തമിഴ്നാട്ടിലെ നായർ സംഘടനകളുടെ പുഷ്ടിയിൽ താല്പര്യമുള്ളള സമുദായാംഗങ്ങൾ അവശ്യം അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകൾ !!
നായർ സമുദായത്തിന്റെ പേരിൽ 1914-ൽ ബീജാവാപംപൂണ്ട NSS സംഘടനയുടെ നിബന്ധനകളിൽ, അറുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ്, അതായത് 1958- ആം ആണ്ടിൽ നടത്തിയ ഭേദഗതികൾ ശ്രദ്ധേയങ്ങളാണ് !!! ശ്രീ മന്നത്തു പത്മനാഭന്റെ അറിവോടെയും പങ്കാളിത്തത്തോടെയും ആയിരുന്നു സർവ്വീസ് സൊസൈറ്റിയുടെ നിയമാവലിയിൽ ഈ ഭേദഗതികൾ ചെയ്തത്. ഇത് സംഘടന തുടങ്ങിയതിനു ശേഷം, ഭരണഘടനയിൽ വരുത്തിയ അഞ്ചാം പ്രാവശ്യത്തെ ഭേദഗതിയായിരുന്നു . “എൻ. എസ്. എസ് പ്രതിനിധിസഭായോഗങ്ങളും, എൻ. എസ്. എസ് സംഘടനാ പ്രവർത്തനങ്ങളും ചിട്ടയായും ഭംഗിയായും നടക്കുന്നതിന്റെ അടിസ്ഥാന കാരണം ഈ നിബന്ധനാ ഭേദഗതിയാണെന്നു നിസ്സംശയം പറയാം” – എന്നാണ് ഈ ഭേദഗതികളെക്കുറിച്ച് എൻ. എസ്. എസ്സിന്റെ ഔദ്യോഗിക ചരിത്രഗ്രന്ഥത്തിൽ (എൻ. എസ് . എസ് ചരിത്രം വാല്യം 2, പേജ് .328) രേഖപ്പെടുത്തിയിട്ടുള്ളത്.
ചില നിർവചനങ്ങൾ
അഞ്ചാമത്തെ ഭരണഘടനാ ഭേദഗതികളുടെ വ്യക്തതയ്ക്കു വേണ്ടി, ഭേദഗതികളുടെ ഭാഗമായി ചില നിർവചനങ്ങൾ ആദ്യം തന്നെ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭേദഗതികളുടെ 1(ഐ) ഉപവകുപ്പിൽ, ‘എലക്ടറൽ റോൾ’ എന്തെന്നും, ‘ പ്രതിനിധി‘ ആരെന്നും, 1(എൻ) ഉപവകുപ്പിൽ ‘പൊതുയോഗം (ജനറൽ ബോഡി)‘ എന്നാൽ എന്തെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എലക്ടറൽ റോൾ
1(ഐ) ഉപവകുപ്പ് : ‘എലക്ടറൽ റോൾ‘ എന്നാൽ സൊസൈറ്റിയിൽ അംഗമായി ചേർന്നിട്ടുള്ള കരയോഗങ്ങളേയും, കരയോഗ യൂണിയനുകളേയും, മറ്റു സ്ഥാപനങ്ങളേയും, വ്യക്തികളേയും ഉൾപ്പെടുത്തി എൻ. എസ്. എസ് പൊതുയോഗത്തിലേയ്ക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് താലൂക്കുതോറുമുള്ള സമിതി ആകുന്നു. അതായത് electoral roll എന്നാൽ, നായർ സമുദായാംഗങ്ങൾക്കു വേണ്ടിയുള്ള സമുദായ പാർലമെന്റിലേയ്ക്ക്, പ്രതിനിധികളെ തെരഞ്ഞെടുത്ത് അയയ്ക്കാൻ, താലൂക്കു തോറും ഉണ്ടാക്കുന്ന കമ്മിറ്റി (സമിതി ) ആകുന്നു.
ഇവിടെ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയുടെ കീഴിൽ എൻ.എസ്.എസ് പാർലമെന്റ് എന്ന് അടയാളപ്പെടുത്തിയിരിയ്ക്കുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക ! ഈ ഫോട്ടോ എൻ. എസ്. എസ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച അതിന്റെ ചരിത്രം പ്രതിപാദിയ്ക്കുന്ന ഗ്രന്ഥത്തിൽനിന്നാണ്.
പ്രതിനിധി
‘പ്രതിനിധി’ എന്നാൽ താലൂക്കു തോറുമുള്ള എൻ. എസ്. എസ്. എലക്ടറൽ റോളിൽപ്പെട്ട അംഗങ്ങളുടെ യോഗം കൂടി, കരയോഗമെമ്പറന്മാരിൽ നിന്നും പത്തിനൊന്ന് എന്ന കണക്കിന് സൊസൈറ്റിയിലേയ്ക്കു തെരഞ്ഞെടുക്കുന്ന മെംബർ എന്നും അർത്ഥമാകുന്നു.
പൊതുയോഗം
‘പൊതുയോഗം’ (ജനറൽ ബോഡി) എന്നാൽ ഒന്നാം വകുപ്പ് ‘ഐ’ ഉപവകുപ്പിൽ വിവരിച്ചിട്ടുള്ള പ്രകാരം, തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികൾ ചേർന്നുള്ള യോഗം എന്നർത്ഥമാകുന്നു.
ഭേദഗതിയിൽ കൊടുത്തിരിയ്ക്കുന്ന നിർവചനത്തിനു പുറമെ, അംഗങ്ങൾ ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അത് ഡയറക്ടർ ബോർഡിനേക്കുറിച്ചാണ്.
ഡയറക്ടർ ബോർഡ്
31-12-1941 -നു ചേർന്ന വിശേഷാൽ പൊതുയോഗ തീരുമാനമനുസരിച്ചാണ് നായർ സർവ്വീസ് സൊസൈറ്റിക്ക് ഒരു ഡയറക്ടർ ബോർഡും, എക്സിക്യൂട്ടീവ് കൗൺസിലും രൂപീകൃതമായത്. അതിനു മുമ്പുള്ള ഭരണസമിതി എൻ. എസ് . എസ്. കൗൺസിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 16-8-1942 -ലാണ് ഡയറക്ടർ ബോർഡിന്റെ ഒന്നാമത്തെ സമ്മേളനം നടന്നത് . ഡയറക്ടർ ബോർഡിന്റെ അംഗസംഖ്യ 21 ആയിട്ടാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് 1986-ൽ അത് 27 ആയി വർദ്ധിപ്പിയ്ക്കുകയുണ്ടായി. (പേജ് 1118 & 1126, Vol 2)
അഞ്ചാം ഭരണഘടനാ ഭേദഗതിയുടെ നാൾവഴികൾ…..
Stage 1
സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി, കരയോഗം രജിസ്ട്രാർ ഒരു റിപ്പോർട്ട്, 23-6-1957-ലെ ഡയറക്ടർ ബോർഡ് യോഗത്തിൽ സമർപ്പിച്ചു. (അനുബന്ധമായി ഇവിടെ സൂചിപ്പിയ്ക്കട്ടെ, 21-12-1957-ലാണ്, ശ്രീ മന്നം, തന്റെ 79-ആം വയസ്സിൽ ‘എന്റെ ജീവിത സ്മരണകൾ’ പ്രസിദ്ധീകരിച്ചത്.)
Stage 2
05-01-1958-ലെ ഡയറക്ടർ ബോർഡ് യോഗത്തിൽ, NSS-നിബന്ധനകളിൽ വരുത്താനുദ്ദേശിയ്ക്കുന്ന ഭേദഗതികൾ ജനറൽ സെക്രട്ടറി(മക്കപ്പുഴ വാസുദേവൻ പിള്ള) ഹാജരാക്കി. ചർച്ചയ്ക്കു ശേഷം വിദഗ്ദ്ധമായ നിയമോപദേശം ആരായുന്നതിനും അത് സംബന്ധിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി എം. പി ചന്ദ്രശേഖരപിള്ള, എൻ. ഭാസ്കരൻ നായർ, എൻ. പരമേശ്വരൻപിള്ള, മക്കപ്പുഴ വാസുദേവൻ പിള്ള എന്നിവരുൾപ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ചു.
Stage 3
18-5-1958-ൽ കൂടിയ ഡയറക്ടർ ബോർഡ് നിബന്ധനാ ഭേദഗതികൾ എല്ലാം അംഗീകരിയ്ക്കുകയുണ്ടായി.
Stage 4
ഈ നിബന്ധനാ ഭേദഗതികൾ അവതരിപ്പിയ്ക്കാനുള്ള വിശേഷാൽ പൊതുയോഗം (Extraordinary GB meeting), 27-6-1958-ൽ ചേരണമെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
Stage 5
27-6-1958-ലെ വിശേഷാൽ പൊതുയോഗം പെരുന്ന കോളേജ് ആഡിറ്റോറിയത്തിൽ സമ്മേളിച്ചപ്പോൾ ആകെ 348 അംഗങ്ങൾ ഹാജരുണ്ടായിരുന്നു. പുതിയ പ്രസിഡണ്ട് എ.എസ്. ദാമോദരനാശാന്റെ അഭാവത്തിൽ വി.കെ വേലപ്പനെ യോഗം അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. മക്കപ്പുഴ വാസുദേവൻപിള്ളയായിരുന്നു അപ്പോഴുണ്ടായിരുന്ന ജനറൽ സെക്രട്ടറി.
നിബന്ധനാ ഭേദഗതിപ്രമേയം ( resolution regarding amended by-laws)
നിബന്ധനാ ഭേദഗതി പ്രമേയം അവതരിപ്പിച്ചത് ശ്രീ മന്നത്തു പത്മനാഭനായിരുന്നു. പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഒരു പ്രസംഗം അദ്ദേഹം ചെയ്യുകയുണ്ടായി. അത് പിന്നീട് ഈ വെബ്സൈറ്റിൽ നല്കുന്നതാണ്. അംഗീകരിയ്ക്കപ്പെട്ട പുതുക്കിയ നിബന്ധനകളിൽ പ്രധാനപ്പെട്ടവ ഓരോന്നായും അചിരേണ ഇവിടെ നല്കുന്നതാണ്.
പുതിയ നിബന്ധനപ്രകാരമുള്ള ആദ്യത്തെ എൻ. എസ്. എസ്. പൊതുയോഗം കൂടിയത് 31-08-1959 ലാണ്.
പുതുക്കിയ നിബന്ധനകളിൽ No. 21 എന്ന് അടയാളപ്പെടുത്തിയത് ആദ്യം നല്കുന്നു.
21. എല്ലാ പ്രതിനിധികൾക്കും സർവ്വീസ് സൊസൈറ്റിയുടെ എല്ലാ പൊതുയോഗങ്ങളിലും ഹാജരാകുവാനും, വാദപ്രതിവാദം ചെയ്യുവാനും, ചോദ്യം ചോദിയ്ക്കുവാനും, കണക്കുകൾ കേൾക്കുവാനും, പ്രമേയങ്ങൾ ഹാജരാക്കുവാനും, ഡയറക്ടർ ബോർഡ് മെമ്പറന്മാരേയും, പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ഖജാൻജി എന്നിവരേയും തെരഞ്ഞെടുക്കുവാനും, എൻ. എസ്. എസ് ഡയറക്ടർ ബോർഡിലേയ്ക്ക് സ്ഥാനാർത്ഥിയായി നിൽക്കുവാനും അവകാശമുള്ളതാകുന്നു. അവർക്കോരോരുത്തർക്കും ഓരോ വോട്ടു വീതം ഉണ്ടായിരിയ്ക്കുന്നതാണ് . (എൻ. എസ്. എസ് ചരിത്രം, രണ്ടാം വാല്യം, പേജ് 325)
ഈ അവകാശങ്ങൾ, കരയോഗ തലത്തിൽ നടത്തപ്പെടുന്ന പൊതുയോഗവേളയിൽ, കരയോഗങ്ങളിലെ സാധാരണ അംഗങ്ങൾക്കും അവകാശപ്പെടാമോ !!??
സോഷ്യൽ ട്രെയിനിംഗ് കോളേജ് !!!!
അഞ്ചാം ഭേദഗതിയ്ക്ക് മുന്നോടിയായി 30-3-56-ലെ ഡയറക്ടർ ബോർഡു യോഗത്തിൽ, പരിചയ സമ്പന്നരായ പ്രവർത്തകരെ ലഭിയ്ക്കാനായി ചങ്ങനാശ്ശേരിയിൽ ഒരു സോഷ്യൽ ട്രെയിനിംഗ് കോളേജ് ആരംഭിക്കണമെന്നും തീരുമാനിച്ചിരുന്നു. ( പേജ് -321). ചങ്ങനാശ്ശേരിയിൽ ആരംഭിക്കണമെന്നു തീരുമാനിച്ച സോഷ്യൽ ട്രെയിനിംഗ് കോളേജിനാവശ്യമായ പാഠ്യ പദ്ധതി എഴുതിയുണ്ടാക്കാൻ 16-9-1956 ലെ ഡയറക്ടർ ബോർഡ് ഒരു കമ്മറ്റി രൂപീകരിക്കുകയുണ്ടായി. എൻ. എസ്. എസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവർക്കു പുറമെ, എൻ. എസ്. കൃഷ്ണപിള്ള, എം.പി ചന്ദ്രശേഖരപിള്ള, പി.സദാശിവൻപിള്ള, എം. ആർ. എം കൈമൾ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.
സംഘടനാ സംസ്കാരം രൂപപ്പെടുത്തിയെടുക്കാൻ പരിശീലനത്തിന്റെ അനിവാര്യത !!!??
സർവ്വീസ് സൊസൈറ്റിയുടെ പൊതുയോഗങ്ങളിൽ വാദപ്രതിവാദം ചെയ്യുവാനും, ചോദ്യം ചോദിയ്ക്കുവാനും, കണക്കുകൾ കേൾക്കുവാനും, പ്രമേയങ്ങൾ ഹാജരാക്കുവാനും കഴിയുന്ന നായർ സമുദായാംഗങ്ങളെ വാർത്തെടുക്കുവാൻ, സോഷ്യൽ ട്രെയിനിംഗ് കോളേജ് സ്ഥാപിയ്ക്കുവാനും, പാഠ്യ പദ്ധതി തയ്യാറാക്കുവാനും ഡയറക്ടർ ബോർഡ് എടുത്ത തീരുമാനം ശ്ലാഘനീയം തന്നെ !!! വിവരദോഷം ബാധിച്ച, പരിശീലനം തീരെ ഇല്ലാത്ത, സംഘടനയെക്കുറിച്ചും, സംഘടനാ പ്രവർത്തനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടോ അറിവോ ഇല്ലാത്ത ഒരു പറ്റം നായന്മാർ യോഗം കൂടിയാലത്തെ ഭവിഷ്യത്തുകൾ മുൻകൂട്ടികണ്ടുകൊണ്ട് എടുത്ത ഈ തീരുമാനം കാര്യക്ഷമമായി നടപ്പിൽ വരുത്തിയോ എന്ന് ചരിത്ര ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തിയതായി കാണുന്നില്ല!! ഈ പാഠ്യപദ്ധതി ലഭിയ്ക്കുമെങ്കിൽ അത് ഇന്നത്തെ തലമുറയ്ക്ക് പ്രയോജനപ്പെടും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ! മുകളിൽ പ്രതിപാദിച്ച തീരുമാനങ്ങൾ അനുസരിച്ചാണോ കേരളത്തിൽ എൻ. എസ്. എസ്സ് സംഘടനാ പ്രവർത്തനങ്ങൾ തുടരുന്നതെന്നും വ്യക്തമായി അറിവില്ല.
അദ്ധ്യാപകർക്ക്, പോലീസ് ഉദ്യോഗസ്ഥന്മാർക്ക്, IAS-IPS അധികാരികൾക്ക്, പ്രൈവറ്റ് കമ്പനി മാനേജർമാർക്ക്, ഇപ്രകാരം വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചുമതലയുള്ളവർക്ക്, തങ്ങളുടെ കർമ്മമണ്ഡലത്തിൽ കാര്യക്ഷമതയോടെ വർത്തിയ്ക്കുവാൻ അടിയ്ക്കടി പരിശീലനം ലഭിയ്ക്കാറുണ്ട്. ഇപ്രകാരം നായർ സംഘടനാ ഭാരവാഹികളും, സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ ഉതകുന്ന പരിശീലനത്തിന് വിധേയരാകേണ്ടതുണ്ട്. ഈ മാർഗ്ഗത്തിൽ ചിന്തിയ്ക്കുവാൻ അംഗങ്ങളും ഭാരവാഹിത്വം ഏറ്റെടുക്കുന്നവരും തയ്യാറാകേണം.
തമിഴ്നാട്ടിലെ നായർ സംഘടനകൾ
പക്ഷെ തമിഴ്നാട്ടിലെ നായർ സംഘടനാ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായി പറയുവാൻ കഴിയും. ഇവിടുള്ള മിക്കവാറും സംഘടനകളിൽ വാദപ്രതിവാദം ചെയ്യാനോ, ചോദ്യം ചോദിയ്ക്കുവാനോ, കണക്കുകൾ കേട്ട് സംശയം തീർക്കുവാനോ ഉതകുന്ന ഒരു അന്തരീക്ഷം ഇല്ലെന്നുള്ളതാണ് വാസ്തവം. 1980 മുതൽ ചെന്നൈയിൽ നായർ സമുദായ സംഘടനാ രൂപീകരണത്തിന് ശ്രമങ്ങൾ തുടങ്ങിയെങ്കിലും, ഇനിയും സമുദായ താല്പര്യങ്ങളെ മുൻനിർത്തി അച്ചടക്കവും കാര്യക്ഷമതയും ഉള്ള ഒരു നായർ സമുദായ സംഘടനാ സംസ്കാരം ഉണ്ടാക്കിയെടുക്കുവാൻ സമുദായാംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അലങ്കരിയ്ക്കുന്ന പദവികൾ മൂലം, സ്വാഭാവികമായി, സമുദായ നേതാക്കളായി തീരുന്ന കരയോഗ പ്രസിഡന്റിനും, ജന.സെക്രട്ടറിയ്ക്കും, ചെയർമാനും എറാൻ മുളൂന്ന സ്വാർത്ഥമതികളായ കമ്മിറ്റി അംഗങ്ങൾ, സമുദായത്തെയും സംഘടനയേയും കുറിച്ച് ഉള്ള കാര്യപ്രസക്തങ്ങളായ ചോദ്യങ്ങൾ ചോദിയ്ക്കാൻ മറ്റംഗങ്ങളെ അനുവദിയ്ക്കാറില്ല. ചോദ്യം ചോദിയ്ക്കുന്ന വേളയിൽ ബഹളം വയ്ക്കുകയും, സഭ അലങ്കോലമാക്കുകയും ചെയ്യും. ഇവരെ നിയന്ത്രിയ്ക്കുവാൻ അദ്ധ്യക്ഷൻ ഒട്ടു ശ്രമിയ്ക്കാറുമില്ല. അതായത് അദ്ധ്യക്ഷന്റേയും മറ്റ് ഭാരവാഹികളുടെയും അനുവാദത്തോടെയാണ് ഇതെല്ലാം അരങ്ങേറുന്നതെന്ന് സാരം. പക്ഷപാതമില്ലാത്ത, അദ്ധ്യക്ഷ പദവിയുടെ ശ്രേഷ്ഠത മനസ്സിലാക്കി, മുൻവിധികൾ (അംഗങ്ങളെക്കുറിച്ച്) വച്ചുപുലർത്താതെ, അംഗങ്ങൾക്ക് പരസ്പരം ആശയവിനിമയത്തിനുള്ള വേദി ഒരുക്കേണ്ടത് അദ്ധ്യക്ഷന്റെ പ്രധാന ഉത്തരവാദിത്വത്തിൽ പെട്ടതാണ്. ഈ മനോഭാവം ഉള്ള വ്യക്തിയായിരിയ്ക്കണം ആ പദവി വഹിയ്ക്കേണ്ടത്. പക്ഷെ ഇവിടുള്ള ചില സമുദായ സംഘടനകളിൽ അങ്ങനെയുള്ള വ്യക്തികളല്ല അദ്ധ്യക്ഷപദവി അലങ്കരിയ്ക്കുന്നത്. സമുദായ താല്പര്യങ്ങളെക്കാളുപരി സ്വാർത്ഥതാല്പര്യങ്ങളാണ് ഇവരെ നയിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ തമിഴ്നാട്ടിലെ, പ്രത്യേകിച്ച് ചെന്നൈയിലെ നായർ സംഘടനാ ഭാരവാഹികൾ, സംഘടനാ ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് തന്നിഷ്ടപരമായിട്ടാണ് പെരുമാറുന്നത്. ഈ ഭാരവാഹികളിൽ ഭൂരിപക്ഷവും മറ്റ് സാമൂഹ്യ സംഘടനകളിൽ, പ്രത്യേകിച്ച് ഇടതുപക്ഷ പിന്തുണയും ചായ് വുമുള്ള സംഘടനകളിലും ഭാരവാഹികളാകുവാൻ താല്പര്യം കാണിയ്ക്കുകയും അതിനായി ശ്രമിയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഇവരുടെ സമുദായ സംഘടനാ നേതൃത്വം ഇവരിൽ ഒരു conflict of interest ഉണ്ടാക്കുന്നു. ഇതും ആത്യന്തികമായി നായർ സമുദായ സംഘാടനത്തിന് ദോഷമായി ഭവിയ്ക്കുന്നു.
സംഘടനയ്ക്കുള്ളിലെ സാമ്പത്തിക അച്ചടക്കം, പ്രവർത്തനങ്ങളെ അനുകൂലമായി സ്വാധീനിയ്ക്കും. സമുദായത്തിന് പ്രയോജനകരമായി ഒരു സംഘടനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഈ സാമ്പത്തിക അച്ചടക്കത്തിന് മുഖ്യമായ ഒരു പങ്കുണ്ട്. പക്ഷെ ഈ വഴിയ്ക്കുള്ള ആലോചനകൾ പോലും സംഘടനകൾക്കുളളിൽ ഇല്ലാത്തതിനാൽ ചെന്നൈയിലെ നായർ സമുദായ സംഘടനകൾ, ‘എന്റെ ജീവിതസ്മരണകളിൽ’ മന്നം രേഖപ്പെടുത്തിയതുപോലെ “വെറും പൊള്ളയായ പൈൻ വൃക്ഷങ്ങളാണ്”. (എന്റെ ജീവിതസ്മരണകൾ, അദ്ധ്യായം 4, പേജ് 14)
നല്ല വിവരണം… 🙏
ഒരു സംശയം ഉണ്ടായിരുന്നു… കരയോഗങ്ങളിൽ ഒരു മാസമുള്ള വരിസംഖ്യ എത്ര രൂപയാകുന്നു…