Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no. 13 രസാസ്വാദനത്തിലെ തടസ്സങ്ങൾ
ഭാരതീയ സംസ്കൃതിയോട് അനുഭാവം ഇല്ലാത്ത കൃതഘ്നരായ നാട്ടുകാർ
-പതിച്ചിയുടെ role …. തുടരുന്നു….
ഔദ്ധത്യം അല്പം പോലും ഇല്ലാതെ താൻ ഒരു കർമ്മവും ചെയ്തിട്ടില്ലാത്തതുപോലെ അതീവ സാധാരണയായി ഇറങ്ങിപ്പോകുന്ന ആ പോക്കാണ് അന്ധവിശ്വാസമായി തോന്നിയതും, അനാചാരമായി തോന്നിയതും, അശാസ്ത്രീയമായി തോന്നിയതും. അവിടെയൊക്കെ അഹന്ത വന്നിരുന്നു എങ്കിൽ… ആ കുഞ്ഞ് മരിച്ചാലും ഏതാണ്ട് ഒക്കെ ശാസ്ത്രം ചെയ്തു എന്ന ബോധം നിങ്ങൾക്ക് ഉണ്ടാവുകയും, നാലഞ്ച് ലക്ഷം ചിലവാക്കിയാലും അവൾ മഹത്വമുള്ളവളായി തീരുകയും ചെയ്യുവായിരുന്നു. വിവരദോഷികൾ. കുഞ്ഞിനും തള്ളയ്ക്കും ഭാവിയിലേയ്ക്കുകൂടി യാതൊരു രോഗങ്ങളും ഇല്ലാതെ, ഈ നാടിന്റെ സൗഭാഗ്യത്തിൽ തന്റെ തഴമ്പേറിയ കരങ്ങൾക്കും പങ്കുണ്ടെന്നു ബോദ്ധ്യപ്പെടുത്തിയ ഒരു ശാസ്ത്ര മാതൃകയുടെ, ഒരു കലയുടെ ജീവസ്സ്. ഞാനത് അവിടെ നിർത്തിയതു കൊണ്ടാ hangover ഇങ്ങിനെ ആയത്. നിങ്ങളുടെ ആ തലമുറയിലെ ഒരുത്തന്റെയും തലയിൽ സ്പർശിച്ചത് വിദ്യാഭ്യാസമുള്ള ഗൈനക്കോളജിസ്റ്റും വങ്കത്വമുള്ള തന്തയും തള്ളയുമൊന്നുമല്ല. തഴമ്പിച്ച കൈകളുള്ള വിദ്യാഭ്യാസം ഇല്ലാത്ത ആ പതിച്ചി. അവളുടെ കൈകൊണ്ട് തൊട്ട തലകൾ ഒക്കെ എത്രയോ മെച്ചപ്പെട്ടു. (1.23 mts out of 27.36 mts) അതിന് നന്ദി പറയാനെങ്കിലും ഈ നാടിന്റെ സംസ്കൃതിയോട് അനുഭാവം പുലർത്താൻ കഴിയാത്തവർ. മാതൃയൗവന വനേ കുഠാരാ വയം എന്നു പറയാവുന്നവർ. അതിന്റെ ആ ഒരു ഭാവ ഗാംഭീര്യം, അത് ഒരുക്കുന്ന ഒരു ആനന്ദം, ഇതൊക്കെ ആസ്വദിയ്ക്കാതെ വളർന്ന ഒരു പുതിയ തലമുറയ്ക്ക് എങ്ങിനെയാണ് ഇതിനെയൊക്കെ ഉൾക്കൊള്ളാനാവുക. അപ്പോൾ മനസ്സിലായി എന്നു വിചാരിയ്ക്കുന്നു ശാന്തരസം.
അപ്പോൾ ജ്ഞാനം ആനന്ദപ്രദമാകുന്നു. അപ്പോൾ കലയുടെ അർത്ഥം – ജ്ഞാനം രസമാണ്. ജ്ഞാന പര്യായമായ ഉല്പത്തി ഉപദേശത്തിലും പ്രതിപാദനത്തിലും ലൗകിക ശാസ്ത്രങ്ങളിൽ നിന്ന് കിട്ടുന്നതിനെ അപേക്ഷിച്ച് വിലക്ഷണമാണ്. ഇവിടെവച്ചാണ് സൗന്ദര്യാത്മകത, കലാത്മകത, സൗന്ദര്യാത്മകത, സാധാരണീകരണം ഇവ മൂന്നും പിന്നെ രണ്ടും നിർവിഘനത, രസനീയത – യാതൊരു തടസ്സവുമില്ലാതെ ആ രസം അനുഭവിയ്ക്കുന്ന ഒരവസ്ഥ. ഇങ്ങിനെ അഞ്ചെണ്ണത്തിന്റെ അന്തരം ഇവ തമ്മിൽ ഉണ്ട്. സ്ഥായീ ഭാവത്തിന്റെ ലൗകിക അനുഭൂതിയും, രസാത്മക അനുഭൂതിയും തമ്മിൽ ഇത്രയും അന്തരമുണ്ട്. ഈ അഞ്ച്. ഇതിനെ ആസ്പദമാക്കിയാണ് അസ്മിത… അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇവയുടെ ഒഴുക്ക് വരുന്നത്.
അപ്പോൾ ഈ സമയത്ത് ശരിയായ ദിശയിൽ അല്ലെങ്കിൽ, എന്റെ എന്ന് അനുഭവിയ്ക്കുകയോ, അന്യന്റേതെന്ന് അനുഭവിയ്ക്കുകയോ, വിഷയത്തിന്റേതെന്ന് അനുഭവിയ്ക്കുകയോ ചെയ്താൽ ചിലപ്പോൾ ഇത് എന്റേതെന്ന് തോന്നും. അങ്ങിനെ തോന്നിയാൽ വിഷയവുമായി താദാത്മ്യം പ്രാപിയ്ക്കും. അപ്പോൾ അനുഭവം അല്ല ഉണ്ടാകുന്നത്. അപ്പോൾ ഞാനെന്ന ബോധം മറയ്ക്കപ്പെടുകയും …. അതിനാണ് അവിദ്യ എന്നു പറയുന്നത്. അനുഭവിയ്ക്കുന്നവനെ അത് മറയ്ക്കുകയും, അനുഭവിയ്ക്കപ്പെടുന്ന വസ്തുവായി അവൻ പരിണമിയ്ക്കുകയും …. ഇദം വൃത്തിയിൽ നിന്ന് അഹം വൃത്തിയിലേയ്ക്ക് പരിണമിയ്ക്കുകയും, അങ്ങിനെ പരിണമിയ്ക്കുന്നതിന് അസ്മിത എന്നു പറയും. പരിണാമം രസമാ കാണാൻ. ഇത് എന്താണ് എന്ന് ചോദ്യം. ഇത് കുട എന്ന് ഉത്തരം. അല്പം കഴിഞ്ഞാൽ മനോവൃത്തിയിൽ കുട സംജാതമായിക്കഴിഞ്ഞാൽ, കുടയുമായി നിങ്ങൾ താദാത്മ്യം പ്രാപിയ്ക്കുകയും അത് അച്ഛൻ തന്നതാണ്, നിനക്ക് ഞാൻ തരില്ല എന്നു പറയുകയും, ആ കുട കൊണ്ട് ഞാൻ സുഖി….കുട ഇല്ലാതിരുന്നാൽ ദുഃഖി എന്നു വരുകയും, അത് ചോദിച്ചതു കൊണ്ട് നിന്നോട് എനിയ്ക്ക് ദ്വേഷം ഉണ്ടാവുകയും ചെയ്യും.
കുടയോട് എനിയ്ക്ക് രാഗവും, അത് എടുക്കാൻ ശ്രമിച്ച നിന്നോട് ദ്വേഷവും …. അപ്പോൾ അവിദ്യ, അസ്മിത, രാഗം, ദ്വേഷം- സംജാതമാവും. കുടയില്ലാതെ എനിയ്ക്ക് ജീവിയ്ക്കാൻ പറ്റില്ല, എന്നു വരുമ്പോൾ എന്റെ മരണം കുടയില്ലാതെ ആയാൽ ഞാൻ കാണാൻ തുടങ്ങും. മരണം ദർശിയ്ക്കാൻ തുടങ്ങിയാൽ ജീവിയ്ക്കാൻ ആഗ്രഹം കൂടും. അപ്പോഴേ ജീവിയ്ക്കാൻ ആഗ്രഹം ഉണ്ടാവുകയുള്ളൂ. ജീവിയ്ക്കാൻ ആഗ്രഹം വാർദ്ധക്യത്തിലേ ഉണ്ടാവുകയുള്ളൂ. ചെറുപ്പത്തിൽ ഉണ്ടാവില്ല. കാരണം ചെറുപ്പത്തിൽ മരണഭയം ഇല്ല.
ചെറുപ്പത്തിൽ രോഗം വന്നു കൂടുതലായാൽ ജീവിയ്ക്കാൻ ആഗ്രഹം തുടങ്ങും. നല്ല കട്ടിയായ രോഗം വന്നു, ഇത് കൊണ്ട് ചത്തുപോയേക്കുമെന്ന് പേടി വന്നു, പേടി വന്നാൽ എല്ലാവരും ചുറ്റും ഇരിയ്ക്കണം. എല്ലാവരും ചുറ്റും ഇരിയ്ക്കാൻ പറയുന്നത് പോത്ത് വരാതിരിയ്ക്കാനാണ്. വാതുക്കൽ ഈ പോത്തിന്റെ കൊമ്പ് വരുമ്പോഴേയ്ക്ക് ഭയം വരും. അപ്പോൾ ആളുകള് ഒക്കെ അടുക്കൽ ഉണ്ടെങ്കില് പോത്ത് ഇങ്ങിനെ കേറി വരികയില്ലല്ലോ… ഓടിയ്ക്കാൻ ആള് ഉണ്ടാവുമല്ലോ. മരണഭയം കേറുമ്പോഴാണ് ജീവിതത്തോട് അഭിനിവേശം ഉണ്ടാവുന്നത്. ഇവ (6.42 mts) ഉണ്ടാവും. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം.
ഒന്ന് അവിദ്യ. അവനവനെ മറയ്ക്കുന്നത്. രണ്ട് അസ്മിത. അതുതന്നെ ഞാനാണെന്ന് ഭ്രമിയ്ക്കുന്നത്. വിഷയവും, ദൃശ്യവും, ദൃക്കും തമ്മിൽ അഭേദം വരുന്നത്. അതിനോട് എനിയ്ക്ക് രാഗം ഉണ്ടാകുന്നത്. പ്രിയം ഉണ്ടാകുന്നത് രാഗം…. വെറുപ്പുണ്ടാകുന്നത് ദ്വേഷം. അസ്മിതയുടെ അനുകൂലമായ അറിവ്, രാഗവും, അസ്മിതയിലെ പ്രതികൂലമായ അറിവ് ദ്വേഷവും ആകുന്നു. അസ്മിത ഉണ്ടാകുമ്പോൾ അറിവ് രണ്ടാകുന്നു. ഒന്ന് അനുകൂലം ഒന്ന് പ്രതികൂലം.
എവിടെയായിരുന്നു നിങ്ങൾ ഇത്രയും നേരം….. ചോദിച്ചു. ഭാര്യയാ ചോദിയ്ക്കുന്നത്….നിങ്ങള് ഇത്രയും നേരം എവിടെയായിരുന്നു. അപ്പോൾ നേരത്തെ ഓഫീസിലോട്ട് ഫോൺ ചെയ്തു. അവിടുന്ന് ഒരു വില്ലൻ വിളച്ചു പറഞ്ഞു….. ഇന്ന് ഓഫീസിൽ വന്നിട്ടില്ലന്ന്. അവൻ ആ കൂട്ടത്തിൽ ഒരു കാര്യം പറഞ്ഞു…. എന്റെ അപ്പുറത്തെ മേശയുടെ അടുക്കൽ ഇരിയ്ക്കുന്ന അവരേയും ഇന്ന് കണ്ടിട്ടില്ല…..ഇത്രയേയുള്ളൂ. മനസ്സിലായില്ല…. അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല. രണ്ടു പേരും ഇന്ന് ലീവ് ആണെന്നു മാത്രമേ പറഞ്ഞുള്ളൂ. (സ്വാമി ചിരിയ്ക്കുന്നു…) പക്ഷെ വീട്ടിൽ ഇരിയ്ക്കുന്ന ആള് തീരുമാനിച്ചു… അപ്പോൾ ഇതാണ് പണി അല്ലേ. ങ്ഹ…വരട്ടെ നോക്കാം. അയാളോട് ഉണ്ടായ അസ്മിത, അയാൾ അവളുടെ പിടിയിൽ ആണെന്നു തോന്നിയ അവസ്ഥയിലുണ്ടായ അവളോടുള്ള ദ്വേഷം….അയാളോടു ഉണ്ടാകുന്ന രാഗം, അവളോടുണ്ടാകുന്ന ദ്വേഷം, ഇതില് അയാള് ആ രാഗം തിരിച്ചറിയുകയാണെങ്കില് ചിലപ്പോൾ പ്രശ്നം ഒക്കെ തീർന്ന് ശാന്തമാകും. അത് തിരിച്ചറിയുന്നതിന് പകരം തന്നെ തെറ്റിദ്ധരിച്ചു എന്നറിയുകയാണെങ്കിൽ സംഭവം കുളവും ചളവും ചൊറയും ആവും. മൂന്നും നാടൻ പദങ്ങളാണെന്ന് തോന്നുന്നു. അതിന് പകരം പദങ്ങൾ ഇല്ലാത്തതുകൊണ്ടാ ഈ തനി നാടൻ ഉപയോഗിച്ചത്.
അപ്പോൾ ഇതിന് വിവരം വേണം. ഇവൾ അറിയാൻ ചോദിയ്ക്കുന്ന ഓരോ ചോദ്യത്തിലും, അവള് കൃത്യമായി കണക്കു കൂട്ടിയാ ചോദിയ്ക്കുന്നെ….ഇവൻ കണക്കില്ലാതെയാ നില്ക്കുന്നെ…. അതുകൊണ്ട് വീഴും. തെന്നും. തെന്നാതിരിയ്ക്കണമെങ്കിൽ natural ആയിട്ട് ….(ആരോ ചോദിയ്ക്കുന്നു…..)..ങ്ഹ രാഗം മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ പ്രയാസം ഒന്നുമില്ല. പിന്നെ അത് കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്. അതൊക്കെ പിന്നെ പറയാമെന്ന് പറഞ്ഞാലും മതി. രാഗത്തിലായിരയ്ക്കണം പറയുന്നെ. കാര്യം ഒക്കെ നിന്നോട് പിന്നെ പറയാം. എന്നിട്ട് ചായ ഒക്കെ കുടിച്ച് കഴിഞ്ഞിട്ട് തയ്യാറാക് … ഒരിടം വരെ പോകണം. നേരെ അവിടം വരെ കൊണ്ടുപോവുക. കൊണ്ടുപോയി പരിചയപ്പെടുത്തി കൊടുക്കുക. അടുത്ത മേശയ്ക്കലുള്ള പാർട്ടിയാ ഇത്. കുറച്ചു നേരം നിങ്ങള് ഇരുന്ന് വർത്തമാനം പറയുക. ഞാനിപ്പോൾ വരാം എന്നു പറഞ്ഞ് ഇറങ്ങിപ്പോരുക. ദേഷ്യം ഒന്നും കൂടുകേല. ദേഷ്യം ഒന്നും കൂടുകേല…അന്നേരം നല്ലപോലെ അഭിനയിച്ച്, നല്ല ഭംഗിയായിട്ട് ന്യൂസ് പിടിയ്ക്കാൻ പാകത്തിന് അങ്ങോട്ട് സ്നേഹിച്ച് വർത്തമാനം പറയും. (ആളുകൾ ചിരിയ്ക്കുന്നു…) (10.09 mts)
ങ്ഹ…സ്ത്രീ മനഃശാസ്ത്രം ഇത്രയും കാലം കല്യാണം കഴിച്ചിട്ട് അറിയില്ലെങ്കിൽ പിന്നെ കഷ്ടം… ഒന്നും രണ്ടും ഒക്കെ കെട്ടിയ പാർട്ടികൾ ഇരുന്നാ കേൾക്കുന്നെ …ഞാൻ എത്രയോ ഭേദം. ഇപ്പോൾ മനസ്സിലായില്ലേ എന്തു കൊണ്ടാ ഈ പണിയ്ക്ക് പോകാത്തതെന്ന്. ഇതൊക്കെ അറിഞ്ഞുകഴിഞ്ഞാൽ പിന്നെ എന്തു കാര്യം. ഇതൊക്കെ അറിയാതെ പോയിട്ട് നിങ്ങൾക്കെന്ത് കാര്യം …. പിടികിട്ടിയില്ല. ഇതൊക്കെ നേരത്തെ പഠിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആലോചിയ്ക്കുകയാ. ഇല്ലേ… സാരമില്ല…സരസ്വതി യാമം കഴിഞ്ഞില്ല… അടുത്ത ജന്മത്തിൽ നോക്കാം …. അപ്പോൾ ഇതുകൊണ്ട് അവിടെ ഏല്പിച്ചിട്ട് പോയി കഴിഞ്ഞാൽ ഒരു കുഴപ്പവുമില്ല …. വളരെ വളരെ ഇതായിട്ട്…. അങ്ങോട്ടു തന്നെ അങ്ങ് ഏല്പിച്ചു കൊടുക്കണം. അപ്പോൾ രണ്ടുപേരും കൂടി വളരെയേറെ സംസാരിച്ച് സംസാരിച്ച് തിരിച്ചു പോകുമ്പോൾ ചിലപ്പോൾ പറയും … അവനെ എനിയ്ക്കൊന്നു കാണണം ഇന്ന്. ആരെയാ…. ആരെയാ…ആ ഫോണിൽ പറഞ്ഞവനെ. (സ്വാമിയും സദസ്യരും ചിരിയ്ക്കുന്നു…..) ….. എനിയ്ക്ക് അവനെ ഒന്നു കാണണം….. അവൻ നിങ്ങളോട് വല്ലതും പറയാറുണ്ടോ എന്നു ചോദിയ്ക്കും…. പിന്നൊള്ള സംശയം നമ്മളെപ്പറ്റി ഇവിടെ പറഞ്ഞുകൊടുക്കുന്നുണ്ടോന്നാ. കുഴപ്പമൊന്നുമില്ല…ഒരു പാവം പിടിച്ച മനുഷ്യനാണ്. എന്നു പറഞ്ഞ് നിർത്തിയാൽ കുഴപ്പമില്ല. നീ വിചാരിയ്ക്കുന്നപോലൊന്നുമില്ല. പാവമാ….. എന്നു പറഞ്ഞാൽ മതി. അതെ അതെ പാവമാ…ങ്ഹ… ചില കൈയ്യിലിരുപ്പ് ഒക്കെ കാണും …മനുഷ്യനല്ലേ… അതൊന്നും കാര്യമാക്കണ്ട. പറഞ്ഞാ വിട്ടു.(last two words not clear 11.41 mts) അപ്പോൾ അതുകൊണ്ട് ഇതൊക്കെ വളരെ എളുപ്പമാണ്. ഈ അവിദ്യ ഇല്ല, നിങ്ങൾക്കെങ്കിൽ.
മനുഷ്യൻ ഒരിക്കലും സ്വതന്ത്രനല്ല
പക്ഷെ നിങ്ങൾക്ക് ഈ സമയത്ത് ഒരു പൂർവ്വ അവിദ്യയുടെയും ഒരു പൂർവ്വ അസ്മിതയുടെയും, ഒരു പൂർവ്വ രാഗവിദ്വേഷത്തിന്റെയും അനുഭവം അവിടെ കിടപ്പുണ്ടെങ്കിൽ നിങ്ങളുടെ body language-ല് ഒരു ഭയവും സന്ത്രാസവും ഒക്കെ വരും. (12.10 mts). അത് ഇപ്പം പോയതിനല്ല ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ. ഇവരെ പരിചയപ്പെടുന്നതിനു മുമ്പ് തൊഴാൻ പോയതിന്റെ ഓർമ്മയാ വരുന്നെ. അതേൽ ഇത് തത്തിക്കളിയ്ക്കും. അപ്പോൾ മുമ്പ് പോയിട്ടുണ്ടെങ്കിൽ പോയതിനു നല്ലപോലെ കുളിച്ച് ശുദ്ധമായി കേറി നിന്നിട്ടില്ലെങ്കില്, പണ്ട് മീൻ പിടിയ്ക്കാൻ പോയതിന്റെ ചെളിയുടെ മണം കിടക്കും, നല്ല സോപ്പല്ല തേച്ചതെങ്കിൽ. അത് നിങ്ങളുടെ വാസനാമയമായ ശരീരത്തിൽ പ്രകടമാവും. അത് കൃത്യമായി പൂർവ്വ ജന്മാർജ്ജിത വാസനയുള്ള അവർ കൃത്യമായി മണം പിടിച്ചെടുക്കുകയും ചെയ്യും. അതാണ് ഇതിന്റെ കളി. ഇത് സംസ്കാരത്തിൽ ആവിർഭൂതമാണ്. ഈ സംസ്കാരങ്ങളുമായാണ് ചരിത്ര രചനയുടേയും മതബോധനത്തിന്റെയും ലോകങ്ങളിലൂടെ മാനവൻ സഞ്ചരിയ്ക്കുന്നത്. എന്നിട്ടാണ് ഇവൻ സ്വതന്ത്രനും, നിർലേപനും, നിർമ്മമനും ഒക്കെയാണെന്ന് അഭിമാനിയ്ക്കുന്നത്.
എണ്ണമറ്റ വാസനകളുടേയും, എണ്ണമറ്റ സംസ്കാരങ്ങളുടേയും, സ്മൃതി തന്റെ ഹൃദയ ഗഹ്വുരത്തിൽ (word not clear 13.38 mts) രൂപാന്തരപ്പെടുമ്പോഴെല്ലാം, ഭാഷയും ചേഷ്ടകളും എല്ലാം ആ സംസ്കാരത്തിന് അനുഗുണമായി രൂപാന്തരപ്പെടും. അവിടെ മസ്സില് പിടിച്ചാൽ കൂടുതൽ പ്രകടമാവും. ചിലർ ഈ നേരത്ത് അവൻ തന്നെ തിരിച്ചറിയും. ഒരു വ്യാകരണപ്പിശക് എന്റെ ശരീരത്തിന് ഉണ്ടെന്ന്. സ്വന്തം വ്യാകരണപ്പിശക് കണ്ടു കഴിഞ്ഞാൽ കുടിച്ചവൻ കുടിയ്ക്കാത്തവനായി നടക്കാൻ ശ്രമിയ്ക്കുന്നതുപോലെ ശ്രമിയ്ക്കുമ്പോൾ തീരെ കാല് ഉറയ്ക്കാതാവും. മറ്റേത് center of gravity പോകാതെ അങ്ങ് എത്തും. ഈ കുടിച്ചിട്ട് കുടിച്ചവനെപ്പോലെ നടന്നാൽ center of gravity മുഴുവൻ പിഴയ്ക്കുകേല. വീതി കൂട്ടുവന്നുള്ളതേയുള്ളൂ വഴിയ്ക്ക്. തിത്തത്തൈയ്യ് പ്രമാണത്തിൽ അങ്ങ് എത്തും. (ആരോ പറയുന്നു…)…ങ്ഹ ആ സംസ്കാരം കിടക്കുമ്പോൾ ഇതിങ്ങോട്ട് രൂപാന്തരപ്പെട്ടു കഴിഞ്ഞാൽ വെള്ളം അടിച്ച് കഴിഞ്ഞവൻ നമ്മളെ കാണുമ്പോൾ ഒട്ടും വെള്ളം അടിച്ചിട്ടില്ലെന്ന് കാണിയ്ക്കാൻ ശ്രമിയ്ക്കുന്ന ഒരു ശ്രമമുണ്ട്. (14.52 mts) അപ്പോൾ തീരെ കാല് ഉറയ്ക്കുകേല. നമ്മളെ കണ്ടു കഴിയുമ്പോഴാണ് തീരെ കാല് ഉറയ്ക്കാത്തതും ഇവൻ വീഴുന്നതും. അപ്പോൾ നമ്മള് ചെന്ന് പിടിച്ചാൽ …..പിഴിയ്ക്കണ്ട…ഞാൻ കുഴിച്ചിട്ടില്ല എന്ന് പറയും. ഇതൊന്നും നിങ്ങൾക്ക് യാതൊരു അനുഭവവും ഇല്ലെന്നാ എന്നിയ്ക്ക് തോന്നുന്നത്. പിന്നെ കുറച്ചു കഴിയുമ്പം ഇവന് ദേഷ്യം വരുും …നമ്മൾ ഇവൻ കുടിച്ചിട്ടില്ല എന്നു പറയുന്നത് വിശ്വസിയ്ക്കുന്നില്ല എന്ന് തോന്നുമ്പം. കുഴിച്ചിട്ടില്ലെന്ന് പറഞ്ചില്ലേ എന്നു ചോദിയ്ക്കും. അപ്പോൾ ഇതിന്റെ കാരണം അതാ…. ഇത് വളരെ രസം തരുന്ന അനുഭവങ്ങളാണ്. ഒന്നും ആസ്വദിച്ചിട്ടില്ല. പിന്നെ ആകെ എന്തുവാ നിങ്ങള് ആസ്വദിച്ചെ. (ചിരിയ്ക്കുന്നു …) … ഒരു കോപ്പ മോന്താൻ പോലും പഠിച്ചിട്ടില്ലെന്നാ തോന്നുന്നത്. ഇപ്പോൾ കോപ്പ ഇല്ല ഇല്ലേ… ഒരു നില്പൻ അടിച്ചു പോരുകയാണ്. (ആരോ ചോദിയ്ക്കുന്നു….) പിന്നല്ലാതെ …ഗവൺമെന്റ് ഇത് തരാൻ തുടങ്ങിയപ്പം മുതൽ ഇരിയ്ക്കാൻ സ്ഥലമുണ്ടോ. അവിടെ ചെന്നൊരു നില്പൻ അടിയ്ക്കുക, വിടുകാ…
അപ്പോൾ ഈ അഞ്ചെണ്ണം …സൗന്ദര്യാത്മകത, സാധാരണീകരണം അല്ലെങ്കിൽ സാമാന്യവൽക്കരണം, നിർവിഘ്നത, രസനീയത- അപ്പോൾ കലാത്മകത, സൗന്ദര്യാത്മകത, സാധരണീകരണം അഥവാ സാമാന്യവൽക്കരണം, നിർവിഘ്നത, രസനീയത ഇത് അഞ്ചും. ഒപ്പം അവിദ്യ, അസ്മിത, രാഗം ദ്വേഷം, അഭിനിവേശം. (16.21 mts) അതിലീ ദ്വേഷം വരെ ഉള്ളതാ പെട്ടെന്ന് ഉണ്ടാകുക. അഭിനിവേശം മൃത്യുമുഖം കാണുമ്പോഴേ ഉണ്ടാവുകയുള്ളൂ. ജീവിയ്ക്കാൻ ആഗ്രഹം കുറഞ്ഞവനെ രണ്ടാഴ്ച സർജിക്കൽ വാർഡിൽ കൊണ്ടുപോയി നിർത്തിയാൽ മതി. അവിടെക്കിടന്ന് നിലവിളിയും ബഹളവും ഒക്കെ കാണുമ്പോൾ അടങ്ങാത്ത അഭിനിവേശം ഉണ്ടാകും അവന്, ജീവിയ്ക്കാൻ. എനിയ്ക്ക് ജീവിയ്ക്കാൻ ഇനി ആഗ്രഹം ഒന്നും ഇല്ലാന്നു പറയുന്ന കൂട്ടത്തിൽപ്പെട്ടവരെ പയ്യെ പിടിച്ചുകൊണ്ടുപോകണം. നടന്നു കാണിയ്ക്കണം ….നില്ക്കുകേല അവൻ. കാരണം മരണം അടുത്ത് കാണിച്ചാൽ ഏതവനും ജീവിയ്ക്കാൻ ആഗ്രഹമുണ്ടാകും. ഉന്മാദത്തിലെ ചികിത്സയായും ഇത് പറയും. മൃത്യുവിന്റെ ഭയം ഉണ്ടാക്കിയാൽ ഉന്മാദം ഇറങ്ങിപ്പോകും. അതാണ് ഇതിന്റെ പ്രത്യേകത. അടങ്ങാത്ത അഭിനിവേശം ഉണ്ടാകും.
അവിടെ വിഭിന്ന പദാർത്ഥങ്ങളുടേയും പരിതസ്ഥിതികളുടേയും ബോധം നാം നേടുമ്പോൾ, മൂന്ന് വീക്ഷണങ്ങളാണ് നാം അനുസരിയ്ക്കാറുള്ളത്, ആ സമയത്ത്. പരിതസ്ഥിതികളും അതുപോലെ തന്നെ സാമാന്യമായിട്ട് പറഞ്ഞാൽ, പദാർത്ഥങ്ങൾ ഭിന്നങ്ങളായി അനുഭവിയ്ക്കുമ്പോൾ, ഭിന്ന ഭിന്ന പരിതസ്ഥിതികളെ നാം ഓർക്കുമ്പോൾ, അതുപോലെ തന്നെ ആ ചുറ്റുപാടുകളോടെല്ലാം പ്രതികരിയ്ക്കുമ്പോൾ, നമ്മളിൽ മൂന്ന് വീക്ഷണം ഉണ്ടാവും. ഈ മൂന്നും രസത്തിൽ എങ്ങിനെ വരുമെന്നു കൂടെ അറിയണം.
തടസ്ഥ ദൃഷ്ടി
ഒന്ന്, യോഗിയെപ്പോലെയുള്ള തടസ്ഥ ദൃഷ്ടി … അവിടെ രസം ഉണ്ടാവില്ല. രസ ആസ്വാദനത്തിന് തടസ്സമുണ്ടാക്കുന്ന മൂന്നെണ്ണത്തിൽ ഒന്ന് യോഗിയെപ്പോലെയുള്ള തടസ്ഥ ദൃഷ്ടി. രസാസ്വാദനത്തിന് പോകുമ്പോൾ അങ്ങിനെയുള്ളവരെ കൊണ്ടുപോകരുത്. തീർത്ഥാടനത്തിനും ഒക്കെ ആളുകള് പോകും. കൂട്ടത്തില് ഇമ്മാതിരി ചില സാധനങ്ങൾ ഉണ്ടാവും …ചിലപ്പോൾ. അപ്പോൾ കാര്യമായി പോകുമ്പോൾ, അതിന്റെ രസം ആസ്വദിയ്ക്കാവുന്ന അനുഭൂതി വരുമ്പോൾ, ഓ !!!… അതെന്താ വെള്ളം അല്ലേ….. കാശും മുടക്കി പോയി ഇരിയ്ക്കുകയാണ്…. ഹിമാലയത്തിന്റെ ഉച്ചിയില്. അതൊരു കല്ലല്ലേന്ന്…. അതിനാ ഇവനെ കൂടെ കൊണ്ടുപോയിരിയ്ക്കുന്നത്. പിന്നെ ആസ്വാദനം ഉണ്ടാവുകയില്ല. പ്രകൃതി ഭംഗി കാണാൻ തടസ്ഥദൃഷ്ടി ഉള്ളവനേയും കൊണ്ടു പോകും. പിന്നെ ആസ്വദിയ്ക്കാൻ പറ്റില്ല. പിന്നെ ഈ യാത്ര ഒക്കെ ചെയ്ത്, അവിടെച്ചെന്ന് ഒരു പാറപ്പുറത്തിരുന്ന് പരദൂഷണവും പറഞ്ഞ് തിരിച്ചു പോരും. (19.16 mts) വേറെ ഒന്നും ചെയ്യാൻ പറ്റില്ല.
രസാസ്വാദനത്തിനുള്ള ആരോഗ്യമുള്ളവരോടൊപ്പമേ യാത്ര ചെയ്യാവുള്ളൂ. അന്യനെ ആസ്വദിപ്പിയ്ക്കുകയുമില്ല….ചിലരാണെങ്കിൽ അവിടെ നിന്ന് കമ്പിളിയും കെട്ടുമൊക്കെ വാങ്ങിച്ചു കൊണ്ടു വരും. അതിവിടെ വരുമ്പോൾ വിലക്കുറവായിരിയ്ക്കും. അവിടുന്ന് കെട്ടി ചുമക്കും. ഞങ്ങടെയീ സ്വാമിമാരൊക്കെയുള്ള ഹരിദ്വാറിലും ഋഷികേശിലും ഒക്കെ ഇവിടുന്നു പോകും….പയ്യന്നൂരിൽ നിന്നും ഒക്കെ ആളുകൾ പോകും. അവിടെച്ചെല്ലുമ്പോൾ ഒരു സ്വാമി വന്നിട്ടു പറയും, നല്ല ഇനം കമ്പിളി ഇരിപ്പുണ്ടെന്നു പറയും. അതൊക്കെ ഈ ദക്ഷിണയായിട്ട് കിട്ടിയതാ…പത്തു നാല്പതെണ്ണം ഉണ്ട്. അപ്പോൾ ഇവൻ ചെന്നു wholesale-ൽ ചോദിയ്ക്കും എന്തു വേണമെന്ന്. ഒരെണ്ണത്തിന് അല്ല വില ചോദിയ്ക്കുന്നത്. ( ചിരിയ്ക്കുന്നു….) അപ്പോൾ നല്ല ആട്ടിൻ രോമത്തിലുള്ളതാണെന്ന് ഒക്കെ പറഞ്ഞ് അടിച്ചു കേറ്റും. ചണത്തിന്റെ കമ്പിളിയാ… ഇവൻ ആട്ടിൻ രോമമേ കണ്ടിട്ടില്ല ദൈവാധീനത്തിന്. ചണത്തിന്റെ ഈ നേപ്പാളി കൊണ്ടു നടക്കുന്ന സാധനമുണ്ടല്ലോ മഴക്കാലത്ത് ….അതാണ് സാധനം. അത് അവൻ തന്നെ ഒരായിരം രൂപ വിലപറയും… ഒരെണ്ണത്തിന്. ഇരുപത്തഞ്ച് രൂപ പറഞ്ഞു പോയെങ്കിൽ തലയിൽ ആകുകയും ചെയ്യും. അബദ്ധത്തിൽ ഇരുപത്തഞ്ചു രൂപ എന്ന് പറഞ്ഞു പോയെങ്കിൽ, അവൻ നാല് നടപ്പ് നടന്നേച്ച് തിരിച്ചു കൊണ്ടുവന്ന് എന്നാൽ ഇനി മുടിയാനായി അത് എങ്കേ മതി എന്ന് പറഞ്ഞ് മേടിച്ചുകൊണ്ടു പോകും. ഇത് ആദ്യം കേറി സ്വാമി ഒക്കെ അല്ലേ എന്നൊക്കെ വിചാരിച്ചിട്ട് വളരെ കാര്യമായിട്ട് ചോദിയ്ക്കും. ഒരു മുപ്പതിനായിരം രൂപ മതിയോന്ന് ചോദിയ്ക്കും. അത് നിങ്ങളല്ലേ…. അതിന് എടുത്തോളൂ എന്ന് പറഞ്ഞ്, കെട്ടി തലയിൽ വച്ചു കൊടുക്കും. ഇത് ചുമക്കാനാ ഇവൻ ഹരിദ്വാറ് വരെ പോയത്. (ചിരിയ്ക്കുന്നു….) …ഗംഗയും കണ്ടില്ല, യമുനയും കണ്ടില്ല, ഗോദാവരിയും കണ്ടില്ല, ഗംഗോത്രിയും കണ്ടില്ല, യമുനോത്രിയും കണ്ടില്ല……(ചിരിയ്ക്കുന്നു….) ഉത്തരകാശിയിലും പോയില്ല … ആകെ അവിടെച്ചെന്ന് ഹരിദ്വാറിൽ ഇരിയ്ക്കും….നിങ്ങളൊക്കെ പോയേച്ചു വാ …. എന്തു കാണാനാ…. അവസാനം പോരുന്ന വഴിയ്ക്ക് ഇവന്റെ ഒരു വാചകം ഉണ്ട് … ഇതെങ്ങനെ ഉണ്ട്… നിങ്ങളും വന്നു ഞാനും വന്നു…ദേ മുപ്പതിനായിരം രൂപയ്ക്ക് …വേണോ ഒരെണ്ണം…(ചിരിയ്ക്കുന്നു…) …എവിടെ ചൂടുള്ള കേരളത്തിൽ പുതയ്ക്കാൻ. ഈ സൈസ് ഉരുപ്പടികളെയും കൊണ്ട് ഒക്കെ ചിലപ്പോൾ യാത്രചെയ്യും.
മുഖ്യ രസം = ശാന്തം
ശാന്തം അതാണ് മുഖ്യ രസം. ബാക്കിയുള്ളതൊക്കെ ആസ്വദിച്ചാലും അങ്ങോട്ടാ വരിക. ബാക്കിയുള്ളതൊക്കെ പടിപടിയായി അവിടെച്ചെന്നാണ് ലയിയ്ക്കുക. രസം എന്നു പറയുന്നത് അതിന്റെ നിർവേദം ശാന്തത്തിലാ. അത് ജ്ഞാനമാ. ഒരു ജ്ഞാന ഭൂമികയിലാ എത്തുന്നത്. അവിടെ നിന്നുകൊണ്ടാണ് ചരിത്രത്തത്തേയും സംസ്കാരത്തേയും മതത്തെയും ഒക്കെ തിരിച്ചറിയേണ്ടത്. അനുഭവം ശാന്തം ആകുമ്പോൾ. നമ്മുടെ എല്ലാ ശങ്കകളും പ്രമേയത്തിലും പ്രമാണത്തിലും ഉള്ളവ, നില്ക്കുമ്പോൾ. പ്രമേയ ശങ്കകളും അസ്തമിയ്ക്കുക…. പ്രമാണ ശങ്കകളും അസ്തമിയ്ക്കുക…. പ്രമേയ ശങ്ക അസ്തമിയ്ക്കും. പ്രമാണങ്ങൾ ഉദ്ധരിച്ച് പ്രമേയ ശങ്കകളെ അസ്തമിപ്പിയ്ക്കാം. പക്ഷെ പ്രമാണം തലയ്ക്ക് പിടിയ്ക്കും. അതീന്ന് താഴോട്ട് ഇറങ്ങാൻ സമയം എടുക്കും. അതുകൊണ്ട് ജ്ഞാനിയുടെ ശങ്ക പ്രമാണങ്ങൾ ഉദ്ധരിച്ചുള്ളത് ആയതുകൊണ്ട് ഇറങ്ങാൻ പാടുപെടും. (22.28 mts) പിന്നെ ചില നേരത്ത് എവിടുന്നെങ്കിലും നല്ല തട്ടു കിട്ടിയാല് കൃഷ്ണ ചൈതന്യൻ വീണപോലെ മുകളിൽ നിന്ന് വീഴണം. അത് അത്ര എളുപ്പമല്ല. അതിന് നല്ല ഭക്തി വേണം. സംസ്കാരത്തിൽ ഏറ്റവും ഉയർന്നതും അത് തന്നെയാണ്.
അപ്പോൾ സാമാന്യമായി പറഞ്ഞാൽ രസാനുഭൂതിയ്ക്ക് തടസ്സം വരുത്തുന്ന (word not clear … ) …വിഭിന്ന പദാർത്ഥങ്ങളെയും പരിതസ്ഥിതികളുടേയും ബോധം നേടുമ്പോൾ മൂന്ന് വീക്ഷണങ്ങൾ നമ്മൾ അനുസരിയ്ക്കാറുണ്ട്. ഒന്ന് യോഗിയെപ്പോലെ തടസ്ഥദൃഷ്ടി. രണ്ട് അന്യനെന്ന ഭാവനകൊണ്ടു വരുന്ന ഉദാസീനത. ഉദാസീനത വന്നാൽ രസം ആസ്വദിയ്ക്കില്ല. (23.21 mts) എനിയ്ക്ക് അവിടെ പങ്കില്ല. സമൂഹത്തില് ആളുകള് ചേർന്ന് രസിയ്ക്കുമ്പോൾ അതിൽ നിന്ന് വേറിട്ട് നില്ക്കുന്ന ആളുകൾ ഉണ്ട്. അപ്പോൾ ആഹാരം കഴിയ്ക്കാൻ എല്ലാവരും കൂടെ എടുത്ത് കഴിയ്ക്കാനും രസിയ്ക്കാനും തുടങ്ങുമ്പോൾ മാറി നില്ക്കുകയാണ് ഉദാസീനനായി. ബാക്കി കഴിയ്ക്കുന്നവർക്ക് ടെൻഷൻ ഉണ്ടാവും. ഒരു വീട്ടില് എല്ലാവരും ഒന്നിച്ച് ഇരിയ്ക്കാൻ തുടങ്ങുമ്പോൾ, വളരെ ഉദാസീനനായി ഒരുത്തൻ പെരുമാറിയാൽ പിന്നെ അവർക്ക് കഴിയ്ക്കാൻ പറ്റില്ല. ഔദാസീന്യം എന്നു പറയുന്നത് ഉയർന്ന അവസ്ഥയാണ്. അറിവിൽ. അങ്ങിനെയുള്ളവൻ വേണ്ടാ എന്നു പറയണ്ട. മറ്റുള്ളവർ അവനെ വേറിട്ട് കാണും. അത് മറ്റുള്ളവർക്ക് സന്തോഷമാ. അവനെക്കൊണ്ട് എവിടെയെങ്കിലും ഇരുത്തിയിട്ടേ അവർ ആ പണിയ്ക്ക് പോവൂള്ളൂ . അത് കുറച്ചുകൂടി ഉയർന്ന മാനദണ്ഡങ്ങളിൽ എവിടെയെങ്കിലും ഇരുത്തി, ഇതൊന്നും അല്ല വേണ്ടത് എന്നറിഞ്ഞ് മാറ്റും. ആൾക്കൂട്ടത്തിൽ തനിച്ച് മാറിനിൽയ്ക്കാൻ സ്വയം ഉദാസീനനെന്ന പോലെ ശ്രമിയ്ക്കുമ്പോൾ, അവന് രസാസ്വാദനം കിട്ടുകയില്ലെന്നു മാത്രമല്ല, അവന്റെ സാന്നിദ്ധ്യം അന്യർക്ക് രസാസ്വാദനത്തെ നഷ്ടപ്പെടുത്തുകയും ചെയ്യും.
പക്ഷെ വിദ്യാഭ്യാസം പലപ്പോഴും നമ്മെ അന്യ ഭാവത്തിൽ, അനന്യഭാവം വരാതെ, അന്യ ഭാവത്തിൽ ഉദാസീനനെന്നപോലെ പെരുമാറാൻ പ്രേരിപ്പിയ്ക്കും. രസാസ്വാദനം നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ വീക്ഷണമാണ് ഇത്. മൂന്നാമത് എന്റേതാണെന്ന കടുത്ത ഭാവന കൊണ്ടു വരുന്ന സ്വാർത്ഥം, അവിടെയും രസം അനുഭവിയ്ക്കാൻ പറ്റില്ല. സ്നേഹം possessive ആയിക്കഴിഞ്ഞാൽ പിന്നെ ഒരു രസവും ഉണ്ടാവില്ല. Possessive ആയിട്ട് ഒരു മകനെ സ്നേഹിയ്ക്കുന്ന അമ്മ ഉണ്ടായാൽ, അവന് ഒരു സാധനം നേരെ കഴിയ്ക്കാൻ പറ്റില്ല. അവൻ എങ്ങിനെ കഴിയ്ക്കണമെന്ന് പിന്നെ തീരുമാനിയ്ക്കുന്നത് അവരാ. ഇഷ്ടമല്ലാത്തത് ഒക്കെ കഴിച്ചോണം…. അല്ലേൽ പിണങ്ങും.
ചിലപ്പോൾ ഭാര്യോ ഭർത്താവോ ഈ possessive ആവും. ജീവിതം പോക്കാണ് പിന്നെ(അവരുടെ). വേറൊരു കാര്യം നോക്കി പഠിയ്ക്കാനായിട്ട് ഇരിയ്ക്കുകയാണ്. ദേ ഇങ്ങോട്ട് ഒന്ന് നോക്കിക്കേ. … എന്തു നോക്കിയാ ഇരിയ്ക്കുന്നത് … ഞാൻ കുറേ നേരമായില്ലേ വന്നിട്ട്….. ദേഷ്യമായി. ….അവന്റെ ദൃഷ്ടി വരെ ഇവര് പിടിയ്ക്കുന്നതുപോലെ അവൻ പിടിയ്ക്കണം. വളരെ കടുത്ത പരിപാടിയാണ്. ഈ ഭക്തന്മാർ ഉള്ള ചില സ്വാമിമാരും അങ്ങിനെയാ. ഭക്തന് possessive ആയി കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഉണ്ടാവില്ല. ഭക്തി ഉച്ചിയിൽ എത്തും. സ്വാമിയ്ക്ക് വഴുതനങ്ങ തീരെ ഇഷ്ടമല്ല…. പക്ഷെ വഴുതനങ്ങയുടെ സാഗയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. കഴിച്ചോണം. ഇത് കഴിച്ചു തീരുമ്പോഴേയ്ക്ക് അടുത്ത പ്ലേറ്റ് എത്തിക്കഴിയും. അടുത്ത ഭക്തന്റെ വക. കാരണം ഒരിടത്തുനിന്ന് വഴുതനങ്ങ കഴിച്ചപ്പം …സ്വാദ് ഇഷ്ടമായി കഴിച്ചു… അടുത്തത് എത്തിക്കഴിഞ്ഞു. അവസാനം മോക്ഷം വരെ വഴുതനങ്ങയിലാകും. അപ്പോൾ ഇതൊക്കെ പറ്റുന്നത് ഇതുകൊണ്ടാണ്.
രസ ആസ്വാദനത്തിന്റെ തടസ്സങ്ങൾ
അപ്പോൾ അതുകൊണ്ട് ഒന്നുകില് യോഗിയെപ്പോലുള്ള തടസ്ഥ ദൃഷ്ടി. രണ്ട്, അന്യനെന്ന ഭാവനകൊണ്ടുള്ള ഉദാസീനത. മൂന്ന്, എന്റേതാണെന്ന കടുത്ത ഭാവനയിൽ വരുന്ന സ്വാർത്ഥ ദൃഷ്ടി. (27.00 mts /out of 27.36 mts ). ഇത് മൂന്നെണ്ണം. തന്ത്രയോഗം ഇത് മൂന്നിനേയും രസാസ്വാദനത്തിന്റെ തടസ്സങ്ങളായി വ്യക്തമാക്കിയിട്ടുണ്ട്. (end of clip)
clip no 14… രസാനുഭൂതി നുകരാതെ വിഷയം വിട്ടു പോകില്ല (35.32 mts)
Audio clip No. 14
നമ്മള് രസ ആസ്വാദനത്തിന്റെ തടസ്സങ്ങൾ മൂന്നെണ്ണമാണ് പറഞ്ഞ് നിർത്തിയതെന്നാണ് എന്റെ ഓർമ്മ.
വിഷയാസ്വാദനത്തിന്റെ ചരിത്രം
സംസ്കാരം എങ്ങിനെയാണ് രസാസ്വാദനത്തിൽ പങ്ക് വഹിയ്ക്കുന്നത് എന്നും, അത് എങ്ങിനെയാണ് ഒരു അഭിമതമായി രൂപാന്തരപ്പെടുന്നതെന്നും, എങ്ങിനെയാണ് മതങ്ങൾ ആവിർഭവിയ്ക്കുന്നതെന്നും, അതിന്റെ ചരിത്രം എങ്ങിനെയാണ് ലോകചരിത്രമായി രൂപാന്തരപ്പെടുന്നതെന്നും, ആദ്യം അറിഞ്ഞിരിയ്ക്കണം. ചരിത്രത്തെ വസ്തുതാപരമായി അപഗ്രഥിയ്ക്കുമ്പോൾ, മാനവൻ അവന്റെ വിഷയാസ്വാദനത്തിന്റെ ചരിത്രം, സാർവ്വലൗകികമായി അവതരിപ്പിയ്ക്കുന്നത് മാത്രമാണ്, ചരിത്രമായി രൂപാന്തരപ്പെടുന്നത്.
ചരിത്രത്തെക്കുറിച്ചുള്ള ഭാരതീയ ചിന്ത
കണ്ട് വിട്ടുപോയ കാര്യങ്ങൾ ഒന്നും ചരിത്രത്തിൽ ഉണ്ടാവില്ല. ഒരു ജനതയുടെ ചരിത്രം ആകെക്കൂടി എഴുതുന്നത്, ജനങ്ങൾ മൊത്തം അല്ല. സംഭവങ്ങളെ ആകെക്കൂടി രചിയ്ക്കുന്നത് കണ്ടറിഞ്ഞവരല്ല. സംസ്കാരമായി കിടക്കുന്ന, എഴുതുന്നവൻ ലോകത്തെ ആസ്വദിച്ച ആസ്വാദനത്തിന്റെ ചുവടിലാണ് ചരിത്രം എഴുതുന്നത്. എഴുതിവച്ച എല്ലാ ചരിത്രങ്ങളും, മനുഷ്യ മനസ്സുകളെ വർത്തമാനത്തിന്റെ ആനന്ദം അനുഭവിയ്ക്കുവാൻ ഇടയാക്കാതെ, വ്യക്തിജീവിതത്തെയും, കുടുംബജീവിതത്തെയും, സാമൂഹിക ജീവിതത്തെയും നശിപ്പിയ്ക്കുന്നു എന്നു തന്നെയാണ് ചരിത്രത്തെക്കുറിച്ചുള്ള ഭാരതീയ ചിന്തകളിൽ പ്രമുഖമായിട്ടുള്ളത്.
ചരിത്രം എഴുതുന്നവന്റെ വാസന
ആരോ ഒരുവന്റെ വാസനാ ജാലങ്ങളിൽ നിന്ന്, ഒരു ജനതയുടെ ജീവിതത്തെ മുഴുവൻ ആ വാസനയിലൂടെ, വിഷയ വാസനയിലൂടെ ആനയിച്ചു കൊണ്ടുപോവുകയും, അവന്റെ വാസനയ്ക്കനുസരിച്ച്, വായിയ്ക്കുന്നവന്റെ വാസനയ്ക്ക് അനുസരിച്ച്, അത് പൂർത്തികരിയ്ക്കുന്നതിന് വർത്തമാനം ഉപയോഗിയ്ക്കുവാനോ ജീവിയ്ക്കുവാനോ ഇടയാക്കാതെ, രാഗദ്വേഷങ്ങളുടെ തലങ്ങളിൽ സാമൂഹികമായി വ്യക്തിയെ പതിപ്പിയ്ക്കുകയും ചെയ്യുന്ന വിനാശകരമായ വിദ്യാഭ്യാസം മാത്രമാണ്, വിശ്വചരിത്രവും വ്യക്തിചരിത്രവും എത്ര ഉദാത്തമായി രചിച്ചാലും ചെയ്യുക എന്നു തന്നെയാണ് പ്രാചീനമായ കാഴ്ചപ്പാട്.
മഹാന്മാരുടെ ചരിത്രാംശങ്ങളിൽ നിന്ന്, അവരോടുള്ള ആദരവും അനുകരണീയതയും, ബോദ്ധ്യപ്പെട്ട് വായിയ്ക്കുമ്പോൾ എല്ലാം മനസ്സിൽ അവരായി തീർന്ന് നിങ്ങളിൽ പതിയ്ക്കുന്നത്, അവർ അനുഭവിച്ച വേദനകളുടെയും യാതനകളുടെയും, അവരെ പീഢിപ്പിച്ചിട്ടുള്ളവരുടെയും ചിത്രമാണ്. അവരോട് നിങ്ങൾക്ക് ആദരവ് തോന്നിക്കഴിയുമ്പോൾ, അവരെ പീഢിപ്പിച്ച ജാതികൾ, അവരെ പീഢിപ്പിച്ച മതങ്ങൾ, അവരെ പീഢിപ്പിച്ച രാഷ്ട്രീയ-സാമൂഹ്യ ക്രമങ്ങൾ, ഇവയെ നിങ്ങളുടെ മനസ്സിൽ പതിപ്പിയ്ക്കുകയും, ലോകത്തിന്റെ സുതാര്യമായ ജീവിതത്തിന് ഇട നല്കാതെ ഇരിയ്ക്കുകയും, നിങ്ങളുടെ ശാന്തിയെ പൂർണ്ണമായി ഭഞ്ജിയ്ക്കുകയും, അതിന്റെ ചുവടുപിടിച്ച് ജാതീയവും, വർഗ്ഗപരവും വർണ്ണപരവുമായ വഴക്കുകൾ… ആരോ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ നേരിട്ടു എന്നു പഠിയ്ക്കുന്നതിനു പകരം, തനിയ്ക്ക് ആദരണീയനായ വ്യക്തിയോട് പെരുമാറിയവന്റെ ജാതിയും മതവും രാഷ്ട്രീയവും തേടിപ്പിടിച്ച്, അതിൽപ്പെട്ട നിരപരാധികളോടു വരെ വിദ്വേഷം പുലർത്തി ജീവിയ്ക്കുവാൻ ഇടയാക്കുന്ന ചരിത്രം കൊണ്ട് പങ്കിലമായ ഒരു ലോകമാണ് ആധുനിക ലോകം.
ചരിത്രപഠനങ്ങൾ ഇതിഹാസ വിരുദ്ധങ്ങൾ
അവിടെ കണ്ടെത്തുന്ന ശാസ്ത്ര സത്യങ്ങളും, അവിടെ കണ്ടെത്തുന്ന മതങ്ങളും, അവിടെ കണ്ടെത്തുന്ന ജീവിതരീതികളും, ജനജീവിതത്തെ ദുഷിപ്പിയ്ക്കുവാനല്ലാതെ, നന്മ ചെയ്യുവാൻ പറ്റുകയില്ല, അവയെ എല്ലാം ഔപചാരികമായി പഠിപ്പിച്ച് വഷളാക്കിയ ഒരു സമൂഹത്തിലാണ് ഞാനും നിങ്ങളും ഇന്ന് ജീവിയ്ക്കുന്നത്. അതുകൊണ്ട് ചരിത്ര പുസ്തകങ്ങൾ, ഈ പശ്ചാത്തലത്തിൽ വർജ്ജ്യങ്ങളാണ്. ശാന്തിയും, നിർവേദവും ചരിത്രപഠനങ്ങളുടെ ലക്ഷ്യമേ അല്ല. (5.48 mts ). അവ ഇതിഹാസ വിരുദ്ധങ്ങളാകുന്നു.
ഇന്നുവരെ നിങ്ങളുടെ അനുഭവത്തിൽ ഏതെങ്കിലും മഹാന്റെ ചരിത്രമോ, ഏതെങ്കിലും മതത്തിന്റെ ചരിത്രമോ, ഏതെങ്കിലും ജാതിയുടെ ചരിത്രമോ, ആനന്ദവും ശാന്തിയും അത് വായിച്ചു തീരുമ്പോൾ കിട്ടുകയാണോ, അതല്ല ഒട്ടു വളരെ വിദ്വേഷം വളരുകയാണോ എന്ന് നോക്കിയിട്ട്, നിങ്ങൾ ചരിത്രത്തിലൂടെ എന്താണ് ലോകത്തിന് നല്കിയത് എന്ന് നല്ലപോലെ ചിന്തിച്ചിട്ട്, പറഞ്ഞത് ശരിയോ തെറ്റോ എന്ന് നിശ്ചയിയ്ക്കുക. (ആരോ ചോദിയ്ക്കുന്നു…. )
സന്തിന്റെ ചരിത്രം അല്ലെങ്കിൽ ആത്മകഥ
സജ്ജനങ്ങൾ, സ്വാമിജിമാർ, ആദ്ധ്യാത്മിക പുരുഷന്മാർ എന്നൊക്കെയാണോ ഉദ്ദേശിയ്ക്കുന്നെ. (ആരോ പറയുന്നു….) അല്ല…. എന്നൊക്കെയാണോ ഉദ്ദേശിയ്ക്കുന്നെ. ഉത്തമനായ ഒരു സന്ത്, അയാൾക്കുപോലും നിഗൂഢമായ ജീവിതത്തിന്റെ ചരിത്രം എഴുതാൻ പറ്റാത്ത നിലയിലായിരിയ്ക്കും. കാരണം സാധനകൾ എല്ലാം തന്നെ നിഗൂഢം. ഒന്ന് അവയ്ക്ക് സമാനത ഇല്ല. ആത്മദൃഷ്ടിയാ സമസ്തരും ഏകവും അദ്വയവുമായ ആത്മാവാണ്. അതുകൊണ്ട് ആത്മാവിന് ചരിത്രമില്ല. വാസനകളും അവിദ്യയുമാണ് ഞാനെന്ന ബോധവും, വ്യക്തിസ്വരൂപവും, ഗോപാലകൃഷ്ണൻ, ശങ്കരൻ എന്ന ഭാവങ്ങളും ഉണ്ടാക്കുന്നത്. അജ്ഞാനമായ ഗോപാലകൃഷ്ണൻ ഇല്ലാതാകാൻ അജ്ഞാനമായ ശങ്കരൻ ഇല്ലാതായ പദ്ധതി പോരാ. അവിടുത്തെ വാസനകൾക്ക് സമാനമല്ല ഗോപാലകൃഷ്ണൻ രൂപാന്തരപ്പെട്ട വാസന. അതുകൊണ്ട് വാസനാ നിർമ്മാർജ്ജനമാണ് ആദ്ധ്യാത്മികതയ്ക്കുള്ള പന്ഥാവ് എങ്കിൽ, വാസനാ നിർമ്മാർജ്ജനം പ്രതിവ്യക്തിഭിന്നമാണ്. സാമാജികമായ ഒരു ശാസ്ത്രം അതിനുണ്ടാകുമെന്നല്ലാതെ ചരിത്രപരമായി അതിനൊരു അംശം ഇല്ല.
വാസനാ നിർമ്മാർജ്ജനം
പ്രതിവ്യക്തിഭിന്നവും രഹസ്യവും ഗൂഢാർത്തബ്രിംഹിതവുമായ വാസനാ നിർമ്മാർജ്ജനത്തിന് സമാനതയും സാമാന്യവൽക്കരണവും ഇല്ല. അപ്പോൾ ഏത് സന്തിന്റെ ചരിത്രമാണ് നമുക്ക് പ്രയോജനപ്പെടുക. ചരിത്രം അദ്ദേഹം സ്വയം എഴുതാൻ ഇരിയ്ക്കുമ്പോൾ പോലും, അയാൾ മുമ്പ് അനുഭവിച്ചിരുന്ന ഒരു വാസനയെ നിർമ്മാർജ്ജനം ചെയ്ത് കഴിയുമ്പോൾ, അജ്ഞാനം പോയിക്കിട്ടുകയും ജ്ഞാനത്തിലേയ്ക്ക് വരുകയും ചെയ്യുമ്പോൾ ഏത് അജ്ഞാനത്തെ സ്മരിച്ചുകൊണ്ട് തന്റെ യാത്രയുടെ ചരിത്രം അയാളെഴുതും. അതുകൊണ്ട് പൂർവ്വന്മാരായ ആചാര്യന്മാർ വാസനാ ചരിത്രങ്ങൾ എഴുതിയില്ല. പേരു പോലും ഇല്ലാതാകുന്ന അവർ പേരെടുക്കാൻ ശ്രമിച്ചുമില്ല.
-സന്തിന്റെ ചരിത്രം അല്ലെങ്കിൽ ആത്മകഥ വീണ്ടും …
അജ്ഞാനത്തിൽ നിന്ന് വാസനയുടെ ചരിത്രം എഴുതിയാൽ, ഒരാൾ എങ്ങിനെ സന്ത് ആകും. ഭക്തി സർവ്വാഭീഷ്ടദായിനി ആകുന്ന അനുഭൂതിയാണ്. അവിടെയെത്തിയാൽ എല്ലാം മറന്നുപോകുന്നവൻ അവിടുരുന്ന് എങ്ങിനെ എഴുതും. അജ്ഞാനം തികഞ്ഞു നില്ക്കുകയും ഞാൻ ഘനീഭവിയ്ക്കുകയും ചെയ്യുമ്പോൾ, എന്നോടുള്ള സ്വാർത്ഥ പ്രിയത്തിന്റെ പേരിൽ, എല്ലാവരും എന്നെ ഉപാസിയ്ക്കുവാൻ പാകത്തിനുള്ള ഒരു ഉയർച്ചയിൽവച്ചു മാത്രമേ വ്യക്തിയ്ക്ക് ചരിത്രം എഴുതാൻ പറ്റൂ. ഗൂഢാർത്ഥബ്രിംഹിതങ്ങൾ ആയിരിയ്ക്കുന്ന അനുഭൂതികളിൽ ഒന്നുപോലും വൈഖരിയ്ക്ക് വശംവദം ആകുകയുമില്ല. (ബ്രിംഹിതത്തിന്റെ അർത്ഥം ആരോ ചോദിയ്ക്കുന്നു……) അതിനകത്ത് നിറഞ്ഞിരിയ്ക്കുന്ന. ഗൂഢാർത്ഥം നിറഞ്ഞ. ഗൂഢാർത്ഥം കൊണ്ട് പൂർണ്ണമായും നിറഞ്ഞിരിയ്ക്കുന്ന…… എങ്ങിനെ പ്രകടമാകും.
ആത്മകഥകളും ജീവചരിത്രവും മാനവന് അപകടം തന്നെ
ഭക്തിയുടെ സ്വരൂപാവസ്ഥിതിയിലേയ്ക്ക് വ്യക്തി എത്തുമ്പോൾ, അത് അനുഭൂതിയാണ്. ആ അനുഭൂതിയിൽ നില്ക്കുമ്പോൾ ഭക്തൻ പൂർണ്ണമായും ഭഗവാനിൽ ലയിച്ചിരിയ്ക്കുകയാൽ വേറിട്ടൊരു ഗോപാലകൃഷ്ണൻ ഇല്ല. അവിടിരുന്നുകൊണ്ട് എങ്ങിനെ ഗോപാലകൃഷ്ണൻ ഗോപാലകൃഷ്ണന്റെ ചരിത്രം എഴുതും. ഗോപാലകൃഷ്ണൻ കഷ്ടപ്പെട്ടതും, ഗോപാലകൃഷ്ണൻ അപ്പോൾ ചരിത്രം എഴുതാൻ ഒരുങ്ങുന്നു എങ്കിൽ, വ്യാസാദി മഹാപ്രഭുക്കന്മാരുടെ ഗ്രന്ഥങ്ങൾ വായിച്ചിട്ട്, അവ വ്യാസന്റെ ഒന്നും ചരിത്രം അല്ലാതിരിയ്ക്കെ, സാക്ഷീരൂപേണ കണ്ട കൃഷ്ണാദികളുടെ ചരിത്രം, വ്യാസാദികൾ എഴുതിവച്ചത് വായിച്ചിട്ട്, അതിനോട് സാമ്യമുള്ള ഒരു ജീവതമാണ് ഞാൻ നയിച്ചതെന്നും, അത് ഞാൻ വായിച്ചിട്ടില്ലെന്നും വരുത്തുമാറ്, കൃത്യമായ അജ്ഞാനത്തിൽ ഇരുന്ന് അത് കോപ്പിയടിച്ച്, അതിലെ വാക്കുകൾ മാറ്റി, കൃഷ്ണൻ എന്നിടത്ത് ഒക്കെ ഗോപാലകൃഷ്ണൻ എന്ന് ചേർത്ത് ഒരു ചരിത്രം എഴുതുമ്പോൾ ഇടയ്ക്കിടയ്ക്ക് ഒളിമിന്നുന്നതുപോലെ, ഗോപാലകൃഷ്ണനെ പിഢിപ്പിച്ചവരുടെയും മതങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും കാര്യം കൂടി ചേർത്ത്, നാടകീയമായി രചിയ്ക്കുന്ന ആധുനിക ചരിത്രങ്ങളും, ജീവിചരിത്രങ്ങളും, ആത്മകഥകളും മാനവന് അപകടകാരികൾ ആണെന്നു തന്നെയാണ് ഞാൻ പറഞ്ഞത്.
വ്യക്തിയുടെ അഹന്തയുടെ ചരിത്രം
ഇത്രയധികം വർഗ്ഗങ്ങളായി മനുഷ്യനെ തിരിയ്ക്കാനും, ഇത്രയധികം സംഘടനകൾ ഉണ്ടാകാനും, ഇത്രയധികം പോര് നടത്താനും ഇടയാക്കിയത് ഇവർ ചരിത്രമെഴുതാൻ തുടങ്ങിയതിന് ശേഷം മാത്രമാണ്. മാനവനെ മാനവൻ അല്ലാതാക്കുന്ന ഈ ചരിത്രങ്ങളുടെ പീഠഭൂമിയിൽ നിന്ന് മാറേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. വ്യക്തിയുടെ അഹന്തയുടെ ചരിത്രമാണ്, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രങ്ങൾ മുഴുവൻ.
പൂർവ്വകാലീനമായ പൂർവ്വന്മാരുടെ കോശങ്ങളും കൊണ്ട് ജനിയ്ക്കുന്നവന് പൂർവ്വകാലം അറിയാൻ അതിന്റെ തുടർച്ചയാണെന്നുള്ളതുകൊണ്ട് സത്യസന്ധമായ ഒരു പൂർവ്വകാലം ആലേഖനം ചെയ്തതാണ് അച്ഛന്റേയും അപ്പൂപ്പന്റെയും കാഴ്ചകളും കേൾവികളും അനുഭവങ്ങളും കുറിച്ചുവച്ച കോശങ്ങളുമായി സഞ്ചരിയ്ക്കുമ്പോൾ, ആ ഓലയിൽ തലയിലെഴുത്തു പോലെ എഴുതിയത് വായിയ്ക്കാൻ ശ്രമിയ്ക്കാതെ, ആരൊക്കെയോ കെട്ടിച്ചമച്ചത് എഴുതിയത് വായിച്ച് എങ്ങിനെ പൂർവ്വകാലം അറിയും. കാരണം ഗോപാലകൃഷ്ണനിൽ അച്ഛന്റെയും അമ്മയുടെയും അപ്പൂപ്പന്റെയും പൂർവ്വകാലീനമായ മഹാത്മാക്കളുടെയും എല്ലാം ചരിത്രം ആ കോശത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ആത്മനിഷ്ഠരാവുക. അന്തർമുഖരാവുക…..ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ. അനുഭൂതി സമ്പന്നരാകുക. ഞാൻ പറഞ്ഞത് ഒക്കെ തീർത്താണ് പറഞ്ഞെ.
ഈ ലോകത്തിൽ എന്തെല്ലാം ഞാൻ ഇപ്പോൾ കാണുന്നുവോ, ഞാനിപ്പോൾ കേൾക്കുന്നുവോ, ഞാനിപ്പോൾ അറിയുന്നുവോ അവയെല്ലാം എന്റെ കോശ-കോശാന്തരങ്ങളിൽ രൂപാന്തരപ്പെട്ട് ഭാവഗാംഭീര്യമായി രൂപാന്തരപ്പെടുന്നുണ്ട്. എന്നു പറഞ്ഞാൽ ഒരു കാര്യത്തോട് എനിയ്ക്ക് കോപമുണ്ടാകുമ്പോൾ, എന്റെ കോശങ്ങളിൽ അത്രയേറെ സംഭ്രമങ്ങൾ സംഭവിയ്ക്കുന്നുണ്ട്. ഒന്നിൽ ആനന്ദമുണ്ടാകുമ്പോൾ അതെന്റെ കോശത്തിനു കൈമാറുകയും അനുഭവം ആകുകയും ചെയ്യുന്നുണ്ട്. (14.22 mts / 35.32 mts) അവ നാളെ ഞാന് മരിച്ചു വീണുകഴിഞ്ഞ് ഒരു പട്ടിതിന്നുമ്പോൾ ആ അറിവ് മുഴുവൻ ഒരു പട്ടിയുടെ കോശങ്ങളിൽ വരെ കേറിച്ചെല്ലുന്നുണ്ട്. അതൊരു സസ്യമായി രൂപാന്തരപ്പടുമ്പോൾ ആ സസ്യജാലങ്ങളിലേയ്ക്ക് അത് സംക്രമിയ്ക്കുന്നുണ്ട്. ഇങ്ങിനെ നിരന്തരമായി എഴുതിയ ഒരു ചരിത്ര ഗ്രന്ഥമുണ്ട്. അവസാനിയ്ക്കാതെ എഴുതിയ ഒരു ചരിത്ര ഗ്രന്ഥം. ആത്മാനുഭൂതിയുടെ തലങ്ങളിലേയ്ക്ക് എത്തുന്നതിനു മുമ്പ് നിങ്ങളുടെ കോശങ്ങളെ അഴിച്ചേ എത്താൻ പറ്റൂ.
ഗാന്ധിജിയുടെ ആത്മകഥയെ വിമർശിയ്ക്കുന്നു
നിങ്ങളുടെ സ്ഥൂലശരീരത്തേയും, നിങ്ങളുടെ സൂക്ഷ്മശരീരത്തേയും, നിങ്ങളുടെ കാരണശരീരത്തേയും പൃഥക്കരിയ്ക്കുന്നതുവരെ നിങ്ങൾ അറിയുന്നത് അത്രയും വിശ്വചരിത്രമാണ്. (ആരോ ചോദിയ്ക്കുന്നു….. ഗാന്ധിജിയെക്കുറിച്ചാണെന്ന് തോന്നുന്നു…) അത് അദ്ദേഹത്തിന്റെ കോശാന്തരങ്ങളിൽ ഉണ്ടാക്കിയ വൈകാരികതകളാണ് നമ്മള് വായിച്ചെടുക്കാൻ ശ്രമിയ്ക്കുന്നത്. (ആരോ ചോദിയ്ക്കുന്നു…..) തീർച്ചയായും ഉണ്ട്. ആ പൂർവ്വചരിത്രം എല്ലാം പരീക്ഷിത്തിനെ കൂട്ടിക്കൊണ്ടു പോയത്, മൃത്യു മുഖാമുഖം വരുമ്പോഴ് ജീവിയ്ക്കുവാനുള്ള അഭിനിവേശത്തിൽ നിന്ന്, മരണം എനിയ്ക്കല്ല, എന്റെ ശരീരത്തിന് മാത്രമാണെന്ന് ബോദ്ധ്യപ്പെട്ട്, നിർവേദത്തിലേയ്ക്കാണ് ആ ചരിത്രം കൂട്ടിക്കൊണ്ട് പോകുന്നത്. ആ ചരിത്രം ജീവന്റെ ചരിത്രമാണ്. ജാഗ്രദ്-സ്വപ്ന-സുഷുപ്തികളുടെ ചരിത്രമാണ്. (16.00 mts)
ജാഗ്രദ്-സ്വപ്ന-സുഷുപ്തികളുടെ ചരിത്രം യാഥാർത്ഥ ചരിത്രം
മറിച്ച് നിങ്ങൾ വായിയ്ക്കുന്ന ചരിത്രങ്ങൾ ജാഗ്രദ്-സ്വപ്ന-സുഷുപ്തികളുടെ ചരിത്രമല്ല. വ്യക്തികളുടെയും കാലഘട്ടത്തിന്റെയും എതിർപ്പുകളുടെയും ഭിന്നതകളുടെയും ചരിത്രമാണ്. അത് വായിച്ച് നിങ്ങൾ അതിൽ മുഴുകി കഴിയുമ്പോഴേയ്ക്ക് അവരോട് എതിർത്തവരോട് നിങ്ങൾക്ക് എതിർപ്പോ, അവരോട് നിങ്ങൾക്ക് എതിർപ്പോ തോന്നുന്ന വിധം പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകൾ ആയി തീരുവാൻ മാത്രമേ മാനവനെ സഹായിയ്ക്കുന്നുള്ളൂ. ചരിത്രാദ്ധ്യാപകർ പഠിപ്പിയ്ക്കുമ്പോൾ ആവേശ പൂർവ്വം ഒരു കാലഘട്ടത്തിന്റെ ചരിത്രം പഠിപ്പിച്ച് കഴിയുമ്പോഴേയ്ക്ക് അത് തെറ്റാണ് ശരിയാണ് എന്നുള്ള അംശങ്ങളിൽ വിദ്യാർത്ഥിസമൂഹത്തിൽ ഉണ്ടാകുന്ന മാനം, അടുത്തിരിയ്ക്കുന്നവനെ താൻ ഏതാണോ കേട്ടത് അതിൽ ദുരുപദിഷ്ടമായി ഉപദ്രവങ്ങൾ ഉണ്ടാക്കിയവന്റെ പ്രതിനിധിയായി കാണുവാനും അവനോട് എതിർപ്പ് തോന്നുവാനും സഹായിയ്ക്കുും വിധമാണോ ചരിത്രഗ്രന്ഥങ്ങൾ. (17.09 mts)
-ആധുനിക നോവലുകളും കഥകളും ഉണ്ടാക്കുന്ന തെറ്റിദ്ധാരണകൾ
വ്യക്തി എന്ന നിലയില് ഞാൻ ഒരു സ്ഥലത്തേയ്ക്ക് എത്തി, ഒരു വീട്ടിൽ കേറിച്ചെന്നു, ഒരു നാട്ടിൽ എത്തി ചേരുമ്പോൾ എന്റെ മുഖത്തും,എന്റെ സ്വഭാവത്തിലും, എന്റെ പെരുമാറ്റത്തിലും പ്രകടമാകുന്ന ഭാവങ്ങൾ, എന്റെ രൂപം, എന്റെ ധാർഷ്ട്യം, എന്റെ ശബ്ദം, എന്റെ ചലനം ഇവ മറ്റൊരു വ്യക്തിയിൽ ഇഷ്ടപ്പെടാഴിക ഉണ്ടാക്കി കഴിഞ്ഞാൽ, ഞാൻ നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങൾക്കെന്റെ ശബ്ദം ഇഷ്ടപ്പെട്ടില്ല, നിങ്ങൾക്കെന്നെ കണ്ടതും ഇഷ്ടപ്പെട്ടില്ല. നിങ്ങളുടെ പുർവ്വ വാസനകളിൽ നിന്ന് എന്റെ രൂപമുള്ള ഒരുവൻ ഉണർന്നുവന്നു. എന്നെ ഇഷ്ടപ്പെട്ടില്ല. ഇറങ്ങെടാ പുറത്തെന്ന് പറഞ്ഞു. ഒരു കാരണവുമില്ല. ഓടി വന്ന് ഇറങ്ങെടാ പുറത്തെന്ന് പറഞ്ഞു. ദുഃഖിതനായി ഞാൻ ഇറങ്ങി.
മഹാഭാരത ചരിത്രം : വ്യാസോദ്ദേശം
എന്റെ ദുഃഖത്തിന് സാർവ്വലൗകികത നല്കിക്കൊണ്ട്, നിങ്ങളുടെ ജാതിക്കെതിരായി, നിങ്ങൾ വളരുന്ന ദേശത്തിന് എതിരായി, കേരളത്തിലാണ് ഞാൻ നിന്ദിയ്ക്കപ്പെട്ടതെങ്കിൽ കേരളത്തിന് എതിരായി, വടക്കൻ കേരളത്തിലാണ് ഞാൻ നിന്ദിയ്ക്കപ്പെട്ടതെങ്കിൽ ആ നിന്ദ വടക്കൻ കേരളത്തിന് എതിരായി, തെക്കൻ കേരളത്തിലാണെങ്കിൽ തെക്കൻ കേരളത്തിന് എതിരായി, കർണ്ണാടകത്തിൽ ആണെങ്കിൽ കർണ്ണാടകത്തിന് എതിരായി, അപ്പോൾ ദേശത്തിന് എതിരായി. എന്നെ ഇറക്കിവിട്ട നിങ്ങൾ പ്രതിനിധീകരിയ്ക്കുന്നത് ഒരു മതത്തെ ആണെങ്കിൽ ആ മതത്തിന് എതിരായി, നിങ്ങൾ ആ മതത്തിന്റെ അത്ര തീവ്രമായ നേതാവോ ആ മതത്തിന്റെ സത്യങ്ങള് ഉൾക്കൊള്ളുന്ന ഒരു ഉത്തമ അനുയായിയോ, ഒന്നുമല്ലെങ്കിലും നിങ്ങളുടെ പേരിനു പിന്നിൽ ഒരു മതം ഉണ്ടെങ്കിൽ ആ മതം മുഴുവനായി, എന്റെ എതിർപ്പിനു കാരണം ആവുകയും ഞാൻ അനുഭവിച്ച ആ സമയത്തെ വേദനയ്ക്ക് സാർവ്വ ലൗകിക മാനം നല്കി, എന്റെ ചരിത്രാംശത്തിൽ ആ വേദനയെ കുതിർത്ത് എഴുതിവയ്ക്കുകയും ചെയ്യുമ്പോൾ, അത് വായിയ്ക്കുന്ന എന്നോട് അനുഭാവം ഉള്ളവനിൽ മുഴുവൻ, ആ മതത്തിന് എതിരെ, ആ ദേശത്തിന് എതിരെ, ആ ജാതിക്കെതിരെ, ആ വർണ്ണത്തിന് എതിരെ, ആ രാഷ്ട്രീയത്തിന് എതിരെ ആയുധം എടുക്കുവാൻ പ്രേരിപ്പിയ്ക്കും വിധം, സാർവ്വലൗകികമായ സ്നേഹവും വിശ്വാസവും നഷ്ടപ്പെടുത്തുവാൻ മാത്രം ഉപയോഗിയ്ക്കുന്നവയാണ് എല്ലാ ചരിത്രങ്ങളും. വ്യാസൻ ഇതിഹാസം കൊണ്ടു സമർത്ഥിച്ചതും ഇതാണ്.

വ്യക്തികൾ എന്ന നിലയിൽ പാണ്ഡവന്മാർ അനുഭവിച്ച വേദനകളും യാതനകളും, കൗരവന്മാർ കാട്ടിക്കൂട്ടിയതും വ്യക്തിപരമായ ഒരു അനുഭവത്തിന്റെ സീമയിൽ ഒതുങ്ങി നിന്നുകൊണ്ട് അനുഭവിച്ച് തീർത്ത്, തങ്ങളുടെ കോശങ്ങളെ ശുദ്ധീകരിച്ച് ആത്മമോക്ഷത്തിന്റെ അതുല്യ ഭൂമികയിലേയ്ക്ക് ഉയരേണ്ടതിനു പകരം, തന്റെ വ്യക്തി അനുഭവങ്ങളെ കുടുംബതലങ്ങളിൽ നിന്ന് വളർത്തി സാമാജിക തലത്തിലേയ്ക്ക് കൊണ്ടുവന്ന് ക്ഷത്രിയ സമൂഹത്തെ മുഴുവൻ രണ്ടായി പിരിച്ച്, പതിനൊന്നും ഏഴും പതിനെട്ട് അക്ഷൗഹിണികൾ ആക്കി ഒരു യുദ്ധക്കളത്തിൽ വച്ച് തീരുമാനം എടുക്കുവാൻ പോയി സർവ്വസംഹാരകമായ ഒരു നാടകം ആടിയത് കാണിച്ച് മാനവനോട് വ്യാസൻ പറയുന്നത്, നിങ്ങളുടെ ചരിത്ര രചനകൾ ഈ ഇതിഹാസത്തിന്റെ തുടർച്ച മാത്രമാകുന്നു എന്നാണ്.
വേദനയുടെയും യാതനയുടെയും ബോദ്ധ്യപ്പെടുത്തലുകൾ
നിങ്ങളുടെ വേദനയും യാതനയും അല്ലാതെ എന്താണ് നിങ്ങൾക്ക് ലോകരെ ബോദ്ധ്യപ്പെടുത്താനുള്ളത്. നിങ്ങൾ അനുഭവിച്ച ആനന്ദം അനുഭവിയ്ക്കുന്നതോടുകൂടി നിർവേദത്തിൽ എത്തുകയാൽ, വിസ്മൃതിയിൽ എത്തുകല്ലേ ചെയ്യുന്നത്. ചരിത്രാംശത്തിൽ വേദനയും യാതനയും അല്ലാതെ, ആനന്ദവും നിർവേദവും എവിടെയാണ് എഴുതാൻ ഇടമുള്ളത്.

മനസ്സുകളെ കലുഷിതമാക്കുന്ന ആഖ്യാനങ്ങൾ
ഒരു ദിവസം നിങ്ങൾ എത്ര മനസ്സുകളെ കലുഷിതമാക്കുകയും, എത്ര മനസ്സുകളെ ജാതിക്കെതിരായി, വർഗ്ഗത്തിന് എതിരായി, വർണ്ണത്തിന് എതിരായി, സ്വന്തം കുടുംബത്തിന് എതിരായി, കുടുംബത്തിനകത്ത് പരസ്പരം എതിരായി, നിങ്ങളുടെ വേദനയ്ക്ക് സാർവ്വലൗകിക മാനം നല്കി, നിങ്ങൾ അവതരിപ്പിച്ചിട്ടാണ് ശാന്തിയെക്കുറിച്ച് ചിന്തിയ്ക്കുന്നതെന്ന് ആദ്യം ആലോചിയ്ക്കുക. അവയാകട്ടെ ഒരു നിമിഷം കൊണ്ട് സംഭവിയ്ക്കുന്നതാണ്.

അച്ഛൻ ഒന്ന് തല്ലി. അമ്മ ഒന്ന് ചീത്ത വിളിച്ചു. കുറെ നേരം കരഞ്ഞു. സമാധാനിപ്പിയ്ക്കാൻ വരുന്ന സഹോദരനോട് നിങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. നിങ്ങൾ ആ കുടുംബത്തിന്റെ സ്വസ്ഥത കളയുമാറ് നിങ്ങൾ പരദൂഷണം മറ്റുള്ളവരോട് പറഞ്ഞു. നിങ്ങൾ നശിപ്പിച്ച ആ കോശങ്ങളിൽ ഏതിനെയെങ്കിലും ഇനി നിങ്ങൾ ഏതെങ്കിലും ഒരു വേദാന്തം പറഞ്ഞ് തിരിച്ച് കൊണ്ടുവരാനാകുമോ. (ending of this word not clear. 22.10 mts) സാധാരണന്മാരുടെ ഇടയില് പോലും നടക്കുന്നത് ഇതാണെങ്കിൽ എഴുതിവച്ച രേഖകളായ ചരിത്രങ്ങൾ എത്ര നൂറ്റാണ്ടുകളിലേയ്ക്ക് മനുഷ്യനെ നശിപ്പിയ്ക്കും.
നിങ്ങള് വാ പൊളിച്ചാൽ, മറ്റൊരാളോട് സംഭാഷണം ചെയ്താൽ, നിങ്ങൾ എവിടെയാണ് നിങ്ങളുടെ ചമൽക്കാരവും, നിങ്ങളുടെ ആനന്ദവും പങ്കുവച്ച് സംസാരിയ്ക്കുക. തിന്നതും കുടിച്ചതും എല്ലാം ദഹിച്ച് മലമായി തീർന്ന്, ആ മലമെല്ലാം ഉണരുന്നതിനു മുമ്പ്, മറ്റുള്ളവർ ഉണരുന്നതിനു മുമ്പ്, അവരുടെ വീട്ടുപടിയ്ക്കൽ തൂറിവച്ച്, നാറ്റം സഹിപ്പിയ്ക്കുന്നതിനെക്കാൾ കഷ്ടം അല്ലേ, ഉണർന്നിരുന്ന് ഈ മലമെല്ലാം മുഖത്ത് തേച്ചുവിടുന്നതു പോലെ നാമുപയോഗിയ്ക്കുന്ന ഭാഷയും വ്യാകരണവും എല്ലാം. ആ പാപത്തിൽ നിന്ന് മോചനം നേടാൻ ഏത് ഗംഗയിൽ കുളിച്ചാൽ പറ്റും. (ആരോ ചോദിയ്ക്കുന്നു…)
ഞാൻ രാഷ്ട്രീയ ചരിത്രം എന്നൊന്നും പറയാതെ ഞാനും നിങ്ങളും മറ്റുള്ളവരോട് സംസാരിയ്ക്കുന്നത് മാത്രമാ ഇപ്പം പറഞ്ഞത്. ഞാൻ എന്റെ അടുത്തിരിയ്ക്കുന്നവനോട് സംസാരിയ്ക്കുമ്പോൾ എല്ലാം, പരദൂഷണവും കുശുമ്പും കുന്നായ്മയുമായി അവന്റെ കോശങ്ങളിൽ അവന് ഇതുവരെ അനുഭവമില്ലാത്ത മറ്റൊരുത്തനെക്കുറിച്ചുള്ള അറിവ് പതുക്കെ കടത്തിവിട്ട് മറ്റവൻ പ്രതിനിധാനം ചെയ്യുന്ന ജാതിയ്ക്കും മതത്തിനും വർഗ്ഗത്തിനും എതിരായി കടത്തിവിടുന്ന വിദ്വേഷം ആ കോശങ്ങളിൽ എല്ലാം ആളിപ്പടർന്ന് ആ ദൃഷ്ടികോണത്തിലൂടെ ലോകത്തെ നോക്കുവാനും പഠിയ്ക്കുവാനും കാരണമായി തീർന്ന് നീങ്ങുമ്പോൾ, ഞാൻ ഏത് സംജ്ഞ കൊണ്ട് ഇനി ആ കോശത്തെ ശുദ്ധീകരിച്ച് പുറത്തെടുക്കും. (24.18 mts) അവയാകട്ടെ അല്പാല്പ നേരങ്ങളിലൂടെ പടരുന്ന ചരിത്രത്തിന്റെ ഗതിയാണ്.
ഇവിടെ വന്നു. നിങ്ങളീ പരിപാടി കണ്ടു. ഉദാഹരണം കുറച്ചുകൂടി കട്ടിയിലാക്കാം. ഇതില് കൂടിയിരുന്നു. നിങ്ങള് അവിടെ മാറിനിന്നു മാന്യനായി. നിങ്ങളെ വിളിച്ചുകൊണ്ടു പോയി ഭക്ഷണം തരാൻ ശ്രമിച്ചു, വിളിച്ചപ്പം നിങ്ങള് ഒന്നുകൂടി നിർബന്ധിയ്ക്കാൻ വേണ്ടി മാറി നിന്നു. പിന്നെ ആരും വിളിച്ചില്ല. എല്ലാവരും ഭക്ഷണം കഴിഞ്ഞ് നിങ്ങള് പോയി ഒറ്റയ്ക്കൊരു പാത്രമെടുത്ത് കഴിച്ചു. കഴിച്ചു കഴിഞ്ഞ് നിങ്ങള് തിരുവനന്തപുരത്തു നിന്ന് വന്നതാണ്. നിങ്ങള് ചെന്നിട്ട് പറയുകയാണ് …ഹൊ … കാലന്മാര് … ആ സ്വാമിയുടെ പരിപാടി നടക്കുന്നിടത്ത് ഞാൻ ഒന്നു പോയി. ഒരു വിവരമുള്ളവനല്ല ഈ വടക്കന്മാര്. നിങ്ങളുടെ ഒരു വ്യക്തി അനുഭവത്തെ ആ നാട്ടിൽ ഈ രീതിയിൽ നിങ്ങൾ അവതരിപ്പിച്ചാൽ, ആ നാട്ടുകാർ അവന്റെ മകളെ നാളെ കല്യാണം കഴിച്ച് വടക്കൂന്ന് ഒരുത്തൻ വന്നാൽ പോലും ഇത് തലയിൽ വച്ചു കൊണ്ട് അല്ലെങ്കിലും നിങ്ങള് വടക്കന്മാര് നേരെ അല്ലാന്ന് പറഞ്ഞാൽ, ആ കുടുംബവഴക്കിന് നിങ്ങൾ ഇട്ട ഈ ഒരു പരിപാടിയ്ക്ക് വന്നിട്ട് ഇട്ട വിത്തുപോലും ഇത്രയും ഗംഭീരമാകുമെങ്കിൽ എഴുതിവച്ച മാനവ ചരിത്രം മായാതെ ഗ്രന്ഥരൂപത്തിൽ ഇരിയ്ക്കുമ്പോൾ ഈ നാടിനെ നടുക്കാൻ എത്ര വലുതാ ….. (last word not clear) (25.43 mts) ….. നിങ്ങളെക്കൊണ്ട് അതിന് ഉപകാരമാവണ്ട.(word not clear) കാരണം നിങ്ങളുടെ വ്യക്തി അനുഭവമാണത്. ( ആരോ ചോദിയ്ക്കുന്നു…മഹാപുരുഷന്മാരുടെ അനുഭവം വായിയ്ക്കുന്നത് ….)
ഗാന്ധിജിയുടെ ആത്മകഥ
എല്ലാ മഹാപുരുഷന്മാരുടെയും ചരിത്രം എടുത്ത് വായിച്ചാൽ, ചരിത്രത്തിന്റെ ഇടനാഴിയിൽ മുഴുവൻ, ഇത്തരം കുറെ വേദനയാ ഉള്ളത്. (ആരോ ചോദിയ്ക്കുന്നു…..ഗാന്ധിജിയുടെ ഒക്കെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ….) എന്നെ… എന്നെ വിഷമത്തിലാക്കരുത്…. അല്ല എന്നെ വിഷമത്തിൽ ആക്കരുത്….. അല്ല എന്നെ വിഷമത്തിൽ ആക്കരുത് ….(ആളുകൾ ചോദിയ്ക്കുന്നു….)… നിങ്ങള് individual-ന്റെ പേര് ചോദിച്ചു കഴിഞ്ഞാൽ പിന്നെ എനിയ്ക്കു നിശ്ശബ്ദതയ്ക്കെ വഴിയുള്ളൂ. കാരണം അതൊക്കെ വളർന്ന് പന്തലിച്ചു നില്ക്കുന്ന മഹാവൃക്ഷങ്ങളാണ്. അതില് ….പേര് പറഞ്ഞുപോയി… അങ്ങിനെ ആ മഹാവൃക്ഷങ്ങളിൽ എവിടെ ഒരു കത്തി കൊണ്ടാലും അത് ഒട്ടേറെ പേരുടെ ദേഹത്ത് കൊള്ളും. വേണ്ട… പൊതുവായൊക്കെ നമുക്ക് പറയാം …പഠിയ്ക്കാം…. ചോദ്യം ചോദിച്ചത്… ….ചോദ്യം എനിയ്ക്ക് നന്നായി മനസ്സിലായി ….. അതിൽ നിങ്ങൾ പേര് ചേർത്തിടത്തോളം എനിയ്ക്ക് ഉത്തരമില്ല. അതിന് ഞാൻ ഉത്തരം പറഞ്ഞാൽ….ഞാൻ ആദ്യം പറഞ്ഞതിന് വിപരീതമാണ് ഞാൻ പറയുന്നത്. അതുകൊണ്ട് എന്നെ പരീക്ഷിയ്ക്കാൻ നിങ്ങൾ കൊണ്ടുവന്ന അവസാനത്തെ ആയുധമാണ്. ഞാനിപ്പോൾ പറഞ്ഞു കഴിഞ്ഞ ഒരു കാര്യത്തിന്, ഞാൻ തന്നെ ചരിത്രത്തിലേയ്ക്ക് ഒരു സംഭാവന നല്കാൻ നിങ്ങള് ഇട്ടു തന്ന ഒരു ഇരയാണ്. ഞാനത് തല്ക്കാലം കൊത്തുന്നില്ല. (ആരോ ചോദിയ്ക്കുന്നു….സ്വാമിജി അതിന്റെ opposite-ന് തീരെ സാദ്ധ്യതയില്ലാന്നാണോ….) ഉണ്ടോ എന്നൊന്ന് ആലോചിച്ചിട്ട് ഒരു ചരിത്ര അദ്ധ്യാപകൻ പറഞ്ഞാൽ മതി. (ചിരിയ്ക്കുന്നു….) ..
അല്ലാ അദ്ദേഹം…. അദ്ദേഹം ചോദിച്ചത് മാനവ ജീവിതത്തില് നമ്മളീ പറഞ്ഞ പോലെ ചരിത്രത്തിൽ നിന്ന് ഈ വിദ്വേഷമേ പടരുകയുള്ളോ ശാന്തി പടരില്ലേ എന്നാണാ ചോദ്യം. പടരില്ലാന്നാണ്…. വാസനകൾ കത്തിക്കാളി നില്ക്കുമ്പോൾ, എന്റെ ആരാധ്യനായ വ്യക്തി അനുഭവിച്ച വേദനകൾക്കു മുഴുവൻ പ്രതികാരം ചെയ്ത് തീർക്കുവാൻ എന്നെ ക്ഷണിയ്ക്കുന്നു എന്നാണത് ആരാധനയോടെ വായിയ്ക്കുമ്പോൾ തോന്നുക.(28.02 mts) (ആരോ ചോദിയ്ക്കുന്നു….കാലക്രമേണ ഈ എഴുതിയവർക്ക് തന്നെ പരിണാമം ഉണ്ടാകാറില്ലേ…. ) അവർക്ക്…..അവർക്ക് പരിണാമം ഉണ്ടാകുമ്പോഴേയ്ക്ക് ഇവിടെ ജനജീവിതം ഒരു പരുവത്തിൽ എത്തിയിരിയ്ക്കും. ഞാൻ ഒരു പ്രസ്ഥാനത്തിൽ നിന്ന് അൻപത് പേരെയും കൂട്ടിക്കൊണ്ടു പോയി, പുറത്തെത്തി അവിടെ കിടന്ന് പ്രസ്ഥാനത്തെ അടിച്ചിട്ട്, ഞാൻ മനം മാറി തിരിച്ചു വന്നാലും അവൻ വഴിയാധാരമാ. അപ്പോൾ ചരിത്രത്തിന് ഈ ഗതീയതയുണ്ട്. (ആരോ ചോദിയ്ക്കുന്നു….. വിശ്വഭാവന …വ്യാസനെപ്പോലെയാവില്ലേ…. )
ഇതിഹാസ നിർവചനം
വിശ്വഭാവന നിർവേദത്തിലെത്തണം. എന്നിട്ട് അതിൽ നിന്ന് ഉത്ഥാനം ചെയ്ത് എഴുതണം. അത് അത്ര… അത്ര എളുപ്പമല്ല. സാദ്ധ്യമാണ്… അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ഇതിഹാസം എന്ന പദം ഞാൻ ആദ്യം നിർവചിച്ചത്. First ഞാൻ ഇതിഹാസത്തെയാണ് തുടക്കത്തിൽ നിർവചിച്ചത്. ഇതി ഹാ ആസൻ. അത് നിർവചിച്ചിട്ടാണ് ഞാൻ ഈ പണി തുടങ്ങിയത്. ഇങ്ങിനെ നടന്നിരുന്നു. അവിടെ പുരുഷാർത്ഥങ്ങൾക്കു വേണ്ടിയാണ് അവർ രചിച്ചത് എന്ന് പറയുകയും ചെയ്തിരുന്നു. ധർമ്മാർത്ഥ കാമ മോക്ഷാണാം … എന്ന് പറഞ്ഞാണ് നമ്മള് ഇത് തുടങ്ങിയത് … ഓർമ്മിയ്ക്കുന്നുണ്ടാവും…. അതുകൊണ്ട് ആ ഭാഗം വളരെ ക്ലിയറായി പറഞ്ഞു കഴിഞ്ഞാണ് നമ്മള് ഇങ്ങോട്ട് ചാടിയത്. അത് ശ്രമ സാദ്ധ്യമാണ്. അസാദ്ധ്യമല്ല. സാദ്ധ്യവും അല്ല. ശ്രമ സാദ്ധ്യമാണ്. കവിയശ്ശ പ്രാർത്ഥികൾക്ക് തികച്ചും അസാദ്ധ്യവുമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് കടക്കണ്ട ലോകമാ അത്.
-യോഗി
അപ്പോൾ വിഷയങ്ങളോടുള്ള നമ്മുടെ വീക്ഷണം, തടസ്ഥമായി ഇരിയ്ക്കുമ്പോൾ …. യോഗിയെപ്പോലെ … യോഗാവസ്ഥയിൽ വിഷയങ്ങൾ ഇല്ല..… അത് അദ്ധ്യാസവും അപവാദവും കൊണ്ട് അപഗ്രഥിച്ച് …. ഇല്ലാതാക്കിയവനാണ് യോഗി. അങ്ങിനെ തടസ്ഥലക്ഷണമായി വിഷയങ്ങളെ കാണുമ്പോൾ, യോഗി മുക്തനാകുമെങ്കിലും, നാം വിഷയങ്ങളെ തടസ്ഥമായി കാണുമ്പോൾ, നമ്മുടെ വീക്ഷണം തടസ്ഥമായി ഇരിയ്ക്കുമ്പോൾ, നമ്മൾ വിഷയങ്ങളിൽ നിന്നു മുക്തരാകുന്നില്ല. അത് അനുഭൂതിയായി വരാതെ, അത് വേണ്ട എന്നു തീരുമാനിയ്ക്കുമ്പോൾ എല്ലാം ശക്തമായ ആവേഗങ്ങൾ ഉണ്ടാവുകയാൽ….. രസം അനുഭവിച്ച് വിഷയ നിർമ്മാർജ്ജനം വ്യക്തിയ്ക്ക് സാദ്ധ്യമല്ല. കാരണം രസാനുഭൂതി ഉണ്ടാകുന്നില്ല.
വിഷയം ആവിർഭവിച്ചു കഴിഞ്ഞാൽ, രസാനുഭൂതി നുകർന്ന് അല്ലാതെ നിർവേദം സാധിയ്ക്കില്ല. ഇതാണ് ആഗമ തന്ത്രങ്ങളിൽ മുഖ്യം. ആവിർഭവിയ്ക്കാതിരിയ്ക്കുന്നത് ഉത്തമം. ആവിർഭവിച്ചു പോയാൽ, രസം നുകർന്ന് അല്ലാതെ അസ്തമിയ്ക്കില്ല. വളരെ വളരെ വളരെ അപകടം പിടിച്ച ഒന്നാണ് ഞാൻ പറഞ്ഞത്. രസം നുകരാൻ വിഷയാനുഭവത്തിന് ഒരുങ്ങുമ്പോൾ, കേട്ടതും മറ്റുള്ളവർ അനുഭവിച്ചതും ഒക്കെയായി തടസ്ഥലക്ഷണം വന്നുപോയാൽ രസാനുഭൂതി ഉണ്ടാവില്ല. ഒന്നാമത്തെ രസവിഘ്നത്തിനുള്ള വഴി ഇതുതന്നെയാണ്. ഇപ്പോൾ വേണ്ട …മറ്റുള്ളവർക്ക് എന്ത് തോന്നും……. ഞാനിങ്ങനെ ആകരുത് … എന്നൊക്കെ വിചാരിച്ചു കൊണ്ട് യോഗിയുടെ മാതിരി വിഷയങ്ങളെ സമീപിയ്ക്കുമ്പോൾ …… സമസ്ത ഭാവങ്ങളിലും കോപതാപാദികൾ അനുഭവിയ്ക്കാൻ പറ്റാത്തതിന്റെത് സുപ്തമായി പുണരുകയല്ലാതെ രസം അനുഭവിയ്ക്കില്ല. വിഷയങ്ങൾ അസ്തമിയ്ക്കുയും ഇല്ല. വിഷയ പരമ്പരകൾക്ക് വിത്തിടുകയും, വിഷയാനുഭവം ഇല്ലാതാവുകയും, രസം നുകരാതെ ഇരിയ്ക്കുകയും, ദുഃഖം മുതലായവ സംജാതം ആകുകയും ചെയ്യും. ഇവിടെ മറ്റുള്ളവർ ഇടപെടുക കൂടി ചെയ്യുന്നത് ഒട്ടേറ പ്രശ്നമാവും.
ഒരു ആഹാരം വിളമ്പി വച്ച് ഒരു കുട്ടി കഴിയ്ക്കുമ്പോൾ അതിന്റെ രസനീയത അവൻ തടസ്ഥമായി അനുഭവിയ്ക്കില്ല. പരാനുഭവത്തില് നിന്നുകൊണ്ട്, പരന്റേത് ഇത് അമ്മ വച്ചത്, ഭാര്യ ഉണ്ടാക്കിയത് എന്നുള്ള പര സങ്കല്പങ്ങളിൽ നിന്നുകൊണ്ട് രസം നുകരില്ല. സ്വാർത്ഥതയില് രസം നുകരില്ല. മൂന്ന് വിഘ്നങ്ങളുമുണ്ട്.
എന്റേതെന്നോ അപരന്റേതെന്നോ വിഷയത്തിന്റേതെന്നോ പറയാനാവാത്ത ഒരു ആത്മവിസ്മൃതിയിലാണ് ആനന്ദമഗ്നനായി അവൻ രസം നുകരുന്നത്. അത് നുകർന്നു കഴിഞ്ഞാൽ വിഷയം അസ്തമിയ്ക്കുകയും അവൻ മുക്തനാവുകയും ചെയ്യും. ആ രസം അനുഭവിയ്ക്കുമ്പോൾ തന്നെ അവൻ എല്ലാ വിഷയങ്ങളിൽ നിന്നും മുക്തനാണ്. ഇതാണ് തന്ത്രാഗമങ്ങളിൽ പ്രധാനം. അതുകൊണ്ടാണ് അവര് പെട്ടെന്ന് മനുഷ്യരായി വരുന്നത്. (ചിരിയ്ക്കുന്നു…..)
ഇത് എഴുതിവയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്താൽ ഇത് വായിച്ച് വഷളായി (34.37 mts) രസാനുഭൂതി നുകരുന്നതിന് വിഷയങ്ങളുടെ പിന്നാലെ ഓടി നോക്കും. പക്ഷെ അവിടെ ചെല്ലുമ്പോൾ ഒന്നുങ്കില് തടസ്ഥം, യോഗിയെപ്പോലെ. ഇല്ലെങ്കില് പരന്റെ അനുഭവം എന്ന രീതിയിൽ, ഇല്ലെങ്കിൽ സ്വാർത്ഥ പരായണനായി …… ഇതിൽ മൂന്നിലും ഈ അനുഭവം ഇല്ല…. സംസ്കാരവും മതവും ആവിർഭവിയ്ക്കുന്ന മാനബിന്ദുക്കൾ ഇവയാണ്. ഞാൻ അനുഭവിയ്ക്കുന്നു എന്നൊരു വിഷയത്തെ വിചാരിച്ചാൽ പിന്നതിന്റെ രസം ഇല്ല. (35.21 mts / 35.32, end of clip 14, രസാനുഭൂതി നുകരാതെ വിഷയം വിട്ടു പോകില്ല……)
തുടരും…….
More articles and discourses are available at nairnetwork.in
Intro for social media
ചരിത്രരചയിതാവിന്റെ വാസനകളാണ് ചരിത്രരചനയിൽ നിഴലിയ്ക്കുന്നത്…..
ചരിത്രത്തെക്കുറിച്ചുള്ള ഭാരതീയ ചിന്ത സ്വാമിജി വിശദമാക്കുന്നു.
Autobiography and biography writings should be shunned. They are counterproductive since such writings reflect the vasana’s of the author …….
ആത്മകഥകളും ജീവചരിത്രവും മാനവന് അപകടം തന്നെ
മനുഷ്യൻ ഒരിക്കലും സ്വതന്ത്രനല്ല.
ചരിത്രകാരന്റെ ‘വാസനകളും’ അയാളുടെ രചനകളും….
ചരിത്രം = വ്യക്തിയുടെ അഹന്തയുടെ ചരിത്രം
ഒരുവന്റെ വാസനകളും അതിൽ നിന്ന് ഉൽഭൂതമാകുന്ന പെരുമാറ്റങ്ങളും പരിഗണിയ്ക്കാതെ, അത് കാരണമായി അവൻ അനുഭവിയ്ക്കേണ്ടി വരുന്ന വിവേചനങ്ങളും പീഢനങ്ങളും വിലയിരുത്താതെ, ഈ വ്യക്തിനിഷ്ഠമായ കാരണങ്ങൾ മൂലം അവന് ദുഃഖങ്ങൾ ഉണ്ടാവുകയും, ആ ദുഃഖത്തിന് സാർവ്വലൗകികത നല്കി അവതരിപ്പിയ്ക്കുന്നതുമാണ് ആധുനിക സാഹിത്യങ്ങളിൽ ഏറെയും ….ഒരു രസത്തിനായി അവ വായിയ്ക്കുന്നത് ജാഗ്രതയോടുകൂടിവേണമെന്ന മുന്നറിയിപ്പ് സ്വാമിജി നല്കുന്നു………
Historical works or books can never be objective since it is based on the author’s ‘vasanas’. They are quite unlike the Ithihasas, whose aim is ‘shanthi’….
Unique Visitors : 31,305
Total Page Views : 47,035
