പി ശങ്കുണ്ണിമേനോന്റെ History of Travancore From the Earliest Times (1878) എന്ന ഗ്രന്ഥത്തിൽ ചാന്നാർ ലഹളയുടെ പിന്നണിയെക്കുറിച്ച് വ്യക്തമായും വിശദമായും പ്രതിപാദിച്ചിട്ടുണ്ട്. (പേജുകൾ 503 മുതൽ 511 വരെ). ഈ ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ശങ്കുണ്ണിമേനോന്റെ ഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നതിനും മുൻപെ, മിഷനറി സാമുവൽ മറ്റീറിന്റെ The Land of Charity (1870) എന്ന പുസ്തകത്തിലും ചാന്നാർ സ്ത്രീകൾ സവർണ്ണ സ്ത്രീകളെ (പ്രത്യേകിച്ചും നായർ സ്ത്രീകളെ) അനുകരിച്ച് വസ്ത്രം ധരിച്ചു പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പരാമർശമുണ്ട്. മറ്റീറിന്റെ ഈ പുസ്തകത്തിനെക്കുറിച്ച് ശങ്കുണ്ണിമേനോനും തന്റെ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. ചാന്നാർ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് മിഷനറി സാമുവൽ മറ്റീറിന്റെ പുസ്തകത്തിൽ നല്കിയിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ഈ സംഭവത്തെ സംബന്ധിച്ച നേരറിവുകളിലേയയ്ക്ക് അനായാസം എത്തുവാൻ സാധിയ്ക്കും. ആ ചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ ക്രമേണ ഇവിടെ നല്കുന്നതുമാണ്.
ഇംഗ്ലീഷിൽ രചിച്ച ശങ്കുണ്ണിമേനോന്റെ കൃതിയുടെ മലയാളം തർജ്ജമ, ഇംഗ്ലീഷിലുള്ള മൂലകൃതിയോട് പൂർണ്ണമായി നീതി പുലർത്തുന്നു എന്ന് പറയാനാവില്ല. തർജ്ജമയാൽ വന്ന ചില ആശയവ്യത്യാങ്ങളെ ചൂണ്ടിക്കാണിക്കുവാൻ ഇവിടെ ശ്രമിച്ചിട്ടുമുണ്ട് . അത്തരം ഭാഗങ്ങളും, കൂടാതെ naircommunity.in വെബ്സൈറ്റ് എഡിറ്ററിന്റെ നോട്ടുകളും ചേർത്ത് ബ്രാക്കറ്റുകളിൽ നല്കിയിട്ടുണ്ട്. (ചില ഭാഗങ്ങൾ Strikethrough text ആയി കാണിയ്ക്കുവാനും ശ്രമിച്ചിട്ടുണ്ട്.) തിരുവിതാംകൂറിൽ ഡെപ്യൂട്ടി പേഷ്കാറായിരുന്ന ശങ്കുണ്ണിമേനോൻ വിശദമാക്കിയ ഈ ചരിത്രം അക്കാദമിക്ക് വൃത്തങ്ങളിലും അതിലൂടെ പൊതുമണ്ഡലത്തിലും ഇനിയും കടന്നുകൂടിയിട്ടില്ല എന്നതിന്റെ കാരണങ്ങൾ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ജാതി-മത-രാഷ്ട്രീയ പശ്ചാത്തലവും, അവർ ഭാഗമായിരുന്ന രാഷ്ട്രീയ മുന്നണികളെയും കുറിച്ചു ചിന്തിച്ചാൽ എന്തുകൊണ്ട് ഈ ചരിത്രം വിശദമാക്കപ്പെട്ടില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. (താഴെ നല്കിയിരിയ്ക്കുന്ന ചിത്രം കേരളത്തിലെ വിദ്യാഭ്യാസമന്ത്രിമാരായിരുന്നവരെക്കുറിച്ചു് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്. വായനക്കാർ ഇതിന് മുൻപ് ഈ പട്ടിക കണ്ടിട്ടുണ്ടാവും). മാത്രവുമല്ല ശങ്കണ്ണി മേനോനെയും അദ്ദേഹത്തിന്റെ ഗ്രന്ഥത്തെയും ലാക്കാക്കി പല പ്രകാരത്തിലുള്ള ആക്ഷേപങ്ങൾ അഴിച്ചുവിട്ടതിനാൽ അദ്ദേഹത്തിന്റേത് ഒരു ആധികാരിക ചരിത്ര രചനയായി കണക്കാക്കുവാൻ ഔദ്യോഗിക-അക്കാദമിക്ക് വൃത്തങ്ങൾ തയ്യാറായതുമില്ല !!!
ക്രമാനുഗതവും വിശദവുമായ വിവരങ്ങൾ.
നായന്മാരും, സംസ്കാരത്തിന്റെ താഴത്തെ പടവുകളിൽ നിന്നിരുന്ന ചാന്നാന്മാരും തമ്മിൽ വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ വഴക്കുകളെ സംബന്ധിച്ചുള്ള ക്രമാനുഗതവും വിശദവുമായ വിവരങ്ങൾ (bulk and systematic information at one place about Channar Lahala) പി. ശങ്കുണ്ണിമേനോന്റെ History of Travancore from the Earliest Times-ൽ ലഭ്യമാണ്. ഇദ്ദേഹം തിരുവിതാംകൂറിൽ ഔദ്യോഗിക പദവി (ഡപ്യൂട്ടി പേഷ്ക്കാറായിരുന്നു അദ്ദേഹം) വഹിച്ചിരുന്ന വ്യക്തിയുമാണ് . ഇതിനും പുറമെ ക്രിസ്ത്യൻ മിഷനറി സാമുവൽ മറ്റിയേഴ്സിന്റെ ആദ്യത്തെ രചനയായ The Land of Charity-യിൽ അങ്ങിങ്ങായി, ഷാണാന്മാരും (ചാന്നാന്മാർ), ശൂദ്രന്മാരും (നായന്മാരും) തമ്മിൽ “upper cloth”-നെ ചൊല്ലിയുള്ള ശണ്ഠകളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഇതിൽ ചാന്നാന്മാരുടെ പക്ഷം പിടിച്ചാണ് മിഷനറി ഈ സംഭവങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത് . പക്ഷെ താൻ പോലും അറിയാതെ (unwittingly), തന്റെ രചനയിൽ, സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ കയറിക്കൂടിയത്, ഇയാൾ പില്ക്കാലത്താണ് അറിഞ്ഞത്. അപ്പോഴേയ്ക്കും നായന്മാർക്ക് അനുഗുണങ്ങളായ തന്റെ പുസ്തകത്തിലുള്ള വിവരങ്ങൾ, പി.ശങ്കുണ്ണിമേനോൻ The History of Travancore-ൽ ഉൾപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയ ക്രിസ്ത്യൻ മിഷനറി മറ്റിയേഴ്സ് , ശ്രീ ശങ്കുണ്ണി മേനോനേയും , History of Travancore എന്ന ഗ്രന്ഥത്തെയും നിശിതമായി വിമർശിയ്ക്കുകയും, ശങ്കുണ്ണിമേനോന്റെ പുസ്തകത്തിലെ ഉള്ളടക്കത്തിന് ചരിത്രപരമായി യാതൊരു മുല്യവുമില്ലെന്ന് പ്രചരിപ്പിയ്ക്കുകയും ചെയ്തു. ശങ്കുണ്ണിമേനോനെയും അദ്ദേഹത്തിന്റെ ഗ്രന്ഥത്തെയും മാത്രമല്ല, മറ്റ് ഭാരതീയ ഗ്രന്ഥകാരന്മാരുടെ ചരിത്രപരമായ രചനകളെയും, ഇയാളുടെ രണ്ടാമത്തെ പുസ്തകമായ Native Life in Travancore-ൽ (1883) ഇകഴ്ത്തിയിരിയ്ക്കുന്നത് കാണാം. (Chapter XXXV, History of Travancore, Page 378). ദൗർഭാഗ്യകരമെന്ന് പറയട്ടെ നായർ സമുദായത്തിൽപ്പെട്ട ചരിത്രകാരന്മാരും ക്രിസ്ത്യൻ മിഷനറിമാരുടെ ഈ വാക്കുകൾ മുഖവിലയ്ക്കെടുക്കുകയാണ് ചെയ്തത്. ഇവിടെ പരാമർശിച്ചിരിയ്ക്കുന്ന പുസ്തകങ്ങൾ എല്ലാം തന്നെയും ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അതിനാൽ ആ ഗ്രന്ഥങ്ങൾ ഇന്ന് ആർക്കുവേണമെങ്കിലും നേരിട്ടു പരിശോധിച്ച് കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെടുവാനാകും.
നമ്മെ സംബന്ധിയ്ക്കുന്ന അറിവുകളുമായി ബന്ധപ്പെട്ട് ഗാന്ധിജി പറഞ്ഞ പ്രസക്തമായ രണ്ടു കാര്യങ്ങൾ !!!
ആദ്യത്തേത് അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ’ നിന്നുള്ളതാണ്. വക്കീൽ പരീക്ഷയ്ക്കായി ഗാന്ധിജി ഇംഗ്ലണ്ടിൽ പഠിയ്ക്കാൻ പോയ കാലഘട്ടത്തിൽ, അദ്ദേഹത്തിനു Mr.Frederick Pincutt എന്ന മുതിർന്ന വക്കീലിൽ നിന്നും ലഭിച്ച ഉപദേശങ്ങളെ, കൃതജ്ഞയോടെ ഗാന്ധിജി സ്മരിച്ചിട്ടുണ്ട്. ( Chapter XXV My Helplessness, Page 76). Quote “താങ്കളുടെ പ്രശ്നം എന്താണെന്ന് എനിയ്ക്ക് മനസ്സിലായി. താങ്കളുടെ പൊതുകാര്യങ്ങളെക്കുറിച്ചുള്ള വായന തീർത്തും ശുഷ്ക്കമാണ്. ഇത്തരം വായനയിലൂടെ ലഭിയ്ക്കുന്ന ലോകപരിജ്ഞാനം താങ്കൾക്കില്ലാത്തതാണ് താങ്കളുടെ പ്രശ്നം. ഒരു വക്കീലിന് ഈ അറിവ് അത്യന്താപേക്ഷിതമാണ്. താങ്കൾ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചു പോലും വായിച്ചിട്ടില്ല എന്ന് താങ്കളുമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി. വക്കീലാകാൻ പോകുന്നയാൾ മനുഷ്യസഹജങ്ങളായ ഭാവങ്ങളെക്കുറിച്ച് (മനുഷ്യസ്വഭാവം) അറിഞ്ഞിരിയ്ക്കേണ്ടതുണ്ട്. ഒരാളുടെ മുഖത്തിൽ നിന്ന് അയാളുടെ പ്രകൃതം വായിച്ചെടുക്കുവാൻ ഒരു വക്കീലിന് സാധിയ്ക്കണം. എല്ലാ ഇന്ത്യാക്കാരനും ഇന്ത്യയുടെ ചരിത്രം അവശ്യം അറിഞ്ഞിരിയ്ക്കേണം. ഇതിന് അഭിഭാഷകവൃത്തിയുമായി ബന്ധമില്ലെങ്കിലും, ഈ അറിവ് താങ്കൾക്ക് വേണ്ടതുണ്ട്. താങ്കളുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് താങ്കൾ Kaye-യും, Malleson’s history of the Mutiny of 1857, ഇവ പോലും വായിച്ചിട്ടില്ലെന്നാണ്. ഇവയും, ഇവകൂടാതെ മനുഷ്യസ്വഭാവത്തെക്കുറിച്ച് അറിയുവാൻ മറ്റ് രണ്ട് പുസ്തകങ്ങളും, ഉടൻ തന്നെ കരസ്ഥമാക്കുക.” മുഖലക്ഷണശാസ്ത്രത്തെക്കുറിച്ചുള്ള Lavator-ന്റെയും Shemmelpennick’s-ന്റെയും പുസ്തകങ്ങളായിരുന്നു മറ്റ് രണ്ടു പുസ്തകങ്ങൾ.
ഗാന്ധിജി Young India-യിലൂടെ പറഞ്ഞ നമ്മെ സ്പർശിയ്ക്കുന്ന രണ്ടാമത്തെ കാര്യം ഇപ്രകാരമാണ്. “മര്യാദപൂർവ്വം പറയട്ടെ, നമ്മുടെ സ്വന്തം സംസ്കാരത്തെ (ചരിത്രത്തെയും) നന്ദിപൂർവ്വം അംഗീകരിച്ചിട്ടും സ്വാംശീകരിച്ചിട്ടും ആകണം മറ്റു സംസ്കാരങ്ങളെ ബഹുമാനിയ്ക്കേണ്ടത് . നമ്മുടെ (ഭാരതീയ) സംസ്കാരം സർവ്വ ഐശ്വര്യങ്ങളുടേയും ഭണ്ഡാഗാരമാണ്. ഇതേപോലെ, ഇതിനോട് കിടപിടിയ്ക്കുന്ന മറ്റൊരു സംസ്കാരം ലോകത്ത് എവിടെയും ഇല്ല എന്നത് എന്റെ സുദൃഢമായ അഭിപ്രായമാണ്. നമ്മൾ ഇത് (ഈ സ്വ സംസ്കാരത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച്) ഇനിയും അറിഞ്ഞിട്ടില്ല. നമ്മൾ അതിനെക്കുറിച്ചുള്ള പഠനങ്ങളെപ്പോലും ആക്ഷേപിയ്ക്കുന്നു. നമ്മൾ തന്നെ അതിന്റെ മുല്യത്തെ ഇടിച്ചു താഴ്ത്തുന്നു. നമ്മൾ ഈ സംസ്കാരത്തിന്റെ മൂല്യങ്ങൾക്കനുസരണമായി ജീവിയ്ക്കുന്നതുപോലും അവസാനിപ്പിച്ചിരിയ്ക്കുന്നു ” (Young India : Sept 1, 1921).
മനുഷ്യന്റെ പ്രകൃതത്തെ അഥവാ മനുഷ്യരുടെ സ്വഭാവത്തെ (ഇവിടെ നമ്മുടെയും, പിന്നാക്ക-കീഴാള ജനതയുടെ പ്രകൃതത്തെയും) പശ്ചാത്തലമാക്കി, നമ്മുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള ആത്മാർത്ഥവും , വാസ്തവികമായ പഠനങ്ങളും, അതിലൂടെ ലഭിയ്ക്കുന്ന പ്രയോജനപ്രദവും പ്രായോഗികവുമായ അറിവുകൾ ഓരോ പൗരനും (ഇവിടെ ഓരോ സമുദായാംഗവും), അയാളുടെ തൊഴിലുമായി നേരിട്ടു ബന്ധമില്ലെങ്കിലും, അവശ്യം നേടേണ്ടതുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞത്. മാർഗ്ഗ ഭ്രംശം സംഭവിയ്ക്കാതെ കാത്തുസൂക്ഷിച്ച് , സമഗ്രമായ ജീവിതവീക്ഷണത്തിനും, അതിലൂടെ ജീവിതവിജയത്തിനും ഇപ്രകാരം ലഭിയ്ക്കുന്ന അറിവുകൾ ഉതകും എന്നതാണ് ഗാന്ധിജിയുടെ പക്ഷം. മാത്രവുമല്ല സ്വാർത്ഥതാല്പര്യക്കാരുടെ കപട ആഖ്യാനങ്ങൾ (false narratives of individuals or organizations with agenda of their own) അബോധ മനസ്സിൽ കടന്നുകൂടി സ്വയം വഞ്ചിതരാകുന്നത് തടയുവാനും ഇപ്രകാരം നേടുന്ന അറിവുകൾ സഹായകമാവും.
മനുഷ്യസ്വഭാവത്തെ മനസ്സിൽ കരുതി വേണം ചരിത്രകാരൻ ചരിത്രമെഴുതുവാൻ !!!
ഒരു വക്കീൽ മനുഷ്യസ്വഭാവത്തെക്കുറിച്ച് അവശ്യം അറിഞ്ഞിരിയ്ക്കേണം എന്ന് ഗാന്ധിജി ഉൾക്കൊണ്ടപോലെ, മനുഷ്യസ്വഭാവത്തെക്കുറിച്ചും, അതിൽ നിന്നും ഉളവാകുന്ന പെരുമാറ്റങ്ങളെക്കുറിച്ചും ചരിത്രകാരൻ മനസ്സിൽ കരുതി വേണം ചരിത്രരചനയിൽ ഏർപ്പെടുവാൻ. അല്ലെങ്കിൽ ചരിത്ര സംഭവങ്ങളുടെ യഥാതഥമായ കാരണങ്ങൾ പുകമറയ്ക്കുള്ളിൽ അകപ്പെട്ടു പോകും. മതം മാറിയ ചാന്നാന്മാരുടെ പെരുമാറ്റത്തെക്കുറിച്ച് ശങ്കുണ്ണിമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കീഴ്ജീവനക്കാരനായ വ്യക്തി, അയാൾ ആരെങ്കിലുമായിക്കൊള്ളട്ടെ, ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം, നമ്മുടെ വീട്ടിൽ ഭാര്യാസമേതം കയറിവന്ന് , നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും ‘അജ്ഞാനികൾ’ എന്ന് സംബോധന ചെയ്ത് സംസാരിയ്ക്കാൻ തുടങ്ങിയാൽ ഇന്നത്തെക്കാലത്തുപോലും നമ്മൾ എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക എന്ന് സങ്കല്പിച്ചു നോക്കുക !!!! വീട്ടിൽ കയറി വന്ന് ഇപ്രകാരമുള്ള അക്രമം കാട്ടിയാൽ, മുൻകോപമുള്ള വ്യക്തിത്വമാണെങ്കിൽ ഇങ്ങിനെ പറയുന്നവരുടെ മുട്ടുകാല് തല്ലിയൊടിച്ച് വിടും !!! ഇപ്രകാരം ഒരു സംഭവം അന്ന് നടന്നതായി ദിവാൻ പേഷ്കാറായിരുന്ന ശങ്കുണ്ണിമേനോൻ, ഉദാഹരണത്തിനായി അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ പോലെ പല സംഭവങ്ങളും അന്ന് ഉണ്ടായിട്ടുണ്ടെന്നും ശങ്കുണ്ണിമേനോൻ പരാമർശിച്ചിട്ടുണ്ട്. മുമ്പ് സുചിപ്പിച്ച ഉദാഹരണത്തിൽ നിന്നും, ശങ്കുണ്ണിമേനോൻ രേഖപ്പെടുത്തിയ മറ്റു മത-സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളിൽ നിന്നും, കേരളത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള സാംസ്കാരിക ചരിത്രത്തിൽ നിന്നും, സംഭവങ്ങൾ നടന്നിരുന്നപ്പോൾ നിലവിലിലുണ്ടായിരുന്ന നാട്ടുനടപ്പുകളിൽ നിന്നും ഈ വഴക്കിൽ ആരാണ് കുറ്റക്കാർ എന്ന് വ്യക്തമായും തെളിയും. പക്ഷെ സ്വാതന്ത്ര്യാനന്തരം, പുതിയ മത-രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ, നായന്മാരുടെ എണ്ണത്തെക്കാൾ പിന്നാക്ക ജാതികളുടെയും മതന്യൂനപക്ഷങ്ങളുടെയും എണ്ണം കൂടുതലായതിനാൽ, അധികാരത്തിൽ ഏറുന്നതിന് ഇക്കാര്യം നിർണ്ണായകമായതിനാൽ, നായന്മാരും ചാന്നാന്മാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങൾ മറയ്ക്കപ്പെടുകയും, രാഷ്ട്രീയ യജമാനന്മാരുടെ ഇച്ഛയ്ക്കനുസരിച്ച് അക്കാദമിക്ക് -ഔദ്യോഗിക തലങ്ങളിൽ പോലും സത്യം മൂടി വയ്ക്കപ്പെടുകയും ചെയ്തു. മറിച്ച് പിന്നാക്ക ജാതികളിൽ സവർണ്ണ വിദ്വേഷം ആളിക്കത്തിയ്ക്കാൻ പോന്ന വ്യാജ ആഖ്യാനങ്ങളാണ് ഈ വിഷയത്തിൽ പൊതുജനമദ്ധ്യത്തിൽ പ്രചരിപ്പിയ്ക്കപ്പെട്ടത്. നായന്മാർ ചരിത്രം പഠിയ്ക്കാനും, സത്യം വെളിച്ചത്ത് കൊണ്ടുവരുവാനും മിനക്കെടാതിരുന്നതിനാൽ സ്വയം വഞ്ചിതരാകുകയും ചെയ്തു. മതപരിവർത്തകർക്കും കമ്മ്യൂണിസ്റ്റുകാർക്കും ഈ വ്യാജ ആഖ്യാനം ഒട്ടേറെ ഗുണം ചെയ്തു എന്ന് ഇവിടെ പ്രത്യേകം എടുത്തപറയേണ്ടതുമുണ്ട്. അതിന്റെ ഗുണ ഫലങ്ങൾ വർത്തമാനകാലത്തിലും അവർ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു.
നായർ ചരിത്രം = കേരള ചരിത്രം : മന്നത്തിന്റെ സമവാക്യം
ഇന്ത്യാക്കാർ സ്വ -ചരിത്രം അവശ്യം പഠിയ്ക്കേണ്ടതുണ്ടെന്ന് ഗാന്ധിജി പറഞ്ഞതുപോലെ, നായന്മാർ തങ്ങളുടെ ചരിത്രമായ കേരള ചരിത്രം അവശ്യം പഠിച്ച് കുറഞ്ഞ പക്ഷം അത് സ്വസമുദായാംഗങ്ങളെ പഠിപ്പിയ്ക്കേണ്ടതുമുണ്ട്. (അദ്ധ്യയനവും അദ്ധ്യാപനവും). ശ്രീ മന്നത്തു പത്മനാഭൻ ഈ ദൗത്യത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനു ശേഷം, അദ്ദേഹം സ്ഥാപിച്ച ഔദ്യോഗിക സംഘടന ഈ ശ്രമം തുടർന്നുവോ എന്നുള്ളത് സംശയമാണ്. മന്നം പ്രഖ്യാപിച്ചത് ശ്രദ്ധിയ്ക്കുക:- “കേരള ചരിത്രവും നായർ സമുദായ ചരിത്രവും പല സഹസ്രവർഷങ്ങളായി ഒന്നായി രേഖപ്പെടുത്തത്തക്കവണ്ണം പാരമ്പര്യമുള്ള ഒരു വർഗ്ഗക്കാരാണ് നമ്മൾ. അതിനനുസരിച്ച് ഇന്നത്തെ കേരളത്തിലും ജീവിക്കാനുള്ള കഴിവുകൾ നമുക്കുണ്ടാകണം……..” (ഭാഗം 1, പ്രസംഗം No. 22, കേരളചരിത്രവും നായർ സമുദായ ചരിത്രവും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു, Page 90, മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ). ചരിത്രവും സംസ്കാരവും അഭേദ്യ ബന്ധം പുലർത്തുന്നതിനാൽ കേരളീയ സംസ്കാരം നായന്മാരുടെ സംസ്കാരമായിരുന്നു. പക്ഷെ വർത്തമാനകാലത്തിലോ !!??? ഇന്ന് നമ്മൾ പോലും ഈ സംസ്കാരത്തെ മനസ്സിലാക്കി ബഹുമാനിയ്ക്കാൻ മടിയ്ക്കുന്നതിനാലാണ്, മിഷനറിമാർ സവർണ്ണരായ നമ്മളെ ദ്രോഹിയ്ക്കുവാൻ മെനഞ്ഞ കള്ളക്കഥകൾക്ക് അവർണ്ണരുടെയിടയിലും മറ്റ് മതസ്ഥരുടെ ഇടയിലും പ്രചുരപ്രചാരം ലഭിയ്ക്കാൻ ഇടയായത്. സവർണ്ണർ എന്നാൽ ഭാരതീയ സംസ്കാരത്തെ പൂർണമായി ഉൾക്കൊണ്ട്, അതിനനുസരണമായി ജീവിയ്ക്കാൻ ശ്രമിച്ച്, അല്പമായെങ്കിലും അതിൽ വിജയം കൈവരിച്ചവർ എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.
സ്വ സമുദായാംഗങ്ങളുടെ ചരിത്രരചനകളാണ് നായാർ സമുദായാംഗങ്ങൾ ആദ്യം പഠിയ്ക്കേണ്ടുന്നത് !!!
ഇവിടെ പ്രത്യേകം എടുത്തു പറയണ്ട ഒരു കാര്യമുണ്ട്. ശ്രീ ശങ്കുണ്ണിമേനോന്റെ പേരിൽ നിന്നും അദ്ദേഹം നായർ സമുദായാംഗമാണെന്ന് വ്യക്തമാണ്. നായർ സമുദായാംഗങ്ങൾ, കമ്മ്യൂണിസ്റ്റുകാരല്ലാത്ത മറ്റ് നായർ സമുദായാംഗങ്ങൾ രചിച്ചിട്ടുള്ള സമുദായവുമായി ബന്ധമുള്ള സാമൂഹ്യ-രാഷ്ട്രീയ ചരിത്രങ്ങളാണ് ആദ്യം വായിയ്ക്കേണ്ടത് . അവ വിശ്വസിയ്ക്കുകയോ, വിശ്വസിയ്ക്കാതിയ്ക്കുകയോ, ഉൾക്കൊള്ളുകയോ, ഉൾക്കൊള്ളാതിരിയ്ക്കുകയോ, സ്വീകരിയ്ക്കുകയോ, തള്ളിക്കളയുകയോ ആകാം. പക്ഷെ സവർണ്ണരായ, അതിനാൽ സവർണ്ണ ഗുണങ്ങൾ പ്രതീക്ഷിയ്ക്കാവുന്ന നായർ രചയിതാക്കളുടെ (ഉണ്ടാകണമെന്നില്ല) , സവർണ്ണ പക്ഷത്തുനിന്നും ഉള്ള തിരുവിതാംകൂറിനെയും, കേരളത്തെയും സംബന്ധിച്ചുള്ള ഗ്രന്ഥങ്ങൾ വായിച്ചു, മനസ്സിലാക്കി,വിലയിരുത്തി, ഉൾക്കൊണ്ടതിനു ശേഷമേ മറ്റുള്ളവരുടെ രചനകൾ വായിയ്ക്കാവൂ. ചരിത്രസംഭവങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുവാനും, തങ്ങളുടെ സമുദായത്തിനു നേരെ വരുന്ന മത-സാമുദായിക-രാഷ്ട്രീയ പ്രേരിതങ്ങളായ ആക്രമണങ്ങൾ സംഘടിതമായി ചെറുത്തു തോല്പിയ്ക്കുവാനും ഈ നിലപാട് തീർച്ചയായും ഉതകുന്നതാണ്.
ആചാര്യനും മാറുമറയ്ക്കൽ സമരവും !!!!
ആചാര്യൻ ശ്രീ മന്നത്തു പത്മനാഭന് ഇംഗ്ലീഷ് വശമുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം, 1878-ൽ പ്രസിദ്ധീകൃതമായ P Shungoonny Menon-ന്റെ, History of Travancore From The Earliest Times, എന്ന മൗലികമായ (original) ഇംഗ്ലീഷ് കൃതി വായിച്ചിരിയ്ക്കുവാൻ ഒരു സാദ്ധ്യതയും ഇല്ല എന്നത് തീർച്ചയാണ്. ആചാര്യൻ 1970-ൽ ദിവംഗതനാകുകയും ചെയ്തു. അതിനു ശേഷം 1973-ലാണ് ശങ്കുണ്ണിമേനോന്റെ ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമചെയ്ത് ആദ്യമായി പ്രസിദ്ധീകൃതമാകുന്നത്. തർജ്ജമകാരൻ Dr C K Kareem എന്ന മുസ്ലീംസമുദായാംഗമാണ്. തർജ്ജമ പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും. ആചാര്യന്റെ മറ്റൊരു കൃതിയായ ‘പഞ്ചകല്യാണി : ഒരു നിരൂപണ’ത്തിൽ ശങ്കുണ്ണിമേനോനെക്കുറിച്ച് നിരവധിയിടങ്ങളിൽ പരാമർശമുണ്ട്.
ക്രിസ്ത്യാനികളുടെ പത്രമായ മലയാള മനോരമയിലെ ചിത്രമെഴുത്ത് കെ.എം വർഗ്ഗീസ്സ് ‘പഞ്ചകല്യാണി’യിലൂടെ, പി.ശങ്കുണ്ണിമേനോൻ ഉൾപ്പെടുന്ന കേരളത്തിലെ സവർണ്ണസമുദായാംഗങ്ങളെ അപകീർത്തിപ്പെടുത്തിയതിന് ബദലായി ആചാര്യൻ എഴുതിയ മറുപടിയാണ് ‘പഞ്ചകല്യാണി : ഒരു നിരൂപണം’ . ശങ്കുണ്ണിമേനോനെക്കുറിച്ച് ആചാര്യന് അറിയാമായിരുന്നെങ്കിലും, നായന്മാരും ചാന്നാന്മാരും തമ്മിൽ ഉണ്ടായ വഴക്കുകളെ സംബന്ധിച്ച് ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിലെ വിശദീകരണങ്ങൾ ആചാര്യൻ അറിഞ്ഞിരുന്നില്ലെന്നു വേണം കരുതുവാൻ. കൂടാതെ ആചാര്യൻ ജീവിച്ചിരുന്നപ്പോൾ മാറുമറയ്ക്കൽ സമരത്തിനോ, നങ്ങേലിക്കഥയ്ക്കോ ഇപ്പോഴുള്ളതുപോലുള്ള പ്രചാരവും പ്രാധാന്യവും ഉണ്ടായിരുവോ എന്നതും സംശയമാണ്. ഒരുപക്ഷെ ഉണ്ടായിരുന്നെങ്കിൽ, നായന്മാരെ ബന്ധപ്പെടുത്തിയുള്ള ഈ കുപ്രചരണത്തെ പ്രതിരോധിയ്ക്കുവാൻ പോന്ന വിവരങ്ങൾ, സമുദായാംഗങ്ങളെ അറിയിയ്ക്കുന്നതിനു വേണ്ടി, ‘എന്റെ ജീവിതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം തീർച്ചയായും ഉൾപ്പെടുത്തിയേനേം !!!
….. തുടരും
Please give your comments in the comment-box below or alternately you can send your response either by sms / whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,209
Total Page Views : 37,739
Abbe J A Dubois Alberuni Alberuni's India Ancient India Arrian Brahmins breast cloth agitation Catholic Church channar lahala Colonel Munro CSI Devasahayam Pillai Dr Edward C.Sachau Francis Buchanan Francis Buchanan MD Gandhiji gnss J W McCrindle London Missionary Society Mahmud of Ghazna Megasthenes nair NCERT Niyogi Committee Report nss NSS History Panchakalyani predial slaves P Shungoonny Menon public debt Sasi Tharoor Slavery Slave trade Survey Susan Bayly tnss travancore അടിമത്വം അവർണ്ണൻ ചാന്നാർ ലഹള ചാവറയച്ചൻ ദാസൻ വേലായുധൻ പണിക്കശ്ശേരി സവർണ്ണ വിദ്വേഷം സവർണ്ണൻ