പത്ത് കൈകാര്യം ചെയ്തിരുന്നത് എപ്രകാരമായിരുന്നു എന്നതുമായി താരതമ്യം ചെയ്ത് പഠിക്കണം. ഹിന്ദു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ, മാർത്താണ്ഡവർമ്മയുടെ ഭരണത്തിൻ കീഴിൽ പൊതു സമ്പത്തിനോടുള്ള സമീപനവും നയവും The History of Travancore From The Earliest Times എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകാരൻ പി.ശങ്കുണ്ണിമേനോൻ വിവരിക്കുന്നുണ്ട്.
ചിലവുകൾ വരുമാനത്തിന് അനുസരിച്ച് മാത്രം (Expenditure as per Income)
The History of Travancore From The Earliest Times മലയാളത്തിലേക്ക് തർജുമ ചെയ്തിട്ടുണ്ട്. വിഷയത്തെ സംബന്ധിക്കുന്ന ഉദ്ധരണികൾ അതിൽ നിന്നു തന്നെ സ്വീകരിയ്ക്കാം.
പതിവുകണക്ക്
Quote തിരുവിതാംകൂർ ചരിത്രം :- ” രാജ്യത്തിന്റെ വരുമാനത്തിനൊത്ത വിധം ചെലവുകൾ നിയന്ത്രിയ്ക്കുന്ന പ്രവർത്തനത്തിലാണ് പിന്നീട് ദളവായുടെ(രാമയ്യൻ ദളവ) ശ്രദ്ധ പതിഞ്ഞത് . ചെലവുകൾ ഒരു നിശ്ചിത കണക്കിൽ നിർത്തുവാനുതകുന്ന വിധം ചെലവുകളുടെ കൃത്യമായ കണക്കുകൾ ശേഖരിച്ചു. ദേവസ്വങ്ങൾ, ഊട്ടുപുരകൾ, കൊട്ടാരങ്ങൾ, നികുതിപിരിവിനും സൈന്യത്തിനും വേണ്ടി വരുന്ന ആളുകൾ, പെൻഷനുകൾ, വാങ്ങുന്ന സാധനങ്ങൾ, മറ്റുള്ളവർ എന്നീ ഇനങ്ങളിൽ ഉണ്ടാകാവുന്ന ചെലവുകൾ തിട്ടപ്പെടുത്തി. ദളവയുടെ നേതൃത്വത്തിൽ നടത്തിയ ഇതിനെ നിശ്ചിതകണക്കെന്ന അർത്ഥത്തിൽ ‘പതിവുകണക്ക്’ എന്നാണ് പറഞ്ഞു പോന്നിരുന്നത്. വളരെ സൂക്ഷ്മമായും കൃത്യമായും തയാറാക്കിയ ഈ പതിവുകണക്ക് മാഹാരാജാവിന്റെയും മറ്റുള്ള ഉദ്യോഗസ്ഥന്മാരുടെയും പ്രശംസയ്ക്കും അംഗീകാരത്തിനും പാത്രമായി. ഈ വകുപ്പുകൾ മിക്കവാറും എല്ലാം തന്നെ ഇന്നും (ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ 1878-ലും) നടപ്പിലുള്ളവയാണ്.” (പേജുകൾ 144-145)
Trade & Commerce
വ്യാവസായിക പ്രവർത്തനത്തിന് കൂടുതൽ പറ്റിയ സ്ഥലമായതിനാൽ മാവേലിക്കരയാണ് തന്റെ പ്രധാന ആസ്ഥാനമായി രാമയ്യൻ ദളവ നിശ്ചയിച്ചിരുന്നത്. സമീപപ്രദേശത്ത് സുലഭമായി വിളയുന്ന കുരുമുളക് ശേഖരിക്കുവാൻ ഇവിടെനിന്നും വളരെ എളുപ്പമായിരുന്നു. ഈ ആവശ്യത്തിനുള്ള പണ്ടകശാലകൾക്കു പുറമേ വ്യവസായ വകുപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായിരുന്ന പല വലിയ കെട്ടിടങ്ങളും മാവേലിക്കരയിൽ നിർമ്മിക്കുകയും ചെയ്തിരുന്നു. (പേജ് 146)
Land Survey & Tax Assessment
…..രാജ്യത്തെ നികുതി നിജപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി രാമയ്യൻദളവയെ മഹാരാജാവ് നിയോഗിച്ചു. അതിനെത്തുടർന്ന് കൊല്ലം 926-ൽ (1751) ഭൂമി സർവെ ചെയ്യുന്ന ഭാരിച്ച ജോലി അദ്ദേഹം തുടങ്ങി. കൊല്ലം 929-ൽ (1754) തിരുവിതാംകൂറിലെ ആദ്യത്തെ സർവെ പൂർത്തിയായി. സർവെ നടത്തി നികുതി നിജപ്പെടുത്തുകയും പറമ്പുകളുടെയും നിലങ്ങളുടെയും ഉടമകൾക്കു സ്ഥലങ്ങൾ രജിസ്റ്ററിൽ പതിച്ചു നൽകുകയും ചെയ്തു. (പേജ് 150)
Roads and Canals for Navigation
ഈ ഭരണകാലത്ത് രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ധാരാളം നല്ല റോഡുകൾ വെട്ടുകയും ജലഗാതഗതം സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനും സൈനികനീക്കങ്ങൾക്കും വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഇവയിലേറ്റവും പ്രധാനമായത് കൊല്ലം, കായംകുളം കായലുകളെ ഒന്നിപ്പിക്കുന്നതിനായി കുഴിച്ച തോടായിരുന്നു. ചവറ, പന്മന എന്നീ സ്ഥലങ്ങളിൽക്കൂടിയാണിത് കുഴിച്ചത്. കായംകുളം പത്തിയൂർ എന്നീ ഗ്രാമങ്ങളുടെ വടക്കേ അറ്റത്തുള്ള കാർത്തികപ്പള്ളിപ്പുഴയിൽ എത്തത്തക്ക വിധം കായംകുളം കായലിന്റെ വടക്കു കിഴക്കേ അറ്റം ഈ തോട് മൂഖാന്തിരം ഘടിപ്പിക്കുകയാണ് ചെയ്തത്. കൊല്ലത്തിനു തെക്കു കിടക്കുന്ന പരവൂർ തോട്ടിൽ നിന്നും ഒരു കൈവഴി നിർമ്മിച്ച് പരവൂരം ഇടവയും തമ്മിൽ ജലമാർഗേണ ബന്ധിക്കുകയും ചെയ്തു.
രാമയ്യൻ ദളവ രോഗഗ്രസ്തനാകുന്നു : തന്റെ ഔദ്യോഗിക കൃത്യനിർവഹണങ്ങളെക്കുറിച്ച് സ്വയം പറഞ്ഞത്.
രാമയ്യൻ ദളവ വിജയകരമായി ഇത്തരം ഭരണകാര്യങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കവേയാണ് കൊല്ലം 931(1756)-ൽ മാവേലിക്കര വച്ച് സുഖക്കേടു പിടിപെട്ട് കിടപ്പിലായത്. ദളവയുടെ രോഗം മാറ്റുവാൻ അസാധ്യമാണെന്നറിഞ്ഞ മഹാരാജാവിന് നിരാശയും സങ്കടവും ഉൽക്കണ്ഠയുമായി. രാജത്തിനു വേണ്ടി ഇത്രയും വിലപ്പെട്ട സേവനങ്ങൾ നിർവഹിച്ച വീരനും വിശ്വസ്തനും നീതിനിഷ്ഠനും ആയ ദളവയ്ക്കു വേണ്ടി എന്തും ചെയ്യാൻ താൻ സന്നദ്ധനാണെന്ന് രാജാവ് ദളവയെ അറിയിച്ചു. ദളവയുടെ അന്ത്യാഭിലാഷങ്ങൾ ഗ്രഹിച്ചു വരണമെന്ന നിർദ്ദേശത്തോടു കൂടി രാജകുമാരനെ മാവേലിക്കരയ്ക്ക് അയച്ചു. ഇളയരാജാവ് മാവേലിക്കരച്ചെന്നപ്പോൾ കണ്ടത് ദളവ ആസന്നമരണനായി കിടക്കുന്നതാണ്. അമ്മാവന്റെ ആഗ്രഹവും അദ്ദേഹം പറഞ്ഞയച്ച കാര്യങ്ങളും ദളവയെ അറിയിച്ചപ്പോൾ വിനയാന്വതിനായ അദ്ദേഹത്തിന്റെ മറുപടി താൻ മഹാരാജാവിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ എന്നും മഹാരാജാവിന്റെ ഉപകരണം മാത്രമായിരുന്ന തനിക്ക് തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ നിർവഹിക്കുവാനൊത്തു എന്നത് മാത്രമാണ് ആത്മസംതൃപ്തി എന്നും ആയിരുന്നു. തനിക്കുള്ള ഒരേയൊരു നൈരാശ്യം കൊച്ചിരാജ്യവും കൂടി കീഴടക്കി കൊച്ചി രാജാവിനെ തിരുവിതാംകൂറിന്റെ പെൻഷൻ ലിസ്റ്റിൽ പെടുത്താനൊത്തില്ലല്ലൊ എന്നതു മാത്രമാണെന്നും പറഞ്ഞുവത്രെ.
രാമയ്യൻ ദളവയുടെ മരണം, രാജാവിന്റെ വിഷാദവും
ഇളയരാജാവ് തിരുവനന്തപുരത്തേക്കു മടങ്ങി. ഏറെ താമസിയാതെ രാമയ്യൻ ദളവ അന്തരിച്ചു. ഇളയരാജാവും ദളവയും തമ്മിൽ നടന്ന സംഭാഷണവും തുടർന്നറിഞ്ഞ ദളവയുടെ മരണവാർത്തയും മഹാരാജാവിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു. തുടർന്നുള്ള കാലം അദ്ദേഹം ദുർഭരമായ ദുഃഖത്താൽ ചിന്തമഗ്നനായി കഴിഞ്ഞു കൂടി.
രാമയ്യൻ ദളവയുടെ സ്വകാര്യ സ്വത്തുക്കൾ
എട്ടുകൊല്ലം മഹാരാജാവിന്റെ കുട്ടിപ്പട്ടരായും പിന്നീട് 19 കൊല്ലം പ്രധാന മന്ത്രിയായും കഴിഞ്ഞിരുന്ന ദളവയുടെ സ്വകാര്യസ്വത്തുക്കളെക്കുറിച്ച് പിന്നീട് അറിഞ്ഞത് വിലപിടിപ്പുള്ള യാതൊന്നും തന്നെ അദ്ദേഹത്തിനു സ്വന്തമായി ഇല്ലായിരുന്നു എന്നാണ്. ഇത് എല്ലാവർക്കും വളരെ അത്ഭുതകരമായി തോന്നി. ദളവയുടെ മരണം തിരുവിതാംകൂർ ഭരണവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും ദുഃഖിപ്പിച്ചു.
മാർത്താണ്ഡ മഹാരാജാവിന്റെ മരണം
രണ്ടു വർഷത്തേക്കു രാമയ്യൻ ദളവയ്ക്കു പകരം ആരെയും നിയമിച്ചില്ല. ദളവയുടെ ചുമതല സർവാധികാര്യക്കാരനായ അയ്യപ്പൻ മാർത്താണ്ഡപിള്ളയെയാണ് ഏൽപ്പിച്ചത്. മഹാരാജാവിന് 53 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെങ്കിലും ക്ഷീണനും ദുഃഖിതനുമായ അദ്ദേഹം രോഗിയായിത്തീർന്നിരുന്നു. അതിവേഗം രാജാവിന്റെ ആരോഗ്യം ക്ഷയിക്കുവാൻ തുടങ്ങി. കൊല്ലവർഷം 933 മിഥുനം 27- ആം തീയതി (1758) വിശേഷിച്ചൊരു ശീലായ്മയോ വേദനയോ കൂടാതെ തെളിഞ്ഞ ഓർമ്മയോടുകൂടിത്തന്നെ മഹാരാജാവ് നാടുനീങ്ങി. ഉറക്കത്തിൽ ലയിക്കുന്നതുപോലെയാണ് മഹാരാജാവ് അന്ത്യശ്വാസം വലിച്ചത് – ബന്ധുക്കൾ, ഉദ്യോഗസ്ഥന്മാർ, പരിചാരകന്മാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് തന്റെ പിൻഗാമിയായ അനന്തിരവനെ വിളിച്ച് അദ്ദേഹം ചില ഉപദേശങ്ങൾ നൽകി. അവ താഴെ പറയുന്നവയാണ് :-
രാജ്യ സമ്പത്തിനെക്കുറിച്ചും, സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും മാർത്താണ്ഡവർമ്മ മഹാരാജാവ് നല്കിയ വിലമതിക്കാനാവാത്ത ഉപദേശങ്ങൾ.
- യാതൊരു കാരണവശാലും ശ്രീപത്മനാഭസ്വാമിക്ക് അടിയറവച്ച രാജ്യം തിരിച്ചെടുക്കരുത് . മേൽ കീഴടക്കപ്പെടുന്ന സ്ഥലവും ഈ ദേവനു സമർപ്പിക്കണം.
- തലനാരിഴയ്ക്കു പോലും വ്യത്യാസം വരുത്താതെ ഈ ദേവസ്വത്തോടനുബന്ധിച്ചുള്ള ധർമ്മസ്ഥാപനങ്ങൾക്കും മറ്റുള്ളവയ്ക്കും നൽകിക്കൊണ്ടിരിക്കുന്ന സകല ആനുകൂല്യങ്ങളും തുടർന്നു നൽകണം.
- രാജ്യത്തിന്റെ ചിലവ് വരവിനെക്കാൾ അധികമാകുവാനനുവദിക്കരുത് .
- കുടുംബത്തിൽ യാതൊരുവക വഴക്കോ വക്കാണമോ ഉണ്ടാകുവാനിടവരുത്തരുത് .
- രാജകുടുംബത്തിലെ ചെലവ് വ്യവസായവകുപ്പിൽ നിന്നും ലഭിക്കുന്ന ആദായത്തിൽ നിന്നു മാത്രമേ എടുക്കാവൂ.
- ഇതിനെല്ലാമുപരി തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി നിലവിലുള്ള സൗഹൃദത്തിൽ യാതൊരുവക കോട്ടവും തട്ടിക്കാതെ സൂക്ഷിക്കണം. ഈ സ്നേഹബന്ധം കൊണ്ട് എല്ലാ കാലത്തും അവരുടെ സഹായവും സഹകരണവും ലഭിക്കുമെന്ന കാര്യത്തിൽ ലേശവും സംശയമില്ല.
തന്റെ ഉപദേശങ്ങൾ ശിരസാ വഹിക്കുന്നതാണെന്ന് ഇളയരാജാവ് ഉറപ്പു കൊടുത്തതോടെ മഹാരാജാവിന്റെ മുഖം പ്രകാശിതമാകുകയും ആത്മസംതൃപ്തിയോടുകൂടി അദ്ദേഹം തന്റെ പൻഗാമിയെ അനുഗ്രഹിക്കുകയും ചെയ്തു. പിന്നെ നാമജപത്തോടും പ്രാർത്ഥനകളോടും കൂടി അദ്ദേഹം പരമാത്മാവിൽ ലയിച്ചു.
മുകളിൽ നല്കിയ അഞ്ചാമത്തെ ഉപദേശത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ അടുത്ത ഭാഗം വായിയ്ക്കുക…..
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739