ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂറിൽ, ക്രിസ്ത്യൻ മതപരിവർത്തം വിജയിയ്ക്കുവാനുള്ള പ്രഥമ കാരണത്തെക്കുറിച്ച് ഫ്രഞ്ച് കത്തോലിക്കാ ക്രിസ്ത്യൻ ജസ്യൂട്ട് പാതിരി അബേ ഡുബോയി, മുംബൈയിലുള്ള മറ്റൊരു പാതിരിയ്ക്ക് 1815 ഡിസംബറിൽ അയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട്. അബേ ഡുബോയിയുടെ ഒരു പറ്റം കത്തുകൾ ‘Letters on the State of Christianity in India’ എന്ന പേരിൽ പുസ്തകരൂപത്തിൽ 1823-ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് ഈ കത്തും ഉള്ളത്.
Note : ഫ്രഞ്ച് കത്തോലിക്കാ ജസ്യൂട്ട് പാതിരി അബേ ഡുബോയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വെബ് സൈറ്റിൽ മറ്റു ലേഖനങ്ങളിൽ നല്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ലേഖനത്തിലേയ്ക്ക് പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തെക്കെ ഇന്ത്യയിലെ കത്തോലിക്കാ ക്രിസ്ത്യൻ ജനസംഖ്യ – പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ
പാതിരി അബേ ഡുബോയി, പോപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ റോമൻ കത്തോലിക്കാ സഭയെക്കുറിച്ചും, സഭയുടെ സംഘാടന വ്യവസ്ഥയെക്കുറിച്ചും തന്റെ കത്തുകളിൽ ഒന്നിൽ (Letter II, page 51) പരാമർശിയ്ക്കുന്നുണ്ട്. ഇന്ത്യയിലേയ്ക്ക് മൂന്ന് ഇടവകാധികാരികളെ (apostolic vicars) പോപ്പ് നിയമിച്ചിരുന്നു. ഇപ്രകാരം ബോംബെ, കൊച്ചിയ്ക്കടുത്തുള്ള വാരാപ്പുഴ, പോണ്ടിച്ചേരി എന്നീ മൂന്ന് ഇടവകകൾ ഉണ്ടായിരുന്നു. ഇവയിൽ ബോംബേ ഇടവകയും, പോണ്ടിച്ചേരി ഇടവകയും വിസ്തൃതമായ ഭൂഭാഗങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. ബോംബെ ഇടവകയിൽ ഏകദേശം 12,000 കത്തോലിക്കാ ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ !!!! ഇതിൽ ഭൂരിഭാഗവും സങ്കര-ജാതിക്കാരായ (half-caste) ക്രിസ്ത്യാനികളായിരുന്നു. സങ്കര-ജാതി ക്രിസ്ത്യാനികളെ അബേ അവജ്ഞയോടെയാണ് കണ്ടിരുന്നത്. മൈസൂരും ആന്ധ്രയുടെ ഭാഗങ്ങളും തമിഴ്നാടിന്റെ വടക്കൻ ഭാഗങ്ങളും (carnatic) പോണ്ടിച്ചേരി ഇടവകയുടെ കീഴിലായിരുന്നു. പോണ്ടിച്ചേരി ഇടവകയുടെ കീഴിലുണ്ടായിരുന്നത് 35,000 കത്തോലിക്കാ ക്രിസ്ത്യാനികൾ മാത്രമായിരുന്നു !!!! കൊച്ചിയ്ക്കടുത്തുള്ള വാരാപ്പുഴ ഇടവകയുടെ പരിധിയിൽപ്പെട്ട മുഖ്യമായ പ്രദേശം തിരുവിതാംകൂറായിരുന്നു. വാരാപ്പുഴ ഇടകവയുടെ കീഴിൽ 1,20,000 തദ്ദേശ്ശീയരായ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. ബോംബെയിലെയും വാരാപ്പുഴയിലെയും ഇടവകയുടെ ചുമതല ഇറ്റാലിയൻ കാർമലൈറ്റ് മിഷനറിമാർക്കായിരുന്നു.
വിസ്തൃതമായ ബോംബെ പ്രസിഡൻസിയിൽ ഉള്ള റോമൻ കത്തോലിക്കാ സഭയുടെ ബോംബെ ഇടവകയിലും, അതേപോലെ തന്നെ വിശാലമായ ഭൂപ്രദേശം ഉള്ള പോണ്ടിച്ചേരി ഇടവകയിലും കൂടി ആകെ 12,000 + 35,000 = 47,000 ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ !!!! എന്നാൽ ഈ രണ്ട് ഇടവകകളും ചേർത്ത് താരതമ്യം ചെയ്താൽ, ഒരു ചെറിയ ഭൂപ്രദേശമായ തിരുവിതാംകൂറിലെ റോമൻ കത്തോലിക്കാ ഇടവകയായ വരാപ്പുഴയുടെ കീഴിൽ, 1,20,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു !!! പാതിരി നല്കിയ ഈ കണക്കുകളെക്കുറിച്ച് നേരിട്ട് അറിയുവാൻ താഴെ നല്കിയിരിയ്ക്കുന്ന പേജ് 56-ന്റെ സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. തിരുവിതാംകൂറിലെ ഈ കൊയ്ത്തിന്, അതായത് ക്രിസ്ത്യൻ മതപരിവർത്തന വിജയത്തിന്റെ കാരണവും പാതിരി വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം 57-ഴാമത്തെ പേജിൽ കാണാം.
തിരുവിതാംകൂറിലെ ക്രിസ്ത്യൻ മതപരിവർത്തന വിജയത്തിന് കാരണക്കാർ നായന്മാർ !!!!
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്, തിരുവിതാംകൂറിൽ കത്തോലിയ്ക്കാ സഭയ്ക്ക് മതപരിവർത്തന ശ്രമങ്ങളിൽ അസാധരണമായ വിജയം കൈവരിയ്ക്കാനായി എന്നാണ് പാതിരി അബേ ഡുബോയി രേഖപ്പെടുത്തിയത്. ഈ വിജയത്തിലേയ്ക്ക് നയിച്ച പ്രഥമ കാരണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിയ്ക്കുന്നത് ഇപ്രകാരമാണ് :- “തിരുവിതാംകൂർ രാജ്യത്ത് അധിവസിച്ചിരുന്നരിൽ കൂടുതലും നായർ സമുദായത്തിൽ പെട്ടവരായിരുന്നു. ഹിന്ദുവിഭാഗങ്ങളിൽ വച്ച് ആചാരങ്ങളിലും ഗാർഹിക നിയമങ്ങളിലും, ചിട്ടകളിലും കടുത്ത നിഷ്ക്കർഷത പുലർത്തുന്ന ഒരു വിഭാഗമായിരുന്നു നായർ സമുദായം. സാമുദായിക ആചാരങ്ങളുടെയോ, ഗാർഹിക നിയന്ത്രണങ്ങളുടെയോ, ചിട്ടകളുടെയോ നിസ്സാരമായ ലംഘനങ്ങൾ പോലും പൊറുക്കപ്പെടുമായിരുന്നില്ല. ഇവയിൽ ഏതിന്റെയെങ്കിലും നിസ്സാരമായ ലംഘനങ്ങൾക്കു പോലും അംഗങ്ങൾ ജാതി ഭ്രഷ്ടിന് വിധേയരായിത്തീർന്നു. ജാതിഭ്രഷ്ടിലൂടെ തരംതാഴ്ത്തപ്പെട്ടവരുമായി സഹകരിയ്ക്കുവാനോ സഹവസിയ്ക്കുവാനോ മറ്റ് നായർ സമുദായാംഗങ്ങൾ തയ്യാറായിരുന്നില്ല. ഇപ്രകാരം പതിതരായി സ്വ-സമുദായാത്തിന്റെ ആലംബവും, മറ്റ് ഹിന്ദുസമുദായാംഗങ്ങളുടെ സഹകരണവും നഷ്ടപ്പെട്ടവർ, ഗത്യന്തരമില്ലാതെ പുതിയ ബന്ധങ്ങൾ സ്ഥാപിക്കൻ നിർബന്ധിതരായിത്തീർന്നു. ക്രിസ്തുമതത്തിലേയ്ക്കോ മുഹമ്മദ്ദീയ മതത്തിലേയ്ക്കോ മാർഗ്ഗം കൂടുകയല്ലാതെ മറ്റ് പോംവഴികൾ ഭ്രഷ്ടരാക്കപ്പെട്ടവർക്ക് മുന്നിൽ ഇല്ലായിരുന്നു. മതപരമായ നിയന്ത്രണങ്ങൾ അധികമായി ഉണ്ടായിരുന്ന ക്രിസ്തുമതത്തെ അപേക്ഷിച്ച്, താരതമ്യേന നിയന്ത്രണങ്ങൾ കുറവായ, ലൗകികമായ പ്രയോജനങ്ങൾ കൂടുതലായി നല്കിയിരുന്ന മുഹമ്മദ്ദീയ മതത്തിലേയ്ക്കാണ് കൂടുതൽ പേരും ചേർന്നത്.” (താഴെ നല്കിയിരിയ്ക്കുന്ന പേജ് 57-ന്റെ സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
ജാതിഭ്രഷ്ടിനാൽ മതപരിവർത്തനത്തിന് നിർബന്ധിതരാകുന്നവരിൽ കൂടുതലും നായർ സമുദായാംഗങ്ങൾ ആയിരുന്നെന്നും, ഇവരെയും കൂടി ചേർത്ത് വർഷാവർഷം ഏകദേശം മൂന്നൂറിനും നാനൂറിനും ഇടയ്ക്കുള്ള വിഗ്രഹആരാധകരെ (അന്യമതക്കാരെ) മാമോദീസ (ജ്ഞാനസ്നാനം) ചെയ്ത് റോമൻ കത്തോലിക്കാ സഭയിലേയ്ക്ക് ചേർത്തിരുന്നെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. (page 56). ഈ വിവരങ്ങൾ എല്ലാം ആധികാരികമായ ശ്രോതസ്സിൽ നിന്നാണെന്നും പാതിരി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആധികാരികമായ ശ്രോതസ്സ് സഭാ വൃത്തങ്ങൾ ആയിരിയ്ക്കും. മതപരിവർത്തനത്തിന് വേണ്ടിയിരുന്ന പണം വേണ്ടുവോളം മിഷനറിമാരുടെ പക്കൽ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ വിഗ്രഹാരാധകരെ മതം മാറ്റുവാൻ സാധിച്ചേനം എന്നും ഇതേ വൃത്തങ്ങൾ അബേ ഡുബോയിയോട് പറഞ്ഞിരുന്നു. കത്തോലിക്കാ സഭയുടെ മതപരിവർത്തന ശ്രമങ്ങൾ വിജയിച്ചതിൽ പണവും ഒരു നിർണ്ണായക പങ്ക് വഹിച്ചിരുന്നു എന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
രക്തസാക്ഷി ദേവസഹായം പിള്ള
കത്തോലിക്കർ വിശുദ്ധനായി വാഴ്ത്തുന്ന ദേവസഹായം പിളള, മുകളിൽ പാതിരി അബേ ഡുബോയി വിവരിച്ചതുപോലെ, നായർ സമുദായത്തിൽ നിന്നും ഭ്രഷ്ടനാക്കപ്പെട്ട വ്യക്തിയാണെന്ന് കാണാം. ഫ്രഞ്ച് കത്തോലിക്കാ ജസ്യൂട്ട് പാതിരിയായ അബേ ഡുബോയി തന്റെ രചനകളിൽ ഒന്നിൽപ്പോലും ദേവസഹായം പിള്ളയെക്കുറിച്ച് പരാമർശിച്ചിട്ടേയില്ല. അതിനാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയായിരിയ്ക്കണം നായർ സമുദായത്തിൽ നിന്നും ഭ്രഷ്ടനാക്കപ്പെട്ട്, കത്തോലിക്കാ സഭാ വിശ്വാസിയായിത്തീർന്ന ദേവസഹായം പിള്ളയെ ചുറ്റിപ്പറ്റിയുള്ള കള്ളക്കഥ സഭ മെനഞ്ഞെടുത്തത്.
നായന്മാരുടെ ആചാരസംരക്ഷണം
മാമൂലുകൾക്ക് അമിത പ്രാധാന്യം നല്കി അതിൽ തട്ടിയാണ് ക്രമേണ നായർ സമുദായം പതിച്ചതെന്ന സൂചനയാണ് പാതിരിയുടെ കത്തുകൾ നല്കുന്നത്. ആചാരസംരക്ഷണത്തിന് നായർ സമുദായം അമിത പ്രാധാന്യം നല്കിയത് സമുദായത്തിന് വിനയായി ഭവിച്ചു. മാമൂലുകളിൽ കുരുങ്ങി സമുദായാംഗങ്ങളുടെ ബുദ്ധി കെട്ടുപോയത് നിമിത്തമായി സ്വജനദ്രോഹത്തിലേയ്ക്ക് സമുദായം തെന്നിവീണു. ആചാരങ്ങൾ കാല-ദേശാനുസൃതമാണെന്ന യാഥാർത്ഥ്യം നായർ സമുദായം ഇനിയും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. കാലവും-ദേശവും മാറുന്നതിന് അനുസരണമായി ആചാരങ്ങളും മാറും. കാലം മാറിയത് മനസ്സിലാക്കി, ഇരുപതാം നൂറ്റാണ്ടിലെ നായർ സമുദായം, തങ്ങളുടെ പൂർവ്വികർ പിന്തുടർന്നിരുന്ന മരുമക്കത്തായം എന്ന സമ്പ്രദായവും (custom), ബ്രാഹ്മണ(നമ്പൂതിരി) സംബന്ധവും ഉപേക്ഷിച്ചു, അഥവാ ഉപേക്ഷിയ്ക്കേണ്ടി വന്നു. ഇപ്രകാരം കാലത്തിനൊപ്പം ചിന്തിയ്ക്കുവാനും, ചരിയ്ക്കുവാനും നായർ സമുദായത്തിനായാൽ മാത്രമെ കെട്ടുറപ്പോടെയും ഐക്യത്തോടെയുമുള്ള നിലനില്പ് സാദ്ധ്യമാകുകയുള്ളൂ .
നായന്മാരുടെ ജാതി ബോധവും, ജാതി ചിന്തയും, ഐക്യവും
മാമൂലുകളെ മുറുകെപ്പിടിച്ച്, സ്വന്തം സമുദായാംഗങ്ങളെ സമുദായത്തിൽ നിന്ന് പുറം തള്ളിയ നായർ സമുദായം, കാലം മാറിയെങ്കിലും ഇന്നും തങ്ങളുടെ ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ ഉണ്ടായിരുന്ന വിവിധ ആദിവാസി / വനവാസി ഗ്രോത്ര വർഗ്ഗങ്ങളിൽ നിന്നാണ് ബ്രാഹ്മണരുമായുള്ള സമ്പർക്കം മൂലം സംസ്കരിയ്ക്കപ്പെട്ട് നായർ സമുദായം എന്ന വിഭാഗം ഉണ്ടായത്. പക്ഷെ ഇന്നും ഈ ഗോത്ര സ്വഭാവം നായർ സമുദായാംഗങ്ങളിൽ നിന്നും വിട്ടുപോയിട്ടില്ലാത്തതിനാൽ നായർ ഐക്യം എന്നത് ഒരു മരീചികയായി തുടരുന്നു. നായർ സമുദായാംഗങ്ങൾ, തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമായ ജാതി എന്ന യാഥാർത്ഥ്യത്തെ(സ്ഥാപനത്തെ) പാടെ വിസ്മരിച്ചുകൊണ്ട്, തങ്ങളുടെ ജാതിസത്വത്തെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിയ്ക്കാതെ, ജാതിയെയും, ഇതിലൂടെ സ്വ-സമുദായത്തെയും തള്ളിപ്പറയുന്നതായാണ് കണ്ടുവരുന്നത്. നായന്മാരിലെ പ്രമുഖരും പ്രശസ്തരുമായ ചില വ്യക്തിത്വങ്ങളുടെ വാക്കുകളെയും ചെയ്തികളെയും നിലപാടുകളെയും വിശകലനം ചെയ്താൽ ഇത് വ്യക്തമാകും. ഉദാ. അന്തരിച്ച, കൊട്ടാരക്കരയിൽനിന്നുള്ള ശ്രീ ബാലകൃഷ്ണൻ നായരും, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ വച്ചുതന്നെ പരസ്യമായി യേശുവിന് സാക്ഷ്യം പറഞ്ഞ അദ്ദേഹത്തിന്റെ മകനായ ശ്രീ കെ.ബി.ഗണേഷ് കുമാറും, അനാവശ്യമായും വസ്തുതാവിരുദ്ധമായും നായർ സ്ത്രികളെ തന്റെ ഇതിഹാസ നോവലിൽ പരാമർശിച്ച ശ്രീ ശശിതരൂരും, ടിപ്പുവിന്റെ മലബാർ അധിനിവേശത്തെയും അന്നത്തെ നായർ സമുദായം അനുഭവിച്ച മതപരമായ പീഢനങ്ങളെയും വിസ്മരിച്ചുകൊണ്ട് ‘നാലുകെട്ട്’ പോലുള്ള നോവലുകൾ രചിച്ച ശ്രീ എം.ടി വാസുദേവൻനായരും, ‘സൂഫി പറഞ്ഞ കഥ’ രചിച്ച ശ്രീ കെ.പി രാമനുണ്ണിയും, മുസ്ലീം പ്രീണകരായ കോൺഗ്രസ്സ് പാർട്ടിയോടൊപ്പം നില്ക്കുന്ന നായർ സമുദായത്തിൽ നിന്നുള്ള കോൺഗ്രസ്സ് നേതാക്കളും, ഇതേപോലെ ജാതി ഉന്മൂലനത്തിനായി പ്രവർത്തിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നായർ നേതാക്കളും, ഇങ്ങിനെ ഈ നിര നീണ്ടുപോകുന്നതായി കാണാം. നായർ സമുദായത്തിനുവേണ്ടി ചിന്തിയ്ക്കാനും എഴുതാനും സംസാരിയ്ക്കുവാനും കർമ്മനിരതരാകുവാനും intellectuals ഇല്ലെന്നതും, സമുദായത്തിനു വേണ്ടി സംസാരിയ്ക്കുന്ന ബുദ്ധിജീവികളെ വാർത്തെടുത്ത് പ്രോത്സാഹിപ്പിയ്ക്കാൻ ഇതുവരെയും സമുദായ സംഘടനകൾക്ക് കഴിയാത്തതും നായർ സമുദായത്തിന്റെ ദീർഘദർശിത്വമില്ലായ്മ വിളിച്ചോതുന്നു. സമുദായാംഗങ്ങൾ ഈ വിഷയത്തെക്കുറിച്ചുള്ള ചിന്തകളിൽ ഏർപ്പെട്ട് പരിഹാരകർമ്മങ്ങൾക്ക് ഉത്സാഹിയ്ക്കുമെന്ന് കരുതി തല്ക്കാലം ചുരുക്കുന്നു.
St. Thomas കേരളത്തിൽ വന്നിട്ടില്ല – പാതിരി അബേ ഡുബോയി
സെന്റ് തോമസ് കേരളത്തിൽ വന്നിരുന്നു എന്നത് തിരുവിതാംകൂറിലെ സെന്റ്തോമസ് ക്രിസ്ത്യാനികളുടെ വെറും വീമ്പിളക്കൽ മാത്രമാണെന്നാണ് ഫ്രഞ്ച് കത്തോലിക്കാ ജസ്യൂട്ട് പാതിരി അബേ ഡുബോയുടെ നിർണ്ണയം. മുകളിൽ നല്കിയിരിയ്ക്കുന്ന പേജ് 57-ലെ രണ്ടാമത്തെ ഖണ്ഡിക ശ്രദ്ധിയ്ക്കുക. സെന്റ് തോമസ് കേരളത്തിൽ വന്നിരുന്നു എന്നത് വെറും വ്യാജ പ്രചാരണമാണെന്നാണ് അബേയുടെ വാക്കുകളിൽ തെളിയുന്നത്. (Note :The Saint Thomas Christians, also called Syrian Christians of India, Marthoma Suriyani Nasrani, Malankara Nasrani, or Nasrani Mappila, are an ethno-religious community of Indian Christians in the state of Kerala.)
നായന്മാർ നസ്രാണികളെ അകറ്റി നിർത്തിയിരുന്നു.
സെന്റ് തോമസ് അഥവാ സിറിയൻ ക്രിസ്ത്യാനികളെ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത്. ഇവരുടെ പൂർവ്വികർ പേർഷ്യയിൽ ജീവിച്ചിരുന്ന Nestorians ആയിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ പീഢനങ്ങളിൽ നിന്നും രക്ഷതേടി പേർഷ്യയിൽ നിന്നും പാലായനം ചെയ്തു, തിരുവിതാംകൂറിൽ അഭയം തേടിയ നെസ്റ്റോറിയക്കാരുടെ പിൻഗാമികളണ് ഇന്ന് കേരളത്തിലുള്ള സിറിയൻ ക്രിസ്ത്യാനികൾ. അവരുടെ പ്രാർത്ഥനാക്രമത്തിലും കുർബാനയിലും ഉപയോഗിയ്ക്കുന്നത് സിറിയൻ ഭാഷയാണ്. സിറയൻ ഭാഷയെ മൃത ഭാഷയെന്നാണ് പാതിരി അബേ ഡുബോയി വിശേഷിപ്പിച്ചിരിയ്ക്കുന്നത്. വിഗ്രാഹാരാധകരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് നായന്മാർ ഇക്കൂട്ടരെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. ഇവരെ സുചിപ്പിയ്ക്കാനായി നസ്രാണി എന്ന് പേര് അവജ്ഞയോടെയാണ് ഹിന്ദുക്കൾ ഉപയോഗിച്ചത്. നായന്മാർ നസ്രാണികളെ അകറ്റി നിർത്തിയിരുന്നു എന്ന് പാതി അബേ ഡുബോയി എടുത്തുപറഞ്ഞിട്ടുണ്ട്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ പരിശോധിയ്ക്കുക.
കത്തോലിക്കാ സഭയുടെ പ്രവർത്തനത്തെ സൂചിപ്പിയ്ക്കുന്ന ചില വാക്കുകൾ !!!
ഈ പുസ്തകത്തിൽ കത്തോലിക്കാ സഭയുടെ സംഘടിതമായ പ്രവർത്തനങ്ങളെ സൂചിപ്പിയ്ക്കുന്ന De Propaganda Fide , in partibus എന്നീ രണ്ടു വാക്കുകൾ പാതിരി ഡുബോയി ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ in partibus എന്ന വാക്ക് അർത്ഥമാക്കുന്നത് എന്തെന്ന് താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാണ്. മറ്റ് സംസ്കാരങ്ങളുടെ മേൽ കത്തോലിക്കാ സഭ നടത്തുന്ന അധിനിവേശം ഇത്തരം വാക്കുകളിൽ നിർലീനമാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737