കേണൽ മൺറോയുടെ അടിമത്വ വ്യാപാര നിരോധന നിയമം.
കേരളത്തിലെ അടിമത്വത്തെക്കുറിച്ചുള്ള ഈ മൂന്നാം ഭാഗത്തിൽ, തിരുവിതാംകൂർ ചരിത്രത്തെ വിവരിക്കുന്ന മൂന്ന് പ്രധാന ഗ്രന്ഥങ്ങളിൽ നല്കിയിട്ടുള്ള ആദ്യത്തെ അടിമക്കച്ചവട നിരോധന വിളംബരത്തെ സംബന്ധിച്ച വിവരങ്ങൾ അതേപടി (ഇവിടെ) നല്കുന്നതാണ്. തിരുവിതാംകൂറിലെ നിയമവാഴ്ചയുടെ ആധാരം മനുസ്മൃതിയായിരുന്നു. പക്ഷെ മനുസ്മൃതിയിൽ അടിമത്വ വ്യവസ്ഥിതി അരക്കിട്ടുറപ്പിയ്ക്കുന്ന നിയമങ്ങൾ ഇല്ലെന്ന് നമ്മൾ കഴിഞ്ഞ ഭാഗത്ത് (ഭാഗം രണ്ടിൽ) കണ്ടിരുന്നു. എന്നിട്ടും തിരുവിതാംകൂറിൽ അടിമ വ്യാപര നിരോധന വിളംബരം പുറപ്പെടുവിച്ചുവെന്ന് ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു. ഈ വൈരുദ്ധ്യത്തിന്റെ കാരണങ്ങളാണ് അന്വേഷിച്ചു കണ്ടെത്തേണ്ടത് . അതിനായി, ലഭ്യമായ ചരിത്രഗ്രന്ഥങ്ങളിൽ ഉള്ള വിളംബരത്തിന്റെ വിശദാംശങ്ങൾ നമ്മൾ പരിശോധിക്കേണ്ടതുണ്ട്.
ഇവിടെ ആദ്യം പരിശോധിയ്ക്കപ്പെടുന്ന ഗ്രന്ഥം പി ശങ്കുണ്ണി മേനോന്റെ History of Travancore From The Earliest Times(1878) ആണ്.
1. History of Travancore From The Earliest Times, written by P.Shungoonny Menon and first published in 1878.
ഈ പുസ്തകത്തിന്റെ മലയാള വിവർത്തനം ഇന്ന് ലഭ്യമാണ്. ഡോ. സി. കെ. കരീം ഈ പുസ്തകം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുകയും, തിരുവിതാംകൂർ ചരിത്രം എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1973-ൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1878-ൽ പ്രസിദ്ധീകരിച്ച ആംഗലേയ ഭാഷയിലുള്ള മൂല ഗ്രന്ഥത്തിന്റെ പേജ് 371-ലാണ്, തിരുവിതാംകൂറിലെ ആദ്യത്തെ അടിമക്കച്ചവട നിരോധന നിയമത്തെക്കുറിച്ച് നമ്മൾ അറിയുന്നത്. പേജിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.
Quote P Shungoonny Menon (മുകളിലുള്ള സ്ക്രീൻഷോട്ടിൽ ഉള്ള ഖണ്ഡിക) :- “Of the numerous enactments passed during this reign that for the abolition of the slave trade was one of the most important. This was promulgated by a royal proclamation under date the 21st Vrischigom 987 M.E. (5th December 1812 A.D) As was the case in Britain, traffic in human flesh and blood, was carried on in Travancore as well as throughout the whole of India, and though the practice had been a good deal restricted during the time of many of the wise sovereigns of Travancore, this objectionable trade had never been entirely prohibited by any royal edict till the period of this happy reign, and the consequence was that during the time of dearth or famine, people of all castes, except the Brahmans, were publicly sold to those who wanted them. Scarcely a year after the installation of this Princess, and even before Colonel Munro had assumed charge of the administration, Her Highness had the benevolence and humanity to introduce this desirable prohibition.” Unquote
അടിമ വ്യാപാരത്തെ പരാമർശിക്കുന്ന മുകളിൽ നല്കിയ ഖണ്ഡികയുടെ മലയാള വിവർത്തനം ഇവിടെ ഉദ്ധരിക്കുന്നു. Quote തിരുവിതാംകൂർ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് :-“നിരവധി നിയമനിർമ്മാണങ്ങളിൽ പ്രധാനമായ ഒന്നാണ് അടിമക്കച്ചവടം നിർത്തലാക്കിക്കൊണ്ടുള്ള വിളംബരം. കൊല്ലവർഷം 987, വൃശ്ചികം 21-ആം തീയതി (1812, ഡിസംബർ 5-ആം തീയതി) ഒരു രാജകീയവിളംബരമായിട്ടാണ് ഇതു പ്രഖ്യാപനം ചെയ്തത്. ബ്രിട്ടനിലെന്നപോലെ ഇന്ത്യയിൽ മുഴുക്കെയും നടമാടിയിരുന്ന ഒരു ദുർനീതിയായിരുന്നു അടിമവ്യാപാരം. തിരുവിതാംകൂറിലും ഇത് നിലവിലുണ്ടായിരുന്നു. മുമ്പത്തെ രാജാക്കന്മാരിൽ ബുദ്ധിയുള്ള പലരും വളരെ നിയന്ത്രിച്ചിരുന്നു എന്നതു ശരിതന്നെ. എന്നാൽ ഈ ഭരണകാലം വരെ ഒരു രാജകീയവിളംബരം മൂലം ആക്ഷേപകരമായ ഒരു പ്രവൃത്തിയെ നിരോധിച്ചിരുന്നില്ല. തന്മൂലം ക്ഷാമകാലങ്ങളിൽ ബ്രാഹ്മണരൊഴികെയുള്ള എല്ലാ ജാതിയിലും പെട്ട ആളുകളെ തുറന്ന കമ്പോളത്തിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തുമായിരുന്നു. കേണൽ മൺറോ ഭരണചുമതലയേൽക്കുന്നതിനു മുൻപുതന്നെ, റാണി രാജ്യഭാരം തുടങ്ങി ഒരു വർഷം തികയുന്നതിനു മുമ്പാണ്, ഈ നിരോധനം ഏർപ്പെടുത്തുവാനുള്ള ഉദാരതയും മനുഷ്യത്വവും അവർ പ്രകടിപ്പിച്ചത് .” Unquote.പേജുകൾ 320, 321, തിരുവിതാംകൂർ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരണം.
അല്പം തിരുവിതാംകൂർ രാഷ്ട്രീയ ചരിത്രം
ശ്രീ പത്മനാഭസേവിനി വഞ്ചിധർമ വർധിനി രാജരാജേശ്വരി റാണി ഗൗരി ലക്ഷീഭായി തിരുവിതാംകൂറിന്റെ സിംഹാസനത്തിൽ സ്ഥാനാരോഹിതയായതിനു ശേഷമാണ് അടിമ വ്യാപാര നിരോധന നിയമം വിളംബരം ചെയ്തത്. ശ്രീ പത്മനാഭദാസ വഞ്ചിപാല ബാലരാമവർമ്മയുടെ പന്ത്രണ്ടു വർഷത്തെ(1798-1810) ഭരണത്തിനു ശേഷം 7th Nov 1810-ൽ, അദ്ദേഹം 29-ആമത്തെ വയസ്സിൽ ദിവംഗതനായി. ഇദ്ദേഹത്തെ തുടർന്നാണ് ഗൗരി ലക്ഷീഭായി സിംഹാസനാരൂഢയായത്. ഇതേകാലഘട്ടത്തിൽ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യാനിയായ കേണൽ മക്കാളെ തിരുവിതാംകൂറിലെ റസിഡന്റ് പദവിയിൽ നിന്നും വിരമിക്കുകയും (1810 CE), ഉടൻ തന്നെ കേണൽ മൺറോയെ ഈ പദവിയിലേയ്ക്ക് കമ്പനി നിയമിക്കുകയും ചെയ്തു. 1819-വരെ കേണൽ മൺറോ ഈ പദവിയിൽ തുടർന്നു. കേണൽ മൺറോ റസിഡന്റായി നിയമിതനായ സമയം ഉമ്മിണി തമ്പിയായിരുന്നു തിരുവിതാംകൂറിലെ ദിവാൻ. വേലുത്തമ്പിയ്ക്ക് ശേഷം ഇദ്ദേഹം രണ്ടു വർഷങ്ങൾക്കു മേൽ ദിവാൻ പദവി വഹിച്ചിരുന്നു. ആദ്യമാദ്യം ഉമ്മിണിത്തമ്പി കമ്പനിയ്ക്ക് അഭിമതനായിരുന്നെങ്കിലും, തമ്പിയെക്കൊണ്ട് രാജ്യത്തുനിന്ന് കപ്പത്തുക പിരച്ച് എടുത്ത് നല്കുവാൻ കഴിയാതെ വന്നപ്പോൾ, കമ്പനി ഇയാളെയും പദവിയിൽ നിന്നും നീക്കി. മൺറോ റസിഡന്റായി നിയമിതനായതിനു ശേഷമാണ് മഹാരാജാവ് ബാലരാമവർമ്മ അന്തരിച്ചതും (7th Nov 1810) ഗൗരീ ലക്ഷ്മീഭായി സിംഹാസനാരൂഢയായതും.
ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ അന്യായമായ കപ്പവും തിരുവിതാംകൂറിലെ കരം പിരിവും.
1797-ൽ ബാലരാമവർമ്മയുടെ അമ്മാവൻ രാമവർമ്മ മുസ്ലീമായ ടിപ്പുവിന്റെ ആക്രമണ ഭീഷണിയെത്തുടർന്ന് ക്രിസ്ത്യൻ ബ്രിട്ടീഷുകാരുമായി ഒരു കരാറിൽ ഏർപ്പെടുവാൻ നിർബന്ധിതനായി. (രണ്ടു വർഷങ്ങൾക്കു ശേഷം (04 may 1799) ബ്രിട്ടീഷുകാരാൽ ടിപ്പു കൊല്ലപ്പെട്ടു). ഈ ഉടമ്പടിയിലെ നിബന്ധനകൾ പ്രകാരം ക്രിസ്ത്യൻ ബ്രിട്ടീഷ് കമ്പനി ഏകപക്ഷീയമായി വർദ്ധിപ്പിച്ച കപ്പം തിരുവിതാംകൂറിനു നല്കാൻ കഴിയാതെ വന്നു. ബാലരാമവർമ്മയുടെ മുതിർന്ന ഉദ്യോഗസ്ഥന്മാരും (പ്രധാനമന്ത്രിയായ ജയന്തൻ നമ്പൂതിരിയും, ധനമന്ത്രിയായ തക്കല ശങ്കരനാരായണൻ ചെട്ടിയും), കുത്തകമുതലാളിയായ സിറിയൻ ക്രിസ്ത്യാനി മാത്തൂത്തരകനും ചേർന്ന് രാജ്യകാര്യങ്ങൾക്കു(ഉദ്യോഗസ്ഥന്മാരുടെ ശമ്പളം, പട്ടാളത്തിന്റെ വേതനം മുതലായവ)വേണ്ടുന്ന ധനവും, സ്വന്തം കീശ വീർപ്പിയ്ക്കുന്നതിനും, ഇതിനും പുറമെ ബ്രിട്ടീഷുകാർക്കു നല്കേണ്ടുന്ന കപ്പവും,കപ്പക്കുടിശ്ശികയും, സമാഹരിക്കുന്നതിനായി സംഭാവനകൾ (general contribution,p293,Shangoonny Menon) പിരിയ്ക്കുവാൻ തുടങ്ങുകയും, നിത്യോപയോഗസാധനങ്ങൾക്കുമേൽ അധിക നികുതി ചുമത്തുകയും ചെയ്തു(p295). ഈ മൂവരുടെയും മേൽനോട്ടത്തിൽ സംഭാവനകൾ നല്കേണ്ടുന്നവരുടെ ഒരു പട്ടിക തയ്യാറാക്കുകയും, ഓരോരുത്തരും നല്കേണ്ടുന്ന തുക നിശ്ചയിക്കുകയും ചെയ്തു. ഈ തുക നല്കാൻ കഴിയാതെ വന്നാൽ ചാട്ടവാർ കൊണ്ടുള്ള അടിയോ, കാരാഗ്രഹമോ ഉറപ്പായിരുന്നു. മാന്യന്മാരായ പല വ്യക്തികളും ഇപ്രകാരം ശിക്ഷിയ്ക്കപ്പെട്ടു. കച്ചവടക്കാർ, ഭൂവുടമകൾ, വിരമിച്ച ഉദ്യോഗസ്ഥന്മാർ, തുടങ്ങി അനേകം വ്യക്തികൾ ഈ ശിക്ഷയ്ക്ക് വിധേയരായി. ഇതേത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് വേലുത്തമ്പി മന്ത്രിയായതും, പിന്നീട് സ്ഥാനക്കയറ്റം കിട്ടി പ്രധാനമന്ത്രിയായതും, തുടർന്ന് 1802-ൽ സൈന്യത്തിന്റെയും കൂടി ചുമതലയുള്ള ദളവയായതും. ഭരണപരമായ കാര്യങ്ങളിൽ വേലുത്തമ്പി സ്വീകരിച്ച കർശനമായ ശിക്ഷാവിധികൾ പ്രയോജനം കണ്ടു. ഏകദേശം ഒരു വർഷം കൊണ്ട് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെ അഴിമതി നിർത്തലാക്കുവാനും, റവന്യൂ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കാര്യക്ഷമമായി കരം പിരിയ്ക്കുവാനും സാധിച്ചു. ഇപ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി, സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പള കുടിശ്ശിക നല്കുവാനും, പട്ടാളക്കാർക്ക് വേതനം നല്കുവാനും, രാജ്യത്തിനുണ്ടായിരുന്ന ഭാരമേറിയ കടങ്ങൾ ഒരു പരിധിവരെ വീട്ടുവാനും വേലുത്തമ്പിയ്ക്ക് സാധിച്ചു. പക്ഷെ 1797-ലെ ഉടമ്പടി പ്രകാരം ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് ചെല്ലേണ്ടിയിരുന്ന കപ്പവും കപ്പക്കുടിശ്ശികകളും നല്കുവാൻ തമ്പിയ്ക്ക് കഴിഞ്ഞില്ല.
കേണൽ മക്കാളെയുടെ ഉപദേശപ്രകാരം ആയിരുന്നിരിയ്ക്കണം, വേലുത്തമ്പി ദളവ, സർക്കാർ ചിലവുകൾ കുറച്ച്, കപ്പക്കുടിശ്ശിക കൊടുക്കുവാൻ തീരുമാനമെടുത്തു. (തിരുവിതാംകൂറിനെ സംബന്ധിച്ച എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും വേലുത്തമ്പി ബ്രിട്ടീഷ് റസിഡന്റായ കേണൽ മക്കാളെയുമായി ആലോചിച്ചിരുന്നു. ഇങ്ങിനെ പ്രധാനപ്പെട്ട രാജ്യകാരങ്ങൾക്ക് തമ്പി മക്കാളെയുടെ ഉപദേശങ്ങളും സ്വീകരിച്ചിരുന്നു (p303, P Shungoonny Menon)). ഇതിൻപ്രകാരം നായർ പട്ടാളത്തിന്റെ ശമ്പളം നിർത്തലാക്കിക്കൊണ്ടാണ് ചിലവു ചുരുക്കൽ നടപടികൾ തമ്പി തുടങ്ങിവച്ചത്. ഇതേത്തുടർന്ന് തിരുവിതാംകൂറിൽ അങ്ങോളമിങ്ങോളം നായർ പട്ടാള കലാപം പൊട്ടിപ്പുറപ്പെട്ടു. നായർപ്പടയാളികളൽ നിന്നും രക്ഷപെടാൻ ആലപ്പുഴയിൽ നിന്നും തമ്പി കൊച്ചിയിൽ കേണൽ മക്കാളെയുടെ അടുക്കലേയ്ക്ക് പലായനം ചെയ്തു. പിന്നീട് കേണൽ മക്കാളെയുടെയും, കർണാറ്റിക് ബ്രിഗേഡിന്റെയും സഹായത്തോടെ വേലുത്തമ്പി തിരുവിതാംകൂറിൽ പ്രവേശിക്കുകയും, ലഹളയിലേർപ്പെട്ട നായർപ്പടയാളികളെ അടിച്ചമർത്തി അതിന് നേതൃത്വം നല്കിയവരെ ക്രൂരമായി വധിക്കുകയും ചെയ്തു. ഒപ്പം നായർപ്പടയാളികളെ നിരായുധരാക്കുകയും, നിരവധി നായർ സൈനിക വിഭാഗങ്ങളെ പിരിച്ചുവിടുകയും ചെയ്തു.
നായർപട്ടാള കലാപത്തെക്കുറിച്ചറിഞ്ഞ കൽക്കട്ടയിലുള്ള അന്നത്തെ ഗവർണർ ജനറൽ ലോർഡ് വെല്ലസ്ലി, മദ്രാസ് ഗവർണ്ണറായ ലോർഡ് വില്യം ബെന്റിക്കിനും,തിരുവിതാംകൂറിലെ റസിഡന്റായിരുന്ന കേണൽ മക്കാളെയ്ക്കും, 17 Dec 1804-ൽ കത്തുകൾ എഴുതി. അതിൽ ബാലരാമവർമ്മ മഹാരാജാവിന്റെ അമ്മാവൻ തങ്ങളുമായി 1797-ൽ(treaty conditions proposed in 1795) ഉണ്ടാക്കിയ സൈനിക ഉടമ്പടിയിൽ ദേദഗതികൾ വരുത്തണമെന്ന നിർദ്ദേശമായിരുന്നു ഉണ്ടായിരുന്നത്. ഈ കത്തിലൂടെ മുഖ്യമായ രണ്ട് നിബന്ധനകളാണ് ക്രിസ്ത്യൻ ബ്രിട്ടീഷുകാർ മുമ്പോട്ടു വച്ചത്. മുൻപുള്ള കരാറിന്റെ കാതൽ ബാഹ്യശത്രുക്കളിൽ നിന്നുള്ള ബ്രിട്ടീഷ് സംരക്ഷണമായിരുന്നു. എന്നാൽ, പിരിച്ചു വിടപ്പെട്ട നായർ പടയാളികൾ രാജാവിന്റെ അധികാരത്തിനു ഭീഷണിയാണെന്നും, അതിനാൽ ഉണ്ടാകാവുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാനും ക്രമസമാധാനം നിലനിർത്തുവാനും തങ്ങൾ ഇടപെടുമെന്നും, അതിനായി തിരുവിതാംകൂറിൽ(രാജ്യാതിർത്തിക്കുള്ളിൽ) തങ്ങൾക്ക് സ്ഥിരമായി സൈനികത്താവളം വേണമെന്നുള്ളതായിരുന്നു കത്തിലെ ആദ്യത്തെ നിബന്ധന. രണ്ടാമതായി, ഈ സൈനികത്താവളത്തിനു വേണ്ടിവരുന്ന ചിലവുകൾക്കായി കപ്പത്തുക വർദ്ധിപ്പിക്കുമെന്നും ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ശഠിച്ചു.
നായർപട്ടാളത്തെ പിരിച്ചുവിട്ട് പകരം ക്രിസ്ത്യൻ ബ്രിട്ടീഷ് സേനയെ ആഭ്യന്തര സംരക്ഷണം ഏൽപ്പിയ്ക്കുന്നതിനെ വേലുത്തമ്പി എതിർത്തില്ല. കാരണം ആ സമയം ക്രിസ്ത്യാനിയായ കേണൽ മക്കാളെയുമായി അദ്ദേഹത്തിന് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. കേണൽ മക്കാളെയിലൂടെ ബ്രിട്ടീഷ് സൈന്യത്തിന്റെ എല്ലാ വിധ പിന്തുണയും സംരക്ഷണവും വേലുത്തമ്പിക്ക് ലഭിച്ചിരുന്നു. പക്ഷെ കപ്പത്തുകയുടെ വർദ്ധന വേലുത്തമ്പി അനുകൂലിച്ചിരുന്നില്ല. കാരണം സർക്കാറിന്റെ ഉയർന്ന ഉദ്യോഗസ്ഥനായതിനാൽ വേലുത്തമ്പിക്ക് തിരുവിതാംകൂറിന്റെ ധന സ്ഥിതിയെക്കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. എന്നിരിയ്ക്കിലും ക്രിസ്ത്യാനിയായ റസിഡന്റ് മക്കാളെയും നായരായ ദിവാൻ വേലുത്തമ്പിയും ചേർന്നുണ്ടാക്കിയ കരട് ഉടമ്പടിയിൽ, ക്രിസ്ത്യൻ ബ്രിട്ടീഷുകാർ മുമ്പോട്ടു വച്ച, തിരുവിതാംകൂറിന് ദോഷം വരുത്തുന്ന, മുകളിൽ സൂചിപ്പിച്ച രണ്ടു മുഖ്യ നിബന്ധനകളും ഉൾപ്പെടുത്തി. ഉടമ്പടിയുടെ നക്കൽ(draft) എഴുതിത്തയ്യാറക്കുന്നതിനു മുമ്പായി തമ്പിയും, തന്റെ ഏജന്റായ സ്ഥാനപതി രാമലിംഗം മുതലിയാരിലൂടെ മക്കാളയും, ഈ ഉടമ്പടിയുടെ ആവശ്യത്തെക്കുറിച്ച് മഹാരാജാവ് ബാലരാമവർമ്മയെ ബോദ്ധ്യപ്പെടുത്തുവാൻ ആവുന്നത് ശ്രമിച്ചു. ഏറെ ശ്രമങ്ങളുടെ ഫലമായി ഇവർ മൂവരും ചേർന്ന് 12 Jan 1805-ൽ മഹാരാജാവിനെക്കൊണ്ട് ഈ നക്കൽ അംഗീകരിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യൊപ്പ് നേടി. ഈ ഉടമ്പടിയോടുള്ള മഹാരാജാവിന്റെ വിമുഖത ആദ്യം മുതൽക്കേ മക്കാളെയ്ക്ക് നന്നായി അറിയാമായിരുന്നു. അതിനാൽ അയാൾ മേജർ ജനറൽ മാക്ഡവൽ നയിച്ചിരുന്ന ബ്രിട്ടീഷ് സേനാവിഭാഗത്തോട് തിരുനെൽവേലിയിൽ നിന്നും തിരുവിതാംകൂറിലേക്ക് നീങ്ങാനും, തിരുവിതാംകൂറിന്റെ അതിർത്തിയിൽ തമ്പടിക്കുവാനും വളരെമുമ്പേതന്നെ, അതായത് 08 Jan 1805-ൽ തന്നെ നിർദ്ദേശവും നല്കിയിരുന്നു. മഹാരാജാവ് ഉടമ്പടിയുടെ നക്കൽ ഒപ്പിട്ടത് 12 Jan 1805-ലാണ്. പക്ഷെ അതിനു മുമ്പെ തന്നെ അതായത് 08 Jan 1805-ൽ, കേണൽ മക്കാളെ സൈനികമായ നീക്കം നടത്തിയതെന്ന് ഓർക്കേണ്ടതുണ്ട് . കേണൽ മക്കാളെയുടെ ഈ നീക്കങ്ങൾ എല്ലാം വേലുത്തമ്പിയും അറിഞ്ഞിരുന്നിരിയ്ക്കണം. അതിനാൽ വേലുത്തമ്പിയും ഈ നീക്കങ്ങൾക്കെല്ലാം കൂട്ടു നിന്നെന്നു വേണം കരുതുവാൻ.
ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ ഭീഷണിയുടെ നിഴലിൽ ഒപ്പിട്ട കരാർ.
പക്ഷെ ഈ ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പിടുവാൻ ബാലരാമവർമ്മ ഏറെ സമയം എടുത്തു. കാരണം ഈ ഉടമ്പടിയിലെ നിബന്ധനകളോട് യുവാവായ ബാലരാമവർമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചില ഉപദേഷ്ടാക്കളും ഈ ഉടമ്പടിയിലെ അന്യായമായ നിബന്ധനകളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവരും ഈ ഉടമ്പടി ഔദ്യോഗികമാക്കരുത് എന്ന് അദ്ദേഹത്തെ ഉപദേശിച്ചിരുന്നതായി മക്കാളെയുടെ കത്തുകളിൽ നിന്നും മനസ്സിലാക്കാം. അതിനാൽ ഔദ്യോഗികമായി ഉടമ്പടി അംഗീകരിയ്ക്കുന്നത് അദ്ദേഹം നീട്ടിക്കൊണ്ടുപോയി. ഈ താമസം കേണൽ മക്കാളെയെ ചൊടിപ്പിച്ചു. തന്റെ ഏജന്റായ സ്ഥാനപതി രാമലിംഗം മുതലിയാരിലൂടെ കേണൽ മക്കാളെ ബാലരാമവർമ്മയുടെ മേൽ നിരന്തരമായ സമ്മർദ്ദം ചെലുത്തി. തിരുവിതാംകൂറിന്റെ അതിർത്തിയിൽ ബ്രിട്ടീഷ് സൈന്യത്തെ വിന്യസിപ്പിച്ച്, സൈനികമായ നടപടികൾ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ 02 May 1805-ൽ ഇരുപത്തിമൂന്നു വയസ്സ് പ്രായമുണ്ടായിരുന്ന ബാലരാമവർമ്മ ബ്രിട്ടീഷുകാരുടെ കച്ചവട കേന്ദ്രമായിരുന്ന അഞ്ചുതെങ്ങിൽ ചെന്ന് പുതിയ ഉടമ്പടിയിൽ ഔദ്യോഗികമായി ഒപ്പിട്ടു. ഈ ഒപ്പിടൽ ചടങ്ങിന് മുമ്പിൽ നിന്നത് വേലുത്തമ്പി ദളവയായിരുന്നു. ചടങ്ങിൽ, കൽക്കട്ടയിൽ നിന്നും ഗവർണ്ണർ-ജനറൽ വെല്ലസ്ലി സമ്മാനമായി അയച്ച പകിട്ടേറിയതും വിലകൂടിയതുമായ ഔദ്യോഗിക വേഷം (മുസ്ലീം മുഗളന്മാരുടെ ദർബാറിൽ മുതിർന്ന ഉദ്യോഗസ്ഥന്മാർ ധരിച്ചിരുന്ന പേർഷ്യൻ ശൈലിയിലുള്ള വേഷം) ധരിച്ച വേലുത്തമ്പിയുടെ സാന്നിദ്ധ്യം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. എല്ലാവിവരങ്ങളും കൂടി ചേർത്ത് ചിന്തിച്ചാൽ, തിരുവിതാംകൂറിന് അപകീർത്തികരവും, ദോഷകരവും, തീർത്തും അന്യായവുമായ ഈ ഉടമ്പടിയുടെ ഉത്തരവാദിത്ത്വത്തിൽ നിന്ന് നായരായ വേലുത്തമ്പിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഈ ഉടമ്പടിയ്ക്ക് ശേഷം കപ്പവും കപ്പക്കുടിശ്ശികയും ലഭിയ്ക്കാതെ വന്നപ്പോൾ, റസിഡന്റ് മക്കാളെ, ദളവ വേലുത്തമ്പിയുമായി ഇടയുകയും, അത് തുറന്ന പോരായി മാറുകയും, തമ്പി കുണ്ടറ വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. അവസാനം ക്രിസ്ത്യൻ ബ്രിട്ടീഷുകാരാൽ വേട്ടയാടപ്പെട്ട വേലുത്തമ്പി ആത്മഹത്യചെയ്യേണ്ടി വന്നു. 1812-ൽ കേണൽ മൺറോ വിളംബരം ചെയ്ത അടിമ വ്യാപാര നിരോധനത്തിന് ഈ ഉടമ്പടിയുമായി(02 May 1805) ബന്ധമുണ്ട്. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ വിവരിക്കുന്നതാണ്.
ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ കളിപ്പാവകളായിരുന്ന തിരുവിതാംകൂറിലെ രണ്ട് ഹിന്ദു റാണിമാർ.
മഹാരാജാവ് ബാലരാമവർമ്മ അന്തരിച്ചതോടെ തിരുവിതാംകൂറിനു മേലുള്ള കമ്പനി അധീശത്വത്തോടുള്ള ദുർബലമെങ്കിലും അവസാനത്തെ എതിർപ്പും അസ്തമിച്ചു. ഗൗരി ലക്ഷ്മിഭായി റാണിയായപ്പോൾ(1810) അവർക്ക് ഇരുപത് വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇവർ സിംഹാസനസ്ഥ ആയ ഉടനേ, കപ്പത്തുക പിരിച്ചെടുക്കാൻ സാധിക്കാതെ നട്ടം തിരിഞ്ഞ ഉമ്മിണി തമ്പിയെ ദിവാൻ പദവിയിൽ നിന്നും കേണൽ മൺറോ നീക്കം ചെയ്തു. ഒരേസമയം ദിവാൻ പദവിയും റസിഡന്റ് പദവിയും അങ്ങിനെ ക്രിസ്ത്യാനിയായ കേണൽ മൺറോയുടെ കൈകളിലായി. തുടർന്ന് ഗൗരിലക്ഷ്മിഭായി, കമ്പനിയുടെയും കേണൽ മൺറോയുടെയും നിയന്ത്രണത്തിലുള്ള വെറും കളിപ്പാവയായി മാറി. 1819-ൽ വിരമിയ്ക്കുന്നതു വരെ കേണൽ മൺറോയായിരുന്നു തിരുവിതാംകൂർ ഭരിച്ചിരുന്നത്. 1813-ൽ റാണി രണ്ടാം പ്രസവത്തോടെ ഒരു ആൺ കുഞ്ഞിനു ജന്മമേകി. ഇദ്ദേഹമാണ് സ്വാതിതിരുനാൾ മഹാരാജാവ്. 1815-ൽ മൂന്നാമത്തെ പ്രസവത്തെത്തുടർന്ന് (ആൺകുഞ്ഞ്) അസുഖബാധിതയായ റാണി ലക്ഷ്മി ഭായി അന്തരിച്ചു. റാണിയുടെ മൂത്ത കുട്ടി പെൺകുട്ടിയും ഇളയതുങ്ങൾ ആൺകുട്ടികളുമായിരുന്നു. മൂത്ത പെൺകുട്ടി രുഗ്മിണിഭായിയും,ആദ്യത്തെ ആൺകുട്ടി രാമവർമ്മയും, രണ്ടാമത്തെ ആൺകുട്ടി മാർത്താണ്ഡവർമ്മയും ആയിരുന്നു. റാണി ഗൗരി ലക്ഷ്മി ഭായി മരിയ്ക്കുമ്പോൾ മൂത്ത പെൺകുട്ടിക്ക് ഏഴു വയസ്സും, രണ്ടാമത്തെ കുട്ടി രാമവർമ്മയ്ക്ക് ഒന്നര വയസ്സും, മൂന്നാമത്തെ കുട്ടി മാർത്താണ്ഡവർമ്മയ്ക്ക് മൂന്ന് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. റാണി ഗൗരി ലക്ഷ്മിഭായിയുടെ രണ്ടാമത്തെ കുഞ്ഞ് രാമ വർമ്മ ആൺകുഞ്ഞായതിനാൽ, നാട്ടുനടപ്പ് അനുസരിച്ച് ഈ രണ്ടാം പ്രസവത്തിനു ശേഷം അവർ തന്റെ സ്വന്തം മകനായ രാജകുമാരന്റെ (രാജ)പ്രതിനിധിയായിട്ടായിരുന്നു(regent) തിരുവിതാംകൂർ ഭരിച്ചിരുന്നത്. (ഈ രാജകുമാരൻ വളർന്നു വലുതായപ്പോൾ അറിയപ്പെട്ടിരുന്നത് സ്വാതി തിരുനാൾ മഹാരാജാവെന്നാണ്). റാണി ലക്ഷ്മിഭായിയുടെ അകാല മരണശേഷം (1815-ൽ) അവരുടെ ഇളയ സഹോദരി പതിമൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗൗരി പാർവ്വതി ഭായി ഈ റീജന്റ് പദവിയ്ക്ക് അർഹയായി. സഹോദരി റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്തെന്നപോലെ, റാണി ഗൗരി പാർവ്വതി ഭായിയെയും മുന്നിൽ നിർത്തിക്കൊണ്ടായിരുന്നു ക്രിസ്ത്യാനിയായ കേണൽ മൺറോയും കമ്പനിയും തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത്. മരിച്ചു പോയ മൂത്ത സഹോദരിയുടെ ആൺകുട്ടികളിൽ മൂത്തതായ രാമവർമ്മയ്ക്ക് (സ്വാതി തിരുനാൾ) പതിനാറ് വയസ്സു തികയുന്നതുവരെ( 21st April 1829 CE), റാണി പാർവ്വതിഭായി റീജന്റായി തുടർന്നു.
ദേവസ്വങ്ങൾ സർക്കാർ പിടിച്ചടക്കുന്നു !!!!
ക്രിസ്ത്യാനിയായ കേണൽ മൺറോയാണ് തിരുവിതാംകൂറിലെ ദേവസ്വങ്ങളെ സർക്കാർ അധീനതയിലാക്കാൻ നടപടികൾ സ്വീകരിച്ചത്. (p.368, P Shungoonny Menon). ഈ ആലോചന തുടങ്ങിവച്ചത് വേലുത്തമ്പിയാണെന്ന് പറപ്പെടുന്നു. ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ സൈനിക സമ്മർദ്ദത്തിനു വഴങ്ങി 02 May 1805-ൽ മഹാരാജാ ബാല രാമവർമ്മ, തിരുവിതാംകൂറിന് ദോഷകരവും, ബ്രിട്ടീഷുകാർക്ക് നേട്ടവുമുള്ള ഉടമ്പടിയിൽ ഒപ്പിട്ടു കഴിഞ്ഞതിനു ശേഷം കുറച്ചു കാലം കൂടി, നായരായ വേലുത്തമ്പിയും ക്രിസ്ത്യാനിയായ കേണൽ മക്കാളെയും തമ്മിൽ ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പതിനാറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ബാലരാമവർമ്മ 18 Feb 1798-ൽ രാജാവായ അവസരത്തിൽ, വേലുത്തമ്പി കാര്യക്കാരനായിരുന്നു (തഹസീൽദാർ പദവി, അതായത് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു). പിന്നീട് 1799-ലെ പ്രക്ഷോഭത്തെത്തുടർന്ന്, പ്രക്ഷോഭനേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹം മുളകുമടിശ്ശീല സർവാധികാര്യക്കാരായി(വാണിജ്യ മന്ത്രി). തമ്പിയെ വാണിജ്യമന്ത്രിയായി നിയമിച്ചതിനൊപ്പം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ ദിവനായി നിയമിച്ചിരുന്നു. പക്ഷെ പതിന്നാലു മാസങ്ങൾക്കു ശേഷം ഇദ്ദേഹം മരണമടഞ്ഞു. ഇദ്ദേഹത്തിനു ശേഷം ദിവനായി നിയമിതനായ പാറശ്ശാല പത്മനാഭൻ ചെമ്പകരാമൻ പിള്ളയെ, ഭരണ സാമർത്ഥ്യക്കുറവ് ആരോപിച്ചും, അധികാര വടംവലികൾമൂലമുള്ള കൊട്ടാര അന്തർധാരകൾ കാരണമായും എട്ടു മാസങ്ങൾക്ക് ശേഷം പദവിയിൽ നിന്നും നീക്കം ചെയ്തു. ഇതോടുകൂടി വേലുത്തമ്പിയ്ക്ക് ദിവാൻ ആകുവാനുള്ള വഴി തെളിഞ്ഞു തുടങ്ങി.
1801-ൽ കൊട്ടാരം ഗൂഢാലോചനയുടെ ഫലമായി സർവ്വസൈന്യാധിപനായ തമ്പി ചെമ്പകരാമൻ കുമാരനെതിരെയും, അനന്തരവനും പേഷ്ക്കാരായ ഇരയിമ്മനെതിരെയും അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. ഇവരിരുവരം മരിച്ചുപോയ ദിവാൻ രാജാ കേശവദാസന്റെ ഇളയസഹോദരനും(ചെമ്പകരാമൻ കുമാരൻ) അനന്തിരവനും(ഇരയിമ്മൻ) ആയിരുന്നു. സർവ്വസൈന്യാധിപന്റെയും പ്രധാനമന്ത്രിയുടെയും(ദിവാൻ) ചുമതലകളും അധികാരങ്ങളും കൂടിച്ചേർന്നുള്ള ദളവാ പദവി വഹിക്കുവാൻ യോഗത്യയുള്ള ഭരണപരിചമുള്ള മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു തമ്പി ചെമ്പകരാമൻ കുമാരൻ. ചെമ്പകരാമൻ കുമാരനെ രാജാവ് ദളവായായി നിയമിക്കുമെന്ന് കണ്ട് അദ്ദേഹത്തെ അഴിമതിയാരോപണങ്ങിലൂടെ അയോഗ്യനാക്കുവാൻ ലക്ഷ്യമിട്ടാണ് കൊട്ടാരം ഗൂഢോലോന നടന്നത്. ചെമ്പകരാമൻ കുമാരനെതിരെയും ഇരയിമ്മനെതിരെയും ഉന്നയിച്ചത് വ്യാജ ആരോപണങ്ങൾ ആയിരുന്നു എന്ന് പിന്നീട് കേണൽ മക്കാളെയുടെ അന്വേഷണത്തിൽ തെളിഞ്ഞു. രാജാ കേശവദാസിലൂടെ ഇരുവർക്കും മദ്രാസിലും ബോംബേയിലും ഇംഗ്ലീഷ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. തങ്ങളുടെ രക്ഷയ്ക്കായി ഇവർ ഈ സുഹൃത്തുക്കൾക്ക് കത്തുകളയച്ചു. ഈ സന്ദർഭം മുതലെടുത്ത് ഇവരിരുവരം രാജ്യദ്രോഹം ചെയ്തെന്നുള്ളതിനു തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി, സമ്പ്രാതി(കൊട്ടാരം സെക്രട്ടറി) കുഞ്ഞുനീലം പിള്ള മഹാരാജാവിനെ തെറ്റിദ്ധരിപ്പിച്ചു. എന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരനായ മഹാരാജാവ് സമ്പ്രാതിയുടെ വാക്കുകൾ(സർവ്വസൈന്യാധിപൻ ബ്രിട്ടീഷുകാരുടെ സൈനിക സഹായത്തോടെ തന്നെ വധിച്ച് രാജ്യം കൈയ്യടക്കും എന്നായിരിക്കാം രാജാവിനോട് പറഞ്ഞത്) കേട്ട് പരിഭ്രാന്തനാകുകയും, വാണിജ്യ മന്ത്രിയായിരുന്ന വേലുത്തമ്പിയോട് ഇതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, വേലുത്തമ്പിയും സമ്പ്രാതി കുഞ്ഞുനീലം പിള്ള പറഞ്ഞത് സ്ഥിരീകരിയ്ക്കുകയാണ് ഉണ്ടായത്. തുടർന്ന് രാജ്യദ്രോഹക്കുറ്റത്തിന് സർവ്വസൈന്യാധിപനെയും പേഷ്ക്കാരെയും അറസ്റ്റ് ചെയ്തു. ഉടനെ തന്നെ വേലുത്തമ്പി വലിയ-സർവ്വാധികാര്യക്കാരനായി(ദിവാൻ) നിയമിതനാവുകയും, ഔദ്യോഗിക കാര്യങ്ങൾക്കായി ആലപ്പുഴയിലേയ്ക്ക് പോവുകയും ചെയ്തു. വേലുത്തമ്പി തിരുവനന്തപുരത്തു നിന്നും പോയ ശേഷം, മഹാരാജാവ് സർവ്വസൈന്യാധിപനെയും പേഷ്ക്കാരെയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. ഈ വധത്തിൽ വേലുത്തമ്പിയുടെ കൈകളും രക്തപങ്കിലമാണ്. കാരണം ഈ വധഗൂഢാലോചനയിൽ പങ്കെടുത്തവർ എല്ലാം തന്നെ, പ്രത്യേകിച്ച് സമ്പ്രാതി കുഞ്ഞുനീലൻ പിള്ള, കൊട്ടാരത്തിൽ വേലുത്തമ്പിയ്ക്ക് അനുകൂലമായി വർത്തിച്ചിരുന്നു. (p.297, P Shungoonny Menon). സർവ്വസൈന്യാധിപന്റെയും പേഷ്ക്കാറിന്റെയും വധഗൂഢാലോചനയിൽ വേലുത്തമ്പിയും പങ്കാളിയായിരുന്നെന്ന് സാഹചര്യത്തെളിവുകൾ വച്ച് മനസ്സിലാക്കാവുന്നതാണ്. സർവ്വസൈന്യാധിപനെതിരെ കൊട്ടാര ഉപജാപം ഉന്നയിച്ച ഗൗരവതരമായ ആരോപണങ്ങിൽ സംശയം തോന്നിയ മഹാരാജാവ്, സംശയനിവാരണത്തിനായി വേലുത്തമ്പിയോട് ഇതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, വേലുത്തമ്പി ഈ വ്യാജആരോപണങ്ങൾ സ്ഥിരീകരിക്കുകയാണുണ്ടായത്. ഇതിനുശേഷം (ദിവാനായതിനു ശേഷം) ഏകദേശം ഒരു വർഷം കഴിഞ്ഞാണ് വേലുത്തമ്പി ദളവയായത്. ഈ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടതിനുശേഷം വേലുത്തമ്പിയുടെ സ്വേച്ഛാധിപതിയെപ്പോലുള്ള പെരുമാറ്റം ഈ ഗൂഢാലോചനാ പങ്കാളികളെ ചൊടിപ്പിക്കുകയും, അവർ വേലുത്തമ്പിക്കെതിരെ തിരിയുകയും ചെയ്തു. ഇത് അറിഞ്ഞ തമ്പി, ഇവരാണ് സർവ്വസൈന്യാധിപന്റെ വധത്തിന് കാരണക്കാർ എന്ന് കേണൽ മക്കാളെയ്ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിയ്ക്കുന്നതാണ്.
1802-ൽ പ്രധാനമന്ത്രിയുടെയും സർവ്വസൈന്യാധിപന്റെയും ചുമതലയുള്ള ദളവയായി വേലുത്തമ്പി നിയമിതനായി. ഇതേത്തുടർന്ന് രാജ്യത്തെ സംബന്ധിക്കുന്ന പ്രധാനകാര്യങ്ങളെല്ലാം റസിഡന്റായ കേണൽ മക്കാളെയുമായി കൂടിയാലോചിക്കുന്ന പതിവ് വേലുത്തമ്പിയ്ക്ക് ഉണ്ടായി (p.303, P Shungoonny Menon). മക്കാളെയുടെ ഉപദേശങ്ങൾ തമ്പി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇങ്ങിനെ ഇരുവരുടെയും ഇടയിൽ ഒരു ഊഷ്മളബന്ധം രൂപപ്പെട്ടുവന്നു.
ചുരുങ്ങിയ കാലം കൊണ്ട് വേലുത്തമ്പിയ്ക്ക് തന്റെ ഭരണ സാമർത്ഥ്യം തെളിയിക്കുവാൻ സാധിച്ചു. കർത്തവ്യങ്ങളെയും ചുമതലകളെയും ആത്മാർത്ഥതയോടെ നിർവഹിയ്ക്കാത്ത, അഴിമതിക്കാരായ(p.301, Shangunny Menon) സർക്കാർ ഉദ്യോഗസ്ഥന്മാരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കി. ഈ സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ഭൂരിഭാഗവും തിരുവിതാംകൂറിലെ ഭരണഉപരിവർഗ്ഗമായ നായർ സമുദായത്തിൽ നിന്നുള്ളവർ ആണെന്ന കാര്യവും ഇത്തരുണത്തിൽ വിസ്മരിക്കുവാൻ പാടില്ല. ഒരു വ്യവസ്ഥ അഥവാ സംവിധാനത്തിൽ കീഴിൽ അതിന്റെ ചട്ടങ്ങൾ പാലിച്ച് പ്രവൃത്തി ചെയ്യുന്നതിന് നായന്മാരുടെ ഗോത്രവർഗ്ഗ പാരമ്പര്യം തടസ്സമാണെന്ന് അന്നും ഇന്നും സമുദായാംഗങ്ങളെ നിരീക്ഷിച്ചാൽ മനസ്സിലാക്കാം. Quote P Shungoonny Menon, p.300 “There was no such thing as discipline. Heads of departments were independent and masters of their respective offices.” Unquote. പക്ഷെ ആത്മാഭിമാനമുള്ള നായർ അഴിമതിക്കാരനായി മാറുവാനുള്ള സാദ്ധ്യതയും വളരെ കുറവാണ്. പി.ശങ്കുണ്ണിമേനോന്റെ മുകളിൽ ഉദ്ധരിച്ച വാചകങ്ങളിൽ നിന്നും വ്യക്തമാകുന്നത്, തൻപ്രമാണിത്വം മൂലം വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാതെവരുകയും, ഇതെല്ലാം കാരണമായി ഉണ്ടായ കെടുകാര്യസ്ഥത അഴിമതിയായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ്. നായന്മാരുടെ പൂർവ്വികന്മാർ വിവിധ ഗോത്രങ്ങളിൽ നിന്നുളളവരായതിനാൽ നായർ ഐക്യവും ഏകോപിച്ചുള്ള പ്രവർത്തനങ്ങളും അന്നും ഇന്നും സാദ്ധ്യമല്ല. കേരളം വിവിധ നാട്ടുരാജ്യങ്ങളായി പിരിഞ്ഞ് തമ്മിൽ പോരടിക്കുവാനുണ്ടായ കാരണവും ഇതുതന്നെയാകണം. ഇതെല്ലാം ഇവിടെ സാന്ദർഭികമായി സൂചിപ്പിച്ചുവെന്നേയുള്ളൂ.
സർക്കാർ ഉദ്യോഗസ്ഥന്മാരിലും പൊതുജനങ്ങളിലും അച്ചടക്കവും, സമൂഹത്തിൽ ക്രമസമാധാവും പാലിക്കപ്പെടുവാൻ മനുസ്മൃതി അനുശാസിക്കാത്ത ശിക്ഷണ രീതികൾ വേലുത്തമ്പി നടപ്പാക്കി (p.300, P Shungoonny Menon). ദളവ എന്നാൽ സർവ്വസൈന്യാധിപന്റെയും പ്രധാനമന്ത്രിയുടെയും ചുമതല ഒരുമിച്ചു വഹിക്കുന്ന ആൾ എന്നാണ് അർത്ഥം. ഭരണയന്ത്രത്തിന്റെ എല്ലാ വകുപ്പുകളും, അതായത് ആദായ വകുപ്പ്, ക്രമസമാധാന പാലനം, നിയമ വകുപ്പ്, പൊതുഭരണം,വാണിജ്യം, സൈനികം തുടങ്ങി എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ മേൽനോട്ടം വേലുത്തമ്പിക്ക് നിർവഹിക്കുവാനായി. ഇതെല്ലാം കാരണമായി ഖജനാവിലേയ്ക്കുള്ള വരവ് വർദ്ധിക്കുകയും തിരുവിതാംകൂറിന്റെ ധനസ്ഥിതി മെച്ചപ്പെടുകയും ചെയ്തു. ഇതിലൂടെ ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ ശ്രദ്ധ വേലുത്തമ്പിയിൽ പതിഞ്ഞു. തിരുവിതാംകൂറിന്റെ ധനസ്ഥിതി മെച്ചെപ്പെട്ടെങ്കിലെ തങ്ങളുടെ കപ്പവും കപ്പക്കുടിശ്ശികയും തടസ്സമില്ലാതെ സമയത്ത് ലഭിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അവർക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഇതുകാരണമായി അവർ, പ്രത്യേകിച്ച് കേണൽ മക്കാളെ, വേലുത്തമ്പിയിൽ പ്രതീക്ഷ അർപ്പിക്കുകയും അദ്ദേഹത്തെ എല്ലാവിധത്തിലും(സൈനികമായിപ്പോലും) പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ രാജാവിനെക്കാളും സൈനികബലം ഉണ്ടായിരുന്ന വേലുത്തമ്പിയുടെ ഗർവ്വ് മൂർദ്ധന്യത്തിൽ എത്തിയതായി മനസ്സിലാക്കാം.
കൊട്ടാരത്തിനുള്ളിൽ വേലുത്തമ്പിയെ പിന്തുണച്ചവർ, തമ്പിയുടെ ഗർവ്വും സ്വേച്ഛാപതിയെപ്പോലുള്ള പെരുമാറ്റവും കാരണമായി അദ്ദേഹത്തെ വെറുക്കുവാൻ തുടങ്ങി. സമ്പ്രാതി (സെക്രട്ടറി,p.299) കുഞ്ഞുനീലം പിള്ള, വലിയ മേലെഴുത്ത് (ധനമന്ത്രി p.293) മുത്തു പിള്ള, എന്നിവരായിരുന്നു ഇവരിൽ പ്രമുഖർ. ഇവരെക്കൂടാതെ സൈന്യത്തിൽ ഉള്ള പ്രബലന്മാരായ ഉദ്യോഗസ്ഥന്മാർക്കും, കൊട്ടാരത്തിലെ മറ്റ് ഉദ്യോഗസ്ഥന്മാർക്കും വേലുത്തമ്പിയുടെ കാർക്കശ്യമായ പ്രവർത്തികളും തങ്ങളോടുള്ള പരുഷമായ പെരുമാറ്റവും കാരണമായി എതിർപ്പു തോന്നിത്തുടങ്ങി. ഇവരെല്ലാം ചേർന്ന് ഗൂഢാലോചന നടത്തി(മുമ്പ് സർവ്വസൈന്യാധിപന് എതിരെ ഉന്നയിച്ച അതേ ആരോപണങ്ങൾ തമ്പിയ്ക്കെതിരെയും ഉന്നയിച്ചതായി മനസ്സിലാക്കാം) വേലുത്തമ്പിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത്, വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് രാജാവിനെക്കണ്ട് ഉണർത്തിച്ചു, ഇതിനായി ഒരു രാജകീയവിളംബരം(p.303, P Shungoonny Menon) ഒപ്പിടുവിക്കാനും അവർക്ക് സാധിച്ചു. ഇതിനിടെ സ്ഥാനപതി(റസിഡന്റിന്റെ ഏജന്റ് p.303) സുബ്ബയ്യന് പകരമായി, രാമലിംഗ മുതലിയാർ നിയമിതനായി. ഈ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും, ഇദ്ദേഹത്തിലൂടെ മക്കാളെയെ കൂടുതൽ സ്വാധീനിക്കുവാനും വേലുത്തമ്പി ശ്രമിച്ചിരുന്നു. വേലുത്തമ്പിയ്ക്കെതിരെയുള്ള രാജകീയവിളംബരം പുറപ്പെടുവിച്ച സമയം അദ്ദേഹം ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. തനിക്കെതിരെയുള്ള നീക്കങ്ങൾ അറിഞ്ഞ വേലുത്തമ്പി, കൊച്ചിയിലെത്തി, അവിടെ ഉണ്ടായിരുന്ന കേണൽ മക്കാളെയോട് തന്റെ രക്ഷയ്ക്കായി വരണമെന്ന് അഭ്യർത്ഥിച്ചു. വേലുത്തമ്പിയ്ക്കായി കേണൽ മക്കാളെ പട്ടാളക്കാരുടെ അകമ്പടിയോടെ തിരുവനന്തപുരത്ത് എത്തി.
കേണൽ മക്കാളെയിലൂടെ തനിയ്ക്കെതിരെ ഗൂഢാലോചനയിൽ ഏർപ്പെട്ടവരോട് വേലുത്തമ്പി പ്രതികാരം ചെയ്തു. സർവ്വസൈന്യാധിപനെതിരെയും പേഷ്ക്കാറിനെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് , അവരിരുവർക്കും എതിരെ കൃത്രിമമായ തെളിവുകൾ ഉണ്ടാക്കി രാജാവിനെ തെറ്റിദ്ധരിപ്പിച്ച്, അവരിരുവരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയ ഗൂഢാലോചനയിൽ താനും പങ്കാളിയായിരുന്നെങ്കിലും, തനിക്കെതിരെ തിരിഞ്ഞ ഗൂഢാലോചനാ പങ്കാളികളെ അവസാനം വേലുത്തമ്പി ഒറ്റിക്കൊടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെയും സാമ്രാജ്യത്തിന്റെയും പിൻബലമുള്ള ബ്രിട്ടീഷ് റസിഡന്റായ, മഹാരാജാവിനെക്കാളും രാഷ്ട്രീയബലവും സൈനികശക്തിയുമുണ്ടായിരുന്ന കേണൽ മക്കാളെയെക്കൊണ്ട്, തന്റെ എതിരാളികൾക്ക് എതിരായി അന്വേഷണം നടത്തുകയും, അതിന്റെ ഫലമായി സൈന്യാധിപന്റെയും പേഷ്ക്കാറിന്റെയും വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും, വധിക്കപ്പെട്ടവരുടെ നിഷ്ക്കളങ്കത്വത്തെക്കുറിച്ചും, ഇവരണ്ടിനെയും കുറിച്ച്, ‘സംശയാതീതമായി തെളിയിക്കുകയും,’ സംമ്പ്രാതി കുഞ്ഞുനീലം പിള്ളയെയും വലിയ മേലെഴുത്ത് മുത്തുപിള്ളയെയും മറ്റും കുറ്റക്കാരെന്ന് സംശയിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഒദ്യോഗികമായ കോടതിയുടെ വിചാരണയ്ക്കായി സംശയത്തിന്റെ നിഴലിൽപ്പെട്ടവരെ കാരാഗ്രഹത്തിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ വിചാരണ തുടങ്ങും മുമ്പെ ഇതിൽ മൂന്ന് പേരൊഴികെ, മറ്റ് തടവുകാരെ(സമ്പ്രാതി കുഞ്ഞുനീലം പിള്ളയെയും, വലിയ മേലെഴുത്ത് മുത്തുപിള്ളയെയും മറ്റും) വേലുത്തമ്പി വകവരുത്തുകയാണുണ്ടായത് (p.304, P Shungoonny Menon). എന്തായാലും ഈ സംഭവപരമ്പരകളിൽ എല്ലാം കേണൽ മക്കാളെയുടെ സൈനിക സഹായം തീർച്ചയായും വേലുത്തമ്പിക്ക് ലഭിച്ചിട്ടുണ്ടായിരുന്നിരിക്കണം. കാരണം, ഭരണസാമർത്ഥ്യം ഇല്ലാതിരുന്ന മഹാരാജാവിനെക്കാൾ മാക്കാളെയ്ക്കും കൂട്ടർക്കും വേണ്ടിയിരുന്നത്, ജനങ്ങളിൽ നിന്നും കരങ്ങൾ വലിയതോതിൽ പിരിച്ചെടുത്ത്, സർക്കാർ ചിലവുകൾ കുറച്ച്, അധിക വരുമാനം ഖജനാവിനേക്ക് മുതൽ കൂട്ടാവുന്ന ഒരു ഉദ്യോഗസ്ഥനെയായിരുന്നു. അന്ന് ഈ കാര്യങ്ങൾ സാധിച്ചുകിട്ടാൻ ഏറ്റവും കഴിവുണ്ടായിരുന്ന പരിചയസമ്പന്നനായ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വേലുത്തമ്പി മാത്രമാണുണ്ടായിരുന്നത്. 1805-ൽ ബാലരാമവർമ്മയെക്കൊണ്ട് പുതുക്കിയ ഉടമ്പടിയിൽ ഒപ്പിടീക്കുന്നതുവരെ വേലുത്തമ്പി, കേണൽ മക്കാളെയുടെ വരുതിയിലുമായിരുന്നു. അതിനാൽ എല്ലാ പ്രകാരത്തിലും മക്കാളെ വേലുത്തമ്പിയെ കൊട്ടാര ഉപജാപങ്ങളിൽ നിന്നും സംരക്ഷിക്കാനും, ദളവ പദവിയിൽ നിലനിർത്തുവാനും ഒപ്പം നിന്നു.
നായർ പട്ടാളത്തെ കേണൽ മക്കാളെയുടെ ഉപദേശപ്രകാരം വേലുത്തമ്പി പിരിച്ചുവിടുന്നു.
ക്രിസ്ത്യാനിയായ മക്കാളെയുടെ ഉപദേശപ്രകാരമോ അഥവാ നിർദ്ദേശപ്രകാരമോ, സർക്കാർ ചിലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി നായർ പട്ടാളത്തിനുള്ള അലവൻസുകളും ശമ്പളവും വേലുത്തമ്പി നിർത്തലാക്കി. ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് കപ്പവും കപ്പക്കുടിശ്ശികയും നൽകുന്നതിനുവേണ്ടിയായിരുന്നു ഈ നടപടി. ഇതേത്തുടർന്ന് തിരുവിതാംകൂറിൽ ആകമാനം നായർ പട്ടാള കലാപം പൊട്ടിപ്പുറപ്പെട്ടു. കേണൽ മക്കാളെയുടെ സൈനിക സഹായത്തോടെ ഈ കലാപം വേലുത്തമ്പി അടിച്ചമർത്തി. നായർ സൈനിക വിഭാഗങ്ങളെ തമ്പി പിരിച്ചുവിടുകയും ചെയ്തു. നായന്മാരുടെ ശക്തികേന്ദ്രങ്ങൾ അതാത് സ്ഥലത്തെ ദേവസ്വങ്ങളായിരുന്നു. ദേവസ്വങ്ങളുടെ ധനസമ്പത്തും സാമുദായികമായ പ്രസക്തിയുമായിരുന്നു നായന്മാർക്ക് ഈ ശക്തി പ്രദാനം ചെയ്തിരുന്നത്. നായന്മാർ വീണ്ടും ഒത്തുചേർന്ന് ശക്തിപ്രാപിയ്ക്കാതിരിയ്ക്കാൻ, ദേവസ്വങ്ങളെ സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിയ്ക്കുകയും, അതിനായി വേലുത്തമ്പി തയ്യാറെടുപ്പുകൾ തുടങ്ങുകയും ചെയ്തു(p.368, P Shungoonny Menon). ദേവസ്വങ്ങൾക്കു ലഭിച്ചിരുന്ന വരുമാനത്തിൽ നിന്നും ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്കു കൊടുക്കേണ്ടിയിരുന്ന കപ്പത്തുക ഉൾപ്പടെയുള്ള കടം(p.368, P Shungoony Menon) വീട്ടാമെന്നും ഇരുവരും(തമ്പിയും മക്കാളെയും) കണക്കുകൂട്ടി. മക്കാളെയുടെ നിർദ്ദേശപ്രകാരമായിരിക്കാം വേലുത്തമ്പി ഈ നീക്കവും നടത്തിയിട്ടുണ്ടാവുക. ഇതിനിടയിൽ തമ്പി മക്കാളെയുമായി സഹകരിച്ച് 02 May 1805-ൽ ബാലരാമവർമ്മ മഹാരാജാവിനെക്കൊണ്ട് നിർബന്ധപൂർവ്വം ബ്രിട്ടീഷുകാരമായി ഒരു കരാറിൽ ഒപ്പിടുവിച്ചു. ഈ ഉടമ്പടി പ്രകാരം പിരിച്ചു വിടപ്പെട്ട നായർ പട്ടാളത്തിനു പകരമായി ബ്രിട്ടിഷ് പട്ടാളം തിരുവിതാംകൂറിനുള്ളിൽ നിലയുറപ്പിക്കുന്നതാണെന്നും, അതിനായി കപ്പം വർദ്ധിപ്പിച്ചതായും നിബന്ധനകളിൽ ചേർത്തിരുന്നു. ഇതേ തുടർന്ന് തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും രാജാവിനും മറ്റുള്ളവർക്കും വേലുത്തമ്പിയോട് കടുത്ത അമർഷം തോന്നിത്തുടങ്ങി.
പക്ഷെ എത്ര ശ്രമിച്ചിട്ടും, ജനങ്ങളെ പിഴിഞ്ഞിട്ടും, വേലുത്തമ്പിയ്ക്ക് വർദ്ധിപ്പിച്ച കപ്പത്തുക നല്കുവാനായില്ല. ക്രിസ്ത്യാനിയായ കേണൽ മക്കാളെ, നായരായ വേലുത്തമ്പിയോടുള്ള ഊഷ്മളമായ ബന്ധത്തെക്കാൾ പ്രാധാന്യം കല്പിച്ചത് തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കപ്പത്തിനും കപ്പക്കുടിശ്ശികയ്ക്കുമായിരുന്നു. കപ്പത്തുക മുഴുവനായി ലഭിയ്ക്കാതായപ്പോൾ മക്കാളെ വേലുത്തമ്പിയെ തള്ളിപ്പറയുവാൻ തുടങ്ങി. വേലുത്തമ്പിയെ അയാൾ നിശിതമായി വിമർശിക്കുകയും അധിക്ഷേപിക്കയും ചെയ്തു. “അവസരവാദിയും, വാക്കുകൾ വിശ്വസിയ്ക്കാൻ കൊള്ളാത്തവനും, മാറ്റിമാറ്റിപ്പറയുന്നവനും, കവർച്ചക്കാരനുമായ ഒരു ചെറുക്കൻ” എന്നാണ് ഒരു കത്തിലൂടെ മക്കാളെ വേലുത്തമ്പിയെ വിശേഷിപ്പിച്ചത് (p.328, P Shungoonny Menon). ഇത് വേലുത്തമ്പി അറിയുവാൻ ഇടയായി. ഇതോടെ മക്കാളെയും വേലുത്തമ്പിയുമായുണ്ടായിരുന്ന സൗഹാർദ്ദം തകർന്നുപോയി. തുടർന്ന് ഇരുവരും വൈരികളായി. ചില നായ്ക്കളെ അറിയാതെ ചവിട്ടുകയോ, മനഃപൂർവ്വം തൊഴിയ്ക്കുകയോ ചെയ്താൽ അവ തിരിഞ്ഞു കടിയ്ക്കും. വേലുത്തമ്പിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത് എന്ന് സംഭവപരമ്പരകളെ കോർത്തിണക്കി ചിന്തിച്ചാൽ മനസ്സിലാക്കാം. ബ്രിട്ടീഷുകാരടെ കപ്പത്തുക വേലുത്തമ്പിയെക്കൊണ്ട് നല്കാനാകതെ വന്നപ്പോൾ, മക്കാളെ വേലുത്തമ്പിയെ പുറംകാൽ കൊണ്ട് തട്ടി. അതോടെ വേലുത്തമ്പിക്ക് മക്കാളെയോടും ബ്രിട്ടീഷുകാരോടും ഉള്ള വൈരം മൂത്തു. ബ്രിട്ടീഷ് സൈന്യവുമായിട്ടുള്ള തുറന്ന സംഘട്ടനങ്ങൾക്ക് ഒടുവിൽ, അവർക്കെതിരെ കുണ്ടറ വിളംബരവും കൂടി പുറപ്പെടുവിച്ചതിനുശേഷം, വേലുത്തമ്പി ആത്മത്യാഗം ചെയ്യേണ്ടിയും വന്നു. അതിനാൽ ദേവസ്വങ്ങൾ സർക്കാർ അധീനതയിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ തമ്പിക്ക് പൂർത്തിയാക്കാനായില്ല.
1810-ൽ കേണൽ മക്കാളെ റസിഡന്റ് പദവിയിൽ നിന്നും വിരമിക്കയും, പകരം കേണൽ മൺറോയെ, ഈസ്റ്റ് ഇന്ത്യ കമ്പനി ഈ പദവിയിൽ നിയമിക്കുകയും ചെയ്തു. അകാലമൃത്യു കാരണമായി വേലുത്തമ്പിയ്ക്ക് പൂർത്തിയാക്കാൻ സാധിയ്ക്കാതെ വന്ന നടപടി, കേണൽ മൺറോ അധികാരമേറ്റയുടനെ പൂർത്തിയാക്കുകയുണ്ടായി. കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം സർക്കാർ, ദേവസ്വങ്ങളെ ഏറ്റെടുത്തു. ഇവയിൽ നിന്ന് സർക്കാറിന് അധിക വരുമാനം ലഭിക്കുകയും(p.368,P Shungoony Menon), തിരുവിതാംകൂറിന്റെ കപ്പമുൾപ്പെടെയുള്ള കടങ്ങൾ വീട്ടാൻ ഉപയോഗിക്കുകയും ചെയ്തു. ഇപ്രകാരം ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ അധീശത്തിൻ കീഴിൽ തിരുവിതാംകൂർ സർക്കാർ എടുത്ത ഓരോ തീരുമാനവും നായന്മാരുടെ പാരമ്പര്യ അവകാശങ്ങൾ ലംഘിക്കുന്നതും, സമുദായത്തിന്റെ ശക്തി ക്ഷയിപ്പിച്ച് ബ്രിട്ടീഷ് ക്രിസ്ത്യൻ മേൽക്കോയ്മ അംഗീകരിയ്ക്കുവാൻ കളമൊരുക്കുന്നതുമായിരുന്നു.
നായർ പട്ടാളത്തെ പിരിച്ചുവിട്ടതോടെ അല്പമെങ്കിലും ഉണ്ടായിരുന്ന നായന്മാരുടെ സംഘടിതമായ പ്രതികരണ ശേഷിയും ഇല്ലാതായി. അതിനാലാണ് കേണൽ മൺറോയ്ക്ക് ഒരു പ്രതിബന്ധവുമില്ലാതെ ദേവസ്വങ്ങളെ സർക്കാറിലേയ്ക്ക് കണ്ടുകെട്ടാനായത്. ഈ സർക്കാർ യഥാർത്ഥത്തിൽ ക്രിസ്ത്യൻ ബ്രിട്ടീഷ് സർക്കാറായിരുന്നു. നായരായ വേലുത്തമ്പി, ക്രിസ്ത്യാനിയായ കേണൽ മക്കാളെയുടെ ഒത്താശയോടെയാണ് നായർപട്ടാളത്തെ പിരിച്ചുവിട്ടത്. നായന്മാരുടെ ഗോത്രപാരമ്പര്യവും തന്മൂലം ഉള്ള അനൈക്യവും സമുദായത്തിന്റെ ശക്തിക്ഷയത്തിന് ആക്കം കൂട്ടുകയും ചെയ്തു. മതപരമായ ഐക്യത്തെ മറയ്ക്കുംവിധം, തങ്ങൾ പോലും അറിയാതെ, ഗോത്രപരമായ ഇടുങ്ങിയ ചിന്താഗതികളും, തന്മൂലം ഉണ്ടാകുന്ന അനൈക്യവും, നായർ സമുദായാംഗംങ്ങൾ തമ്മിലും, വിഭാഗങ്ങൾ തമ്മിലും ഉള്ള ഇടപാടുകളിൽ എല്ലായിപ്പോഴും കടന്നുവന്നു. തങ്ങളെക്കുറിച്ച് സ്വയം അറിയാതെ പോകുന്നതിൽ നിന്നും ഉരുത്തിരിയുന്ന സ്ഥിതിവിശേഷമാണ് ഇത്. തൻപ്രമാണിത്വവും, അഹംഭാവവും, ദുരഭിമാനവും, സ്വാർത്ഥതയും, മാടമ്പിത്തരവും, ജാതി-ഉപജാതി പിരിവുകളും, പരസ്പര മാത്സര്യങ്ങളും, കോടതി വ്യവഹാരങ്ങളും, ഉത്സവങ്ങളിലെ മത്സരവും, വെടിക്കെട്ട് മത്സരവും മറ്റും തങ്ങളുടെ ഗോത്രപാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ് എന്ന് ആധുനിക നായർ സമുദായാംഗങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ബ്രാഹ്മണ-സമ്പർക്കം മൂലം ലഭിച്ച സംസ്കാരം, ഗോത്രവ്യത്യാസങ്ങളെ വലിയ ഒരളവു വരെ മായ്-ച്ചുകളഞ്ഞെങ്കിലും, അതിന്റെ അംശങ്ങൾ വക്കിലും മൂലയിലും ഒക്കെ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തന്മൂലം നായർജാതി-ഉപജാതിവിഭാഗങ്ങളും, ഉപജാതി-വിഭാഗങ്ങളിലെ വിവിധ കുടുംബങ്ങളും ചേർന്ന് രാഷ്ട്രീയപരമായ ദീർഘദർശിത്വത്തോടെയുള്ള തന്ത്രപരമായ പെരുമാറ്റങ്ങളും തീരുമാനങ്ങളും നീക്കങ്ങളും കൂട്ടായി എടുക്കുന്നതിൽ പരാജയപ്പെടുന്നു. രാജഭരണത്തിൻ കീഴിലായാലും ജനാധിപത്യത്തിൻ കീഴിലായാലും ഈ പെരുമാറ്റം നായർ സമുദായത്തിനു ദോഷകരമാണ് എന്നതിനോട് സമുദായത്തിന്റെ അഭ്യുദയം കാംക്ഷിക്കുന്നവർ യോജിക്കും എന്ന് കരുതുന്നു.
നായന്മാർ രാഷ്ട്രീയമായി അപ്രസക്തമാവുന്നു
യുവതിയായ റാണി ലക്ഷ്മിഭായിയെയും, അവരുടെ മരണശേഷം ബാലികയായ റാണി പാർവ്വതി ഭായിയെയും മുമ്പിൽ നിർത്തിക്കൊണ്ട്, ക്രിസ്ത്യാനിയായ കേണൽ മൺറോയാണ്, 1810 തൊട്ട്, അദ്ദേഹം 1819-ൽ റസിഡന്റ് പദവിയിൽ നിന്നും വിരമിക്കുന്നതുവരെ തിരുവിതാംകൂർ ഭരിച്ചത്. കേണൽ മൺറോ പദവിയേറ്റെടുക്കുന്നതിനു തൊട്ടുമുമ്പായി, വേലുത്തമ്പി-കേണൽ മക്കാളെ കൂട്ടുകെട്ട് നായന്മാരുടെ രാഷ്ട്രീയ-സൈനിക ശക്തി ക്ഷയിപ്പിക്കുക തന്നെ ചെയ്തു. ക്രിസ്ത്യാനിയായ കേണൽ മൺറോയ്ക്ക് അതിനാൽ തന്റെ തീരുമാനങ്ങൾ നടപ്പാക്കുവാൻ യാതൊരുവിധ പ്രതിബന്ധങ്ങളും ഇല്ലായിരുന്നു. തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം ഇത് നിർണ്ണായകവും, ചരിത്രപരമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ സ്ഥിതിവിശേഷവുമായി തീർന്നു. ഇവിടം തൊട്ട് തിരുവിതാംകൂറിന്റെ ഭരണത്തിൽ തദ്ദേശ്ശീയരായ ഹിന്ദുക്കളുടെ സ്വാധീനം ക്രമേണ കുറയുവാൻ തുടങ്ങി. ഭരണത്തിൽ ക്രിസ്ത്യൻ അധികാര-കച്ചവട മൂല്യങ്ങൾ കടന്നുകയറുവാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് അടിമക്കച്ചവടം നിരോധിച്ചുകൊണ്ടുള്ള ആദ്യത്തെ രാജകീയ വിളംബരം 1812, ഡിസംബർ 5-ആം തീയതി, രാജസിംഹാസനത്തിന്റേ പേരിൽ കേണൽ മൺറോ പുറപ്പെടുവിച്ചത്. (ബ്രിട്ടീഷുകാരുടെ ഭരണ സിരാകേന്ദ്രമായിരുന്ന കൽക്കട്ടയിൽ അന്നത്തെ ഗവർണ്ണർ-ജനറലിന്റെ തീരുമാനപ്രകാരം കൊണ്ടുവന്ന നിയമമായ Regulation X, ഗവർണ്ണർ ജനറലിന്റെ നിർദ്ദേശപ്രകാരം, റസിഡന്റായ കേണൽ മക്കാളെ തിരുവിതാംകൂറിലും നടപ്പാക്കി. അതാണ് തിരുവിതാംകൂറിലെ ആദ്യത്തെ അടിമ വ്യാപാര നിരോധന വിളംബരം.)
തിരികെ നമുക്ക് അടിമ വ്യാപാര നിരോധന വിളംബരത്തിലേയ്ക്ക് വരാം. ഇതുവരെ നല്കിയ തിരുവിതാംകൂറിന്റെ രാഷ്ട്രീയ പശ്ചാത്തലം ഈ വിളംബരത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കുവാൻ ഉതകുന്നതാണ്. കൂടാതെ, തദ്ദേശവാസികളായ ഹിന്ദുക്കൾ പ്രത്യേകിച്ച് നായന്മാർ ദീർഘവീക്ഷണത്തോടെ തന്ത്രപരമായി കാര്യങ്ങൾ അറിഞ്ഞ് പെരുമാറുവാൻ വേണ്ടിയുള്ള ഉദ്ബോധനമായിട്ടും ഈ ഹ്രസ്വ ചരിത്രാഖ്യാനത്തെ കരുതാവുന്നതാണ്.
ഇനി ഈ ആദ്യത്തെ വിളംബരത്തെക്കുറിച്ച് ശ്രീ നഗം അയ്യയുടെ Travancore State Manual-ലിൽ പറഞ്ഞിരിക്കുന്നത് എന്തെന്ന് നോക്കാം.
2. Travancore State Manual, Vol 1(p.465), Nagam Aiya (1906)
Quote Nagam Ayya “By a Royal Proclamation of 1812 A.D (21st Vrischigam 987 M.E), the purchase and sale of all slaves other than those attached to the soil for purposes of agriculture eg. the Koravars, Pulayas, Pallas, Malayars and Vedars, were strictly prohibited, and all transgressors were declared liable to confiscation of their property and banishment from the country. The Sirkar also relinquished the tax on slaves. But the total abolition of slavery and the enfranchisement of slaves took place only in 1855, as will be seen later on.” Unquote Nagam Aiya, Vol 1, p 465
കർഷകതൊഴിലാളികൾ അടിമകളാണോ !!??
ഇവിടെ ഒരു കാര്യം വ്യക്തമാണ്. കൃഷിയുമായി ബന്ധപ്പെട്ടോ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടോ തിരുവിതാംകൂറിൽ അടിമപ്പണി ഇല്ലായിരുന്നു എന്ന് നഗം അയ്യയുടെ വാക്കുകൾ സശ്രദ്ധം പഠിച്ചാൽ മനസ്സിലാക്കാവുന്നതാണ്. കാരണം ആ മേഖലകളെ തൊടാതെയും അവിടെ ജോലിചെയ്തിരുന്നവരെ സ്പർശിക്കാതെയുമായിരുന്നു മേൽപ്പറഞ്ഞ വിളംബരം പുറപ്പെടുവിച്ചത് എന്ന് വിളംബരത്തെക്കുറിച്ചുള്ള വാചകങ്ങളിൽ നിന്നും മനസ്സിലാക്കാം. രാജഭരണകാലത്തെ കാർഷിക തൊഴിലാളികളെക്കുറിച്ച് agrestic slaves OR predial slaves OR rustic slaves OR soil slaves എന്നാണ് ഇംഗ്ലീഷിൽ പറഞ്ഞിരുന്നത്. ഇവർ കർഷകതൊഴിലാളികളാണെന്ന കാഴ്ചപ്പാട് പാടേ ഉപേക്ഷിച്ച്, കേരള സമൂഹത്തിൽ അടിമപ്പണി ചെയ്തിരുന്നവരായിട്ടാണ് മിഷനറിമാരും, ബ്രിട്ടീഷ് ഭരണാധികാരികളും, ഇവരോടൊപ്പം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയുമായിരുന്ന ഇന്ത്യാക്കാരും, slave എന്ന പദത്തിലൂന്നി ഇവരെ ലോകത്തിനു പരിചയപ്പെടുത്തിയത്. ഈ കർഷക തൊഴിലാളികളിൽ ഏറെയും പുലയന്മാരാണ്. പക്ഷെ അവരെ അടിമകൾ ആയിട്ടല്ല സവർണ്ണർ (പ്രത്യേകിച്ച് നായന്മാർ) കണക്കാക്കിയിരുന്നത് എന്ന് മിഷനറി രചനകളിൽ നിന്നും സ്പഷ്ടവുമാണ്. അതെല്ലാം ഇവിടെ മറ്റൊരു ലേഖനത്തിൽ വിശദീകരിച്ചിട്ടും ഉണ്ട്. ഈ വിവരങ്ങൾ എല്ലാം ചേർത്ത് വച്ച് ഈ വിഷയത്തെ പരിഗണിക്കുമ്പോൾ, നായർ ഭൂവുടമ -പുലയ കർഷകതൊഴിലാളി കാർഷിക-വ്യവസ്ഥിതിയെ ഉദ്ദേശിച്ചല്ല 1812-ലെ അടിമ വ്യാപാര നിരോധന നിയമം വിളംബരം ചെയ്തത് എന്ന് തെളിയുന്നു.
കർഷകത്തൊഴിലാളികളെ സൈദ്ധാന്തികമായി അടിമകളാക്കുന്നു
ഇവിടെ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന കർഷകത്തൊഴിലാളികളെ സൈദ്ധാന്തികമായി അടിമകളാക്കിയതിൽ (slaves) ഒരു ഗൂഢഉദ്ദേശ്യം ഒളിഞ്ഞിരുപ്പുണ്ടെന്നും കാണാം. മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടുവാനും, അവയുടെ മേൽ സമ്മർദ്ദങ്ങൾ ചെലുത്തുവാനും human-rights (മനുഷ്യാവകാശം) എന്ന തന്ത്രം വർത്തമാനകാലത്ത് ഉപയോഗിക്കുന്നതുപോലെ, തിരുവിതാംകൂറിന്റെ ഭരണസ്വാതന്ത്ര്യത്തിൽ കൈകടത്തി, ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ ഇടപെടുവാൻ മിഷനറിമാരും, ബ്രിട്ടീഷ് ഭരണാധികാരികളും കർഷകത്തൊഴിലാളികളെ താത്വികമായി അടിമകളാക്കിയുള്ള പ്രോപ്പഗാണ്ടയിൽ പങ്കുകൊണ്ടു. ഇതിലൂടെ തിരുവിതാംകൂറിലെ കാർഷിക സംസ്കാരവും, സാമൂഹ്യ പാരസ്പര്യങ്ങളും തച്ചുടച്ച്, സമൂഹത്തെ പരസ്പരം പോരടിക്കുന്ന വിവിധ വിഭാഗങ്ങളാക്കി വിഭജിക്കുവാൻ അവർക്കു സാധിച്ചു. കേരളീയ സമൂഹത്തിനു മേൽ ഈ വൈദേശികർ നടപ്പാക്കിയ കുടിലതന്ത്രങ്ങളുടെ ദുഷ്ഫലങ്ങൾ വർത്തമാന കേരള സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതായി കാണാം. കാർഷിക മേഖല ആകെ തകർന്നു.ഭക്ഷണധാന്യങ്ങൾക്കും പച്ചക്കറികൾക്കും പഴങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇതിനുംപുറമെ വ്യത്യസ്ത സമുദായങ്ങൾ, അവയിലെ ഉപസമുദായങ്ങൾ, ഇവർ തമ്മിൽ ഉണ്ടായിരുന്ന പരസ്പര വിശ്വാസവും പാരസ്പര്യങ്ങളും, ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം തീർത്തും നഷ്ടമായതായിക്കാണം.
അടിമക്കച്ചവട നികുതി
അടിമക്കച്ചവടത്തിൽ നിന്നും ലഭിച്ചിരുന്ന കര വരുമാനം ഭരണകൂടം(സർക്കാർ) വേണ്ടെന്ന് വെച്ചതായും നഗം അയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂറിലെ രാജാക്കന്മാർ ജനങ്ങുടെ മേൽ അടിച്ചേൽപ്പിച്ച വിവിധ നികുതികൾ, ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് കപ്പം കൊടുക്കുവാൻ വേണ്ടിയായിരുന്നെന്ന് മലയാളികളും അവരുടെ ചരിത്രകാരന്മാരും വിസ്മരിയ്ക്കാറുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ അനന്തിരവൻ രാമവർമ മഹാരാജാവിന്റെ (1758-1798) കാലത്താണ് ബ്രിട്ടീഷുകാർ അമിതമായി കപ്പത്തുക വർദ്ധിപ്പിച്ചത്. മുഹമ്മദ്ദീയനായ ടിപ്പുവിന്റെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ, ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഈ സ്ഥിതിവിശേഷം ചൂഷണം ചെയ്ത് കപ്പത്തുക അമിതമായി വർദ്ധിപ്പിച്ചു. ഗത്യന്തരമില്ലാതെ രാജാവ് ഈ വർദ്ധിച്ച തുക നല്കുവാൻ നിർബന്ധിതനായി. ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് അവർ ഏകപക്ഷീയമായി വർദ്ധിപ്പിച്ച കപ്പം നല്കുവാനായി, സ്വാഭാവികമായും രാജാവ് ജനങ്ങളുടെ മേൽ വിവിധ നികുതികൾ ചുമത്തി, അവ നിർബന്ധമായും ചിലപ്പോൾ ബലപ്രയോഗത്തിലൂടെയും പിരിച്ചെടുത്ത്, ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് നല്കുകയാണുണ്ടായത്. കേണൽ മൺറോയിലൂടെ തിരുവിതാംകൂറിന്റെ ഭരണം ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ കൈകളിൽ അമർന്നപ്പോൾ, അവർക്ക് ദേവസ്വങ്ങൾ ഉൾപ്പെടെ പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടുകയും, അവരുടെ അധീശത്വത്തിൻ കീഴിൽ ഏർപ്പെടുത്തിയ ജനദ്രോഹപരങ്ങളായ ചില നികുതികൾ, നിർത്തലാക്കുകയും ചെയ്തു. ക്രിസ്ത്യൻ ബ്രീട്ടീഷുകാരോട് ജനങ്ങൾക്കുള്ള അനുഭാവം സൃഷ്ടിച്ചെടുക്കാനും, ജനങ്ങളുടെ ഇടയിൽ സ്വാധീനം വർദ്ധിപ്പിക്കുവാനും ഉള്ള ഒരു ഭരണതന്ത്രമായും, ക്രിസ്ത്യൻ മതപരിവർത്തനതന്ത്രങ്ങളുടെ ഭാഗമായും ഈ ക്രിസ്ത്യൻ ബ്രിട്ടീഷ് ഭരണപരിഷ്ക്കാരങ്ങളെ കണക്കാക്കാം. ഹിന്ദു ഭരണമേൽക്കോയ്മ കേരളത്തിൽ അസ്തമിച്ചതോടുകൂടി, തിരുവിതാംകൂറിലും മലബാറിലും അടിമക്കച്ചവടം ഏർപ്പാടാക്കിയത് മുഹമ്മദ്ദീയരും ക്രിസ്ത്യാനികളായ യൂറോപ്യന്മാരും ചേർന്ന് ആയിരുന്നു എന്നും, അതിൽ നിന്നും ലഭിച്ചിരുന്ന ലാഭവും കരവും അനുഭവിച്ചിരുന്നത് ഇവരിരുവരും ആയിരുന്നെന്നും വരും ഭാഗങ്ങളിൽ കാണാവുന്നതാണ്.
3. Travancore State Manual, Vol 2 (page 514) by T.K.Velupillai
Quote T.K.Velupillai : “The amelioration of the condition of slaves was another achievement to the credit of the administration. In Travancore the slaves were always treated with more kindness than it was the lot of that unfortunate class to receive in other countries. But they continued to be bought and sold, particularly in times of adversity. By a royal proclamation of 987 M.E. the purchase and sale of all slaves other than those attached to the soil such as the Kuravas, Parayas, Pallas, Malayans and Vedans, were strictly prohibited. Those who transgressed the law were liable to confiscation of their property and banishment from the country. The total abolition of slavery and the enfranchisement of slaves however took place only in 1030 M. E as will be seen later.” Unquote.
മനുഷ്യക്കടത്ത് അന്നും ഇന്നും ഉണ്ട്. കൂടാതെ ഇന്ന് അവയവ വില്പനയും ഉണ്ട് !!!
(1) പി ശങ്കുണ്ണിമേനോൻ നല്കിയ വിവരങ്ങളും, (2)നഗം അയ്യ നല്കിയ വിവരങ്ങളും, രണ്ടും ചേർത്താണ് (3) ടി.കെ വേലുപ്പിള്ള അടിമ വ്യാപാര നിരോധന നിയമത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ നിന്നുള്ള മുകളിൽ നല്കിയ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം. തിരുവിതാംകൂറിൽ അടിമകളോട് കരുണാപൂർവ്വമായിട്ടാണ് പെരുമാറിയിരുന്നതെന്ന് മാത്രം അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും തിരുവിതാംകൂറിലെ കാർഷികമേഖലയുമായി ബന്ധപ്പെട്ടോ, നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടോ അല്ല, അടിമ വ്യാപാര നിരോധന നിയമം പുറപ്പെടുവിച്ചതെന്ന് ചരിത്രഗ്രന്ഥങ്ങളിലെ ഈ വിഷയത്തെ സംബന്ധിച്ച് ഇവിടെ നല്കിയിട്ടുള്ള ഉദ്ധരണികളിൽ നിന്നും വ്യക്തമാണ്. ക്ഷാമകാലത്തോ (പഞ്ഞമാസങ്ങളിലോ), അല്ലാത്തപ്പോൾ മാതാപിതാക്കൾക്ക് സ്വന്തം മക്കളെ പോറ്റാൻ കെല്പില്ലാതെ വരുമ്പോഴോ, തങ്ങളുടെ കുട്ടികളെ അവർ സ്വയം വിറ്റിരുന്നു. ( വർത്തമാനകാലത്തും ഈ മാർഗ്ഗം സ്വീകരിയ്ക്കാറുണ്ട് എന്ന് മുകളിൽ നല്കിയിരിക്കുന്ന പത്രവാർത്താക്കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാം. ഇത് കൂടാതെ മനുഷ്യ അവയവ വില്പനയും ഇന്നുണ്ട്). ഇത് അടിമക്കച്ചവടത്തെ പരിപോഷിപ്പിച്ചിരുന്നു. കേണൽ മൺറോ അടിമക്കച്ചവടം നിർത്തലാക്കിക്കൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ചത്, ഈ വില്പനയെ(self-sale) തടുക്കുവാൻ വേണ്ടിയായിരുന്നു എന്നുമാത്രമെ ശങ്കുണ്ണിമേനോന്റെയും, നഗം അയ്യയുടെയും, ടി. കെ വേലുപ്പിള്ളയുടെയും വിവരണങ്ങളിൽ നിന്നും നമുക്ക് മസ്സിലാക്കാനാവുകയുള്ളൂ.
പക്ഷെ കേണൽ മൺറോ പുറപ്പെടുവിച്ച ഈ വിളംബരത്തിനു പിന്നിലെ മുഖ്യ കാരണം ബ്രിട്ടീഷ് ഭരണത്തിൻ കീഴൽ തഴച്ചുവളർന്ന അടിമക്കച്ചവട വ്യാപാരം തന്നെയാണ്. അതിൽ ഏർപ്പെട്ടിരുന്നത് ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, ഡച്ചുകാരും, മുഹമ്മദ്ദീയരും ആയിരുന്നു. ഇവരെയെല്ലാം കോർത്തിണക്കുന്ന കണ്ണി സെമറ്റിക്ക് മതപാരമ്പര്യവും.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276 or mail to wayfrr@gmail.com
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739