നായർ സമുദായ ഭൃത്യജനസംഘത്തിന്റെ ജനനത്തെക്കുറിച്ച്, കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റ് ചിന്തകനും, കേരളഗാന്ധി എന്ന് അറിയപ്പെടുന്ന കെ. കേളപ്പൻ നായർ എഴുതിയ ഒരു ലേഖനം, എൻ. എസ്. എസ് -ന്റെ ഔദ്യോഗിക ചരിത്ര ഗ്രന്ഥം ഒന്നാം വാല്യത്തിൽ ഉദ്ധരിയ്ക്കുന്നുണ്ട്. ആ ലേഖനത്തിലെ ഉള്ളടക്കമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം.
എൻ. എസ്. എസ് ചരിത്രം ഒന്നാം വാല്യത്തിനെക്കുറിച്ച് :-
നായർ സർവ്വീസ് സൊസൈറ്റിയുടെ കനകജൂബിലി 1964 ഡിസംബർ മാസത്തിൽ ആഘോഷിയ്ക്കുന്ന വേളയിൽ , സൊസൈറ്റിയുടെ ആധികാരികമായ ഒരു ചരിത്രം പ്രസിദ്ധീകരിയ്ക്കണമെന്ന് അഭിവന്ദ്യനായ സമുദായാചാര്യൻ ആഗ്രഹിച്ചു. ചരിത്ര രചനയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ മന്നത്തിന്റെ സാന്നിദ്ധ്യത്തിൽ കൂടിയ എൻ. എസ് . എസ് ഡയറക്ടർ ബോർഡ് കാലേകൂട്ടി ചെയ്തിരുന്നു. സുപ്രസിദ്ധ ചരിത്ര സാഹിത്യകാരനായ ശ്രീ. പി. കെ. പരമേശ്വരൻനായരെ ചരിത്രരചനയ്ക്കുവേണ്ടി ഡയറക്ടർബോർഡ് നിയമിയ്ക്കുക ഉണ്ടായി. അങ്ങിങ്ങായി കിടന്ന പല രേഖകളും റിക്കാർഡുകളും സംഭരിയ്ക്കുന്നതിനും, നായർ സമുദായത്തെ സംബന്ധിച്ചുള്ള പല ഗ്രന്ഥങ്ങളും തേടിയെടുക്കുന്നതിനും ഉണ്ടായ കാലതാമസവും, തന്റെ മുഴുവൻ സമയവും ഗ്രന്ഥരചനയ്ക്കുവേണ്ടി ഉപയോഗിയ്ക്കുവാൻ പ്രായേണ അനാരോഗ്യവാനായ ശ്രീ പി.കെ പരമേശ്വരൻ നായർക്ക് സാധിക്കാതെ വന്ന സാഹചര്യവും മൂലം , ചരിത്രഗ്രന്ഥത്തിന്റെ ഒന്നാം വാല്യം (First Vol.) തയ്യാറാക്കുന്നതിന് മാസങ്ങളല്ല, വർഷങ്ങൾ തന്നെ വേണ്ടി വന്നു. അതിനാൽ 1964-ലെ കനകജൂബിലിയ്ക്ക് (50-ാമത്തെ വർഷം) ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുവാൻ സാധിച്ചില്ല. 1970-ൽ ആചാര്യൻ ചരമമടഞ്ഞു. അതിനു ശേഷം 1972-ലാണ് ചരിത്ര ഗ്രന്ഥം പ്രസിദ്ധപ്പെടുത്താനായത്. എന്നിരുന്നാലും ഈ ഗ്രന്ഥത്തിന്റെ പ്രാരംഭ അദ്ധ്യായങ്ങൾ സമുദായാചാര്യൻതന്നെ വായിച്ച് ആവശ്യമായ ഭേദഗതി അപ്പോഴപ്പോൾ ചെയ്തിരുന്നു.
നായന്മാരുടെ ആദിമ-ചരിത്രം
1972-ൽ ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയപ്പോൾ, അവതാരികയിൽ, നായന്മാരുടെ ആദിമചരിത്രത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തിൽ പരാമർശിച്ചിട്ടുള്ള ചില ചരിത്രകാരന്മാരുടെ ഗവേഷണങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും, അന്നത്തെ NSS ജന.സെക്രട്ടറി ആയിരുന്ന എ.എൻ. ഗോപാലകൃഷ്ണപിള്ള സംശയവും അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. നായന്മാർ ആദ്യം മുതൽക്കേ ഇവിടെ നിവസിച്ചിരുന്ന വർഗ്ഗമാണോ, അതോ പിൽക്കാലങ്ങളിൽ അധിനിവേശം ചെയ്തവരാണോ എന്ന ചോദ്യത്തിന് ഇതുവരെ( ഈ ഗ്രന്ഥം പ്രിസിദ്ധപ്പെടുത്തുന്ന സമയത്ത് ) ഒരു തീർപ്പ് കല്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് ഈ ഗ്രന്ഥത്തിന്റെ പ്രഥമ ഖണ്ഡികയിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രാരംഭ അദ്ധ്യായത്തിൽ ഉള്ള ഈ ആദ്യ ഖണ്ഡിക വായിച്ച് ആചാര്യനും ഈ തീർപ്പില്ലായ്മയെക്കുറിച്ച് ബോദ്ധ്യപ്പെട്ടിട്ടുണ്ടായിരുന്നിരിയ്ക്കണം എന്ന് കരുതുന്നതിൽ തെറ്റില്ല. അതായ് ആചാര്യൻ ജീവിച്ചിരുന്ന കാലത്ത്, അന്ന് നിലവിലുണ്ടായിരുന്ന നായന്മാരുടെ ഉല്പത്തി സിദ്ധാന്തങ്ങളിൽ ഒന്ന് പോലും, തൃപ്തിയോടെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല എന്ന് സാരം. എന്നാൽ 2016-ൽ പ്രസിദ്ധ ചരിത്രകാരനായ ഡോ. എം. ജി. എസ് നാരായണൻ DC-Books മുഖാന്തിരം പ്രസിദ്ധപ്പെടുത്തിയ ‘കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകൾ’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ, നായന്മാർ കേരളത്തിലെ ആദിവാസികൾ ആയിരുന്നു എന്ന് അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെ ശ്രുതി-സ്മൃതി- ഇതിഹാസ പുരാണങ്ങളെയും, ആധുനിക നരവംശശാസ്ത്രത്തെയും അവലംബിച്ച് ചിന്തിച്ചാൽ ഡോ.നാരായണൻ മുന്നോട്ടുവയ്ക്കുന്ന വാദഗതികൾ മറ്റെല്ലാം വാദഗതികളേയും പിന്തള്ളുന്നതായി കാണാം.
1946-വരെ ഉള്ള ചരിത്രം
1972-ൽ ഈ ചരിത്ര ഗ്രന്ഥം പ്രകാശിതമായപ്പോൾ ഇതിന്റെ പേര് ‘നായർ സർവ്വീസ് സൊസൈറ്റി ചരിത്രം’ എന്നായിരുന്നു. 1946-വരെയുള്ള നായർ സർവ്വീസ് സൊസൈറ്റിയുടെ ചരിത്രം മാത്രമായിരുന്നു ഇതിന്റെ ഉള്ളടക്കം. പിന്നീട് 1994 ജനുവരിയിൽ , 1946 മുതൽ 1992 വരെയുള്ള സർവ്വീസ് സൊസൈറ്റിയുടെ ചരിത്രം ‘എൻ. എസ്. എസ് . ചരിത്രം രണ്ടാം വാല്യം’ എന്ന പേരിൽ പ്രസിദ്ധീകൃതമായപ്പോൾ, ശ്രീ പി.കെ. പരമേശ്വരൻ നായരാൽ രചിക്കപ്പെട്ട ‘നായർ സർവ്വീസ് സൊസൈറ്റി ചരിത്രം’ എന്ന ആദ്യ ഗ്രന്ഥത്തെ ‘എൻ.എസ്. എസ്സ് ചരിത്രം ഒന്നാം വാല്യം’ എന്ന് പുനർ-നാമകരണം ചെയ്തു.
നായർ – ക്രിസ്ത്യാനി സംഘർഷങ്ങൾ
പ്രസ്തുത ഗ്രന്ഥത്തിലും, മന്നം ആത്മകഥാംശമായി രചിച്ച ഗ്രന്ഥത്തിലും, പരിഷ്കൃത-കരയോഗ-ശൃംഖലയായി ഇന്ന് പടർന്ന് പന്തലിച്ചു കാണുന്ന NSSന്റെ ഉത്ഭവത്തിന് ഹേതുവായ പശ്ചാത്തല സംഭവവികാസങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. ഇരു വിവരണങ്ങളിലും സംഘടിത ക്രിസ്ത്യൻ സമുദായവുമായിട്ടുള്ള സംഘർഷമാണ് NSS-ന്റെ ജനനത്തിന് മുഖ്യ ഹേതുവായി ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക ചരിത്ര ഗ്രന്ഥത്തിൽ കെ.കേളപ്പൻ നായർ എഴുതിയ ഒരു ലേഖനത്തെ ഉദ്ധരിച്ചു് , അതിലൂടെയാണ് ഗ്രന്ഥകാരൻ നായർ-ക്രിസ്ത്യൻ സാമുദായിക മത്സരങ്ങളും സംഘർഷങ്ങളും, നായന്മാരെ ച്ഛിദ്രിപ്പിയ്ക്കുവാൻ ക്രിസ്ത്യാനികൾ മെനയുന്ന തന്ത്രങ്ങളുടേയും ചിത്രം വരച്ചുകാട്ടിയിരിയ്ക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ നായന്മാരും ക്രിസ്ത്യാനികളും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തെക്കുറിച്ചുള്ള ഒരു സാമാന്യ വിവരണം ഗ്രന്ഥകർത്താവ് ആദ്യം നല്കിയതിനു ശേഷം, കേളപ്പന്റെ വാക്കുകളിലൂടെ അത് കൂടുതൽ വിശദമാക്കുന്നു.
എൻ. എസ് .എസ് ഔദ്യോഗിക ചരിത്ര-ഗ്രന്ഥത്തിൽ നിന്ന് :-
ഗ്രന്ഥത്തിന്റെ 156 തൊട്ട് 159 പേജുകളിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിയ്ക്കുന്നത്. അത് ഇപ്രകാരമാണ് അവതരിപ്പിയ്ക്കുന്നത്
ആമുഖം :-
“…..പക്ഷേ ആ പരിവർത്തനം എപ്പോഴും പ്രശാന്തമായ രീതിയിലല്ല മുന്നോട്ടു പോയത്. ഒരു സമുദായത്തിന്റെ ജീർണ്ണതയിൽ നിന്ന് തഴച്ചു വളരുന്ന മറ്റൊരു സമുദായത്തെ തെല്ലൊരസൂയയോടുകൂടിയാവാം ആദ്യ സമുദായം വീക്ഷിക്കുന്നത്. ക്ഷയോന്മുഖമായ സമുദായം ഒരു പുനരുത്ഥാനത്തിനുളള ആരംഭമിടുന്നതിനെ ഉയരുന്ന സമുദായം മാത്സര്യബുദ്ധിയോടെ വീക്ഷിച്ചെന്നും വരാം. 1090-ആമാണ്ടിടക്ക് (1915) മദ്ധ്യതിരുവിതാംകൂറിലെ നായർ ക്രിസ്തീയ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ മാത്സര്യ പ്രവണതകൾക്ക് അത്യധികം പ്രസക്തിയുണ്ടായിരുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ ആവിർഭാവത്തിനിടയാക്കിയ ചരിത്ര പശ്ചാത്തലം വിവരിക്കുമ്പോൾ ഈ വസ്തുത വിസ്മരിക്കാവുന്നതല്ല. ചങ്ങനാശ്ശേരിയിലെ സാമുദായിക പരിശ്രമങ്ങൾ സംബന്ധിച്ചുണ്ടായ പല നീക്കങ്ങളിലും അത്ര അഗാധമെന്ന് പറയത്തക്കതല്ലെങ്കിലും ദൂരവ്യാപകമായ ഫലങ്ങളുളവാക്കിയ ചില മത്സരങ്ങൾ കാലേകൂട്ടിത്തന്നെ പ്രത്യക്ഷപ്പെടാതിരുന്നില്ല. 1089-ൽ (1914) ചങ്ങനാശ്ശേരി താലൂക്ക് നായർ സമാജത്തിന്റെയും , വിജയദശമി സമ്മേളനത്തിന്റെയും ആവിർഭാവം അപ്രകാരമുണ്ടായ ഒരു സംഘർഷത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന് മുൻപ് സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. നായർ സമുദായ ഭൃത്യജനസംഘത്തിന്റെ പൊടുന്നനവെ ഉണ്ടായ ഉദയത്തിനു പിന്നിലും ഏതാണ്ട് ഇതുപോലെയുള്ള ചില പ്രേരണകൾ ഇല്ലാതിരുന്നില്ല. മൌലികമായ പ്രചോദനങ്ങൾ വേറെയുണ്ടെങ്കിലും, സാഹചര്യങ്ങളുടെ ആഹ്വാനമാണ് മിക്കപ്പോഴും മഹാസംഭവങ്ങളുടെയും സ്ഥാപനങ്ങളുടെയും ആവിർഭാവനിമിത്തങ്ങളാകാറുള്ളതെന്നതിന് ഇതും ഒരു ദൃഷ്ടാന്തമാണ്. ആ പശ്ചാത്തലചിത്രം അതിന്റെയെല്ലാം ഒരു ദൃക് സാക്ഷിയെന്നു മാത്രമല്ല പുതിയ സംഘടനയുടെ പ്രിസിഡന്റ് കൂടെയായിരുന്ന കേളപ്പന്റെ വാക്കുകളിൽ ഇവിടെ പകർത്തുന്നത് നായർ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ഭവ ചരിത്രത്തിന്റെ പൂർണ്ണതയ്ക്ക് അനുപേക്ഷണീയമായി തോന്നുന്നു. കേളപ്പൻ ആ ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
( കെ.കേളപ്പന്റെ ലേഖന ഉദ്ധരണി ഇവിടെ തുടങ്ങുന്നു… )
“തിരുവിതാംകൂറിൽ കൃഷിയിലും വ്യാപാരത്തിലും , ബാങ്ക് വ്യവസായത്തിലും അദ്ധ്വാനശീലരായ കൃസ്ത്യാനികൾ വളർന്നു വന്നു. വലിയ പാരമ്പര്യവും അന്തസ്സും പാലിക്കാൻ കല്യാണങ്ങളും വിവാഹങ്ങളും മറ്റടിയന്തിരങ്ങളും ഉത്സവങ്ങളും തറവാടു മുതൽ വിറ്റും ആർഭാടപൂർവ്വം നടത്തുക എന്നത് നായർ തറവാടുകളുടെ ഒരു ശാപമായിരുന്നു. ഒന്ന് ചീഞ്ഞാണ് മറ്റൊന്നിന് വളമാകുന്നത്. ഒന്ന് പരമാവധി വളർച്ച എത്തി നശിക്കുന്നു. മറ്റൊന്ന് കിളിർത്തു വളരാൻ തുടങ്ങുന്നു. ഇങ്ങനെ കുറച്ചുകാലം തുടർന്നതിന്റെ ഫലമായി നായരുടെ സ്വത്ത് തിരുവിതാംകൂറിൽ കൃസ്ത്യാനികളുടെയും , മലബാറിൽ മുസൽമാന്മാരുടെയും കയ്യിലേക്ക് മാറി. അതോടുകൂടി നായന്മാരെ ആശ്രയിച്ചിരുന്ന പറയർ, പുലയർ ഉൾപ്പെടെയുള്ള അവർണ്ണ സമുദായം സ്വത്തും പണവും പോയവഴിക്കു തന്നെ പോയി. വലിയ നായർകുടുംബങ്ങളുടെ കാര്യസ്ഥന്മാർ കൃസ്ത്യാനികളും മുസൽമാന്മാരും ആയിരുന്നു. മലബാറിൽ നമ്പൂതിരിമാർക്കും നായന്മാർക്കും മാത്രമേ മലവാരങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവയുടെ ഉടമസ്ഥന്മാർ ആരെന്നും പഴയ (ഇപ്പോഴുള്ള) പ്രമാണിമാരിലേയ്ക്ക് ഇവയെങ്ങനെ എപ്പോൾ വന്നുചേർന്നുവെന്നും അന്വേഷിക്കുന്നവർക്ക് മുൻപറഞ്ഞ പരിവർത്തനത്തിന്റെ ചരിത്രം മനസ്സിലാകും……………..
ചങ്ങനാശ്ശേരി താലൂക്കിൽ മുട്ടാർകരയിൽ സാമാന്യം സ്വത്തുള്ള ഒരു കുടുംബമാണ് പനങ്ങോട്ടു പണിക്കർമാരുടേത്. ആ കുടുംബത്തിൽ പരമേശ്വരപ്പണിക്കരെന്ന് ഒരു മാതുലനും (അമ്മാവൻ) കേശവപ്പണിക്കരെന്ന് ഒരു അനന്തിരവനും ഉണ്ടായിരുന്നു. ഈ രണ്ടുപേരുടെയും കാര്യസ്ഥന്മാർ ആ പ്രദേശത്തെ രണ്ടു കൃസ്ത്യാനികളായിരുന്നു. ഈ മാതുലഭാഗിനേയർ തമ്മിലുണ്ടായ മത്സരത്തിനും കാരണക്കാർ അവർതന്നെയായിരുന്നു. ഭിന്നിപ്പിച്ച് കാര്യം നേടുകയെന്നത് അധികകാലത്തെ പരീക്ഷണം കൊണ്ട് തെളിഞ്ഞ നയമാണല്ലോ. ഇവർ തമ്മിൽ ക്രിമിനൽ – സിവിൽ കേസ്സുകൾ നടന്നിട്ടുണ്ട്. വളരെയധികം പണം ഇവർ അന്യോന്യം വ്യവഹരിച്ച് നഷ്ടപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെടുത്തുക എന്നു പറഞ്ഞാൽ കാര്യസ്ഥന്മാരും വക്കീലന്മാരും ഉൾപ്പെടുന്ന അന്യരുടെ കയ്യിലേയ്ക്ക് പകരുകയെന്നാണർത്ഥം. ഈ മത്സരത്തിന്റെ ഫലമായി ഇവർ കടക്കാരായി കുറെ സ്വത്തു വിറ്റു. കുറെ പണയത്തിലായി.
അങ്ങിനെ ഇരിക്കെ പരമേശ്വരപ്പണിക്കർ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് ചങ്ങനാശ്ശേരിതാലൂക്കിലെ ഒരു നിയോജകമണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചു. എതിർസ്ഥാനാർത്ഥി ഒരു കൃസ്ത്യാനിയായിരുന്നു. തന്റെ അനന്തിരവൻ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സ്വന്തം കയ്യിൽ നിന്ന് പണം ചെലവാക്കി ശ്രമിക്കുന്നുണ്ടെന്ന് പരമേശ്വരപ്പണിക്കരെ അദ്ദേഹത്തിന്റെ കാര്യസ്ഥൻ ധരിപ്പിച്ചു. അവർ തമ്മിലുള്ള മത്സരത്തിനുള്ള വാശി കൂടി. തെരെഞ്ഞെടുപ്പു കഴിഞ്ഞു. വോട്ടെണ്ണൽ ചങ്ങനാശ്ശേരി താലൂക്ക് കച്ചേരിയിൽവച്ചാണ് നടന്നത്. പരമേശ്വരപ്പണിക്കർ ജയിച്ചു. ജയിച്ച സന്തോഷത്തിൽ പരമേശ്വരപ്പണിക്കരും പണിക്കർക്കുവേണ്ടി ശ്രമിച്ച സ്നേഹിതന്മാരും അനന്തിരവൻ കേശവപ്പണിക്കരും മന്നത്തു പത്മനാഭപിള്ളയും പെരുന്നയിലുള്ള മന്നത്തു വീട്ടിലേയ്ക്ക് പോകുമ്പോൾ യാദൃച്ഛികമായി വഴിക്കുവെച്ച് കണ്ടു. അന്ന് സെന്റ് ബർക്ക്മാൻസ് ഹൈസ്ക്കൂളിൽ ഒരദ്ധ്യാപകനായിരുന്ന ഞാൻ വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു. തെരഞ്ഞെടുപ്പിനെപ്പറ്റി ഒന്നും ഞാനറിഞ്ഞിരുന്നില്ല. ‘സാറു കൂടി വരണം’- ( അവിടെ അദ്ധ്യാപകന്മാരെല്ലാം സാറാണ് ) – എന്ന് പത്മനാഭപിള്ള എന്നെ ക്ഷണിച്ചു. വേറെ പ്രത്യേക ജോലിയൊന്നുമില്ലാതിരുന്ന ഞാൻ , അവരുടെ ഒപ്പം പോയി. അതിലെ പ്രധാനികളെ ആരെയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. മന്നം അവരെ എല്ലാം മനഃപൂർവ്വം വീട്ടിലേയ്ക്ക് ക്ഷണിച്ചതായിരുന്നുവെന്ന് അനന്തരസംഭവങ്ങളിൽ നിന്ന് എനിയ്ക്കു മനസ്സിലായി.
അന്യോന്യം മത്സരിച്ചും , കേസ്സുനടത്തിയും നശിക്കുന്ന ആ മാതുല ഭാഗിനേയരെ യോജിപ്പിക്കാനായിരുന്നു അവരെയെല്ലാം മന്നം ക്ഷണിച്ചത്. പരമേശ്വരപ്പണിക്കരെക്കാൾ സ്വാധീനശക്തി കേശവപ്പണിക്കർക്കാണുണ്ടായിരുന്നത്. കേശവപ്പണിക്കർ അമ്മാവനെതിരായി ശ്രമിച്ചിരുന്നെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ ജയിക്കുകയില്ലെന്ന് ആരെക്കാളും നന്നായി പരമേശ്വരപ്പണിക്കർക്കറിയാമായിരുന്നു. രണ്ടുപേരും നടന്ന മത്സരങ്ങളും കേസ്സുകളും, ധനനഷ്ടവും, തെറ്റിദ്ധാരണകളും എല്ലാം മന്നം എല്ലാവരുടെയും അറിവിനായി ഒരു വിദഗ്ദ്ധനായ വക്കീലിന്റെ സാമർത്ഥ്യത്തോടെ വിവരിച്ചു. അന്തേവാസികളുടെ വഞ്ചന നിറഞ്ഞ കെട്ടുകഥകളുടെ ഫലമാണ് മത്സരമെന്ന് അവിടെ കൂടിയിരുന്നവരെ അദ്ദേഹം ധരിപ്പിച്ചു. അനന്തിരവൻ എതിർസ്ഥാനാർത്ഥിക്കുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നുവോ എന്ന് മന്നം പരമേശ്വരപ്പണിക്കരോട് ചോദിച്ചു. ജയിക്കുമായിരുന്നില്ലെന്ന് ഗദ് ഗദസ്വരത്തിൽ പറയുവാൻ ശുദ്ധഹൃദയനായ പരമേശ്വരപ്പണിക്കർക്ക് വിഷമമുണ്ടായില്ല.
‘ഈ സന്ദർഭം സഹായിച്ചു’
അവർ മത്സരങ്ങളും കേസ്സുകളും അവസാനിപ്പിക്കണമെന്നും മിക്കവാറും നശിച്ചു കഴിഞ്ഞ നായർ സമുദായത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ യത്നിക്കേണ്ടത് സമുദായസ്നേഹമുള്ള എല്ലാവരുടേയും കർത്തവ്യമാണെന്നും അവിടെ കൂടിയിരുന്നവരെ വിശ്വസിപ്പിക്കുവാൻ മന്നത്തു പത്മനാഭപിള്ളയെ സന്ദർഭവും സഹായിച്ചു. പരമേശ്വരപ്പണിക്കർ കണ്ണീർ പൊഴിച്ചുകൊണ്ട് അനന്തിരവനെ പിടിച്ച് മാറോടണച്ചു. കാണികളെയെല്ലാം ആനന്ദിപ്പിച്ച ഒരു സംഭവമായിരുന്നു അത്.
ആ അവസരം പൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ മന്നം മുൻകൂട്ടി തീരുമാനിച്ചിരുന്നിരിയ്ക്കണം.
ഒരു നിലവിളക്ക് കത്തിച്ചുവെച്ച് സമുദായത്തിന്റെ ഉൽക്കർഷത്തിനുവേണ്ടി യത്നിക്കുമെന്ന് എല്ലാവരെക്കൊണ്ടും അദ്ദേഹം പ്രതിജ്ഞ ചെയ്യിപ്പിച്ചു.
നായർ സമുദായത്തിന്റെ പരിചരണത്തിനുവേണ്ടി അവിടെ കൂടിയിരുന്ന എട്ടൊൻപതുപേർ ഉൾപ്പെടുന്ന ഒരു പദ്ധതി രൂപികരിക്കപ്പെട്ടു. അതിന്റെ അദ്ധ്യക്ഷനായിരിക്കുവാൻ എന്നെ നിർബന്ധിച്ചു. അന്നത്തെ യോഗത്തിലെന്നപോലെ ആ ദിക്കിലും ഞാൻ യാദൃച്ഛികമായി വന്നതാണെന്നും മറ്റും പറഞ്ഞുനോക്കിയെങ്കിലും അവരുടെ നിർബ്ബന്ധപ്രകാരം ഞാൻ പ്രസിഡന്റ് സ്ഥാനം സ്വീകരിച്ചു.
ഏതൊരു സാമൂഹ്യഘടനയുടെയും ആവിർഭാവചരിത്രത്തിന് പിന്നിൽ കാണാവുന്ന മേല്പറഞ്ഞ തരത്തിലുള്ള പ്രേരണാശക്തികൾക്ക് പിന്നീടുള്ള അതിന്റെ ചരിത്രത്തിൽ വലിയ പ്രാബല്യം കണ്ടെന്നുവരികയില്ലെങ്കിലും വസ്തുതകളുടെ പൂർണ്ണതയ്ക്ക് അവയുടെ പ്രത്യക്ഷാവലോകനം കൂടി ആവശ്യമാകയാൽ കേളപ്പന്റെ ഈ അനുസ്മരണകൾ ഇവിടെ ചേർത്തത് അസ്ഥാനത്തിലാകുകയില്ലല്ലോ.
(റഫറൻസ് : എൻ. എസ്. എസ്. ചരിത്രം , ഒന്നാം വാള്യം – എഴുതിയത് പി.കെ.പരമേശ്വരൻ നായർ, നായർ സർവ്വീസ് സൊസൈറ്റി പ്രസിദ്ധീകരണം, – പേജുകൾ 156, 157, 158, 159)