For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും !!! പൂജ്യ സ്വാമിജി ദിവംഗതനായ നിർമ്മലാനന്ദഗിരി മഹരാജിന്റെ പ്രഭാഷണം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം(word not clear) ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Start of the discourse…..
സ്വാമിജി : “അമൃതാത്മാക്കളെ … അവിടെ ഭജന നടക്കുന്നുണ്ടെന്നു തോന്നുന്നു…. ആ നിലയ്ക്ക് നിങ്ങളിങ്ങ് അടുത്തിരുന്നാൽ … ഇത് നമുക്കങ്ങ് ഓഫ് ചെയ്യാം…. കാരണം രണ്ട് മൈക്ക് വച്ച് അപ്പുറത്തും ഇപ്പുറത്തും ഒരേ അമ്പലത്തില് ആവുമ്പോൾ … അത് ഒരല്പം മര്യാദകേടാണെന്നാണ് എനിയ്ക്ക് തോന്നുന്നത്.. എന്റെ ശബ്ദം നിങ്ങൾക്ക് ബാക്ക് വരെ കേൾക്കാവുന്ന നിലയ്ക്ക് നിങ്ങള് കുറച്ചു മുമ്പോട്ട് അങ്ങ് കേറി ഇരുന്നാല്…. നമുക്ക് ഇത് പതുക്കെ അങ്ങ് ഓഫ് ചെയ്യാം. അല്ലെങ്കിൽ ആരെങ്കിലും കേട്ടാൽ അതൊരു മര്യാദകേടാണ്… അപ്പുറത്ത് ഭജനയും ഇപ്പുറത്ത് അതിനിടയിൽ ഒരു പ്രഭാഷണവും ഒരേ സമയത്ത് ആകുമ്പോൾ അതൊരു മര്യാദ ഇല്ലാത്ത പരിപാടിയാണെന്നാണ് എനിയ്ക്ക് തോന്നുന്നത്… ആരെങ്കിലും കേട്ടുകഴിഞ്ഞാൽ അത് എന്നെ കുറ്റപ്പെടുത്തുവാൻ ഇടയാകും… കാരണം ഭക്തിയും കാര്യങ്ങളുമൊക്കെയായ ഒരു ഭജന നടക്കുന്നു… അതിന് ഇടയിൽ വന്ന് മൈക്ക് വച്ച് അതും ശബ്ദം എനിയ്ക്കു വളരെ കൂടുതൽ ആയതുകൊണ്ട് ശല്യമാവും അത് അവർക്ക്… അവരുടെ ഏകാഗ്രതയ്ക്കും മറ്റുള്ളതിനും ശല്യമാവും… അതുകൊണ്ട് നമുക്ക് കുറച്ചുകൂടെ എളുപ്പം നിങ്ങൾ ഇങ്ങ് കേറിയിരിയ്ക്കുക…. ഇത് നമുക്ക് പതുക്കയങ്ങ് ഓഫ് ചെയ്യാം….ഒന്ന് മാറ്റവച്ചേര്…. മാറ്റിവച്ചോ..അവരെ നിയന്ത്രിയ്ക്കേണ്ട…..(പുരുഷൻ പറയുന്നു… അവിടെ സൗണ്ട് കേൾക്കില്ല….) … അത് നിർത്താനല്ല…അത് … അങ്ങിനെയായിരുന്നെങ്കില് എനിയ്ക്ക്… ഇതിൽക്കൂടെ അങ്ങ് ഉറക്കത്തിൽ പാടിയാൽ പറഞ്ഞാൽ പോരേ…
Audio Clip of this Discourse
മഹാഭാരതയുദ്ധത്തിന്റെ കാരണങ്ങളും ഫലങ്ങളും…
“മഹാഭാരത യുദ്ധത്തിന്റെ….കേൾക്കാമെന്നാ എനിയ്ക്കു തോന്നുന്നെ….മഹാഭാരതയുദ്ധത്തിന്റെ കാരണങ്ങളും ഫലങ്ങളും എന്നതാണ് വിഷയം …രണ്ടു ദിവസം കൊണ്ട് പറയാനുള്ള വിഷയം .. ഒരു ദിവസം കൊണ്ട് ഒരു ഒന്നര മണിക്കൂർ കൊണ്ട് ചുരുക്കി നിങ്ങളോട് പറയണം. …. (2.55/1.34.44) …എങ്കിലും കുഴപ്പമില്ല …നമുക്ക് ശ്രമിയ്ക്കാം….മഹാഭാരതയുദ്ധമെന്നല്ല ..ലോകത്തിൽ നടക്കുന്ന ഏത് കർമ്മവും ദൃഷ്ടം, അദൃഷ്ടം എന്ന് രണ്ട് ഭാഗങ്ങളോടു കൂടിയതാണ്…..
എൺപത്തിനാല് ലക്ഷം ഭിന്ന ഭിന്ന യോനികൾ
ഭാരതീയ ചിന്ത മാനവ കർമ്മങ്ങളെ കാണുന്നത് പെട്ടെന്ന് ആവിർഭവിച്ച ഒരു മനുഷ്യനിൽ തോന്നുന്നതായല്ല ….എൺപത്തിനാല് ലക്ഷം ഭിന്ന ഭിന്ന യോനികളിൽ ജനിച്ച് വന്നിട്ടുള്ള ….ജനന പൂർവ്വകമായ അനേക വിധ കർമ്മങ്ങളോടു കൂടിയ മാനവൻ ….ചെയ്യുന്ന കർമ്മങ്ങളിൽ ഏറിയ പങ്കും അവന് അജ്ഞാതമാണ്. ജ്ഞാതമായത് അല്പം മാത്രമാണ്….
മനസ്സ് -ബഹുശ്രുതൻ – വൃദ്ധശ്രവൻ
മനസ്സ് എന്നത് ബഹു ശ്രുതനാണ് ….വൃദ്ധ ശ്രവനാണ്…കോശങ്ങൾ എന്നതും…. അതിന്റെ ദേവതകൾ പൂർവ്വ കാലീനമാണ്….അതിലടങ്ങിയിരിയ്ക്കുന്ന പഞ്ചഭൂതങ്ങൾ മാത്രമാണ് വർത്തമാന കാലീനമായുള്ളത് …
സ്ഥൂല-സൂക്ഷ്മ-കാരണ ശരീരങ്ങൾ
ഒരു മനുഷ്യനെ എടുക്കുമ്പോൾ അവന്റെ ശരീരത്തിന് സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണ ശരീരമെന്ന് മൂന്ന് തലങ്ങൾ ഉണ്ട്….അതില് സ്ഥൂലശരീരമാണ് അവനീ ജന്മത്തിലേയ്ക്ക് ആർജ്ജിച്ച് കൊണ്ടുവന്നത്.. അതില് ദശവിധ ഇന്ദ്രിയങ്ങൾ ..അഞ്ച് കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ ….അഞ്ച് പ്രാണങ്ങൾ. … പ്രാണൻ അപാനൻ വ്യാനൻ ഉദാനൻ സമാനൻ തുടങ്ങിയ അഞ്ച് പ്രാണങ്ങൾ …മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്ന അന്തഃകരണം ….ഇന്ദ്രിയങ്ങൾ അവന്റെ ബാഹ്യ കരണമാണ് …ഇവയുമായാണ് അവൻ ഭൂമിയിൽ കർമ്മത്തിനായി കർമ്മേന്ദ്രിയങ്ങളോടും ജ്ഞാനേന്ദ്രിയങ്ങളോടും കൂടി പെരുമാറുന്നത്…(6 mts )
ദേവതകൾ …
അവയുടെ സൂക്ഷ്മ ശക്തികൾ ഉണ്ട്…രാത്രിയിൽ നിങ്ങൾ ഉറങ്ങുമ്പോൾ … കണ്ടത് കാണുക …. കേട്ടത് കേൾക്കുക..കണ്ടതും കാണാത്തതും ചേർത്തുവെച്ച് കാണുക ….കേട്ടതും കേൾക്കാത്തതും ചേർത്തുവെച്ച് കേൾക്കുക…അനുഭവിച്ചതും അനുഭവിയ്ക്കാത്തതും ചേർത്തുവെച്ച് അനുഭവിയ്ക്കുക എന്ന സ്വപ്നമുണ്ട്... അത് സൂക്ഷ്മശരീരത്തിന്റെ കളിയാണ്…. അവിടെ ഇന്ദ്രിയങ്ങൾ സജീവങ്ങളാണ് പക്ഷെ …… ഇന്ദ്രിയശക്തികളാണ് പ്രവർത്തിയ്ക്കുന്നത് … ബാഹ്യേന്ദ്രിയങ്ങൾ അല്ല….മനസ്സും ബുദ്ധിയും ചിത്തവും അഹങ്കാരവും അവിടെ പ്രവർത്തിയ്ക്കുന്നുണ്ട്…ഇങ്ങനെയുള്ള സ്ഥൂല സൂക്ഷ്മ ശരീരങ്ങളോടും…. ഗാഢമായ ഉറക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല …നന്നായി ഉറങ്ങി ..നന്നായി ഞാൻ ഉറങ്ങിയെന്ന് ഉറക്കത്തിൽ അറിയുന്നു … ഉണർന്നു വന്നു പറയുന്നു….
പ്രാജ്ഞൻ
ഇങ്ങിനെ മൂന്നു ശരീരങ്ങളോടു കൂടിയ മാനവന്റെ, കർമ്മങ്ങളെ ഏറിയ കൂറും നിയന്ത്രിയ്ക്കുന്നത് … പ്രാജ്ഞൻ എന്ന അറിയപ്പെടുന്ന ദേവത….. ഗാഢമായ സുഷുപ്തിയിലാണ്…. സുഷുപ്തി നമുക്ക് അജ്ഞേയവുമാണ്….
വ്യഷ്ടിയുടെയും സമഷ്ടിയുടെയും സുഷുപ്തി …. ഈശ്വരൻ
വ്യഷ്ടിയ്ക്കും സമഷ്ടിയ്ക്കും ഈ സുഷുപ്തിയുണ്ട് ….സമഷ്ടിയുടെ സുഷുപ്തി ചൈതന്യത്തെ ഈശ്വരൻ എന്ന് വിളിയ്ക്കും. വ്യഷ്ടിയുടേതിനെ പ്രാജ്ഞൻ എന്ന് വിളിയ്ക്കും.
അനേക ജന്മങ്ങൾ
അനേക ജന്മങ്ങളിൽ നാം കൊണ്ടുവന്നിട്ടുള്ളതാണ് നമ്മുടെ പ്രിയങ്ങളും അപ്രിയങ്ങളും രാഗങ്ങളും ദ്വേഷങ്ങളും എല്ലാം. അതീ ജന്മത്തിൽ ഉണ്ടായതല്ല….ചിലരെ കാണുമ്പോൾ തന്നെ ദേഷ്യം ഉണ്ടാകും…..അവരെ നമുക്ക് പരിചയം ഒന്നുമില്ല…നമ്മുടെ ഒന്നും അവര് ഈ ജന്മത്തിൽ മോഷ്ടിച്ചുകൊണ്ടുപോയിട്ടില്ല .. ചിലരെ കാണുമ്പോഴേ അതിപ്രിയം ഉണ്ടാകും .. അവര് നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നിട്ടില്ല…നമ്മുടെ കൂടെയുള്ളത് നമ്മുടെ അച്ഛനും അമ്മയുമാണ് … അച്ഛനോടും അമ്മയോടും ജീവിച്ച് അച്ഛനോടും അമ്മയോടും പ്രിയമില്ലാത്ത മക്കളുണ്ട്…..അയൽപക്കത്തെ ആന്റി (aunty) എന്ന് പറഞ്ഞാൽ ജീവനായിരിയ്ക്കും. ….അതിന്റെ കാരണങ്ങൾ ഒക്കെ നിങ്ങൾ കണ്ടുപിടിയ്ക്കും….കാരണങ്ങൾ ഒക്കെ അബദ്ധമാണ്…
ഭരണഘടനയും രാഷ്ട്രീയ മുന്നണികളും
ഓരോ കുടുംബത്തിനും നിയമമുണ്ട്….ഓരോ രാജ്യത്തിനും നിയമമുണ്ട്….നിങ്ങൾ പ്രവർത്തിയ്ക്കുന്ന ഓരോ സംഘടനയ്ക്കും നിയമമുണ്ട്….ഭരണഘടന ഓരോന്നിനും ഉണ്ട്…അതനുസരിച്ച് നിയമങ്ങൾ ഉണ്ട്…അതനുസരിച്ച് കൂടിയിരുന്ന് തീരുമാനങ്ങളുണ്ട് …ആലോചനകൾ ഉണ്ട്….ഭരണഘടനയെപ്പിടിച്ച് സത്യവും ചെയ്യാറുണ്ട്….ഞാന് പ്രിയം കൊണ്ടോ …അപ്രിയം കൊണ്ടോ ..ആർക്കും ഒന്നും ചെയ്യുകയോ, ആർക്കും ചെയ്യാതിരിയ്ക്കുകയോ, ഒന്നും ചെയ്യില്ല എന്ന് ഒക്കെ സത്യപ്രതിജ്ഞയും ചെയ്യുന്നുണ്ട് …..പക്ഷെ നിങ്ങളുടെ ഗാഢമായ സുഷുപ്തിയിലെ പ്രാജ്ഞൻ നിശ്ചയിയ്ക്കുന്നതു പോലെ, ഈ ഭരണഘടനകളെയും നിയമങ്ങളേയും ഒക്കെ കാറ്റിൽ പറത്തി നിങ്ങൾ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്യും…. അത് ജനാധിപത്യത്തിലായാലും രാജാധിപത്യത്തിലായാലും എവിടെയായാലും….
ദൃഷ്ടമല്ലാത്തത്
വളരെ ബന്ധമുള്ള അച്ഛനെ, അമ്മയെ, ഭാര്യയെ മക്കളെ …കീഴുദ്യോഗസ്ഥന്മാരെ …പരിചയക്കാരെ ഒക്കെ തള്ളി മാറ്റി ചിലപ്പോൾ …നിങ്ങൾക്കു പ്രിയംകരനായി പുറത്തു നിന്ന് ഒരുത്തൻ വന്ന് നിങ്ങളെയും ഭരിച്ച് കാര്യങ്ങളും ചെയ്ത് … ചിലപ്പോൾ വിജയകരമായി കടന്ന് പോകാം …ചിലപ്പോൾ അവൻ ജയിലിലേയ്ക്ക് പോകാം …. ചിലപ്പോൾ നിങ്ങളെക്കൂടെ ജയിലിലേയ്ക്ക് കൊണ്ടുപോകാം….ഇതിനെ മുഴുവൻ ഭരിയ്ക്കുന്നത് … ദൃഷ്ടമല്ല ….(10.19/1.34.44)
മഹാഭാരത രചനയുടെ ഉദ്ദേശ്യം
നിങ്ങളിൽ തൃഷ്ണയുണ്ടാക്കുന്ന …നിങ്ങളിൽ അതനുസരിച്ച് രാഗവും ദ്വേഷവും ഉണ്ടാക്കുന്ന …കാര്യങ്ങളെയാണ് ..വ്യാസൻ മാനവകുലത്തെ പഠിപ്പിയ്ക്കുന്നതിനു വേണ്ടി ….തലമുറകളുടെ ചരിത്രം അടങ്ങുന്ന ….ഒരു ഗ്രന്ഥം രചിച്ചത് ……വ്യാസൻ അതിന് …തന്റെ പുത്രന്മാരുൾപ്പടെയുള്ള വിപുലമായ കഥയാണ് രചിച്ചു തന്നത്….. അതിന്റ പ്രഥമ ഭാഗം എന്ന് പറയാവുന്നത് …അദ്ധ്യായമല്ല …തെറ്റിദ്ധരിയ്ക്കരുത് …നമ്മളത് ചർച്ച ചെയ്യുകയും പഠിയ്ക്കുകയും ചെയ്യുമ്പോൾ അതിന്റെ പ്രഥമ ഭാഗം എന്നത് ….അദൃഷ്ടമാണ്….. ഈ ചോദ്യം വ്യാസന്റെ മരണം കഴിഞ്ഞ് …ചോദിയ്ക്കുന്നുണ്ട്….
വൈശമ്പായനനും മാർക്കണ്ഡേയ മഹർഷിയും
വൈശമ്പായനൻ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും……ഉണ്ടോ ?….വ്യാസന്റെ ശിഷ്യനാണ്…..മഹാഭാരതം ഒക്കെ രചിച്ച് കഴിഞ്ഞ് …. വ്യാസൻ മരിച്ച് കഴിഞ്ഞ് …വൈശമ്പായനന് കുറെ സംശയമുണ്ടായി ….ഗുരുവിന്റെ അസാന്നിദ്ധ്യത്തിലുണ്ടായ സംശയങ്ങൾ തീർക്കണമെന്ന് വൈശമ്പായനൻ ആഗ്രഹിച്ചു….അദ്ദേഹം അതിന് നേരെ പോയത് … പ്രസിദ്ധനായ മാർക്കണ്ഡേയ മഹർഷിയുടെ അരികിലേയ്ക്കാണ്… മാർക്കണ്ഡേയന്റെ മാദ്ധ്യാഹ്നിക സമയത്ത് അവിടെയെത്തിയപ്പോഴ്….മാർക്കണ്ഡേയനോട് ..വൈശമ്പായനൻ ചോദിയ്ക്കാൻ തുടങ്ങി….. എന്തുകൊണ്ട് പാഞ്ചാലിയ്ക്ക് അഞ്ച് ഭർത്താക്കന്മാരുണ്ടായി….. ഇങ്ങനെ സംശയങ്ങൾ ഓരോന്നായി ചോദിയ്ക്കാൻ അങ്ങ് തുടങ്ങുമ്പോൾ …മാർക്കണ്ഡേയൻ പറഞ്ഞു…നിന്റെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പിംഗാക്ഷൻ തുടങ്ങിയ …. ആറ് പക്ഷികൾ പറഞ്ഞുതരും….കബന്ധി …പിംഗാക്ഷൻ ഒക്കെ തുടങ്ങിയ …കാരണം അവര് ഇതിന്റെയെല്ലാം ഉത്തരം കൃത്യമായി അറിഞ്ഞിട്ടുണ്ട്…. അങ്ങിനെ അങ്ങോട്ടു പോകുന്ന ഒരു കഥയുണ്ട്… സപ്തശതിയിൽ …ഇതാണ് വളരെ വിപുലമായി വിശദീകരിയ്ക്കുന്നത്…..
അദൃഷ്ടം …ഗീത 18.14
ഇതിന്റെ അടുത്ത ഭാഗമാണ് …..അദൃഷ്ടം…. അനേകം കഥകളിലൂടെ ഭാരതത്തിന്റെ ആചാര്യന്മാർ നമ്മെ പഠിപ്പിയ്ക്കാൻ ശ്രമിച്ചിട്ടുള്ളത് …ദൃഷ്ടങ്ങളെക്കുറിച്ചല്ല.…മനുഷ്യബുദ്ധികൊണ്ട് …പറ്റാത്ത …മാനവന്റെ ബുദ്ധി പരാജയപ്പെട്ടുപോകുന്ന ….വളരെ കേമനാണെന്ന് വിചാരിയ്ക്കുന്നവൻ തകർന്നുപോകുന്ന … നിശ്ചയങ്ങളെ ഒക്കെ മാറ്റിമറിയ്ക്കുന്ന ….ഒരു ഘടകം …അതിന് ഗീതാകാരൻ … പതിനെട്ടാം അദ്ധ്യയത്തിന്റെ പതിന്നാലാമത്തെ ശ്ലോകത്തില് … അദൃഷ്ടം എന്നതിന് പകരം ദൈവം എന്നാണ് പറയുന്നത്….
ദൈവം = അദൃഷ്ടം
ഭാരതീയ ചിന്തയിൽ ദൈവം എന്ന ശബ്ദം ഉണ്ടാകുന്നതുതന്നെ … ഈ അർത്ഥത്തിലാണ്…. അനിഷ്ടം… ഇഷ്ടം ….മിശ്രം… എന്ന് മൂന്ന് വിധമാണ് കർമ്മം…. കർമ്മഫലവും (ഗീത 18.12)…. അനിഷ്ടം… …ഇഷ്ടം..മിശ്രം… ഇഷ്ടമല്ലാതെ കർമ്മം ചെയ്തിട്ട് … ഇഷ്ടമുള്ള ഫലം ഉണ്ടാവുക…(15.34/1.34.44) … ഇഷ്ടമല്ലാത്ത കർമ്മം ചെയ്ത് ….അനിഷ്ടകർമ്മം ചെയ്ത് … അനിഷ്ടഫലം ഉണ്ടാവുക…. അനിഷ്ട കർമ്മം ചെയ്ത് …. ഇഷ്ടവും അനിഷ്ടവും മിശ്രമായി ഫലമുണ്ടാവുക…. മൂന്നും അനുഭവം ഉണ്ടോ ….. ഉവ്വോ…. വളരെ ഇഷ്ടത്തിൽ ഒരു കർമ്മം ചെയ്യാൻ പോയി….. അച്ഛൻ തടഞ്ഞു…അമ്മ തടഞ്ഞു….നാട്ടുകാര് തടഞ്ഞു…. ഒന്നും പറ്റൂല്ല…. ചെയ്തേ പറ്റൂ…. ചെയ്യാതിരിയ്ക്കാൻ ഒക്കുകേല….ഞാൻ ചെയ്യും….ചെയ്തു….ഇഷ്ടപ്പെട്ട് ചെയ്തതാണ്….ഫലം വന്നപ്പോൾ അനിഷ്ടമായി … അവരെല്ലാം കൂടെ കേറി…. ആക്രമിയ്ക്കാൻ തുടങ്ങുകയാണ്….ഇങ്ങിനെ ഉണ്ടായിട്ടുണ്ടോ…. ഒരിക്കലെങ്കിലും…ങ്ഹേ …ഇല്ല…നിങ്ങക്ക് അനുഭവം ഉണ്ടാവില്ല… ങ്ഹേ… അനുഭവം ഉണ്ട്… അപ്പം ഇഷ്ടകർമ്മം ചെയ്ത് …അനിഷ്ടഫലം …
അനിഷ്ടം, ഇഷ്ടം, മിശ്രം
വളരെ ഇഷ്ടമുള്ള ഒരു കർമ്മം ചെയ്തു….. ഒരാൾ…. ആഗ്രഹിച്ചതുപോലെ ഫലം കിട്ടി…ഹൊ…..ഇഷ്ട കർമ്മത്തിന് ഇഷ്ടഫലം… അങ്ങിനെ ഉണ്ടാവും…. ചിലർക്ക് അങ്ങിനേയും ഉണ്ടാവും…. ഇഷ്ടകർമ്മമാണ് ചെയ്തത് ….ഫലം വന്നപ്പോൾ ഇഷ്ടവും കുറച്ചുണ്ട് അനിഷ്ടവും കുറച്ചുണ്ട്…. കാരണം ഈ കർമ്മം ചെയ്തു കഴിയുമ്പോഴേയ്ക്ക് …ഭാര്യയുടെ ബന്ധുക്കളെന്ന് പറഞ്ഞ് കുറെ അവന്മാർ ഇവിടെ നിരങ്ങുന്നുണ്ട് …അവരെ പുറത്താക്കാമെന്ന് വിചാരിയ്ക്കുകയും…നമ്മടെ ആൾക്കാരെ കൂടുതൽ ബന്ധിപ്പിച്ച് നിർത്താമെന്ന് വിചാരിയ്ക്കുകയും …. ഒക്കെ ചെയ്തിട്ട് …. അവരകത്തുമായി … ഇവര് പുറത്തുമായി … എന്നാൽ കർമ്മത്തിന്റെ ഫലമായി ഉണ്ടാകേണ്ട ലാഭം ഒക്കെ ഉണ്ടാവുകയും ചെയ്തു…..(17.56/1.34.44) അപ്പം ലാഭം ഉണ്ടായതിലും വളർച്ചയിലും നേട്ടത്തിലും ഒക്കെ സന്തോഷം ഉണ്ടാവുമ്പോഴും .. ഇവന്മാര് ….Am I right ? ങ്ഹേ…. അപ്പം അത് മിശ്ര ഫലമാ….. അപ്പോ അനിഷ്ടം ..ഇഷ്ടം … മിശ്രം…. കർമ്മങ്ങൾ ഇങ്ങിനെ മൂന്ന്…കർമ്മ ഫലങ്ങളും മൂന്ന്….. (18.23 mts )
അധിഷ്ഠാനം….കർത്താവ്… കരണങ്ങൾ
കർമ്മത്തിന് അധിഷ്ഠാനമുണ്ട്…കലമുണ്ടാക്കണം…മണ്ണ് അതിന്റെ അധിഷ്ഠാനം ആണ്….എല്ലാ കർമ്മത്തിന്നും ഒരു അധിഷ്ഠാനം ഉണ്ട്…മണ്ണ് കലത്തിന്റെ അധിഷ്ഠാനവും , കുംഭാരൻ അതിന്റെ കർത്താവുമാണ്…..അതിന് കുലാല ചക്രം കുലാല ദണ്ഡ് …നൂല് …ഇങ്ങിനെ …കരണങ്ങൾ ഉണ്ട്….ഒരു കർമ്മം ചെയ്യണമെങ്കിൽ ഇന്ദ്രിയവും… അത് ബാഹ്യ കരണമാണ്…അന്തഃകരണവും.. ആന്തരിക കരണമാണ് .. മനസ്സൊക്കെ പങ്കെടുക്കണം…അപ്പോൾ കർമ്മത്തില് അധിഷ്ഠാനം …കർത്താവ് …കരണം…
ദൈവം
ഒരു കലമുണ്ടാക്കാൻ മണ്ണ് തല്ലി ശരിയാക്കേണ്ട അടിഭാഗമുണ്ട്…മണ്ണ് കുഴയ്ക്കണം…കുലാല ചക്രത്തിൽ വച്ച് ചക്രം കറക്കണം…. കറങ്ങുന്ന ചക്രത്തേല് …കലത്തിനു ചുറ്റും നൂല് ചുറ്റി വലിച്ച്….കലം പ്രത്യേകം കറക്കണം…അതൊക്കെ ചേഷ്ടകളാണ്…കർമ്മത്തിന് ചേഷ്ഠകൾ ഉണ്ട്….അധിഷ്ഠാനം , കർത്താവ്, …കരണം, ചേഷ്ഠ… ഇതൊന്നും അല്ല….കർമ്മത്തെ നിയന്ത്രിയ്ക്കുന്നത്….എന്ന് ഗീതാകാരനായ ഭഗവാൻ ശ്രീകൃഷ്ണപരമാത്മാവ് അർജ്ജുനനോടു് പറയും….അത് ദൈവമാണ്…ദൈവം ചൈവ അത്ര (തത്ര) പഞ്ചമം …ഏത് കർമ്മത്തിന്നും…ദൈവം അല്ലെങ്കിൽ അദൃഷ്ടം…
ഉമ്മൻ ചാണ്ടി….പ്രമഥ മല്ലൻ ന്യായം
വൈശമ്പായനൻ തേടി ചെന്നതും അതാണ്….വൈശമ്പായനന് നമുക്ക് അറിയേണ്ടതുപോലെ …ഭൗതികമായ നിയമങ്ങളോ കാര്യങ്ങളോ അല്ല … അതിനെ വിശ്വസിച്ച് മുന്നേറിയിട്ട് കാര്യമില്ല……ബഹുദൂരവും … പിന്നെ അതിവേഗവുമായിപ്പോയ നമ്മുടെ മുഖ്യമന്ത്രി കാലിടറി വീണത് …യുക്തികൾക്ക് കണ്ടെത്താൻ പറ്റില്ല….ഇത്രയും യുക്തിപൂർവ്വം കാര്യങ്ങൾ ചെയ്യുന്ന … ഇത്രയും പണ്ഡിതനായ … ഇത്രയും ആലോചനയുള്ള ആള് …വീഴുകാണ്… ഇതുപോലെ തന്നെയാണ് എല്ലാവരും…നിങ്ങളും ..ഞാനും…ഒക്കെ…പ്രഥമ മല്ലൻ ന്യായത്തിൽ പറഞ്ഞതാണ് …വമ്പൻ വീഴുമെങ്കിൽ നമ്മുടെ കഥയൊന്നും…പറയണ്ട…
അദൃഷ്ടം…..an unknown…
അപ്പോൾ കളിയ്ക്കുന്ന ആരോ ഒരാൾ പിന്നിലുണ്ട്….കളിയ്ക്കുന്ന ഒരാള് പിന്നിലുണ്ടെന്ന് പറഞ്ഞാൽ പത്രക്കാര് പറയുന്നത് അല്ല ഞാൻ പറഞ്ഞത്…മനസ്സിലായില്ല…ങ്ഹേ ..ങ്ഹേ…ഞാന് ഭഗവാൻ എന്നൊന്നും നിങ്ങളെ പഠിപ്പിയ്ക്കുന്നില്ല…കാരണം നിങ്ങളുടെ കൂട്ടത്തിൽ യുക്തിവാദികൾ ഉണ്ട് ..നിരീശ്വരവാദികൾ ഉണ്ട്…ഈശ്വരവാദികൾ ഉണ്ട്…അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് അതിന് ഇട്ടോ…ഒരു അജ്ഞേയമായ ഒരുവൻ പിന്നിലുണ്ട്... അതിന് നിങ്ങള് സർജ്ജന പ്രക്രിയയുടെ പിതാവ് പ്രജാപതി എന്ന് വിളിച്ചാലും … ഒരു ശാസ്ത്ര സത്യമെന്ന് വിളിച്ചാലും …അദൃഷ്ടം …an unknown .. എന്ന് വിളിച്ചാലും…ഞങ്ങൾക്ക് കൃത്യമായി അറിയാം… ദൈവം ആണെന്ന് വിളിച്ചാലും..ഒന്നും എനിയ്ക്ക് വിരോധമില്ല….അത് ഉണ്ട് എന്ന സത്യം …നിങ്ങൾക്കും എനിയ്ക്കും നിഷേധിയ്ക്കാനാവില്ല…എന്നത് മാത്രമാണ്….. നമ്മള് തമ്മിൽ ഇരുന്ന് പറയുമ്പോൾ ഉള്ള പ്രധാനപ്പെട്ട കാര്യം .. എത്ര സമർത്ഥനും…
പക്ഷികളുടെ അറിവ്…
അതുകൊണ്ട് വൈശമ്പായനൻ …പോയി ചോദ്യങ്ങൾ എല്ലാം ചോദിയ്ക്കുന്നുണ്ട്…ചോദ്യം ചോദിയ്ക്കുമ്പോൾ ഈ പക്ഷികൾ എങ്ങിനെ അറിഞ്ഞു … അതിനും ഒരു അദൃഷ്ട കാരണമുണ്ട്….ഇത് വളരെ …പ്രസിദ്ധനായ ഋഷിയുടെ വംശമാണ്…പക്ഷിയായിപ്പോയത്….ഈ പക്ഷിയുടെ മുട്ടകളും വഹിച്ചുവന്ന തള്ള….മഹാഭാരതയുദ്ധക്കളത്തിനു മുകളില് …പറക്കുമ്പോഴാണ്…ഭഗദത്തന്റെ അമ്പ് കൊള്ളുന്നത്…. ഒരു സാദ്ധ്യതയും ഇല്ലാതെയാണ് കൊള്ളുന്നേ…. അതുകൊണ്ടാണ് അങ്ങിനെ സംഭവിയ്ക്കുമ്പോ അതിന്റെ സാദ്ധ്യതയൊക്കെ അന്വേഷിച്ച് തിരുത്താനാണ് സയന്റിസ്റ്റുകളും നിങ്ങളും ഒക്കെ പോകുന്നത്…. ഈ മുട്ട എല്ലാം കൂടെ വയറ്റിൽ നിന്ന് താഴെ വന്നു വിഴുകയാണ്…പൂർണ്ണ വളർച്ച എത്തിയ മുട്ട….അത് വീഴുന്നത് ഒരു ആനയുടെ വസയിലാണ്…വീഴുന്നത്…. (വസ = കൊഴുപ്പ് ) അതുകൊണ്ട് പൊട്ടിപ്പോയില്ല….മഹാഭാരതയുദ്ധക്കളത്തില് ….പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്ത്…..ഈ മുട്ടകൾ…ഒരു വസയിൽ വന്ന് വീഴുകാണ്…ഈ വസയിൽ വന്ന് വീണതോടുകൂടി …നാക്ക് പോയ ഒരു മണി അതിന്റെ പൊക്കത്തിൽ വന്ന് വീഴും…
യാദൃച്ഛികം….
പൂർവ്വ ഋഷിമാര് തേടുന്നത് ഇത്തരം കാര്യങ്ങളാണ്… അവർക്ക് ഇതിലൊക്കെയാണ് ഔത്സുക്യം….. അല്ലാതെ നേരിട്ട് നടക്കുന്ന സംഭവങ്ങളിൽ ഒന്നും അവർക്ക് വലിയ ഔത്സുക്യം ഇല്ല..അതീന്നൊന്നും പഠിയ്ക്കാൻ ഇല്ല…..ജീവിതത്തിൽ ഇങ്ങിനെ ചില സംഭവങ്ങൾ ഉണ്ടാവും… അപൂർവ്വങ്ങളും യാദൃച്ഛികങ്ങളും…ആനന്ദപ്രദങ്ങളുമായ ആയ കാര്യങ്ങൾ….അവിടെ മനുഷ്യന്റെ ശക്തിയൊന്നുമില്ല…കാരണം ഈ മണിയുടെ നാക്ക് അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ മുട്ടയില് ..കൊള്ളാം!…. ഈ മണി സ്ഥാനം തെറ്റി വീണാൽ കൊള്ളാം!….മണി വീണില്ലെങ്കിൽ ഇതിന്റെ പൊക്കത്തുകൂടെ ഭടന്മാരോ, അമ്പോ, വില്ലോ, ഒക്കെ വീഴുമ്പോ … അത് പൊട്ടിപ്പോവാം… ഈ മുട്ട വിണ …വസയുടെ മുകളില് …മണി കമഴ്ന്നു വന്ന് വീണ് …മുട്ടയെ സംരക്ഷിച്ചു നിർത്തുക….അപ്പോ ഇതു പഠിയ്ക്കുമ്പോ ഒരു തോന്നൽ ഉണ്ടാവും…ആ മുട്ടകളെ സംരക്ഷിച്ചതു പോലെ ഭഗവാൻ .. അവിടുന്ന് … അല്പ പ്രാണനായ എന്റെ …ജീവിതത്തെയും…എന്റെ കർമ്മങ്ങളേയും …. എന്റെ സങ്കല്പങ്ങളേയും …സംരക്ഷിയ്ക്കുമാറാകേണമേ ….ഞാനതുകൊണ്ട് … ഈ ലൗകിക നിയമങ്ങളിൽ … ഈ ധർമ്മങ്ങളിൽ…വിശ്വസിയ്ക്കുന്നില്ല….
ഗീത 18:66
സർവ്വ ധർമ്മങ്ങളേയും പരിത്യജിച്ച് (ഗീത 18:66) …..അങ്ങയിൽ മാത്രം വിശ്വസിയ്ക്കുന്നു ….. എല്ലാ അപകടങ്ങളിൽ നിന്നും അങ്ങ് എപ്രകാരമാണ് മഹാഭാരതയുദ്ധത്തിങ്കൽ പതിച്ച മുട്ടയെപ്പോലും സംരക്ഷിച്ചത് …അതുപോലെ അങ്ങ് എന്നെ സംരക്ഷിയ്ക്കണം… എന്റെ ബുദ്ധി എന്നെ സംരക്ഷിയ്ക്കുമെന്ന്….ഞാൻ വിശ്വസിയ്ക്കുന്നില്ല….എന്റെ മനസ്സ് എന്നെ സംരക്ഷിയ്ക്കാൻ കൊള്ളുന്നതാണെന്ന് ….എനിയ്ക്ക് ഉറപ്പില്ല…. എന്റെ കരണങ്ങൾ …കലവികൾ …എന്റെ ഇന്ദ്രിയങ്ങൾ പരിമിതങ്ങളാണ്…അവയൊന്നും…എനിയ്ക്ക് കവചം തീർക്കുമെന്ന് ഒരിയ്ക്കലും എനിയ്ക്ക് വിശ്വാസമില്ല…. അങ്ങയാൽ ആച്ഛാദിതമായ ….ഈ ജഗത്ത്….അദൃഷ്ടമായ അങ്ങയുടെ…..ശക്തിവിശേഷം ഒന്നുകൊണ്ട് മാത്രം…..സംരക്ഷിയ്ക്കപ്പെടുന്നതാണെന്ന്…..ഞാനറിയുന്നു ഭഗവാൻ….
ഇതിഹാസ പുരാണങ്ങളുടെ ഉദ്ദേശ്യം…
ഇങ്ങിനെ പഠിയ്ക്കാനാണ് …വ്യാസാദികൾ …ഇതിഹാസ പുരാണങ്ങളെ നമുക്കായി രൂപാന്തരപ്പെടുത്തി തന്നത്….അതിന്റെ മുഖ്യധാര…അദൃഷ്ടം അല്ലെങ്കിൽ ദൈവമാണ്….എനിയ്ക്ക് തുടരാമോ ?….എനിയ്ക്ക് തുടരാമോ ?….നിങ്ങക്ക് മനസ്സിലാവുമോ…ങ്ഹും …കഴിഞ്ഞ തവണ നിങ്ങൾ എന്നെ വിളിച്ചത് ….രാമായണത്തെക്കുറിച്ച് പറയാനാണ്…..ഇത്തവണ രാമായണ മാസത്തിൽ വിളിച്ചത് …മഹാഭാരതത്തിന്റെ കാരണങ്ങളും ഫലങ്ങളും പറയാനാണ്….വിഷയം കഴിഞ്ഞതവണയും ഇത്തവണയും ഞാനല്ല തെരഞ്ഞെടുത്തത് …suggestion ആണ് …ഞാനതങ്ങ് സ്വീകരിച്ചതാണ്….അതുകൊണ്ടു തന്നെ …നിങ്ങൾക്കത് ഇഷ്ടപ്പെടുമോ…ഈ പോക്ക് …ങ്ഹും ….
An Uncertainity….അനിശ്ചിതത്വം
ആയിരം തവണ ഒരു നാണയമെടുത്ത് ….. അതിന്റെ head-ഓ… tail -ഓ appear ചെയ്യുന്നതെന്ന് അറിയാൻ മുകളിലേയ്ക്ക് ടോസ്സ് ചെയ്താൽ ….ആയിരം തവണയും ടെയില് വന്നത് ആയിരത്തൊന്നാമത് പൊക്കിയിട്ടാൽ അത് ടെയിലായിരിക്കുമെന്നോ …..ഹെഡ്ഡായിരിക്കുമെന്നോ നിശ്ചയമില്ലാത്ത … ശക്തമായ ഒരദൃഷ്ടം….an uncertainity….അതാണ് വ്യാസാദികൾ പഠിയ്ക്കാനൊരുങ്ങിയത് …പഠിപ്പിയ്ക്കാനൊരുങ്ങിയത്…. അതാണ് കുട്ടിക്കാലത്ത് പഠിയ്ക്കേണ്ടത്... ഈ ലോകത്തെ നിയന്ത്രിയ്ക്കുന്ന …ഏറ്റവും ചാരുവും…ഏറ്റവും ഉദാത്തവുമായ രഹസ്യം…. അനിശ്ചിതത്വമാണ്…. അതിലെനിയ്ക്ക് നിശ്ചയമുണ്ടെന്ന് ആര് പറയുമ്പോഴും അവൻ വിഢ്ഢികളുടെ സ്വർഗ്ഗത്തിലാണ്…… അടുത്ത നിമിഷം അനിശ്ചിതമായ …അടുത്തതെന്തെന്ന് അനിശ്ചിതമായ …ലോകത്ത് …എങ്ങിനെ ആനന്ദത്തോടെ ജീവിയ്ക്കും…എങ്ങിനെ സുഖം കണ്ടെത്തും…. ഇതുവരെ ചോദിച്ചിട്ടുണ്ടോ ഈ ചോദ്യം….
നിങ്ങളൊക്കെ വിദ്യാസമ്പന്നരാണ്….കാണുമ്പോ അറിയാം…പ്രബുദ്ധരാണ്……തൃപ്പൂണിത്തറക്കാരാണ്….സമ്പന്നരാണ്….നിങ്ങളും നിങ്ങടെ കുട്ടികളും….ജീവിതത്തിൽ ഒരിക്കലെങ്കിലും ഇരുന്ന് …നിങ്ങളിലെ ഭാര്യയും ഭർത്താവും…ജീവിതത്തിൽ ഒരിക്കലെങ്കിലും ഇരുന്ന്…നിങ്ങളും നിങ്ങളുടെ അച്ഛനമ്മമാരും ഇരുന്ന് …ചിന്തിച്ചിട്ടുണ്ടോ ഈ രഹസ്യം….കളിച്ചും ചിരിച്ചും…സീരിയലു കണ്ടും…സിനിമ കണ്ടും…റിയാലിറ്റി ഷോ കണ്ടും… ക്ഷേത്രത്തിൽ പോയും പോകാതെയും…വിമർശിച്ചും …സ്വീകരിച്ചും…പാർട്ടികളിൽ ചേർന്നും…ചേരാതെയും…ഒക്കെ ഓടുമ്പോ….ദൃഷ്ട നഷ്ടമായ ഈ പ്രപഞ്ചത്തിന്റെ അതിഗഹനമായ അനിശ്ചിതത്വത്തിന്റെ രഹസ്യം ……ഒരു പ്രാവശ്യമെങ്കിലും … ചിന്തിച്ചിട്ടുണ്ടോ….(32.09/1.34.44).. നേർക്കുനേർ വന്നിട്ടുണ്ടോ … വന്നിട്ടും തിരിച്ചറിയാതെ വിട്ടു കളഞ്ഞിട്ടുണ്ടോ …
ഈ അനിശ്ചിതത്ത്വത്തെ തിരിച്ചറിയുന്ന …. ഒന്നിലധികം മുഹൂർത്തങ്ങൾ … കുട്ടിയായി … പഠനം ….പരീക്ഷ ….. ഇവയിലൊക്കെയും ….. തൊഴില് …. ഇന്റർവ്യൂ …. ഇവയിലൊക്കെയും…. കൂട്ടായ്മ ….കുടുംബം ഇവയിലൊക്കെയും…. സംഘടനയുടെ നേതൃത്വം മുതലായവയിലൊക്കെയും …. ഒക്കെ നിങ്ങൾ പരതിക്കയറുമ്പോൾ … മുഖാമുഖം … ഈ അനിശ്ചിതത്ത്വം …നിങ്ങളുടെ കർമ്മഫലങ്ങളെ ബാധിച്ച് …. നേരിട്ട് …വന്നു നിന്ന് …മണിക്കൂറുകളുടെ ദിവസങ്ങളുടെ മാസങ്ങളുടെ തകർച്ചയിൽ …ചിലപ്പോൾ അവയോട് വിടപറഞ്ഞ്. … ചിലപ്പോൾ …അവയിൽ നിന്ന് ഫൈറ്റ് (fight) ചെയ്യാൻ തീരുമാനിച്ച്. …. ഒക്കെ കർമ്മങ്ങളുമായി മുന്നോട്ടു പോകുമ്പോൾ …. ആയിരം സന്ദർഭങ്ങളിൽ ഈ അനുഭവങ്ങൾ മുന്നിൽ എത്തിയാലും…. അവയെ ഒന്ന് പഠിയ്ക്കണം …. ഉൾക്കൊള്ളണം…. അതാണ് അറിയണ്ടത്…. എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…. എന്നാണ് ഞാൻ ചോദിച്ചത്…..
അദൃഷ്ടം… അതിനെക്കുറിച്ചുള്ള പഠനം
ഉണ്ടും… ഉറങ്ങിയും സമ്പാദിച്ചും…ജനിമൃതികളുടെ ചാക്രിക ആപത്തിയിലേയ്ക്ക് വീണ്ടും വീണ്ടും…മറിഞ്ഞുപോകുമ്പോൾ …നമുക്കു മുമ്പേ പോയ മഹാന്മാരും …നമുക്കു മുമ്പേ പോയ മനുഷ്യരും… അനന്ത വിസ്മൃതിയിലേയ്ക്ക് പോയിക്കഴിഞ്ഞ് ….നാമും ഇതെല്ലാം ഉണ്ടാക്കിവച്ച് ….അനന്തമായ ഒരു വിസ്മൃതിയിലേയ്ക്ക് ലയിച്ചു ചേരാൻ വെമ്പൽ കൊണ്ട് …. കാട്ടുന്ന ഈ നടനം… അതിൽ രഹസ്യമായിരിയ്ക്കുന്ന അദൃഷ്ടം… ഒരു പ്രാവശ്യമെങ്കിലും ചിന്തിയ്ക്കുകയും…കാര്യമായി എടുക്കുകയും…പഠിയ്ക്കണമെന്ന് തോന്നുകയും… ചെയ്തിട്ടുണ്ടോ …
ആധുനിക വിദ്യാഭ്യാസം….
അതോ കർമ്മവും മറവിയും…. കർമ്മവും മറവിയുമായി … കൂടു കൂട്ടി….പലതിന്റെയും നേതാവായി …പലതും നേടി … പലതായി …കടന്നുപോവുകയാണോ…. (നിങ്ങളുടെ നിശ്ശബ്ദത എന്നെ പേടിപ്പിയ്ക്കുന്നുണ്ട്.. കഴിഞ്ഞ വർഷം ഞാൻ വന്നപോലെ തന്നെ…. എന്റെ ചോദ്യത്തിന് പ്രസക്തിയുണ്ടോ …..) ങ്ഹേ …. ഉണ്ടോ …നിങ്ങൾടെ വിദ്യാഭ്യാസ സങ്കേതങ്ങളിൽ ഈ ചോദ്യവും ഇതിന് എന്തെങ്കിലും ഉത്തരവുമുണ്ടോ….Chemistry, Physics, Biology … തുടങ്ങിയ Degree , Post Graduation , PhD കോഴ്സുകൾ ….MBA, Engineering , MBBS, BAMS തുടങ്ങിയ അനേകം കോഴ്സുകൾ … അനേകം യൂണിവേഴ്സിറ്റികളിൽ യൗവനം തല്ലിത്തകർത്തുവന്ന …ഇടപാടുകൾ… അനേകം മാനേജമെന്റ് ക്ലാസ്സുകൾ…മാനേജമെന്റ് ഗുരുക്കന്മാർ…..ഈ സിലബസ്സുകളിൽ …. ഈ പഠനങ്ങളിൽ …. ഈ ഒരു അന്വേഷണം ഉണ്ടോ….എന്നാണ് ഞാൻ ചോദിച്ചത് …. ങ്ഹേ …ങ്ഹേ… ആരോ ഒരാള് പറഞ്ഞു….. പറഞ്ഞത് ഉണ്ടെന്നാണോ….ഇല്ല… പഠിയ്ക്കേണ്ടതല്ലേ…. ങ്ഹേ.. ഒരു പക്ഷേ ….. ഇത് പഠിച്ചിട്ട് വേണ്ടായിരുന്നുവോ … ബാക്കി എല്ലാം പഠിയ്ക്കാൻ….
അജ്ഞേയം…..
ശൈശവത്തിൽ തന്നെ ഈ മഹാരഹസ്യത്തിന്റെ ചെപ്പ് തുറന്നാൽ നിങ്ങൾ ആരായിരുന്നാലും ആനന്ദിയ്ക്കുക ഇല്ലായിരുന്നുവോ… ബ്രഹ്മചാരിയായും…. ഗൃഹസ്ഥനായും…സന്യാസിയായും… വാനപ്രസ്ഥനായും ഒക്കെ ഉഴലുമ്പോൾ…ബ്രാഹ്മണനായും ക്ഷത്രിയനായും വൈശ്യനായും ശൂദ്രനായും കർമ്മകലാപങ്ങളിൽ പെടുമ്പോൾ ….മാനവ ചേതനയെ വിസ്മയിപ്പിയ്ക്കുന്ന …നേട്ടങ്ങൾ കൊയ്തുവെന്ന് ഫ്ലക്സ് ബോർഡുകളിൽ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ …. നമ്മെയെല്ലാം വിറങ്ങലിപ്പിയ്ക്കുന്ന… ഒരദൃഷ്ടമുണ്ട്… ഒരു അജ്ഞേയം … ഈ മണിയുടെ അടിയിലിരുന്ന മുട്ട വിരിഞ്ഞാൽ …ആ കുഞ്ഞുങ്ങൾ കുറെ നേരം ഇരുന്ന് ശ്വാസം കിട്ടാതെ പോകും…Am I right ?
ശമീക മഹർഷി
മഹാഭാരതയുദ്ധം ഒക്കെ കഴിഞ്ഞ് … എല്ലാവരും ചത്തൊടുങ്ങി…കഷ്ടിച്ച്… ഒരഞ്ചുപേർ പാണ്ഡവന്മാരും… കൃതവർമ്മാവ് , കൃപർ , അശ്വദ്ധാമാവ് എന്ന് മൂന്ന് പേർ അപ്പുറത്തും…. ഒരുമാതിരി ചത്ത് ജീവിച്ച് കഴിഞ്ഞ് … ആ കിടക്കുന്ന മരിച്ച് അമ്പിയ …യുദ്ധഭൂമിയിലേയ്ക്ക് … ആരും അങ്ങിനെ ചെല്ലാൻ വഴിയില്ല…. ശമീക മഹർഷി തന്റെ ശിഷ്യന്മാരോടൊപ്പം അതിലെ നടന്നുവരികയാണ്…. അപ്പോളാ യുദ്ധക്കളത്തിന്റെ ഏതോ ഭാഗത്തുനിന്ന് ഒരു കരച്ചിൽ … കുഞ്ഞു പക്ഷികളുടെ കരച്ചിൽ….മഹർഷി ഔത്സുക്യത്തോടെ ചെന്ന്… ആ മണി മാറ്റിയപ്പോൾ അതിന്റെ കീഴില് കുഞ്ഞുങ്ങൾ….
വീണ്ടും അദൃഷ്ടം…
മഹാഭാരതയുദ്ധത്തിന്റെ കളത്തിൽ ജനിച്ച ….(40.18/1.34.44) ഈ കുഞ്ഞുങ്ങൾ വളർന്ന് വലുതായി …ശമീകന്റെ അടുക്കൽ നിന്ന് പഠിച്ച്….പഠനം പൂർത്തീകരിച്ച് പോയ ഇവരെ പോയിക്കണ്ട് ചോദിയ്ക്കാനാണ് …മാർക്കണ്ഡേയൻ വൈശമ്പായനനോട് പറഞ്ഞത് …. നമുക്ക് ആ കഥയല്ല ഇവിടെ ആവശ്യം… ഞാൻ അത് സൂചിപ്പിച്ചത് അദൃഷ്ടം കാണിയ്ക്കാൻ മാത്രമാണ്…. അത് നിങ്ങക്ക് പഠിയ്ക്കണമെന്ന് തോന്നിയാൽ പിന്നൊരിക്കൽ ആവാം…ഇപ്പം എന്നെ വിളിച്ചത് ആക്കഥ പറയാനല്ല…. ആ കഥയിലെ ഒരദൃഷ്ടം എനിയ്ക്ക് മഹാഭാരതയുദ്ധത്തിൽ അനിവാര്യമായതുകൊണ്ട് നിങ്ങൾക്ക് അദൃഷ്ടം ബോദ്ധ്യപ്പെടാൻ … ഞാൻ പറഞ്ഞതു മാത്രമാണ്… രാമായണം വായിച്ചിട്ടുണ്ട് അല്ലേ… ങ്ഹേ .. (41.16 mts)
രാമഗീത
രാമായണത്തിൽ ഒരു ഗീതയുണ്ട് ….കേട്ടിട്ടുണ്ടോ….ങ്ഹും…ങ്ഹേ ..ങ്ഹേ…രാമായണത്തിൽ ഒരു ഗീതയുണ്ട് … അതിന്റെ പേര് രാമഗീതയെന്നാണ്… ലക്ഷ്മണന് രാമൻ ഒരുപാട് ഉപദേശങ്ങൾ കൊടുക്കുന്നുണ്ട് … അതിൽ ഒന്നാമത്തെ ലക്ഷ്മണോപദേശം… കിഷ്ക്കിന്ധാകാണ്ഡത്തിലാണ്…. രണ്ടാമത്തേത് ആരണ്യ-കാണ്ഡത്തിലാണ്…..മൂന്നാമത്തെ ലക്ഷ്മണോപദേശം… ഒന്നാമത്തേത് സോറി അയോദ്ധ്യാകാണ്ഡത്തിലാണ്….ഒന്നാമത്തേത് അയോദ്ധ്യകാണ്ഡത്തിലാണ്…..രണ്ടാമത്തേത് ആരണ്യകാണ്ഡത്തിലാണ്…മൂന്നാമത്തേത് കിഷ്ക്കിന്ധാകാണ്ഡത്തിലാണ്….നാലാമത്തേത് ഉത്തരകാണ്ഡത്തിലാണ്….
ശ്രീരാമനെ ബാധിച്ച അദൃഷ്ടം…
നിങ്ങളൊക്കെ ദൃഷ്ടമായൊരു സംശയം ഉന്നയിയ്ക്കും…. സീതയെ രാമൻ പൂർണ്ണ ഗർഭിണിയായിരിക്കെ വനത്തിൽ കൊണ്ട് വിട്ടു… രാമായണം വായിച്ച മുഴുവൻ പേർക്കും അറിയാം രാമൻ ആഗ്രഹിയ്ക്കുന്നത് അതല്ലെന്ന്….. സീത ആഗ്രഹിയ്ക്കുന്നതും അല്ലത്…. ലോകൈക കണ്ഡകനായ രാവണനെ വെന്ന … രാമനെ….അദൃഷ്ടം ബാധിയ്ക്കുകയാണ്…. ഈശ്വരനായ രാമന്റെ മാനവ ജീവിതത്തിൽ പോലും… അദൃഷ്ടം കൊടികുത്തി വാഴുക….പിന്നെയാണോ നിർമ്മലാനന്ദാ നീയും കൂട്ടരും ഒക്കെ …നിങ്ങളെപ്പറയാൻ എനിയ്ക്ക് അധികാരമില്ല ….എനിയ്ക്ക് എന്നെപ്പറയാം…. പിന്നെ ബാക്കി നിങ്ങൾ ആലോചിച്ചോളുക … ഞാൻ നിങ്ങളെ പറഞ്ഞിട്ടില്ല .. പേടിയ്ക്കണ്ട…
അർത്ഥാപത്തി …. സീതയെ ത്യജിയ്ക്കുന്ന രാമൻ …..
അർത്ഥാപത്തിയിലാണ് ഋഷി പറയുന്നത് …(അർത്ഥാപത്തി = ഒരു അർത്ഥാലങ്കാരം, ഒന്നു പറയുന്നതുകൊണ്ട് പറയാത്ത ഒന്നിനെ സൂചിപ്പിയ്ക്കുന്നത് , അപ്പം കോർത്തുവച്ചിരുന്ന കോല് എലി തിന്നു … അപ്പത്തിന്റെ കഥ പറയാനില്ലല്ലോ എന്നപോലെ. (ശബ്ദതാരാവലി, പേജ് 178) )…. രാമൻ ആഗ്രഹിയ്ക്കാതെ….രാമൻ ഇഷ്ടപ്പെടാതെ…..രാമൻ തന്നെ തീരുമാനിയ്ക്കുക… സീതയെ വനത്തിൽ കൊണ്ടെ വിടാൻ … അതും ലക്ഷ്മണനോട് ആജ്ഞാപിയ്ക്കുക…കർമ്മത്തിന്റെ രഹസ്യം ഗഹനമാണ്…..ഗുഹ്യമാണ്….
കർമ്മം മാനവ നിയന്ത്രിതമല്ല…
കർമ്മത്തിൽ നിലകൊള്ളുമ്പോൾ ഓർക്കണം… കർമ്മം മാനവ നിയന്ത്രിതമല്ല…. അറിഞ്ഞിട്ടേ കർമ്മത്തിലേയ്ക്ക് എടുത്തുചാടാവൂ… ആയിരം സങ്കല്പങ്ങളും തൃഷ്ണകളും വച്ച് … ഏതെങ്കിലും ഒരു കർമ്മത്തിലേയ്ക്ക് എപ്പോഴെങ്കിലും ഏതെങ്കിലും മാനവൻ… എടുത്തുചാടിയിട്ടുണ്ടെങ്കിൽ …. രോഗിയായി ദുഃഖിതനായി…. വ്രണിതനായി …ക്ഷീണിതനായി …നിരാശനായി തിരിച്ചു മടങ്ങേണ്ടി വരും…..
ഗീത 2.47 – കർമ്മം
കർമ്മം ഗഹനമാണെന്നും….കർമ്മത്തിൽ മാത്രമേ അധികാരമുള്ളുവെന്നും…. ഫലത്തിൽ അധികാരമില്ലെന്നും… ഫലത്തിന് ഹേതു ആകരുതെന്നും…. അതു കൊണ്ട് കർമ്മം ചെയ്യാതിരിയ്ക്കരുതെന്നും… ഉറപ്പിച്ചു പറയുന്ന സന്ദേശം… (ഗീത 2.47) ചുരുക്കത്തിൽ ബോധമുള്ള ഒരു മനുഷ്യന് … അവന്റെ ചെറുപ്പത്തിൽ തന്നെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞു നോക്കിയിട്ട് പറയാം … എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്…..വെറുതെ….(45.47/1.34.44) … അതിനുള്ള ആർജ്ജവം നേടുവാനാണ്….വിദ്യാഭ്യാസം… എന്തിനാ നീ ഇതൊക്കെ ചെയ്തത് … വെറുതെ … കുറച്ചുകൂടെ നിങ്ങൾക്ക് എളുപ്പമുള്ള ഭാഷ ….വേറാരും കാണാതെ ചോദിയ്ക്കുന്നവനോട് ….രഹസ്യമായി തിരിഞ്ഞു നിന്ന് പറയാം … ചുമ്മാ…. എന്തിനാ നീ ഭർത്താവുമായി വഴക്കുകൂടിയത്….ഹോ ..അയാളങ്ങനെയാണ് … അയാളുടെ പെരുമാറ്റം… വെറുതേ എന്തിനാ തട്ടിപ്പുപറയുന്നത് ….. നീ ചുമ്മാ വഴക്കുകൂടിയതാ…. നീ എന്തിനാ കൊച്ചേ ആ നിന്റെ ഭർത്താവിന്റെ അമ്മയുമായി …അടിവെച്ച് പോന്നത് … അത് ഒരു പാവമാണ്….ഹൊയ്യോ അവരെ അറിയാൻ മേലാഞ്ഞിട്ടാണ്.. രാക്ഷസ്സി.. അതാണ്… എന്തിനാ കുഞ്ഞേ കള്ളം പറയുന്നത്…. ചുമ്മാ…..നീ ചുമ്മാ പോന്നതാണ്….സമ്മതിക്കുവോ….സമ്മതിക്കുവോ…ങ്ഹേ….നീ എന്തിനാ അയാളോട് പിണങ്ങിയത്…വെറുതെ…പിണക്കം വന്നു പിണങ്ങി….കാരണങ്ങൾ ഉണ്ടാക്കുകയാണ്…. കാരണങ്ങൾ ഉണ്ടായിരിയ്ക്കുകയല്ല…
ചുമ്മാ….
വരണ്ടായിരുന്നു എന്ന് തോന്നുന്നില്ലേ…..വരണ്ടായിരുന്നു എന്ന് തോന്നുന്നില്ലേ…ഇനി നിങ്ങൾക്ക് നിങ്ങളോട് (നിങ്ങളെ)… കളിപ്പിയ്ക്കാൻ പറ്റുമോ…ങ്ഹും…നിങ്ങൾടെ കർമ്മങ്ങളിൽ ഇനി നിങ്ങൾക്ക് ന്യായീകരണങ്ങൾ കണ്ടെത്തുമ്പോൾ….നിങ്ങളെ നിങ്ങൾ കളിപ്പിയ്ക്കാതെ ഇരിയ്ക്കാനെങ്കിലും.. ഈ ചുമ്മാ …എന്റെ ശബ്ദത്തിൽ നിങ്ങളുടെ തലച്ചോറിനെ വേട്ടയാടുകയില്ലേ….(47.57/1.34.44) ….ങ്ഹേ ….. ഇല്ല…. ങ്ഹേ. …. എന്തിനെങ്കിലും ഈ ലോകത്ത് കാരണമുണ്ടോ… ഒരുത്തൻ വന്നു ചോദിച്ചു സ്വാമി എന്തിനാ സന്യസിച്ചേ…. ചുമ്മാ….. അല്ല .. .വല്ല കാരണം ഉണ്ടോ….ഒരു കാരണവുമില്ല…. സ്വാമി ഇത് കണ്ട് ചോദ്യകർത്താവിനോട് ചോദിച്ചു ….നീ എന്തിനാ കല്യാണം കഴിച്ചത് …..ചുമ്മാ…. അല്ലാതെ എന്തു കാരണമാ ഇരിയ്ക്കുന്നേ…..ഇത് കുഴപ്പമാ …. ഇല്ലേ….ങ്ഹേ….. ഇത് കുഴപ്പമാണ്…. ങ്ഹേ….നിങ്ങളൊന്ന് ആലോചിച്ചു നോക്ക് ….
ഏതു കർമ്മം എടുത്താലും ഈ രഹസ്യം കാണാം…. ശമീകൻ ആ പക്ഷിയെ എടുത്തു വളർത്തി വിട്ടില്ലാ എങ്കിൽ, മഹാഭാരതയുദ്ധം ഒക്കെ കഴിഞ്ഞ് ഈ ചോദ്യങ്ങളുമായി വരുന്ന വൈശമ്പായനൻ …അങ്ങോട്ടു പോവില്ല…. ഇതു പോലെ തന്നെ രാമായണത്തിലും….. അതു പറയുമ്പഴാ ഇങ്ങോട്ടു തിരിഞ്ഞത് …. അല്ലേ…. ഇതുപോലെ തന്നെ രാമായണം… തന്റെ സ്നേഹനിധിയായ ഭാര്യയെ … അത് …. സഹിക്കാനാവുകില്ല… വായിയ്ക്കുന്ന നിങ്ങക്ക് സഹിക്കാനാവില്ലെങ്കിൽ അനുഭവിയ്ക്കുന്ന രാമന് സഹിയ്ക്കാൻ പറ്റുമോ… അങ്ങിനെ ചിന്തിക്കണം. ചെങ്കോല് ദൂരത്തിട്ട് യോഗദണ്ഡ് എടുത്ത് പൊൻ കിരീടത്തെ ജടാചൂഢമാക്കി മാറ്റി പോകാനൊരുങ്ങന്നൊരു വേളയിൽ … പാദ പൂജാവൃതം മുടക്കാനാവില്ലെന്ന് പറഞ്ഞ് കല്ലും മുള്ളും…നിറഞ്ഞ വനത്തിലൂടെ പോകാനൊരു സഹധർമ്മണി തയ്യാറാവുക …. കാറെടുക്കുന്നില്ല… ഒരു കിലോമീറ്റർ നടന്നാണ് ഷോപ്പിങ്ങിന് പോകുന്നതെങ്കിൽ നിങ്ങളു പോയി വാ…ഞാനിവിടെ ഇരിയ്ക്കാം എന്നു പറയുന്ന ഭാര്യമാരുള്ള ലോകത്ത് …Am I not right ? …ങ്ഹേ… കാറുണ്ട് …. എ സി ആണ്…. ഓടിച്ചാണ് പോകുന്നതും …മത്തി മേടിക്കാൻ ആണെങ്കിലും … ഞാനും കൂടെ വരുന്നു… ഇല്ലേ…. എന്നുളളിടത്ത് …സുഖ ശീതളമായ മെത്തയും ….പരിവാരങ്ങളുമുള്ള അയോദ്ധ്യയിൽ ….നിന്ന് ….(51.01/1.34.44) …ഘോര കാന്താരത്തിലേയ്ക്ക്….. ദണ്ഡകാരണ്യത്തിലേയ്ക്ക്…..രാമന്റെ പാദ പൂജാ വൃതം മുടക്കാതെ പോയ സീത ….ശിലാ തളിമത്തിലുറങ്ങി… ഫല മൂലങ്ങൾ അശിച്ച്….രാമനോടൊപ്പം ജീവിച്ച സീത …രാവണൻ കൂട്ടിക്കൊണ്ടു പോയിട്ട്…..ശിംശപാവൃക്ഷച്ചുവട്ടിൽ ….. അന്നപാനാദികൾ ഇല്ലാതെ….രാമമന്ത്രം മാത്രം ഉരുവിട്ട്…..രാമനെ ഹൃദയത്തിൽ ധ്യാനിച്ച്……രാമാഗമനത്തിന് കാത്തിരുന്ന സീത … വനവാസം കഴിഞ്ഞെത്തി …. അയോദ്ധ്യയിൽ സിംഹാസനത്തിലേയ്ക്ക് തന്റെ പതി ദേവത ….കയറാനൊരുങ്ങുമ്പോഴേയ്ക്ക് വിധിയുടെ വിഹായസ്സിൽ …. അതേ ഭർത്താവിന്റെ വാക്കുകളിലൂടെ ..ലക്ഷ്മണനെ വിളിച്ച് …വനത്തിൽ ഉപേക്ഷിച്ചു വരുവാൻ ആജ്ഞാപിയ്ക്കുമ്പോൾ….സംശയഗ്രസ്തനായി നില്ക്കുന്ന ലക്ഷ്മണൻ …..ജഗദീശ്വരനായ രാമന്റെ മുഖത്തേയ്ക്കു നോക്കി…സംശയപൂർവ്വം നില്ക്കുമ്പോൾ രാമൻ ഉരുവിടുന്ന ഒരുദാഹരണമുണ്ട്….
നൃഗൻ …രാമായണം
നൃഗൻ ….മഹാരാജാവും ധർമ്മിഷ്ഠനും…സത്യവാനും …ആയ നൃഗ മഹാരാജാവ്….രാമന് മുമ്പുള്ള ഒരു രാജാവാണ്….കേട്ടിട്ടുണ്ടോ…ങ്ഹേ…നൃഗൻ… പശുദാനം കൊണ്ട് കീർത്തികേട്ട നൃഗൻ…. ഓരോ വർഷവും പശുക്കളെ ദാനം ചെയ്യുക….എത്ര ആയിരം പശുക്കളെയാണ് ദാനം ചെയ്തിട്ടുള്ളത്….നൃഗമഹാരാജാവ് ഒരു ബ്രാഹ്മണന് പശുക്കളെ ദാനം ചെയ്തു….ബ്രാഹ്മണൻ പശുക്കളെയും തെളിച്ച് പോയി….അബദ്ധത്തിൽ അതിൽ ഒരു പശു രാജാവിന്റെ പശുക്കളുടെ കൂടെ തിരിച്ചുവന്നു. രാജാവ് വിളിച്ചുകൊണ്ടുവന്നതൊന്നുമല്ല….രാജാവ് പിടിച്ചുകെട്ടിയതല്ല…..രാജാവ് മോഹിച്ചതല്ല….രാജാവ് ആ പശുക്കളോട് എല്ലാം കൂടെ നില്ക്കുമ്പോൾ അടുത്ത ബ്രാഹ്മണൻ ദാനത്തിനായി വന്നപ്പോൾ വിണ്ടും പശുക്കളെ കൊടുത്തപ്പോൾ രണ്ടാമത് ഈ പശുവും ഉൾപ്പെടും….
ക്രുദ്ധനായ ബ്രാഹ്മണൻ വന്നു പറഞ്ഞു ആ പശു എന്റെയാണ്…ശബളാ .. രാജാവ് പറഞ്ഞു … അങ്ങയുടേതാണെങ്കിൽ എടുത്തുകൊള്ളൂ…. ആ പശുവിനെ തിരിച്ചു വിളിച്ചു…..ശബളേ എന്ന് വിളച്ചപ്പോൾ അത് വന്നു….പക്ഷേ രണ്ടാമത്തെ ബ്രാഹ്മണൻ പറഞ്ഞു എനിയ്ക്കും അതിനെ ദാനം ചെയ്തതാ….രണ്ടു ബ്രാഹ്മണർ തമ്മിലുള്ള തർക്കത്തിനിടയിൽ രാജാവിനെ ആദ്യത്തെ ബ്രാഹ്മണൻ ശപിച്ചു…താൻ ഓന്തായിപ്പോകട്ടെ….ഇപ്പം നൃഗൻ ഓന്തായി നടക്കുകയാ…..കർമ്മങ്ങളിലൂടെ കടന്നു പോകുന്ന മാനവ ചേതന …ചെയ്യാത്ത എത്രയെത്ര കുറ്റങ്ങൾക്ക് ശിക്ഷിയ്ക്കപ്പെടുന്നു…..ചെയ്ത എത്ര ആയിരം കുറ്റങ്ങൾക്ക് ശിക്ഷിയ്ക്കപ്പെടുന്നു….. ഏതു ജന്മത്തിലെ ഏതു വിസ്മൃതിയുടെ …..ഇതിനെ ഭരിയ്ക്കുന്ന ഒരദൃഷ്ടത്തിലേയ്ക്ക് …ഇതിനെ എല്ലാം നിയന്ത്രിയ്ക്കുന്ന ഒരീശ്വരീയ ശക്തിയിലേയ്ക്ക് ….ദൃഷ്ടാന്തങ്ങളെ മുഴുവാൻ ആനയിച്ചു കൊണ്ടുവന്ന് ….വ്യാസൻ നയിയ്ക്കുകയാണ്….എന്താണ് മഹാഭാരത യുദ്ധത്തിന്റെ അദൃഷ്ട കാരണം….
രാമാഭിഷേക വിഘ്നത്തിനു കാരണം ….ലീല
രാമായണം പഠിയ്ക്കുമ്പോൾ ഒരു ചോദ്യമുണ്ട്…രാമാഭിഷേക വിഘ്നത്തിനു കാരണം ആരാണ്… കഴിഞ്ഞ വർഷം നമ്മൾ അത് അപഗ്രഥിച്ചിരുന്നു….കുറെപ്പേർ കൈകേയി ….കുറെപ്പേർ മന്ഥര…കുറെപ്പേർ അത് ഇത് എന്നൊക്കെ പറഞ്ഞു…..രാമാഭിഷേക വിഘ്നത്തിനു കാരണം….കൈകേയിയല്ല ….മന്ഥരയല്ല…..രാമപാദങ്ങളാണ്….തപോനിധേ … ഇത് ഈശ്വരന്റെ ലീലാവിലാസമാണ്….കളിയായതുകൊണ്ട് ഇത് എങ്ങിനെ വരുമെന്ന് ഒരു നിശ്ചയവുമില്ല…. എങ്ങനെ വന്നാലും ഞാൻ അങ്ങയുടെ പക്ഷത്താണ് … അതുകൊണ്ട് ആനന്ദിയ്ക്കുമെന്ന് പറയാൻ കഴിയുന്നവൻ …മാത്രമാണ് ….ഈ ലോകത്ത് ആനന്ദിയ്ക്കുന്നത്….. എനിയ്ക്കെതിരായാലും അങ്ങയ്ക്ക് എതിരായാലും….മറ്റുള്ളവർക്ക് എതിരായാലും…എനിയ്ക്ക് അനുഗുണമായാലും അങ്ങയ്ക്ക് അനുഗുണമായാലും മറ്റുള്ളവർക്ക് അനുഗുണമായാലും …കർമ്മഫലം എങ്ങിനെയും വരട്ടെ … അങ്ങയുടെ ഈ ലീല …ആനന്ദപ്രദമാണ്….(57.50/1.34.44)
മഹാഭാരതയുദ്ധത്തിന്റെ പ്രേഷ്ഠകാരണം – ഗീത 4.7
….ഹേ ഭഗവാൻ …. അങ്ങയുടെ ഈ ലീലാ വിലാസത്തിന്റെ ആനന്ദമാണ് … ഇതിന്റെ തീരുമാനങ്ങൾ അത്രയും…. ഇതാണ് അദൃഷ്ടം …..മഹാഭാരത യുദ്ധം …ഭഗവദ് ഗീതാ…നാലാം അദ്ധ്യായം….യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത…അഭ്യുധാനം അധർമ്മസ്യ തദാത്മാനം സൃജാമ്യഹം .. (ഗീത 4.7) … ഇതാണ് ആ അദൃഷ്ടം ….. ഇതാണ് ആ ലീല…ഇതാണ് മഹാഭാരതയുദ്ധത്തിന്റെ പ്രേഷ്ഠകാരണം …..
അദൃഷ്ടം…
മഹാഭാരതയുദ്ധം ആര് ആസൂത്രണം ചെയ്തു. ആര് സംവിധാനം ചെയ്തു….ആര് അരങ്ങത്ത് ആടി…..ആരാണ് അതിലെ നായകൻ….കൃഷ്ണധർമ്മത്തിൽ ആവിർഭവിച്ച് …കൃഷ്ണധർമ്മത്തിൽ നിലനിന്ന് …കൃഷ്ണധർമ്മത്തിൽ ലയിയ്ക്കുന്ന മഹാഭാരതയുദ്ധത്തിന്റെ പ്രേഷ്ഠകാരണം…കൃഷ്ണൻ ഒരാൾ മാത്രം….അതാണ് അദൃഷ്ട കാരണം…ഇത് മാത്രമേ ഉള്ളൂ എന്ന് ധരിയ്ക്കരുത്…ദൃഷ്ട കാരണങ്ങൾ അനേകം…
…..ഏതിനെയാണ് മുഖ്യമായി പിടിക്കേണ്ടത്…..എന്റെ ഒരു കർമ്മം വിജയിച്ചാലും പരാജയപ്പെട്ടാലും …..വിജയിച്ചാലും ….ഞാൻ നാട്ടുകാരെ ഒക്കെ വിളിച്ചുകൂട്ടി എന്റെ കേമത്തം ഒക്കെ പറഞ്ഞ് …. അവരെന്നെ കുറെ നേരം ഇരുന്ന് പ്രശംസിച്ച് ….കെങ്കേമമാണെന്ന് പറയുമ്പോൾ വലിയ സന്തോഷം ഒക്കെ ഉണ്ടാവും… Am I right ? അടുത്തതിൽ ഞാൻ പരാജയപ്പെടും….നീയത്ര കേമനല്ലേ….എന്നാൽ കാണട്ടെ….അപ്പം ഞാൻ വീണ്ടും ആളുകളെ ഒക്കെ വിളിച്ചു കൂട്ടി…ഇതുമായി ബന്ധപ്പെട്ടുനിന്നവരെ ഒക്കെ കുറ്റം പറയും…അപ്പോൾ നമ്മള് പഠിക്കില്ല…അവള് അതിലെ പോയിട്ടാണ് … അവൻ ഇതിലെ വന്നിട്ടാണ്..അത് അങ്ങിനെ വന്നിട്ടാണ് …ആ പണം കിട്ടാത്തതുകൊണ്ടാണ്… ഈ പണം അങ്ങോട്ട് പോയിട്ടാണ്… ഇത് അവിടെ വീണിട്ടാണ്… ഇത് ആ വണ്ടി മുട്ടിയിട്ടാണ്….ഇങ്ങനല്ലേ…ഇങ്ങനല്ലേ…ങ്ഹേ…അപ്പോഴും ഉടേ തമ്പുരാൻ അവിടിരുന്ന് പറയും…നീ മിടുക്കനാണ് .. നീ എല്ലാം നിന്നെ മാറ്റി നിർത്തി… അന്വേഷണം കൃത്യമാക്കി… സി ബി ഐ യേയും…പിന്നെന്തുവാ…ക്രൈം ബ്രാഞ്ചിനേയും ഒക്കെ ഉപയോഗിച്ച് ….നീ കുറ്റക്കാരനല്ലെന്ന് നീ തന്നെ സ്ഥാപിച്ച് കൃത്യമായി റിപ്പോർട്ടും തന്നിരിയ്ക്കയാണ് …
ഗാന്ധാരീ ശാപം…..
എടാ നീ ആ ഇടവഴിയിലൂടെ പോകുന്നത് ഞാൻ കണ്ടതാ … ആയിരം കണ്ണുകളുള്ള സഹസ്രശീർഷനും…സഹസ്രാക്ഷനും….സഹസ്രപാത്തുമായ ഞാൻ ….നിന്റെ യാത്ര കണ്ടില്ലെന്ന് നീ വിചാരിക്കുന്നോ…നിനക്ക് ഞാൻ വച്ചിട്ടുണ്ട്….അതുകൊണ്ട് ആദ്യം അറിയണ്ടത് … ഈ ലീലയാണ്….മഹാഭാരതയുദ്ധത്തിന്റെ … പ്രേഷ്ഠകാരണം…അതറിഞ്ഞ ഒറ്റ ഒരാളേയുള്ളൂ……രണ്ടാമത് ഒരാള് മഹാഭാരതത്തിൽ ഇല്ല …ആർക്കാ അറിയാവുന്നേ….ങ്ഹേ…ങ്ഹേ ….പറയാമെങ്കിൽ പറഞ്ഞേ …ങ്ഹേ ആരാ…..ങ്ഹേ…ങ്ഹേ…. ആ ഒരു തപസ്വി അവിടെയുണ്ടായിരുന്നു…ജീവിതത്തില് …തന്നെ വിവാഹം കഴിച്ച് കൂട്ടിക്കൊണ്ടു പോകുമ്പോൾ തന്റെ ഭർത്താവ് അന്ധനാണെന്നറിഞ്ഞ് അന്ധത സ്വീകരിച്ച, ജന്മാന്ധനായ ഭർത്താവിനെ അന്ധയായി പരിചരിച്ച…. ഒരു സ്ത്രീ. അവർക്കറിയാമായിരുന്നു. ഇതു മുഴുവൻ ഇവന്റെ കളിയാണെന്ന്….ഇവനല്ലാതെ ഒരുത്തന് ഈ കളിയില്ല…. അതുകൊണ്ട് ഇവനെ ഞാൻ വെറുതെ വിടില്ല….. അവർ ആഞ്ഞാ പറഞ്ഞേ … ഇത്രയും സംവത്സരം പതിവ്രതയായി എന്റെ ഭർത്താവിനെ പരിചരിച്ച തപസ്സു മുഴുവൻ … ചിലവാക്കി..നിന്നെയും നിന്റെ വംശത്തെയും ഞാൻ .. ശപിയ്ക്കുന്നു. മുപ്പത്തിയാറ് സംവത്സരങ്ങൾ തികയുമ്പോൾ …ഈ ഭോജവൃഷ്ണ്യന്തകവീരന്മാർ തമ്മിൽത്തല്ലി ചത്തൊടുങ്ങുമെടാ… നിന്റെ ഭാര്യമാരുൾപ്പടെയുള്ള ഭോജവൃഷ്ണ്യന്തകനാരിമാർ തിണ്ടാടിപ്പോകുമെടാ… നീ നീചമായ മാർഗ്ഗത്തിൽ കൊല്ലപ്പെടുമെടാ…
ക്ഷത്രിയേ നീ മേഞ്ഞിടത്ത് മേയുന്നുവല്ലോ….
നിങ്ങൾ എങ്ങാനുമാണ് അത് കേട്ടതെങ്കിൽ … പെണ്ണുംപിള്ളയുടെ കുടലുമാല എടുത്ത് ചൂടിയേനേം … ശരിയല്ല…ങ്ഹേ..അതും… എന്റെ നാടകത്തിൽ ഞാൻ സംവിധാനം ചെയ്ത പരിപാടിയുടെ ബാക്കിഭാഗമാണ് … അത് നിന്റെ തപസ്സുകൊണ്ട് നീ അറിഞ്ഞു എന്നേയുള്ളൂ …ക്ഷത്രിയേ നീ മേഞ്ഞിടത്ത് മേയുന്നുവല്ലോ… എന്തൊരു വാക്കാണ് അതെന്നോർക്കണം… ഇത് നേരത്തെ തീരുമാനിച്ചതാണ്…..ഇന്നലെ മേഞ്ഞ സ്ഥലത്ത് … ഇത് ഇന്നലെ ഞാൻ തീരുമാനിച്ച കാര്യമാണ്… അതിന് നീ പറയാനൊന്നുമില്ല… അങ്ങനെ തന്നെ വരണമെന്നുള്ളതുണ്ടിന്നെനിയ്ക്കും മനഃക്കാമ്പിൽ സുഭലതേ …നന്നായി ഇത് ഭവതിയ്ക്കും എനിയ്ക്കും അതൊന്നുപോലെ മതമായതു ഈശ്വരൻ… എന്റെ അഭിപ്രായവും നിന്റെ അഭിപ്രായവും… ഈശ്വരനിൽ ഒന്നിച്ചിരിയ്ക്കുന്നു…കാരണം…അതാണ് അദൃഷ്ടം ….. പക്ഷെ …നിനക്ക് സംഭവിച്ചത് ഒക്കെ നീ അദൃഷ്ടം എന്നത് നിയന്ത്രിച്ചതാണെന്ന് ഒരു നിമിഷം മറന്നുപോയി …. കാരണം നീ അന്ധതയിൽ….. തപസ്വിയായി നിന്റെ ഭർത്താവിനെ പരിചരിച്ചു വച്ച ആ കണ്ണിന്റെ കെട്ട് വ്യാസൻ ഒന്ന് അഴിച്ചു തന്ന്…നീ.. ഈ ശവങ്ങളെ അടുത്തു കാണുക ..യുദ്ധക്കളത്തിലേയ്ക്കു പോകാതെ യുദ്ധക്കളം നിന്റെ അടുക്കലേയ്ക്ക് എത്തി… അടുത്ത് കണ്ടപ്പോഴ്…നിന്റെ മകൻ ദുര്യോധനനെ ..
തുഞ്ചത്ത് എഴുത്തച്ഛൻ….
എഴുത്തച്ഛൻ ഗംഭീരമായാ എഴുതിയിരിയ്ക്കുന്നത്… ഉണ്ണീ മകനേ….ദുര്യോധനാ …തവ പൊന്നിൻ കീരീടവും ഭൂഷണജാലവും… ഉമ്പർകോനൊത്തൊരു വമ്പും പ്രതാപവും , ഗംഭീരമായൊരു ഭാവവും പ്രൗഢിയും, ഇട്ടുംകളഞ്ഞുടൻ എന്നെയും എത്രയും ഇഷ്ടമായീടും പിതാവിനെത്തന്നെയും…പെട്ടെന്നുപേക്ഷിച്ചു പോയ്ക്കൊണ്ടതെങ്ങു നീ…. പൊട്ടുന്നിതെൻ മനം കണ്ടിതെല്ലാമഹോ…. പട്ടു കിടക്കമേലേ കിടക്കുന്ന നീ ..പട്ടുകിടക്കുമാറായിതോ ചോരയിൽ…. പുഷ്ടകോപത്തോടെ മാരുതി തച്ചുടൽപൊട്ടിച്ച് കാലുമൊടിച്ചു കൊന്നിങ്ങനെ…കണ്ടുകൂടായെനിയ്ക്കെന്ന് എന്നു ഗാന്ധാരിയും …മണ്ടിനാൾ വീണാൾ ഉരുണ്ടാൾ പൊടുക്കനെ …
…കർണ്ണനാം അംഗ നാരാധിപൻ …തന്നുടൽ … അവന്റെ കിടപ്പു ഗാന്ധാരിയെ വല്ലാതെ വേദനിപ്പിച്ചു…കുണ്ഡലമറ്റതാ വേറെ കിടക്കുന്നു…ഗണ്ഡസ്ഥലമതാ പിന്നെയും മിന്നുന്നു…
….വീണിതല്ലോ കിടക്കുന്നു ധരണിയിൽ …ശോണിതവുമണിഞ്ഞ് അയ്യോ ശിവശിവ …നല്ല മരതതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ…ചൊല്ലെഴും അർജ്ജുനൻ തന്റെ തിരുമകൻ …വല്ലവീവല്ലഭ നിന്റെ മരുമകൻ…കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ.. കൊല്ലിയ്ക്കയത്രേ നിനക്ക് രസമെടോ ….
ഈശ്വരനെ ശപിയ്ക്കുന്ന മനുഷ്യൻ
ഈ അദൃഷ്ടം…ഇതൊക്കെ കണ്ടു കണ്ട് ..വികാരം കൊണ്ട ഗാന്ധാരി ..ഒരു നിമിഷം ഈ ജഗത്ചക്ഷുസ്സിനെ മറന്നുപോയി …അതുകൊണ്ട് എല്ലാം…പൊട്ടിച്ചെറിഞ്ഞ് ശപിച്ചു….മനുഷ്യൻ ഈശ്വരനെ ശപിയ്ക്കുന്ന…മനുഷ്യന്റെ ശാപം ഏറ്റുവാങ്ങി…..സ്വർഗ്ഗാരോഹണത്തിനു തയ്യാറെടുക്കുന്ന…. ഈശ്വര ചരിതം രചിച്ച വ്യാസൻ …മാനവനേയും ഈശ്വരനേയും…കൂട്ടിക്കൊരുത്ത് ഒരുക്കിയ മഹാഭാരത ഇതിഹാസം …നിരന്തരം ആടുകയാണ്… ഈശ്വരനും മനുഷ്യനും.. ഒരുമിച്ച് ആടി …മാനവ തിരോധാനത്തിന്റേയും…ഈശ്വരതിരോധാനത്തിന്റേയും…അന-വദ്യ സുന്ദരമായ ഇതിഹാസം….
മഹാഭാരതം കമ്പോടുകമ്പ് വായിച്ചിട്ടുണ്ടോ…ആദ്യം മുതൽ അവസാനം വരെ വായിച്ചിട്ടുണ്ടോ…ങ്ഹും …മഹാഭാരതം ആദ്യം മുതൽ അവസാനം വരെ വായിച്ചിട്ടുണ്ടോ ….ഗദ്യമോ…പദ്യമോ…പരാവർത്തനമോ …ഏതെങ്കിലും കമ്പോടുകമ്പ് വായിച്ചിട്ടുണ്ടോ… ആദ്യം മുതൽ അവസാനം വരെ…വ്യാസന്റെ ശ്ലോകങ്ങൾ…അതിന്റെ അന്വയാർത്ഥങ്ങൾ…ഇല്ലെങ്കിൽ പോട്ടെ പ്രകാശത്തിന്റെ മലയാള ഗദ്യ വിവർത്തനം…അല്ലെങ്കിൽ ബി.സി. റോയിയുടെ ആംഗലേയ ഭാഷാ വിവർത്തനം…മഹാഭാരതം ഒരാവർത്തി വായിച്ചിട്ടുണ്ടോ…ങ്ഹും..മുഴുവൻ ആദ്യം മുതൽ അവസാനം വരെ…ങ്ഹേ… അതു ശരി…അന്വേഷിച്ചില്ലാ എന്ന് പറയുകേല…കിട്ടിയില്ല…ങ്ഹേ…മലയാളത്തിൽ എസ് പി സി എസ്സിൽ കിട്ടും….. ഇപ്പഴും പോയാൽ….ഇപ്പം അത് കറന്റു ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ടോ എന്ന് സംശയം…ങ്ഹേ.. ഒന്ന് കമ്പോടുകമ്പെടുത്ത് ഒരാവർത്തി വായിയ്ക്കുക…രസകരമായിരിയ്ക്കും അത് .. ഇതുവരെ പഠിച്ച പല ഗ്രന്ഥങ്ങളും ഉണ്ടല്ലോ…
ഈശ്വരനാണ് മഹാഭാരതയുദ്ധത്തിന്റെ അദൃഷ്ടകാരണം…
മനുഷ്യനും ഈശ്വരനും എല്ലാം ഒരുമിച്ച് ആടുന്ന … ഒരു നാടകം… അതിലാണ് ഗന്ധാരി ശപിയ്ക്കുന്നത്…(1.11.45/1.34.44) ശപിയ്ക്കുമ്പോൾ അക്ഷോഭ്യനായി നിന്ന്…. എന്നു പറഞ്ഞാൽ ഈ നാടകത്തിന്റെ രചനയും സംവിധാനവും എല്ലാം നിർവഹിച്ചത് ഞാനാണെന്നും…. ഞാൻ പറഞ്ഞുതരുന്ന ഡയലോഗ് ആണ് നീ എന്നോട് പറയുന്നതെന്നും … അതാണ് ഞാൻ കേൾക്കുന്നതെന്നും …. അങ്ങിനെ സംഭവിയ്ക്കുമ്പോഴാണ് ഈ നാടകം തീരുന്നതെന്നും നീ മറന്നുപോയിരിയ്ക്കുന്നു …ഞാൻ ഓർക്കുന്നു എന്ന് പറയുന്ന … ഇതിഹാസം …. ഗാന്ധാരി വന്ന് ….തൃപ്പൂണിത്തുറ വന്ന് നിങ്ങളിലൊരാളെ കണ്ടിട്ട് … എങ്ങാനും ആണീ ശാപം ഉതിർക്കുന്നത് അല്ലെങ്കിൽ എന്നെ കണ്ടിട്ടാണ് ഈ ശാപം ഉതിർക്കുന്നത് എങ്കിൽ … സ്ത്രീ പീഢനത്തിന് കേസുണ്ടെങ്കിൽപ്പോലും ഗാന്ധാരി രണ്ടു കാലേൽ നടന്നു പോകില്ല. Am I right ? ഇത് ഗാന്ധാരിയെ വളരെ ബഹുമാനപുരസ്സരം അംഗീകരിച്ചിട്ട് പറഞ്ഞു … വിളിയൊക്കെ സ്വാഭിപ്രായ വിശേഷണമാണ് … സുബലജേ … സുബലന്റെ മകളാണ് നീ…..നിന്റെ ബലം പോയല്ലോ…. എനിയ്ക്കും നിനക്കും ഒരേ അഭിപ്രായമുണ്ടാക്കിയത് ഈശ്വരനാണ് …ഇതീന്ന് ഒട്ടും വ്യത്യാസം ഇല്ല എന്റെ അഭിപ്രായം ….പിന്നെ നമ്മളു തമ്മളിൽ എവിടെയാ വിയോജിപ്പ്….. ഗംഭീരമായ മുഹൂർത്തം…. ആ ഈശ്വരനാണ് മഹാഭാരതയുദ്ധത്തിന്റെ അദൃഷ്ട കാരണം… പ്രേഷ്ഠ കാരണം….ദൃഷ്ട കാരണങ്ങൾ അനേകം….ദൃഷ്ടത്തില് …ദൃഷ്ട-അദൃഷ്ടം എന്നൊന്ന് കൂടി ഉണ്ട്….
അദൃഷ്ടം കലർന്ന ദൃഷ്ടം….
അദൃഷ്ടം കലർന്ന ദൃഷ്ടം…. ഇപ്പോൾ അറിയാൻ വയ്യാത്തത് …പൂർവ്വ ജന്മം അപഗ്രഥിച്ചാൽ അറിയാവുന്നത്. …. അനുമാനങ്ങളെക്കൊണ്ടേ …..സാധാരണ മനുഷ്യന് …. ഇത് കണ്ടെത്താൻ പറ്റൂ…. എന്താ എനിയ്ക്കെന്റെ അമ്മയോട് ഇഷ്ടവും അച്ഛനോട് ഈ ദേഷ്യവും…. എല്ലാം കൊണ്ടെത്തരുന്നത് അച്ഛനാണ്…. സ്നേഹം കാണിയ്ക്കുന്നത് അച്ഛനാണ്. മുപ്പതു വട്ടം ചീത്ത വിളിയ്ക്കുന്നതാണ് അമ്മ. എന്നാലും അമ്മയോട് ആണ് ഇഷ്ടം…വീട്ടിൽ വരുന്ന ആരുടെ മുമ്പിൽ വച്ചും….ഭാര്യ അധിക്ഷേപിയ്ക്കും. നല്ല ശകാരം കിട്ടും. … ഒരു ഭർത്താവിനോട് പെരുമാറുന്ന പോലൊന്നും …പെരുമാറുകയില്ല…. എന്തായാലും അവളില്ലാതെ ജീവിയ്ക്കാൻ മേലാത്ത ഭർത്താക്കന്മാർ …. ചിലപ്പോൾ ….അവളു ചീത്ത വിളിച്ചാൽ ഒറ്റയ്ക്ക് ഒരു മൂലയ്ക്ക് പോയിരുന്നു കരയും…ഇല്ലേ….ഇല്ലേ…ങ്ഹേ ..ഇല്ലേ…ങ്ഹേ …പിന്നെ…
ചിലര് വന്ന് നമ്മോട് പറയുന്നതല്ലേ…അമ്മ പല പ്രാവശ്യം പറഞ്ഞു നീ ഒരു കോന്തനായി പോയി എന്ന്…. പക്ഷെ അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവുമോ എന്റെ വികാരം … അവളില്ലാതെ എനിയ്ക്ക് ജീവിയ്ക്കാൻ പറ്റുകില്ല സ്വാമീ…. അവൾക്കാണെങ്കിൽ എന്നെ കണ്ണു കീറിയിട്ടു കാണത്തില്ല…..കുഴപ്പമൊന്നുമില്ല … എന്നെ ഒറ്റയ്ക്കായിരിയ്ക്കുമ്പോൾ അവള് വേണെ തല്ലിക്കോട്ടെ…. അത് ഞാൻ കൊണ്ടോളാം…. പക്ഷെ പലരുടേയും മുമ്പിൽവച്ചെന്നെ അങ്ങ് ….എങ്ങനെയാ സ്വാമിയോട് പറയുക…. അപ്പം എന്തുകൊണ്ടാണീ സ്നേഹം…. എല്ലാം തന്ന ചിലരോട് വെറുപ്പ്…. ഒന്നും തരാത്ത ചിലരോട് സ്നേഹം… (1.16.06/1.34.44)…..ചിലരെക്കണ്ടാൽ വലിയ ആകർഷണം…. ചിലരെ കണ്ടാൽ രണ്ടു കൊടുക്കണമെന്നു തോന്നുക…ങ്ഹും അവൻ രണ്ടു മേടിയ്ക്കണ്ടതാ…. ക്രിക്കറ്റ് കളി കണ്ടോണ്ടിരിയ്ക്കുകയാണ് തള്ളേം മോനും മോളും ഒക്കെക്കൂടി … അതില് നല്ലഫുട്ട് വർക്കിൽ കളിയ്ക്കുന്ന ഒരുത്തനെ കണ്ടിട്ട് …. അവൻ അഹങ്കാരിയാണ് …. അവന്റെ ഓട്ടം കണ്ടില്ലേ….ചാട്ടം കണ്ടില്ലേ….രണ്ടു കൊടുക്കണമെന്ന് ഞാൻ ഓർത്തതാണ്….. ഇതുവരെ കളിച്ചിട്ടില്ലാത്ത…തള്ളേ മോനും ഒക്കെക്കൂടെയാണ് കളി കാണുന്നത്….ബോൾ ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ല…. എന്നാലും ഇവര് ട്രെയിൻ ചെയ്തു വിട്ടവൻ തെറ്റി കളിയ്ക്കുകയാണെന്ന് തോന്നിപ്പോകും….കോച്ച് ഇവരാണെന്ന് തോന്നിപ്പോകും ….ചില നേരത്ത് ഇവരുടെ കൈയ്യും മറ്റും കോച്ചിപ്പോകുന്നത് കാണാം…. Am I right ? … Am I right ? …. No … ങ്ഹേ…..
എന്തുകൊണ്ടാണ് നിങ്ങൾക്കീ വെറുപ്പും ദ്വേഷവുമൊക്കെ വരുന്നത്…. മെല്ലെ ഇരുന്ന് ആലോചിയ്ക്കുക… എന്തുകൊണ്ടാണ് എനിയ്ക്ക് ഇങ്ങിനെ വരുന്നത്…. (സമയമെന്തായി ഇതൊക്കെ ആണെങ്കിലും …… എട്ട് പത്തായി ഇല്ലേ… എട്ടു വരെയെന്നല്ലേ പറഞ്ഞത് …….. അപ്പോ കുഴപ്പമില്ല….നീട്ടണ്ട….കാരണം ഇവരീ സാമ്പാറൊക്കെ വച്ചിട്ട് കടുക് വറക്കാറൊക്കെ ആകുമ്പം…… ചെല്ലുമ്പം ഒന്ന് കടുക് വറുത്തിട്ട് ഒരു തവി ഒഴിച്ച് ചൂട് ആക്കി അതിലേയ്ക്ക് ഒഴിയ്ക്കുമ്പം …തണുത്തത് ഒക്കെ ഒന്നൂടെ ചൂട് ആകുമല്ലോ എന്ന് വിചാരിച്ചാ .. … അല്ലെങ്കിൽ ചിലരെങ്കിലും ഇടി വാങ്ങിയ്ക്കും …ചിലപ്പം ) (1.17.49 / 1.34.44) … അപ്പോൾ ….അതുകൊണ്ട് അദൃഷ്ടം കലർന്ന ഒരു ദൃഷ്ടം…. അതിലെ ദൃഷ്ടമേതാണ്…. എനിയ്ക്ക് അയാളെ ഇഷ്ടമല്ല…. എനിയ്ക്ക് അയാളെ ഇഷ്ടമാണ്…. അതിലെ അദൃഷ്ടമേതാണ്….കാരണം ഇല്ല…. ചിലര് വന്നു കഴിഞ്ഞാൽ …. ഒരു കാരണവുമില്ല….. അവരെ ചുറ്റിപ്പറ്റി അങ്ങ് കൂടാൻ നമുക്ക് വലിയ ഇഷ്ടമാണ്…. ചിലരെ കണ്ടു കഴിഞ്ഞാൽ …. വേണ്ട… അടുക്കാൻ പറ്റിയ ആളല്ല….. ഇങ്ങിനെ തോന്നും… എന്താ ചിരിയ്ക്കുന്നെ …. അമ്മ വല്ലാതെ ചിരിയ്ക്കുന്നതെന്ന് തോന്നുന്നു… ഏതോ അനുഭവങ്ങളിലൂടെ ഒക്കെ ഇങ്ങനെ ….. അമ്മ പോകുന്നു…. അടുക്കൽ മരുമകളാണോ ….മകളാണോ…(ചിരിയ്ക്കുന്നു)….. അമ്മ ഇങ്ങനെ ഓർമ്മയിലൂടെ ഇങ്ങനെ പോകയാണ്.. തെന്നിത്തെന്നി…..
84 ലക്ഷം യോനികൾ…..
അപ്പോൾ അനേക ജന്മസിദ്ധമായ ….നേരത്തെ പറഞ്ഞ 84 ലക്ഷം യോനിയിൽ ജനിച്ച ഓർമ്മകൾ ഉള്ള….മാനവന് …. അവൻ കടന്ന് പോന്നിട്ടുള്ള എല്ലാം…. അവന്റെ മനസ്സ് …. അദൃഷ്ടരൂപേണ ….. സ്മൃതി മണ്ഡപത്തിൽ വച്ചിട്ടുണ്ട്….. അനേക ജന്മങ്ങളുടെ ഓർമ്മകളെ ആനയിച്ച് മനസ്സ് തിരിച്ചറിയുക മാത്രമാണ്… ഇത് അതാണെന്ന്…. ഇത് ഇതാണെന്ന് …. ഇത് ഇങ്ങിനെയാണെന്ന്…… ഇത് ഇന്നതാണ്…. ഈ തിരിച്ചറിവാണ്…..നമുക്ക് ഓരോ നിമിഷവും ഉണ്ടാകുന്നത്.…നമ്മുടെ പ്രിയങ്ങളിൽ …നമ്മുടെ അപ്രിയങ്ങളിൽ ….നമ്മുടെ സ്നേഹങ്ങളിൽ …..നമ്മുടെ ദ്വേഷങ്ങളിൽ ….എല്ലാം….മനസ്സിന്റെ ഒരു ഭാഗത്ത്…. പൂർവ്വാനുമിതികളിൽ ……വെറുപ്പ് ശേഖരിച്ചു വച്ചിരിയ്ക്കുന്നിടത്തോളം ദിവസം…വെറുത്തു കഴിഞ്ഞാൽ … പിന്നെ അവിടെ ആരാധനയാണ് വച്ചിരിയ്ക്കുന്നതെങ്കിൽ ആരാധിയ്ക്കുവാൻ തുടങ്ങും…അതുകൊണ്ട് വെറുപ്പ് മാത്രമാണെന്ന് കരുതണ്ട….
തട്ടീം മുട്ടീം…
ഹൊ …. ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു….. അമ്മേ ഞാൻ തെറ്റിദ്ധരിച്ചു…..ഞാനൊരുപാട് വെറുത്തു …. ഒരുപാട് വേദനിപ്പിച്ചു….. ക്ഷമിയ്ക്കണം… എന്റെ ഭർത്താവിന്റെ അമ്മ അല്ലിയോ…. ഇങ്ങനെ ഞാൻ കരുതിയില്ല…… ഞാൻ വീട്ടിന്ന് പോരുമ്പം എന്റെ അമ്മ പറഞ്ഞു അച്ഛൻ പറഞ്ഞു …ഇവിടെ വന്നപ്പം ഭർത്താവ് പറഞ്ഞു…നാട്ടുകാരു പറഞ്ഞു …ഒക്കെ…. അവരൊക്കെ പറഞ്ഞ ഒരമ്മയെ ഞാൻ കണ്ടു…. ഞാൻ ഒരുപാട് വേദനിപ്പിച്ചു…… പൊറുക്കണം… ഇപ്പോഴാണ് കാര്യം മനസ്സിലായത് ….അമ്മയുടെ സ്നേഹം…. അപ്പം ഇങ്ങനെ പതുക്കെ അങ്ങ് അടുക്കാൻ തുടങ്ങിയപ്പോഴാണ്…. അമ്മയുടെ മനസ്സിൽ … ഇതുവരെ ഇവളെ സ്നേഹിച്ചതങ്ങ് മാറി ദ്വേഷമായത്….. അപ്പോഴാണ് പറഞ്ഞെ …ങ്ഹും ….കിന്നാരം ഒന്നും പറഞ്ഞ് ഇങ്ങ് വരണ്ടാ … എനിയ്ക്കറിയാം …. എന്തിനാണ് കൂടുന്നതെന്ന്…… ചുമ്മാതാണ് ഇവള് കൂടിയത്….. പക്ഷെ തള്ളയുടെ മനസ്സിൽ അപ്പോള് …. പഴയ ഒരു ജന്മത്തിലെ ഓർമ്മ വന്നു… പണ്ട് തന്നെ ഇങ്ങനെ ഒരുത്തി സ്നേഹിച്ച് പറ്റിച്ചതിന്റെ ഓർമ്മ വന്നു….. തന്റെ കയ്യിൽ ഉണ്ടായിരുന്ന പണവും മേടിച്ചുകൊണ്ട് പോയി കളിപ്പിച്ച് …അവസാനം താൻ വഴിയാധാരമായതിന്റെ ഒരോർമ്മയാണ് മനസ്സീന്നിങ്ങ് പൊന്തിവന്നതെങ്കിൽ ….ങ്ഹും ….നിന്റെ കളിയൊന്നും വേണ്ട…. എനിയ്ക്കറിയാം നിന്നെ…. അങ്ങിനെയല്ലേ ഈ ‘തട്ടീം മുട്ടീം’ (സീരിയലിന്റെ പേര്) …. ഒക്കെ ജീവിയ്ക്കുന്നത്….. അല്ലേ… ങ്ഹേ …. അനുകൂലമായി പറഞ്ഞാൽ പ്രതികൂലമായി പറയും…..പ്രതികൂലമായി പറഞ്ഞാൽ … അനുകൂലമായി പറയും…. അല്ലേ… വൈകുന്നേരം ഇരുന്ന് ‘തട്ടീം മുട്ടീം’ കാണുകയല്ലേ പതിവ്……. അല്ലേ…അങ്ങിനെയല്ലേ സീരിയല്…. ങ്ഹേ…. പുരുഷന്മാരാ കാണുന്നതെന്ന് തോന്നുന്നു….. സ്ത്രീകള് കാണുന്നതേ ഇല്ലെന്ന് തോന്നുന്നു….
മഹാഭാരതയുദ്ധത്തിലെ അദൃഷ്ടങ്ങൾ അനേകമാണ്….
അപ്പോൾ ഇത് നമ്മുടെ മനസ്സില് അദൃഷ്ടമായി പൊന്തിവരുന്നതാണ്…. ദൃഷ്ടം അല്ല…. മഹാഭാരതയുദ്ധത്തിലെ അദൃഷ്ടങ്ങൾ അനേകമാണ്…. ഭീഷ്മൻ ….ഗംഗാദത്ത കുമാരൻ …. ഗംഗാദത്തന്റെ ….ജീവിത ചര്യ തന്നെ….മഹാഭാരത യുദ്ധത്തിനും…..അതിന്റെ കോലാഹലത്തിനും….. വേണ്ടിയുള്ളതാണ്… ആ നിത്യ ബ്രഹ്മചര്യവും…. ആ സാമ്രാജ്യ ത്യാഗവും…. എല്ലാമെല്ലാം…
തനിയ്ക്കു തീർക്കുവാനുള്ള ശരശയ്യയും …. അരങ്ങത്തു പത്തുദിവസത്തിൽ എട്ടു ദിവസവും…. ആടിത്തിമിർത്ത് …. ശരശയ്യയിലേയ്ക്ക് പതിച്ച്….. സ്വധാമത്തിലേയ്ക്ക് എത്താൻ….. കാശി രാജ്യത്തിന്റെ രാജധാനിയിൽ നിന്ന്…. സ്വപ്നം പേറുന്ന നവ വധുക്കളെ…. ബലമായി തേരിലേറ്റി…..നിതാന്ത രോഗിയായ തന്റെ സഹോദരനുവേണ്ടി…. കൊണ്ടുവരുമ്പോൾ…. അങ്ങ് അണിയറയിൽ …. അംബയുടെ അന്തർ മണ്ഡലത്തിൽ …. ഭീഷ്മന്റെ …. ആരാലും എതിർക്കപ്പെടാൻ കഴിയാത്ത….. ആയുധം താഴ്ത്തിവച്ച് നില്ക്കുവാനുള്ള……. ഭീഷ്മനെ നിരായുധനാക്കുവാനുള്ള ….. ദ്വേഷാഗ്നി ജ്വലിയ്ക്കുകയാണ്….. ദൃഷ്ടാദൃഷ്ട കാരണങ്ങളിൽ …. ഭീഷ്മനുമായി ചേരുമ്പോൾ…. പ്രധാനമിതാണ്….
പാഞ്ചാലന്റെ യാഗശാല….
തന്റെ പ്രതികാരം….പുനർജനി തേടി … പാഞ്ചാല രാജാവിന്റെ …..യാഗാഗ്നിയിൽ കുരുത്ത്…..ഭീഷ്മനെ….നിരായുധനാക്കി വധിയ്ക്കുന്നതിന് ….തയ്യാറെടുക്കുമ്പോൾ….നീണ്ടകാലത്തെ ശൈശവവും ബാല്യവും….കൗമാരവും….സ്നേഹം പങ്കുവച്ച ദ്രോണ -ദ്രുപദന്മാരുടെ ……. രാജകീയ സ്ഥാനമാനങ്ങളിലേയ്ക്കുയർന്ന്….ശുദ്ധനായ ഒരു ബ്രാഹ്മണനെ….സമന്മാരെ മാത്രമേ നാം ദർശിയ്ക്കൂ എന്ന് പറഞ്ഞ്…..നിരാകരിയ്ക്കുമ്പോൾ….. പ്രതികാരാഗ്നിയിൽ വളർന്ന….ദ്രോണൻ …ക്ഷത്രിയനല്ലാത്ത തന്നെക്കൊണ്ടാകാത്തത്……..അർജ്ജുനനിലൂടെ …ദ്രുപദനെ ബന്ധിച്ചു നിർത്തി പരിക്ഷീണനാക്കി വിടുമ്പോൾ ….. ആ ദ്രുപദന്റെ അംഗ തലങ്ങളിൽ ….ദ്രോണനുവേണ്ടിയുള്ള…ദ്രോണമൃത്യുവിനുവേണ്ടിയുള്ള…..ദൃഷ്ടദ്യുമ്നൻ … അഗ്നിയിൽ നിന്ന് ഉയരുമ്പോൾ….. അഗ്നിയിൽ നിന്ന് ഉയർന്ന കൃഷ്ണ…. പാഞ്ചാല നന്ദിനി….. പാണ്ഡവരുടെ …. അന്തഃരംഗത്തിലേയ്ക്ക് അടുക്കുമ്പോൾ….മഹാഭാരത….മഹായുദ്ധത്തിന്റെ ദൃഷ്ടാദൃഷ്ടങ്ങൾ…..കൊരുക്കുന്ന രംഗവേദിയുടെ….സുപ്രധാന രേഖകൾ ചമയ്ക്കുന്നത്…..പാഞ്ചാലന്റെ …ദ്രുപദന്റെ….യാഗശാലയിലാണ്…. പാണ്ഡവന്മാരുടെ യാഗശാലയിൽ അല്ല…… കൗരവന്മാരുടെ യാഗശാലയിൽ അല്ല….. മഹാഭാരതത്തിന്റെ കേളി…..ഹസ്തിനപുരത്തിൽ അല്ല….. ഇന്ദ്രപ്രസ്ഥത്തിൽ അല്ല…..മഹാഭാരതയുദ്ധത്തെ നയിച്ച….. അതിപ്രബലരായ രണ്ട്….നേതാക്കന്മാരെ….ഭീഷ്മനെ….ദ്രോണനെ…..കാലയവനികയിലേയ്ക്ക് തളളിവിടുവാനുള്ള….കേളീ വിലാസം…. അരങ്ങൊരുങ്ങുന്നത് …. പാഞ്ചാലന്റെ യാഗശാലയിലാണ്….ശിഖണ്ഡിയും…ദൃഷ്ടദ്യുമ്നനും…. ഇത് ദൃഷ്ടാദൃഷ്ട കാരണമാണ്….
History of the Soul
ദൃഷ്ട കാരണങ്ങൾ എത്ര….മഹാഭാരതയുദ്ധത്തിലേയ്ക്ക് നയിച്ച ദൃഷ്ടകാരണങ്ങളെ തേടുമ്പോൾ….പാണ്ഡുവിന് ലഭിച്ച ശാപം…മന്ത്രങ്ങളിൽ ഉണ്ടാകുന്ന പുത്രന്മാർ…..വനത്തിൽ നിന്നുള്ള വരവ്…. ഇഷ്ടപ്പെടാത്ത കൗരവർ…..യുവരാജാവായ യുധിഷ്ഠിരനെ അഭിഷേകം ചെയ്യുന്നത്…. അരക്കില്ലം പണിയുന്നത്…. അരക്കില്ലത്തിന് തീ വീഴുന്നത്…. പാഞ്ചാലീ സ്വയംവരം…. സ്വയംവരം കഴിഞ്ഞ് രാജ്യം പകുത്തു കൊടുത്ത് …..ഹസ്തിനപുരവും ഇന്ദ്രപ്രസ്ഥവുമായിത്തീർന്ന്…..ഖാണ്ഡവവനം ദഹിപ്പിച്ചുണ്ടായ ഇന്ദ്രപ്രസ്ഥത്തിൽ മയൻ അസുരാശാരി നിർമ്മിച്ച സ്ഥലജലവിഭ്രാന്തിയുണ്ടാക്കുന്ന കൊട്ടാരം… അതിലേയ്ക്കു ക്ഷണിച്ചു വരുത്തിയ ദുര്യോധനൻ…വെള്ളമാണെന്ന് വിചാരിച്ച്….(1.30.10/1.34.44)… മുണ്ടു പൊക്കി നടക്കുമ്പോൾ….കരയാണെന്ന് ഓർത്ത് വെള്ളത്തിലേയ്ക്ക് വീഴുമ്പോൾ….പാഞ്ചാലിയുടെ ചിരി…. അനേകം അനേകം ദൃഷ്ടങ്ങളും….അനേകം അനേകം ദൃഷ്ടാദൃഷ്ടങ്ങളും…. ആയിരമായിരം അദൃഷ്ടങ്ങളും…. കൂട്ടിക്കൊരുത്ത്….മാനവ ജീവിതത്തെ… ക്ലേശപൂർണ്ണവും….ദുഃഖതപ്തവും….മൃത്യുവിലേയ്ക്കുള്ള വഴിയുമാക്കി…മാറ്റുന്ന… ആ കപട നാടക സൂത്രധാരിയുടെ …. ആ ഈശ്വരന്റെ ….ലീലാവിലാസങ്ങളെ അറിഞ്ഞ് …..നില്ക്കുന്നവന് മാത്രമേ…. ആനന്ദമെന്തെന്ന്….അനുഭവമെന്തെന്ന്…..അറിവെന്തെന്ന്….മനസ്സിലാകൂ എന്ന് പഠിപ്പിയ്ക്കുന്ന മഹാഭാരതം……
മറ്റുള്ളവരുടെ ആത്മകഥകളും ജീവചരിത്രവും വായിയ്ക്കരുത്….
ദൃഷ്ടവും, അദൃഷ്ടവും….ദൃഷ്ടാദൃഷ്ടവും…. ഇഷ്ടപ്പെടുന്നു… എങ്കിലിന്നുമുതൽ ….നിങ്ങളടെ കർമ്മമേഖലകളിലേയ്ക്ക് കടന്നുവരുന്ന അദൃഷ്ടവും…ദൃഷ്ടവും …ദൃഷ്ടാദൃഷ്ടവും…..തേടൂ…. അന്യരെ നോക്കാതെ….. അന്യ അനുഭവങ്ങളെ പഠിയ്ക്കാതെ…. ഒരിയ്ക്കൽ ആയിരമായിരം ജന്മങ്ങളിലൂടെ ഉണ്ടായി മറയുന്ന ജീവിതത്തിന്റെ അല്പകാലസ്ഥിതമായ കണക്കുകൾ .….കള്ളത്തരം കൊണ്ട് ചമച്ചു വച്ചിട്ടുള്ള…. ജീവ ചരിത്രങ്ങൾ പഠിച്ച് ജന്മം കളയാതെ…… മാനവനെ ഭരിയ്ക്കുന്ന ദൃഷ്ടവും അദൃഷ്ടവും ദൃഷ്ടാദൃഷ്ടവും കൂട്ടിക്കൊരുത്ത്….. തന്റെ ജീവിതത്തിന്റെ സായം സന്ധ്യയിലെങ്കിലും…. ഇനിയൊരു ജന്മമുണ്ടെങ്കിൽ …. ആനന്ദം എന്റെ ജന്മാവകാശമാണ്….. ഞാൻ നിന്റെ ഈ നാടകത്തിലെ മുഖ്യതലങ്ങളിൽ….നിന്റെ prompter ആയി ഉണ്ടാകും….എന്നറിയുന്ന മാനവനായി … ഉയരാൻ കഴിഞ്ഞാൽ …. അതിന് ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ….
നിങ്ങൾടെ നാളെകൾ…. ദൃഷ്ടാദൃഷ്ടങ്ങളും…ദൃഷ്ടവും …. അദൃഷ്ടവും…. തിരിച്ചറിയുന്നതാകട്ടെ…നിങ്ങൾടെ കുട്ടികൾ…. ആ അറിവിന്റെ മേഖലയിൽ നിന്ന് ആനന്ദിയ്ക്കുമാറാകട്ടെ…. ആ അറിവിൽ…. എല്ലാ അറിവും…. അല്പപ്രാണനായിത്തീരും… എന്ന് നിങ്ങൾക്ക് ബോദ്ധ്യപ്പെടാൻ കഴിയട്ടെ…. എന്ന് പ്രാർത്ഥിച്ചുകൊണ്ട്….. ഇവിടെ വരാൻ….നിങ്ങളോട് ഇത്രയും സംസാരിയ്ക്കാൻ….ഇടയാക്കിയ ….ജഗദീശ്വരന്റെ വാത്സല്യത്തിനു മുമ്പിൽ …. പ്രണമിച്ചുകൊണ്ട്…. ഞാൻ ഉപസംഹരിയ്ക്കുന്നു…. എന്റെ വാക്കുകളിൽ …ഞാൻ അറിഞ്ഞും അറിയാതെയും….വന്നിട്ടുള്ള….. ശൈലീഭംഗങ്ങൾ….പാകപ്പിഴകൾ…. ചേരരുതാത്ത വാക്കുകൾ…. എല്ലാം എന്റേത്… എന്റേതു മാത്രം… അതിനുള്ള ശിക്ഷ എന്നിൽ ഒതുക്കിനിർത്തേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് …. എന്റെ വാക്കുകളിൽ എവിടെയെങ്കിലും നിങ്ങൾക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും അറിവുണ്ടെങ്കിൽ ….എന്റെയല്ല…. എന്റെ പൂർവ്വപിതാക്കന്മാരുടേത്…. എന്റെ അച്ഛനമ്മമാരുടേയും ഗുരുക്കന്മാരുടേയും …നിങ്ങളുടെ നമസ്കാരങ്ങൾ അവരുടെ പാദാരവിന്ദത്തിലായിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞാൻ ഉപസംഹരിയ്ക്കുന്നു…..നിങ്ങൾക്ക് നമസ്കാരം… ഹരി ഓം…
(Text of Swami Nirmalananda Giri Mahraj’s Prabodhanam about Reasons and Results of Mahabharat War, uploaded on YouTube . Total 1.34.44 mts)
Note : The Figures in brackets denote the Time Marker corresponding to the vid clip.
The End
Tags :-
പ്രധാന പദങ്ങൾ : കർമ്മം, ദൃഷ്ടം, അദൃഷ്ടം, ദൃഷ്ടാദൃഷ്ടം, വൃദ്ധശ്രവൻ, ദേവതകൾ – സൂക്ഷ്മശക്തികൾ, സ്വപ്നം, പ്രാജ്ഞൻ, സുഷുപ്തി, സമഷ്ടി-ചൈതന്യം-ഈശ്വരൻ, വ്യഷ്ടി-ചൈതന്യം-പ്രാജ്ഞൻ, ദൈവം, അനിശ്ചിതത്വം (uncertainity)
പ്രധാന ആശയം : പുനർജന്മം, എൺപത്തിനാല് ലക്ഷം ഭിന്ന ഭിന്ന യോനികളിൽ ജനിച്ച് വന്നിട്ടുള്ള മാനവന്റെ കർമ്മ വാസനകൾ
ഗ്രന്ഥ ശ്ലോകങ്ങൾ : ഭഗവദ് ഗീത ie. ഗീത 18:14, ഗീത 18.12, ഗീത 18:66, ഗീത 2.47, ഗീത 4.7
The End
Unique Visitors : 24,207
Total Page Views : 37,737