പി. ശങ്കുണ്ണിമേനോൻ ഇംഗ്ലീഷിൽ എഴുതിയ മൂല ഗ്രന്ഥത്തിൽ (History of Travancore from the Earliest Times) പേജുകൾ 503 മുതൽ 511 വരെയാണ് ക്രിസ്ത്യൻ-ചാന്നാന്മാരും നായന്മാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച് വിശദീകരിച്ചിരിയ്ക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ മലയാള തർജ്ജമയിൽ (കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ചത്) ഈ വിവരങ്ങൾ 427 മുതൽ 434 വരെയുള്ള പേജുകളിൽ കാണുവാൻ കഴിയും. Dr C K Kareem എന്ന മുസ്ലീം സമുദായാംഗമായ തർജ്ജമാകാരൻ ഇംഗ്ലീഷിലുള്ള മൂലഗ്രന്ഥത്തോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. തർജ്ജമ വായിയ്ക്കുമ്പോൾ ഇക്കാര്യം മനസ്സിൽ കരുതുക. ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥത്തിലെ ഈ വിഷയത്തെ സംബന്ധിച്ച് ഉള്ളടക്കം അതേപടി കഴിഞ്ഞ ഭാഗത്തിൽ (ഭാഗം 2-ൽ) നല്കിയിട്ടുണ്ട്.
1806-ൽ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചതിനു ശേഷമാണ്, വസ്ത്രധാരണ അനുകരണത്തെച്ചൊല്ലിയുള്ള താഴെ വിവരിച്ചിരിയ്ക്കുന്ന വഴക്കുകൾ ഉടലെടുത്തതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തണലിൽ ക്രിസ്ത്യൻ മിഷനറിമാർ, അവർ മതംമാറ്റിയ ചാന്നാന്മാരുമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുമായി ചേർന്ന് നായർ സമുദായത്തെ പീഢിപ്പിച്ചു (persecute ചെയ്തു) എന്നതിന് വ്യക്തമായ തെളിവ് പി.ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിൽ കാണാം. നായർ സ്ത്രീകളുടെയും പുരുഷന്മാരുടെയും അന്തസ്സിനെയും അഭിമാനത്തെയും ചവുട്ടിമെതിയ്ക്കാൻ തുനിഞ്ഞപ്പോഴാണ് കുഴപ്പങ്ങൾ ഉടലെടുത്തത്.
ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനത്തിനായി ശാന്തവും ക്രിയാത്മകവുമായി പ്രവർത്തിച്ചിരുന്ന കേരളീയ/ ഭാരതീയ സമൂഹത്തെ കലുഷിതമാക്കി നശിപ്പിയ്ക്കുകയാണ് ചെയ്തത്. ഇത് എടുത്തു കാട്ടുന്ന വ്യക്തമായ തെളിവുകൂടിയാണ് ചാന്നാർ ലഹള.
കേരളത്തിന്റെ ഔദ്യോഗിക ചരിത്ര നിർമ്മിതി അക്കാദമിക തലത്തിൽ നടന്നുകൊണ്ടിരുന്നപ്പോൾ നായർ സമുദായാംഗങ്ങൾ കൈയ്യും കെട്ടി നോക്കിയിരുന്നു. നായർ സമുദായത്തിൽ നിന്നുള്ള ചരിത്രകാരന്മാർ, സ്വ സ്വത്വം വിസ്മരിച്ച്, ഈ വ്യാജചരിത്ര നിർമ്മിതിയെ പ്രതിരോധിച്ചുമില്ല. സമുദായത്തിന്റെ ദീർഘകാല താല്പര്യങ്ങൾക്ക് വിഘാതങ്ങൾ സൃഷ്ടിയ്ക്കുന്ന, നായർ സമുദായത്തെ സവർണ്ണരെന്നു മുദ്രകുത്തി വിദ്വേഷിയ്ക്കുന്ന വിധത്തിലാണ് കേരളത്തിന്റെ ഔദ്യോഗിക ചരിത്രം നിർമ്മിച്ചത് എന്ന് ബോധവാന്മാരാകുവാൻ ഇന്നും സമുദായാംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

Quote പി ശങ്കുണ്ണിമേനോൻ : “ഗവർണ്ണർ മടങ്ങിയയുടനെതന്നെ ഡെപ്യൂട്ടി പേഷ്കാർ ശങ്കുണ്ണി മേനോൻ (ഈ ഗ്രന്ഥത്തിന്റെ കർത്താവ് ) തന്റെ ഡിവിഷന്റെ ജോലിക്കു ഹാജരായി. തന്റെ അഭാവത്തിൽ ഹിന്ദുക്കളും മതപരിവർത്തനം ചെയ്ത ചാന്നാന്മാരും തമ്മിൽ വീണ്ടും ചില തെറ്റിദ്ധാരണകളുണ്ടായതായി കണ്ടു. ഇരുഭാഗങ്ങളും തമ്മിലുണ്ടായിരുന്ന ശത്രുത സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശ്രമഫലമായി കുറെക്കാലത്തേക്ക് അടങ്ങിയിരിക്കുകയായിരുന്നു. ശത്രുത വീണ്ടും തലപൊക്കിയെന്നു മാത്രമല്ല ഇപ്രാവശ്യത്തെ വഴക്ക് വളരെ ഗുരുതരവുമായിരുന്നു. പറഞ്ഞൊതുക്കാൻ പേഷ്കാർ നടത്തിയ ശ്രമം ദീർഘകാലത്തേക്കുള്ള സമാധാനത്തിന് വഴി തെളിയിച്ചില്ല.
സവർണ്ണ ഹിന്ദുസ്ത്രീകൾ ധരിക്കുന്ന ഉടുപ്പുകൾ ചാന്നാർസ്ത്രീകൾ ധരിക്കുവാൻ തുടങ്ങിയതിൽ നിന്നായിരുന്നു ഈ കുഴപ്പത്തിന്റെ ഉത്ഭവം. മതപരിവർത്തനം നടത്തപ്പെടുന്ന സമയം മുതൽ ഇവരിതാചരിച്ചു പോന്നു. ഗൗരവമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഈ വാസനയെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം മിഷണറി പ്രവർത്തകർ ഇവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സവർണ്ണ ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന വിധമാണ് പ്രവർത്തിച്ചിരുന്നത്. 1814-ൽത്തന്നെ ഇതു സംബന്ധമായ നിയമനിർമ്മാണങ്ങൾ നടത്തുവാൻ സർക്കാർ തുനിയുകയും, ഭാവിയിൽ ചാന്നാർ സ്ത്രീകളുടെ വേഷവിധാനം എന്തായിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എങ്കിലും പതിനഞ്ചു വർഷക്കാലം ഇരുകൂട്ടരും പലപ്പോഴായി സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ സർക്കാർ ഇടപെടൽ അനിവാര്യമായിത്തീർന്നു. കൊല്ലവർഷം 1022-ൽ (1847) നാടു നീങ്ങിയ മാഹാരാജാവിന്റെ (സ്വാതിതിരുനാൾ) ഭരണകാലാരംഭത്തിൽത്തന്നെ (1829-ൽ) ഇത് സംബന്ധമായ നിയമം ഉണ്ടായിരുന്നു. അതനുസരിച്ച് ചാന്നർ സ്ത്രീകൾക്ക് മാറു മറയ്ക്കാൻ അവകാശം നല്കിയിരുന്നെങ്കിലും മേൽ ജാതിക്കാരുടെ വേഷം അനുകരിക്കുന്നത് വിലക്കിയിരുന്നു.”
“എന്നാൽ മതപരിവർത്തനം നടത്തിയ ചാന്നാന്മാരുടെ ലക്ഷ്യം സവർണഹിന്ദുക്കളെ ധിക്കരിക്കുകയും, മതം മാറാത്ത മറ്റു് (ഹിന്ദുമതസ്ഥരായ) ചാന്നാന്മാരെ വിരോധിപ്പിക്കുകയും ആയിരുന്നു. (നിശ്ചയമായും ഇത് ദുരുദ്ദേശ്യപരമായിരുന്നു). മതം മാറിയവരെ മിഷനറിമാർ അങ്ങേയറ്റം സഹായിച്ചു. ഇത് തിരുവിതാംകൂർ ആണെന്ന് വിസ്മരിച്ച് ഇംഗ്ലണ്ടിലെന്നപോലെയുള്ള ജീവിതസമ്പ്രദായം ഇവിടെ നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. കാലമോ, ദേശമോ, സർക്കാരിന്റെ നയമോ, ഒരു വിദേശരാജ്യത്തുള്ള അവരുടെ പദവിയോ ഒന്നും കണക്കാക്കാതെയാണ് മതപരിവർത്തനം ചെയ്തവരോട് മിഷണറിമാർ പെരുമാറിയത്. അവർക്കു തികഞ്ഞ സ്വാതന്ത്ര്യം നല്കി. അതിന്റെ ഫലമായി തർക്കം വേഗത്തിലൊതുക്കുവാൻ ബുദ്ധിമുട്ടായി. മിഷണറിമാരിൽ നിന്നും പ്രോത്സാഹനം ലഭിച്ചിരുന്നതിനാൽ നാട്ടുനിയമങ്ങളെ ധിക്കരിക്കുവാനുള്ള പ്രവണതയാണ് ചാന്നാന്മാരിൽ കണ്ടത്. അത് നിയന്ത്രണാതീതമായി, പരമാധികാരശക്തിയോടുള്ള (ബ്രിട്ടൻ) ബഹുമാനം മൂലം തിരുവിതാംകൂർ ഗവൺമെന്റ് മിഷണറിമാരുമായി ഇടപെടുവാനോ തക്ക നടപടികൾ സ്വീകരിക്കുവാനോ മടി കാണിച്ചു. തന്മൂലം ഇരുവിഭാഗക്കാരും അവരുടെ അനുകൂലികളും തുറന്ന സംഘട്ടനങ്ങൾ തന്നെ നടത്തി.
മതപ്രചാരപ്രവർത്തനങ്ങളുടെ ആരംഭം മുതൽതന്നെ തെക്കൻ തിരുവിതാംകൂറിൽ ഈ മനോഭാവം നിലനിന്നിരുന്നു. എന്നാൽ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂർ ഗവൺമെന്റ് നൽകിയ സംരക്ഷയും അവരോടു കാണിച്ച സഹിഷ്ണുതയും അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ പുരോഗതി പെട്ടെന്നുണ്ടാക്കിയിരുന്നു. മുപ്പതുകൊല്ലം കൊണ്ട് ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനം ഏറെ വർദ്ധിച്ചു. നാഞ്ചിനാട്ട് ഗ്രാമത്തിലും തൊട്ടുള്ള ജില്ലകളിലും ധാരാളം ഇടവകകളും പള്ളികളും സ്ക്കൂളുകളും നിർമ്മിച്ചു. ഈ സ്ഥലങ്ങൾ മുഴുക്കെ മതപരിവർത്തനം ചെയ്ത ധാരാളം ചാന്നാന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. മതപ്രചാരകന്മാർ അവരുടെ പുസ്തകങ്ങളും കീർത്തനങ്ങളുമായി എല്ലാ ഹിന്ദുഗ്രാമങ്ങളിലും സഞ്ചരിച്ച് പ്രസംഗിച്ചു. ഈ പരിതസ്ഥിതി സ്വാഭാവികമായും ഹിന്ദുക്കളിൽ അസൂയയുണ്ടാക്കി. തങ്ങളുടെ നില മനസ്സിലാക്കാതെ, മിഷനറിമാരുടെ സഹായത്തെ ചൂഷണം ചെയ്ത്, അവസരം കിട്ടുമ്പോഴൊക്കെ ഹിന്ദുക്കളെ ധിക്കരിക്കുവാനും പേടിപ്പിക്കാനുമാണ്, പരിവർത്തനം ചെയ്ത കൂട്ടർ മുതിർന്നത്. ഇതിന്റെ ഫലമായിട്ടാണ് നേരത്തെ സൂചിപ്പിച്ച ദുർഘടമുണ്ടായത്.
തെക്കൻ തിരുവിതാംകൂറിലെ മതപരിവർത്തനം നടത്തിയവർ മുഴുക്കെയല്ലെങ്കിലും മിക്കവാറും ചാന്നാന്മാരും പറയന്മാരും അതുപോലെ താഴ്ന്ന ജാതിക്കാരും ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഇവരാകട്ടെ ജില്ലയുടെ ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗം മാത്രമെയുള്ളൂ. അതേസമയം സവർണ്ണരിൽ നിന്നുള്ള മതപരിവർത്തനം തീരെ ദുർലഭമായിരുന്നു. വടക്കൻ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ചർച്ച് മിഷൻ സൊസൈറ്റി അതിന്റെ പ്രവർത്തനം ശാന്തമായും പരിഷ്കരണത്വം കാട്ടാതെയുമാണ് നടത്തിയിരുന്നത് . എന്നാൽ തെക്കുഭാഗത്ത് പ്രവർത്തിച്ചിരുന്ന ലണ്ടൻ മിഷനാകട്ടെ ഇതിന്റെ വിപരീതനയമാണ് അര നൂറ്റാണ്ടു കാലത്തോളം പിൻതുടർന്നത്.
മതബോധനം നടത്തി മാത്രമായിരുന്നില്ല ലണ്ടൻ മിഷൻകാർ പരിവർത്തനം ചെയ്യിച്ചത്. അനാശാസ്യമായ മറ്റു മാർഗ്ഗങ്ങളും ഉപയോഗിച്ചിരുന്നു. ജനങ്ങൾക്ക് അവരോട് അതൃപ്തി തോന്നുവാനും അവരുടെ നടപടികൾ എതിർക്കപ്പെടുവാനും കാരണം ഇതായിരുന്നു.
ലണ്ടൻ മിഷന്റെ തിരുവിതാംകൂറിലെ സ്ഥാപകനായ റവ. റിങ്കൽടോബുവിനെ സംബന്ധിച്ച ഒരു വസ്തുത ഈ സമീപനത്തെ വ്യക്തമാക്കുന്നതാണ്. 1806-ൽ തിരുവിതാംകൂറിലെ ലണ്ടൻ മിഷൻ പ്രവർത്തനം തുടങ്ങുമ്പോൾ അന്നത്തെ ദിവാനായ വേലുത്തമ്പിയെ ഇദ്ദേഹം സന്ദർശിച്ചപ്പോൾ ഏതു മതമാണ് അദ്ദേഹത്തിന്റേതെന്ന് ദിവാൻ ചോദിച്ചു. ഇതിന്റെ മറുപടി ‘ക്രിസ്തുമതം’ എന്നോ ‘ക്രിസ്തു സ്ഥാപിച്ച മതം’ എന്നോ ആയിരുന്നില്ല. കേണൽ മെക്കാളെയുടെ മതം എന്നായിരുന്നു ! (Note : ഈ സംഭാഷണത്തെക്കുറിച്ചുള്ള അറിവ് മിഷനറി സാമുവൽ മറ്റീരിന്റെ , Land of Charity എന്ന പുസ്തകത്തിലെ പേജ് 262-ൽ നിന്നാണെന്നും ശങ്കുണ്ണിമേനോൻ പരാമർശിച്ചിട്ടുണ്ട്. റവ.റിങ്കൽടോബുവിനെ സംബന്ധിച്ച ഈ വിവരങ്ങൾ ഇവിടെ നല്കി അയാളുടെ അഹങ്കാരത്തെ ചൂണ്ടിക്കാട്ടിയ ശങ്കുണ്ണിമേനോനെ, മറ്റീർ അയാളുടെ രണ്ടാമത്തെ പുസ്തകത്തിൽ കണക്കില്ലാതെ ഇകഴ്ത്തിയിട്ടുണ്ട്. ) ക്രിസ്തു ആരായിരുന്നുവെന്നോ, എപ്പോൾ എങ്ങനെ ജീവിച്ചുവെന്നോ, ലോകത്ത് അദ്ദേഹം എന്തു ചെയ്തുവെന്നോ, മനുഷ്യരാശിയുടെ രക്ഷകനായി അദ്ദേഹം തീർന്നതെങ്ങനെയാണെന്നോ, എങ്ങിനെ ക്രൂശിക്കപ്പെട്ടുവെന്നോ, ഉയിർത്തെഴുന്നേൽപ്പ് എങ്ങനെയുണ്ടായിയെന്നോ ഇദ്ദേഹം പറഞ്ഞില്ല. റവ. റിങ്കൽടോബ് ‘കേണൽ മെക്കാളെ’യുടെ മതമാണ് തന്റെതെന്നു പറഞ്ഞപ്പോൾ മഹാനായ ആ ഹിന്ദുഭരണാധികാരി പറഞ്ഞ മറുപടിയിൽ അടങ്ങിയിരിക്കുന്ന കഠിനമായ പരിഹാസം, വായനക്കാർ തന്നെ മനസ്സിലാക്കിയാൽ മതി. ‘അത്തരമൊരു മതമുള്ളതായി ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല’. ഒരു സ്വകാര്യവ്യക്തി വിശ്വസിക്കുന്നതോ കണ്ടുപിടിച്ചതോ ആയ മതം എന്ന അർത്ഥത്തിലാണ് ദിവാനിതു പറഞ്ഞത്. ഇതിന് ഒരായിരം വർഷങ്ങൾക്കു മുമ്പുതന്നെ തിരുവിതാംകൂറിൽ ക്രിസ്തുമതം നിലനിന്നിരുന്നു.
ഇത്തരം സ്വാർത്ഥപരമായ നയങ്ങൾക്ക് വിധേയരായി, ഹൈന്ദവർ അവരെ ബഹുമാനിക്കണമെന്നും അവർ കണക്കാക്കുക കൂടി ചെയ്തെങ്കിൽ അതിൽ അത്ഭുതത്തിനവകാശമില്ല. ഹിന്ദുജനവിഭാഗത്തോട് ഈ ‘സൊസൈറ്റി’ കുറെക്കൂടി സഹിഷ്ണുത പ്രകടിപ്പിക്കാത്തതെന്തുകൊണ്ടാണെന്നും ക്രിസ്തുമതത്തോട് ജനങ്ങൾക്ക് അപ്രീതി തോന്നുന്നതിനു വേണ്ടി ഇവർ എന്തുകൊണ്ട് പ്രവർത്തിച്ചുവെന്നും അന്വേഷിക്കേണ്ട സംഗതികളാണ്.
മെറ്റിയേഴ്സ് (മിഷനറി സാമുവൽ മറ്റീർ) തന്റെ പുസ്തകത്തിൽ 277-ആം പുറത്തിൽ ചേർത്തിട്ടുള്ള പടങ്ങൾ ചാന്നാർ സ്ത്രീകൾ സവർണ്ണസ്ത്രീകളുടെ വേഷവിധാനം അനുകരിച്ച് പഠിക്കുന്നതാണ്. (Note : ഈ ചിത്രം ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിൽ നല്കിയിട്ടില്ല. പക്ഷെ ആ ചിത്രം മറ്റീറിന്റെ ആദ്യ ഗ്രന്ഥമായ Land of Charity- യിൽ നിന്നും എടുത്ത് ഇവിടെ നല്കിയിട്ടുണ്ട്. ഭാഗം 2 കാണുക.) എന്നാൽ യൂറോപ്യന്മാർക്ക് കൂടുതൽ സമ്മതമായിരുന്ന പല വിധത്തിലുള്ള മറ്റ് പുതിയ വേഷവിധാനങ്ങൾ ഇവിടെ നിലനിന്നിരുന്നുവെന്നത് ഓർക്കേണ്ടതുണ്ട്. ഒരു കാര്യം വ്യക്തമാണ്. മതപരിവർത്തനം ചെയ്ത ചാന്നാന്മാർ ഈ വേഷവിധാനം സ്വീകരിച്ചത് ഈ ജില്ലയിലെ ഹിന്ദുജനവിഭാഗത്തെ വ്യക്തമായും അവഹേളിക്കുവാൻ വേണ്ടിയാണ്.
തർക്കവിഷയമായ വസ്ത്രധാരണരീതിയുടെ കാര്യത്തിൽ മാത്രമല്ല ചാന്നാർ ക്രിസ്ത്യാനികൾ സവർണ്ണരോട് ഇടഞ്ഞത്. മറ്റു പല രംഗങ്ങളിലേക്കും ഈ ശത്രുത കടന്നു വന്നു.
ശൂദ്രനായ മാടൻപിള്ളയെന്ന ഭൂവുടമയുടെ കൃഷിപ്പണിക്കാരനായിരുന്നു പുത്താത്തൻ കുട്ടിച്ചാന്നാരും അയാളുടെ ഭാര്യ ഇശക്കിയും. ഇവർ മതപരിവർത്തനം ചെയ്യുകയും കൃഷിപ്പണി ഉപേക്ഷിക്കയും ചെയ്തു. പുത്താത്തൻ കുട്ടി ഇതിനെ തുടർന്ന് മിഷനറിമാരുടെ കൂടെ ഒരു മതപ്രചാരകനായിച്ചേർന്നു. അയാളുടെ ഭാര്യ മാടൻപിള്ളയുടെ പത്നിയെപ്പോലെ വസ്ത്രങ്ങൾ ധരിച്ചു. അവർ മാടൻപിള്ളയുടെ വീട്ടിൽച്ചെന്ന് സമനിലയിൽ സംഭാഷണം നടത്താൻ തുടങ്ങി. സംഭാഷണവിഷയം മതം തന്നെ. മാടൻപിള്ളയെ ‘അജ്ഞാനി’ യെന്നും ‘പാപി’യെന്നും ഇയാൾ വിളിച്ചു. (ക്രിസ്ത്യാനികൾ അല്ലാത്തവരെ മിഷണറി പ്രവർത്തകർ അജ്ഞാനികളെന്നാണ് വിളിക്കുന്നത്). ഇതുവരെ തന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഇവർ ഇത്ര പ്രമാണിത്വം കാട്ടുന്നതിനെ നിയന്ത്രിക്കുവാൻ മാടൻപിള്ളയ്ക്കു സാധിക്കുമോ? മാടൻപിളളയുടെ ഭാര്യയെപ്പോലെ വസ്ത്രധാരണം ചെയ്ത് ആ സ്ത്രീ വീട്ടിൽ വന്നതു തന്നെ അവരെ അലോസരപ്പെടുത്താൻ ആയിരുന്നല്ലോ ? മതപരിവർത്തനം ചെയ്ത ഈ ചാന്നാന്മാരുടെ ഭാഗം ചേർന്ന് മാടൻപിള്ളയെ ശിക്ഷിക്കണമെന്ന് അധികാരികളുടെ മുമ്പിൽ നിവേദനം നടത്തി. നിറവും പദവിയും നൽകിയ സൌകര്യങ്ങൾ വച്ചുകൊണ്ട് ഇതിൽ അവർ ജയിക്കുകയും ചെയ്തു.
മിഷണറിമാർ മതപരിവർത്തനം ചെയ്ത ആളുകളോട് ഇങ്ങനെ പക്ഷപാതപരമായി പ്രവർത്തിച്ച് ഹിന്ദുക്കളെ ഉപദ്രവിച്ചു. കാരണം ഇതിൽ നിന്നും വ്യക്തമാണ്. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ തക്കതായ കാരുണ്യം കാണിച്ചുകൊണ്ടു തന്ന പരാതി ബോധിപ്പിക്കുകയാണെങ്കിൽക്കൂടിയും, മിഷനറിമാർ റസിഡന്റിന്റെ അടുക്കൽ എഴുതിയറിയിയ്ക്കും. ഉദ്യോഗസ്ഥൻ പക്ഷപാതക്കാരനും അഴിമതിക്കാരനും നീതിരഹിതനുമൊക്കെ ആണെന്നു വരുത്തും. ഇത്തരം കാര്യങ്ങളിൽ ഗവൺമെന്റിനെ വലിച്ചിഴച്ച് കൊണ്ടുവരാൻ മിഷണറിമാർ മടിക്കാറില്ല. വേണമെങ്കിൽ തിരുവിതാംകൂറിൽ ക്രിസ്ത്യാനികളെ ഭീകരമായി പീഢിപ്പിക്കുന്നുവെന്ന് ലോകത്തെ മുഴുവൻ വിശ്വസിപ്പിക്കത്തക്ക രീതിയിൽ എഴുതുവാൻ ഈ മിഷനറിമാർക്ക് കഴിയും. ഇത്തരം വ്യാജപ്രസ്താവനകളിൽ വിശ്വാസമർപ്പിക്കുക ബ്രിട്ടീഷ് ഗവൺമെന്റിന്റെ പതിവുമാണ്. അധീശശക്തിയെന്ന നിലയിൽ തിരുവിതാംകൂറിനെ ശാസിക്കുവാനും, ഈ നയത്തോട് ശക്തിയായ എതിർപ്പ് പ്രകടിപ്പിക്കുവാനും അവർക്കു കഴിയും. എത്രയോ പണ്ടു മുതൽ തിരുവിതാംകൂറിൽ സുറിയാനികളും റോമൻ കത്തോലിക്കരും ക്രിസ്തുമതം പരിപോഷിപ്പിച്ചു പോന്നിരുന്നുവെന്ന പരമാർത്ഥം ഇവർ അവഗണിക്കുകയും ചെയ്യും.## ഇക്കാര്യം വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണം കൂടി ഈ വിവരണത്തിൽ നല്കുന്നുണ്ട്. (##ഉദാഹരണത്തിനായി മിഷനറി സാമുവൽ മറ്റീറിന്റെ The Land of Charity-യിലെ പേജ് 296-ൽ രേഖപ്പെടുത്തിയ വിവരങ്ങൾ ശങ്കുണ്ണിമേനോൻ അടിക്കുറിപ്പായി നല്കിയിട്ടുണ്ട്. മറ്റീറിന്റെ വാചകങ്ങൾ അതേപടിയാണ് ശങ്കണ്ണിമേനോൻ അടിക്കുറിപ്പിൽ നല്കിയത്. “മതപരിവർത്തനം ചെയ്ത അരുമനായകമെന്ന അടിമയെ, ക്രിസ്ത്യാനികളുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടതിന് അയാളുടെ യജമാനനായ മാടൻപിള്ളയും മറ്റൊരു ശൂദ്രനും കൂടി മർദ്ദിച്ച കാര്യം മി. വൈറ്റ്ഹൗസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാധു മനുഷ്യനേറ്റ കഠിനമായ മുറിവുകളെക്കുറിച്ച് കൊട്ടാരഭിഷഗ്വരനായ ഡോ.റീഡ് വിശദമായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെങ്കിലും അയാളെ മുറിവേൽപ്പിച്ച പ്രതികൾക്ക് 5 ഉറുപ്പിക വീതം മാത്രമാണ് മജിസ്റ്റ്രേട്ട് പിഴ കല്പിച്ചത് . എന്നാൽ മദ്രാസ് ഗവൺമെന്റിൽ അപ്പീൽ കൊടുത്തപ്പോൾ ഈ പിഴ 70 രൂപയായി വർദ്ധിപ്പിക്കുകയും തിരുവിതാംകൂർ അധികാരികൾ കാണിക്കുന്ന അന്യായമായ ഈ ദാക്ഷിണ്യത്തെ കുറ്റപ്പെടുത്തുകയും ചെയ്യുകയുണ്ടായി. മെറ്റിയേഴ്സിന്റെ ‘ധർമ്മരാജ്യം’ പുറം 296) ”
ചാന്നാന്മാരും ഹിന്ദുക്കളും തമ്മിൽ മേൽവസ്ത്രത്തെ സംബന്ധിച്ചുണ്ടായ വഴക്ക് ഡെപ്യൂട്ടി ദിവാൻ പേഷ്കാരുടെ പരിശ്രമഫലമായി തൽക്കാലത്തേക്ക് ഒതുക്കിത്തീർത്തുവെങ്കിലും അധികം താമസിയാതെതന്നെ വീണ്ടും കലാപങ്ങൾ തലപൊക്കി. കമ്പോളങ്ങളിലും പൊതുനിരത്തുകളിലും മതപരിവർത്തനം ചെയ്ത ചാന്നാർസ്ത്രീകൾ ഹിന്ദുവേഷത്തിൽ വന്നപ്പോഴായിരുന്നു ഇതുണ്ടായത് . ഈ സന്ദർഭത്തിൽ ദിവാൻ മാധവറാവു തെക്കൻഭാഗം സന്ദർശിച്ചു. ഇരുവിഭാഗക്കാർക്കിടയിലും കണ്ട ശത്രുതയുടെ പശ്ചാത്തലത്തിൽ 1868 ഡിസംബർ 27-ആം തീയതി മുൻകരുതലെന്ന നിലയിൽ ഒരു വിളംബരം പുറപ്പെടുവിച്ചു. ഇതിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു.
പുരാതനമായി ആചരിച്ചു വന്ന വഴക്കങ്ങൾ ലംഘിക്കുന്നത് തികച്ചും തെറ്റാണ്. 1829-ലെ രാജകീയവിളംബരത്തെ മാനിക്കേണ്ടതും അതിൽ പറയുന്ന വിധം ബന്ധപ്പെട്ട വിഭാഗങ്ങൾ അവരുടെ ആചാരരീതികൾ ക്രമീകരിക്കേണ്ടതും ആണ്. ആ നിയമത്തിനെതിരായി പ്രവർത്തിക്കുന്നവർ കഠിനശിക്ഷയ്ക്ക് വിധേയരാകും. ചാന്നാന്മാരും ഇക്കാര്യം മനസ്സിലാക്കി തദനുസാരം പ്രവർത്തിക്കണം. ശൂദ്രന്മാരും മറ്റുള്ള സവർണ്ണജാതിക്കാരും സമാധാനഭഞ്ജനത്തിന് കാരണമുണ്ടാക്കരുത്. ചാന്നാന്മാർക്കെതിരായി നേരിട്ട് പ്രവർത്തിക്കയുമരുത് . ചാന്നാന്മാർ നിയമത്തിനെതിരായി എന്തെങ്കിലും പ്രവർത്തിക്കുന്നുവെങ്കിൽ അക്കാര്യം അധികാരികളെ വേണ്ടവിധം അറിയിക്കാവുന്നതാണ്.
ഈ വിളംബരത്തിൽ പുതുതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1814-ൽ കേണൽ മൺറോയുടെ നീതിപൂർവമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 1829-ൽ അന്നത്തെ പ്രാപ്തനായ റസിഡന്റ് കേണൽ മോറിസിന്റെ പരിപൂർണ്ണമായ പിന്തുണയോടുകൂടി നടപ്പാക്കിയിരുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ഈ പ്രഖ്യാപനം.
1814-ലെ സർക്കുലർ ഓർഡറിലും 1821-ലെ ഓർഡറിലും 1821-ലെ വിളംബരത്തിലും വ്യവസ്ഥ ചെയ്തിരുന്ന നിയമങ്ങൾ ശരിക്കും ഇവ തന്നെയായിരുന്നു. മത്സരിച്ചു കൊണ്ടിരിക്കുന്ന ഇരുവിഭാഗക്കാരെയും യോജിപ്പിച്ച് സമാധാനം സ്ഥാപിക്കുകയെന്നുള്ളതായിരുന്നു ഇവയുടെ ലക്ഷ്യം. ഈ നിയമത്തിന്റെ രത്നച്ചുരുക്കം, ചാന്നാർ സ്ത്രീകൾ ധരിക്കുന്ന ജാക്കറ്റോ ക്രിസ്ത്യാനികൾ ധരിക്കുന്ന ഉടുപ്പുകളോ സ്വീകരിക്കാമെന്നും ഈ സ്ത്രീകൾ മാറു മറയ്ക്കുന്നതിന് യാതൊരു വിരോധവും ഇല്ലെന്നും ആണ്. ‘ധർമ്മരാജ്യം’ എന്ന പുസ്തകത്തിലെ 272-ാം പുറത്തിൽ നിന്നും മനസ്സിലാക്കുന്നത് ഇതാണ്. ഈ നിയമം പരിപാലിക്കപ്പെട്ടു പോരുകയും 30 വർഷത്തോളം കാലം കാര്യങ്ങൾ ക്രമമായി നടക്കുകയും ചെയ്തു. മിഷനറിമാർ തൽക്കാലത്തേക്ക് ഈ നിയമം കൊണ്ട് തൃപ്തരായിരുന്നു. എങ്കിലും ഈ നിയമത്തിൽ വ്യത്യാസങ്ങൾ വരുത്തി ചാന്നാന്മാരിൽ നിന്നും പറയന്മാരിൽ നിന്നും മതപരിവർത്തനം ചെയ്യുന്നവരെ പ്രീണിപ്പിക്കുവാൻ അവസരം പാർത്തിരിക്കുകയായിരുന്നു.
ഈ പരിതസ്ഥിതിയിലാണ് ദിവാൻ മാധവറാവുവിന്റെ നീതിപൂർവ്വകമായ പ്രഖ്യാപനം. മിഷണറിമാർ ഇതിലെ “നിഗൂഢവും രൂക്ഷവുമായ പക്ഷപാത” ത്തെപ്പറ്റി ആദ്യം മഹാരാജാവിനും പിന്നീട് മദ്രാസ് ഗവൺമെന്റിനും പരാതി സമർപ്പിച്ചു.
പരാതിയിൽ ആവശ്യപ്പെട്ടിരുന്നത് ദിവാന്റെ വിളംബരം, 1814 മേയ് മാസത്തിലെ സർക്കുലർ ഓർഡറും, 1829 ഫെബ്രുവരിയിലെ വിളംബരവും റദ്ദാക്കണമെന്നായിരുന്നു. ഈ സമയമായപ്പോഴേക്കും മദ്രാസ് പ്രഭുവായിരുന്ന ഹാരിസ് പ്രഭു ഉദ്യോഗത്തിൽ നിന്നും വിരമിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന സർ ചാൾസ് ട്രെവലിയന്റെ മുമ്പാകെ തീരുമാനത്തിനായി ഇക്കാര്യം വന്നു.
ഇദ്ദേഹം(ട്രെവലിയൻ) ഈ പ്രശ്നത്തിൽ ഏകപക്ഷീയമായൊരു തീരുമാനമെടുത്തതായിട്ടാണ് കാണുന്നത്. വിഷയത്തെ ശാന്തമായും സമഗ്രമായും പരിഗണിച്ചതായി തോന്നുന്നില്ല. മുൻപ്രസ്താവിച്ച സർക്കുലർ ഓർഡറിന്റെയും വിളംബരത്തിന്റെയും അർത്ഥം മതപരിവർത്തനം ചെയ്ത ചാന്നാർ സ്ത്രീകൾക്ക് തിരുവിതാംകൂർ ഗവൺമെന്റ് മാറുമറയ്ക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നു എന്നതായിട്ടാണ് അദ്ദേഹം മസ്സിലാക്കിയത് . ഈ (തെറ്റി)ധാരണയോടുകൂടി തന്റെ തീരുമാനമെന്നോണം ജനറൽ കല്ലന് അദ്ദേഹം ഇപ്രകാരം എഴുതി :-
സത്യവും നീതിയും മാത്രമല്ല, സർവ്വവിധ മാനുഷികവികാരങ്ങളും ഇത്രമാത്രം അവഹേളിക്കപ്പെടുന്ന ഒരു കേസ് ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇത്തരം സന്ദർഭത്തിൽ നാം ദൃഢമായ ഒരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ പരിഷ്കൃതലോകമാകമാനം നമ്മെ പഴിക്കുവാൻ ഇടയാകും. ചക്രവർത്തിനിയുടെ ഇന്ത്യൻ പ്രജകൾക്ക് മറ്റുള്ളവരുടെ നീതിപൂർവമായ അവകാശങ്ങൾ കൈകടത്താത്തിടത്തോളം കാലം സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം ഒരു രാജകീയവിളംബരം മുഖേന നിഷേധിക്കുന്നത് ന്യായീകരിക്കുവാൻ ശ്രമിക്കുന്നത് അസാധാരണമായിരിക്കുന്നു. താനുൾപ്പെട്ട സ്ത്രീസമൂഹത്തിന് ചക്രവർത്തിനി ഉറപ്പു കൊടുത്ത സംരക്ഷണത്തിന്റെ പരിധിയിൽ നിന്നും ഏതാനും പേരെ ഒഴിച്ചു നിർത്തുകയാണെങ്കിൽ ചക്രവർത്തിനിയോടും അവർ പ്രകടിപ്പിച്ച വികാരത്തോടും ഞാൻ കാട്ടുന്ന കടുത്ത അനീതിയായിരിക്കും.
ഈ അഭിപ്രായങ്ങൾ മഹാരാജാവിനെ മനസ്സിലാക്കേണ്ടതും, 1814 മേയ് മാസത്തിലെ സർക്കുലർ ഓർഡറിലും 1829 ഫ്രെബ്രുവരി 3-ലെ വിളംബരത്തിലും പറയുന്ന നിരോധനങ്ങൾ കാലത്തിനു പറ്റാത്തതാണെന്നും സംസ്കാരസമ്പന്നനായ രാജാവിനു ചേരാത്തതാണെന്നും ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതുമാണ്. ”
പുതിയ ഗവർണ്ണറിൽ നിന്നുള്ള ഈ കത്ത് റസിഡന്റിനെ അല്പം വിഷമിപ്പിച്ചു. ഗവർണ്ണറുടെ(ട്രെവിലിയൻ) നിർദ്ദേശത്തിന് അനുസൃതമായി, നിയമനിർമ്മാണം നടത്തുവാൻ അദ്ദേഹം മഹാരാജാവിനെ നർബന്ധിച്ചു. എന്നാൽ പെട്ടെന്നൊരു നടപടി സ്വീകരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി കൂടുതൽ വ്യാകുലപ്പെട്ട രാജാവ് തന്റെ പ്രാപ്തനായ ദിവാനുമായി ദീർഘമായ ചർച്ചകൾ നടത്തിയ ശേഷം ഒരു പുതിയ വിളംബരം തയ്യാറാക്കി. ചാന്നാർ സ്ത്രീകൾക്ക് വസ്ത്രധാരണവിഷയത്തിൽ കൂടുതൽ സൌജന്യങ്ങൾ നൽകിക്കൊണ്ട് 1859 ജൂലൈ മാസത്തിൽ ഒരു വിളംബരം പുറപ്പെടുവിച്ചു. എന്നാൽ മതപരിവർത്തനം ചെയ്ത സ്ത്രീകൾക്ക് ബ്രാഹ്മണസ്ത്രീകൾ ഉപയോഗിക്കുന്ന രീതിയിൽ വസ്ത്രധാരണം ചെയ്യാൻ അനുവാദം നൽകിയിരുന്നില്ല. ഈ വിളംബരം മിഷണറിമാരെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെങ്കിലും വസ്ത്രധാരണത്തിന്റെ പേരിലുള്ള വഴക്കു തടയുവാൻ സഹായകമായി.
മിഷണറിമാരുടെ ഇക്കാര്യത്തിലുള്ള മനോഭാവം റവറന്റ് എസ്. മെറ്റിയേഴ്സ് എഴുതിയ ‘ധർമ്മരാജ്യം’ എന്ന പുസ്തകത്തിലെ 12-ആം അദ്ധ്യായത്തിൽ 295 മുതൽ 306 വരെയുള്ള പുറങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വികാരോജ്ജ്വലമായ പ്രതിപാദനത്തിൽ വളരെ ശക്തിയായി ഇക്കാര്യം വിമർശിക്കുന്നു. പ്രോട്ടസ്റ്റന്റ് മതവിഭാഗം ഇവിടെ വരുന്നതിന് നൂറു കണക്കിനു കൊല്ലങ്ങൾക്കു മുൻപുതന്നെ സർക്കാർ നടപടികൾ കൊണ്ട് ക്രൈസ്തവരോട് സഹിഷ്ണുത കാണിക്കുകയും ശരിക്കുപറഞ്ഞാൽ ലണ്ടൻ മിഷനെത്തന്നെ അതിന്റെ ശൈശവദശയിൽ രക്ഷിക്കുകയും ചെയ്തവരോട് ഏറ്റവും മോശമായ പെരുമാറ്റമായിരുന്നു ഇത്. അതും, ജനങ്ങളും അവിടത്തെ രാജാവും യാഥാസ്ഥിതിക ഹിന്ദുക്കളായിരിക്കുമ്പോൾ.
മിഷണറിമാരുടെ നിശിതമായ വിമർശനങ്ങൾ മഹാരാജാവിന്റേയും അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെയും സൽപ്പേരിന് കളങ്കം ചാർത്തുന്നതായിരുന്നു. ഇത് അവരും ഹിന്ദുക്കളും തമ്മിൽ ശത്രുത വളർത്തുവാനേ സഹായിച്ചുള്ളൂ. മിഷണറി പ്രവർത്തനങ്ങളിലേക്കുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും സ്വതന്ത്രമായി പ്രവർത്തിക്കുവാനും അവരെ അനുവദിച്ചിട്ടുകൂടി അവർ കൃതഘ്നരായി കാണപ്പെട്ടു.” Unquote
……ഭാഗം-4 കാണുക
Notes for Social Media : The Malayalam Translation of ‘History of Travancore’ by the Muslim Scholar Dr C. K Kareem had not done complete justice to the original English work.
The Malayalam Translation of ‘History of Travancore’ by Dr C. K Kareem had not done complete justice to the original English work.
