പി ശങ്കുണ്ണിമേനോന്റെ History of Travancore From The Earliest Times എന്ന ഗ്രന്ഥത്തിൽ മനുസ്മൃതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ധർമ്മരാജ്യമായ തിരുവിതാംകൂറിന്റെ നീതി-ന്യായ വ്യവസ്ഥ മനുവിന്റെ നിയമങ്ങൾ പ്രകാരമായിരുന്നു എന്നാണ് ഈ ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയായ എട്ടരയോഗത്തിൽപ്പെട്ട നാല് പോറ്റിമാരെയും,(ബ്രാഹ്മണരായ എടത്തറ പോറ്റിമാർ (പേജ് 120, P Shungoonny Menon)) അവരോടൊപ്പം ചേർന്ന മറ്റു ചില ബ്രാഹ്മണരെയും (പേജ് 124, P Shungoonny Menon)) വധിയ്ക്കാതെ, അവരുടെ നെറ്റിയിൽ നായയുടെ മുദ്ര പതിപ്പിച്ച് ഭ്രഷ്ടരാക്കി നാടുകടത്തിയത് മനുസ്മൃതി പ്രകാരമാണ് എന്ന് പി.ശങ്കുണ്ണിമേനോന്റെ പുസ്തകത്തിലെ പേജ് 125-ൽ വിവരിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നീതി-ന്യായ-ദണ്ഡ വ്യവസ്ഥ മനുസ്മൃതിപ്രകാരമായിരുന്നു എന്ന് പേജ് 278-ലും, വേലുത്തമ്പി ദളവ കുറ്റകൃത്യങ്ങളിൽ പെട്ട ഹിന്ദുക്കളെ ശിക്ഷിച്ചത് മനുവിന്റെ നിയമങ്ങൾ പ്രകാരമായിരുന്നു എന്ന് പേജ് 301-ലും, മനുവിന്റെ ധർമ്മ വ്യവസ്ഥയെക്കുറിച്ചുള്ള പാണ്ഡിത്യം സ്വാതിതിരുനാൾ മഹാരാജാവിന് ഉണ്ടായിരുന്നു എന്ന് പേജ് 407-ലും പരാമർശിച്ചിരിക്കുന്നതായി കാണാം. ഇതിൽ പേജ് 278- ന്റെ സ്ക്രീൻഷോട്ട് മാത്രം ഇവിടെ നല്കുന്നു.
ഹിന്ദു ഭരണ മേൽക്കോയ്മ ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ അടിമത്വ സമ്പ്രദായം ഉണ്ടായിരുന്നോ !!??
ലഭ്യമായ എല്ലാ വിവരങ്ങളും ചേർത്ത് ചിന്തിക്കുമ്പോൾ , ചരിത്രാതീത കാലം മുതൽ കേരളം മനുസ്മൃതിയിലെ നിയമങ്ങൾ പ്രകാരമായിരുന്നു ഭരിയ്ക്കപ്പെട്ടിരുന്നത് എന്ന് തെളിയുന്നു. ത്രേതാ യുഗത്തിൽ കേരളത്തിൽ ഈ നിയമങ്ങൾ നടപ്പാക്കിയത് പരശുരാമനാണെന്ന് കേരളവുമായി ബന്ധപ്പെട്ട പരശുരാമ ഐതിഹ്യത്തിൽ നിന്ന് മനസ്സിലാക്കാം. ‘മഴു എറിഞ്ഞു’ എന്നാൽ നീതി-ന്യായ വ്യവസ്ഥയിൽ ഊന്നിയ ദണ്ഡനീതി കേരളത്തിൽ നടപ്പാക്കി എന്നുള്ളതിന്റെ കാവ്യാത്മകമായ ഭാവനയാണ്. ഹിന്ദു ദേവീ-ദേവ സങ്കല്പങ്ങളിൽ അവർ ആയുധമേന്തി നില്ക്കുന്നത് ഈ ദണ്ഡനീതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്.
മനുസ്മൃതി അദ്ധ്യായം ഏഴിൽ രാജാവ് പ്രയോഗിക്കേണ്ട ദണ്ഡനീതീയെക്കുറിച്ച് വിപുലമായി പ്രതിപാദിക്കുന്നുണ്ട്. പ്രത്യേകിച്ച് ശ്ലോകങ്ങൾ 7 മുതൽ 31 വരെ. അതിൽ ശ്ലോകം 20 ഒരു ഉദാഹരണമായി നല്കുന്നു.
യദി ന പ്രണയേദ് രാജാ ദണ്ഡം ദണ്ഡ്യേഷ്വതന്ദ്രിതഃ ശൂലേ മത്സ്യാനിവാപക്ഷ്യൻ ദുർബലാൻ ബലവത്തരഃ (മനുസ്മൃതി 7.20)
ശ്ലോകാർത്ഥം : രാജാവ് ദണ്ഡ്യന്മാരിൽ ജാഗ്രതയോടെ ദണ്ഡം പ്രയോഗിക്കാതിരുന്നാൽ ബലമേറിയവർ ബലം കുറഞ്ഞവരെ മത്സ്യങ്ങളെയെന്നപോലെ ശൂലത്തിൽ കോർത്തു പൊരിക്കും.(മനുസ്മൃതി- സിദ്ധിനാഥാനന്ദ സ്വാമി - പേജ് 271)
If the king fails to administer Punishment tirelessly on those who ought to be punished, the stronger would grill the weak like fish on a spit.(spit = a slender pointed rod for holding meat over a fire) (Manu 7.20, Manu's Code of Law - Patrick Olivelle- Page 155).
പരശുരാമന്റെ മഴുവും കേരളവും
സാധു ജന സംരക്ഷണത്തെ(മനുസ്മൃതി 7.20) സൂചിപ്പിക്കുന്നതാണ് ദേവീ-ദേവന്മാരുടെ കൈയ്യിലെ ആയുധങ്ങൾ. നിയമങ്ങൾ അനുശാസിക്കുന്ന ദണ്ഡപ്രയോഗത്തിലൂടെ ദുർബലന്മാരെയും, സ്ത്രീകളെയും, കുട്ടികളെയും, ദുഷ്ടന്മാരായ ബലവാന്മാരിൽ നിന്നും സംരക്ഷിയ്ക്കും എന്ന നിയമപരമായ ഉറപ്പാണ് ദേവീ-ദേവ വിഗ്രഹങ്ങിലെ ആയുധ കല്പന. അതായത് മനുസ്മൃതിയിലെ ദണ്ഡനീതിയെ വിഗ്രഹങ്ങളിലേയ്ക്ക് സന്നിവേശിപ്പിച്ചതാണ് ദേവി-ദേവന്മാരുടെ കൈയ്യിലെ ആയുധങ്ങൾ. ഈ സങ്കല്പത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ് പരശുരാമന്റെ ‘മഴു’ ഏറ്. നിയമവാഴ്ചയില്ലാതിരുന്ന കേരളത്തിൽ, അല്ലെങ്കിൽ അത് നഷ്ടമായിപ്പോയ കേരളത്തിൽ, ജനങ്ങളെ നിയന്ത്രണവിധേയമാക്കി ഒരു നിയമവ്യവസ്ഥ ഉണ്ടാക്കുവാൻ പരശുരാമൻ തന്റെ ആയുധമായ മഴു പ്രയോഗിച്ചു. നിയമങ്ങൾ, അതായത് മനുസ്മൃതി അറിയാവുന്ന ബ്രാഹ്മണന്മാരെ കേരളത്തിൽ അങ്ങോളമിങ്ങോളം നിയമിക്കുകയാണ് പിന്നീട് അദ്ദേഹം ചെയ്തത്. ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ കേരളം ഭരിയ്ക്കപ്പെട്ടിരുന്നത് മനുസ്മൃതിയിലെ നിയമങ്ങൾ പ്രകാരമായിരുന്നു. മനുസ്മൃതിയിലൂടെ അടിമത്വ സമ്പ്രദായത്തെ കേരളത്തിൽ സ്ഥാപനവൽക്കരിച്ചുവോ (institutionalize ചെയ്തുവോ) എന്നാണ് ഇനി അന്വേഷിക്കേണ്ടത്. അതിനായി slavery-യെക്കുറിച്ച് (അതുണ്ടെങ്കിൽ) പരാമർശിക്കുന്ന മനുസ്മൃതിയിലെ ശ്ലോകങ്ങൾ പരിശോധിച്ചു തന്നെയാകണം.
Manu’s code of Law, A Critical Edition and Translation of the Manava-Dharmasastra by Patrick Olivelle
പാട്രിക്ക് ഒലിവെൽ University of Texas, Austin-ലെ പ്രൊഫസർ ആണ്. ഇൻഡോളജിസ്റ്റായും ഭാഷാശാസ്ത്രജ്ഞനായും ആയിട്ടാണ് വിക്കിപ്പീഡിയ ഇദ്ദേഹത്തെ പരിചയപ്പെടുത്തന്നത്. ഇന്ത്യൻ സാഹിത്യവും പ്രത്യേകിച്ച് പ്രാചീന ഇന്ത്യൻ സാഹിത്യവും, ചരിത്രവും, തത്ത്വചിന്തയും ആണ് ഇദ്ദേഹത്തിന് താല്പര്യമുള്ള വിഷയങ്ങൾ. ഈ വിഷയങ്ങളെ അധികരിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ടെന്ന് വിക്കിപ്പീഡിയയിൽ നിന്നും മനസ്സിലാക്കാം. അതിൽ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് മനുസ്മൃതിയെക്കുറിച്ചുള്ളത്. 2005-ൽ Oxford University Press-ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാട്രിക്ക് ഒലിവെൽ എന്ന പേര് Oxford University Press എന്ന പേരുമായി ചേർത്ത് കേൾക്കുമ്പോൾ ഇദ്ദേഹം യൂറോപ്യൻ വംശജനാണെന്ന് തോന്നിപ്പോകും. പക്ഷെ ഇദ്ദേഹം ശ്രീലങ്കൻ വംശജനാണ്. പേരിൽ നിന്ന് ക്രിസ്ത്യാനിയുമാണെന്ന് ഊഹിക്കാം. ഈ കാരണങ്ങളാൽ ആവാം ഭാരതീയ സംസ്കാരത്തോട് അനുഭാവ പൂർവ്വമായ ഒരു സമീപനം ഇദ്ദേഹത്തിന്റെ പക്ഷത്തുനിന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഇവിടെ പ്രകടിപ്പിക്കുവാൻ കാരണം പുസ്തകത്തിലെ ചില വരികളാണ്. ഉദാ. പുസ്തകത്തിന്റെ അവതാരികയിൽ നല്കിയിട്ടുള്ള ഒരു വാചകം ഇപ്രകാരമാണ്. Quote Patrick Olivelle : “Sudra” for Manu, I think, is often a code word; it identifies the enemy and it encompasses a wide cross-section of society, both past and present.” Unquote. ശൂദ്രന്മാർ ബ്രാഹ്മണന്മാരുടെ ശത്രുക്കൾ ആണെന്നാണ് ഇദ്ദേഹത്തിന്റെ ബുദ്ധിയിൽ തെളിഞ്ഞത്. (page 40, Manu’s code of Law, Patrick Olivelle). ബ്രാഹ്മണന്മാരുടെ അവകാശങ്ങളും പ്രത്യേക ആനുകൂല്യങ്ങളും സംരക്ഷിച്ചു നിലനിർത്തുവാൻ യാഥാസ്ഥിതിക ബ്രാഹ്മണനായ ഒരു മനുവാണ് ഈ പുസ്തകം രചിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മനുസ്മൃതി രചിക്കപ്പെട്ടത് കോമൺ ഇറാ (CE) തുടങ്ങുന്നതിനു മുമ്പുള്ള രണ്ടാം നൂറ്റാണ്ടിൽ (2nd century BCE), മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷമാണെന്നാണ് ഇദ്ദേഹത്തിന്റെ മതം. ഇതു തന്നെയാണ് മഹാഭാരതരചനയെക്കുറിച്ചും ഈ വിദ്വാന് പറയാനുള്ളത്. (page 30, Manu’s code of Law, Patrick Olivelle). വ്യാസനും ഇദ്ദേഹത്തിന്റെ നോട്ടത്തിൽ യാഥാസ്ഥിതികനും സ്വാർത്ഥനുമായ ഒരു ബ്രാഹ്മണനാണ്. മന്വന്തരങ്ങളെക്കുറിച്ചും, ഭാരതീയ ചാക്രിക സമയസങ്കല്പങ്ങളെക്കുറിച്ചും, ഭാരതീയ സാംസ്കാരിക പ്രകിയകളെക്കുറിച്ചും, ഗീതയിൽ പതിനെട്ടാമദ്ധ്യായത്തിൽ ഭഗവാൻ വ്യക്തമാക്കുന്ന വർണ്ണ സങ്കല്പങ്ങളെക്കുറിച്ചും (18.40 to 44) പരിഗണിക്കാതെയാണ് ഈ വിധമുള്ള ‘കണ്ടുപിടുത്തങ്ങളും’ അഭിപ്രായങ്ങളും ഇൻഡോളജിസ്റ്റുകൾ മുമ്പോട്ടുവയ്ക്കുന്നത്. അതിനാൽ വളരെ ജാഗ്രത പുലർത്തി വേണം ഇത്തരം ഇൻഡോളജിസ്റ്റ് കൃതികളെ സമീപിയ്ക്കേണ്ടത്.
വിവർത്തന വൈഷമ്യങ്ങൾ
വിവർത്തകൻ നേരിടുന്ന വൈഷമ്യങ്ങളെക്കുറിച്ചും കടമ്പകളെക്കുറിച്ചും ഇദ്ദേഹം മൂന്ന് പേജുകളിൽ വിവരിച്ചിട്ടുണ്ട്. (പേജുകൾ 71 മുതൽ 73 വരെ, Note on Translation, ഇതിൽ രണ്ടു പേജുകളുടെ സ്ക്രീൻഷോട്ടുകൾ ഇവിടെ നല്കിയിട്ടുണ്ട്). സംസ്കൃത ഭാഷയുടെ പരിസ്ഥിതികളും ഇംഗ്ലീഷ് ഭാഷയുടെ പരിസ്ഥിതികളും കാല-ദേശത്താലും, സാംസ്കാരികമായും ഏറ്റവും വിഭിന്നങ്ങളാണെന്ന് ഇദ്ദേഹം ഇതിൽ പറഞ്ഞിട്ടുണ്ട്. ഇത് തർജ്ജമയെ പ്രതികൂലമായി ബാധിക്കും എന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ മനുസ്മൃതിയുടെ സാംസ്കാരികമായ, ചരിത്രപരമായ, ഭാഷാപരമായ ലോകങ്ങൾ, മനസ്സിലാക്കാൻ ശ്രമിച്ചതിനു ശേഷമാണ് ഈ തർജ്ജമ താൻ നിർവഹിച്ചതെന്നും ഇദ്ദേഹം പറയുന്നു. എന്തായാലും സംസ്കൃതത്തിൽ പാണ്ഡിത്യം ഉള്ളവരെ ഉദ്ദേശിച്ചല്ല, മറിച്ച് സാധാരണ ജനങ്ങളെ കരുതിയാണ് ഈ തർജ്ജമ നിർവ്വഹിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ചില സംസ്കൃത പദങ്ങൾ അർത്ഥം ചോർന്നുപോകാത്ത വിധം വിവർത്തനം ചെയ്യുന്നതിൽ പ്രയാസം അനുഭവപ്പെട്ടെന്ന് പാട്രിക്ക് പറയുന്നു. Quote Patrick Olivelle : “Several Sansksrit terms cause special difficulties in translation, some because of their wide semantic range and others because of difficulties in determining their precise meanings. The first and most obvious is dharma. In general, I have translated the term as “Law”.” Unquote (page 71). വിവർത്തന വൈഷമ്യം നല്കുന്ന ‘ധർമ്മ’ എന്ന പദത്തെക്കൂടാതെ, ഉദാഹരണങ്ങളായി അദ്ദേഹം നല്കിയ മറ്റു വാക്കുകൾ ‘ഗുരു, ദണ്ഡ, ജ്ഞാതി, ബന്ധു, ഇന്ദ്രിയ, സദൃശ, അന്ത്യജ, ദ്വിജ, വധ, ദസ്യു’ എന്നിവയാണ്. ഇതിൽ ‘ദസ്യു’ നമ്മുടെ പ്രത്യേക പരിഗണന അർഹിക്കുന്നു. കാരണം റോമില ഥാപ്പർ പ്രാചീന ഇന്ത്യയുടെ ചരിത്ര ആഖ്യാനത്തിൽ ഈ വാക്കിനെ ആശ്രയിച്ചിരിക്കുന്നത് കാണാം.
ദാസ, ദസ്യു : റോമില ഥാപ്പറും ഋഗ്വേദത്തിലെ അടിമപ്പണിയും
റോമില ഥാപ്പർ, ആർ. എസ്. ശർമ്മ തുടങ്ങിയ മാർക്സിസ്റ്റ് പാളയത്തിലുള്ള ചരിത്രകാരികളും ചരിത്രകാരന്മാരും, ഭാരതത്തിന്റെ ചരിത്ര ആഖ്യാനങ്ങളിലൂടെ, ഹിന്ദുമതത്തെയും ഭാരതീയ സംസ്കാരത്തെയും ഇകഴ്ത്തിക്കാണിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. റോമിലഥാപ്പർ തന്റെ ഭാരതീയ ചരിത്ര നിർമ്മിതിയ്ക്ക് വളരെയധികം ആശ്രയിച്ച രണ്ടു പദങ്ങളാണ് ദാസ, ദസ്യു എന്നീ പദങ്ങൾ. Quote Romila Thapar :- ” The Theory of an Aryan invasion no longer has credence. The Rig-Veda refers to skirmishes between groups, some among those who identify themselves as aryas and some between the aryas and dasas. The more acceptable theory is that groups of Indo-Aryan speakers gradually migrated from the Indo-Iranian borderlands and Afghanistan to northern India, when they introduced the language”. Unquote, page 105, Early India, Penguin books. പ്രത്യേകം ശ്രദ്ധിക്കുക !!!! ഇവിടെ ആര്യൻ അധിനിവേശ സിദ്ധാന്തം വിശ്വാസയോഗ്യമല്ലെന്നും, അങ്ങിനെ ഒരു അധിനിവേശം നടന്നിട്ടില്ലെന്നും പ്രസ്താവിച്ചിരിക്കുന്നു. അതിനു പകരമായി കുടിയേറ്റ സിദ്ധാന്തത്തെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഇനി മറ്റൊരിടത്ത്…. Quote Romila Thapar :- There was earlier thought to be a racial difference between the aryas who spoke Indo-Aryan and those whom they met with, whom they called dasas, dasyus and panis. The statement that they were two varnas – the arya-varna and the dasa-varna – was quoted as evidence. Varna literally means colour and this was taken to be skin color. But, more likely, judging from the references, colour was used as a symbolic classifier to express differences. This is supported by the paucity of specific descriptions of the skin colour of the dasas and many more references to differences of language, ritual, deities and custom. The panis are said to be cattle-lifters and therefore disliked.” Unquote, page 112, Early India, Romila Thapar, Penguin books. വെളുത്ത-വർഗ്ഗക്കാർ (യൂറോപ്യന്മാർ) കറുത്ത-വർഗ്ഗക്കാരോട് (ആഫ്രിക്കൻ വംശജരോട്) കാണിച്ച racism (വംശീയവെറി), ആര്യന്മാർ ദാസന്മാരോട് (കറുത്തനിറമുള്ള തെക്കേഇന്ത്യാക്കാരോട് , അതായത് ദ്രാവിഡരോട്) കാട്ടിയിരുന്നു എന്ന നിലപാടും ഇവിടെ ഉപേക്ഷിച്ചി- രിക്കുന്നതായി കാണാം.
ഇനി വേറൊരിടത്ത്… Quote Romila Thapar :- “The Rig-Veda lacks a sense of civic life founded on the functioning of planned and fortified cities. It does not refer to non-kin labour, or even slave labour, or to such labour being organized for building urban structures.” Unquote, page 110, Early India, Romila Thapar, Penguin books. കൂലിവേലയെക്കുറിച്ചോ, അടിമ വേലയെക്കുറിച്ചോ, തൊഴിലാളികളെ സംഘടിപ്പിച്ച് നഗരവൽക്കരണം സാദ്ധ്യമാക്കുന്ന കെട്ടിട നിർമ്മിതികൾ നടത്തിയതിനേക്കുറിച്ചോ ഋഗ്വേദത്തിൽ പരാമർശമില്ലെന്ന് റോമില പറയുന്നു. താൻ തേടിയ, അല്ലെങ്കിൽ തനിയ്ക്ക് വേണ്ടിയിരുന്ന ഇത്തരം പൗരസംബന്ധമായ വിവരങ്ങൾ ഋഗ്വേദത്തിൽ ഇല്ലാത്തത് അതിന്റെ ന്യൂനതയാണ് എന്ന ധ്വനിയും റോമിലയുടെ വാക്കുകളിൽ ഉണ്ട്. വൈദിക സാഹിത്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഋഗ്വേദത്തിൽ നിന്നും ബ്രാഹ്മണരുടെ മേൽനോട്ടത്തിൽ അടിമത്വ സമ്പ്രദായം ഭാരതത്തിൽ നടപ്പാക്കിയിരുന്നില്ല എന്ന് ഇടതുപക്ഷ ചരിത്രകാരിയായ റോമിലഥാപ്പറിന്റെ വാക്കുകളിൽ നിന്നും തെളിയുന്നു. (ഋഗ്വേദത്തിൽ ലൗകിക വിഷയങ്ങളെ മാത്രം തേടുന്നവർക്ക്, അവർക്ക് വേണ്ടുന്ന ഉത്തരം ലഭിക്കുമോ എന്ന ചോദ്യം, റോമിലയുടെ ഋഗ്വേദ സമീപനം ഉയർത്തുന്നു.) കേരളത്തിലെ മാർക്സിറ്റ് പാർട്ടി (CPM) കൊട്ടിഘോഷിക്കുന്ന കേരള നവോത്ഥാനം ഈ വിവരങ്ങളുടെയെല്ലാം പാശ്ചാത്തലത്തിൽ പുനഃപരിശോധിക്കേണ്ടതുണ്ട്.
ദേവതാ വിജ്ഞാനം
ഋഗ്വേദത്തിലുള്ളത് ദേവതാ വിജ്ഞാനമാണ്. ഓരോ ഋഗ്വേദസൂക്തത്തിന്റേയും പ്രാരംഭത്തിൽ അതിലെ ദേവതയെക്കുറിച്ച് പരാമർശമുണ്ട്. ഉദാ. സൂക്തം ഒന്നിലെ ദേവത അഗ്നിയാണ്. സൂത്രം രണ്ടിൽ മൂന്ന് ദേവതമാരെക്കുറിച്ച് പരാമർശമുണ്ട് : വായു, ഇന്ദ്രവായു, മിത്രാവരുണൗ. സൂത്രം മൂന്ന് അശ്വികൾ, ഇന്ദ്രൻ, വിശ്വദേവതകൾ, സരസ്വതി എന്നീദേവതമാരെക്കുറിച്ചുള്ളതാണ്. ദേവതാ വിജ്ഞാനത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇതൊന്നും പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കാതെ ഋഗ്വേദത്തെക്കുറിച്ച് തെറ്റായ നിഗമനങ്ങളിലും നിർണ്ണയങ്ങളിലും മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചെന്നെത്തിയതായി, മുകളിൽ നല്കിയ റോമില ഥാപ്പറുടെ വാചകങ്ങിൽ നിന്നും മനസ്സിലാക്കാം. ഭാരതീയ സംസ്കൃതിയെക്കുറിച്ച് ഈ തെറ്റായ നിർണ്ണയങ്ങൾ ഇവർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യദ്രോഹികളായി മാറിയിരിക്കുന്നു.
പാട്രിക്ക് ഒലിവെല്ലിന്റെ മനുസ്മൃതി വിവർത്തനം എങ്ങിനെ പ്രയോജനപ്പെടുത്താം !
ഗ്രന്ഥകാരനായ പാട്രിക്ക് ഒലിവെല്ലിന് ഭാരതീയ സംസ്കാരത്തോട് അനുഭാവമുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിലുള്ള ഒരു നിഗമനത്തെ ഉദ്ധരിച്ച് മുൻപ് സൂചിപ്പിച്ചിരുന്നു. ഈ ഗ്രന്ഥത്തിന്റെ പണിപ്പുരയിൽ അദ്ദേഹം പതിമൂന്ന് വർഷക്കാലം പ്രയത്നിച്ചതായി ആമുഖത്തിൽ പറയുന്നുണ്ട്. (page v) ഈ ഗ്രന്ഥം രചിക്കുന്നതിനുവേണ്ടി മനുസ്മൃതിയുടെ ഒമ്പത് വ്യാഖ്യാനങ്ങൾ പരിശോധിച്ചതായും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.(പേജ് 72). അവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഗ്രന്ഥത്തിലെ 353 മുതൽ 913 വരെയുള്ള പേജുകളിൽ കാണുവാനും സാധിക്കും. വർഷങ്ങൾ നീണ്ട ഗ്രന്ഥകാരന്റെ പ്രയത്നവും, തർജ്ജമയ്ക്കായി പഠിച്ച ഒമ്പത് ഭാഷ്യങ്ങളേയും കണക്കിലെടുത്താൽ മനുസ്മൃതിയെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ഗ്രന്ഥമാണ്.
ഈ ഗ്രന്ഥത്തിന് വിപുലമായ ഒരു പദസൂചിക (index) ഇദ്ദേഹം നല്കിയിട്ടുണ്ട്. ഈ പട്ടികയിൽ(index-ൽ) Dasa, Dasyus (ദാസ, ദസ്യുക്കൾ) എന്നീ പദങ്ങളെയും (പേജ് 1115, താഴെ സ്ക്രീൻഷോട്ട് നല്കിയിട്ടുണ്ട്), slave എന്ന പദത്തെയും (അടിമ) (പേജ് 1127, സ്ക്രീൻഷോട്ട് താഴെക്കാണാം) ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദങ്ങളുമായി ബന്ധപ്പെട്ട ശ്ലോകങ്ങൾ ഏതെല്ലാമാണെന്ന് കാട്ടിത്തരുകയാണ് ഈ പദസൂചികയുടെ ലക്ഷ്യം. ഇതിൽ ആംഗലേയത്തിലെ slave-നെ പരിശോധിക്കുകയാണെങ്കിൽ, ഈ പദത്തിന്റെ തത്തുല്യമായ സംസ്കൃത പദം ദാസൻ അഥവ ദാസി ആണെന്നുള്ളത് ശ്ലോകങ്ങളിൽ നിന്നും മനസ്സിലാക്കാം. ദാസൻ / ദാസി എന്നീ പദങ്ങൾ അടിമത്തത്തെ സൂചിപ്പിക്കുന്ന പദങ്ങൾ അല്ല എന്നും, അവ “unfree labour” ആണ് സൂചിപ്പിക്കുന്നത് എന്നും കഴിഞ്ഞ ഭാഗത്തിൽ (ഭാഗം ഒന്നിൽ) വിശദീകരിച്ചിരുന്നു. ഭാരതത്തിൽ അടിമത്വ സമ്പ്രദായം ഇല്ലായിരുന്നു എന്ന് കഴിഞ്ഞ ഭാഗത്തിൽ അസന്നിഗ്ദ്ധമായി തെളിയിച്ചിരുന്നു. സംസ്കൃതത്തിലെ ദാസൻ / ദാസി എന്നീ പദങ്ങൾക്ക് തത്തുല്യമായ ഇംഗ്ലീഷ് പദമില്ല എന്നതും, ദാസൻ / ദാസി എന്നീ പദങ്ങളെ ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യുമ്പോൾ slave(അടിമ എന്ന് അർത്ഥമുള്ള) എന്ന പദം ഉപയോഗിക്കുന്നതിനാൽ, ഈ പദം(slave) ഇംഗ്ലീഷിൽ നിന്നും മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തപ്പോൾ, ഭാരതത്തിലും അടിമത്വ സമ്പ്രദായം നിലനിന്നിരുന്നു എന്ന് ഭാരതീയർപോലും തെറ്റിദ്ധിരിച്ചു. ഈ തെറ്റിദ്ധാരണ മാറ്റുവാൻ, ഇവിടെ slave എന്ന് പദസൂചികയിൽ(index-ൽ) നല്കിയ വാക്കുമായി ബന്ധമുള്ള മൂന്ന് ശ്ലോകങ്ങൾ നല്കുന്നു. താഴെ നല്കിയിരിക്കുന്ന മലയാളം ലിപിയിലുള്ള സംസ്കൃത ശ്ലോകങ്ങളും അവയുടെ അർത്ഥവും സിദ്ധിനാഥാനന്ദ സ്വാമിയുടെ മനുസ്മൃതി എന്ന പുസ്തകത്തിൽ നിന്നും കടമെടുത്തതാണ്.
slave 4.180
ഋത്വിക്പുരോഹിതാചാര്യൈർ മാതുലാതിഥിസംശ്രിതൈഃ ബാലവൃദ്ധാതുരൈർവൈദ്യൈർജ്ഞാതിസംബന്ധി ബാന്ധവൈഃ (മനുസ്മൃതി 4.179) മാതാപിതൃഭ്യാം ജാമീഭിർഭ്രാത്രാ പുത്രേണ ഭാര്യയാ ദുഹിത്രാ ദാസവർഗേണ വിവാദം ന സമാചരേത് (മനുസ്മൃതി 4.180)
ശ്ലോകാർത്ഥം : ഋത്വിക്കുകൾ, പുരോഹിതന്മാർ, ആചാര്യന്മാർ, മാതുലന്മാർ, അതിഥികൾ, അനുജീവികൾ, ബാലന്മാർ, വൃദ്ധന്മാർ, രോഗാർത്തർ, വൈദ്യന്മാർ, ജ്ഞാതികൾ, സംബന്ധികൾ, ബാന്ധവർ, മാതാപിതാക്കന്മാർ, സോദരീസ്നുഷാദികൾ, സോദരൻ, പുത്രന്മാർ, ഭാര്യ, പുത്രിമാർ, ഭൃത്യന്മാർ ഇവരുമായി വാഗ്വാദം നടത്തരുത് (മനുസ്മൃതി, സിദ്ധിനാഥാനന്ദ സ്വാമി പേജ്.190)
Officiating priests; family priests; teachers; maternal uncles; guests; dependents; children; the aged; the sick; doctors; paternal, affinal, and maternal relatives; (179), father; mother; sisters; brother; son; wife; daughter; and slaves - he should not get into arguments with any of these.(180) (Patrick Olivelle, Manu's code of Law, page 133). ഇവിടെ 'ദാസവർഗേണ' എന്ന ശ്ലോകത്തിലെ പദം അടിമ(slave) ആക്കി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ശ്രദ്ധിക്കുക.
slave 4.185
ഛായാ സ്വോ ദാസവർഗ്ഗശ്ച ദുഹിതാ കൃപണം പരം തസ്മാദേതൈരധിക്ഷിപ്തഃ സഹേതാസംജ്വരഃ സദാ. (മനുസ്മൃതി 4.185)
ശ്ലോകാർത്ഥം: തന്റെ ദാസന്മാർ തന്റെ ഛായയാണ്; പുത്രി കൃപാപാത്രമാണ്; ആകയാൽ ഇവരാൽ അധിക്ഷേപിക്കപ്പെട്ടാലും ഒരിക്കലും ക്ഷോഭിക്കാതെ സഹിക്കേണ്ടതാകുന്നു. നിത്യവും അനുഗമിക്കുന്നതിനാൽ ദാസന്മാർ സ്വച്ഛായയാണ്. (മനുസ്മൃതി, സിദ്ധിനാഥാനന്ദ സ്വാമി പേജ്.191)
His slaves are his own shadow, and his daughter is the object of supreme compassion. When his is assailed by any of these, therefore, he should always bear it without losing his temper(4.185 )(Patrick Olivelle, Manu's code of Law, page 133). ഇവിടെയും 'ദാസവർഗ്ഗശ്ച' എന്ന സംസ്കൃതശ്ലോകത്തിലെ പദം അടിമ എന്ന അർത്ഥം ഉള്ള slave എന്ന ആംഗലപദത്തിലേക്കാണ് മൊഴിമാറ്റിയിട്ടുള്ളത്.
slave 4.253
ആർധികഃ കുലമിത്രം ച ഗോപാലോ ദാസനാപിതൗ ഏതേ ശൂദ്രേഷു ഭോജ്യാന്നാ യശ്ചാത്മാനം നിവേദയേത് (മനുസ്മൃതി 4.253)
ശൂദ്രരിൽ കൃഷിക്കാരൻ, കുടുംബമിത്രം, പശുപാലൻ, ദാസൻ, ക്ഷുരകൻ, ശരണം പ്രാപിച്ചവൻ ഇവരെല്ലാം അന്നത്തിന് അർഹരാണ്. (മനുസ്മൃതി, സിദ്ധിനാഥാനന്ദ സ്വാമി പേജ്.205)
ആർദ്ധികൻ = പകുതിവാരക്കാരൻ, കൃഷിക്കാരൻ, ‘ഞാൻ ദീനൻ, അങ്ങയുടെ കീഴിൽ വേലചെയ്തു പാർത്തുകൊള്ളാം,’ എന്നു പറഞ്ഞു വരുന്നവൻ നിവേദിതൻ.
‘ഭോജ്യം അന്നം യേഷാം തേ ഭോജ്യാന്നാഃ’ ‘ആരുടെ അന്നം ഭുജിക്കാമോ അവർ’ എന്ന അർത്ഥമാണ് ഭോജ്യാന്നാഃ’ എന്നതിന്. അപ്പോൾ ഗൃഹസ്ഥദ്വിജന് ഇവരുടെയെല്ലാം അന്നം ഭുജിക്കാം എന്നാകും പ്രകരണം കൊണ്ടു വന്നുകൂടുക. ആർധികാശ്രിതാദികളിൽനിന്നു സ്വീകരിക്കാം എന്നല്ലൊ വന്നുകൂടുക. അതൊരു വ്യർത്ഥവിധിയാകുമെന്നതിനാൽ ആർധികാദികൾ അന്നാർഹരാണ് എന്ന അർത്ഥം സ്വീകരിക്കണം. (മനുസ്മൃതി, സിദ്ധിനാഥാനന്ദ സ്വാമി പേജ്.205)
A sharecropper, a friend of the family, and one's cowherd, slave, and barber - among Sudra's, these are the ones whose food is fit to be eaten, as also a person who has presented himself.(253) (Patrick Olivelle, Manu's code of Law, page 137) ഇവിടെയും ശ്ലോകത്തിലെ 'ദാസ' എന്ന പദത്തെ Slave എന്ന് ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ അതിനെ അടിമ എന്ന് മലയാളികൾ തെറ്റിദ്ധരിച്ചു.
പാട്രിക്ക് ഒലിവെൽന്റെ പദസൂചികയിൽ slave-വുമായി ബന്ധപ്പെട്ട മറ്റു മനുസ്മൃതി ശ്ലോകങ്ങളെക്കുറിച്ചും പറയുന്നുണ്ട്. 8.70, 8.299, 8.342, 8.412-6, 9.179, 10.32, slave women 3.52, 8.363, 9.48, 9.55, 9.179, 11.184 കൂടാതെ Dasa 10.34, Dasyus 10.32, 10.45, 11.18, 11.70 വിസ്താരഭയത്താൽ ഈ ശ്ലോകങ്ങൾ ഇപ്പോൾ ഇവിടെ നല്കുന്നില്ല.
ദാസ / ദാസി എന്ന സംസ്കൃത പദം Slave എന്ന് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത്, പിന്നീട് slave എന്ന ഇംഗ്ലീഷ് പദം അടിമ എന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തപ്പോൾ, കേരളമുൾപ്പടെ ഭാരതത്തിൽ എല്ലായിടത്തും അടിമ സമ്പ്രദായം നിലനിന്നിരുന്നു എന്ന തെറ്റായ നിർണ്ണയത്തിലേക്ക് മലയാളികൾ എത്തിച്ചേർന്നു. കൂടാതെ കേരളീയ സാമൂഹ്യ ചരിത്രത്തെ സംബന്ധിച്ച വിവരണങ്ങളിൽ, കർഷകത്തൊഴിലാളി എന്ന പദത്തെ Rev Samuel Mateer ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് soil slaves, predial slaves എന്നാണ്. മാർക്സിറ്റ് ചരിത്രകാരനായ കെ.എൻ പണിക്കർ കർഷകത്തൊഴിലാളി എന്ന പദത്തെ ഇംഗ്ലീഷിൽ അവതരിപ്പിച്ചത് agrestic slaves എന്നാണ്. (ഈ ലിങ്ക് ക്ലിക്ക് ചെയ്യുക). ഇങ്ങിനെയുള്ള തർജ്ജമകൾ കേരളത്തിൽ അടിമത്വ സമ്പ്രദായം ചരിത്രാതീത കാലം മുതൽക്കേ നിലവിലുണ്ടായിരുന്നു എന്ന ധാരണയ്ക്ക് ആക്കം കൂട്ടി. ഇങ്ങിനെ ഉരുവായ ഈ തെറ്റിദ്ധാരണ തിരുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ലേഖനം.
മനുസ്മൃതി പ്രകാരമുള്ള ഭരണം നിലനിന്നിരുന്ന കേരളത്തിൽ അടിമത്വ സമ്പ്രാദായം ഉണ്ടായിരുന്നില്ല. പിന്നെ എങ്ങിനെ, ഏത് കാലത്താണ് അടിമത്വ സമ്പ്രദായം കേരളത്തിൽ ഉണ്ടായത്. ഇതിനെക്കുറിച്ച് വരും ഭാഗങ്ങളിൽ പരിശോധിക്കുന്നതാണ്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276 or mail to wayfrr@gmail.com
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739