Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The audio clip of the Youtube vid is provided here. The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം നിജാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse in 34 parts in Youtube
Audio Clip No 1 of the Video Clip No. 1 in Youtube
Start of the Discourse …..
clip no. 1 – നിർവേദത്തിലേയ്ക്ക് നയിയ്ക്കേണ്ടതാണ് ചരിത്രം
അമൃതാത്മാക്കളെ…. ചരിത്രം സംസ്കാരം മതം – മൂന്ന് വിഷയങ്ങളാണ് നമ്മുടെ ചർച്ചയ്ക്ക് വിഷയീഭവിയ്ക്കുന്നത്. ചരിത്രം സംസ്കാരം മതം എന്ന മൂന്ന് വിഷയങ്ങളെ ആധാരമാക്കിയാണ് നമ്മള് പഠിയ്ക്കാൻ പോകുന്നത്. വളരെ ശ്രദ്ധേയമായ ഒരു പാതയിലൂടെയാണ് ഇത് പഠിക്കേണ്ടത്.
ഇതിഹാസത്തിന്റെ നിർവചനം
ചരിത്രത്തിന് പ്രാചീനർ ഇതിഹാസം എന്നാണ് പറയുക. ഇതി എന്നു പറഞ്ഞാൽ ഏവം. ഹ ആസീത് ഇങ്ങിനെ നടന്നിരുന്നു. ഇതുപോലെ സംഭവിച്ചിരുന്നു എന്നാണ് അതിനർത്ഥം. സംഭവത്തിന്റെ…. എങ്ങിനെ സംഭവിച്ചുവോ അതിന്റെ… ഒരു സങ്കല്പനം ജനതയ്ക്ക് ലഭിയ്ക്കുന്നത് അതിൽനിന്നാണ്. എന്താണ് അതിന്റെ ലക്ഷ്യം എന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്. ചരിത്രം അല്ലെങ്കിൽ ഇതിഹാസം എന്തിനുള്ളതാണ്. അതിനെക്കുറിച്ചും പ്രാചീനർക്ക് എന്ത് അഭിപ്രായമുണ്ട്. വസ്തുതാപരമായി പ്രാചീനർ ഇതിഹാസത്തെ എങ്ങിനെയാണ് കണ്ടത്. ധർമ്മാർത്ഥകാമമോക്ഷാണാം ഉപദേശ സമന്വിതം പൂർവ്വ വൃത്തം കഥായുക്തം ഇതിഹാസം പ്രചക്ഷതേ. ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ പുരുഷാർത്ഥങ്ങളെന്നാണ് പറയുക. ഇതിന് പ്രാചീനർക്ക് രണ്ട് ദിശയിലുള്ള പഠനങ്ങൾ ഉണ്ട്.
അർത്ഥം ധനമല്ല !??
ഒന്ന് നിവൃത്തി നിരതത്ത്വത്തിലൂടെയുള്ള പഠനം. വിഷയ ധർമ്മങ്ങളെ, വ്യക്തി ധർമ്മങ്ങളെ, എല്ലാം ചേർത്തുള്ള ധാരണയെയാണ് അക്കൂട്ടർ ധർമ്മമെന്ന് വ്യവച്ഛേദിയ്ക്കുന്നത്. അതില് അർത്ഥം എന്നതിന് ധനമെന്നല്ല അവരുടെ വിവക്ഷ. ധർമ്മ ആശയം എന്താണെന്നുള്ള ആ ആശയത്തെ ആണ് അവർ അർത്ഥ ശബ്ദം കൊണ്ട് വിവക്ഷിയ്ക്കുന്നത്. അത് ആദിമമായ വിവക്ഷയാണ്. ഓരോന്നിന്റെയും ധർമ്മം, അതിന്റെ കർമ്മ-ആശ്രിതം, അതിന്റെ ജന്മ-ആശ്രിതം, അതിന്റെ രൂപ ആശ്രിതം എന്നിങ്ങനെ പലത് ചേർന്നതാണ്. ആ ധർമ്മത്തെ ഓരോന്നിനേയും വ്യവച്ഛേദിച്ച് അറിയുമ്പോൾ ആ അറിവിന് അർത്ഥം എന്നവർ നിർദ്ദേശിയ്ക്കുന്നു.
അതിൽ നിന്ന് രാഷ്ട്രധർമ്മം, കുടുംബ ധർമ്മം, വ്യക്തി ധർമ്മം, വസ്തുധർമ്മം ഇങ്ങിനെ ധർമ്മങ്ങൾ ഒട്ടുവളരെയാണ്. ആ ധർമ്മത്തെ പ്രകടമാക്കുന്ന അതിന്റെ അർത്ഥം, അതിലുളവാകുന്ന ജിജ്ഞാസയ്ക്കാണ് കാമം എന്നാക്കൂട്ടർ പറയുന്നത്. നമ്മള് പഠിച്ചുവച്ച പുരുഷാർത്ഥ സങ്കല്പങ്ങളിൽ നിന്നെല്ലാം വിദൂരസ്ഥമാണ് ഈ സങ്കല്പം. പഠിച്ചു വച്ചിരിയ്ക്കുന്നത് പറഞ്ഞുമില്ല.
അപ്പോൾ ധർമ്മം വിഷയങ്ങളിൽ – അഗ്നിയ്ക്ക് ചൂട് അതിന്റെ ഒരു ധർമ്മമാണ്. (6.02 mts / 26.00 mts). തേനിന് മധുരം അതിന്റെ ഒരു ധർമ്മമാണ്. ആ ധർമ്മം ഓരോന്നിലും എന്താണെന്ന് വ്യവച്ഛേദിയ്ക്കുന്നത് അർത്ഥ സങ്കല്പമാണ്. അത് അനുഭവം കൊണ്ടും, വാസന കൊണ്ടും ഉറയ്ക്കുമ്പോൾ ശബ്ദം അനുഭവവേദ്യമാക്കുന്ന ഒരു സംസ്കാരം ഉണ്ടാവും. അതിന് അനുസൃതമായി ഭാഷയും മതവും രൂപാന്തരപ്പെടുകയും ചെയ്യും. ഇതാണ് ആ കൂട്ടരുടെ ഒരു വിവക്ഷ. ഇതാണ് ഏറ്റവും പ്രാചീനമായ വിവക്ഷ. അർവ്വാചീന വിവക്ഷകൾ വേറെയാണ്.
നിർവേദം
അപ്പോൾ ഏറ്റവും പ്രാചീനമായി നോക്കിയാൽ, ഒന്ന് ഓരോന്നിന്റെയും ധർമ്മം…. ചേർന്നുള്ള യോഗധർമ്മങ്ങൾ വ്യക്തിയ്ക്ക് അവൻ ഏറ്റെടുക്കുന്ന തൊഴിൽ, അവൻ നിലകൊള്ളുന്ന ആശയങ്ങൾ, ഇതിനനുസരിച്ച് അവന്റെ കോശ കോശാന്തരങ്ങൾ എല്ലാം അനുകൂലമായി വന്ന് ചേർന്ന് ഒരു ധർമ്മം വ്യക്തിയ്ക്കുണ്ട്. വ്യക്തികൾ പല തലങ്ങളിലുള്ള വ്യക്തികളോട്, ചേർന്ന് പോകേണ്ടി വരും. സ്ത്രീയ്ക്ക് സ്ത്രീഗതമായ ധർമ്മമുണ്ട്. പുരുഷന് പുരുഷഗതമായ ധർമ്മമുണ്ട്. പ്രകൃത്യാ ഒന്ന്, തൊഴിൽപരമായ ഒന്ന്, ഇവയെ ഒന്നും അതിന്റെ അടിസ്ഥാനത്തിൽ നിന്ന്, മൗലികതയിൽ നിന്ന് സമൂലമായി മാറ്റാൻ ആവില്ല. മാറ്റിയാൽ പ്രകൃതി ക്ഷോഭിയ്ക്കുകയും, അന്തരാളങ്ങൾ ഉണ്ടാവുകയും ചെയ്യും. അപ്പോൾ മോചനം അല്ലെങ്കിൽ നിർവേദം സാദ്ധ്യമല്ലാതെ വരുകയും ചെയ്യും.
നിർവേദം : ചരിത്രത്തിന്റെ പരമോന്നതമായ ലക്ഷ്യം
അപ്പോൾ ചരിത്രത്തിന്റെ പരമോന്നതമായ ലക്ഷ്യം, വ്യക്തിയുടേയും സമൂഹത്തിന്റേയും നിർവേദമാണ്. അതിന് ധർമ്മം അർത്ഥം – ഓരോ ധർമ്മവും ധർമ്മിയും എടുത്ത് അത് എന്താണ് എന്നുള്ള അറിവ്, അത് അറിയാനുള്ള അഭിവാഞ്ച, അഭിലാഷം – അതിനെയാണ് അവർ കാമം എന്നു പറയുന്നത്. ആ ആഗ്രഹത്തില് ഊന്നി ധർമ്മാർത്ഥകാമങ്ങൾ അനുസരിച്ച് അവയെ പ്രവൃത്തിന്മുഖമാകേണ്ടവയെ ആ വഴിയിലും, അപഗ്രഥനം കൊണ്ടു തന്നെ അവസാനിയ്ക്കേണ്ടവയെ ആ രീതിയിലും, രസാനുഭൂതി പകർന്ന് അവസാനിപ്പിയ്ക്കുമ്പോൾ നിർവ്വേദം ഉണ്ടാകുന്നു. (10.03 mts /26.00 mts) ഇതാണ് അവരുടെ കാഴ്ചപ്പാട്. അങ്ങിനെയുള്ള ധർമ്മം, അർത്ഥം, കാമം മോക്ഷം എന്നിവയ്ക്കായിക്കൊണ്ട്, പുരുഷാർത്ഥത്തിനായിക്കൊണ്ട് ഉപദേശ സമന്വിതം, പൂർവ്വ വൃത്തത്തെ യഥാവിധി കഥിയ്ക്കുന്നതേതോ അതിന് ഇതിഹാസം എന്നു പറയുന്നു. ചരിത്രമെന്നു പറയുന്നു.
ഇതിഹാസവും (ചരിത്രം) പുരുഷാർത്ഥവും
അപ്പോൾ ചരിത്രകാരന് ഒരു സാമാജിക ലക്ഷ്യം ഉണ്ടായിരിയ്ക്കണം. ഇതാണ് പ്രാചീനമായ വൃത്താന്തം. ഇതിന് ഒട്ടു വളരെ അംശങ്ങളുമുണ്ട്. അപ്പോൾ പുർവ്വ വൃത്താന്തങ്ങളെ പുരുഷാർത്ഥ ലാഭത്തിനായിക്കൊണ്ട് കഥായുക്തമായി ഉപദേശ പൂർവ്വം വർണ്ണിയ്ക്കുന്നതാണ് ഇതിഹാസം അല്ലെങ്കിൽ ചരിത്രം. പുരുഷാർത്ഥത്തിന് ഇങ്ങിനെ അല്ലാതെയും ഒരർത്ഥമുണ്ട്.
നീതിശാസ്ത്രം = നിയമങ്ങൾ = ധർമ്മം
ധർമ്മമെന്നത് നീതിശാസ്ത്രങ്ങൾക്കും പറയാറുണ്ട്. നിയമങ്ങൾ. സ്മൃതി കാലഘട്ടങ്ങളിൽ, ശ്രൗതമായ ഈ സങ്കല്പത്തിന് മാറ്റം വരുകയും, ഈ വഴിയിൽ സഞ്ചരിയ്ക്കുകില്ലാത്തവരെക്കൂടെ സംയോജിപ്പിച്ച് കൊണ്ടുപോവുകയും ചെയ്യേണ്ടിവരുമ്പോൾ, നിയമം അനിവാര്യമായി വരും. എവിടെ മനുഷ്യൻ സ്വയം അച്ചടക്കം ഇല്ലാത്തവനായി തീരുന്നു, എവിടെവച്ചു മനുഷ്യൻ വിഷയലോലുപനായി തീരുന്നു, എവിടെ മനുഷ്യൻ തന്റെ കരുത്ത് കാരണം – ശാരീരികം, മാനസികം, സാമൂഹികം, സ്വായത്തം, സജിവായത്വം തുടങ്ങിയ കരുത്തു കാരണം. ബലം അല്ലെങ്കിൽ കരുത്ത് ലോകം ആദരിയ്ക്കുന്നതാണ്.
കരുത്ത്
ലോകാരാദ്ധ്യമായ കരുത്തിന് അനേക മുഖങ്ങൾ ഉണ്ട്. അത് ഒന്ന്, വിഷയലോലുപത്വം കൊണ്ടുവരുന്ന കരുത്താണ്. അതിമോഹങ്ങളും ദുർമോഹങ്ങളും ആവേശിച്ചു കഴിയുമ്പോൾ കരുത്ത് ഉണ്ടാകുന്നവർ ഉണ്ട്. വിഷയലമ്പടന്മാരുടെ കരുത്താണ് അത്. അതിനെയും കരുത്തെന്ന പേരിൽ ആദരിയ്ക്കുമ്പോൾ സമാജം ഒട്ടുവളരെ ദുഃഖങ്ങൾക്ക് വിഷയീഭവിയ്ക്കും.
സ്വായത്തമായ അച്ചടക്കം ഇല്ലായ്മയും, സാമാജികമായ അംഗീകാരം ഇല്ലായ്മയും, വിഷയലോലുപത്വം മാനവനിൽ കടന്നുകൂടുമ്പോൾ, വിഷയാവേശം കൊണ്ട് ഉണ്ടാകുന്ന കരുത്തുണ്ട്. അപകടകരമായ ഒരു കരുത്താണെങ്കിലും അത് കരുത്ത് തന്നെയാണ്. സമാജത്തിന് എന്നും ദുഃഖമുണ്ടാക്കുവാനും, എന്നും സമാജത്തെ പീഢിപ്പിയ്ക്കാനും ഇടയാക്കുന്ന ആ കരുത്തിനെ നിയന്ത്രിയ്ക്കുന്നതിന് നിയമങ്ങൾ അനിവാര്യമാണ്. പലപ്പോഴും അവ രൂപാന്തരപ്പെട്ട് വളരുമ്പോൾ അതിനെക്കൂടി തന്റെ കൈപ്പിടിയിൽ ഒതുക്കുവാൻ നിയമ നിർമ്മാണത്തിന്റെയും, നിയമ സംവദേനത്തിന്റെയും, നിയമ നിർവഹണത്തിന്റേയും രംഗങ്ങളെ അക്കൂട്ടർ കൈയ്യിൽ ഒതുക്കുകയും ചെയ്യും. സമാജം ഇത്തരം അവസ്ഥകളെ ഒട്ടുവളരെത്തവണ അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്.
നിയമങ്ങൾ = ധർമ്മം
അപ്പോൾ അതുകൊണ്ട് ധർമ്മം എന്നതിന് നിയമം എന്ന് അർത്ഥം വരുമ്പോൾ, വ്യക്തിഗതങ്ങളായ ധർമ്മങ്ങളെ നിർവേദത്തിന് ഉപയോഗിയ്ക്കാതെ, വിലക്ഷണങ്ങളായ വിഷയങ്ങൾക്കായിക്കൊണ്ട് വിനിയോഗിയ്ക്കുമ്പോൾ, അതിനെ തടഞ്ഞു നിർത്തുന്നതിനും മാനവ ഉന്നമനത്തിനും ലാക്കാക്കി അവരെക്കൂടി ചേർത്തുകൊണ്ട് സമാജം കൊണ്ടുപോകാൻ ആഗ്രഹിയ്ക്കുന്നവർ ധർമ്മനീതികൾ ചമയ്ക്കും. അതിനും ധർമ്മം എന്നു പറയും. അവിടെ നേരത്തെ പറഞ്ഞ യദാ അഭ്യുദയ നിശ്രേയസ്സ സിദ്ധി സാ ധർമ്മാ എന്ന ധർമ്മ നിർവ്വചനം ഒരു അടിസ്ഥാനമായി ഉണ്ടായി ഇരിയ്ക്കുമെന്നല്ലാതെ അത് മാത്രമായി ഇരിയ്ക്കില്ലാ ധർമ്മത്തിന്റെ നിർവ്വചനം. നിയമങ്ങളും ധർമ്മമാകും.
സമാജത്തിന്റെ നിർവേദം
വിഷയങ്ങളുടെ കരുത്ത്, ഒരു കരുത്താണെന്ന് കണ്ടു. വിഷയ ആവേശം കൊണ്ട്. അത് പലതുണ്ട്. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം അവയുടെ ഉപവിഭാഗങ്ങളായ ഒട്ടു വളരെ വിഭാഗങ്ങൾ. കോശങ്ങളിൽ വരുന്ന പരിണാമം കൊണ്ടു വരുന്ന കരുത്തുണ്ട്. ഉന്മാദം മുതലായവയിലെ കരുത്ത് അതാണ്. ധർമ്മനീതികളിൽ നിലകൊള്ളുന്നവന് കിട്ടാത്തതും, അധർമ്മിയായിട്ടുള്ളവനിൽ സംജാതമാകുന്നതും, അധർമ്മം ആവേശിച്ചാൽ മാത്രം ഉണ്ടാകുന്നതുമായ ലൗകികമായ കരുത്ത് നിയന്ത്രിയ്ക്കപ്പെട്ടില്ലെങ്കിൽ, സമാജത്തിനും വ്യക്തിയ്ക്കും ശാന്തിയല്ലെങ്കിൽ നിർവ്വേദം ഉണ്ടാവില്ല.
Western Historiography : ശാന്തിയെ നല്കില്ല
ലോകചരിത്രം ഇത്തരം ആത്മനിഷ്ഠമല്ലാത്ത കരുത്തുകളുടെ ചരിത്രം ആയി മാറിയാൽ ജനജീവിതം ദുഃസ്സഹവും, പ്രകൃതി വിലക്ഷണവും, സമാജം അന്തരാളഭരിതവുമായി തീരും. പലപ്പോഴും കുടുംബങ്ങളും, പലപ്പോഴും ജാതികളും, പലപ്പോഴും മതങ്ങളും, വിഷയലോലുപത്വം ആവേശിച്ച ഈ കരുത്തിനെ ഉപയോഗിച്ചു നടത്തിയ ഏറ്റുമുട്ടലുകളുടേയും വിഷമതകളുടേയും ചരിത്രമാണ്, പാശ്ചാത്യമായ അറിവിലൂടെ രൂപപ്പെട്ടതും പഠിച്ചുപോരുന്നതുമായ മാനവ ചരിത്രം. അത് മാനവന് നിർവേദത്തെ സംഭാവന ചെയ്യാറില്ല. ശാന്തിയെ….. ഇത് രണ്ടും രണ്ടുവശമാണ്.
എന്നെ നിങ്ങൾക്ക് follow ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് ചോദിച്ചിട്ട് തുടരാമെന്നു വിചാരിയ്ക്കുന്നു. ഒരാമുഖത്തിന്റെ ഒരു… ഒരു ഭാഗം ഞാൻ പറഞ്ഞിടത്തോളം നിങ്ങൾക്ക് പഥ്യമാവുകയും, നിങ്ങൾക്ക് എന്നെ ഫോളോ ചെയ്യാൻ പറ്റുകയും…. ഞാൻ പറയുന്ന ഒരാശയത്തിൽ കഷ്ടിച്ചെങ്കിലും ഫോളോ ചെയ്യാൻ പറ്റുകയും ചെയ്യുന്നുണ്ടോ എന്നു ചോദിച്ചിട്ട് ഞാൻ തുടരാം എന്നു വിചാരിയ്ക്കുന്നു. ഈ വഴിയില് സഞ്ചരിയ്ക്കാൻ കഴിയുന്നുണ്ടോ. ചരിത്രത്തെ നിങ്ങൾ ഇങ്ങിനെ നോക്കി കണ്ടിരുന്നുവോ എന്നെനിക്കറിയില്ല. ചരിത്രത്തിന് ഇങ്ങിനെ ഒരു പ്രതീതി ഉണ്ടെന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. (ഒരു സ്ത്രീ എന്തോ പറയുന്നു…..) … ആ രീതിയിലാണ് ചരിത്രം നിങ്ങൾ കണ്ടിട്ടുള്ളത്. ആ ചരിത്രങ്ങൾ യുദ്ധങ്ങളുടേയും ഏറ്റുമുട്ടലുകളുടേയും അക്രമങ്ങളുടേയും ചരിത്രമാണ്.
Indus-Saraswathy civilisation – No weapons excavated
വിശ്വം എമ്പാടും ഉണ്ടായിട്ടുള്ള ചരിത്രപരങ്ങളായ വളർച്ചയെ തേടിപ്പോകുമെങ്കിൽ, അവയിൽ എല്ലാം ഉൽഘനനവേളകളിൽ ലഭിച്ചിട്ടുള്ളത് സ്ഥൂലങ്ങളായ ഒട്ടു വളരെ ആയുധങ്ങളാണ്. ലോകചരിത്രത്തില് ഇതുവരെ, നാളെയെങ്ങിനെ എന്ന് എനിയ്ക്ക് പറയാൻ ആവില്ല, ഇതുവരെ നടന്നിട്ടുള്ള ഉൽഘനനങ്ങളിൽ ഒരു ആയുധം പോലും ലഭിച്ചിട്ടില്ലാത്ത ഒരു സംസ്കൃതി Indus-Saraswathy ആണ്. അതിന് ഭാരതീയം എന്നൊന്നും പേരിടരുത്. ആണെങ്കിൽ അതിന്റെ പാരമ്പര്യം നിങ്ങൾക്കും എനിയ്ക്കും ഉണ്ടാവേണ്ടതാണ്. അതില്ല. അതുകൊണ്ട് അതിൽ അഭിമാനിച്ച് ഇത് കേൾക്കുകയോ പഠിയ്ക്കുകയോ ചെയ്യണ്ട. (20.16 mts / 26 mts) അത് അനീതിയാണ്. അതു തന്നെ ഒരു അക്രമമാണ്.

ലോകചരിത്രം ഇതുവരെ സഞ്ചരിച്ചിട്ടുള്ള പന്ഥാവിനെ നോക്കിക്കണ്ടാൽ, ഉൽഘനനവേളകളിൽ യാതൊരു ആയുധവും, ഏറ്റുമുട്ടലുകൾക്കുള്ളത്, ഇന്നോളം ലഭിയ്ക്കാത്ത ചരിത്രവും സംസ്കാരവും ഉറങ്ങുന്ന സംസ്കൃതി Indus-Saraswathy ആണ്. പഴക്കത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്. അങ്ങിനെ ഒരു സംസ്കൃതി രൂപാന്തരപ്പെടുക എന്നതുതന്നെ ഇന്നു നിന്നുകൊണ്ട് നോക്കിയാൽ അസാദ്ധ്യമാണ്. അതുകൊണ്ട് വീണ്ടും വീണ്ടും അങ്ങിനെയൊന്ന് കണ്ടുപിടിയ്ക്കാൻ ചരിത്രകാരന്മാരും, geological ഗവേഷകരും എല്ലാം ഭൂമിശാസ്ത്രപരവും ചരിത്രപരവും മാനവശാസ്ത്രപരവുമായ അന്വേഷണങ്ങളുടെ തലങ്ങളിൽ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കുന്നുണ്ട്. ശ്രമം നിർത്തുകയും അരുതാത്തതാണ്. കാരണം ഏത് തരത്തിൽ ഒരാൾ ചിന്തിച്ചാലും അസാദ്ധ്യമായ ഒരു സാദ്ധ്യതയാണ് അത്. അതുകൊണ്ട് അത് തെറ്റാണെന്ന് പറഞ്ഞ് കൂടാ.
എത്ര കണ്ടെത്തിയാലും ഋണാത്മകമായ ഒന്ന് ഇല്ലേ എന്നാണ് സംശയിയ്ക്കേണ്ടത്. ധനാത്മകമായ ഒന്ന് കണ്ട് ഉളവാകുന്നതിന് വിശ്വാസം അല്ലെങ്കിൽ സംസ്കാരം എന്നാണ് പേര്. അതൊരു സമാധാനമാണ്. ഋണാത്മകമായ ഒന്ന് ഉണ്ടായിരുന്നേ മതിയാകൂ എന്നുള്ളത് ഒരു തുടർച്ചയാണ്. ഇൻഡസ്- സരസ്വതിയെ (സിന്ധു-സരസ്വതി) മാറ്റി നിർത്തിയാൽ ആയുധങ്ങളുടെ ഝണ-ഝണൽക്കാരമില്ലാത്ത ചരിത്രം ഏതാണ്ട് ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് പ്രാചീനമായ നിർവ്വചനം ഇൻഡസ്-സരസ്വതിയ്ക്ക് യോജിയ്ക്കുന്നതാണ്. ആധുനികതയോട് അത്രയൊന്നും യോജിയ്ക്കുന്നതും അല്ല.

Modern History Writing
രണ്ടാമത് പറഞ്ഞത് ആധുനികതയോട് യോജിയ്ക്കുന്നതാണ്. (23.12 mts / 26 mts). മാനവ ജീവിതത്തിന്റെ മുന്നേറ്റങ്ങളിൽ വച്ച് ആഗ്രഹം ഉള്ളവനും, ആഗ്രഹം കുറഞ്ഞവനും, ആഗ്രഹം ഇല്ലാത്തവനും ഒക്കെ യോജിച്ചു ജീവിയ്ക്കണം ഒരു സമൂഹത്തിൽ എങ്കിൽ, ആഗ്രഹങ്ങൾ നല്കുന്ന ബലത്തെ ബലമായി കാണുന്നവനും, ആഗ്രഹം നല്കുന്ന ബലം ബലമല്ലാ എന്ന് വിശ്വസിയ്ക്കുന്നവനും ഒരുമിച്ച് ജീവിയ്ക്കണമെങ്കിൽ, നിയമം അനിവാര്യമാണ്.
നിയമങ്ങൾ
ഒരു വീട്ടിൽ ഒരമ്മ കുറച്ച് ആഹാരം ഉണ്ടാക്കിയാൽ, ആഗ്രഹം കൂടിയവൻ മുഴുവൻ തിന്നാൽ മറ്റവൻ പട്ടിണിയായിപ്പോകും. ഇതില് ആഗ്രഹം വരുമ്പോൾ ബലമുണ്ടാകും. പിടിച്ചുപറിയ്ക്കാൻ കഴിവുണ്ടാകും. അപ്പോൾ അതിനാ കുടുംബത്തിൽ ആഹാരം എല്ലാവർക്കും എത്തണമെങ്കിൽ അവിടൊരു നിയമം വേണം. ഇങ്ങിനെ ആഹാരം മുതൽ ആരാധന വരെ എല്ലാ രംഗങ്ങളിലും നിയമം അനിവാര്യമായി വരും. ആ നിയമത്തിന് എല്ലാവരേയും സംയോജിപ്പിയ്ക്കുവാനുള്ള ആ നിയമത്തിന്, ധർമ്മം എന്നൊരു പേരുണ്ട്. ആ ധർമ്മത്തെ ആധാരമാക്കി ധനം. അവിടെ അർത്ഥത്തിന് മുമ്പ് പറഞ്ഞ ആശയം അല്ല ഉള്ളത്. ധനമാണ്. ധനമെന്നത് സൗകര്യത്തിനു വേണ്ടി രൂപാന്തരപ്പെട്ട മാതൃകയാണ് പണമെന്ന പേരിൽ നിങ്ങളിന്ന് കൈകാര്യം ചെയ്യുന്നത്. money. (25.24 mts/ 26.00 mts ) The end of clip No.1

Vid Clip No 2 (You Tube) – ധനം
Audio Clip of Video Clip No 2 in Youtube
ധനമെന്നത് സൗകര്യത്തിനു വേണ്ടി രൂപാന്തരപ്പെട്ട മാതൃകയാണ് പണമെന്ന പേരിൽ നിങ്ങളിന്ന് കൈകാര്യം ചെയ്യുന്നത്. money. പശുക്കൾ അതിന്റ മാതൃകയായിരുന്ന കാലം ഉണ്ട്.വസ്തുക്കൾ തന്നെ നേരിട്ട് കൈകാര്യം ചെയ്ത കാലമുണ്ട്. ഇന്നും കുറയൊക്കെ അങ്ങിനെ കൈകാര്യം ചെയ്യുന്നുണ്ട്. അത് മൺമറഞ്ഞ് പോയിട്ടില്ല. നമ്മൾ അറിയാത്ത പല രംഗങ്ങളിലും പ്രാചീനമായ ആ രീതി അവലംബിയ്ക്കുന്നുണ്ട്. അടുത്തകാലത്ത് ഒരു പാശ്ചാത്യ വനിത തന്നെ അങ്ങിനെ ഒരു ഗ്രാമത്തില് സന്ദർശിയ്ക്കുകയും, അവിടുത്തെ മൂപ്പനെ പല രാജ്യങ്ങളിലെയും നോട്ടു കാണിയ്ക്കുകയും, ധനം കാണിയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ അയാൾ പറഞ്ഞ ഒരു വാചകം ഉണ്ട്. ഞങ്ങൾ ഒരു സമൂഹം ഒരു കല്ല് എടുത്ത് വച്ചിട്ട് ഒരു മരത്തിന്റെ കഷ്ണം കൊത്തിവച്ചിട്ട് ഞങ്ങൾ എല്ലാവരും അത് ഞങ്ങളുടെ ദൈവമാണ് എന്നു പറയുമ്പോൾ, നിങ്ങൾ വിശ്വസിയ്ക്കാതിരിയ്ക്കുന്നതുപോലെ മാത്രമേ, നിങ്ങളുടെ കൈയ്യിൽ ഇരിയ്ക്കുന്ന ആ പേപ്പർ ധനമാണെന്നു പറയുമ്പോൾ അതല്ലെന്ന് ഞങ്ങൾ പറയുന്നതിലും അർത്ഥമുള്ളൂ എന്ന്.
ഒരു ആദിവാസി മൂപ്പനാണ്. നിങ്ങളുടെ ആ പേപ്പറ് ഞങ്ങളുടെ ഇവിടെ വിലയുള്ളത് അല്ല. ഇവിടെ ആ പേപ്പർ കെട്ട് കണക്കിന് കൊണ്ടുവന്നാൽ പച്ചവെള്ളം കിട്ടില്ല. കാരണം ഞങ്ങളുടെ ഈ സമൂഹം പുറത്തുള്ള സമൂഹവുമായി ബന്ധപ്പെടുന്നില്ല. ഞങ്ങളിവിടുന്ന് ഒരു വസ്തുവും പുറത്തേയ്ക്ക് വിടുന്നില്ല. ഞങ്ങൾ ഞങ്ങൾക്ക് ആവശ്യമുള്ളത് ഉണ്ടാക്കുന്നു. ഞങ്ങൾ മറ്റുള്ളവരെ വെട്ടിപ്പിടിയ്ക്കാൻ പോകുന്നില്ല. മറ്റുള്ളവരുടെ സുഖഭോഗങ്ങൾ ഒന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടേത് ഒന്നും അവർക്ക് കൊടുക്കുന്നും ഇല്ല. വളരെ പച്ചയായി പറഞ്ഞതാണ്.
ഇതിൽ ഇഷ്ടമല്ലാത്ത ആളുകൾക്ക് പുറത്തുപോകാം. അവരെ ഞങ്ങൾ ഇതിനകത്ത് പിടിച്ചുനിർത്തുന്നുമില്ല. പക്ഷെ പുറത്തുപോയാൽ ഇതിനകത്ത് നിൽക്കാൻ ഞങ്ങൾ അനുവദിയ്ക്കില്ല. ഈ നൂറ്റാണ്ടിൽ അങ്ങിനെ ഒരു സമൂഹമുണ്ടെന്ന് അത്രവേഗം വിശ്വസിയ്ക്കാൻ പ്രയാസമാണ്. അങ്ങിനെയും സമൂഹങ്ങൾ ചരിത്രത്തിലുണ്ട്. ഇന്നും.
അവരുടെ ദൃഷ്ടികോണത്തിൽ മാങ്ങയുടേയും തേങ്ങയുടേയും അരിയുടേയും വില ഉപഭോഗമാണ്. ആഗ്രഹം കൂടിയവർ ഇരുന്ന് ആവശ്യങ്ങൾക്കുമേൽ നടത്തുന്ന കാല്പനികതയാണ്, ആധുനിക സമൂഹത്തിൽ അതിന്റെ വില. അതുകൊണ്ട് അത് ഉല്പാദകന്റെ ലോകത്തെ വില, ക്രയവിക്രയങ്ങളുടെ നാൾവഴികളിലെ വില, ഉപഭോക്തൃരംഗത്തെ വില, എല്ലാ വിലയെയും ഒരു ഒരു പ്രതിരൂപാത്മകത നിയന്ത്രിച്ചുകൊണ്ട്, ഭിന്നമായ അനേക ലോകങ്ങളെത്തന്നെ സൃഷ്ടിയ്ക്കുന്നു എന്നുള്ളതാണ് അർത്ഥശാസ്ത്രത്തിന്റെ രംഗങ്ങൾ.
അധാർമ്മികമായ ഒരു അർത്ഥശാസ്ത്ര സങ്കല്പം.
എന്നു പറഞ്ഞാൽ നിങ്ങളുടെ ഒരു തേങ്ങ, അതിന് തെങ്ങിന്റെ ചുവട്ടിൽ വച്ചൊരു വില. അതായത് രണ്ടു രൂപ അൻപതു പൈസ. ഇപ്പോഴത്തെ വില. പത്തു തേങ്ങയുള്ള ഒരു തെങ്ങിൽ കയറാൻ പത്തുരൂപാ കൊടുക്കുമ്പോൾ ഒരു രൂപ ഇടുന്നതിന് കൂലിയായി. അത് താഴെഇറക്കി പെറുക്കിക്കൂട്ടുന്നതിന് ഒരു തുകയായി. അപ്പോൾ അത് ചെയ്യുന്നവന് അത് ചെയ്താൽ അതിന് വേണ്ടുന്നത് കിട്ടുന്നുണ്ടോ എന്നു നോക്കാതെ അതിന്റെ വിലയെ നിയന്ത്രിയ്ക്കുന്നത് ഒരു കാല്പനികതയാണ്, ഒരു പ്രതിരൂപാത്മകതയാണ്. അപ്പോൾ രണ്ടു രൂപാ അൻപതു പൈസ ചുവട്ടിലെ വില. അത് അവിടെ നിന്ന് പൊതിച്ച്, ഉണങ്ങി, ആട്ടി കുപ്പിയിലാക്കി ലേബൽ ഒട്ടിയ്ക്കുമ്പോൾ, അതിന് ചെലവായത് ഒന്നും അല്ലാത്ത ഒരു സങ്കല്പം പരസ്യത്തിലൂടെ നല്കിക്കഴിയുമ്പോൾ മറ്റൊരു വില. ഉല്പാദകനെ അന്യമാക്കുന്ന, ധർമ്മിയെ ധർമ്മത്തിൽ നിന്ന് അടർത്തിക്കളയുന്ന, അധാർമ്മികമായ വ്യാവസായിക പ്രാധാന്യത്തെ മാത്രം നല്കുന്ന, ഒരർത്ഥശാസ്ത്ര സങ്കല്പം. (6.15 mts /26.00 mts) അതിനെ നടുനായകം ആക്കി രചിക്കുന്ന ചരിത്രം സംസ്കാരം. ഒരുദാഹരണമേ പറഞ്ഞുള്ളൂ. ബാക്കി ഒക്കെ നിങ്ങൾക്ക് കണ്ടുപിടിയ്ക്കാം.
ഊട്ടിയില് ഉണ്ടാക്കുന്ന കാരറ്റ് നിങ്ങളുടെ ഇവിടെ എത്തുമ്പോഴ് ഊട്ടിയിലെ വിലയ്ക്ക് കിട്ടുന്നുമുണ്ട്. കാരറ്റ് ഊട്ടിയിൽ പോയി വാങ്ങിച്ചാൽ അതേ വിലയാണ് നിങ്ങളിവിടെ വാങ്ങിയ്ക്കുമ്പോൾ. പിന്നെ എന്തിനാണ് യാത്ര ചെയ്യുന്നത്. അപ്പോൾ ഒരു സംശയം തോന്നും എങ്ങിനെയാണ് ഇത് വണ്ടിയേൽ കേറ്റി കൊണ്ടുവന്നത് …. രണ്ടും രണ്ട് കാരറ്റാണ്. അവിടെ അതിനെ തിരഞ്ഞ് നല്ലത് പോകുന്നത് അമേരിക്കയിലേയ്ക്കും ഇംഗ്ലണ്ടിലേക്കും ഒക്കെയാണ്. അവിടെ ഏറ്റവും നല്ലത് കൊടുക്കുന്നത് നിങ്ങളുടെ രാജ്യത്ത് നിങ്ങളുപയോഗിക്കുന്നതിനേക്കാൾ വിലകുറച്ചാണ്. ഏറ്റവും നല്ലത് കൊടുക്കുന്നത് നിങ്ങൾ ഉപയോഗിക്കുന്നതിനെക്കാൾ വില കുറച്ചാണ്. ഉദാഹരണം ഇനിയും മനസ്സിലായില്ലാ എന്നു തോന്നുന്നു.
കശുവണ്ടി വെളിയിൽ നിന്നു വാങ്ങിയ്ക്കുക. നിങ്ങളുടെ നാട്ടീന്ന് വാങ്ങിയ്ക്കുക. സോപ്പു വെളീന്ന് വാങ്ങിയ്ക്കുക. നിങ്ങടെ നാട്ടീന്ന് വാങ്ങിയ്ക്കുക. അപ്പോൾ അർത്ഥശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ പഠനങ്ങള് ചരിത്രം ചേർത്തു വച്ചുള്ളത് അല്ലാതായി തീരും. നിങ്ങളുടെ ചരിത്രം അർത്ഥശാസ്ത്രം ചേർത്തുവച്ചുള്ളത് അല്ലാതായി തീരും. അപ്പോൾ നിയമം എന്ന ധർമ്മം, ധനം അഥവാ ധനോപാധി എന്ന അർത്ഥം, ധനത്തേയും ധനോപാധികളെയും നിയന്ത്രിയ്ക്കുന്ന കാമം …ആഗ്രഹം…. അത് നല്കുന്ന ബലം, ഇത്രയും ചേർത്തുവച്ച് ചരിത്രത്തിന് മറ്റൊരു രംഗമുണ്ട്.
ഭിന്നതകൾ ഉണ്ടാക്കുന്ന ചരിത്രം
ധർമ്മാർത്ഥകാമങ്ങളെ മാത്രം ആസ്പദമാക്കി, പഠിയ്ക്കുന്നവനിൽ കാമവും അത് ആസ്പദമാക്കിയുള്ള ബലവും അതിനെ ആസ്പദമാക്കിയുള്ള യുദ്ധങ്ങളും വിരചിയ്ക്കുന്ന ചരിത്രം. അതിനായിക്കൊണ്ട് ഭിന്നതകൾ ഉണ്ടാക്കുന്ന ചരിത്രം. പാശ്ചാത്യ ചരിത്രകാരന്മാർ ചരിത്രത്തിന്റെ ഇടനാഴിയിലൂടെ പലപ്പോഴും സഞ്ചരിച്ചത് ഈ രീതിയിൽ മാത്രമാണ്. അവിടെ ചരിത്രം രചിയ്ക്കുമ്പോൾ, വംശബന്ധുത്വം പലപ്പോഴും ഉദാരതയെ ഉദാസീനതകൊണ്ട് നിഷ്പ്രഭമാക്കിയിട്ടുണ്ട്. പലപ്പോഴും എതിർപ്പുള്ളതിനെ വേഷം മാറ്റി അവതരിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് ആ ചരിത്രത്തിന്റെ രീതി.
ചരിത്രകാരന്റെ വംശീയമായ ബന്ധുത്വം
അപ്പോൾ വംശീയമായ ബന്ധുത്വം ചരിത്രകാരനു വന്നുപോയാൽ, ഉദാരത നഷ്ടപ്പെടുകയും, അത് അന്യർ അറിയാതിരിയ്ക്കുന്നതിന് ഉദാസീനതകൊണ്ട് ഉദാരതയെ നിഷ്പ്രഭമാക്കി വേഷം മാറ്റുകയും ചെയ്യും. എതിർപ്പുള്ള കാര്യങ്ങളെ എല്ലാം വേഷം മാറ്റി അവതരിപ്പിക്കുകയും ചെയ്യും. ഇവിടെ ചരിത്രത്തിനകത്ത് നിന്ന് ചരിത്രം കണ്ടെത്തിവായിയ്ക്കുവാൻ അറിയുന്നവന് മാത്രമേ, ചരിത്ര പഠനം പ്രയോജനപ്പെടൂ. അല്ലാത്തവർക്കും അവരോട് ബന്ധപ്പെട്ടു നില്ക്കുന്ന പരമ്പരകൾക്കും ചരിത്രം അപകടമായി തീരുകയും ചെയ്യും.

ചരിത്രരചനയിലെ രസ-സമ്മിശ്രണം
അപ്പോൾ ചരിത്രത്തിന് ഉള്ളിൽ നിന്ന് ചരിത്രത്തെ വേർതിരിച്ചെടുത്ത് പഠിയ്ക്കണം എങ്കിൽ, വംശബന്ധുത്വം മാറി നില്ക്കണം. വംശീയമായ ബന്ധുത്വത്തിൽ നിന്നുകൊണ്ടാണ് ചരിത്രകാരൻ പലപ്പോഴും ചരിത്രത്തെ മെനയുന്നത്. അത് ചരിത്രത്തെ ഒട്ടുവളരെയൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്, തദ്വാരാ ലോകം യുദ്ധങ്ങളിലും കലാപങ്ങളിലും പെട്ടുപോയിട്ടുള്ളത്. വംശബന്ധുത്വത്തിൽ നിന്നുകൊണ്ട് ചരിത്രപഠനം നടത്തുമ്പോഴ്, ചരിത്രത്തിന്റെ ഇടനാഴിയിൽ പലപ്പോഴും രസ സമ്മിശ്രണമുണ്ടാവുക സ്വാഭാവികമാണ്. രൗദ്രം ബീഭത്സം ഭയാനകം ശാന്തം ശൃംഗാരം കരുണം തുടങ്ങി രസങ്ങൾ ഉണ്ട്. അവ ആവേശിച്ച് കഴിഞ്ഞാൽ, അവയെ നിർവ്വേദത്തിന് ഉപയോഗിയ്ക്കുമാറ് രൂപാന്തരപ്പെട്ടു വരുന്നത് ഉദാത്ത സമീക്ഷയും, അവയെ കോലാഹലത്തിനായി രൂപാന്തരപ്പെട്ടുവരുന്നത് വികലവുമാണ്. ചരിത്രകാരന്മാർക്ക് പലപ്പോഴും വന്നു പോകുന്ന അപചയങ്ങളിൽ ഒന്ന് ഇതാണ്.
സമഗ്രമായ അറിവില്ലായ്മ
രണ്ട്, ചരിത്രത്തിന്റെ സ്ഥിതി കഥനത്തിന് ഒരുങ്ങുമ്പോൾ, സമഗ്രമായ വിഷയങ്ങളിലുള്ള അറിവില്ലായ്മയും വികല സംഭാവനകൾക്ക് ഇടയാവും. സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ഒട്ടുവളരെ ശാസ്ത്രങ്ങളോടു ചേർത്തുവച്ച് അപഗ്രഥിച്ചുവേണം ചരിത്രം പഠിയ്ക്കാൻ, ചരിത്രം എഴുതാൻ. ഇല്ലെങ്കിൽ ലോകത്തിൽ ചരിത്രത്തത്തോടൊപ്പം അപ്പുറത്ത്, അതാത് കാലങ്ങളിലെ ജനജീവിതത്തിന്റെ സംസ്കാരം എവിടെയെങ്കിലും രേഖപ്പെടുത്തിവച്ചിട്ടുണ്ടാവും. കല, സാഹിത്യം, ശില്പശാസ്ത്രം ഇവയൊക്കെ പ്രകൃതിയിൽ മൺമറയാതെ കിടക്കുമ്പോൾ, ചരിത്രം അവയോട് നീതി പുലർത്താത്തത് ആണെങ്കിൽ, അത് താല്പര്യം കൊണ്ട് കെട്ടിച്ചമച്ചത് ആണെന്ന് നാളെ ഉത്തമന്മാർ കണ്ടെത്തിയേക്കും. അങ്ങിനെ കണ്ടെത്തുന്ന വേളയിൽ വീണ്ടും ബൗദ്ധിക കലാപങ്ങൾക്ക് കാരണം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ചരിത്രം പഠിയ്ക്കുമ്പോൾ വളരെ ശ്രദ്ധിയ്ക്കേണ്ടതാണ്. ഇതെല്ലാം നമുക്ക് ഉദാഹരണങ്ങളിലൂടെ പഠിയ്ക്കുകയും ദൃഷ്ടാന്തങ്ങളിലൂടെ കാണുകയും ചെയ്യാവുന്നതാണ്. എവിടെ സംശയം ചോദിച്ചാലും ദൃഷ്ടാന്തങ്ങള് പറയാൻ പറ്റും. മനസ്സിലാകാത്തവ ദൃഷ്ടാന്തങ്ങൾ കൊണ്ടാണ് മനസ്സിലാക്കാൻ എളുപ്പം.
ഉദാരത കാരണമായ ഉദാസീനത
വംശബന്ധുത്വം, ഉദാരതയെ ഉദാസീനതകൊണ്ട് നിഷ്പപ്രഭമാക്കിയിട്ടുള്ള ചരിത്രപഠനങ്ങൾ ഈ കാലഘട്ടത്തിൽ ഒട്ടുവളരെയാണ്. ഒന്നോ രണ്ടോ അല്ല. അതൊക്കെ ചരിത്രം പഠിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കണം. ദൃഷ്ടാന്തം വേണ്ടല്ലോ….. വംശീയബന്ധം … വംശീയ ബന്ധുത്വം എന്നു പറഞ്ഞാൽ കേരളത്തിൽ ഒരു….. തന്റെ ജാതി എന്ന അഭിമാനമുള്ള ഒരുവൻ ചരിത്രം എഴുതുമ്പോൾ, ആ ജാതി കാട്ടിയിട്ടുള്ള ദോഷങ്ങളെ മറച്ചുവച്ചും, അവയിൽ പലതും അന്യരിൽ ചേർത്തുവച്ചുമാണ് അവതരിപ്പിയ്ക്കുക. അങ്ങിനെ ദീർഘകാലം ആ ചരിത്രം, തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് കൈമാറി പഠിപ്പിച്ച് കഴിഞ്ഞാൽ, അതൊരു വിശ്വാസവും ആചാരവും ആയി തീർന്നുകഴിഞ്ഞാൽ, പിന്നെ അതിൽ നിന്ന് യാഥാർത്ഥ ചരിത്രം തിരഞ്ഞെടു ചികഞ്ഞെടുക്കണമെങ്കിൽ, അതിന് ആ കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള ശില്പശാസ്ത്രം, അതുപോലെ തന്നെ കല, സാഹിത്യം ഇവയെയൊക്കെ ചേർത്ത് വച്ച് അതിന്റെ പരമ്പരകളെ നോക്കി പൈതൃകം കണ്ടെത്തി ഇത് യുക്തിപൂർവ്വം അല്ലാ എന്നു സമർത്ഥിയ്ക്കുവാൻ കഴിയുന്ന ഒരു ബൗദ്ധിക പ്രഭാവം വരുമ്പോൾ മാത്രമേ ചോദ്യം ചെയ്യപ്പെടുകയുള്ളൂ. അതുവരെ തെറ്റായ ഈ ചരിത്രത്തിലൂടെ ജനതയെ കൊണ്ടുപോവുകയും, അവരെ ആത്മനിന്ദയ്ക്കു പ്രേരിപ്പിയ്ക്കുകയും, അടിമത്വം എന്ന ദാരിദ്ര്യം സമ്പൂർണ്ണമായി നിലനിർത്തുകയും ചെയ്യും. അതാണ് ഇതിന്റെ ഗതികേട്.
എഴുതിയ ചരിത്രവും, എഴുതാത്ത ചരിത്രവും
ചരിത്രമാണ് ലോകത്ത് ഏറ്റവും അധികം ശ്രദ്ധിയ്ക്കേണ്ട കാര്യം. ചരിത്രം എഴുതിയതും എഴുതാത്തതുമായി ഉണ്ട്. എഴുതാത്ത ചരിത്രം കണ്ടെത്തേണ്ട ചരിത്രമാണ്. എഴുതിയ ചരിത്രം വായിച്ചറിയുന്ന ചരിത്രമാണ്. എഴുതിയ ചരിത്രം വിശ്വാസം ആർജ്ജിച്ചാണ് നിലനില്ക്കുന്നത്. എഴുതാത്ത ചരിത്രം യുക്തി അധിഷ്ഠിതമായാണ്, എഴുതിയ ചരിത്രത്തെ അതിക്രമിച്ച് കാലത്തിന് വെളിച്ചം നല്കാൻ നിലകൊള്ളുന്നത്. ജനതയ്ക്ക് എന്നാണോ എഴുതാത്ത ചരിത്രം തെകഞ്ഞെടുക്കുവാൻ ചികഞ്ഞെടുക്കുവാനും, എടുത്തുകഴിഞ്ഞാൽ എഴുതിയ ചരിത്രത്തിൽ ചേർത്ത് വായിയ്ക്കുവാനും ഉള്ള ബൗദ്ധികതയുണ്ടാകുന്നത്, ആ കാലം ചരിത്രത്തിന്റെ സുവർണ്ണയുഗമാണ്. അതിന് ഒട്ടു വളരെ ക്ലേശങ്ങൾ ഉണ്ട്. ഇങ്ങിനെയൊക്കെ നിങ്ങൾ ചരിത്രം നോക്കിക്കണ്ടിട്ടുണ്ടോ എന്നെനിയ്ക്ക് അറിയില്ല. നോക്കിക്കാണുന്നത് നിങ്ങൾക്ക് രസമാണോ എന്നും എനിയ്ക്കറിയില്ല. രസമല്ലെങ്കിൽ വെറുതെ സമയം കളയരുത്.
ചരിത്രം ജീവിശാസ്ത്രത്തോട് യോജിയ്ക്കുന്നുണ്ടോ !!??
ഇതിന്റെ സംഘാടകർ ഈ വിഷയം തെരഞ്ഞെടുക്കുമ്പോഴ്, അവരോട് പറയുക ഉണ്ടായിട്ടുണ്ട്. ഇത് രസകരമായ വിഷയമാണ് പക്ഷെ … അതുകൊണ്ടാണ് ഈ ആമുഖം അല്പം ദീർഘിയ്ക്കുന്നത്. എഴുതിവച്ച ചരിത്രം ജീവശാസ്ത്രത്തോട് യോജിയ്ക്കുന്നുണ്ടോ എന്നു നോക്കണം. കാരണം ചരിത്രത്തിൽ സത്യസന്ധമായി തുടരുന്ന ഒന്ന് ജീവന്റെ ചരിത്രമാണ്. ജീവന്റെ ചരിത്രത്തിൽ സസ്യങ്ങൾ ഉണ്ട്…ജന്തുക്കൾ ഉണ്ട് … ഒന്നാമത്തേത് മനുഷ്യ വിഭവം …. രണ്ട് മൃഗവിഭവങ്ങൾ …. ജലജീവികൾ എന്ന വിഭവങ്ങൾ…. സസ്യം എന്ന വിഭവം.. ഇവയെല്ലാം ചേർന്ന് ചരവിഭവം. ചരിയ്ക്കുന്ന വിഭവം … രണ്ട് അചരങ്ങൾ .. പലതരം ഖനിജങ്ങൾ … പലതരത്തിലുള്ള മണ്ണ്…. പലതരത്തിലുള്ള വസ്തുക്കൾ, ഇവയുടെ വിഭവം…. മൂന്ന് ജീവനുള്ളവയിൽ ഉന്നതശ്രേണിയിൽ എണ്ണുന്ന മനുഷ്യന്റെ ആചാരങ്ങളും, വിചാരങ്ങളും, ബൗദ്ധികതയും. ഇവയുടെ ഒരു ചരിത്രം അനുസ്യൂതമായി തുടരുന്നുണ്ട്. അവയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ കാലാകാലങ്ങളിൽ എഴുതപ്പെട്ട ചരിത്രം, എഴുതാത്ത ആ ചരിത്രത്തോട് നീതിപുലർത്തുന്നില്ലെങ്കിൽ, അവ വംശബന്ധുത്വം കൊണ്ട് പലപ്പോഴും ഉദാരതയെ ഉദാസീനത നശിപ്പിച്ച് എഴുതിയതാണെന്ന് ബോദ്ധ്യമാവും.
പ്രകൃതി തന്ന സൂക്ഷ്മദർശിനി
ചരിത്രം അപഗ്രഥിയ്ക്കുവാൻ, പ്രകൃതി ഒരിക്കലും തെറ്റു പറ്റുകില്ലാത്ത ഒരു സൂക്ഷ്മദർശിനിയെ തന്നിട്ടുള്ളതാണ് ജീവശാസ്ത്രത്തിന്റെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ അറിവ്. ഉദാഹരണത്തിന് വേണ്ടി മാത്രമാണ് ഈ ആമുഖം. ഉദാഹരണം ഞാൻ പറഞ്ഞില്ല. ആദ്യം ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ എന്നെനിയ്ക്ക് ശങ്ക തോന്നി. നിങ്ങൾക്ക് മനസ്സിലായി എന്ന് പറഞ്ഞപ്പോൾ ഞാൻ നിർത്താമെന്ന് വിചാരിച്ചപ്പോൾ ആണ് അടുത്തതിലേയ്ക്ക് കടക്കാമെന്നു വിചാരിച്ചപ്പോൾ ആണ് ഉദാഹരണം ആകാം എന്നൊരാള് പറഞ്ഞത്. അപ്പോൾ ഉദാഹരണത്തിനു തന്നെ ഒരു ആമുഖം അനിവാര്യമായതുകൊണ്ടാണ് ഈ ആമുഖം പറഞ്ഞത്. ഇത്രയൊക്കെ പറയണമോ എന്നെനിക്ക് അറിയില്ല. നിങ്ങളുടെ ഇരിപ്പ് കണ്ടിട്ടാണ് ഇങ്ങിനെയൊക്കെ പറയണമെന്ന് എനിയ്ക്ക് തോന്നിപ്പോകുന്നത്. നിങ്ങളുടെ ബോഡി language.
ഭാരത ചരിത്രം ദാരിദ്ര്യത്തിന്റെ ചരിത്രം
അപ്പോൾ അങ്ങിനെ വരുമ്പോൾ ദൃഷ്ടാന്തത്തിനാണ് ഞാൻ ഈ ഉദാഹരണം പറഞ്ഞത്. സമീപകാല ചരിത്രം ഒരു നൂറ് കൊല്ലത്തെ എടുത്താൽ, നിങ്ങളുടെ രാജ്യം ചരിത്രപരമായ എല്ലാ ഗ്രന്ഥങ്ങളാലും ദരിദ്രരാജ്യമാണ്. അവികസിത രാജ്യമാണ്. ഭാരതത്തിന്റെ ചരിത്രമെഴുതിയിട്ടുള്ള ആധുനികരായ … പ്രാചീനമായി ഇങ്ങിനെ ഒരു ചരിത്രമില്ല. ചരിത്രകാരന്മാരെ ആസ്പദമാക്കി നോക്കിയാൽ ഭാരത ചരിത്രം ഒരു ദരിദ്രരാജ്യത്തിന്റെ ചരിത്രമാണ്. ഭാരതത്തിന്റെ ചരിത്രം മാനവ ദാരിദ്ര്യത്തിന്റെ ചരിത്രമാണ്.
ഇരട്ടത്താപ്പ്
നിങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ രംഗവേദിയിൽ, ഭാരതീയ ഭരണാധികാരികൾ അംഗീകരിച്ച് ഉപന്യസിയ്ക്കാൻ പഠിപ്പിയ്ക്കുന്ന സമസ്ത ഗ്രന്ഥങ്ങളും ഈ ആശയത്തെ മുൻനിർത്തി മാത്രമാണ് രൂപാന്തരപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ രംഗവേദിയിൽ നിലകൊള്ളുമ്പോൾ നിങ്ങളുടെ മതങ്ങളും, നിങ്ങളുടെ ജാതികളും, നിങ്ങളുടെ ജനാധിപത്യവും, നിങ്ങളുടെ നിയമനിർമ്മാണവും എല്ലാം ഒരു ദരിദ്രരാജ്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് രൂപാന്തരപ്പെടുന്നതും പഠിപ്പിയ്ക്കുന്നതും പഠിയ്ക്കുന്നതും മുന്നോട്ടുപോകുന്നതും. മതങ്ങളില് ജാതികളില് വർണ്ണങ്ങളില് വർഗ്ഗങ്ങളില് ഭേദമന്യേ ഏത് ആളെ വിളിച്ചാലും, ഏത് രാഷ്ട്രീയ നേതാവിനെ വിളിച്ചാലും, ഏത് ബുദ്ധിജീവിയേയും പണ്ഡിതനെയും വിളിച്ചാലും, ആള് കൂടുന്നൊരു വേദിയിൽ, സംസ്കൃതിയെ ആസ്പദമാക്കി സംഭാഷണം ചെയ്യുമ്പോഴെല്ലാം, ലോകത്തിലെ ഒന്നാംകിട രാജ്യം ഭാരതവുമാണ്. ബുദ്ധിയുടെ ഈ ഇരട്ടത്താപ്പ്, അനൗപചാരികതയിൽ നിന്ന് ഔപചാരികതയിലേയ്ക്ക് വരുമ്പോൾ മാറുന്നത് എങ്ങിനെയാണ്. വംശബന്ധങ്ങൾ ഉദാരതയെ ഉദാസീനമാക്കുന്നതിന് ഉദാഹരണമായിരിയ്ക്കുമോ …… ഞാൻ ഒരറ്റത്തേ കടിച്ചിട്ടുള്ളൂ. വളരെ വിപുലമാണ് ഈ സംഭവം.
നിങ്ങളുടെ അമ്പലത്തില് ഒരു ചടങ്ങിന്, പ്രാചീനമായ കലയോ ശാസ്ത്രമോ ഏതെങ്കിലും എടുത്തുവച്ച് പറയാൻ, ഇന്നു ഭാരതത്തിലുള്ള ഏത് ചരിത്രപണ്ഡിതനെയും ഏത് ബുദ്ധിജീവിയെയും ഏത് നേതാവിനെയും ഏത് നിയമജ്ഞനെയും ആര് കൊണ്ടുവന്നാലും, കുറഞ്ഞ വാക്കുകളിലോ കൂടിയ വാക്കുകളിലോ അവർ സംസാരിയ്ക്കുന്നത് എല്ലാം നിങ്ങളുടെ സംസ്കാരത്തിന്റെ മഹത്വം, നിങ്ങളുടെ രാഷ്ട്രത്തിന്റെ മഹത്വം, നിങ്ങളുടെ സാമ്പത്തിക മഹത്വം ഇവയെക്കുറിച്ചൊക്കെത്തന്നെ ആയിരിയ്ക്കും. (25.18 mts /26 mts) (The end of part 2)
Vid Clip No. 3 in YouTube (26 mts) – അന്തർലീനമായ വിശ്വാസത്തിൽ തെറ്റായ ചരിത്രം.
Audio Clip No 3 of the Vid in Youtube
ബുദ്ധിയുടെ വിപരീതമുഖങ്ങളുള്ള നമ്മുടെ വിദ്യാഭ്യാസം
ഒരു രാഷ്ട്രം അനൗപചാരികമായ അവന്റെ വിദ്യാഭ്യാസത്തിലും, അനൗപചാരികമായ അവന്റെ ജീവിതത്തിലും, അനൗപചാരികമായ അവന്റെ കൂട്ടായ്മയിലും, കൊണ്ടുപോകുന്ന ആചാരങ്ങളെയും, വിചാരങ്ങളെയും, വിശ്വാസങ്ങളെയും എതിർത്ത് ഔപചാരികമായ ഒരു വിദ്യാഭ്യാസം, കൃത്യമായും, ധനം മുടക്കിയും കൊണ്ടുപോകുന്ന ഏക രാജ്യവും ഒരുപക്ഷെ നിങ്ങളുടേതായിരിയ്ക്കും. ഔപചാരിക വിദ്യാഭ്യാസത്തിനകത്ത് നിങ്ങളുടെ പുതിയ തലമുറകൾ പഠിയ്ക്കുന്നത് അത്രയും, നിങ്ങൾ ജീവിതമെന്ന പേരിൽ ആചരിച്ചു വരുന്നതിന് വിപരീതമായത് മാത്രമായിരിയ്ക്കണം എന്ന് നിർബന്ധമുള്ള ഒരു രാജ്യം നിങ്ങളുടേത് മാത്രമായിരിയ്ക്കുന്നു . നിങ്ങളുടെ അപ്പൂപ്പന്റേയും, അപ്പൂപ്പന്റെ അപ്പൂപ്പന്റേയും അനുഭവങ്ങൾ ആണെന്ന് പറയുന്നതും, നിങ്ങൾ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നതുമായ കാര്യങ്ങൾ തെറ്റാണെന്ന് ഔപചാരികമായി പഠിയ്ക്കുകയും, അനൗപചാരികമായി ഇവയെ ഒളിച്ചു നില്ക്കുമ്പോഴെല്ലാം പറയുകയും ചെയ്യുന്ന ബുദ്ധിയുടെ വിപരീതമുഖങ്ങളുള്ള വിദ്യാഭ്യാസം നിങ്ങളുടേത് മാത്രമായിരിയ്ക്കുമെന്ന് ….ദൃഷ്ടാന്തത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പുള്ള കാര്യമാ ഇത്. ദൃഷ്ടാന്തം ഞാൻ ആദ്യം ഒന്നു പറഞ്ഞു വച്ചിട്ടുണ്ട്. ഒരു സൂചന മാത്രം.
ഔപചാരിക ചരിത്രം vs അനൗപചാരിക ചരിത്രം
നിങ്ങളിലെ അദ്ധ്യാപകർ…. ആരൊക്കെ ഇതിനകത്ത് ഉണ്ടെന്ന് എനിയ്ക്ക് അറിയില്ല…. ചരിത്രം പഠിച്ച് ചരിത്രം പഠിപ്പിയ്ക്കുന്ന അദ്ധ്യാപകർ …. നിങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സത്യമാണെങ്കിൽ, എന്തുകൊണ്ട് ഒരു പൊതുവേദിയിൽ വരുമ്പോൾ ആ സത്യം പറഞ്ഞുകൂടാ. ആരെയാണ് ചരിത്രകാരൻ ഭയക്കുന്നത്. ഒരു mass-നെ ഭയന്നിട്ടാണ് അവിടെ വന്നു പറയുന്നതെങ്കിൽ, എന്തുകൊണ്ട് അത് പഠിപ്പിച്ചുകൂടാ. അന്തർലീനമായ വിശ്വാസത്തിൽ എങ്ങിനെയാണ് തെറ്റായ ചരിത്രം കടന്നുകൂടുന്നത്. നിങ്ങൾ പഠിപ്പിയ്ക്കുന്നത് ശരിയാണ് എന്ന വിശ്വാസത്തിലാ ഞാൻ ഇപ്പോൾ സംസാരിയ്ക്കുന്നത്. നിങ്ങള് പഠിപ്പിയ്ക്കുന്നതാണ് യഥാർത്ഥ ചരിത്രം. അങ്ങിനെയാണെങ്കിൽ അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും വളർത്താൻ, പഠിപ്പുള്ള നിങ്ങൾ ബുദ്ധിയെ ആസൂത്രിതമായി കൊണ്ടുപോയി ഒളിഞ്ഞ് ഒരു ചരിത്രത്തെ വളർത്തുന്നില്ലേ. ഔപചാരികതയും അനൗപചാരികതയും തമ്മിൽ ഒരിക്കലും സംയോജിയ്ക്കാത്ത വിധത്തിൽ, ചരിത്രത്തിന്റെ ഇടനാഴികകളെ വികലമാക്കുമാറ് നിങ്ങൾ പോകുന്നില്ലേ.
ഇരട്ടത്താപ്പ്…
അപ്പോൾ ഇങ്ങിനെ ഒരു മീറ്റിംങ്ങ് നടക്കുമ്പോൾ ഇവിടെ വിളിയ്ക്കുക ഒരു നാലഞ്ചുപേരെ…. ഉൽഘാടകനും അദ്ധ്യക്ഷനും ഒക്കെയായി. അയാൾ ഇവിടെ വന്നിട്ട് നിങ്ങളോടു പറയുമ്പോൾ, ഈ പൗരാണിക ചരിത്രം ഒക്കെ തെറ്റാണ്, അത് അന്ധവിശ്വാസ ജഡിലമാണ്, എന്ന് അയാളുടെ പഠിപ്പ് വച്ച് പറഞ്ഞാൽ, അയാൾ കുട്ടികളെ പഠിപ്പിയ്ക്കുന്നതിനോട് നീതി പുലർത്തി. ഇവിടെ വരുമ്പോൾ ഇതിന് അനുഗുണമായി ആ ബൗദ്ധിക പ്രതിഭ വളരെ പറയുകയും, നിങ്ങളെ വളരെ പ്രശംസിയ്ക്കുകയും, ഇത്തരം പഠിത്തം ഇല്ലാതെ പോയതുകൊണ്ട് നമുക്ക് ഒരുപാട് നഷ്ടമുണ്ടെന്ന് പറയുകയും ഒക്കെ പറഞ്ഞിട്ട്, ഇതേ ചരിത്രം അവിടെ പഠിപ്പിയ്ക്കുന്നതിന് തയ്യാറാവുകയാണെങ്കിൽ അയാളുടെ ബുദ്ധിയോട് അയാൾ നീതി പുലർത്തി. മനസ്സിലായി… ആദ്യത്തേത് ആണെങ്കിൽ നീതി പുലർത്തി. രണ്ടാമത്തേത് ആണെങ്കിലും നീതി പുലർത്തി. തിരിച്ചാണെങ്കിൽ അനുഭവം ഏതാണ്.
Biology and History
ചരിത്ര പാഠങ്ങൾക്ക് സംസ്കൃതിയുടെ ഈടുവയ്പ് ഇല്ലാതെയാണ് പഠിപ്പിയ്ക്കുന്നത് … ഒന്ന്. സംസ്കൃതി അവനെ വിശ്വാസങ്ങളിലേയ്ക്ക് വലിയ്ക്കുമ്പോഴും, അതിനെ മാറ്റിവച്ചുകൊണ്ടുള്ള ഒരു തൊഴിൽ, ചരിത്രത്തിന്റെ ഗതിയിൽ ചെയ്യുന്നു എന്ന് വരുമാറ് പഠിയ്ക്കുകയും പഠിപ്പിയ്ക്കേണ്ടി വരുകയും ചെയ്യുക. രണ്ട് … ഒരിക്കൽ എങ്കിലും ചരിത്രത്തെ ജീവശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി …ബയോളജിയെ അടിസ്ഥാനപ്പെടുത്തി അപഗ്രഥിയ്ക്കാതിരിയ്ക്കുക.
പാരമ്പര്യം
ലോകത്തിൽ എഴുതിയ ഏറ്റവും വലിയ ചരിത്ര പുസ്തകം, മാനവനിർമ്മിതമല്ലാത്ത, പാരമ്പര്യാധിഷ്ഠിതമായ ജീവശാസ്ത്രമാണ്. അതിന്റെ ഈടുവയ്പ്പില്ലാത്ത ചരിത്രങ്ങൾ, അനുസ്യൂതമായ ജീവശാസ്ത്ര പുരോഗതിയിൽ നിർദ്ദയം തള്ളപ്പെട്ടുകൊണ്ടിരിയ്ക്കും. ചരിത്രകാരൻ കാലയവനികയിലേയ്ക്ക് മറയുന്നതുവരെ സമ്പാദിച്ചു കൂട്ടുന്നതല്ലാതെ, പരമ്പരാസൃതമായ ഒരു അറിവിന്റെ രംഗത്ത് ആദരണീയനായി ഒരിക്കലും നില്ക്കുകയില്ല. (6.02 mts / 26 mts) ചരിത്രസമീക്ഷയിലെ നിരുപാധികത ഇതുതന്നെയാണ്. ഇനി നമുക്ക് ഉദാഹരണത്തിലേയ്ക്ക് മെല്ലെ കടക്കാം.
ലൗകിക വിഭവങ്ങളിൽ ഏറ്റവും വലുത് മാനവ വിഭവമാണ്. മാനവ വിഭവം അനസ്യൂതയിൽ ഉണ്ടാകണമെങ്കിൽ, പ്രകൃത്യാ ഉള്ള സമ്പത്തിനേ കഴിയൂ. വിക്ടോറിയൻ സങ്കല്പങ്ങളെ സ്വാധീനിയ്ക്കുന്നതിന് എഴുതിയ സാമ്പത്തിക ദർശനത്തിലാണ് എങ്കിൽ പോലും, എതിർക്കാൻ എഴുതിയ തെറ്റുകളെ ന്യായീകരിയ്ക്കുവാനും, ശരികളെ എതിർക്കുവാനും എഴുതിയ Maltheusian theory-യിൽ പോലും, പ്രകൃതി വിഭവങ്ങളും, ജീവന്റെ ചരിത്രവും തമ്മില് അഗാധമായ ഒരു ബന്ധം ഉണ്ട്. വിക്ടോറിയൻ ഭരണകാലങ്ങളിൽ ഭരണാധികാരികളുടെ ദുർനയങ്ങളെ ന്യായീകരിയ്ക്കുവാനാണ് ആ സാമ്പത്തിക ദർശനത്തെ നമ്മുടെ ചരിത്ര പണ്ഡിതന്മാർ എടുത്ത് ഉപയോഗിച്ചതെങ്കിലും …. അതും വിശദീകരണം വേണ്ടതാകും. അതുകൊണ്ട് അടിയിൽ വരച്ചു വച്ചുകൊള്ളുക. ഒന്ന് ഓർമ്മിപ്പിയ്ക്കുക …ഇത് തീരുമ്പോൾ.
വിക്ടോറിയൻ ഭരണകൂടങ്ങൾ അവരുടെ ദുർനയങ്ങളെ ന്യായീകരിയ്ക്കുന്നതിന് Lord Litton-നെപ്പോലുള്ള … ഈ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. രാജ്ഞിയുടെ കവിയായിരുന്നു ലിട്ടൺ. ഇന്ത്യയുടെ വൈസ്രോയിയുമായിരുന്നു ആയിരത്തി എണ്ണൂറുകളിൽ … അയാളുടെ ദുർനയങ്ങൾക്ക് സ്തുതി പാടിയതും, ഇന്ത്യയെ വിഷമസ്ഥിതിയിലേയ്ക്ക് കൊണ്ടുപോയതും Lord Temple പോലുള്ള പ്രമുഖന്മാരുമാണ്. ചരിത്രത്തിന് തീരാ കളങ്കം നല്കിയ ഒരു പൈതൃകം ലോകമെങ്ങും രൂപാന്തരപ്പെട്ടതും ആ കാലങ്ങളിലാണ്. അവർ കൊണ്ടുവന്ന ദർശനം ഉൾപ്പടെയുള്ള ദർശനങ്ങളിൽ നിന്നു നോക്കിയാൽ, പ്രകൃതിയ്ക്ക് അതിന്റെ വിഭവശേഷിയോട് പാരസ്പര്യം ഉണ്ട് എന്ന ചരിത്രനിയാമകത്വത്തെ ഏറ്റവും ആധുനികമായ കമ്മ്യൂണിസം വരെ എടുത്ത് വച്ച് അപഗ്രഥിച്ച് നോക്കിയാൽ … theory of class war … എല്ലാം അതിന്റെ പരിണാമ ഭേദങ്ങൾ തന്നെയാണ്.
സമ്പത്തിന്റെ ജീവശാസ്ത്രം
ലോകത്ത് ഏത് രാജ്യത്താണ് ജീവവിഭവം, അനുസ്യൂതമായും, അസാധാരണമായും നിരന്തരമായി ഉണ്ടാകുന്നത്, ആ രാജ്യമാണ് ഏറ്റവും വലിയ സമ്പന്ന രാജ്യം. സമ്പത്തിന്റെ ജീവശാസ്ത്രം ഇതാണ്. എന്നുപറഞ്ഞാൽ ശാസ്ത്രത്തിന്റെ ഇടപെടൽ ഇല്ലാതെ. ഞാനത് തിരിച്ച് പറഞ്ഞതാണ്. കാരണം നിങ്ങൾ ഇന്ന് സാധാരണം എന്നു പറയുന്നത് ശാസ്ത്രത്തിന്റെ ഇടപെടൽ ഉള്ളതിനെ മാത്രമാണ്. നിങ്ങളുടെ വീട്ടിലെ സാധാരണ പശു ഇന്ന് ശാസ്ത്രം ഇടപെട്ട പശുവാണ്. നിങ്ങളുടെ സാധാരണ ഭക്ഷണം ഇന്ന് ശാസ്ത്രം ഇടപെട്ട ഭക്ഷണമാണ്. നിങ്ങളുടെ സാധാരണ ജീവിതം ഇന്ന് ശാസ്ത്രീയ ജീവിതമാണ്.
ശാസ്ത്രത്തിന്റെ ഇടപെടൽ
ശാസ്ത്രത്തിന്റെ കൈ ഇടപെടാതെ, നിങ്ങളുടെ കുട്ടി ഇന്നു ജനിയ്ക്കുന്നത് സാധാരണമാണെന്നു പറഞ്ഞാൽ, ശാസ്ത്രം ഇടപെട്ടാ ജനിപ്പിയ്ക്കുന്നത്. ശാസ്ത്രത്തിന്റെ ഇടപെടൽ ഇല്ലാതെ, ദുരുപദിഷ്ടമായ ഭൗതിക ശാസ്ത്രത്തിന്റെ മാനമേയങ്ങൾ ഇല്ലാതെ, ലോകത്തെവിടെ ജനജീവിതം സുസാദ്ധ്യമാകുമോ, അത് ലോകത്തിലെ സമ്പന്ന രാജ്യങ്ങളാണ്. ഇതാണ് ജീവശാസ്ത്രപരമായ സമ്പത്തിന്റെ നിർവചനം. അങ്ങിനെ ഒരു നിർവചനം അംഗീകരിച്ചു കഴിഞ്ഞാൽ, ലോകചരിത്രം അതിന്റെ ആരംഭ കാലം മുതൽ ഇന്നുവരെ എടുത്താൽ, പാശ്ചാത്യ സംസ്കൃതിയ്ക്ക് സമ്പത്ത് അവകാശപ്പെടാനാവില്ല. (11.15 mts / 26 mts )
Stolen Legacy
അഥവാ അവരുടെ പൈതൃകം ഒരു സ്തേയ (സ്ഥേയ ??) പൈതൃകമാണ്. ഉപയോഗിച്ച പദം സ്തേയ പൈതൃകം. A stolen legacy. വിഷയങ്ങൾ പെരുകുകയാണെന്ന് തോന്നുന്നു. ഉദാഹരണം കൊണ്ട് വിഷയങ്ങൾ പെരുകുകയാണെന്ന് തോന്നുന്നു. മറ്റേത് പൂർണ്ണമായും ഈസ്റ്റിന് അവകാശപ്പെട്ടതാ. എന്തെല്ലാം അവാർഡുകൾ കൊടുത്താലും, എത്ര കണ്ട് കാമം വളർത്തിയാലും, പാശ്ചാത്യ ലോകത്ത് ജന്തുക്കളോ, സസ്യങ്ങളോ, മാനവ വിഭവങ്ങളോ കിഴക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണ്ടാകുന്നില്ല. ചരിത്രകാരനും ജീവശാസ്ത്രകാരനും ഒക്കെ ഒന്നിച്ചിരുന്ന് നോക്കിക്കാണുമ്പോഴ്, രസകരമായ ഒരു കാഴ്ചയാണ്. ഏറ്റവും അധികം ആസൂത്രണങ്ങള്, മാനവ ഉല്പന്നത്തിനു മേൽ നടത്തിയിട്ടുള്ളത് കിഴക്കാണ്. ശാസ്ത്രത്തിന്റെ പുരോഗമനകാലങ്ങളിൽ.
ജീവോല്പാദന പ്രക്രിയയെ നിയന്ത്രിയ്ക്കുവാനുള്ള ആദ്ധ്യാത്മിക ആശയങ്ങൾ അതീവ സജീവമായി നില്ക്കുന്നത് കിഴക്കാണ്. ജീവസന്ധാരണത്തിന് ഇടയാക്കുന്ന കാമത്തെ നിയന്ത്രിയ്ക്കുവാനുള്ള സംസ്കൃതി കൗടുംബികമായും, വൈയക്തികമായും പ്രചരിയ്ക്കുന്നതും കിഴക്കാണ്. ജീവസന്ധാരണ പ്രകിയയുടെ ആദിതാളങ്ങളെ വ്യാവസായികമായി ഉപയോഗിയ്ക്കുകയും, കാമത്തെ കയറൂരി വിടുകയും ചെയ്തിട്ടുള്ളത് പാശ്ചാത്യരാണ്. എന്നിട്ടും സകല ജീവജാലങ്ങളെയും ചേർത്ത് വച്ച് നോക്കിയാൽ ജീവോല്പത്തി ഏറ്റവും കുറവുള്ളതും പാശ്ചാത്യ നാടുകളിലാണ്.
False Historians- fake knowledge
സമ്പത്തിന്റെ ആദിമതാളം ജീവനിലാണെങ്കിൽ, ജീവശാസ്ത്രപരമായി ഈ സത്യം വച്ചുകൊണ്ട് എങ്ങിനെയാണ് നിങ്ങളുടെ ചരിത്രകാരന്മാരെ നിങ്ങൾക്ക് അംഗീകരിയ്ക്കാൻ കഴിയുക. ഇക്കാലമത്രയും ജീവശാസ്ത്രത്തെ ചരിത്രത്തിന്റെ ഈടുവയ്പുകളിൽ നിന്നു മാറ്റിവച്ചുകൊണ്ട്, ഉദാസീനത ചമഞ്ഞ്, വംശീയ ബന്ധങ്ങളെ പുലർത്തുവാൻ ഒരുങ്ങിയവരോട് പണം വാങ്ങിയോ, ഔദാര്യങ്ങൾ ഉൾക്കൊണ്ടോ നിങ്ങളുടെ ചരിത്രകാരന്മാർ ഈ നാട്ടിൽ ഉള്ളവരും, വംശീയ ബന്ധം കൊണ്ട് ഉദാരതയെ കളഞ്ഞു-കുളഞ്ഞു ഉദാസീനന്മാരായി തീർന്ന പടിഞ്ഞാറിന്റെ ചരിത്രകാരന്മാരും ചേർന്ന് ചമച്ച ദുരുപദിഷ്ടമായ ഒരു ചരിത്രത്തിന്റെ ഇടനാഴിയിലൂടെ മാത്രമാണ് നിങ്ങൾ സഞ്ചരിച്ചതെന്ന് ഈ ഒരു ഉദാഹരണത്തെ ആസ്പദമാക്കി പറഞ്ഞാൽ ദേഷ്യം ഉണ്ടാവില്ലല്ലോ.
പ്രഭാവിതമായ ജീവസന്ധാരണത്തിന്റെ ആദിതാളങ്ങൾ നിറഞ്ഞ രാജ്യങ്ങളിലെ വികാസ പരിണാമങ്ങൾ തങ്ങളുടെ രാജ്യങ്ങളെ ഗ്രസിച്ചേക്കുമോ എന്ന സംശയവും ആധിയുമാണ്, കലയെ ശാസ്ത്രത്തിന്റെ നിയാമകത്വത്തിൽ ദുരുപദ്ദിഷ്ടമായി വളച്ചു തിരിച്ചു കൊണ്ടുവന്ന് ജനങ്ങളിൽ അഭിനിവേശം ഉണ്ടാക്കുവാനും പ്രചരിപ്പിയ്ക്കുവാനും പാശ്ചാത്യ ദുഷ്പ്രഭുത്വം ശ്രമിച്ചതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുപോയാൽ നിങ്ങൾ ഇഷ്ടപ്പെടുമോ.
Toxic History
നിങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളെയും ഈ ദുരുപദ്ദിഷ്ട ചരിത്രം ഗ്രസിച്ചുകഴിഞ്ഞിട്ടും … ചരിത്രം എഴുതിയ നിങ്ങളുടെ ചരിത്രപണ്ഡിതന്മാരെ നിങ്ങൾ പഠിച്ച ജീവശാസ്ത്രത്തിൽ നിന്നുകൊണ്ട് ഒന്നു നോക്കുക. ഒറ്റ മാതൃകയേ പറഞ്ഞുള്ളൂ. (16.03 mts) പ്രകൃത്യാ ജീവനെയും ജീവന് നിലനില്ക്കാൻ ആവശ്യമായ ജീവചക്രത്തെയും സ്വഭാവേന നിയന്ത്രിയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഭൂമിയുടെ ചരിത്രം. ജീവികളുടെ നിലനില്പിനെ സർവഥാ നേരിടുകയും ജീവസന്ധാരണത്തിന് അനിവാര്യമായ ജീവചക്രത്തെ താറുമാറാക്കുകയും ചെയ്യുന്ന ഭൂമിയുടെ ചരിത്രം. ഇതിനെ ആസ്പദമാക്കി ഏത് ഭൂപ്രദേശം, ഏത് രാജ്യം… സമഗ്രമായ എല്ലാ അർത്ഥത്തിലും സമ്പന്നമാണ് എന്നു ചോദിച്ചാൽ എത്ര രാജ്യങ്ങൾക്ക് അത് അവകാശപ്പെടാം.
പ്രോക്രസ്റ്റസിന്റെ കട്ടിലിൽ എന്നപോലെ ശാസ്ത്രത്തിന്റെ നിയാമകത്വത്തിനുള്ളിൽ മാത്രം ചിരിയ്ക്കാനും കരയാനും ജീവിയ്ക്കാനും പറ്റുന്ന വിധം ശാസ്ത്രം മാതൃകയായി ഉണ്ടാക്കിയ രാജ്യഭരണവും രാജ്യവും. മാനവ നിർമ്മിത ശാസ്ത്രങ്ങളെ മാറ്റി നിർത്തിക്കൊണ്ട് സ്വച്ഛന്ദതയിൽ ജീവിയ്ക്കാൻ കഴിയുന്ന പ്രകൃതി ശാസ്ത്ര മാതൃകകളെ നിർദ്ദയം തട്ടിക്കളയുന്ന ശാസ്ത്രം. ഏതാണ് സമ്പന്ന രാജ്യം. ബയോളജിയെ മാത്രം വച്ചുകൊണ്ടാ ഞാൻ പറഞ്ഞത്.
Biology – ആരോഗ്യവും ആയുസ്സും
ബയോളജിയുടെ രണ്ടാമതൊരു അംശം ഉണ്ട്. ആരോഗ്യവും ആയുസ്സും. അതിനെ ആസ്പദമാക്കി പഠിച്ചാൽ ഇതിലും വൈചിത്ര്യമുണ്ട്. അത് നമുക്ക് മാറ്റി വയ്ക്കാം. അതിനു നിങ്ങൾ പ്രായമായോ എന്നെനിയ്ക്ക് ഒരു സംശയം. അതുകൊണ്ടാണ് മാറ്റിവയ്ക്കാമെന്ന് പറഞ്ഞത്. അത് ചേരുമ്പോൾ മാത്രമേ ഇത് പൂർണ്ണമാകൂ. പക്ഷെ നിങ്ങളത് ശ്രവിയ്ക്കാൻ പ്രായമായോ. എന്നെനിയ്ക്ക് ഒരു ശങ്ക. കാരണം ജീവശാസ്ത്രത്തിന്റെ മാതൃകയില് പ്രകൃതി ജീവിയുടെ ആയുസ്സിന്മേൽ നടത്തുന്ന ഒരു കൈകടത്തലുണ്ട്. ശാസ്ത്രത്തിന്റെ പുരോഗമനവേളകളിൽ. സ്വച്ഛന്ദതയിൽ പ്രകൃതി അംഗീകരിയ്ക്കുന്ന ഒരു തലവുമുണ്ട്. അതിനെ ആസ്പദമാക്കി നോക്കിയാൽ ജീവശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് ജീവന്റെ ഉല്പത്തി. പടിഞ്ഞാറു പോയി വന്ന നിങ്ങളുടെ ഭരണാധികാരികളും, പടിഞ്ഞാറിന്റെ ശാസ്ത്രം പഠിച്ച നിങ്ങളുടെ ഉൽപ്പതിഷ്ണുക്കളെന്ന് അവകാശപ്പെടാവുന്ന പഠിപ്പുള്ള ശാസ്ത്രകാരന്മാരും രംഗത്തു വന്നതിനു ശേഷം മാത്രമാണ് ഉൽപ്പാദന പ്രക്രിയയിൽ ഭൗതിക ശാസ്ത്രം ഇടപെടാൻ തുടങ്ങിയത്.
Interference in Traditional Agricultural Methods
വടക്കൻ കേരളം സമീപ കാലം വരെ, ഇത്രയും പുരോഗതി ഉണ്ടെങ്കിലും തെക്കൻ കേരളത്തിൽ ഉള്ളതിൽ നിന്നു വ്യത്യസ്തമായി സമീപകാലം വരെ, ചേന പറിച്ചതും കാവത്തു പറിച്ചതും ചേമ്പ് പറിച്ചതും അത്യധ്വാനം ചെയ്തിട്ട് ആയിരുന്നില്ല. അതൊക്കെ സുലഭമായി പറിച്ച് കൂട്ടുകയും ചെയ്തു എന്നാണെന്റെ ധാരണ. ആയിരത്തി തൊള്ളായിരത്തി അറുപത് എഴുപതുകൾ മുതൽ, തെക്കിന്റെ കാർഷികരംഗങ്ങളെ പാശ്ചാത്യ ശാസ്ത്ര മാതൃക ഗ്രസിയ്ക്കുക ഉണ്ടായി. ഒപ്പം പ്രകൃതി അതിന് വിപരീതമായി ഇടപെട്ടപ്പോൾ ഉൽപ്പാദന പ്രക്രിയ മരവിയ്ക്കുകയും രോഗങ്ങൾ വർദ്ധിയ്ക്കുകയും ചെയ്തു എന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം.
Super-speciality Hospitals
ശാസ്ത്രം വീണ്ടും പ്രകൃതിയുടെ മേൽ നിർണ്ണായകമായ സ്വാധീനം നടത്തുവാൻ ആയിരത്തി തൊള്ളായിരത്തി എൺപതു മുതൽ രണ്ടായിരം വരെ ഉള്ള കാലഘട്ടം കൊണ്ട് നൂറ് കണക്കിന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽ കോളേജും ഉണ്ടാക്കി അതിനെ നേരിടാൻ തയ്യാറായി. അന്നോന്നും വടക്കൻ കേരളം ഇതിന് ഇരയായില്ല. അവിടുത്തെ ശാസ്ത്ര വിദ്യാഭ്യാസം നിങ്ങളെ കിടിലം കൊള്ളിയ്ക്കുകയും …അങ്ങിനെ ഒരു പദം ഉപയോഗിച്ചോട്ടെ…. ആ വഴി നിങ്ങൾ മാർഗ്ഗദർശകമായി തിരഞ്ഞെടുക്കുകയും ചെയ്തപ്പോൾ, നിങ്ങളും പ്രകൃതിയുടെ മേൽ അക്രാമികമായി ഇടപെടാൻ തുടങ്ങുകയും രോഗികളാവുകയും പതുക്കെ പതുക്കെ ആ നാടിനെ അനുകരിച്ച് സ്ഥാപനങ്ങൾ ഉണ്ടാവുകയും ചെയ്തു. വെറും ഇട്ടാവട്ടം വരുന്ന കേരളമെന്ന ചെറിയൊരു സംസ്ഥാനത്തെ എടുത്ത് അതിന്റെ പ്രാദേശികതയെ രണ്ടായി തിരിച്ച് പഠിച്ചാൽ പോലും മനസ്സിലാക്കാവുന്ന അതി നിസ്സാരമായ ഒരു കാര്യമാ ഞാൻ പറഞ്ഞത്.
സുസംഘടിത ആധുനിക പ്രസ്ഥാനങ്ങൾ
നിങ്ങൾ പലരും സഞ്ചാരികളാണ്. നിങ്ങള് പലരും വടക്കും തെക്കും സഞ്ചരിയ്ക്കുന്നവരാണ്. നിങ്ങൾ പലരും വടക്കും തെക്കും അദ്ധ്യാപകരായും മറ്റ് പലതരത്തിലും ഇരുന്നിട്ടുള്ളവരാണ്. മറ്റ് പല മേഖലകളിൽ ഉദ്യോഗസ്ഥരായും. ചരിത്രസാപേക്ഷ്യത്തെ അനുഭവത്തിന്റെ ദിശയില് പഠിയ്ക്കാൻ തയ്യാറാകുമെങ്കില്, ഏതാണ്ട് ഒരു എഴുപത് മുതല് രണ്ടായിരം വരെ വന്ന തെക്കിന്റെ പുരോഗതിയും, രണ്ടായിരത്തിന് ശേഷം വടക്ക് രൂപാന്തരപ്പെടുന്ന കുടുംബപരവും വംശപരവുമായ മാറ്റങ്ങളും, അതിൽ ആധുനിക സുസംഘടിത പ്രസ്ഥാനങ്ങളുടെ ആവിർഭാവങ്ങളും, ഒക്കെ ആധുനിക രീതിയിൽ ഉള്ളതായിരിയ്ക്കുകയും, ആ ആധുനികതയോട് പുല്കാൻ ഒരുങ്ങുമ്പോൾ എല്ലാം പ്രകൃതി വിപരീതമായി തീരുകയും, ജീവസന്ധാരണം അസാദ്ധ്യമായി തീരുകയും, അപ്പോഴെല്ലാം പ്രകൃതിയെ അതിനെക്കാൾ മത്സരത്തോടെ നേരിടണമെന്ന പാശ്ചാത്യ ചിന്തയുടെ ആവിർഭാവം കൊണ്ട്, തങ്ങൾ തന്നെ ഉണ്ടാക്കിയ തെറ്റുകൾക്ക് പ്രകൃതിയെ പഴിച്ച് പ്രകൃതിയെ നേരിടാൻ പുതിയ ശാസ്ത്രമാതൃകകളെ കണ്ടെത്തുകയും ചെയ്യുന്ന ഒരു കാഴ്ച വിദ്യാഭ്യാസമുള്ള ജനതയുടെ ഇടയില് സർവ്വസാധാരണമാണ്. ജീവശാസ്ത്രത്തിന്റെ ഈ രംഗം നിങ്ങള് അംഗീകരിയ്ക്കുമോ എന്നറിയില്ല. (23.51 mts ) പറയാൻ അപകടം ഉള്ള കാര്യം ഇത് കഴിഞ്ഞുള്ളതാ.
കേരളത്തിലെ സ്ത്രീകളുടെ ഉല്പാദനേന്ദ്രിയങ്ങൾ
ഉല്പാദനപ്രക്രിയയും ജീവശാസ്ത്രവും പ്രകൃതിയും ചേർന്നുവരുന്നിടത്ത്…. ഇനി പറയാൻ പോകുന്നത് അപകടം ഉള്ള കാര്യം തന്നെയാണ്. നിങ്ങൾ സഹിയ്ക്കുമോ എന്നറിയില്ല. പ്രകൃതി മുമ്പെങ്ങും target ചെയ്തിട്ടില്ലാത്ത വിധം കേരളത്തിലെ സ്ത്രീകളുടെ ഉല്പാദനേന്ദ്രിയങ്ങളെ ടാർഗെറ്റ് ചെയ്തിരിയ്ക്കുന്നു. ലൈംഗിക ഹോർമോണുകളെയും ലൈംഗിക അവയവങ്ങളെയും ഇത്ര നഗ്നമായി പ്രകൃതി ടാർഗെറ്റ് ചെയ്ത ഒരു കാലഘട്ടം ഇല്ല. ചരിത്രം പഠിയ്ക്കുമ്പോൾ ഇതുമായി ചേർത്തുവച്ചു പഠിച്ചാൽ നിങ്ങൾക്കു ഞെട്ടൽ ഉണ്ടാകും. നിങ്ങൾക്കു പ്രായമായോ അതുൾക്കൊള്ളാൻ എന്നെനിക്ക് അറിയില്ല. ചരിത്രത്തിന്റെ ഗതീയതയിലെ ജീവശാസ്ത്രം നിങ്ങൾ എത്രകണ്ട് ഉൾക്കൊള്ളും എന്നെനിക്ക് അറിയില്ല. ചരിത്രത്തെ ജീവശാസ്ത്രത്തിന്റെ അന്തക്ഷോഭങ്ങളിൽ നിന്ന് പഠിച്ചെടുക്കാൻ ഒരുങ്ങിയാൽ, എന്താണ് ലഭിയ്ക്കുക എന്നും ആലോചിച്ചിട്ടല്ല നിങ്ങളോട് ഇത് പറയുന്നത്. (25.02 mts /26 mts -end of part 3 )

തുടരും…….
More articles and discourses are available at nairnetwork.in
Unique Visitors : 29,025
Total Page Views : 43,915
Intro : Attainment of Peace (of individual & society) was the real intent of history-writing in India. The epics were written keeping this lofty aim in mind. Modern history writing is in start contrast with this ancient Indian tradition.
Fb : ചരിത്ര പഠനങ്ങളെയും,ഗവേഷണങ്ങളെയും, അറിവുകളെയും, രചനകളെയും ഇവയെ എല്ലാം സംബന്ധിച്ച നിലവിളുള്ള നമ്മുടെ ധാരണകളെ അപ്പാടെ മാറ്റി മാറിയ്ക്കുന്ന സ്വാമിജിയുടെ വാക്കുകൾ…
സനാതന ധർമ്മികളുടെ ചരിത്ര-പഠന-രചനാ പാരമ്പര്യവും, ചരിത്രരചനയുടെ ലക്ഷ്യങ്ങളും വിശദീകരിയ്ക്കുന്ന പരമ്പര…