നാട്ടുനടപ്പ് അനുസരിച്ച് പുലയന്മാർക്ക് ലഭിച്ചിരുന്ന ദിവസേനയുള്ള ജീവനാംശത്തിനും (daily allowance) പുറമെ, അവർക്കു ലഭിച്ചിരുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും ബുക്കാനൻ 1800-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബുക്കാനന്റെ പുലയന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഇവിടെ നല്കുന്നതിന് മുമ്പായി, പൊതുവായി നാട്ടുനടപ്പുകൾക്കുണ്ടായിരുന്ന മുഖ്യത്തത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ച മലയാളി ചരിത്രകാരന്മാർ നാട്ടുനടപ്പുകളെ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ എന്നുള്ളതും ചിന്തനീയമാണ്.
ബുക്കാനന്റെ റിപ്പോർട്ട്
1800-ൽ ബുക്കാനൻ, തെക്കെ ഇന്ത്യയിൽ കമ്പനിയുടെ അധീനതയിലായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, നേരിട്ട് വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച്, അവ 1807-ൽ അച്ചടിച്ച് 3 വാള്യങ്ങളായി ബൈൻഡ് (bind) ചെയ്ത്, പുസ്തകരൂപത്തിലാക്കിയ റിപ്പോർട്ടുകളുടെ കവർ പേജ് പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമായി തെളിയും. 1799, മെയ് നാലിന്, നാലാമത്തെ ആംഗ്ലോ-മൈസൂർ യുദ്ധത്തിന് ഒടുവിൽ ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണത്തിൽ വച്ച് വധിയ്ക്കപ്പെട്ടു. ഈ യുദ്ധത്തിൽ ടിപ്പുവിനെ നേരിട്ടത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു.ഹിന്ദുക്കളായ മറാഠകളും, മുഹമ്മദ്ദീയനായ ഹൈദരബാദ് നൈസാമിന്റെ ആൾക്കാരും ഈ യുദ്ധത്തിൽ ക്രിസ്ത്യൻ കമ്പനിയോടൊപ്പം അണിനിരന്നിരുന്നു. യുദ്ധത്തിൽ വിജയിച്ച കമ്പനി, മൈസൂർ രാജ്യവും, ടിപ്പു ആക്രമിച്ചു കീഴടക്കിയ മലാബാർ പ്രദേശവും തങ്ങളുടെ ഭരണത്തിൻകീഴിലാക്കി. കമ്പനിയുടെ അധീനതയിൽ ആയ വിസ്തൃതമായ ഈ ഭൂപ്രദേശത്തിലെ – കാർഷിക സംസ്കൃതി, കുടിൽ-കൈത്തൊഴിൽ വ്യവസായങ്ങൾ, കാർഷികവൃത്തിയിലും കുടിൽ വ്യവസായത്തിലും ഉൾപ്പടെ എല്ലാവിധ ഉല്പാദനങ്ങളിലും ഏർപ്പെട്ടിരുന്നവർ, ഉല്പാദനത്തിന് ഉപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കൾ, ഉല്പന്നങ്ങളുടെ വിപണിയും കച്ചവടവും, മേൽസൂചിപ്പിച്ച പ്രദേശങ്ങളിൽ വസിയ്ക്കുന്ന നാട്ടുകാരുടെ മതം, അവരുടെ പെരുമാറ്റ മര്യാദകൾ, ഓരോ ദേശങ്ങളിലെയും നാട്ടുനടപ്പുകൾ, ഈ പ്രദേശങ്ങളിലെ മൃഗങ്ങൾ, ചെടികൾ, ജനങ്ങളുടെ സാമൂഹ്യ ചരിത്രം, പൗരാണികകാലം തൊട്ടുള്ള രാജ്യ ചരിത്രം : നാട്ടുകാരുടെ, പ്രധാനമായും ഹിന്ദുക്കളുടെ സ്വകാര്യവും അല്ലാത്തതുമായ ഈ വിവരങ്ങളെല്ലാം ശേഖരിയ്ക്കുവാൻ കമ്പനി തീരുമാനിച്ചു. ഇതിനായി ഫ്രാൻസിസ് ബുക്കാനനെ ചുമതലപ്പെടുത്തി കമ്പനിയുടെ അന്നത്തെ ഗവർണ്ണർ ജനലറായിരുന്ന Marquis Wellesley ഒരു ഉത്തരവ് പുറപ്പെടുയ്ക്കുകയുണ്ടായി. ടിപ്പു വധിയ്ക്കപ്പെട്ട വർഷത്തിന്റെ അവസാനമാണ് (അതായത് 1799-അവസാനമാണ്) ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിൻ പ്രകാരം മേൽ സൂചിപ്പിച്ച പ്രദേശങ്ങളിലൂടെ യാത്രചെയ്ത് അവിടെയുണ്ടായിരുന്ന കമ്പനി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളാണ് ബുക്കാനന്റെ മൂന്ന് വാള്യങ്ങളിലുള്ള റിപ്പോർട്ട്. എന്തെല്ലാം വിവരങ്ങൾ ശേഖരിയ്ക്കുവാനാണ് ബുക്കാനൻ ശ്രദ്ധ ചെലുത്തിയിരുന്നത് എന്ന് റിപ്പോർട്ടിന്റെ കവർ പേജിൽ നിന്നും മനസ്സിലാക്കാം. അതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക.
The Religion, Manners, Customs And Ceremonies
തങ്ങൾ കീഴടക്കിയ ഓരോ നാട്ടു രാജ്യത്തെക്കുറിച്ചും സമഗ്രമായി പഠിച്ച് റിപ്പോർട്ട് ചെയ്യുവാൻ കമ്പനി ഭരണാധികാരികൾ, ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിരുന്നു. ഈ പഠനങ്ങളിൽ The Religion, Manners, And Customs എന്നീ വിഷയങ്ങൾക്ക് കമ്പനി അമിത പ്രാധാന്യം നല്കിയിരുന്നു. ഈ വിഷയങ്ങളിൽ അവർ പ്രത്യേക ശുഷ്ക്കാന്തി കാട്ടിയിരുന്നു. തങ്ങൾ കീഴടക്കിയ പ്രദേശങ്ങിലെ നാട്ടുകാരുടെ മതവിശ്വാസം, പെരുമാറ്റ മര്യാദകൾ, അവരുടെ ചിന്തകൾ, നാട്ടുനടപ്പുകൾ, നാട്ടുനടപ്പുകൾ പ്രകാരമുള്ള സുസ്ഥാപിതനിയമങ്ങൾ ഇവയെക്കുറിച്ചെല്ലാം ആഴത്തിലുള്ള ഗുണപരമായ അറിവുകൾ, കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ഭരിയ്ക്കാനും, നിയന്ത്രിച്ച് നിർത്താനും, ക്രമസമാധാനം ഉറപ്പാക്കാനും അത്യന്താപേക്ഷിതങ്ങളായിരുന്നു. കമ്പനി തെക്കെ ഇന്ത്യയിൽ പിടിമുറുക്കിയ ആദ്യ കാലങ്ങളിൽ, കമ്പനിയുടെ വരുമാനം വർദ്ധിപ്പിയ്ക്കാൻ ഉതകുന്ന, പ്രദേശവാസികളെക്കുറിച്ചുള്ള ഈ അറിവുകൾ, കമ്പനി-ഉദ്യോഗസ്ഥരിൽക്കൂടി ശേഖരിച്ചിരുന്നു. ഇതിനും പുറമെ ക്രിസ്ത്യൻ മിഷനറിമാർ ഹിന്ദുക്കളെക്കുറിച്ചും ഹിന്ദുമതത്തെക്കുറിച്ചും രേഖപ്പെടുത്തിയ വിവരങ്ങളും കമ്പനി പണം നല്കി ശേഖരിച്ചിരുന്നതായി കരുതാം. ഇങ്ങിനെ കമ്പനിയ്ക്ക് ലഭിച്ച മറ്റൊരു റിപ്പോർട്ടാണ് (ഹിന്ദുക്കളെക്കുറിച്ചുള്ള കൃതിയാണ്) ഫ്രഞ്ചുകാരനായ Abbe J A Dubois എന്ന ക്രിസ്ത്യൻ കത്തോലിക്കാ ജസ്യൂട്ട് പാതിരിയുടേത്. അബേയുടെ ഫ്രഞ്ചുഭാഷയിൽ നിന്നും ഇംഗ്ലീഷിലേയ്ക്ക് Henry K Beauchamp തർജ്ജമ ചെയ്ത റിപ്പോർട്ടിന്റെ കവർ പേജ് സ്ക്രീൻഷോട്ട് താഴെ നല്കിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക.
കമ്പനി ഉദ്യോഗസ്ഥന്മാർ അബേയുടെ റിപ്പോർട്ടിലെ(കൃതിയുടെ) ഉള്ളടക്കത്തിന്റെ ആധികാരികതയെ പ്രകീർത്തിച്ചു.
ഫ്രഞ്ച് ഭാഷയിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ കൈയ്യെഴുത്ത് പ്രതി 1806-ൽ കമ്പനി-പട്ടാളത്തിലെ Major Wilks-ന് അബേ കൈമാറി. Major Wilks ഈ റിപ്പോർട്ട് ഏകദേശം ഒരു വർഷത്തോളം കൈവശംവച്ച് സമഗ്രമായി പഠിച്ചു. അതിനു ശേഷം ഈ റിപ്പോർട്ട് ഒരു കത്തിനോടൊപ്പം തെക്കെഇന്ത്യയിലെ കമ്പനി ഗവർമെന്റ് ആസ്ഥാനമായ സെന്റ്-ജോർജ്ജ് കോട്ടയിലേയ്ക്ക് അയച്ചുകൊടുത്തു. കത്തിൽ അബേയുടെ റിപ്പോർട്ടിനെ Major Wilks പ്രകീർത്തിച്ചിരുന്നു. തനിയ്ക്ക് ലഭിച്ചിരുന്ന വിവരങ്ങളുടെയും തന്റെ നേരിട്ടുള്ള അന്വേഷണങ്ങളുടെയും പിൻബലത്തോടെ, റിപ്പോർട്ടിലെ വിവരങ്ങൾ എറ്റവും ശരിയായിട്ടുള്ളതും, സമഗ്രവും, ഹിന്ദുക്കളുടെ ആചാരങ്ങളെയും, പെരുമാറ്റ മര്യാദകളെയും, നാട്ടുനടപ്പുകളെയും കുറിച്ച് സൂക്ഷ്മമായ വിവരങ്ങൾ അടങ്ങിയ, നിലവിൽ യൂറോപ്യൻ ഭാഷയിലുള്ള ഒരേ ഒരു ആധികാരിക റിപ്പോർട്ടാണെന്ന് Major Wilks അബേയുടെ കൃതിയെ അനുകൂലിച്ച് വിധിയെഴുതി. അബേയുടെ കൈയ്യെഴുത്ത് പ്രതി, മദ്രാസ് പ്രവിശ്യയുടെ (Madras Presidency) ആസ്ഥാനമായ സെന്റ് ജോർജ്ജ് കോട്ടയിലേയ്ക്ക് അയച്ചുകൊടുത്തതിനു മുമ്പായി, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം അറിയുന്നതിനായി പ്രമുഖരായ രണ്ട് കമ്പനി ഉദ്യോഗസ്ഥന്മാർക്ക് Major Wilks അത് അയച്ചു കൊടുത്തിരുന്നു. ഇവർ Sir James Mackintosh-ഉം, ബോംബെയിലുണ്ടായിരുന്ന Mr.W.Erskine-നും ആയിരുന്നു. ഇവരിരുവരം റിപ്പോർട്ട് പഠിച്ചതിനു ശേഷം, Major Wilk-ന്റെ അനുകൂലമായ വിധിയെ പൂർണ്ണമായി പിന്താങ്ങുകയാണ് ഉണ്ടായത്. ഇവരിൽവച്ച് W.Erskine, ഭാരതത്തിലെ ജനങ്ങളുടെ അതായത് ഹിന്ദുക്കളുടെ പുരാണങ്ങൾ, സാഹിത്യം, ആചാരങ്ങൾ, സുസ്ഥാപിതനിയമങ്ങൾ എന്നിവയെക്കുറിച്ച് ആധികാരികമായ അറിവുകൾ ഉള്ള വ്യക്തിയായി ഗണിയ്ക്കപ്പെട്ടിരുന്നു. ഈ വിഷയങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് ബ്രിട്ടീഷുകാരുടെ ഇടയിൽ പരക്കെ സ്വീകാര്യത ലഭിച്ചിരുന്നു. അബേയുടെ റിപ്പോർട്ടിന്റെ മഹിമയെക്കുറിച്ചുള്ള ഉന്നതരായ ഈ രണ്ടു വ്യക്തികളുടേയും അഭിപ്രായം തന്റേതിനോട് യോജിയ്ക്കുന്നതായതിനാൽ Major Wilks-ന് അന്നത്തെ മദ്രാസ് പ്രവിശ്യയുടെ ഗവർണ്ണറായിരുന്ന Lord William Bentick-നോട് (Governor of Madras, 1803-1807) റിപ്പോർട്ടിന്റെ മേന്മയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുവാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇതിന്റെ ഫലമായി അന്നത്തെ നാണ്യമായ 2000 star pagoda കൊടുത്ത് കമ്പനി അബേയുടെ റിപ്പോർട്ട് വിലയ്ക്കുവാങ്ങി. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.
കമ്പനി പണം കൊടുത്തു വാങ്ങിയത് ഹിന്ദുക്കളെ സംബന്ധിച്ചുള്ള ഡേറ്റ (DATA) !
അബേയുടെ ഫ്രഞ്ച് ഭാഷയിലുള്ള തെക്കെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായ റിപ്പോർട്ടിന്റെ കൈയ്യെഴുത്ത് പ്രതി, കമ്പനിയുടെ ഉപയോഗത്തിനായി, അദ്ദേഹത്തിന് 2000 Star Pagoda നല്കിക്കൊണ്ട് മദ്രാസ് ഗവർണ്ണറായിരുന്ന Lord Willam Bentick വാങ്ങുകയുണ്ടായി. ഈ വിവരം ഈ ലേഖനത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ചുള്ള ഡേറ്റ(Data) : അതിനാണ് കമ്പനി പണം മുടക്കിയത്. ഹിന്ദുക്കളെ സംബന്ധിച്ച ഡേറ്റയ്ക്ക് (DATA) കമ്പനി അബേയ്ക്ക് നല്കിയ വില, അദ്ദേഹത്തിന്റെ പേരിൽ സർക്കാർ കടപത്രത്തിൽ നിക്ഷേപിയ്ക്കുകയും, അതിന്റെ പലിശ കമ്പനി അബേയിയ്ക്ക് നല്കുകയും ചെയ്തിരുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്കുക.
Lord Willam Bentick അബേയുടെ റിപ്പോർട്ടിനെ പ്രകീർത്തിച്ച് പറഞ്ഞത്.
Lord Willam Bentick മദ്രാസ് ഗവർണ്ണറായി നിയമിയ്ക്കപ്പെട്ടതോടെയാണ് ഭാരതത്തിൽ എത്തിയത്. 1803 ആഗസ്റ്റ് മാസം 30-ന് അദ്ദേഹം മദ്രാസ് ഗവർണ്ണറായി പദവി ഏറ്റു. തുടർന്ന് 1807 വരെ അദ്ദേഹം മദ്രാസ് ഗവർണ്ണറായി തുടർന്നു. ഈ കാലയളവിലാണ് Lord Willam Bentick അബേയുടെ റിപ്പോർട്ട് കമ്പിനിയ്ക്കുവേണ്ടി ഔദ്യോഗികമായി വാങ്ങുകയും അത് പഠിയ്ക്കുകയും ചെയ്തത്. വളരെ ആർജ്ജവത്തോടെ അനുകൂലമായ അഭിപ്രായമാണ് അദ്ദേഹം അബേയുടെ കൃതിയെക്കുറിച്ച് പറഞ്ഞത്. ബെൻടിക്കിന്റെ വാക്കുകൾ :
Quote Lord William Bentick ;- “യൂറോപ്യന്മാർക്ക് പൊതുവായി ഹിന്ദുക്കളുടെ ആചാരമര്യാദകളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും ഒന്നും തന്നെ അറിയില്ല. അറിയുമെങ്കിൽ തന്നെയും ഇവയെക്കുറിച്ചെല്ലാം വളരെ കുറച്ച് അറിവേ യൂറോപ്യന്മാർക്ക് ഉള്ളൂ. ഇവിടെ വസിയ്ക്കുന്നതിനിടെ എന്റെ നിരീക്ഷണത്തിൽ തെളിഞ്ഞതാണ് ഇത്. ഹിന്ദുക്കളെ സംബന്ധിച്ചുള്ള നമ്മുടെ അറിവുകൾ തീർത്തും ഉപരിപ്ലവങ്ങളാണ്. അവരെ കാണുന്നമാത്രയിൽ അറിയാൻ ഉപകരിയ്ക്കുന്ന പ്രമുഖമായ ചില അടയാളങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും, അവരെക്കുറിച്ചുള്ള ചില്ലറ വസ്തുതകളും മാത്രമെ നമുക്കറിവുള്ളൂ. ഇങ്ങിനെ അവരെ കാണുന്ന ഏവർക്കും ലഭിക്കുന്ന അറിവുകളെ നമ്മൾക്കും ഉള്ളൂ. ഹിന്ദുക്കളുടെ ചിന്താരീതികളെക്കുറിച്ചോ, അവരുടെ വീട്ടിലെ സ്വകാര്യമായ ആചാരങ്ങളെക്കുറിച്ചോ, ശീലങ്ങളെക്കുറിച്ചോ, ചിട്ടകളെക്കുറിച്ചോ, അവരുടെ മതപരമായ അനുഷ്ഠാനങ്ങളെക്കുറിച്ചോ, പൂജകളെക്കുറിച്ചോ നമ്മൾക്ക് യാതൊരു വിധ അറിവും ഇല്ല. ഒരു സമൂഹം ഏതെല്ലാം വിധത്തിൽ ചിന്തിയ്ക്കുന്നു, അവരുടെ ചിന്താഗതിയിൽ എന്തെല്ലാം സ്ഫുരിയ്ക്കുന്നു, കുടുംബങ്ങളിൽ അവരുടെ സ്വകാര്യമായ പെരുമാറ്റരീതികൾ എന്തെല്ലാമാണ്, അവരുടെ മതപരമായ ചിന്തകളും, മതപരമായ സ്വകാര്യ അനുഷ്ഠാനങ്ങളും പൂജകളും എന്തെല്ലാമാണ്, ഇത്തരം അറിവുകളാണ് ഒരു ജനതയെ സംബന്ധിച്ച വേണ്ടുന്ന പ്രയോജനപ്രദമായ അറിവുകൾ. ഹിന്ദുക്കളെ സംബന്ധിച്ചുള്ള ഈ വിവരങ്ങൾ നമ്മുടെ പക്കൽ ഇല്ല എന്നതാണ് വാസ്തവം. അവരുടെ ഭാഷ നമുക്ക് പൂർണ്ണമായി മനസ്സിലാക്കാനായിട്ടില്ല. വികലമായിട്ടാണ് മനസ്സിലാക്കുന്നതും. അവർക്ക് നമ്മുടെ ഭാഷയെക്കുറിച്ച് കൂടുതൽ അറിവ് ഉണ്ടായേക്കാം. പക്ഷെ അവരുടെ ഈ അറിവ് സമഗ്രമല്ല. അവരെ സംബന്ധിച്ചുള്ള വിഷയങ്ങൾ നമ്മളോട് വിശദീകരിയ്ക്കാൻ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പര്യാപ്തമല്ല. അവർ നമ്മളുമായിട്ട് ആശയവിനിമയം ചെയ്യുവാൻ നിത്യേന ഉപോയോഗിക്കുന്ന വെറും ഔപചാരികങ്ങളായ വാക്കുകൾ അവരെ സംബന്ധിയ്ക്കുന്ന വിഷയങ്ങൾ പ്രകാശിപ്പിയ്ക്കുവാൻ പര്യാപ്തവുമല്ല. ഇങ്ങിനെയുള്ള കടമ്പകൾ കാരണമായി നാട്ടുകാരുമായി നമ്മൾ കൂട്ടുകൂടുകയോ സഹകരിയ്ക്കുകയോ അടുക്കുകയോ ചെയ്യുന്നില്ല. ഇതിന് നമ്മൾക്ക് സാധിക്കുന്നില്ല. നമ്മൾക്ക് നാട്ടുകാരുടെ വീടുകളിൽ ചെന്ന് അവരുടെ കുടുംബത്തോടൊപ്പം അവരെ നേരിട്ടു കാണുവാൻ പറ്റുന്നില്ല. ചൂട് കാലാവസ്ഥ ആയതിനാൽ, നമ്മളുടെ വീടുകളിൽ നിന്നും നമ്മൾ പുറത്തിറങ്ങാറില്ല.നമ്മുടെ വീടുകളിൽ തടവുകാരെപ്പോലെ നമ്മൾ കഴിയുന്നു. നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങളും, കൂടാതെ വ്യവഹാരങ്ങളും വാണിജ്യവും നാട്ടുകാരുമായി കൂടുതൽ സമ്പർക്കത്തിന് കളമൊരുക്കുന്നു എങ്കിലും ഇത് നമ്മൾക്കായി ചെയ്ത് തരുന്നതിനാൽ നാട്ടുകാരുമായി അടുത്ത് ഇടപഴകുവാനും നമ്മൾക്ക് ആവുന്നില്ല. നമ്മൾ ഈ രാജ്യത്ത് തീർത്തും അന്യന്മാരാണ് . നാട്ടുകാരുടെ ചിന്താഗതിയെയും വിചാരങ്ങളെയും പെരുമാറ്റരീതികളെയും ശീലങ്ങളെയും ആചാരങ്ങളെയും ചര്യകളെയും സംബന്ധിച്ച കൃത്യമായതും വ്യക്തമായതുമായ വിവരങ്ങൾ അടങ്ങിയ ഒരു കൃതിയുടെ ഇല്ലായ്മ വ്യക്തിപരമായി മനസ്സിലാക്കിയിരുന്നു. ഈ വിടവ് അബേയുടെ കൃതി നികത്തിയതായി കരുതുന്നു. നാട്ടുകാരുടെ രീതികളും മുൻവിധികളും മനസ്സിലാക്കി അവർക്ക് വിപ്രതിപത്തിയുണ്ടാക്കാതെ അവരോട് യോജിച്ച് പ്രവൃത്തിയ്ക്കുവാൻ അബേയുടെ കൃതി കമ്പനി-സർക്കാർ ജോലിക്കാർക്ക് മാർഗ്ഗനിർദ്ദേശം നല്കുമെന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇപ്രകാരം രാഷ്ട്രപരമായ, രാജ്യഭരണപരമായ മഹത്തരമായ പ്രയോജനം അബേയുടെ കൃതി നല്കുന്നു എന്നും കൂടി അഭിപ്രായപ്പെടുന്നു.” Unquote
Hindu Manners, Customs and Ceremonies
നാട്ടുകാരായ ഹിന്ദുക്കളുടെ മതത്തിനും, പെരുമാറ്റ രീതികൾക്കും, ആചാരങ്ങൾക്കും, നാട്ടുനടപ്പുകൾക്കും, നാട്ടുമര്യാദകളായ നിയമങ്ങൾക്കും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്മാരും, ക്രിസ്ത്യൻ മിഷനറിമാരും എത്ര മാത്രം പ്രാധാന്യം നല്കിയിരുന്നു എന്ന് മേൽപ്പറഞ്ഞ രണ്ടു റിപ്പോർട്ടുകളിൽ (ബുക്കാനന്റേതും, അബേ ഡുബോയിയുടെയും) നിന്നും, മറ്റ് മിഷനറിമാരുടെ സമാനങ്ങളായ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാം. അബേയുടെ പുസ്തകം ഫ്രഞ്ചുഭാഷയിൽ നിന്നും ഇംഗ്ലീഷിലേയ്ക്ക് മിഷനറി G.U.Pope-ഉം തർജ്ജമചെയ്തിരുന്നു. ജി.യു പോപ്പ് തർജ്ജമ ചെയ്ത അബേയുടെ പുസ്തകം പ്രസിദ്ധീകരിച്ചത് 1862-ലാണ്. ഇരുപതാം നൂറ്റാണ്ടിൽ Asian Educational Services എന്ന പ്രസിദ്ധീകരണശാലയാണ് ഇന്ത്യയിൽ ഈ പുസ്തകം അച്ചടിച്ചത്. അവർ ഇതിന്റെ രണ്ടാം പതിപ്പ് 1992-ൽ ഇറക്കിയിരുന്നു. രണ്ടാംപതിപ്പിന്റെ കവറിന്റെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിരിക്കുന്നത്. G U Pope പുസ്തകത്തിന് പേര് നല്കിയത് Character, Manners & Customs of the People of India, And of their Institutions Religious and Civil എന്നാണ്. ഈ പുസ്തകത്തിന്റെ പേജ് v-ൽ, അബേ ഈസ്റ്റ് ഇന്ത്യകമ്പനിയുടെ ഗവർണ്ണറോട് കൃതജ്ഞത രേഖപ്പെടുത്തിയതും കാണാം. അതിന്റെയും സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്.
ആംഗ്ലിക്കൻ ക്രിസ്ത്യൻ മിഷനറി Rev G.U. Pope-ഉം, അബേയുടെ റിപ്പോർട്ടിനെ പ്രകീർത്തിച്ചു.
1839-ൽ ഇംഗ്ലണ്ടിൽ നിന്നും തിരിച്ച്, അതേ വർഷമോ അതോ അടുത്ത വർഷമോ, (1840-ലോ) ജി.യു പോപ്പ്, മിഷനറി പ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്ത് സേവ്യർപുരം എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേർന്നു. 1859-ൽ ഇദ്ദേഹം ഊട്ടിയിലെത്തി അവിടെ ഒരു വ്യാകരണ പള്ളിക്കൂടം സ്ഥാപിച്ചു. ഇവിടെവച്ചായിരിയ്ക്കണം അദ്ദേഹം അബേയുടെ റിപ്പോർട്ട് തർജ്ജമ ചെയ്തത്. കാരണം ഈ പുസ്തകത്തിന്റെ പേജ് നമ്പർ xxi തൊട്ട്, പേജ് നമ്പർ xxix-ൽ വരെ ‘Notice by the Editor To the Second Edition’ എന്ന തലക്കെട്ടോടെ നീണ്ട ഒരു അറിയിപ്പ് പോപ്പ് നല്കിയിട്ടുണ്ട്. ഈ കുറിപ്പിന്റെ അവസാനം പോപ്പ് ഒപ്പിട്ടിട്ടുണ്ട്. ഒപ്പിനോടൊപ്പം Ootacamund Grammar School, July 1, 1862 എന്നും നല്കിയിട്ടുണ്ട്. തർജ്ജമാകാരൻ(അതായത് G.U. Pope) ഒപ്പിട്ട ഈ കുറിപ്പിൽ, അദ്ദേഹം അബേ നല്കിയ വിവരങ്ങളെക്കുറിച്ച് വ്യക്തമായ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. Quote G.U.Pope :-“The more I have examined the more have I become, in most cases, persuaded of the accuracy of the Abbe’s statements.” Unquote (page xxi, third paragraph). ഇതിനെക്കുറിച്ച് താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് കാണുക . അതായത്, തന്റെ അനുഭവങ്ങളും ചേർത്ത് വച്ച് ചിന്തിച്ചാൽ, തെക്കെഇന്ത്യൻ ഹിന്ദു സമൂഹത്തെക്കുറിച്ച് അബേ രേഖപ്പെടുത്തിയ വിവരണങ്ങൾ കൃത്യമായിട്ടുള്ളതാണെന്നാണ് സംശയത്തിന് യാതൊരു ഇടവും നല്കാതെ ജി.യു പോപ്പ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഈ പുസ്തകം തർജ്ജമ ചെയ്ത 1862 കാലഘട്ടമായപ്പോഴേയ്ക്കും, ഇടയ്ക്ക് രണ്ട് വർഷങ്ങൾ (1849 to 1851) ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങിപ്പോയതൊഴിച്ചാൽ, മിഷനറി പോപ്പ് തമിഴ്നാട്ടിൽ 20 വർഷങ്ങൾ ചിലവഴിച്ചു കഴിഞ്ഞിരുന്നു എന്ന് ഓർക്കണം.
സംവരണ വ്യവസ്ഥ ന്യായീകരണം ദുസാദ്ധ്യമാക്കുന്ന ഉള്ളടക്കം !!
ക്രിസ്ത്യൻ മിഷനറി ജി.യു. പോപ്പിന്റെ ഈ തർജ്ജമ കൃതിയെക്കുറിച്ച് അധികം ആർക്കും അറിയില്ല. ഇംഗ്ലീഷ്-മലയാളം വിക്കിപ്പീഡിയയിൽ ജി.യു പോപ്പുമായി ബന്ധപ്പെട്ടോ, അബേ ഡുബോയിയുമായി ബന്ധപ്പെട്ടോ ഈ പുസ്തകത്തിനെക്കുറിച്ച് പരാമർശമില്ല. തമിഴ്നാട്ടിലുള്ളവർക്കും ഈ കൃതിയെക്കുറിച്ച് അറിവില്ലെന്നുവേണം കരുതുവാൻ. ഈ പുസ്തകത്തിലെ വിവരങ്ങൾ ഇപ്പോഴുള്ള സവർണ്ണ ഹിന്ദു വിദ്വേഷത്തിലധിഷ്ഠിതമായ ഇന്ത്യൻ രാഷ്ട്രീയ ആഖ്യാനങ്ങളെ അട്ടിമറിയ്ക്കാൻ പോന്നവയാണ്. ഇതിൽ നല്കിയിരിയ്ക്കുന്ന പല വിവരങ്ങളും സ്ഫോടനാത്മകമാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം നല്കുന്ന സംവരണ വ്യവസ്ഥയ്ക്കുള്ള ന്യായീകരണങ്ങൾ ഈ പുസ്തകത്തിലെ ഉള്ളടക്കത്തിനു മുമ്പിൽ നില നില്ക്കില്ല. അതായിരിയ്ക്കാം ഈ പുസ്തകത്തിനെ പൊതുജന ശ്രദ്ധയിൽ നിന്നും അകറ്റി നിർത്തിയതിനുള്ള മുഖ്യ കാരണം.
ആധികാരികമായ വിവരങ്ങൾ : Damocles Sword
അബേയുടെ കൃതിയുടെ ഉളളടക്കത്തിന്റെ ആധികാരികതയെ സംബന്ധിച്ച് കമ്പനി ഉദ്യോഗസ്ഥന്മാർക്കും ആംഗ്ലിക്കൻ ക്രിസ്ത്യൻ മിഷനറിയായിരുന്ന Rev. G. U Pope-നും ഒരേ സ്വരമായിരുന്നു. തെക്കെ ഇന്ത്യൻ ഹിന്ദു സമൂഹത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥം എന്നാണ് ഇവരെല്ലാം ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടത്. തെക്കെ ഇന്ത്യൻ ഹിന്ദു സമൂഹത്തെക്കുറിച്ചുള്ള സമഗ്രമായ, കൃത്യമായ, വ്യക്തമായ ആദ്യത്തെ കൃതിയെന്നാണ് ഇതിനെക്കുറിച്ച് Lord William Bentick പ്രശംസിച്ചത്.
അബേയുടെ കൃതി പ്രസിദ്ധീകരിയ്ക്കുന്നതു വരെ ബ്രാഹ്മണരോ, മറ്റ് സവർണ്ണ ഹിന്ദുക്കളോ, ഹിന്ദുക്കളെക്കുറിച്ചുള്ള ഇത്തരം ജാതിതിരിച്ചുള്ള ഒരു സമൂഹ വിവരണത്തിന് തുനിഞ്ഞിരുന്നില്ല എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അബേയുടെ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ട് വളരെ വർഷങ്ങൾ കഴിഞ്ഞാണ് ഇത്തരം കൃതികൾ സവർണ്ണ ഹിന്ദുക്കൾ രചിയ്ക്കാൻ ഒരുമ്പെട്ടത്. ഉദാ. The Travancore State Manual (Nagam Aiya -1906), The Cochin Tribes and Castes(L K Anantha Krishna Iyer-1909), etc. ക്രിസ്ത്യൻ കമ്പനി ഉദ്യോഗസ്ഥന്മാരും ക്രിസ്ത്യൻ മിഷനറിമാരും മാത്രമാണ് ജാതി തിരിച്ചുള്ള സാമൂഹ്യ പഠനങ്ങളിലും അതിനോടനുന്ധിച്ചുള്ള ഹിന്ദു മത പഠനങ്ങളിലും ആദ്യം ഏർപ്പെട്ടിരുന്നത്. അവരുടെ ഈ കൃതികൾ, ഇന്ത്യയിൽ നൂറ്റാണ്ടുകളായി സവർണ്ണ പീഢനത്തിനും അടിച്ചമർത്തലുകൾക്കും വിവേചനത്തിനും ഇരയായി എന്നതിന്റെ പേരിൽ സംവരണവും മറ്റ് ആനുകൂല്യങ്ങളും അനുഭവിയ്ക്കുന്ന പിന്നാക്ക ജാതികളുടെ മേലും, ആധുനിക ഇന്ത്യൻ ഭരണഘടനയുടെ മേലും തൂങ്ങി നില്ക്കുന്ന ഒരു വാളാണ്. Damocles Sword പോലെ !!!
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738