പത്തൊൻപാതം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ മാത്രമല്ല, ചരിത്രാതീത കാലം മുതൽ അതു വരെ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ഒന്നാണ് കർഷകത്തൊഴിലാളികളായിരുന്ന പുലയന്മാരുടെ തൊഴിലുറപ്പ് വ്യവസ്ഥ. കൃഷിസ്ഥലങ്ങളുടെ ഉടമയായ ജന്മിയ്ക്ക് (ഭൂവുടമയ്ക്ക്) ഏതെങ്കിലും വിധത്തിൽ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാവുകയും, കൃഷി ചെയ്യാനാവതെ, അതിൽ പണി ചെയ്തിരുന്ന പുലയന്മാർക്ക് ജീവനാംശവും നല്കുവാനാവതെ ഭൂമി വില്ക്കേണ്ടി വരുന്ന അവസ്ഥയിൽ അതിൽ പണി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക് തൊഴിൽ(പണി) ഒരുകാരണവശാലും നഷ്ടമാകതെ അവരുടെ ക്ഷേമത്തെക്കരുതി ഒരു വ്യവസ്ഥ കേരളത്തിൽ നിലനിന്നിരുന്നു. ഈ വ്യവസ്ഥയെ ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും ക്രിസ്ത്യൻ മിഷനറിമാരും മനസ്സിലാക്കിയില്ലെന്നു വേണം കരുതുവാൻ. കണ്ടില്ലെന്നു നടിച്ചു എന്നു പറയുന്നതാകും കൂടുതൽ ശരിയായിട്ടുള്ളത്. ഒരു പക്ഷെ മുഹമ്മദ്ദീയ-പാശ്ചാത്യ ക്രിസ്ത്യൻ അധിനിവേശങ്ങളെത്തുടർന്ന് (ഹൈദർ അലി, ടിപ്പു, പോർട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ്) ഈ വ്യവസ്ഥ താറുമാറായിപ്പോയിരുന്നിരിയ്ക്കാം. എങ്കിലും ബുക്കാനന്റെ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുള്ള വിവരങ്ങളെ ആസ്പദമാക്കിയാണ്, ഈ നാട്ടുനടപ്പിനെക്കുറിച്ച് ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത്. അതായത് ബുക്കാനനും, അബേ ഡുബേയും തെക്കെ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലഘട്ടങ്ങളിലും കൃഷിഭൂമിയെയും പുലയന്മാരെയും(ചെറുമർ) സംബന്ധിച്ച നാട്ടുനടപ്പ് പൂർണ്ണമായും അറ്റ് പോയിരുന്നില്ലെന്നും, ഏകദേശം പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധം വരെ ഈ നാട്ടുനടപ്പ് തുടർന്നിരുന്നു എന്ന് ബ്രിട്ടീഷ് പാർലമെന്ററി രേഖകളിൽ നിന്നും മനസ്സിലാക്കാം.
ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സംസ്കാരവും മതവും നാട്ടുനടപ്പുകളും തികച്ചും പ്രാകൃതവും, നന്മകൾ ഇല്ലാത്തതും, മനുഷ്യത്വരഹിതവുമാണെന്ന ധാരണയും, ഈ തെറ്റിദ്ധാരണ അരക്കിട്ടുറപ്പിയ്ക്കാൻ പാകത്തിനുള്ള ക്രിസ്ത്യൻ മുൻവിധികളുമാണ് (Christian Prejudices), പ്രാരംഭത്തിൽ ഭാരതത്തിന്റെ സാമൂഹ്യം ചരിത്രം രചിച്ച ബുക്കാനനെപ്പോലുള്ള ബ്രിട്ടീഷ് ക്രിസ്ത്യൻ ഉദോഗസ്ഥന്മാരെ സ്വാധീനിച്ചത്. ഇക്കാര്യത്തിലുള്ള ബുക്കാനന്റെ ചിന്ത താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടിൽ വ്യക്തമാണ്. ഇംഗ്ലീഷുകാരിൽ മാത്രമേ മനുഷ്യത്വത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
മുകളിൽ സൂചിപ്പിച്ച പ്രകാരമുള്ള ക്രിസ്ത്യൻ മുൻവിധികൾ കാരണമായി നൂറ്റാണ്ടുകളായി കേരളത്തിലെ കർഷത്തൊഴിലാളികളും, ഭൂമിയും,ഭൂവുടമകളും തമ്മിലുണ്ടായിരുന്ന ജൈവബന്ധങ്ങൾ, വ്യത്യസ്ത മതത്തിലും നാഗരികതയിലും പെട്ടവരായ ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാക്കും മിഷനറിമാർക്കും മനസ്സിലാക്കാനായില്ല. അവരുടെ അന്ധമായ മുൻവിധികൾ വിവരക്കേടായി പരിണമിച്ച് അവരെ സ്വാധീനിക്കയും, തുടർന്ന് അടിമത്വ നിരോധന നിയമങ്ങളിലൂടെ ഈ ജൈവബന്ധങ്ങളെ (organic relationships) പിന്നീട് അവർ നിരോധിയ്ക്കുകയും ചെയ്തു. ഭാരതീയ സംസ്കാരത്തിന്റ സാമൂഹ്യ നന്മകളുടെ അംശങ്ങളെ ഇപ്രകാരം ക്രിസ്ത്യൻ ബ്രിട്ടീഷ് ഭരണാധികാരികൾ നിയമങ്ങളിലൂടെയും നശിപ്പിച്ചു. ഇതിനു മുന്നോടിയായി ഭാരതത്തെക്കുറിച്ചും കേരളത്തെക്കുറിച്ചുമുള്ള ചരിത്ര ആഖ്യാനങ്ങൾ ക്രിസ്ത്യൻ ബ്രിട്ടീഷുകാരും ക്രിസ്ത്യൻ മിഷനറിമാരും അവർക്കനുകൂലവും, ഭരണഉപരിവർഗ്ഗമായ സവർണ്ണഹിന്ദുക്കൾക്ക് പ്രതികൂലമായും ചമച്ചു പ്രചരിപ്പിച്ചു. ആദ്യകാലത്ത് പ്രിന്റിംഗ് പ്രസ്സുകൾ ഇക്കൂട്ടരുടെ ഉടമസ്ഥതയിലായിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. യഥാർത്ഥ വസ്തുതകൾക്ക് വിപരീതമായി, തങ്ങളാണ് അടിച്ചമർത്തപ്പെട്ടവരുടേയും ചൂഷണത്തിനു വിധേയരായവരുടെയും രക്ഷയ്ക്കായി എത്തിയത് എന്നും, ഭാരതത്തിലെയും കേരളത്തിലെയും സവർണ്ണ ഹിന്ദുക്കളാണ് ചൂഷകരെന്നും ഭാരതത്തിലുടനീളം വ്യാപകമായി പ്രോപ്പഗാണ്ഡയിലേർപ്പെടാൻ ക്രിസ്ത്യാനികളായ ഈ വിദേശീയർക്ക് സാധിച്ചു. ഈ കുപ്രചരണത്തിലേർപ്പെടുവാൻ ക്രിസ്തുമതവും അവർക്ക് motivation നല്കി. ഹിന്ദുമതത്തിനും സംസ്കാരത്തിനും യാതൊരുവിധത്തിലുള്ള നന്മകളും അവകാശപ്പെടാനില്ലെന്ന് സ്ഥാപിയ്ക്കയെന്നതും ക്രിസ്ത്യാനികളുടെ ലക്ഷ്യമായിരുന്നു. കേരളീയ സമൂഹത്തിൽ ചരിത്രത്തെ സംബന്ധിച്ച ഈ തെറ്റായ അവബോധം ഉണ്ടാക്കിയെടുത്തത് കാരണമായി, കേരളത്തിന്റെ യഥാർത്ഥ ചരിത്രം എന്തായിരുന്നു എന്നറിയാതെ, അടിമ വ്യാപാര നിരോധന വിളംബര വാർഷികം, ആഘോഷമാക്കി, ജാതിക്കെതിരെയുള്ള വിദ്വേഷപ്രചാരണത്തിന് വേദിയാക്കുന്ന ഒരു വിഭാഗം കേരളത്തിൽ ഉണ്ട്. താഴെ നൽകിയിട്ടുള്ള വാർത്താക്കുറിപ്പ് ശ്രദ്ധിയ്ക്കുക.
ആപത്ധർമ്മകാലത്ത് അതായത് പ്രതികൂല സാഹചര്യങ്ങൾക്കനുസരണമായുണ്ടായിരുന്ന കൈമാറ്റ വ്യവസ്ഥ.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ബുക്കാനന്റേത് തെക്കെ ഇന്ത്യയുടെ ഒരു ഹ്രസ്വ സന്ദർശനമായിരുന്നു. Revenue Collection-നെ കേന്ദ്രീകരിച്ചുള്ള ബുക്കാനന്റെ തെക്കെ ഇന്ത്യയെക്കുറിച്ചുള്ള വിവരശേഖരണ രീതികളും, അതിനെടുത്ത കാലവും പാതിരി അബേ ഡുബോയിയുടെതുമായി താരതമ്യം ചെയ്താൽ ഒരു കാര്യം വ്യക്തമാകും. മൂന്ന് പതിറ്റാണ്ടിലേറെ തെക്കെ ഇന്ത്യയിൽ താമസിച്ച് തദ്ദേശ്ശീയരുമായി അടുത്ത് ഇടപഴകി, അവരുടെ ഇടയിൽ ജീവിച്ച് ഇവിടുത്തെ സാമൂഹികമായ കാര്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിച്ച വ്യക്തിയാണ് അബേ ഡുബോയി. അതിനാൽ അദ്ദേഹം നല്കിയിട്ടുള്ള തെക്കെഇന്ത്യയുടെ സാമൂഹ്യ ചരിത്ര വിവരണങ്ങൾക്ക് ആധികാരികത ഏറും. (ഇതിനു മുൻപുള്ള ഭാഗം കാണുക) ഇദ്ദേഹം ഫ്രഞ്ചു പൗരനും, കത്തോലിക്കാ ജസ്യൂട്ട് പാതിരിയുമായിരുന്നു. കത്തോലിക്കാ സഭയ്ക്കായി മതപരിവർത്തന പ്രവർത്തികളിലേർപ്പെടാൻ ഇന്ത്യയിൽ എത്തിയ വ്യക്തിയാണ് ഇദ്ദേഹം. മലബാറിലെ ഭൂവുടമകളായ നായന്മാരെക്കുറിച്ച് ഇദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിൽ വ്യക്തമായും പ്രതിപാദിച്ചിട്ടുണ്ട്.(അദ്ദേഹത്തിന്റെ പുസ്തകത്തിലെ പേജ് 57-58 കാണുക. കഴിഞ്ഞ ഭാഗത്ത് ഇതിനെക്കുറിച്ചുള്ള സ്ക്രീൻഷോട്ട് നല്കിയിട്ടുണ്ട്). ഭൂവുടമകളായ നായന്മാർ, ഒരു സാധാരണ വില്പനച്ചരക്കെന്ന പോലെ, തങ്ങളുടെ കൃഷി ഭൂമിയിൽ വിളഞ്ഞിരുന്ന വിഭവങ്ങൾ വിറ്റിരുന്നതുപോലെ, കർഷകത്തൊഴിലാളികളെ(പുലയന്മാരെ) കൈമാറ്റം ചെയ്തിരുന്നില്ല എന്നും, കുടുംബത്തിൽ അത്യാഹിതമോ, കുടുംബത്തിൽ ആഭ്യന്തര-ഛിദ്രമോ, കുടുംബം വിപത്തുക്കളിലോ പെടുമ്പോഴോ മാത്രം, കൃഷി തുടരുവാൻ ആകാതെ, പുലയന്മാർക്ക് ജീവനാംശം കൊടുക്കുവാൻ സാധിയ്ക്കാതെ ഗത്യന്തരമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ മാത്രമെ, അതിലെ തൊഴിലാളികളെ കൈമാറ്റം ചെയ്യുവാൻ അവർ തുനിഞ്ഞിരുന്നുള്ളൂ എന്ന് അബേ സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.) ഇത്തരം സൂക്ഷ്മവും പക്ഷെ സ്പഷ്ടവുമായ സാമൂഹ്യ ചരിത്ര വിവരങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് കേരളത്തിന്റെ സാമൂഹ്യ ചരിത്രം സവർണ്ണ ഹിന്ദുക്കൾക്കും അതിലൂടെ ഹിന്ദുമതത്തിനും എതിരായി തല്പരകക്ഷികൾ രചിച്ചത് എന്ന് സവർണ്ണഹിന്ദുക്കൾക്ക് (പോലും) മനസ്സിലാകാതെ പോയത് ഒരു പക്ഷേ സുകൃതക്ഷയം കൊണ്ടായിരിയ്ക്കാം.
പുലയന്മാരുടെ തൊഴിലുറപ്പിനെയും ക്ഷേമത്തിനെയും കരുതിയുള്ള കൈമാറ്റ വ്യവസ്ഥയെ അടിമക്കച്ചവടമാക്കി വക്രീകരിച്ച മിഷനറിമാരും ചരിത്രകാരന്മാരും !!
ആപത്ത് കാലത്ത്, അതായത് ഒരു തരത്തിലും തരണം ചെയ്യുവാനാകാത്ത പ്രതികൂല സാഹചര്യം നേരിട്ടിരുന്നപ്പോൾ മാത്രമേ സവർണ്ണരായ ഭൂവുടമകൾ പ്രതിഫലം ഇച്ഛിച്ച് കർഷകത്തൊഴിലാളികളായ പുലയന്മാരെ മാത്രമായി കൈമാറ്റം ചെയ്യുവാനോ, അല്ലെങ്കിൽ തീർത്തും നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ഭൂമി വില്ക്കേണ്ടി വരുമ്പോൾ, അതോടൊപ്പം കർഷകത്തൊഴിലാളികൾക്കും ഒരു വില നിശ്ചയിച്ച് പ്രതിഫലം കൈപ്പറ്റി ഭൂമി കൈമാറ്റം ചെയ്യുവാൻ തുനിഞ്ഞിരുന്നുള്ളൂ. ഭൂവുടമയുടെ തകർച്ചയിൽ നിന്നും കർഷകത്തൊഴിലാളികളെ രക്ഷിയ്ക്കാനായിരുന്നു ഈ വ്യവസ്ഥ ഉണ്ടാക്കിയതെന്ന് സമാന്യബുദ്ധിയുണ്ടെങ്കിൽ മനസ്സിലാക്കാം. പുലയന്മാർ പെറ്റ് പെരുകി അവരുടെ എണ്ണം വർദ്ധിച്ച്, ഭൂവുടമയ്ക്ക് എല്ലാവരെയും പാലനം ചെയ്യാൻ സാധിയ്ക്കാതെ ബുദ്ധിമുട്ടുന്ന അവസരങ്ങളിലും surplus-നെ, അതായത് ആവശ്യത്തിലും കൂടുതലുള്ളവരെ ഭൂവുടമകൾ പ്രിതിഫലം കൈപ്പറ്റി കൈമാറ്റം ചെയ്തിരുന്നു. കാരണം പുലയരുടെ എണ്ണം വർദ്ധിയ്ക്കുതിനോടൊപ്പം ഭൂവുടമയുടെ കൃഷിഭൂമിയുടെ വിസ്തീർണ്ണവും വർദ്ധിയ്ക്കുന്നില്ല എന്നത് തന്നെ. കർഷകത്തൊഴിലാളികൾക്ക്(പ്രത്യേകിച്ച് പുലയന്മാർക്ക്) ഗുണകരമായിരുന്ന ഈ വ്യവസ്ഥയെ അടിമക്കച്ചവടമായി ചിത്രീകരിച്ച് ഈ വ്യവസ്ഥയ്ക്ക് കാരണമായ ഭാരതത്തിലെ നിയമജ്ഞരെ(സവർണ്ണ ഹിന്ദുക്കളെ) പ്രതിക്കൂട്ടിൽ നിർത്തുന്നത് തീർത്തും നന്ദികേടാണ്. പുലയന്മാരെ കൈമാറ്റം ചെയ്യേണ്ടി വരുന്ന അപൂർവ്വം സാഹചര്യങ്ങളിൽ ഭൂവുടമകൾ കൈപ്പറ്റിയിരുന്ന പ്രതിഫലം ന്യായീകരിയ്ക്കത്തക്കതാണ്. ദിവസേനയുള്ള ജീവനാംശം നല്കുന്നതിലും ഉപരിയായി പുലയ കുടുംബങ്ങൾക്കായി സവർണ്ണഹിന്ദുക്കളായ ഭൂവുടമകൾ പണം ചെലവാക്കിയിരുന്നു. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ തെളിവു സഹിതം വിശദീകരിയ്ക്കുന്നതാണ്. ഈ പണത്തിന്റെ ഒരംശം മാത്രമാണ് പുതിയ ഉടമയിൽ നിന്നും ഈടാക്കിയിരുന്നത്.
ഹിന്ദു രാജാക്കന്മാർ നികുതി പിരിച്ചിരുന്നില്ല
മുഹമ്മദ്ദീയനായ ഹൈദരലി മലബാർ ആക്രമിച്ച് കീഴ്- പ്പെടുത്തി അവിടെ നികുതി പിരിവ് ഏർപ്പെടുത്തുന്നതു വരെ കേരളത്തിലെ ഹിന്ദു ഭരണാധികാരികൾ നികുതി പിരിച്ചിരുന്നില്ല എന്നാണ് ബുക്കാനന്റെ ഗ്രന്ഥത്തിൽ നിന്നും മനസ്സിലാകുന്നത്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
താങ്ങുവിലയോ, കാർഷിക സബ്സിഡിയോ, പലിശ കുറഞ്ഞ കാർഷിക വായ്പയോ, കാർഷിക വിള ഇൻഷുറൻസോ ഇല്ലാതിരുന്ന കാലം !!
വർത്തമാന കാലത്ത് കേരളത്തിലെ കൃഷിക്കാർ അനുഭവിച്ചുവരുന്ന സർക്കാർ ആനുകൂല്യങ്ങളും, ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് കർഷകരായിരുന്ന സവർണ്ണഹിന്ദു ഭൂവുടമകൾ അനുഭവിയ്ക്കേണ്ടി വന്നിരുന്ന പ്രതികൂല സാഹചര്യങ്ങളും തമ്മിലുള്ള ഒരു താരതമ്യം കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തത്തെ വ്യക്തമായും മനസ്സിലാക്കുന്നതിന് ഉപകരിയ്ക്കും. മറ്റ് മതസ്ഥരുടെ അധിനിവേശങ്ങൾക്ക് മുമ്പ്, കേരളത്തിലെ ഹിന്ദു രാജാക്കന്മാരുടെ സർക്കാറുകളിൽ നിന്നും, കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട് കൃഷിക്കാർക്ക് യാതൊരു വിധ സഹായമോ ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല എന്നും, ഈ സ്ഥിതിവിശേഷത്തിന് മുഖ്യമായ ഒരു കാരണം കേരളത്തിലെ ഹിന്ദു രാജാക്കന്മാർ ഭൂവുടമകളിൽ നിന്നോ കർഷകരിൽ നിന്നോ കാർഷിക നികുതി വസൂലാക്കത്തതിനാലാണ് എന്നും തെറ്റ് കൂടാതെ അനുമാനിയ്ക്കാനാവും. (കേരളത്തിലെ ഹിന്ദു രാജാക്കന്മാർ കൃഷിയുടെ മേൽ നികുതി വസൂലാക്കിയിരുന്നില്ല എന്ന വസ്തുതയുടെ സ്ക്രീൻഷോട്ട് മുകളിൽ നല്കിയിട്ടുണ്ട്. ഇതിനാലായിരിയ്ക്കാം സർക്കാർ ആനുകൂല്യങ്ങൾ വ്യാപകമായി ജനങ്ങൾക്ക് ലഭിയ്ക്കാതിരുന്നത് ) കേരളത്തിൽ ഈ പ്രത്യേക സാഹചര്യം ഉരുത്തിരുഞ്ഞു വന്നതിന് ഒരു മുഖ്യ കാരണം ഹൈദരലിയുടെ അധിനിവേശത്തിന് മുൻപ് വരെ കേരളം ഇതരമതസ്ഥരുടെ വ്യാപകവും, ആഴത്തിലുള്ളതുമായ ഭരണം കൂടി ഉൾപ്പെടുന്നതായ അധിനിവേശങ്ങൾക്ക് പാത്രമാകതിരുന്നതിനാലാണ് എന്ന് മനസ്സിലാക്കാം. (ഒരു standing army-യുടെ ആവശ്യം ഇവിടുണ്ടായിരുന്നില്ല, അതിന്റെ ചിലവിലേയ്ക്കായി ജനങ്ങൾക്കു മേൽ കരം ചുമത്തേണ്ടിയിരുന്ന ആവശ്യവുമുണ്ടായിരുന്നില്ല.) ഇതിനർത്ഥം മുഹമ്മദ്ദീയരായ ഹൈദരലിയുടെയും ടിപ്പുവിന്റേയും, ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരുടേയും അധിനിവേശത്തെത്തുടർന്ന് ഇക്കൂട്ടർ നടപ്പാക്കിയ ഭരണപരിഷ്ക്കാരങ്ങളിലൂടെ കൃഷിക്കാരെ സഹായിയ്ക്കുവാൻ പദ്ധതികൾ ആവിഷ്ക്കരിച്ചു എന്നല്ല. നികുതി പിരിവ് ഏർപ്പാടാക്കിയതും പോരാഞ്ഞ് താങ്ങാനാവാത്ത നികുതികളിലൂടെ കർഷകരായ ഹിന്ദു ഭൂവുടമകളെ ഊറ്റിപ്പിഴിഞ്ഞെടുത്ത് ചൂഷണം ചെയ്യുവാനാണ് ഇതരമതസ്ഥരായ അധിനിവേശ ശക്തികൾ അവരുടെ ഭരണപരിഷ്ക്കാരങ്ങൾ നടപ്പാക്കിയത്. ബുക്കാനന്റെ തെക്കെ ഇന്ത്യ പര്യടനം തന്നെ Revenue Collection(നികുതി പിരിവ്) എങ്ങിനെ മെച്ചപ്പെടുത്താം എന്ന് പഠിയ്ക്കാനായിരുന്നു. കൂനിന്മേൽ കുരു എന്നപോലെ ഇവരുടെ ഭരണപരവും അതിനുമേൽ മതപരവുമായ അധിനിവേശങ്ങൾ കാർഷിക ബന്ധങ്ങളെ തകർക്കുകയും ചെയ്തു. എന്നിട്ടും നാട്ടുനടപ്പ് അനുസരിച്ച് കൃഷിയിൽ തിരിച്ചടി നേരിട്ടിരുന്ന പ്രതികൂല സാഹചര്യങ്ങളിൽ പോലും സവർണ്ണഹിന്ദുക്കളായ ഭൂവുടമകൾ കർഷകത്തൊഴിലാളികൾക്ക് അതായത് പുലയന്മാർക്ക് ജീവനാംശം നല്കയിരുന്നു എന്നത് കണ്ടില്ലെന്ന് നടിയ്ക്കുന്നത് പൂർവ്വികരോടു കാണിയ്ക്കുന്ന കൃതഘ്നതയാണ്.
തൊഴിലുറപ്പ് : വർത്തമാനകാലത്തെ മുഖ്യമായ ഒരു രാഷ്ട്രീയ പ്രചാരണ ആയുധം !
കേന്ദ്രത്തിലും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരിയ്ക്കുന്ന ബിജെപിയും, ഇതര സംസ്ഥാനങ്ങൾ ഭരിയ്ക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളും തൊഴിലിനെക്കുറിച്ച് ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങളെക്കുറിച്ചുള്ള പത്രക്കുറിപ്പുകൾ ഇവിടെ നല്കുന്നു. അന്നും ഇന്നും സ്ഥായിയായ തൊഴിൽ ലഭിയ്ക്കുക എന്നതും, സ്ഥായിയായ ചിട്ടയോടെയുള്ള ഉല്പാദന പ്രക്രിയയുടെ ഭാഗമാകുക എന്നതും ഒരു വെല്ലുവിളി തന്നെയാണ്. ഭാരതത്തിൽ വർണ്ണവ്യവസ്ഥയെയും അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ജാതിവ്യവസ്ഥകളെയും മാനിച്ച് ജീവിച്ചിരുന്നവർക്ക് , ഈ വ്യവസ്ഥകൾ തൊഴിലുറപ്പും അതിലൂടെ ഉപജീവനവും സാദ്ധ്യമാക്കിയിരുന്നു എന്ന് ഭാരതത്തിന്റെ സാമൂഹ്യ ചരിത്രം സൂക്ഷ്മമായി പഠിച്ചാൽ മനസ്സിലാക്കാം. ആധുനിക ഇന്ത്യയിൽ, എന്തിനേറെപ്പറയുന്നു ലോകത്തിൽ ആകമാനം തൊഴിലുറപ്പ് എന്ന് പറയുന്നത് ഇന്നും മരീചികയായി നിലകൊള്ളുന്നു എന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. എന്തായാലും തൊഴിലിനെക്കുറിച്ചുള്ള താഴെനല്കിയിരിയ്ക്കുന്ന പത്രവാർത്തകൾ, തൊഴിലുറപ്പ് എന്ന സങ്കീർണ്ണമായ സാമൂഹ്യ പ്രശ്നത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നല്കുമെന്ന് വിശ്വസിയ്ക്കുന്നു.
ആധുനിക സർക്കാറുകളുടെ തൊഴിലുറപ്പ് പദ്ധതികൾ ഫലം കാണുന്നില്ല !!! (അതിന്റെ തെളിവുകൾ)
ആധുനിക സർക്കാറുകൾ പരാജയപ്പെട്ടിടത്താണ് ഫ്യൂഡൽ വ്യവസ്ഥയെന്ന് മുദ്രകുത്തി ഇകഴ്ത്തപ്പെട്ട വ്യവസ്ഥയിൽ, വർഷം മുഴുവൻ കർഷകത്തൊഴിലാളികൾക്ക് സവർണ്ണഹിന്ദുക്കൾ ജീവനാംശം നല്കിയിരുന്നത്. ഈ വ്യവസ്ഥ ഭാരതത്തിലെ നാട്ടുനടപ്പായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്. അടുത്ത ഭാഗങ്ങളിൽ ജീവനാംശത്തിനും പുറമെ കർഷകത്തൊഴിലാളികൾക്ക് സവർണ്ണർ നല്കിയിരുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738