നായന്മാരുടെ സമുദായ ബോധം-ചിന്ത- ഐക്യം ഇവയുടെ അഭാവവും നായന്മാരുടെ ആദിമ ചരിത്രവും തമ്മിൽ ബന്ധമുണ്ടോ !?
ലോകത്താകമാനം സ്വത്വ രാഷ്ട്രീയത്തിന് ( identity politics) പ്രബലത കൈവന്നുകൊണ്ടിരിയ്ക്കുകയാണ്. ഇതിനെ അവഗണിച്ചുകൊണ്ട് ലോകത്ത് ഒരു സർക്കാറിനും ഭരണം സാദ്ധ്യമല്ലാതായിരിയ്ക്കുന്നു. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. ജാതി, ഭാരതീയ ജനതയുടെ സ്വത്വത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് . ഇതുമൂലം ആധുനിക ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ ജാതി ഒരു നിർണ്ണായക ഘടകമാണ്. ഇന്ത്യൻ രാഷ്ട്രീയം ജാതി രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണെന്ന് സമർത്ഥിച്ചാൽ അത് ആർക്കും നിഷേധിയ്ക്കാനാവുകയില്ല. പക്ഷെ ഈ അനിഷേദ്ധ്യമായ രാഷ്ട്രീയ യാഥാർത്ഥ്യത്തെ നായർ- ജാതി-അംഗങ്ങൾ ഇനിയും ഉൾക്കൊള്ളുവാൻ തയ്യാറായിട്ടില്ല എന്നാണ് കേരള രാഷ്ട്രീയം നിരീക്ഷിയ്ക്കുന്നവർക്ക് മനസ്സിലാക്കുവാൻ സാധിയ്ക്കുന്നത്. നായന്മാരുടെ അനൈക്യം, അവരുടെ രാഷ്ട്രീയ കാര്യ കർത്തൃത്വത്തിന് കോട്ടം വരുത്തിയിട്ടുണ്ട് എന്ന് വർത്തമാന കേരളരാഷ്ട്രീയം –
പിന്തുടരുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാം. എന്തുകൊണ്ടാണ് നായർ എന്ന സ്വതം ബോധം പേറുന്നവർക്ക് ജാതിസ്വത്വത്തിലധിഷ്ഠിതമായ സമുദായബോധം, സമുദായ- ചിന്ത, ഒത്തൊരുമ, രാഷ്ട്രീയ ഐക്യം എന്നിവ സാദ്ധ്യമാകാത്തത് !!??? ഇതിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കൊ- ടുവിൽ ലഭിച്ച ആധികാരികമായ ഉത്തരങ്ങളാണ് ഈ പോസ്റ്റിങ്ങിന് ആധാരം.
നായന്മാരുടെ ആദിമ ചരിത്രത്തെക്കുറിച്ചുള്ള അവ്യക്തത !!!
നായർ സർവ്വീസ് സൊസൈറ്റി 1972-ൽ പ്രസിദ്ധീകരിച്ച, സർവ്വീസ് സൊസൈറ്റിയുടെ ചരിത്രത്തെക്കുറിച്ചുള്ള ആധികാരികമായ ചരിത്രഗ്രന്ഥം തുടങ്ങുന്നത് ഇപ്രകാരമാണ് :- “അതിപ്രാചീനമായ കാലം മുതൽക്കേ കേരളത്തിലെ സാമൂഹ്യവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ പ്രാമുഖ്യം നേടി, സ്വായത്തമായ ഒരു സംസ്കാരസമ്പത്തുകൊണ്ട് കേരളസംസ്കാരത്തിനുതന്നെ രൂപഭാവങ്ങൾ നൽകിയ ഒരു ജനസമുദായമാണ് നായന്മാർ. അവർ ആദ്യം മുതൽക്കേ ഇവിടെ നിവസിച്ചിരുന്ന വർഗ്ഗമാണോ അതോ പിൽക്കാലങ്ങളിൽ അധിനിവേശം ചെയ്തവരാണോ എന്ന ചോദ്യത്തിന് ഇതു വരെ ഒരു തീർപ്പ് കല്പിയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും കേരള ചരിത്രത്തിന്റെ പ്രാരംഭാദ്ധ്യായങ്ങൾ, അറിയപ്പെട്ടിടത്തോളം ആരംഭിയ്ക്കുന്നത് മിക്കവാറും നായന്മാരുടെ ചരിത്രത്തോടുകൂടിയാണെന്ന് പറയാം.” (പേജ് 1, ഒന്നാം ഖണ്ഡിക, എൻ .എസ്. എസ് ചരിത്രം ഒന്നാം വാല്യം). നായന്മാരുടെ ആദിമ ചരിത്രത്തെക്കുറിച്ചുളള ഈ സന്ദേഹം ഇനിമേൽ വച്ചുപുലർത്തേണ്ടത് ഇല്ല എന്നാണ് ഇവിടെ പറയുന്നത്.
ചാക്രിക സമയം (cyclical time)
ചാക്രികമായ സമയത്തെ ഉൾക്കൊണ്ടു ജീവിതം ചിട്ടപ്പെടുത്തിയവരാണ് ഭാരതീയർ. അതിനാൽ നമ്മൾ ഭാരതീയർ ഉല്പത്തിക്കഥകൾക്ക് അമിത പ്രാധാന്യം നല്കിയിരുന്നില്ല. എന്തിന്റേയും ഏതിന്റേയും ഉല്പത്തി, അഥവാ ഉത്ഭവം തേടിയിരുന്നുമില്ല. ഇപ്പറഞ്ഞതിനു ഉപോൽബലകമായി തമിഴിൽ ഒരു പഴഞ്ചൊല്ലുണ്ട്. ‘നദിമൂലവും ഋഷിമൂലവും അന്വേഷിയ്ക്കരുതെന്ന്’, അഥവാ തേടെരുതെന്ന്. കാരണം അവ ഒരിക്കലും അന്വേഷിച്ചറിയാനോ കണ്ടുപിടിയ്ക്കാനോ ആവില്ല. നദിയുടെ മൂലം എവിടെ നിന്നും തുടങ്ങുന്നു :- സൂര്യനിൽ നിന്നോ, കടലിൽ നിന്നോ, ജലം നീരാവിയായി തീർന്ന് പെയ്യുന്ന മഴയിൽ നിന്നോ , അത് പെയ്തിറിങ്ങുന്ന മലകളിൽ നിന്നോ!!!??? അതിനാൽ ബുദ്ധിയും അറിവുമുള്ള ഭാരതീയർ വ്യർത്ഥങ്ങളായ ഇത്തരം അന്വേഷണങ്ങൾക്ക് മുതിർന്നില്ല എന്ന കരുതുന്നതിൽ തെറ്റില്ല.
പാശ്ചാത്യരുടെ രേഖീയ സമയ-സങ്കല്പം (linear-time)
പാശ്ചാത്യരുടെ സമയ സങ്കല്പം രേഖീയമാണ്. ബൈബിളിലും ഖുറാനിലും കാണപ്പെടുന്നത് ഈ സമയ സങ്കല്പം ആണ്. രേഖകൾ എല്ലാം തന്നെ ഒരു ബിന്ദുവിൽ നിന്നാണ് തുടങ്ങുന്നത്. ആ ആദ്യത്തെ ബിന്ദുവിനെ സമയത്തിന്റെ തുടക്കമായി (starting point or instance) അവർ കരുതുന്നു. അവരുടെ കാഴ്ചപ്പാടിൽ ആ ഒറ്റ പ്രാവശ്യം ദൈവം സൃഷ്ടി നടത്തിയതു മുതൽക്കാണ് ( The first point for the beginning of TIME) സമയം തുടങ്ങിയതു തന്നെ. സമയസങ്കല്പം ഇപ്രകാരം രേഖീയമായതിനാൽ ഉല്പത്തിക്കഥകൾക്കും അന്വേഷണങ്ങൾക്കും അവർ അമിത പ്രാധാനം നല്കി.
ബ്രിട്ടീഷുകാർ ഭാരതം ഭരിയ്ക്കാൻ തുടങ്ങിയതോടെ, ഇംഗ്ലീഷ് മാതൃകയിലുള്ള പാശ്ചാത്യ വിദ്യാഭ്യാസം ഭാരതത്തിൽ വേരൂന്നുകയും പാശ്ചാത്യ ചിന്ത ഭാരതീയരെ ഗ്രസിയ്ക്കുകയും, അതോടെ ഉല്പത്തിക്കഥകൾക്കു് പ്രാധാന്യം വരുകയും ചെയ്തു. അക്കൂട്ടത്തിൽ നായന്മാരുടെ അഥവാ നായർ ജാതിയുടെ ഉത്ഭവത്തെക്കുറിച്ചും പല സിദ്ധാന്തങ്ങളും രൂപപ്പെടുകയുണ്ടായി. ഇവയിൽ ഏതെങ്കിലും ഒരു സിദ്ധാന്തത്തെ എൻ. എസ്. എസ് അംഗീകരിച്ചിരുന്നോ !!!?? ഔദ്യോഗികമായി എൻ. എസ് . എസ് ഒരു സിദ്ധാന്തത്തെയും അംഗീകരിച്ചില്ല എന്ന് മുകളിൽ കൊടുത്ത ഔദ്യോഗിക ചരിത്രഗ്രന്ഥത്തിലെ ആദ്യ ഖണ്ഡികയിൽ നിന്നും മനസ്സിലാക്കാം. ഇതിനും പുറമെ ഗ്രന്ഥത്തിന്റെ അവതാരികയിൽ കൂടുതൽ സൂചനകളും ഉണ്ട്. “നായർ സമുദായത്തിന്റെ പൂർവ്വചരിത്രം പല ചരിത്രകാരന്മാരുടെയും ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. പലരും പല വീക്ഷണകോണങ്ങളിൽ കൂടി ഗവേഷണം നടത്തിയതുകൊണ്ടാവാം അവരുടെ ഗ്രന്ഥങ്ങളിൽ വൈവിദ്ധ്യങ്ങളും വൈകല്യങ്ങളും പരസ്പരം പൊരുത്തപ്പെടാത്ത അഭിപ്രായഗതികളും ഉണ്ടായതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.” ചരിത്ര ഗ്രന്ഥത്തിന് മുൻ ജന. സെക്രട്ടറിയായിരുന്ന എ. എൻ.ഗോപാലകൃഷ്ണപിള്ള എഴുതിയ അവതാരികയിലേതാണ് പ്രസ്തുത വാചകം.
മഹാഭാരതം : ശൂദ്രരിൽ ഏറ്റവും നിന്ദ്യരായവരാണ് ദ്രാവിഡർ
പക്ഷെ കേരളചരിത്രത്തെ സംബന്ധിച്ച് 2016-ൽ പ്രസിദ്ധീകൃതമായ ഒരു ഗ്രന്ഥത്തിൽ സുപ്രസിദ്ധ ചരിത്രകാരനായ ഡോ. എം.ജി. എസ് നാരായണൻ, നായന്മാരുടെ ഉല്പത്തിയെക്കുറിച്ച് ഏറ്റവും വിശ്വസീനിയമായ ഒരു വിശദീകരണം നല്കുന്നുണ്ട്. ഏറ്റവും കൌതുകകരമായ വസ്തുത എന്തെന്നാൽ, മഹാഭാരതം – അശ്വമേധ പർവ്വം- ആശ്വമേധിക പർവ്വം, – അനുഗീതാ പർവ്വം -29-ാം അദ്ധ്യായത്തിലെ- ബ്രാഹ്മണഗീത- ക്ഷത്രോച്ഛദനം എന്ന ഉപാദ്ധ്യായത്തിൽ കാണപ്പെടുന്ന ശൂദ്ര-ദ്രാവിഡന്മാരുടെ ഉല്പത്തിയെക്കുറിച്ചുള്ള വിവരണവുമായി ഈ സിദ്ധാന്തം പൊരുത്തപ്പെടുന്നു എന്നതാണ്. ഇതിനും പുറമെ ഭാരതീയ സ്വത്വത്തിന്റെ ഭാഗമായ ചാക്രിക സമയ സങ്കല്പവുമായിട്ടും ഇവയ്ക്ക് പൊരുത്തമുണ്ട്. മഹാഭാരതത്തിൽ പരശുരാമനുമായി കാർത്തവീര്യാർജ്ജുനരാജാവു് യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ ക്ഷത്രിയന്മാർ കാർത്തവീര്യാർജ്ജുനനോടൊപ്പം നിന്നു. പക്ഷെ യുദ്ധത്തിൽ കാർത്തവീര്യാർജ്ജുനനൻ കൊല്ലപ്പെട്ടു. ഒരു കാരണവശാലും യുദ്ധത്തിൽ പിന്തിരിഞ്ഞ് ഓടാൻ പാടില്ലാത്ത ക്ഷത്രിയർ പിന്തിരിഞ്ഞ് മലകളിലേയ്ക്ക് ഓടിക്കയറി. ഇപ്രകാരം തങ്ങൾക്ക് അനുവദിയ്ക്കാത്ത കർമ്മം ചെയ്തതിനാൽ അവർ ശൂദ്രരിൽ ഏറ്റവും നിന്ദ്യരായി. ഇവരിൽ ഒരു വിഭാഗത്തെ ദ്രാവിഡർ എന്ന് വിളിയ്ക്കുന്നു. ഇത്രയുമാണ് മഹാഭാരതം നമ്മോട് പറയുന്നത്. പില്ക്കാലത്ത് ഈ ശൂദ്രസംസ്കാരവും ഇക്കൂട്ടരെ വിട്ടകന്ന്, ആദിവാസികൾക്ക് സമാനമായി പല ഗോത്രങ്ങളായി പിരിഞ്ഞിട്ടുണ്ടാവാം. പരശുരാമ ഐതിഹ്യ പ്രകാരം, വീണ്ടും പരശുരാമൻ ഇടപെട്ട് ബ്രാഹ്മണരിലൂടെ ഈ ജനതതിയെ സംസ്കരിയ്ക്കുകയും, അതിന്റെ ഫലമായുണ്ടായ ജനവിഭാഗമാണ് നായന്മാരെന്ന് അനുമാനങ്ങളിലൂടെ മനസ്സിലാക്കുകയും ചെയ്യാം.
ഇനി ഡോ. എം .ജി. എസ് നാരായണൻ പറയുന്നതിലേക്ക് കടക്കാം.
നായന്മാർ ആര് !!!!!???
കേരളത്തിലെ നായന്മാരുടെ ആദിമ ചരിത്രം, അഥവാ നായർ ജാതിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അവ്യക്തത ഇന്ന് നീങ്ങിയ മട്ടാണ്. ചരിത്രകാരനായ ഡോ എം.ജി. എസ് . നാരായണൻ DC- Books മുഖാന്തിരം October 2016ൽ പ്രസിദ്ധീകരിച്ച കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ എന്ന ഗ്രന്ഥത്തിലെ പേജ് 67-ൽ നായന്മാരുടെ മൂലത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിയ്ക്കുന്നുണ്ട്. അതിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഇപ്രകാരം രേഖപ്പെടുത്തിയിരിയ്ക്കുന്നു:-
“കേരളത്തിലെ നായന്മാർ ആദിവാസികളായിരുന്നു”.
കാടുപിടിച്ച സ്ഥലങ്ങൾ വെട്ടിവെളുപ്പിക്കുന്നതിന് ഇവിടത്തെ ആദിവാസികളെ (ബ്രാഹ്മണ-ക്ഷത്രിയർ) കൂട്ടുപിടിച്ചിട്ടുണ്ടാകാം. ആദിവാസികൾക്കിടയിൽ നിന്നായിരിക്കാം യോദ്ധാക്കളായ നായന്മാരെ ഉണ്ടാക്കിയിട്ടുണ്ടാവുക.
ഈഴത്തിൽ നിന്ന് വന്നവരാണ് ഈഴവർ. ഈഴം എന്നാൽ സിലോൺ.
തീയ്യർ എന്നത് ദ്വീപരാണ്. അതും സിലോണിൽ നിന്ന് വന്നവരായിരിക്കാം – ലക്ഷദ്വീപിൽ നിന്നുമാകാം.
ഈ രണ്ടു കൂട്ടരും (ഈഴവരും തീയരും) തമ്മിൽ വലിയ ബന്ധങ്ങൾ അടുത്തകാലം വരെയില്ല. ഈ അടുത്താണ് തീയ്യരും ഈഴവരും തമ്മിൽ വിവാഹബന്ധങ്ങൾ ഉണ്ടാകുന്നത്. ഇക്കൂട്ടർ പരദേശത്തുനിന്ന് വന്നവരായതുകൊണ്ട്, ചെത്തുകാരും, പടയാളികളും വൈദ്യന്മാരുമുണ്ടായിരുന്നു.
ശ്രീലങ്കയിൽ അശോകന്റെ കാലം മുതൽക്കേ ബുദ്ധന്മാർ ഉണ്ടായിരുന്നു. അവരാണ് ആയുർവേദം പ്രചരിപ്പിച്ചത്. ‘അഷ്ടാംഗഹൃദയം’ എന്ന ഗ്രന്ഥം രചിച്ചത്. അതുകൊണ്ട് തീയ്യരിൽ, ഈഴവരിൽ വൈദ്യന്മാരുണ്ടായി. അഷ്ടാംഗഹൃദയത്തിൽ ബുദ്ധനെയാണ് വന്ദനശ്ലോകത്തിൽ പരാമർശിക്കുന്നത്.
- കേരളത്തിലെ നായന്മാർക്ക് ഐക്യമില്ല.
- നായകനെന്ന സംസ്കൃത പദത്തിൽ നിന്നാണ് നായർ എന്ന പേരു ലഭിച്ചത്. സൈന്യത്തിലെ നായകനാണ് നായരായതും പിന്നീട് ഉപജാതിയായതും. വെളുത്തേടത്തു നായരും, ചക്കാലനായരും, വാണിയരുമെല്ലാം ഇന്നത്തെ കാലത്ത് നായരെന്നാണ് പൊതുവെ അറിയപ്പെടുന്നത്.
- നായന്മാരെല്ലാം ഇവിടത്തെ ആദിവാസിഗോത്രങ്ങളായ പണിയരും കുറിച്യരുമൊക്കെയാണ്. അവർ ബ്രാഹ്മണരുടെ പട്ടാളത്തിലെ നായകന്മാരായി. പിന്നീട് നായന്മാരായി. അതുകൊണ്ടാണ് വംശപരമായി ഐക്യപ്പെടാൻ അവർക്ക് കഴിയാതെ പോയത്.
- കുറെ നായന്മാർ ഗുപ്തന്മാരാണെന്നു പറയുന്നുണ്ട്.
- ചെർപ്പുളശ്ശേരി ഭാഗത്തുള്ള ചിലർ ഈയടുത്തുവരെ മൂത്താന്മാരായിരുന്നു. ബ്രാഹ്മണർക്ക് ശർമയും , ക്ഷത്രിയർക്ക് വർമയും, വൈശ്യന്മാർക്ക് ഗുപ്തയും എന്നാണ് ഉപയോഗിച്ചത് . ശൂദ്രർക്ക് ദാസൻ എന്നും.
- കുന്നുകളും പർവ്വതങ്ങളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളിലെ മിക്ക ജനവിഭാഗങ്ങൾക്കിടയിലും നിലനിന്നു പോന്നത് മരുമക്കത്തായമാണ് ; ഇന്ത്യയിലായാലും ആഫ്രിക്കൻ രാജ്യങ്ങളിലായാലും. അതേപോലെയാണ് കേരളത്തിലെ നായന്മാർക്കിടയിലും.
- എന്നാൽ ബ്രഹ്മണർ ആദ്യം മുതൽക്കുതന്നെ മക്കത്തായമാണ് സ്വീകരിച്ചുപോന്നത്. ഗ്രാമങ്ങൾ സ്ഥാപിച്ച ഇവർക്ക് പിന്നെ തെക്കോട്ടു പോകാൻ സ്ഥലമില്ലാതായി. കടലാണല്ലോ തെക്ക്.
- ജനസംഖ്യ കൂടിയതോടെയായിരിക്കണം ബ്രാഹ്മണരിലെ മൂത്തയാൾക്കുമാത്രം പിൻതുടർച്ചാവകാശം ലഭിച്ചത്. കേരളത്തിലെ ബ്രാഹ്മണർക്കല്ലാതെ മറ്റെവിടെയും ഇങ്ങനെയില്ല. മറ്റുള്ളവർക്ക് എല്ലാ മക്കളും ഒരുപോലെയാണ്.
- ബ്രാഹ്മണരിൽ ഇളയവർ ബ്രാഹ്മണേതര സമൂഹങ്ങളുമായി സംബന്ധത്തിലായി. അവർക്ക് (ബന്ധപ്പെട്ട സമൂഹങ്ങൾക്ക്) മരുമക്കത്തായമായതുകൊണ്ട് അച്ഛൻ വഴി സ്വത്തും വേണ്ട. അമ്മ വഴിക്ക് സ്വത്തുള്ളതുകൊണ്ട് സൌകര്യമായി.
- ബ്രാഹ്മണർക്ക് കൃഷിഭൂമിയുണ്ടെങ്കിലും അവർ അതിൽ അധ്വാനിക്കില്ല. അതിനാണവർ കാരാളരെ നിശ്ചയിച്ചത്. കാരാളരായ വീട്ടുകാർ നായന്മാരായിരുന്നു.
- ഊരാളർ ബ്രാഹ്മണർ, കാരാളർ നായന്മാർ
- ഊരാളർ സംയുക്തമായാണ് ദേവസ്വം സ്വത്ത് കൈകാര്യം ചെയ്തിരുന്നത്. അതിന്റെ പ്രതിഫലമാണ് ബ്രഹ്മസ്വമായുള്ള കുടുംബ ഭൂമികൾ.
വെള്ളാപ്പള്ളിയും സുകുമാരൻ നായരും വിജയിക്കാനിടയില്ല.
-ക്രിസ്ത്യാനികൾക്കും യഹൂദർക്കും മുസ്ലീംങ്ങൾക്കും ഭൂമിയും അനുബന്ധ സൌകര്യങ്ങളും ചെയ്തുകൊടുക്കുമ്പോൾ നാളെ ഇവർ അധികാരത്തിലെത്തുമെന്നോ ജനസംഖ്യ വർധിക്കുമെന്നോ നാട്ടുരാജാക്കന്മാർക്ക് അറിയില്ലായിരുന്നു. ജനാധിപത്യ വോട്ടവകാശം വന്നതോടെ ഇതര മതവിഭാഗങ്ങൾക്ക് ഒന്നിച്ചു നിൽക്കാൻ കഴിഞ്ഞു. എന്നാൽ ഹിന്ദുമതത്തിനങ്ങനെ കഴിയില്ല. അതിലെ അവന്തര വിഭാഗങ്ങൾ തമ്മിൽ യോജിപ്പേയില്ല. ഹിന്ദു മതം എന്നൊന്നില്ലാത്തതുകൊണ്ട് അതിലെ മുഴുവൻ ജാതികളും തമ്മിൽ തമ്മിൽ മത്സരമാണ്.
-മുസ്ലീം- ക്രിസ്ത്യൻ സമുദായങ്ങളിൽ യോജിപ്പുണ്ട്. അവ രാഷ്ട്രീയ ശക്തികളായി വളർന്നിട്ടുമുണ്ട്.
-വെള്ളാപ്പള്ളി ആർ.എസ്.എസ് പിന്തുണയോടെ അതിനാണ് ശ്രമിക്കുന്നത്. എന്നാൽ അതൊട്ടും എളുപ്പമല്ല.
-നമ്പൂതിരിയും നായരും തമ്മിലുള്ള വ്യത്യാസം ഇതുവരെ ഇല്ലാതായിട്ടില്ല. നമ്പൂതിരിക്ക് ക്ഷേത്രത്തിൽ പൂജയുണ്ട്. നായർക്കതില്ല.
– നായരും ഈഴവരും തമ്മിൽ യോജിക്കാനും പ്രയാസമാണ്. നായന്മാർക്ക് പ്രമാണിത്തബോധമുണ്ട്.
-ഈഴത്തിൽ നിന്നു വന്ന ഈഴവരായ ചോകോന്മാർക്കുമുണ്ട് അവരുടെ ബോധം.
-നായർക്ക് മരുമക്കത്തായമാണ്. ഈഴവർക്ക് മക്കത്തായവും.
-നായർ തദ്ദേശീയരായ ആദിവാസികളാണെങ്കിൽ ഈഴവർ പരദേശികളും. അതുകൊണ്ട് ഈ വിഭാഗങ്ങൾ തമ്മിലുള്ള പാരമ്പര്യബോധത്തിലെ അതിർത്തികൾ തന്നെ യോജിപ്പിന്റെ തലത്തിലല്ല, വിയോജിപ്പിന്റെ തലത്തിലാണ് നില്ക്കുന്നത്.
-മാത്രമല്ല, ബ്രാഹ്മണർക്ക് (നായർക്ക് ?) സവർണ പ്രമാണിത്താവകാശങ്ങൾ നിലവിലുള്ള കാലത്തോളം നായരും ഈഴവനും തമ്മിൽ അസൂയ ഉണ്ടാകും. അവർ യോജിക്കില്ല.
-മന്നവും ആർ.ശങ്കറും എല്ലാം ശ്രമിച്ച് പരാജയപ്പെട്ടിടത്ത് വെള്ളാപ്പള്ളിയും സുകുമാരൻ നായരും വിജയിക്കാൻ ഇടയില്ല.”